Saturday, 4 August 2018

ഖൽബിൽ തേനൊഴുകണ കോഴിക്കോട്ടേക്ക്


ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് ഉച്ചമയക്കത്തിലായിരുന്ന ഞാൻ കണ്ണുതുറന്നത്. മേശപ്പുറത്തിരുന്ന് നിർത്താതെ ചിലക്കുന്ന  ഫോണെടുത്തു ചെയിൽ വെച്ചു,മറുതലക്കൽ ആത്മ മിത്രം നിയാസ്(കൂട്ടിലെ തത്തയാണ്) 'നമുക്കൊന്ന് കോഴിക്കോട് വരെ പോകണം,വേഗം റെഡിയായി നിൽക്ക്,ഞാൻ ഉടനെ അവിടെ എത്തും' എന്ന നിർദ്ദേശം കേട്ടതും ഉറക്കമൊക്കെ എങ്ങോട്ടോ പോയി,വേഗം പോയി കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും വണ്ടി മുറ്റത്തെത്തിയിരുന്നു. ഞാൻ വേഗം കയറി, പോകുന്ന വഴിക്ക്  പഴയ സഹപാഠി മുസ്തഫയെയും ഒപ്പം കൂട്ടി.
ഇരു ബൈക്കുകളിലുമായി,ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെ നാട്ടു വിശേഷങ്ങളും പങ്കിട്ടു ഞങ്ങൾ യാത്ര തുടർന്നു.കോഴിക്കോട്ടെ ഒരു  കോളേജിൽ പഠിക്കുന്ന ഫാസിൽനെയും കൂട്ടി ബീച്ചിൽ പോയി ഒരു ചായയുടെ മാധുര്യം നുകർന്നു  തിരിച്ചു വരാനായിരുന്നു പ്ലാൻ.
തിരക്കൊഴിഞ്ഞതും അത്യാവശ്യം തരക്കേടില്ലാത്ത റോഡും പ്രതീക്ഷിച്ചു  ബൈപ്പാസ് വഴി നീങ്ങിയ ഞങ്ങളെ കിലോമീറ്ററുകളോളം  നീണ്ടു കിടക്കുന്ന ഗതാഗത തടസ്സം നിരാശപ്പെടുത്തി.
പെട്ടൊന്നാണ് ഞങ്ങളുടെ പിറകിൽ നിന്നും ഒരു ആംബുലൻസ് സൈറണടിച്ചു വന്നത്,മറ്റു വാഹനങ്ങൾ ഒരുക്കിയ സൈഡിലൂടെ ആംബുലൻസ് ചീറിപ്പാഞ്ഞു,കിട്ടിയ തക്കം നോക്കി ഞങ്ങളും പിറകെ കൂടി, മിനിട്ടുകൾക്കകം ആ വലിയ വാഹന നിരകളെ പിന്നിലാക്കിക്കൊണ്ട് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.
ടൗണിൽ നിന്ന് ഫാസിൽനേയും കൂടെ കൂട്ടി.അല്പം കൂടി മുന്നോട്ട് പോയി തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് നിന്ന് നിയാസിന്റെ വക എല്ലാവരും മിൽക്ക് സർബത്തും കുടിച്ചു.അടുത്ത കടയിൽ നിന്ന് ഫാസിൽ ഒരു പുസ്തകവും വാങ്ങി. പോകുന്ന വഴിക്ക്  പള്ളിയിൽ കയറി അസർ നമസ്കരിച്ചിറങ്ങി  വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു.


ഒഴിവ് ദിവസത്തെ സായാഹ്നമായതിനാൽ ബീച്ചിൽ ഭയങ്കര തിരക്കായിരുന്നു.പലതരം ഭക്ഷണ പദാർത്ഥങ്ങളും കളിക്കോപ്പുകളുമായി കച്ചവടക്കാർ നിലയുറപ്പിച്ചിരുന്നു.
എന്നാൽ ചിലരൊക്കെ കടപ്പുറത്തേക്കിറങ്ങി നടന്നു കച്ചവടം ചെയ്യുന്നുമുണ്ട്.
തിരക്ക് കുറഞ്ഞ ഒരു ഭാഗത്തെ ഇരിപ്പിടത്തിൽ കടലിനോട് അഭിമുഖമായി ഞങ്ങൾ നാല് പേരും ഇരുന്നു.ആർത്തട്ടഹസിച്ചു കരയിലേക്ക് പാഞ്ഞു വരുന്ന ഓരോ തിരമാലകളും കരയോടടുക്കുമ്പോൾ ശാന്തമാകുന്നതും കുട്ടികൾ കടലിൽ ഇറങ്ങി കളിക്കുന്നതുമൊക്കെ കൗതുകത്തോടെ നോക്കിയിരുന്നു.
പലരും ഫോട്ടോ എടുക്കുന്നുണ്ട്, ചിലർ ഉറക്കെ ചിരിക്കുന്നു, മറ്റു ചിലർ ഉറക്കെ സംസാരിക്കുന്നു,കണ്ണും കണ്ണും നോക്കിയിരുന്ന് കിന്നാരം പറയുന്ന കമിതാക്കളും കുറവല്ല.
പലതരം ആളുകളും പലതരം പ്രവർത്തനങ്ങളും.
മാനത്ത് പലനിറത്തിലുള്ള  പട്ടങ്ങൾ പാറിപ്പറക്കുന്നുണ്ട്,ചിലരൊക്കെ മാനം നോക്കി അതാസ്വദിക്കുന്നുമുണ്ട്.
അസ്തമയ സൂര്യന്റെ പാൽപുഞ്ചിരിയും നോക്കി പടിഞ്ഞാറൻ കാറ്റിന്റെ കുളിരാസ്വദിച്ച് ഖൽബിൽ തേനൊഴുകണ കോഴിക്കോട്ടെ ബീച്ചിൽ ഇരുന്നപ്പോൾ മനസ്സിനൊരു കുളിർമ തോന്നി.ഇരുന്ന ഇരുപ്പിൽ ഒന്ന് രണ്ട്‌ തവണ  മുസ്തഫയും നിയാസും ഫോട്ടോ എടുത്ത് Whatsapp Status  അപ്ഡേറ്റ് ചെയ്തു.
പാഞ്ഞടുക്കുന്ന ഓരോ തിരമാലകളും ജലകണികകൾ വിതറി, വെയിലേറ്റു തളർന്ന കരയെ കുളിരണിയിപ്പിക്കുന്നുണ്ട്.

     സൂര്യാസ്തമയത്തിന് ശേഷം പള്ളിയിൽ പോയി മഗ്‌രിബ് നിസ്കരിച്ചു വീണ്ടും കടപ്പുറത്തേക്ക് തന്നെ തിരിച്ചു.കടലിലൂടെ കൂറ്റൻ കരിങ്കല്ലുകൾ പാകി നിർമിച്ച റോഡിലൂടെ കടൽകാറ്റുമേറ്റ് നാലുപേരും നടന്നു.
വലതു ഭാഗത്തായി മത്സ്യ ബന്ധന വള്ളങ്ങൾ നിര നിരയായി കെട്ടിയിട്ടിരിക്കുന്നു.
അവയിൽ ചിലതിൽ നിന്നൊക്കെ LED ലൈറ്റുകൾ മിന്നിതുടങ്ങിയിട്ടുണ്ട്.
ഇടതുഭാഗത്ത്  ഉയർന്നു നിൽക്കുന്ന കൂറ്റൻ കരിങ്കല്ലുകൾ,അതിൽ ആഞ്ഞടിച്ച് അരിശം തീർക്കുന്ന തിരമാലകളും.
ആ കല്ലുകൾക്ക് മുകളിൽ കയറിയാൽ ബീച്ചിന്റെ എല്ലാ ഭാഗവും കാണാമെന്ന് പറഞ്ഞു കയറിയ ഫാസിൽനെയും നിയാസിനെയും ഉപ്പ് വെള്ളം കൊണ്ട് കടലമ്മ നന്നായിട്ടൊന്ന് കുളിപ്പിച്ചു.
ഇത് കണ്ട് ഞാനും മുസ്തഫയും ഉറക്കെ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
നേരം വളരെ ഇരുട്ടിയതിനാൽ അൽപ്പം കൂടി നടന്ന് തിരമാലകൾ കുറഞ്ഞു ശാന്തമായ ഒരു സ്ഥലത്ത് വലിയൊരു കല്ലിന്മേൽ കയറിയിരുന്നു.കയ്യിൽ കരുതിയ കടലമണികളും കൊറിച്ചു കടലിന്റെ നിശാ സൗന്ദര്യവും ആസ്വദിച്ചങ്ങനെ ഇരുന്നു.
പലകാര്യങ്ങളും പരസ്പരം സംസാരിച്ചു, അതിനിടക്ക് വലിയൊരു യാത്രയുടെ പ്ലാനിങ്ങും നടന്നു.വാക്കുകൾക്കിടയിലെ മൗനത്തെ കീറി മുറിച്ചു കൊണ്ട് തിരമാലകളുടെ ആർപ്പു വിളികൾ ഒന്നിന് പിറകെ മറ്റൊന്നായി കേൾക്കുന്നുണ്ടായിരുന്നു.

കടപ്പുറത്തെ കുളിർ തെന്നലേറ്റ് മാനം നോക്കി നാലു പേരും ആ വലിയ കല്ലിന്മേൽ മലർന്നു കിടന്നു,അപ്പോഴെല്ലാം  പാലൊളി തൂകി ഉദിച്ചുയർന്ന ചന്ദ്രൻ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
കൂരിരുട്ടിൽ ഭൂമിയിലേക്ക് വെളിച്ചം വീശുന്ന  ചന്ദ്രനെ സ്വന്തം നിഴൽ കൊണ്ട് തടയാൻ ശ്രമിക്കുന്ന കാർമേഘങ്ങളും അവർക്ക് പിടി കൊടുക്കാതെ ഓടിമാറി വിജയാരവത്തോടെ ചിരിക്കുന്ന ചന്ദ്രനും ഒരു ഒളിച്ചു കളിയുടെ രംഗം ഓർമ്മിപ്പിച്ചു.
ചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടെന്നോണം അങ്ങിങ്ങായി എരിയുന്ന ചില നക്ഷത്രങ്ങളും,മേഘക്കാറ്റിൽ പറന്നു പോകുന്ന കാർമേഘങ്ങളുമൊക്കെ ചേർന്ന മാനത്തെ സന്ധ്യാ കാഴ്ച്ചകൾ മനോഹരം തന്നെ.


പെട്ടെന്നാണ് മാനത്ത് നിന്നും ചില ശൈത്യ കണങ്ങൾ ഞങ്ങളുടെ വദനത്തിൽ വന്ന് പതിച്ചത്.
അപ്പോഴേക്കും വലിയൊരു കാർമേഘകൂട്ടം ചന്ദ്രനെ മറച്ചിരുന്നു.
നല്ലൊരു പേമാരി വരുന്നുണ്ടെന്നറിഞ്ഞ ഞങ്ങൾ കരപറ്റാൻ തിടുക്കം കാട്ടി.കല്ലുകൾ പതിച്ച റോഡിലൂടെ ഏറെ പ്രയാസപ്പെട്ട് ഓടി റോഡിലെത്തിയപ്പോഴേക്കും  നനഞ്ഞിരുന്നു.അടുത്തു കണ്ട പെട്ടിക്കടയിൽ നിന്ന് ഉപ്പിലിട്ട നെല്ലിക്കയും കഴിച്ചു മഴ തോരാൻ കാത്തിരുന്നു.

മഴ ഒരൽപ്പം ക്ഷമിച്ചപ്പോൾ വണ്ടിയുമെടുത്ത് നാലു പേരും നാട്ടിലേക്ക് തിരിച്ചു.
വരുന്ന വഴിക്ക്  കൊളപ്പുറത്തെ ഹോട്ടലിൽ നിന്ന് സ്വാതൂറുന്ന വിഭവങ്ങളടങ്ങിയ അത്താഴവും  കഴിച്ചു യാത്രയുടെ അനുഭവങ്ങൾ അയവിറക്കി വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു.
---------------------------------------
   ✍🏻 ജുനൈദ് കള്ളിയത്ത്