Friday, 25 October 2019

അരീക്കൻ കുട്ട്യാലി ഹാജി



പളളിപ്പറമ്പ് @  
അരീക്കൻ കുട്ട്യാലി ഹാജി




അൽഹുദയിലെ ആദ്യത്തെ ദഫ് സംഘമാണ്. പരിശീലനം നടക്കുന്നേയൊള്ളൂ. ഒരു ദിവസം ഉസ്താദ് ഞങ്ങളെ വിളിച്ചു. 'ഇന്നൊരു പ്രദർശനം നടത്തണം. നമുക്കൊരു അതിഥി വരാനുണ്ട്.' അതിനായി ക്ലാസ് റൂം സംവിധാനിച്ചു. കുട്ടികളെ വരിയായി കൊണ്ട് വന്നിരുത്തി. പുറത്ത് അപ്പോൾ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. കോടമഞ്ഞിന്റെ നേർത്ത പാളികൾ മാഞ്ഞു തീർന്നിട്ടില്ല. അധികം വൈകാതെ ഒരു ഫിയറ്റ് കാർ ഗ്രൗണ്ടിലേക്ക് കയറി. മഞ്ഞ് പൊതിഞ്ഞ ചീനി മരച്ചോട്ടിൽ അത് നിന്നു. മുറിഞ്ഞു തീരാത്ത മഴനൂലുകൾക്കിടയിലൂടെ ഒരു ശുഭ്ര വസ്ത്രധാരി അതിൽ നിന്നിറങ്ങി.
കുട്ട്യാലി ഹാജി !
കൂടെയുള്ളവരിൽ ചിലർ അടക്കം പറഞ്ഞു. സ്ഥാപന മേധാവിയായ ഹാജിയാർ അന്ന് പ്രവാസിയാണ്. തലേ ദിവസം നാട്ടിലെത്തിയ അവർക്ക് വേണ്ടിയാണ് ആ നേരത്തെ ദഫ് പ്രദർശനം. ഉസ്താദുമാർക്കൊപ്പം സുസ്മേരവദനനായി അവർ മുൻ നിരയിൽ ഇരുന്നു. 
താലഹൽ ബദ്റൂ അലൈനാ........
ബുർദയുടെയും മാപ്പിളപ്പാട്ടിന്റെയും ഈരടികൾ ഒഴുകിപ്പരന്ന പ്രഭാതം. കൗതുകത്തോടെ കൂട്ടിരുന്ന കുഞ്ഞു മക്കൾക്കൊപ്പം ഇശ്ഖിന്റെ ഈരടികളിൽ ഹാജിയാർ ലയിച്ചു. പ്രദർശനം തീർന്നപ്പോൾ അദ്ദേഹം ഞങ്ങളെയെല്ലാം അടുത്തേക്ക് വിളിച്ചു. 'നന്നായിട്ടുണ്ട്, നമുക്ക് ഇനിയും ഉശാറാക്കണം.' പുറത്ത് തട്ടി പറഞ്ഞ നല്ല വാക്കിനൊപ്പം നല്ലൊരു സംഖ്യയും അദ്ദേഹം ഞങ്ങൾക്കിടയിൽ വീതിച്ച് തന്നു. മദ്രസാ കാലത്ത് ഹാജിയാരെ കുറിച്ച് മനസ്സിൽ പതിഞ്ഞ മധുരമുള്ളൊരോർമ്മയാണിത്.

മുറ്റത്തെ ഉങ്ങ് മരങ്ങൾക്ക് മീതെ അൽഹുദ അതിവേഗം വളർന്നു. പിന്നീടെപ്പോഴോ പ്രവാസം നിറുത്തിയ ഹാജിയാർ നാട്ടിലെ പതിവ് കാഴ്ചയായി. അടുക്കും മുമ്പെ തന്നെ അദ്ദേഹത്തെ കുറിച്ച് ഒരുപാട് കേട്ടിരുന്നു. പ്രതാപത്തിന്റെ നാട്ടുവർത്തമാനങ്ങളിൽ ഒരു കഥാനായകനായി എപ്പോഴും അവരുണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളായി ആ ജീവിതത്തെ ഭാഗിക്കാം. 

ആദ്യഘട്ടം വേങ്ങരയിലെ ഇസ്മത്ത് കാലമാണ്.
അവിടെ അദ്ദേഹം ലക്ഷണമൊത്തൊരു വ്യാപാരിയായിരുന്നു.
ഗൾഫ് കുടിയേറ്റം നമുക്കിടയിൽ വ്യാപകമാവുന്നതിന് മുമ്പാണത്. കൃഷിയായിരുന്നല്ലോ അന്നത്തെ പ്രധാന ജീവിതോപാധി. നല്ലൊരു ശതമാനം ആളുകളും അന്യ സംസ്ഥാനങ്ങളിൽ പ്രവാസ ജീവിതം നയിച്ച കാലം. കൽക്കത്തയിലേക്കും മദിരാശിയിലേക്കുമൊക്കെ ഒട്ടേറെ ചെറുപ്പക്കാർ വണ്ടി കയറി. എന്നാൽ അന്യ ദിക്കുകളിലേക്ക് ജീവിതം തെരഞ്ഞ് പോവുന്നതിന് പകരം സ്വന്തം നാട്ടിൽ ഹോട്ടൽ വ്യാപാരിയായി കഴിയാനാണ് ഹാജിയാർ താൽപ്പര്യപ്പെട്ടത്. നാട്ടുകാരായ നിരവധി പേർ പല ഘട്ടങ്ങളിലായി ഇസ്മത്തിൽ ജോലി ചെയ്തിട്ടുണ്ട്. ജോലിയില്ലാത്ത നാട്ടിലെ ചെറുപ്പക്കാരുടെ പ്രധാന ആശ്രയം തന്നെയായിരുന്നു ഇവിടം.
ഇസ്മത്ത് കാലം ഹാജിയാർക്ക് ഒരു പാട് ബന്ധങ്ങൾ സമ്മാനിച്ചു. അന്ന് മലഞ്ചരക്ക് വ്യാപാരത്തിൽ ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമാണ് വേങ്ങര. നാടിന്റെ നാനാ ഭാഗത്ത് നിന്നും ആളെത്തിയിരുന്ന ആഴ്ച ചന്തയും ഇവിടത്തെ പ്രധാന വിപണിയായിരുന്നു. നാടിന്റെ അതിരുകൾ ഭേദിച്ച പ്രശസ്തി ഇസ്മത്തിനുണ്ടായിരുന്നു. യശ്ശശരീരനായ സി.എച്ച്.മുഹമ്മദ് കോയാസാഹിബ് ഇസ്മത്തിലെ ബീഫിന്റെ രസം ആയിരങ്ങൾ തിങ്ങി നിറഞ്ഞ പൊതുയോഗങ്ങളിൽ വരെ പറഞ്ഞിരുന്നെന്ന് കേട്ടിട്ടുണ്ട്.

എന്നാൽ വേങ്ങരയിൽ ഒതുങ്ങിക്കൂടാൻ ഹാജിയാർക്ക് അധികകാലം സാധിച്ചില്ല. ഗൾഫ് കുടിയേറ്റത്തിന്റെ പച്ചപ്പുകൾ നാട്ടിൽ തെളിയും മുമ്പെ അദ്ദേഹം കടൽ കടന്നു. ഹൃസ്വ കാലം കൊണ്ട് തന്നെ അവിടെയും അദ്ദേഹം ബിസിനസിൽ മികവ് കാട്ടി സ്വന്തമായൊരു മേൽവിലാസമുണ്ടാക്കി.
ഇത് ആ ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ്.
കേരളത്തിലെ മത രാഷ്ട്രീയ രംഗത്തെ തലയെടുപ്പുള്ള നേതാക്കളുമായി ഹാജിയാർ ഹൃദ്യമായ അടുപ്പം തുടങ്ങുന്നത് ഈ നേരത്താണ്. നിരവധി ധർമ്മസ്ഥാപനങ്ങളുടെ വളർച്ചയിലും പുരോഗതിയിലും അദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. ചേറൂർ യതീംഖാനക്ക് ഗൾഫ് ചാപ്റ്ററുകൾ വരുന്നതും അതിന് കാര്യമായ ഫണ്ടുകൾ സമാഹരിക്കുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു. പ്രവാസ ലോകത്തെ സംഘ സംവിധാനങ്ങൾ രൂപീകരിക്കുന്നതിൽ എന്നും മുന്നിൽ നിന്നു. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെയും, കെഎംസിസിയുടെയും നിരവധി പ്രവർത്തനങ്ങൾ അക്കാലത്ത് സംഘടിപ്പിച്ചു. ജിദ്ദയിൽ ആദ്യമായി പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചത് ഹാജിയാരുടെ നേതൃത്വത്തിലാണ്. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അടക്കമുള്ള സമുന്നത നേതാക്കൾ അന്ന് ആ പരിപാടിയിൽ സംബന്ധിച്ചു. തന്റെ ബന്ധുകൂടിയായ സൗദിപൗരൻ എം എം മലബാരിയുടെ സ്വാധീനം അതിനായി ഹാജിയാർ നന്നായി ഉപയോഗപ്പെടുത്തി. നാട്ടിൽ നിന്ന് ജോലി തേടി എത്തുന്നവരുടെ ആശ്രയം കൂടിയായിരുന്നു ഇവരുടെ സ്ഥാപനങ്ങൾ. ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ഹാജിയാർ തിരിച്ച് വരുമ്പോൾ നാടിന്റെ മുഖഛായ തന്നെ മാറിയിരുന്നു.

പിന്നീട് നിരവധി ധർമ്മ സ്ഥാപനങ്ങളും, 'സമസ്ത'യുടെയും മുസ്ലിം ലീഗിന്റെയും വിവിധ ഘടകങ്ങളും ഹാജിയാരുടെ പ്രവർത്തന മേഖലയായി. പ്രവാസി ലോകത്ത് വളർത്തിയെടുത്ത ആത്മബന്ധങ്ങളിൽ നിന്നാണ് ഈ ജീവിതത്തിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നത്. ചേറൂർ യതീംഖാനയുടെ സെക്രട്ടറിയായും, ചെമ്മാട് ദാറുൽ ഹുദയുടെ മാനേജിംഗ് കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. ഡോ: യു ബാപ്പുട്ടി ഹാജിയോടൊപ്പം ദാറുൽ ഹുദയുടെ ആദ്യ കാല പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു. സ്വന്തം നാട്ടിൽ ആരംഭിച്ച അൽഹുദാ സ്ഥാപനങ്ങൾ കുട്ട്യാലി ഹാജിയുടെ കർമ്മ കുശലതയുടെ നേരsയാളമാണ്. അതിന്റെ വളർച്ചയുടെ ഓരോ പടവിലും അദ്ദേഹം മുന്നിൽ നിന്നു.  കരുവാൻകല്ല് അൽഹുദ സ്കൂളിന്റെ നേതൃ രംഗത്തും അവരുണ്ടായിരുന്നു. 

പാണക്കാട് സയ്യിദൻമാരുമായും സമസ്തയുടെ പണ്ഡിതൻമാരുമായും ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളോടെല്ലാം നീതി പുലർത്തി. അവശനായി വീട്ടിൽ വിശ്രമിക്കുന്ന നേരത്താണ് കുന്നുംപുറം മസ്ജിദു തഖ് വയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അവർ മുന്നിട്ടിറങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹാജിയാർക്കുണ്ടായിരുന്ന വിപുലമായ സുഹൃദ് ബന്ധങ്ങൾ അതിൽ വലിയ ഘടകമായി. ചുറ്റുവട്ടത്തെ നൻമകൾക്കെല്ലാം തുടക്കമിടാൻ നാട്ടുകാർ ഈ വീട്ടുമുറ്റത്തെത്തി. ഒരു നാട്ടുകാരണവരുടെ എല്ലാ നൻമകളും നിറഞ്ഞു കണ്ട ജീവിതത്തിന് സ്വന്തം ചുറ്റുവട്ടം കൽപ്പിച്ച് വെച്ച അംഗീകാരമായിരുന്നു ഇതെല്ലാം. മത ചിട്ടകൾ ജീവിതത്തിൽ പുലർത്തുന്നതിൽ ഹാജിയാർ കാർക്കശ്യക്കാരനായിരുന്നു. ഒരുപാട് നല്ല മനുഷ്യരുമായുള്ള ബന്ധങ്ങൾ അവരെ വല്ലാതെ സ്വാധീനിച്ചു. കുട്ടികളെ പോലെയുള്ള മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. വലിപ്പചെറുപ്പമില്ലാതെ അവർ എല്ലാവരോടും പെരുമാറി. മനം നിറക്കുന ആതിഥ്യ മര്യാദകൾ കൊണ്ടും മനസ്സിന്റെ നൻമ കൊണ്ടും അവർ നമ്മെ അതിശയിപ്പിച്ചു. എല്ലാ നൻമകൾക്കും നല്ല വാക്കുകൾ പറഞ്ഞും മനസ്സറിഞ്ഞ കൈനീട്ടങ്ങൾ നൽകിയും കൂടെ നിന്നു. ആ ജീവിതാനുഭവങ്ങൾ ഒരു പാഠപുസ്തകം പോലെ മറിച്ച് നോക്കേണ്ടതാണ്. ഓർമ്മയുടെ ചിരാതുകൾ മുനിഞ്ഞ് കത്തിയ അവരുടെ ചില വാക്കുകൾക്കെല്ലാം കാതോർക്കാൻ പലപ്പോഴായി ഈയുള്ളവനായിട്ടുണ്ട്.

തലമുറകളുടെ ഓർമ്മസൂക്ഷിക്കുന്ന നിധി പേടകമാണ് ഇവരെന്ന് അപ്പോഴെല്ലാം മനസ്സ് മന്ത്രിച്ചു. മരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുമ്പ് കണ്ടപ്പോഴും തോളിൽ കൈവെച്ച് പറഞ്ഞു. 'നമ്മുടെ പ്രവർത്തനങ്ങളൊക്കെ ഒന്നു കൂടി ഉശാറാക്കണം' മുപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്റസയിലെ ഒരു ദഫ് കളിക്കാരനായി മുന്നിൽ നിന്നപ്പോൾ പറഞ്ഞ അതേ വാക്കുകൾ ആയുസ്സിന്റെ ഇങ്ങേ അറ്റത്തും ആ വലിയ മനുഷ്യൻ ആവർത്തിക്കുന്നു. കലുഷമായ ഈ കാലത്ത് കളങ്കമില്ലാത്ത മനസ്സ് കൊണ്ട് ചുറ്റുവട്ടത്തെ സൗന്ദര്യപ്പെടുത്തിയ ഒരാൾ എന്ന നിലയിൽ ഈ മനുഷ്യൻ എന്നും നമ്മുടെ ഓർമ്മകളിലുണ്ടാവും.

അവരുടെ പരലോക ജീവിതത്തിന്റെ നൻമകൾക്കായി പ്രാർത്ഥിക്കുന്നു.
------------------------
സത്താർ കുറ്റൂർ



കുട്ട്യാലി ഹാജിയെ ഓർക്കുമ്പോൾ
**********************
1973 എന്റെ ഏഴാം ക്ലാസ്സ് സ്കൂൾ ജീവിതം കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസിൽ തുടങ്ങുന്നകാലം മുതലാണ് നിത്യേനയെന്നോണം കുട്ട്യാലിഹാജിയെ കണ്ടുതുടങ്ങിയത്. എന്റെ അമ്മാവന്റെ വീടും പിൽക്കാലത്ത് ഭാര്യ വീടുമായ അരീക്കൻതൊടുവിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന സമയത്തായിരിക്കും ഹാജിയാർ തന്റെ വീട്ടിൽ നിന്ന് അന്നത്തെ ജാവ മോട്ടോർ സൈക്കിളിൽ (പില്ക്കാലത്ത് അത്‌ brand new YEZDI യും Bullet ആയാലും അതിശയം തോണി നോക്കി നിന്നടക്കം ഓര്‍മയില്‍ നിന്ന് മാറുന്നില്ല) വേങ്ങരയിലെ Ismath ലെക്ക് പോകുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ കൂടെ സന്തത സഹചാരി എന്ന് വിശേഷിപ്പിക്കാവുന്ന മൂത്താപ്പയുടെ മകൻ മർഹൂം അരീക്കൻ അബ്ദുറഹ്മാൻ ഹാജിയും ഉണ്ടാകും. സ്കൂളിൽ പഠിക്കുന്ന കുട്ടിയാണെങ്കിലും എന്നെ അദ്ദേഹത്തിന് Kalliyath Avaran മുസ്ല്യാരുടെ പേരക്കുട്ടി എന്ന നിലയില്‍ അറിയാം. കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കും,  ആ സ്വതസിദ്ധമായ ശൈലിയിൽ.

1974 ആണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ ഒരു പീടിക സ്കൂളിന് മുമ്പിൽ പണി പൂര്‍ത്തിയായപ്പോള്‍  അതിന്റെ മുകൾനിലയിലായിരുന്നു അന്ന് MSF ഓഫീസ് ഉണ്ടായിരുന്നത്. ഈ വിനീതനായിരുന്നു അന്നത്തെ കുറ്റൂർ നോര്‍ത്ത് യൂണിറ്റ് MSF പ്രസിഡന്റ്. മൂന്നാല് മാസം എങ്ങിനെയൊക്കെയൊ വാടക ഒപ്പിച്ച് കൊടുത്തെങ്കിലും പിന്നീട് അത് മാസങ്ങളോളം കൊടുക്കാൻ കഴിഞ്ഞില്ല. ബിൽഡിങിന് താഴെ മുറിയിൽ Barbar Shop നടത്തിയിരുന്ന  എൻ.കെ അലവി കാക്കാനോട് കുഞ്ഞിമുഹമ്മദ് ഹാജി (കുട്ട്യാലിഹാജിയുടെ പിതാവ്) കുട്ടികളോട് വാടക തരാൻ പറയൂ എന്ന് ഏൽപ്പിച്ച് പോയി.

ഒരു ദിവസം ഞാൻ സ്കൂളിലേക്ക്  വരുന്ന സമയം കുട്ട്യാലിഹാജി അദ്ദേഹത്തിന്റെ  മോട്ടോര്‍ സൈക്കിള്മായി ഗെയ്റ്റ് കടന്ന് പുറത്തേക്കിറങ്ങുകയാണ് ഞാൻ സലാം ചൊല്ലി അടുത്തേക്ക് ചെന്നു. വാടകക്ക് കുറച്ച് സമയം കൂടി സാവകാശം തരാൻ ഉപ്പയോട് പറയണം എന്ന് പറയാനാണ് ഞാൻ വന്നത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ച് കൊണ്ട് അതൊന്നും ഉപ്പാനോട് ഞാൻ പറയില്ല നിങ്ങള്‍ കുട്ടികള്‍ തന്നെ പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു  ഒരു പുതിയ പത്ത് രൂപ നോട്ട് വാടക കൊടുക്കാൻ വേണ്ടി എനിക്ക് തരികയും ചെയ്തു. മൂന്നോ നാലൊ രൂപ മാത്രമാണ് അന്നത്തെ ഒരാളുടെ ദിവസക്കൂലി എന്നോര്‍ക്കണം.  അന്ന് മുതലാണ് പ്രാസ്ഥാനികമായ ഒരു ബന്ധം അദ്ദേഹവുമായി തുടങ്ങുന്നത്. 

1978ലാണെന്ന് തോന്നുന്നു കുട്ട്യാലിഹാജി ആദ്യമായി സൗദിയിൽ വന്ന് ബിസിനസ്സ് തുടങ്ങിയത്. 1980ലാണ് ഞാൻ സൗദിയിൽ എത്തുന്നത്. അതിനിടെ ഒരു ദിവസം എന്റെ നാട്ടുകാരനായ ഒരാളെ ഇക്കാമ ഇല്ലാത്തതിന്റെ പേരിൽ ജവാസാത്ത് പിടിക്കുകയും ഹുജ്ജാജിലുള്ള താൽക്കാലിക ജയിലിലേക്ക് കൊണ്ട് വരികയും ചെയ്തു. അദ്ദേഹത്തെ കാണാൻ എന്റ പിതാവിന്റെ കൂടെ എ.ആർ നഗർ വെൽഫയർ ലീഗ് നേതാവ് OC ഹുസൈൻ ഹാജിയും ഞാനും കൂടി പോയി. പിന്നീട് ഞങ്ങൾ ഹുജ്ജാജിലെ കുട്ട്യാലി ഹാജിയുടെ ഹോട്ടലിൽ പോയി ഹാജിമാരെയും കണ്ടു കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ജന്മസിദ്ധമായ സല്‍ക്കാരം അനുഭവിക്കുകയും ചെയ്തു.  തുടര്‍ന്ന്‌ അദ്ദേഹവും കൂടി നേതൃത്വം നല്‍കുന്ന  സംഘടനാരംഗത്തും സജീവമായി. (ആ സന്ദര്‍ഭത്തില്‍ ഓര്‍ത്തു പോകുന്നു, Areekan Beeran Haji അപ്പോള്‍ അവിടെ ഉണ്ടായിരുന്നു). പലപ്പോഴും കമ്മിറ്റി യോഗം കൂടിയിരുന്നത് അദ്ദേഹത്തിന്റെ  Hujjaj ഹോട്ടലിലായിരുന്നു. അവിടന്നങ്ങോട് ആ ബന്ധം ദൃഢമായി തുടരുകയും മരണം വരെ നിലനിർത്താനും സാധിച്ചു. രണ്ട് മാസം മുമ്പ് നാട്ടിൽ വന്നപ്പോഴും ഞാനും ഭാര്യയും A.K.Hൽ പോയിരുന്നു. കിടന്നു കൊണ്ടാണ് അന്നദ്ദേഹം സംസാരിച്ചത്. അപ്പോഴും ചായ കൊടുക്കാന്‍ ഭാര്യയെ ഓര്‍മിപ്പിക്കുന്നത് ഓര്ത്തു പോകുന്നു. തിരിച്ച് പോരാൻ സമയത്ത് നെറ്റിയിൽ ഞാനൊരു മുത്തം നൽകി. അപ്പൊ അദ്ദേഹം ചിരിച്ചു കൊണ്ട് ഇതൊരു റാഹത്താണ്, അറബി സ്റ്റൈലിലുള്ള ഈ മുത്തം എന്ന് പ്രതികരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും ആ സന്തോഷത്തിൽ പങ്ക് കൊണ്ടു. പിന്നീട് ഹാജിയാരുടെ മരണവാർത്തയാണ് അറിയുന്നത്. 

വളരെ സൗമ്യനായി പെരുമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അവിടെ വലിപ്പച്ചെറുപ്പമെന്ന വേർതിരിവിന് സ്ഥാനമില്ല. വ്യക്തമായ നിലപാടുകളും രാഷ്ട്രീയവും ഉണ്ടെങ്കിലും എതിർ ചേരിയിൽ ഉള്ളവർ എന്ന് നമ്മൾ (തെറ്റി) ധരിക്കുന്ന പലരും കക്കാടംപുറത്ത് നിന്ന് കുറ്റൂരിലേക്ക് അദ്ദേഹത്തിന്റെ വാഹനത്തിൽ കയറിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് വാഹനസൗകര്യം നന്നെ കുറഞ്ഞ പഴയ കാലത്ത്. മറ്റാെരു അനുഭവം കൂടി ഓർത്ത്പോകുകയാണ്.   എന്റെ മൂത്ത മകളുടെ വിവാഹം ക്ഷണിക്കുന്നതിന് വേണ്ടി അദ്ദേഹം വീട്ടില്‍ ഉണ്ടോ എന്നറിയാനാണ് ഞാൻ ഫോൺ ചെയ്തത്. വീട്ടിലുണ്ടെങ്കിലും ശരീരികമായി വലിയ സുഖമില്ലാത്തതിനാൽ കിടക്കുകയാണ് എന്ന് മകന്‍ ബാപു പറഞ്ഞു. അപ്പോൾ വിളിക്കേണ്ട എന്ന് പറയുകയും കല്യാണത്തിന് ബാപ്പുവിനെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് വിവാഹ ദിവസം അതാ പേരക്കുട്ടിയുടെ കൈ പിടിച്ച് കുട്ട്യാലി ഹാജി  നേരത്തെ വരുന്നു. കൂടെ ബാപ്പുവും. എന്നിട്ട് ഒരു കമന്റും  "എന്നോട് നേരിട്ട് കല്യാണം പറയാത്തത് കൊണ്ടാണ് ഞാൻ നേരിട്ട് നേരത്തെ വന്നത്" അതായിരുന്നു ആ വലിയ മനസിന്റെ ഉടമ. ഇനിയും എത്രയൊ ഓർമകൾ മനസിലേക്ക് ഓടിയെത്തുന്നുണ്ട്. കുറിപ്പ് അധികരിക്കും എന്ന് ഭയപ്പെടുന്നത് കൊണ്ട് നിർത്തുന്നു.

അദ്ദേഹത്തെയും നമ്മെയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ
-------------------
മുഹമ്മദ് കാവുങ്ങൽ



അരീക്കൻ കുട്ട്യാലി ഹാജി: പെയ്തൊഴിയാത്ത ഓർമ്മകൾ
**********************
ഉപ്പയും മൂത്താപ്പയും തമ്മിലുള്ള സൗഹൃദത്തിന് ഒരായുസ്സിന്റെ നീളമുണ്ട്. അവരിൽ നിന്ന് പലപ്പോഴായി കേട്ട കഥകളിലും പറഞ്ഞു തീരാത്ത വർത്തമാനങ്ങളിലുമെല്ലാം ആ സ്നേഹ ബന്ധത്തിന്റെ ഈർപ്പമുണ്ടായിരുന്നു. 
1938 ൽ കെ.ടി.എറമുട്ടി മൊല്ലാക്കയുടെ കീഴിൽ കൊടുവായൂരിലായിരുന്നു മൂത്താപ്പയുടെ മതപഠനം. ഒപ്പം കുറ്റൂർ മാപ്പിള സ്കൂളിലും പഠിച്ചു. ഇരുകുളങ്ങര മുഹമ്മദ് മാഷും കുരിക്കൾ മിതോണ്ടി മാഷുമായിരുന്നു അന്നത്തെ അധ്യാപകർ. പഠനത്തിന് ശേഷം പിതാവ് കുഞ്ഞിമുഹമ്മദാജിയുടെ വഴിയെ ബിസിനസ് രംഗത്തേക്ക് മൂത്താപ്പയും തിരിഞ്ഞു.

ഇസ്മത്ത് ഹോട്ടലിന്റെ നാൾവഴികൾ
~~~~~~~~~~~~
മലഞ്ചരക്ക് വ്യാപാരിയും കൃഷിക്കാരനുമായിരുന്ന കുട്ട്യാലി എന്നവരുടെ മകനായ കുഞ്ഞിമുഹമ്മദാജിയാണ് 80 വർഷം മുമ്പ് ഇസ്മത്ത് ഹോട്ടൽ തുടങ്ങുന്നത്. നാടിനെ കാർന്നുതിന്ന വസൂരി രോഗം ബാധിച്ച് പിതാവ് ചെറുപ്പത്തിലെ മരിച്ചതിനാൽ കുഞ്ഞിമുഹമ്മദാജിക്ക് മലഞ്ചരക്ക് വ്യാപാരം മുന്നോട്ട് കൊണ്ട് പോവാനായില്ല.

ഊക്കത്ത് പള്ളിയോട് ചേർന്ന് അക്കാലത്ത്  'ഊക്കത്ത് നേർച്ച' എന്ന പേരിൽ ഒരു നേർച്ച നടന്നിരുന്നു. പരക്കാട്ട് തങ്ങൻമാരുടെ നേർച്ചയാണിത്. എടത്തോളയിൽ നിന്നും, പാക്കടപ്പുറായയിലെ പാറയിൽ തങ്ങളുടെ നേതൃത്വത്തിലുമൊക്കെയായി പല ഭാഗങ്ങളിൽ നിന്ന് പെട്ടി വരവുകൾ അന്ന് അവിടേക്ക് വന്നിരുന്നു. അതിൽ കോൽക്കളി അടക്കമുള്ള കലാപ്രകടനങ്ങളൊക്കെയുണ്ടാവും. പൂളക്കലായിരുന്നു ഈ നേർച്ചയോടനുബന്ധിച്ചുള്ള കച്ചവടങ്ങളൊക്കെ നടന്നിരുന്നത്.അന്നവിടെ കുഞ്ഞിമുഹമ്മദാജി ഒരു താൽക്കാലിക ഹോട്ടൽ തുടങ്ങി. നേർച്ച കഴിഞ്ഞതോടെ അവിടത്തെ ഫർണിച്ചറുകളും മറ്റും ഉപയോഗിച്ച് കൊടുവായൂരിൽ ഒരു ഹോട്ടൽ തുടങ്ങി. ആ ഹോട്ടലിനാണ് ആദ്യമായി 'ഇസ്മത്ത്' എന്ന് പേരിട്ടത്. കൊടുവായൂർ ആയിരുന്നു അക്കാലത്തെ നമ്മുടെ നാട്ടിലെ വ്യാപാര സിരാകേന്ദ്രം.  പിന്നീട് ചില പ്രശ്നങ്ങളാൽ ഇസ്മത് ഹോട്ടൽ കൊടുവായൂരിൽ നിന്ന് പരപ്പനങ്ങാടി അഞ്ചപ്പുരയിലേക്ക് മാറ്റി. അവിടെയും അധിക കാലം തുടർന്നില്ല. പിന്നീട് താമരശ്ശേരിയിലെ കാരാടി എന്ന സ്ഥലത്തായിരുന്നു പുതിയ നിയോഗം അവിടേയും പേര് ഇസ്മത് തന്നെ. മൂന്ന് വർഷമാണ് അവിടെ കച്ചവടം നടത്തിയത്.  ശേഷം കൊടുവായൂരിലേക്ക് തന്നെ തിരിച്ചെത്തി. ഈ സംരംഭങ്ങളിലെല്ലാം പിതാവിനൊപ്പം കുട്ട്യാലി ഹാജിയും സഹായിയായി കൂടെയുണ്ടായിരുന്നു. അന്ന് കൊടുവായൂരിലെ പതിവുകാരായിരുന്ന കൊറ്റശ്ശേരി കുഞ്ഞിമൊയ്തീൻ ഹാജിയെ പോലൊത്തവരുടെ നിർദേശ പ്രകാരമാണ് ഈ ഹോട്ടൽ വേങ്ങരയിലേക്ക് മാറ്റുന്നത്. മാളിയേക്കൽ അബ്ദുല്ല ഹാജിയുടേതായിരുന്നു ബിൽഡിംഗ്. കച്ചവടം അഭിവൃദ്ധിപ്പെട്ടു. വേങ്ങരയിൽ തന്നെ സ്ഥലം വാങ്ങി വീട് വെച്ചു താമസം അങ്ങോട്ട് മാറാനും കുഞ്ഞിമുഹമ്മദാജി അന്ന് ആലോചിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യക്ക് താൽപ്പര്യമില്ലാത്തതിനാൽ നടക്കാതെ പോയി. ആ പുരയിടത്തിലാണ് പിന്നീട് DR:ഗാന്ധി ദാസ് സ്ഥിരതാമസമാക്കിയത് ഗാന്ധി ദാസ് വേങ്ങരയുടെ സാമൂഹ്യ മണ്ഡലത്തിൽ ഏറെക്കാലം നിറഞ്ഞു നിന്നു. ആ പ്രദേശത്തിന് ഗാന്ധി ദാസ് പടി എന്ന് തന്നെ പേര് വന്നു.

കാലങ്ങൾക്ക് ശേഷം കുഞ്ഞിമുഹമ്മദാജി ഹോട്ടൽ രംഗത്ത് നിന്ന് പിൻമാറിയതോടെയാണ് ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും കുട്ട്യാലി ഹാജിയുടെ ചുമലിലാവുന്നത്. ഈ വ്യാപാര കേന്ദ്രം പുതിയ കാലത്തിനനുസരിച്ച് പരിഷ്കരിച്ചു. വേങ്ങരയുടെ വ്യാപാര മണ്ഡലത്തിൽ ഇസ്മത്ത് സ്വന്തമായ ഒരിടം നേടിയെടുത്തു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് അടക്കമുള്ള വേങ്ങരയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്ന പ്രമുഖരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു ഇസ്മത്ത്. കച്ചവടം വിപുലപ്പെട്ടതിനനുസരിച്ച് മൂത്താപ്പയുടെ കൃത്യാന്തര ബാഹുല്യവും വർധിച്ചു. ഉപ്പ സ്കൂൾ പഠനമൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയം. വീട്ടിലറിയാതെ കൂട്ടുകാരോടൊപ്പം മദ്രാസിലേക്ക് വണ്ടി കയറി. മൂത്താപ്പ തന്നെയാണ് തെരഞ്ഞ് പോയത്. ഉപ്പയെ കൂട്ടി ‌ കൊണ്ട് വന്ന മൂത്താപ്പ ഇസ്മത്തിലെ ചില ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചു. ആയിടെയാണ് മൂത്താപ്പ ഹജ്ജിന് പുറപ്പെടുന്നത്. 1962 ലാണത്. മമ്മുട്ടി ഹാജിയുടെ (സൗദി പൗരൻ അരീക്കൻ മുഹമ്മദാജിയുടെ ജേഷ്ഠൻ) മുഖാന്തിരമായിരുന്നു ആ യാത്ര. ഹജ്ജ് കഴിഞ്ഞ് തിരിച്ച് വന്ന അദ്ദേഹം മാളിയേക്കൽ അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പല ചരക്ക് കടകൂടി ഏറ്റെടുത്തു. ഹോട്ടലിന്റെ ഉത്തരവാദിത്തം മൂത്താപ്പയും പലചരക്ക് കടയുടേത് ഉപ്പയും ഏറ്റെടുത്ത് മുന്നോട്ട് പോയി. അഞ്ച് വർഷത്തിന് ശേഷം 1967 ൽ മൂത്താപ്പ വീണ്ടും സൗദിയിലേക്ക് തിരിച്ചു. അതോടെ ഇസ്മത്തിന്റെ ചുമതല ഉപ്പയുടെ ചുമലിലായി.

പ്രവാസത്തിന്റെ നാളുകളിൽ
~~~~~~~~~~~~
1962 ൽ പോയി വന്നതിന് ശേഷം
1967 ൽ മക്കയിൽ ഹറമിനടുത്ത് മൂത്താപ്പ തുടങ്ങിയ ഹോട്ടലിന്റെ പേരും ഇസ്മത്ത് എന്നായിരുന്നു. സീസൺ കച്ചവടം കഴിഞ്ഞ് അദ്ദേഹം വീണ്ടും നാട്ടിലേക്ക് തിരിച്ചു. 1977 ൽ വീണ്ടും ഹജ്ജ് വിസക്ക് കടൽ കടന്ന മൂത്താപ്പയോട് എം എം മലബാരി [അരീക്കൻ മുഹമ്മദാജി] യാണ് സ്ഥിരം വിസയിൽ വരാൻ നിർദേശിച്ചത്. അങ്ങനെയാണ് അദേഹത്തിന്റെ വിസയിൽ 1978ൽ മൂത്താപ്പ ജിദ്ദയിലെത്തുന്നത്. മദീനത്തുൽ ഹുജ്ജാജിൽ എം എം മലബാരി നടത്തിയിരുന്ന ഹോട്ടൽ അദ്ദേഹം ഏറ്റെടുത്തു. അവിടെ തന്നെ ഒരു മിനി മാർക്കറ്റും തുടങ്ങി. പിന്നീട് ബാബ് ശരീഫിൽ മലബാർ ഹോട്ടൽ എന്ന പേരിൽ ഒരു സ്ഥാപനം കൂടി ആരംഭിച്ചു. ഇവിടെ പാകിസ്ഥാനി ഭക്ഷണവും കിട്ടുമായിരുന്നു. ഇവിടത്തെ 1023 പോസ്റ്റ് ബോക്സ് നമ്പർ പ്രശസ്തമാണ്. ബലദിയയിലും ചെറുകിട കമ്പനികളിലും ജോലി ചെയ്തിരുന്ന നാട്ടുകാർക്ക് കത്തുകൾ വന്നിരുന്നത് ഇവിടേക്കായിരുന്നു. ജിദ്ദയിലെ മലയാളികളുടെ ആശാ കേന്ദ്രമായിരുന്ന ഈ ഹോട്ടലിന്റെ സ്പോൺസറും മലബാരി തന്നെയായിരുന്നു. നാട്ടിൽ നിന്നുള്ള പച്ചക്കറികൾ, ചായപ്പൊടി, തിരൂർ വെറ്റില കൂടാതെ മലയാള പത്രങ്ങളും ഇവിടെ ലഭിച്ചിരുന്നു. മലബാരിയുടെ സ്വന്തം ബ്രാൻഡിൽ ശ്രീലങ്കയിൽ നിന്ന് ഇറക്കിയിരുന്ന "മലബാരി ടീ ബാഗും" ഇവിടെ വിൽപ്പനക്കുണ്ടായിരുന്നു. പിന്നീട് കുറച്ച് കാലം ബലദിൽ അരീക്കൻ ബീരാൻ ഹാജിയോടൊപ്പം ഒരു ഹോട്ടൽ നടത്തി. മക്കയിൽ മലബാരിയുടെ രണ്ട് കടകളും ഏറ്റെടുത്തു.  കരിന്തിനിയിലായിരുന്നു മലബാരിയുടെ ആസ്ഥാനം. അവിടെ അദ്ദേഹത്തിന് ഒരുപാട് ബിസിനസ്സ് സ്ഥാപനങ്ങളുണ്ടായിരുന്നു. MM ബ്രോസ്റ്റ് എന്ന പേരിൽ കരിന്തിനിയിൽ ബീരാൻ ഹാജിയോടൊപ്പം ഒരു ബ്രോസ്റ്റ് കs തുടങ്ങിയതിന് ശേഷം മലയാളികളുടെ കത്തുകളെല്ലാം അങ്ങോട്ടാണ് വന്നിരുന്നത്. 4487 ആയിരുന്നു ആ പോസ്റ്റ് ബോക്സ് നമ്പർ.

ജോലി അന്വേഷിച്ചെത്തുന്ന നാട്ടുകാരുടെയും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന ഉന്നത വ്യക്തിത്വങ്ങളുടെയും ആശ്രയമായിരുന്നു ഈ സ്ഥാപനങ്ങൾ. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിച്ചു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും യോഗങ്ങൾക്കും ഗൗരവ്വമായ ചർച്ചകൾക്കും ഇവിടം വേദിയായി. ചന്ദ്രിക നീഡേഴ്സ് ഫോറം, കെ എം സി സി തുടങ്ങിയ പ്രവാസി കൂട്ടായ്മകളെ വളവും വെള്ളവും നൽകി വളർത്തി.  നിരവധി ധർമ്മസ്ഥാപനങ്ങൾക്ക് മൂത്താപ്പാന്റെ പരിലാളനകൾ കിട്ടി. ചേറൂർ യതീംഖാന ഗൾഫ് കമ്മിറ്റികൾക്ക് തുടക്കം കുറിച്ചു. അതിന് സ്ഥിര വരുമാന മാർഗങ്ങളൊരുക്കാൻ യത്നിച്ചു. ദാറുൽ ഹുദയുടെ ആവശ്യങ്ങൾക്കായി ഡോ: യു.ബാപ്പുട്ടി ഹാജി ജിദ്ദയിൽ വന്നപ്പോൾ അദേഹത്തിന് ആവശ്യമായ സഹകരണങ്ങളും സഹായങ്ങളും ചെയ്തു കൊടുത്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സേട്ട് സാഹിബ്, ജി എം ബനാത്ത് വാല, സീതി ഹാജി തുടങ്ങി സമുന്നത നേതാക്കളുമായ അടുത്ത ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനായി. ഒന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു മൂത്താപ്പാന്റെ സാമൂഹ്യ സേവനങ്ങളും. 1994 ൽ പ്രവാസ ജീവിതം മതിയാക്കി നാടണഞ്ഞു.

പൊതു ഇടങ്ങളിൽ
~~~~~~~~~~~~
പൊതു പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ തൽപ്പരനായിരുന്നു മൂത്താപ്പ. നാട്ടിൽ മാത്രമല്ല മറുനാട്ടിലായിരുന്നപ്പോഴും അത് മുടക്കമില്ലാതെ തുടർന്നു.  ഇസ്മത്ത് കാലത്ത് വേങ്ങര മിഫ്താഹുൽ ഹുദാ മദ്രസയുടെ ട്രഷററായും പിന്നീട് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. 1978ൽ വേങ്ങരയിൽ നടന്ന 'സമസ്ത' തിരൂർ താലൂക്ക് സമ്മേളനത്തിന്റെ പ്രോഗ്രാം കമ്മിറ്റി വൈ :ചെയർമാനായിരുന്നു അദ്ദേഹം. കച്ചവട തിരക്കുകൾക്കിടയിലും സാമൂഹിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നു എന്നാണ് ഇതൊക്കെ കാണിക്കുന്നത്. പ്രവാസമവസാനിപ്പിച്ച ശേഷം ചേറൂർ യതീംഖാനയുടെ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു. ഒരു പ്രത്യേക സാഹചര്യത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് അദേഹത്തെ നിർബന്ധിച്ചത്. ദാറുൽ ഹുദയുടെ പ്രവർത്തങ്ങളിലും സജീവമായിരുന്നു. അതിന്റെ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു.

നമ്മുടെ നാടിന്റെ സാമൂഹിക രംഗത്ത് വലിയ വഴിത്തിരിവായി മാറിയ അൽഹുദാ സ്ഥാപനങ്ങൾ മൂത്താപ്പാന്റെ ആർജവത്തിന്റെ അടയാളങ്ങളാണ്. ARനഗൾ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പദവിയും ഒരു ഘടത്തിൽ ഏറ്റടത്തു.  മുസ്ലീം ലീഗ് പാർട്ടിയുടെ വിവിധ ഘടകങ്ങളിലും ഊക്കത്ത് മഹല്ലിന്റെ നേതൃരംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായി. വാർദ്ദ്യക്കത്തിലും കുന്നുംപുറം മസ്ജിദ്  തഖ്‌വ നിർമ്മിച്ചപ്പോൾ തന്റെ എല്ലാ ബന്തങ്ങളും ഉപയോഗപ്പെടുത്തി ഫണ്ട് സമാഹരണം നടത്താൻ മുന്നിലുണ്ടായിരുന്നു. തന്റെ ആയുസ്സിന്റെ നല്ല പങ്കും സമൂഹത്തിനും നാടിനും വേണ്ടി ചെലവഴിച്ച മൂത്താപ്പ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും കളങ്കമേൽക്കാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. അധികാരങ്ങളിൽ നിന്നും അകലം പാലിക്കാനായിരുന്നു എപ്പോഴും അവർ ശ്രദ്ധിച്ചത്.

ഉപ്പയും മൂത്താപ്പയും തമ്മിലുള്ള സഹോദരബന്ധം ഏറെ ഊഷ്മളവും മാതൃകാപരവുമായിരുന്നു. നീണ്ട കാലത്തെ പങ്ക് കച്ചവടങ്ങളിലൂടെ അവർ ബാക്കിയാക്കിയതെല്ലാം ഒരു ഇടനിലക്കാരൻ പോലുമില്ലാതെ അളവു നടത്താതെ വില കെട്ടാതെ യാണ് ഭാഗിച്ചെടുത്തത്. മുത്താപ്പ രണ്ട് ഷീറ്റിൽ  ഓഹരികളാക്കി ഇട്ട്കെടുത്തു ഉപ്പാനോട് ഇഷ്ട്ടമുള്ളത് എടുക്കാൻ പറഞ്ഞു നിമിഷങ്ങൾ കൊണ്ട് ഓഹരി വെപ്പ് തീരുകയും ചൈതു. അവർക്കിടയിൽ നില നിന്ന് പോന്ന മനസ്സിണക്കത്തിന്റെ ആഴമാണ് ഇതെല്ലാം അറിയിക്കുന്നത്. മരിക്കുന്നത് വരേ  അവർക്കിടയിൽ സ്നേഹം കൂടി വരികയായിരിന്നു അദ്ദേഹം കാണിച്ച് തന്ന ജീവിത വിശുദ്ധിയും മാതൃകകളും ഈ കാലത്ത് വിലമതിക്കാനാവാത്തതാണ്. അതിൽ നിന്ന് കിട്ടിയ ഊർജ്ജമാണ് നാടിന്റെ പൊതു ഇടങ്ങളിൽ നിലയുറപ്പിക്കാൻ നമ്മെയൊക്കെ പ്രാപ്തനാക്കുന്നതും.

നാഥൻ അവരുടെ ബർസഖിയായ ജീവിതം റാഹത്തിലാക്കട്ടെ
----------------
ലത്തീഫ് അരീക്കൻ



നന്മയുടെ നിറകുടം  കുട്ടൃാലി ഹാജി
➖➖➖➖➖➖➖➖
ഇന്നീ കാണുന്ന സുഖ സൗകരൃങ്ങളൊന്നും എല്ലാവർക്കും ഇല്ലാത്ത കാലത്ത് AKH ഭവനം പാവപ്പെട്ടവൻ്റെ ആശാ കേന്ദ്രമായിരുന്നു. അവിടത്തെ നന്മമരമായിരുന്നു കുട്ടൃാലി ഹാജി. അത്ര മാത്രം പാവങ്ങളെ സഹായിച്ചിരുന്നു എന്നാണ് അറിവ്....


നാട്ടിലെ ഒരുപാട് ദീനീ സ്ഥാപനങ്ങളുടെ രൂപീകരണത്തിനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച മഹത് വൃക്തിയായിരുന്നു അദ്ധേഹം. എൻ്റെ മദ്രസ്സ പഠനകാലത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിലെ നബിദിന ഘോഷയാത്ര കക്കാടം പുറത്തേക്ക് പോവുന്ന വഴിയിൽ ആദൃമായി കയറുന്ന വീടായിരുന്നു AKH ഭവനം. അക്കാലത്ത് ഘോഷയാത്ര കടന്ന് പോകുന്ന വഴികളിൽ കുട്ടിൾക്ക് മധുരം നൽകുന്ന മറ്റല്ലാ സ്ഥലത്ത് നിന്നും മിഠായിയോ ഗോതംബ് കറിയോ ആണെങ്കിൽ അവിടന്ന് പുതുമയുള്ളത് വല്ലതുമാവും കിട്ടാറ്...


രാഷ്ട്രീയം എന്താണന്ന് അറിയാത്ത പ്രായത്തിൽ സേട്ടു സാഹിബ്, ബനാത്ത് വാല സാഹിബ്, പാണക്കാട് ഷിഹാബ് തങ്ങൾ പോലത്തെ പ്രഗത്ഭരായ നേതാക്കൾ നമ്മുടെ പ്രദേഷത്ത് വന്നാൽ ഈ വീട്ടിലായിരുന്നു വിശ്രമിക്കാറ്... അവരെ കാണുന്നതിനായി ചെറിയ കുട്ടികളായ ഞങ്ങൾ  ആ വലിയ വീടിൻ്റെ തുറന്നിട്ട ഗെയിറ്റിലൂടെ അകത്ത് കയറും കുട്ടികളാണന്നുള്ളത് കൊണ്ട് ഞങ്ങളെ ആ വീട്ടിൽ നിന്നും അകറ്റി നിർത്താറില്ലായിരുന്നു. നേതാക്കളെ അടുത്തു കാണാനുള്ള ആഗ്രഹം അവിടുന്നു സാധിച്ചിരുന്നു... അങ്ങിനെയാണ് AKH ഭവനം മനസ്സിൽ പതിഞ്ഞത്..... സ്കൂൾ വിട്ട് ആ വീടിന് മുൻപിലൂടെ വരുംപോൾ ഒരു കാലത്തെ പ്രദേശത്തെ തന്നെ വലിയ വീടായിരുന്ന അവിടേക്ക് അത്ഭുതത്തോടെ എത്തി നോക്കും.... കാലങ്ങൾക്ക് ശേഷം ഒരു പാട് മുസ്ലിംലീഗ് കൺവെൻഷനുകളിൽ ആ വീട് മുറ്റത്ത് പങ്കെടുത്തിട്ടുണ്ട്.


ഈ അടുത്ത കാലം വരെ സഹായ കല്ലൃാണങ്ങളായിരുന്നു നമ്മുടെ പ്രദേശങ്ങളിൽ അധികവും..... പെൺകുട്ടികളുടെ  വിവാഹത്തിന് രസീതി അടിച്ചും ഗൾഫിലേക്ക് സഹായം അഭൃർത്ഥിച്ച് കൊണ്ടുള്ള കത്തയച്ചുമായിരുന്നു നടന്നിരുന്നത്.... അതിലേക്ക് ഹാജിയാരുടെ വകയായി നല്ലൊരു സംഖൃ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്...... പാവപ്പെട്ട രക്ഷിതാക്കൾ കുട്ടികളുടെ വിവാഹ കാരൃം കുട്ടൃാലി ഹാജിയെ കണ്ട് തൻ്റെ സാംബത്തിക സ്ഥിതി പറയുംബോ തന്നെ...... കല്ലൃാണം ഉറപ്പിച്ചോ.... തികയാത്തത് ഞാൻ തരാം എന്നാണ് പറഞ്ഞിരുന്നത് എന്നും കേട്ടിട്ടുണ്ട്..... ആദൃ കാലങ്ങളിൽ സൗദിയിൽ പുതിയതായി എത്തുന്ന നാട്ടുകാർക്ക് ഒരത്താണിയായിരുന്നു ഹാജിയാർ എന്ന് അനുഭസ്ഥർ സാക്ഷൃപ്പെടുത്തുന്നു.


ഊക്കത്ത് പള്ളിക്ക് അദ്ധേഹത്തിൻ്റെ സേവനം മഹത്തരമായിരുന്നു. പഴയ പള്ളിയിൽ നിന്ന് ഇന്നത്തെ സ്ഥിയിലേക്കുള്ള പള്ളിയുടെ രൂപ മാറ്റത്തിന് അവർ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിൽ ജുമൂഅക്ക് വരുംബോ കാറ് നിറയേ വഴിയിൽ കാണുന്ന പ്രായമായവരെ മുഴവൻ കയറ്റിയാവും വരാറ്. തിരിച്ചു പോവുംബോഴും നടക്കാൻ പ്രയാസമുള്ളവരെ കൊണ്ടു പോവും. നല്ല മനസ്സിനുടമയായ അദ്ധേഹം ചെറുപ്പ വലിപ്പ വൃതൃൊസമില്ലാതെ എല്ലാവരോടും അടുത്തിടപഴകുന്ന എപ്പൊഴും പുഞ്ചിരിക്കുന്ന കുശലം പറയുന്ന പ്രകൃതമായിരുന്നു. വിശമങ്ങൾ മനസ്സിലാക്കാനും പരിഹാരം കാണാനും താല്പരൃം കാണിച്ചിരുന്നു. 


കഴിഞ്ഞ തവണ ഞാൻ നാട്ടിലെത്തിയപ്പൊ മാപ്പിളക്കാട് തോടുവരംബിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി അദ്ധേഹത്തിൻ്റെ വീട്ടിലെത്തി... മകൻ ബാപ്പുമായി സംസാരിച്ചിരിക്കെ ഹാജിയാരും വന്നു... ആദൃം  ഞങ്ങൾക്ക് ചായ തരാൻ പറഞ്ഞു അപ്പോൾ മേശക്ക് താഴെ നിന്നും ഒരു ഫ്ലാക്സും അവിടെതന്നെ ക്ലാസ്സും ബിസ്ക്കറ്റും.... അത് കണ്ടപ്പൊ പാണക്കാട് വീട്ടിലെ സന്ദർശകരെ സ്വീകരിക്കുന്ന രീതി ഓർമ്മ വന്നു.... ചായ കുടിച്ചതിന് ശേഷം ഞങ്ങൾ കാരൃങ്ങൾ പ്രദേശത്തെ യാത്രാ വിശമത്തേ കുറിച്ച് പറഞ്ഞപ്പൊ അദ്ധേഹം പറഞ്ഞു.... ആലാഞ്ചീരിൽ എൻ്റെ സ്ഥലത്ത് വരെ റോഡുണ്ട് അവിടന്ന് ആ പറംബിൻ്റെ ഏത് ഭാഗത്ത് കൂടെ വേണമെങ്കിലും നിങ്ങൾ റോഡ് കൊണ്ടു പൊയ്ക്കോളീ ഇനി ബാക്കിയുള്ളത് വാങ്ങുന്നതിനായി സാംബത്തികമായ വല്ലതും വേണമെങ്കിൽ അതും ഞാൻ തരാം എന്നായിരുന്നു..... 


നടവഴിക്ക് പോലും ഒരടി ഭൂമി വിട്ട് കൊടുക്കാൻ മടികാണിക്കുന്ന ഇക്കാലത്ത് അദ്ധേഹത്തിൻ്റെ ആ വലിയ മനസ്സ് സ്മരിക്കാതിരിക്കാൻ വയ്യ... മഹാനവർകളുടെ ജനാസ ഊക്കത്ത് പള്ളിയിലെത്തിയപ്പൊ ജനനിപിഡമായിരുന്നു പള്ളിയുടെ മൂന്ന് നിലയും കവിഞ്ഞ് റോഡിലും ജനങ്ങൾ നമസ്കരിച്ചു. ദീനീരംഗത്ത് നിറസാന്നിധൃമായി  നമുക്ക് വഴി കാട്ടിയായി ഒരുപാട് ദീനീ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിച്ച് നമ്മിൽ നിന്നും  വിട്ട് പിരിഞ്ഞ മഹാനവർകളുടെ പരലോക ജീവിതം പ്രകാശ പൂരിതമാവട്ടെ....
--------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



വിനയത്തിന്റെ രാജമാണിക്യം'  അരീക്കൻ കുട്ട്യാലി ഹാജി
******************
മരണം: നിശ്ചയമായും നാം തന്നെയാണ് ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നത് 'അവസാനം എല്ലാവരുടെയും സമ്പാദ്യങ്ങൾ വന്നെത്തുന്നതും നമ്മുടെ പക്കൽ തന്നെ -- വി.ഖുർആൻ'

വേറൊരിടത്ത് ഖുർആൻ പറയുന്നു'
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നിട് അവൻ നിങ്ങളെ മരിപ്പിക്കും' നിങ്ങളിൽ ചിലർ വാർദ്ധക്യത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലേക്ക് മടക്കപ്പെടുകയും അവസാനം കാര്യബോധമുള്ളവനായ ശേഷം ഒന്നുമറിയാത്തവനായി മാറുകയും ചെയ്യുന്നു' അല്ലാഹു സർവ്വജ്ഞനും സർവശക്തനും തന്നെയാണ് 'വി.ഖുർആൻ'

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ പരാമർശിച്ച് കൊണ്ട്, ശേഷം കുട്ടികളെ പോലെ ആയിതീരുന്ന വൃദ്ധന്മാരെക്കുറിച്ചാണ് പരാമർശം. വയസായി ഒന്നുമറിയാത്തവനായി മാറുന്ന മനുഷ്യനെ പിന്നെ പോയ കാലത്തേക്ക് തിരിച്ച് നടത്താൻ ആർക്കു മെന്നല്ല ഈ ലോകം ഒന്നിച്ച് ഒത്ത് പിടിച്ചാലും സാധ്യമല്ല. അപ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ചെയ്യേണ്ടത് ബുദ്ധിയുറച്ച് ,ശേഷം ആ കാര്യബോധം പോയി മറയുന്നതിന് മുമ്പെയുള്ള ഈ കൊച്ചു കാലം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത് '

അങ്ങിനെ അത് പരിപൂർണമായും ഉപയോഗപ്പെടുത്തി നമ്മിൽ നിന്നും കടന്ന് പോയ ഒരാളായിരുന്നു അരീക്കൻ കുട്ട്യാലി ഹാജി' ജീവിതം സാധാരണ മനുഷ്യ സാധ്യമായ ഇസ്ലാമികപരിപൂർണതയിലേക്കെത്തിച്ച് കൊണ്ട് നടന്ന് തീർത്ത കാൽപാടുകളിൽ ഇവിടെ തൽക്കാലം ശേഷിച്ച നമുക്കൊരുപാട് നോക്കി നടക്കാനുണ്ട് ' 
അതിൽ മുഖ്യപാഠം
സമ്പത്തുണ്ടായാലും എങ്ങിനെ വിനയാന്വിതനാവാമെന്നതാണ് '
നേരിട്ടനുഭവിച്ച ഒരു പാട് കാര്യങ്ങളുണ്ട്.' എന്നെ സംബന്ധിച്ച് ഒമ്പതാമത്തെ വയസിൽ തന്നെ കുടുംബ പ്രാരാബ്ധം കാരണം കുഞ്ഞു ചെറുപ്പത്തിൽ തന്നെ കുട്ടി തൊഴിലാളിയായി ഇന്ത്യയിൽ തന്നെ ഒരു പാട് സ്ഥലങ്ങളിൽ തൊഴിലെടുക്കേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ വേങ്ങര ഇസ്മത്തിൽ കുറച്ച് കാലം പാത്രം കഴുകിയിട്ടുണ്ട്. അന്നവിടെ ഉണ്ടായിരുന്ന ഇന്ന് ജീവിച്ചിരിക്കുന്ന ഇന്നും ചില മേസ്തിരി മാരെക്കാളും ഒരുപാടൊരുപാട് വിനയാന്വിതനായിരുന്നു ഹാജിയാർ, ഒരു മുസ്ലിമിനുണ്ടായിരിക്കേണ്ടതായ മുഖ്യ ഗുണം' വിശുദ്ധ ഖുർആന്റെ അതായത് തന്റെ സൃഷ്ടാവിന്റെ നിങ്ങൾ ഭൂമിയിൽ വിനയാന്വിതരായി നടക്കണമെന്ന കൽപന അപ്പടി ജീവിതത്തിൽ പകർത്തിയ മനുഷ്യൻ' മുമ്പ് തന്റെ കീഴിൽ ഏറ്റവും താഴ്ന്ന ജോലി ചെയ്തിരുന്നവനോട് എങ്ങിനെ പിന്നീട് 'അന്നും' പെരുമാറിയിയെന്നതിന് ഈയുളളൻ ജീവിക്കുന്ന സാക്ഷിയാണ് '  

തന്നെക്കൊണ്ടെന്തെങ്കിലും ഉപകാരം ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അതിലേറെ പണം ചെലവ് ചെയ്താണെങ്കിലും ശരി ഒരു പഞ്ചായത്ത് സമ്മേളനം തന്നെ നടത്തി അത് കൊട്ടിഘോഷിക്കാൻ ആളെ ഏർപാടാക്കുന്ന അൽപൻ മാരേറെയുള്ള ഈ കാലത്ത് നമ്മൾ പഠിക്കേണ്ട ഒരു പാഠമാണ് അരീക്കൻ കുട്ട്യാ ലിഹാജി' തന്നെ പോലെ തന്റെ കൂടെ നിൽക്കുന്ന സഹോദരനും ആയി തീരണമെന്ന് ആഗ്രഹിക്കുക മാത്രമല്ല അതിന് വേണ്ടി തന്റെ സമ്പാദ്യം ചെലവഴിക്കുകയും ചെയ്ത മ ഹൽവ്യക്തിത്വം, കുട്ട്യാലി ഹാജി' വലുപ്പചെറുപ്പമില്ലാതെ തന്റെ വീട്ടിൽ വരുന്നവനെ സ്വന്തം കൈകൊണ്ട് ഭക്ഷണപാനീയങ്ങൾ എടുത്ത് കൊടുത്ത് കുടിപ്പിച്ച കുട്ട്യാലിഹാജി' ക്ഷണം സ്വീകരിച്ച് എത് ചെറിയവന്റെ വീട്ടിലും വിനയാന്വിതമായി കടന്ന് ചെന്ന തലക്കനമില്ലാത്ത തലയെടുപ്പുള്ള കുട്ട്യാലി ഹാജി, വിശേഷണങ്ങൾ ഒരു പാട് പറയാനുണ്ട് ' അത് പോലെ ഒരു മനുഷ്യൻ നടക്കുന്നത്, നടന്ന് നീങ്ങുന്നത് ഇന്നീ പ്രദേശത്ത് കാണുന്നില്ല, 

(മരണം വരുന്നത് വരെ താങ്കളുടെ രക്ഷിതാവിനെ ആരാധിക്കുക): വി.ഖുർആൻ

ജീവിതം മുഴുവനും എല്ലാ പ്രവൃത്തിയും ഈ ആരാധനയിലാക്കിയ വ്യക്തിത്വം, കുട്ട്യാലി ഹാജി, ഒറ്റവാക്കിൽ ഇതായിരുന്നു അദ്ദേഹം, അദ്ദേഹത്തെയും നമ്മെയും റബ്ബ് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ'
----------------------
പി.കെ.അലി ഹസൻ, കക്കാടംപുറം.



മർഹും  അരീക്കൻ കുട്ടിയാലി ഹാജിയുമായി  വ്യക്തിപരമായി  ബന്ധപ്പെട്ടിട്ടില്ലെങ്കിലും  ചെറുപ്പം  മുതലേ  കേൾക്കുന്ന ഒരു  പേരാണ്. ഞാൻ  1972-77. കാലത്ത് കുറ്റൂർ  സ്കൂളിലാണ്  പഠിച്ചത്. ഹൈസ്കൂൾ  പഠന കാലത്ത് കക്കാടം പുറത്തുനിന്ന് കുറ്റൂരിലേക്ക് അദ്ദേഹത്തിന്റെ വീടിന്റെ  മുമ്പിലൂടെയുള്ള  യാത്ര  ഇപ്പോഴും  ഓർമയിലുണ്ട് . വീടിന്‌  മുമ്പിൽ വെച്ചും  കുറ്റൂർ  അങ്ങാടിയിൽ വെച്ചും പലപ്പോഴും  കണ്ട  ഓർമ്മയുണ്ട്. ഉപ്പയുടെ  അമ്മാവൻ  എടക്കപ്പറമ്പ് അരീക്കൻ  മമ്മുട്ടി  ഹാജിയുടെ കുടുംബം  എന്ന  നിലയിലും  അറിയുമായിരുന്നു. മത, രാഷ്ട്രീയ   സാമൂഹ്യ  മണ്ഡലങ്ങിലുള്ള അദ്ദേഹത്തിന്റെ  നിറഞ്ഞ  സാന്നിധ്യം അടുത്ത പ്രദേശത്തു കാരൻ എന്ന  നിലക്ക്  കണ്ടറിഞ്ഞിട്ടുണ്ട്.    അദ്ദേഹത്തെയും നമ്മളിൽനിന്നു വിട്ടു പോയവരെയും നമ്മെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. 🤲
------------------------
ഡോ: ടി.കെ മൊയ്തീൻ കുട്ടി.



നഷ്ട്ടമായത് ഒരു നാടിന്റെ കാരണവർ.
*****************
അരീക്കൻ വലിയ കുട്ട്യേലി ഹാജി. അങ്ങിനെയാണ് എന്റെ ഉപ്പ പറഞ്ഞു കേട്ടിരുന്നത്.  പഴയ കാലത്ത് (എന്റെ ചെറുപ്പത്തിൽ) ഹാജിയാരെ കുറിച്ച് ഉപ്പ വലിയ ആവേശത്തിൽ പറഞ്ഞ കഥകളിലൂടെയാണ് ആദ്യം അറിയുന്നത്. പിന്നീട് ഹാജിയാരെ  ഞാനറിഞ്ഞത് പുഞ്ചിരിയോടെ പുതിയ രണ്ടിന്റേ നോട്ട് നീട്ടിത്തന്ന ധർമിഷ്ഠനായ ഹാജിയാരെയാണ്. (27ആം രാവിന്റെ) അന്നൊക്കെ ഒരു അമ്പാസഡർ (ഫിയറ്റ് ആണൊ എന്നും സംശയം) കാറുണ്ട്. പിന്നെ ഒരു പരന്ന കാർ ഉണ്ടായിരുന്നു. 
 സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ചക്ര വണ്ടി ഉരുട്ടി ക്ഷീണിച്ചപ്പോൾ വെള്ളം കുടിക്കാൻ ആ ഓടിട്ട വീട്ടിൽ പോയിട്ടുണ്ട്. അവിടുത്തെ മാവിലേ മാങ്ങ നല്ല രസമായിരുന്നു. അന്നും ഇന്നും ഹാജിയാരെകുറിച്ച് അടുത്തറിഞ്ഞിട്ടില്ല.

അറിഞ്ഞിടത്തോളം ആ വലിയ മനുഷ്യൻ എളിമയും  ഹൃദയ വിശാലതയും ഉള്ള ആളായിട്ടെ തോന്നിയിട്ടുള്ളൂ..  ആരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതെ കണ്ടിട്ടുള്ളു.    ഞാൻ ഓട്ടോ ഡ്രൈവർ ജോലി ചെയ്ത നാളിൽ ആ മുഖം ഇടക്കൊക്കെ കാണാറുണ്ടായിരുന്നു. അന്നൊക്കെ കക്കാടംപുറത്തെ റൺസ് ഹോട്ടലിന്റെ അവിടെ ഇരിക്കാ റുണ്ടായിരുന്നു. 
പല രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും വർത്തമാനങ്ങളിലും നിറഞ്ഞു നിന്നിരുന്ന  ഹാജിയാര് ഒരു കറകളഞ്ഞ മുസ്ലിം ലീഗുകാരനായിരുന്നു. കാരുണ്യവും നന്മയും സ്നേഹവും കാര്യദർശനവുമുള്ള മനസ്സായിരുന്നു ആ കാരണവരുടെ ശരീരഭാഷയിൽ നിന്ന് ഞാൻ വായിച്ചത്. KT പടിയിലേ മസ്ജിദിലേക്ക് റോഡിനു ഓരം ചേർന്ന് നടന്ന് നീങ്ങുന്ന ആരോഗ്യമുള്ള ഹാജിയുടെ മുഖമാണ് ഞാൻ അവസാനമായി നേരിൽ കണ്ടത്.  സംസാരിച്ചിട്ടുണ്ട് എങ്കിലും പറയാൻ തക്ക സംസാരങ്ങൾ ഒന്നും ഞങ്ങൾ നടത്തിയിട്ടില്ല. 

പുറം കാഴ്ചകളിൽ അലങ്കാരമില്ലാത്ത ജീവിതവും ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ ഇടങ്ങളിൽ ഇടപഴകിയ  ബന്ധവും ബന്ധനങ്ങളും സുകൃതങ്ങളും പൂത്തുലഞ്ഞു നിന്നിരുന്ന ഹാജിയാരുടെ വിയോഗം ഏറെ നാടിനെ വേദനിപ്പിച്ചു. 

രാജധിരാജനായ തമ്പുരാൻ  അള്ളാഹു റബ്ബുൽ ഇzzaത്ത്‌  അവരുടെ ജീവിതത്തിൽ വന്നു പോയിട്ടുള്ള മുഴുവൻ ചെറുതും വലുതുമായ ദോഷങ്ങൾ പൊറുത്തു കൊടുക്കട്ടെ..  അവരുടെ ഖബറിനെ കണ്ണെത്താ ദൂരം വിശാലത നൽകി അനുഗ്രഹിക്കട്ടെ.. അവരെയും നമ്മെയും നമ്മിൽ നിന്ന് മണ്മറഞ്ഞുപോയവരെയും നാളെ അവന്റെ ജന്നാത്തുൽ നഈമിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ.. 

ആമീൻ യാ റബ്ബൽ ആലമീൻ..
----------------------------
മുജീബ് കെ. സി. 



😢 ഹാജിയാർക്കാക🤲
*****************
സൗമ്യമായും സ്നേഹത്തോടെയുമുള്ള പെരുമാറ്റം കൊണ്ടും നാട്ടുക്കാരുടെയും കുടുംബക്കാരുടെയും മറ്റു ആളുകളുടെയും മനസ്സിൽ ഇടം നേടിയ പ്രസക്തനും സാമൂഹ്യസ്നേഹിയും കുടുംബകാരണവരുമായ നല്ലെരു വൃക്തിത്വത്തിന്റെ ഉടമയായിരുന്നു കുട്ട്യാലി ഹാജി. ചെറുപ്പത്തിൽ ഉമ്മയുടെ കൂടെ ഉമ്മാന്റെ വീട്ടിലെക്ക് പോകുമ്പോൾ ഹാജി യാരെ കാണുമ്പോൾ ഉമ്മ പറയും ഞങ്ങളുടെ ഹാജിയാർ കാക്കയാണതെന്ന്.

പൊതുസമൂഹത്തിലും രാഷ്ട്രീയ വ്യാവസായിക മേഖലയിലും പല സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങൾ വഹിച്ച ഹാജിയാരുടെ വിയോഗം നമ്മുടെ നാടിന്ന് തന്നെ തീരാ നഷ്ടമായിരിക്കുകയാണ്.  നമ്മോട് വിട പറഞ്ഞ എന്റെ അമ്മവൻ അരീക്കൻ കുഞ്ഞറമ്മുകാക്ക ആദ്യകാലത്ത് വേങ്ങരയിലുള്ള ഹാജിയാരുടെ ഇസ്മത്ത് ഹോട്ടലിൽ നിന്നിരുന്നപ്പോഴുള്ള ഹാജിയാരുടെ  സ്നേഹത്തെ കുറിച്ചും സൗമ്യമായ പെരുമാറ്റത്തെ കുറിച്ചും ഹാജിയുടെ സത്യത്തോടെയുള്ള കച്ചവട കാര്യങ്ങളെ കുറിച്ചും കുഞ്ഞറമ്മു കാക്ക കുന്നുംപുറത്ത് വന്നതിന് ശേഷം പല സമയത്തായി എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്.

ആ പ്രസന്നമായ മുഖം ഇന്ന് നമ്മിൽ നിന്നും മറഞ്ഞു പോയി... 
ഹാജി നാടിനോടും ജനങ്ങളോടുമുള്ള ആത്മാർതയുള്ള സ്നേഹ ബന്ധത്തിന്റെ തെളിവായിരുന്നു. അദ്ദേഹത്തിന്റെ ജനാസ അനുഗമിക്കുന്നതിനും നിസ്കാരത്തിനും സംബന്ധിച്ച ജനസാഗരം..

നാഥാ... അദ്ദേഹത്തിന്റെ പെതു പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഖബർ ജീവിതത്തിലെക്ക് ഒരു കുളിർമ്മയായി നീ ഖിയാമത്ത് നാളുവരെ നിലനിറുത്തേണമേ..

നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ അദ്ദേഹത്തെയും ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും അള്ളാ... നീ ... ഒരുമിച്ചുകൂട്ടെണമേ ....🤲 آمـــــــــــــين يا رب  العــــــالـمــــــــــــين🤲🤲
-----------------------
മുജീബ് ടി.കെ, കുന്നുംപ്പുറം



🌳 കുട്ട്യാലി ഹാജിയെ കുറിച്ച് ഓർകുമ്പോൾ🌳
*************
മദ്രസ പഠനകാലത്ത് കേൾക്കുന്ന ഒരു നാമമാണ് അരീക്കൻ കുട്ട്യാലി ഹാജി എന്ന പേര് എളിയ ജീവിതം നയിച്ച് എല്ലാ ആളുകൾക്കും മാതൃകയായ ഒരു മഹത് വ്യക്തിത്വത്തിന് ഉടമയാണ് കുട്ട്യാലി ഹാജി. തൻറെ ജീവിതംകൊണ്ട് സമൂഹത്തിലെ എല്ലാ ആളുകൾക്കും ഗുണം കിട്ടണം എന്ന് വ്യക്തമായ തിരിച്ചറിവ് ഹാജിയാരുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ആണ് അദ്ദേഹം പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

നാടിൻറെ വികസനത്തിനും അടിസ്ഥാന പുരോഗതിക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ കുറ്റൂർക്കാർ എകാലത്തും ഓർകും എന്നതിൽ സംശയമില്ല. ഒരു നല്ല ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹവുമായിട്ടുള്ള ഇടപെടലിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയും. തിരൂരങ്ങാടി പി സ് എം ഒ കോളേജിൽ
ഡിഗ്രി അഡ്മിഷനുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സമീപിക്കേണ്ടി വന്ന സാഹചര്യം ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. റെക്കമെന്റേഷൻ സമയവും കഴിഞ്ഞതിനാൽ തന്നെ അഡ്മിഷനുമായി ബന്ധപ്പെട്ട ഒരു പാട്  ഉപദേശ നിർദ്ദേശങ്ങൾ നൽകിയാണ് ആ തിരുമുറ്റത്ത് നിന്നും യാത്രയാക്കിയത്. ആ സമയത്തെ സംസാരത്തിലൂടെ ഒരു നാട്ടിലെ ഒരു കാരണവർക്ക് എന്തെല്ലാം ഗുണങ്ങൾ വേണം എന്ന് വായിച്ച് എടുക്കാമായിരുന്നു. അന്നം തേടി ഗൾഫിൽ കാൽ കുത്തേണ്ട സാഹചര്യം വന്നപ്പോൾ ആളുകൾ പരിചയപ്പെടുമ്പോൾ വേങ്ങര ഇസ്മത്തിലെ കുട്ട്യാലി ഹാജിയെ അറിയുമോ എന്ന് പല ആളുകളിൽ നിന്നും കേൾക്കാൻ ഇട വന്നിട്ടുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത് നാട്ടിലെ നല്ല ഒരു പൗരപ്രമുഖനെയും പാവങ്ങളുടെയും വേദനിക്കുന്നവരുടെയും അത്താണിയും ആണ്.
നാഥൻ അദ്ദേഹത്തിന്റെ പാപങ്ങൾ എല്ലാം പൊറുത്ത് കൊടുത്ത് സുഖലോക സ്വർഗ്ഗത്തിൽ എല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ,.........................
അതോടൊപ്പം ഇന്ന് നമ്മോട് വിട പറഞ്ഞ നമ്മുടെ സുഹൃത്ത് ബാവയുടെയും ദോശങ്ങളളെല്ലാം റബ്ബ് പൊറുത്ത് കൊടുത്ത് നമ്മെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ............
ആമീൻ
------------------------
✒അഹമ്മദ് കുറ്റൂർ✒



സൗമ്യ സാമീപ്യം
**************
80 കളുടെ മദ്ധ്യത്തിൽ....
ഹാജിയുടെ വീട്ടിൽ നടന്ന ഒരു കല്യാണത്തിന്റെ ക്ഷണത്തിന് വീട്ടിൽ വന്നത് മുതലാണ് അദ്ധേഹത്തെ പറ്റിയുള്ള ആദ്ധ്യത്തെ ഓർമ്മ. വലിയ കല്യാണങ്ങൾ അക്കാലത്ത് വളരെ വിരളമായത് കൊണ്ട്  അന്ന് നടന്ന കല്യാണം കുട്ടികൾകൊക്കെ വലിയ കൗതുക കാഴ്ചയായിരുന്നു .

പിന്നീട് ചേറൂർ സ്കൂളിലേക്ക്  വേണ്ടി പുതിയ വണ്ടി വാങ്ങാൻ മറ്റ് കമ്മറ്റി ഭാരവാഹികളോടൊത്ത് വന്നത് ഓർക്കുന്നു. അന്ന് മറ്റ് അഞ്ചാറാളുകൾക്കിടയിൽ നിന്നുള്ള വ്യത്യസ്തമായ ആ സൗമ്യമായ ഇടപെടൽ എന്നെ വളരെ ആകർഷിച്ചിരുന്നു. പിന്നീട് പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.

രാഷ്ട്രീയത്തിലും മതസംഘടനാ പ്രവർത്തനങ്ങളിലും സ്ഥാനമാനങ്ങളും അധികാരവും മോഹിക്കാതെ നിസ്വാർത്ഥമായി പ്രവർത്തിച്ച അദ്ധേഹത്തിന്റെ ശൈലി ഒരു റാലിയിൽ പങ്കെടുത്താൽ തന്നെ വിവിധ തരത്തിലുള്ള അഞ്ചാറ് തരം ഫോട്ടോ വിവിധയിടങ്ങളിൽ പ്രദർശിപ്പിക്കുന്ന നമ്മളെ പോലെയുള്ളവർക്ക് ഒരു പാട് പാoമാണ്.

ഈ കാലത്ത് പഴയ തലമുറയെയും പുതിയ തലമുറെയെയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണികളിൽ പെട്ടതും ജനമനസ്സുകളിൽ സ്വീകാര്യതയുമുള്ള കുട്യാലി ഹാജിയേയും അബ്ദു മുസ്ലിയാരെയും പോലുള്ളവരുടെ വിയോഗം ഇനി വളർന്ന് വരുന്ന പുതു തലമുറയെ നിയന്ത്രിക്കപെടേണ്ട എന്റെ പ്രായത്തിലുള്ളവർക്ക് വലിയ പേടി തോന്നുന്ന ഒന്നാണ് . 

അദ്ധേഹത്തിന്റെ പരലോക ജീവിതം സന്തോഷപ്രധമാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്.. 
---------------
PK നിസാർ



അരീക്കൻ കുട്ട്യാലി ഹാജി 
ഒരു നാടിന്റെ നന്മ നിറഞ്ഞ കാരണവർ:
****************
മരിക്കുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് കൂട്ട്യാലി ഹാജിയെ കാണാൻ ഞാനും അയൽവാസി നൗഫലും കൂടി പോയിരുന്നു. പുഞ്ചിരിയോടെയുള്ള ആ കുശലാന്യോഷണവും മറ്റും ചെന്നവരുടെ മനസ്സ് നിറക്കുന്നതോടൊപ്പം ചായ കുടിച്ചിട്ടേ തിരിച്ച്പോരാൻ അനുവദിച്ചുള്ളൂ. 

പഴയ കാലത്ത് ആരുടെ കയ്യിലും ബുള്ളറ്റും ജാവയും ഇല്ലാത്ത കാലത്ത്‌ ജാവയും ബുള്ളറ്റ് ഒക്കെ ഓടിക്കാറുണ്ടായിരുന്നു എന്ന് ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ ഓർമയിൽ ഫിയറ്റ് കാറുമായി എല്ലാവരോടും ചിരിച്ച് കുശലം പറഞ്ഞ് അവരെയൊക്കെ വണ്ടിയിൽ കയറ്റി ഊക്കത്തക്കോ കുറൂരിലേക്കോ പോകുന്ന ഹാജിയാരെയാണ്. സ്കൂളിൽ പോകുന്ന കാലത്ത് ഞങ്ങൾ കുട്ടികളുമായിട്ട് പോലും കുശലാന്വേഷണം നടത്തനും തമാശ പറയാനും യാതൊരു മടിയും ഇല്ലായിരുന്നു. 

നമ്മുടെ ഊക്കത്ത് മഹല്ലിന്റെ നെടും തൂണുകളിലൊന്നായിരുന്നു അദ്ദേഹം. സ്നേഹവും പുഞ്ചിരിയും പ്രകടിപ്പിക്കാൻ ഒരു പിശുക്കും അദ്ദേഹം കാണിക്കാറില്ലായിരുന്നു അത് പിഞ്ചു കുട്ടികളോടാണെങ്കിലും വലിയരോടാണെങ്കിലും. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വലിയ മഹത്വങ്ങളിലൊന്നും.

അല്ലാഹു അവരുടെ ഖബറിനെ വിശാലമാക്കുമാറാകട്ടെ ആമീൻ.
--------------------
നൗഷാദ് പള്ളിയാളി



സൗമ്യത തണലായി പ്രതിഫലിചൊരു പൂമരം
************
ഇടപെടലിന്റെ പുതിയ തലം തുറന്ന്‌ സുഹൃത് ബന്ധങ്ങൾക്കിടയിലും, സാമൂഹിക മണ്ഡലങ്ങളിലും സ്വഭാവ നൈപുണ്യം കൊണ്ട് വ്യെത്യസ്തമായൊരു കാലഘട്ടത്തിന് തിരശീല കുറിക്കുകയാണ് കുട്ട്യാലി ഹാജി എന്ന മഹാ മനീഷിയുടെ വേർപാടിലൂടെ.......  പ്രതീക്ഷിച്ചതിലുമപ്പുറം സ്നേഹത്തിന്റെയും സൗമ്യതയുടെയും പരിപൂർണ്ണത അനുഭവിക്കാൻ ഈ മഹത് വ്യെക്തിത്വത്തെ അടുത്തറിയും വരെ കാത്തിരുന്നത് പലപ്പോഴും വൈകിപ്പോയതായി തോന്നാറുണ്ടായിരുന്നു. ഭൗതിക സമൃദ്ധികൾ എല്ലാം തികഞ്ഞിട്ടും നിഷ്കളങ്ക പുഞ്ചിരിയിൽ ഏവർക്കും സംതൃപ്തി മാത്രം സമ്മാനിച്ച് സ്നേഹത്തിന്റെ വഴി വെട്ടിതുറന്നൊരു വഴികാട്ടി ആയിരുന്നു AKH എന്ന ഹാജിയാർ.... 

കാണുമ്പോഴെല്ലാം പ്രായഭേദമന്യേ കുശലാന്വേഷണവും, സൗഹൃദം പങ്ക് വെക്കുന്നതിലെ താല്പര്യവും അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മത, ഭൗതിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം തന്നാൽ കഴിയും വിധം ഇടപെട്ട് ജീവിതം പ്രകാശപൂരിതമാക്കിയ ഹാജിയാർ. ഈ പൂമരം തണലേകിയിരുന്നത് വലിയൊരു സമൂഹത്തിനായിരുന്നു, നാട്ടിലെ അശരണർക്കൊരു രക്ഷിതാവും വഴികാട്ടിയുമായിരുന്നു, നാട്ടിലെ പല അനാഥർക്കുമൊരു നാഥനായിരുന്നു... ജീവിത യാത്രയിൽ പലർക്കും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ സാഹചര്യങ്ങളും വഴികളുമൊരുക്കിയ ഒരു സാമ്പത്തിക വിദഗ്ദ്ധനെയാണ് നമുക്ക് നഷ്ടമായത്! ദീർഘ വീക്ഷണമുള്ളൊരു വിദ്യാഭ്യാസ വിപ്ലവ നായകനായിരുന്നു, വിദ്യാഭ്യാസ മേഖലകളിൽ തന്റേതായ സംഭാവനകളിലൂടെ വിപ്ലവം സൃഷ്ടിച്ചൊരു മഹത് വ്യെക്തിത്വത്തെയാണ് നമുക്ക് നഷ്ടമായത് !

ഇനിയില്ല......  ഹാജിയാരുടെ വീട്ടു മുറ്റത്തെ കാത്തിരിപ്പും, അത്താണി തേടി എത്തുന്നവരുടെ ഒഴുക്കും അതിലെല്ലാമുപരി സൗമ്യത തണലായി പ്രതിഫലിച്ച AKH ഭവനത്തിലെ ആ പൂമരം ഇനിയില്ല.
--------------------




കുട്ടിക്കാലത്ത് തന്നെ കണ്ട് പരിചയമുള്ള മുഖമാണ് ഹാജിയാരുടേത് ഊകത്ത് പള്ളിയിലേക്ക്  ഒരു ഫിയറ്റ് കാറിൽ വരുന്നത് ആ കാലത്ത് ഹാജിയാർ മാത്രമേ ഉള്ളൂ. ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരോടും ചിരിച്ച് സ്നേഹം പങ്കു വെക്കുന്നത് ഹാജിയാരുടെ ശൈലിയാണ്. ഹാജിയാരുടെ വീടിന്റെ ഗെയിറ്റ് അടക്കലില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആദ്യകാലത്ത് വേങ്ങരയിൽ ഹാജിയാർക്ക് ഹോട്ടൽ ഉണ്ടായിരുന്നു എന്ന് അറിയുന്നു   അവിടെ പലർക്കും ചായ സൗജന്യമായിരുന്നു   എന്നും അനുഭവസ്ഥർ പറഞ്ഞത് കേട്ടിട്ടുണ്ട്. ദീനി രംഗത്ത്  എന്നും മുന്നിൽ നിന്ന ഹാജിയാർ തികഞ്ഞ ആദർശ ബോധവും ആരാധന മുറകളിൽ  കണിശതയും ഉണ്ടായിരുന്നു. 

അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിൽ    ആകുമാറാകട്ടെ    ആമീൻ
--------------------
മുജീബ് പി. കെ.



മർഹും അരീക്കൻ കുട്ട്യാലി ഹാജിയുടെ hotel ഇസ്മതിൽ ആയിരുന്നു എന്റെ സഹോദരൻ  ആദ്യം ജോലി ചെയ്തിരുന്നത്. ആയ കാലത്ത് എന്റെ ചെറുപ്പത്തിൽ ഉമ്മയുടെ കൂടെ പല പ്രാവശ്യം a.k.HL പോയിരുന്നു. ഹാജിയുടെയും ഭാര്യയുടെയും സ്നേഹ ദയാ വായ്‌പുകൾ അക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. ഏതൊരു ലാഭേച്ചയും കൂടാതെ ആയിരുന്നു അവർ മറ്റുള്ളവർക്ക് ഭക്ഷണവും ഉപകാരങ്ങളും നൽകിയിരുന്നത്. 
പിൽകാലത്ത് കാണുമ്പോഴും അവർക്ക് ആ സ്നേഹവും കാരുണ്യവും ഉണ്ടായിരുന്നു. കുട്ട്യാലി ഹാജിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സൽകർമ്മങങൾ അല്ലാഹു സ്വീകരിക്കട്ടെ. നഷ്ടപ്പെടാത്ത  പ്രതിഫലം അവർക്ക് ലഭിക്കട്ടെ!
അവരിൽ നിന്നും സംഭവിച്ച തെട്ടുകളുണ്ടെങ്കിൽ അല്ലാഹു മാപ്പ് നൽകട്ടെ!
ജന്നാതിൽ ഫിർദൗസിൽ അവരെയും നമ്മെയും ഒരുമിച്ച് കൂട്ടറ്റെ. ആമീൻ.
---------------------------
മൊയ്‌ദീൻ കുട്ടി പൂവഞ്ചേരി



ജീവിതം സുക്രതമാക്കിയ കാരണവർ 🌹
************
മർഹൂം  അരീക്കൻ  കുട്ടി ആലി ഹാജി , എഴുതി തീർക്കാൻ കഴിയാത്തത്ര അനുഭവങ്ങളാണ്  എനിക്കദ്ധേഹത്തിൽ നിന്നുള്ളത്  എന്റ പിതാവ് കച്ചവടമുള്ള കാലത്ത് ആത്മാർത്ഥമായി ഒരുപാട് സഹായങ്ങൾ നൽകിയിട്ടുണ്ട് അദ്ദേഹം , ഇപ്പോഴത്തെ ഞങ്ങളുടെ ഭാഗത്തേക്കുള്ള റോട് സൗകര്യം തികച്ചും ഹാജിയാരുടെ സൻമസ്സിന്റെ ഫലമാണ്  എല്ലാവരോടും  സ്നേഹത്തോടെ സഹവസിച്ചിരുന്ന ആ കാരണവരുടെ വിയോഗം നമ്മുടെ നാടിന് വലിയ നഷ്ടമാണ്  ഈ അടുത്ത ദിവസങ്ങളിൽ നമുക്ക് നഷ്ടപ്പെട്ടത് ഒരു കാലഘട്ടത്തിന്റെ നെടുംതൂണുകളാണ്  ഈ നഷ്ടങ്ങൾക്കൊക്കെ പകരം വെക്കാൻ നമ്മുടെ നാടിനാവുമോ?  പടച്ച തംബുരാൻ നമ്മളേയും നമ്മിൽ നിന്ന് പിരിഞ്ഞു പോയ നമ്മുടെ മാതാപിതാക്കൾ നാട്ടു കാരണവർ എല്ലാവർക്കും പൊറുത്ത് കൊടുത്ത് സ്വർഗത്തിൽ ഇടം നൽകട്ടെ اَمين 
-------------------
അബ്ദുല്ല കാമ്പ്രൻ



കുട്ട്യാലി ഹാജിയുടെ വേർപാട് വളരെ വിഷമത്തോടെയാണ് കേൾക്കാൻ സാധിച്ചത് എന്റെ മനസ്സിൽ അദ്ധേഹം എന്നും കറകളഞ്ഞ എല്ലാ ഗുണവുമുള്ള ഒരു നേതാവായിരുന്നു  നമ്മുടെ നാട്ടിലുള്ള അധികപേർക്കും  അത് പോലെ സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അദ്ധേഹത്തിന്റെ സഹകരണം വേണ്ടുവോളം ഉണ്ടായിട്ടുണ്ട്.  വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ വീട്ടിലേക്കോ അത് പോലെ മറ്റു വല്ല സ്ഥലത്തേക്കോ പോകുന്നത് കാണുമ്പോൾ കാറ് നിറുത്തി  അദ്ധേഹം പോകുന്ന വഴിക്കാണങ്കിൽ കേറാൻ നിർബന്ധിക്കുകയും എത്തേണ്ട സ്ഥലത്ത് നിർത്തി തരുമായിരുന്നു. അറിയുന്ന ആരെ കണ്ടാലും അത് പോലെ കയറ്റി കൊണ്ട് പോവുന്നത് ധാരാളം ഞാൻ കണ്ടിട്ടുണ്ട്.  വളരെ സൗമ്യ സംസാരത്തിലൂടെ ഇളം പുഞ്ചിരിയിൽ മാത്രമെ സംസാരിക്കുന്നത് കണ്ടിട്ടൊള്ളൂ. അദ്ധേഹം കൺമുന്നിൽ നിന്ന് മറഞ്ഞ് പോയിട്ടുണ്ടെങ്കിലും എന്നും മനസ്സിൽ അദ്ധേഹത്തിന്റെ ഓർമ്മ മായാതെ കിടക്കും അദ്ധേഹത്തേയും ഞമ്മളിൽ നിന്നും മരിച്ച് പോയവരെയും ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് ഒരുമിച്ച് കൂട്ടുമാറാവട്ടെ

🤲🤲🤲🤲🤲🤲🤲🤲🤲
------------------------
മജീദ് കാമ്പ്രൻ



സൗമ്യമായ മനസ്സിൻറെ ഉടമയായ കുട്ടി ആലിഹാജി.. വർണ്ണിച്ചാൽ തീരാത്ത അത്രത്തോളം നന്മയുള്ള വ്യക്തി. എൻറെ അനുഭവത്തിൽ. ഞാൻ ആദ്യമായി ഗൾഫിൽ പോയപ്പോൾ. ബാബു ശരീഫിലൂടെ. ഞാൻ നടന്നു പോകുമ്പോൾ. ഞാൻ ഹാജിയെ എൻറെ എതിർ ദിശയിൽലുടെവാഹനഠ. ഓടിച്ചു പോകുന്നത് കണ്ടു. അവിടെ നിന്ന് ആദ്യമായി കാണുകയാണ്. ഞാൻ എന്നെ അറിയില്ല എന്ന് കരുതി അത്ര ശ്രദ്ധിച്ചില്ല. പിന്നെ വാഹനം തിരിച്ച് എൻറെ സൈഡിലൂടെ വന്നു ചോദിച്ചു. നീ എവിടെയാണ്  ജോലി ചെയ്യുന്നത് എന്ന്. ഞാൻ അതിനുള്ള മറുപടിയും പറഞ്ഞു.  എൻറെ പേര് അറിയില്ലായിരുന്നു.. പേരും ചോദിച്ചു എല്ലാ വിവരവും അന്വേഷിച്ചാണ് പോയത്. ഞാൻ എന്നെ അറിയില്ല എന്ന് കരുതി ഇരിക്കുകയായിരുന്നു. കണ്ട പരിചയം ഉള്ളതുകൊണ്ട്. ആ വലിയ മനുഷ്യൻ വിവരങ്ങൾ ചോദിച്ചപ്പോൾ മനസ്സിന് വന്നകുളിര് എത്രത്തോളം എന്ന് എനിക്ക് തന്നെ അറിയില്ല.  വല്ലതും ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് നിർത്തിയത്. അവസാനം പോകുമ്പോൾ എൻറെ കയ്യിൽ ഫോൺ നമ്പറും തന്നു ആണ്. പോയത് എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞു പിരിഞ്ഞത്. അതുപോലെ എത്രയോ അനുഭവങ്ങൾ. അള്ളാഹു അദ്ദേഹത്തിൻറയുഠ. നമ്മളെയും യും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
-------------------
അസീസ് ആലുങ്ങൽ 





No comments:

Post a Comment