ഇരുപത്തൊൻപതാം വയസ്സിൽ എന്നെ അയാൾ മൊഴിചൊല്ലി...
കുടുംബക്കാരെല്ലാരും കാര്യങ്ങളുടെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു..എളാപ്പ കൊണ്ട് വന്ന ബന്ധമായത് കൊണ്ട് മൂപ്പരായിരുന്നു മുൻപിൽ..
ഉപ്പയൊന്നും മിണ്ടുന്നില്ല..ഉമ്മ അകത്തേ മുറികളിലെ സ്ത്രീ ശബ്ദങ്ങൾക്ക് മറുപടി കൊടുത്ത് കുഴങ്ങിക്കാണും..
കുഞ്ഞുങ്ങളുണ്ടാകില്ലാന്ന് മനസ്സിലാക്കിയത് തൊട്ടാ എല്ലാത്തിനും തുടക്കം കുറിച്ചത് ,
ഞാനുമായ് അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റില്ലാ എന്നായിരുന്നു കാരണം പറഞ്ഞത് അയാൾ..
ചിലപ്പോ എന്റേതാകം കുറ്റം..എന്തായാലും വളരെ പെട്ടന്നായത് കൊണ്ട് മനസ്സിനൽപം വിഷമം..
വേണ്ടായിരുന്നു എന്നൊരു തോന്നൽ..
സ്നേഹിക്കാമായിരുന്നു..ക്ഷെമിക്കാമായിരുന്നു എന്നൊക്കെ ഒരു തോന്നൽ..
അന്നോർമ്മയുണ്ട് ഉപ്പ അയാളുടെ ഫോട്ടൊ ആദ്യമായ് എനിക്ക് തന്നപ്പോൾ പറഞ്ഞത്..
"മോളേ ആൾക്ക് നല്ല ജോലിയൊക്കെയാ,നമ്മുടെ കഷ്ടപ്പാടൊക്കെ അറിയുന്നകൂട്ടരാ,മോളു ശെരിക്കൊന്ന് ആലോചിക്ക്.."
നല്ല കട്ടി മീശയുള്ള പൊക്കമുള്ള ഒരാൾ..
ഒറ്റ നോട്ടത്തിൽ നമുക്കാരേയും മനസ്സിലാകില്ലല്ലോ..
"നിന്നെ ഞാനൊരിക്കലും ഇട്ടേച്ച് പോകില്ലെടീ"
എന്നയാളെന്റെ കൈകൾ പിടിച്ച് പറഞ്ഞപ്പോൾ ഞാനൊരുപാട് കരഞ്ഞു..
അടുത്തറിഞ്ഞ് കൂടെ ജീവിച്ച് കൊണ്ടിരിക്കുമ്പോഴല്ലേ മനസ്സിലാകൂ ..ആർക്കാണു തെറ്റിയതെന്നറിയില്ല..
കുടുംബത്തിലെ ബന്ധങ്ങളിലെ കല്യാണത്തിനു പോയപ്പാഴായിരുന്നു ഞാനാ വിഷമം അടുത്തറിഞ്ഞത്..
ആരോടും പറയാതെ നെഞ്ചിൽ നീറുകയായിരുന്നു..
ആളുകളുടെ നോട്ടവും അർത്ഥം വെച്ചുള്ള വാക്കുകളും എന്നെ നന്നേ വേദനിപ്പിക്കുന്നു..പുരുഷന്മാർക്ക് അത്രയ്ക്കങ്ങ് ജീവിതത്തെ ബാധിക്കാൻ വഴിയില്ലാന്ന് തോന്നുന്നു..
ഞാനല്ലെങ്കിൽ മറ്റൊരുത്തി..പക്ഷെ ഞങ്ങൾ പെണ്ണുങ്ങൾക്ക് അങ്ങനെയല്ലല്ലോ..
ചിലരെന്നെ കാമ കണ്ണോടെ നോക്കുന്നു..
"ഓൾക്ക് എന്തോ കൊഴപ്പണ്ട് അതാ മാപ്പിള ഇട്ടേച്ചും പോയത്.."
പിറു പിറുത്ത് കൊണ്ട് എന്റെ ഖൽബ് കീറി മുറിച്ചു എല്ലാവരും .
മൊഴി ചൊല്ലിയവളെങ്കിലും ഞാനുമൊരു സ്ത്രീയാണെന്നും ഉമ്മയാകാൻ കൊതിക്കുന്നവളാണെന്നും അവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും എന്നെനിക്കറിഞ്ഞൂട .
കൂട്ടുകാരികളെ എവിടെയെങ്കിലും വെച്ച് കാണുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഞാൻ തോറ്റു പോവുകയാണു..അവരുടെ പ്രിയതമനുമായ് ഒട്ടിയിരുന്ന് ആ ബൈക്കിൽ പോകുന്നത് കാണുമ്പോൾ നെഞ്ചകം കൊതിക്കുകയാണു...
നമ്മുടെ കഷ്ടപ്പാടുകൾ അറിയുന്ന കൂട്ടരാണെന്ന് പറഞ്ഞിട്ടും ഉപ്പാന്റെ കയ്യിൽ നിന്നും അവർ സ്വർണ്ണം വാങ്ങിയിരുന്നു..
ഇക്ക നിങ്ങളെ വിഷ്വസിച്ച് കൈപിടിച്ച് ഇറങ്ങിയ എനിക്ക് എന്തായിരുന്നു നിങ്ങൾ നൽകിയത്..
എന്നിൽ നിന്നാണു മോശം വന്നതെങ്കിൽ ഞാൻ തയാറാകുമായിരുന്നല്ലോ എല്ലം തിരുത്താൻ..
ഇട്ടേച്ച് പൊയ്ക്കോളൂ എന്നെ എന്നു ഞാൻ എത്ര തവണ പറഞ്ഞതായിരുന്നു,
അപ്പഴെല്ലാം നിഗൾ പറഞ്ഞ് എന്റെ കാതിലിപ്പഴും മുഴങ്ങുന്നുണ്ട്:
"നമുക്ക് മാത്രമായ് ഒരു ലോകം പണിയണമെടീ ഈ ദുനിയാവിലെന്ന്.."
ഒരിക്കലും ഉമ്മയാകില്ലാ എന്നു ഡോക്റ്റർ പറഞ്ഞത് തൊട്ട് എനിക്കറിയാം ഇക്ക എന്നെ ഒരുപാട് സ്വാന്തനിപ്പിച്ചിരുന്നു പക്ഷെ എന്നു മുതലാ അതെല്ലാം മാറിതുടങ്ങിയതെന്ന് എനിക്കറിഞ്ഞൂട..
എല്ലാവരും കുത്തു വാക്കുകൾ പറയുമ്പോഴും നിങ്ങളായിരുന്നു എനിക്കുള്ള ആകെയുള്ള കരങ്ങൾ.
ഇക്ക പാവമാ,
കുടുംബക്കാരുടെ നിർബന്ധത്തിലാ നിങ്ങളെന്നെ ഒഴിവാക്കുന്നതെന്നെനിക്കറിയാം,
ഞാൻ പാഴ് ജന്മമാ ഇക്ക നിങ്ങൾ രക്ഷപ്പെട്ടോളൂ ...
മുല്ലപ്പൂ വിതറിയ മണിയറയിലെ പുതപ്പുകൾക്ക് ആ മണം മാറിയിട്ടില്ല..
ആരോ പിന്നീട് പറഞ്ഞതറിഞ്ഞു അയാൾക്ക് വേറേ വിവാഹം നേരെയായി എന്ന്..
പെണ്ണായ ഞാൻ ഒരു കാഴ്ച വസ്തുവായി ഈ വീടിന്റെ അകത്തളത്ത് ഇനി എത്ര നാൾ കഴിയണം എന്നെനിക്കറിയില്ല,
ശബ്ദമുയർത്തി എനിക്കൊന്നും പറയാനേ തോന്നുന്നില്ല,ആരോടേയും മുഖത്തേക്ക് നോക്കാനേ കഴിയുന്നില്ല..
ഉമ്മാക്കും ഉപ്പാക്കും ഞാനൊരു ഭാരമാകുമോയെന്നെനിക്ക് ഭയമാണിപ്പോൾ..
കുറവുകളുള്ള ഒരാളെ കൊണ്ട് മാത്രമേ എന്നെയിനി കെട്ടിക്കാൻ പറ്റൂ എന്ന എളാപ്പയുടെ വാക്കുകൾ എന്റെ സ്വപ്നങ്ങൾക്ക് തിരശീല വീണപോലെയയി മാറി..
ത്വലാക്ക് ചൊല്ലി പിരിയുമ്പോൾ ദൈവത്തിന്റെ സന്നിദി വിറയ്ക്കുമെന്ന് നബി തങ്ങൾ പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട്...മാപ്പ്.
മൈലാഞ്ചി ചോപ്പിന്റെ മൊഞ്ച് മാറും മുമ്പേ,
കിനാക്കളുടെ ലോകത്തേക്ക് നമ്മൾ പറക്കും മുൻപേ എന്തിനായിരുന്നു ഈ മൊഴി..
എന്നെ തേടി വന്ന് സ്വീകരിച്ച് നിങ്ങളിൽ ഞാൻ ഒരുപാട് വിഷ്വാസം അർപ്പിച്ചിരുന്നു..
ആൾകൂട്ടത്തിലെ സ്ത്രീകളുടെ കുഷുമ്പുകളൂടെ മുൻപിൽ എന്റെ ഇരു ചെവികളും വേദനിച്ചു കൊണ്ടിരിക്കുന്നു..
അന്നു കല്യാണ പന്തലിൽ നിന്ന് എന്റെ പുരുഷന്റെ വീട്ടിലേക്ക് ഇറങ്ങും നേരം ഉപ്പ കരഞ്ഞിരുന്നു,ഉമ്മ എന്നെ തുരുതുരെ ഉമ്മ വെച്ചിരുന്നു..
എല്ലാത്തിനും സാക്ഷിയായി ഒരുപറ്റം ആളുകൾ എനിക്ക് ചുറ്റും കണ്ണുകൾ തുറന്നിരിക്കുന്നുണ്ടായിരുന്നു..
ബന്ധുക്കൾ സുഹുർത്തുക്കൾ
അയല്വാസികൾ അങ്ങനെയങ്ങനെ...
"ഇവിടെ ആണിനെ കിട്ടാൻ ക്ഷാമമില്ലത്തതാണോ "
എന്ന് അയല്വാസി പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു പോയി:
"ഒന്നും വേണ്ടിയിരുന്നില്ല..വിവാഹമെന്ന ഉടമ്പടിയിൽ ഇണകളേക്കാൾ ബന്ധുക്കൾക്കാകാം സ്ഥാനം അതുകൊണ്ടായിരിക്കാം എന്നെ മൊഴി ചൊല്ലിയ പുരുഷന്റെ പൗരുഷം അവിടെ കാണാതെ പോയത്..
നാഥനെന്നെ പരീക്ഷണങ്ങളുടെ ദിനത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു..
റബ്ബിനോടെനിക്ക് ആദ്യം പിണക്കം തോന്നി കുഞ്ഞുങ്ങൾ ഉണ്ടാകില്ലാ എന്നറിഞ്ഞപ്പോൾ,
പിന്നെ മൊഴി ചൊല്ലാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ദേഷ്യവുമായ്...
പക്ഷെ ഉമ്മ പറഞ്ഞു:
"എല്ലാം നല്ലതിനാകും മോളെ ന്റെ മോൾ ഉടയ തമ്പുരാന്റെ അനുഗ്രഹത്തിൽ സംശയം വെച്ചേക്കരുത് "
എന്ന്..
അതിനു ശേഷം ഞാൻ എപ്പോഴും ദിക്രിൽ മുഴുകാൻ തുടങ്ങി..
പിന്നെയായിരുന്നു ഒരിക്കലും ഒരിക്കലും സ്വപ്നം കാണാൻ പോലും പറ്റാത ഒരു ജീവിതത്തിലേക്കെന്നീ നാഥൻ കൊണ്ടെത്തിച്ചത്..
ഇത് റബ്ബിനോടുള്ള അടങ്ങാത്ത മൊഹബത്തിന്റെ വരികളാ..
ഒരൊറ്റ പുലർച്ച കൊണ്ടെന്റെ ജീവിതമാകെ മാറ്റി മറിച്ച നാഥനോട് എത്ര ശുക്ര് നൽകിയാലാ മതിയാകാ എന്നെനിക്കറിയില്ല..
എളാപ്പ തന്നെ കൊണ്ടു വന്ന മറ്റൊരു ആലോചനയിൽ സ്വപ്നത്തിന്റെ വാതിലികൾ തുറന്നു..
മറ്റൊരു വിവാഹത്തിനായുള്ള കൊതി കൊണ്ടല്ല അദ്ധേഹം എന്നെ ഇഷ്ടമായെന്ന് പറഞ്ഞത്,
എന്താന്നറിയാമോ,
ഞാനത് എങ്ങനെ നിങ്ങളോട് പറഞ്ഞറിയിക്കും എന്നെനിക്കറിഞ്ഞൂട സത്യത്തിൽ,
ആറു വയസ്സുള്ള മോളേയും നാലു വയസ്സുള്ള മകനേയും അയാളേയും തനിച്ചാക്കി അവരുടെ ഭാര്യ മരണത്തിൽ കീഴടിങ്ങപ്പോ മുൻപിൽ മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്...
മക്കളുണ്ടാകത്ത എന്റെ ജീവിതത്തിലേക്ക് നാഥനിതാ രണ്ടു പൊന്നു മക്കളെ കൊണ്ടെന്നെത്തിച്ചു തന്നിരിക്കുന്നു..
അള്ളാന്റെ തീരുമാനങ്ങൾ അൽഭുതമാണെന്നെന്റെ വല്ലിമ്മ പറഞ്ഞത് ഞാനിന്നോർക്കുന്നു..
അവരെ വിവാഹം ചെയ്തു കഴിഞ്ഞ ശേഷം ആദ്യ നാളുകളിൽ മക്കളെന്റെ അടുത്തേക്ക് വരുന്നേ ഉണ്ടായിരുന്നില്ല,
ഇളയ മകൻ ഞാൻ നൽകിയ പാനീയങ്ങളുമൊക്കെ എന്റെ നേർക്കായ് വലിച്ചെറിഞ്ഞിരുന്നു...
പക്ഷെ നാഥനിൽ അർപ്പിച്ച എന്റെ മനസ്സിൽ അതൊന്നും സങ്കടം തന്നിട്ടുമില്ല ..
സ്വന്തം മക്കളെ പോലെ ഞാൻ നോക്കി..
അദ്ധേഹം ഒരുപാട് സ്നേഹമുള്ളൊരാളായെനിക്ക് തോന്നി..
ഒരു പുഞ്ചിരി പോലും നൽകാതിരുന്ന ആ മക്കൾക്കൊരിക്കൽ അസുഖം വന്നണഞ്ഞപ്പോളായിരുന്നു അവരെന്നെ സ്നേഹിച്ച് തുടങ്ങിയത്..
രണ്ടു പേർക്കും കടുത്ത പനി വന്നപ്പോൾ അദ്ധേഹം പേടിച്ചു,
പക്ഷെ ഞാനവരുടെ കൂടെ ഊണിലും ഉറക്കിലും മല മൂത്ര വിസർജ്ജ്യങ്ങൾക്കും കൂടെ നിന്നു കൊടുത്തു പരിചരിച്ചു..
രണ്ടു പേരും കിടക്കയിൽ പാതി ഉറക്കത്തിലായപ്പോ ഒന്നെണീറ്റു അൽപം ദാഹ ജലം കുടിക്കാമെന്നു കരുതി നീങ്ങാൻ നിന്നപ്പോൾ പിറകിൽ നിന്നൊരു വിളി:
"ഉമ്മ.."
തിരിഞ്ഞു നോക്കിയപ്പോ മകളെന്നെ വിളിക്കുന്നു..
ആദ്യമായവർ ഉമ്മാന്നെന്നെ വിളിച്ചു..
ഒരിക്കലും ഉമ്മയാകില്ലാ എന്നു നാഥൻ വിധിയെഴുതിയ എനിക്കെന്റെ കാതിൽ ഉമ്മായെന്നെ വിളി..!
യാ അള്ളാഹ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല
ഞാൻ അവിടെ നിന്നു കരഞ്ഞു,
മുഖം പൊത്തി കരഞ്ഞു...
"ഉമ്മ കരയല്ലെ ഇവിടെ വന്ന് കിടക്ക് ഞങ്ങളെ നടുക്ക്.."
അതു കേട്ടതും ഞാൻ ഓടി അവരെ മാറോട് ചേർത്തു..
ഞാൻ ഒരുമ്മയായിരിക്കുന്നു..
പോയ കാലത്ത് ഞാൻ അനുഭവിച്ച കുത്ത് വാക്കുകൾക്കും ഒറ്റപ്പെടലുകൾക്കും ഇടയിൽ ജീവിതം തന്നെ മടുത്ത നിമിഷം ഉമ്മാന്റെ വാക്ക് കേട്ടു ഞാൻ നാഥനിൽ സർവ്വതും അർപ്പിച്ചപ്പോൾ എനിക്കു നൽകിയ മുത്തുകളാണിവർ..
മറ്റൊരു വയറ്റിൽ പിറന്നതാണെങ്കിലും ഇവരെന്റെ മക്കളാ..
എന്റെ മാത്രം മക്കൾ ...
സങ്കടവും സന്തോഷവും ഒരുമിച്ചു വരുന്നൊരു വല്ലാത്ത നിമിഷം..
കരഞ്ഞു കരഞ്ഞു ഞാൻ നാഥനോട് ശുകുർ നൽകി രാത്രികളിൽ.
അവരുടെ സ്നേഹത്തോടെയുള്ള ഉമ്മായെന്ന വിളി എന്നെ സന്തോഷത്തിന്റെ പറുദീസയിൽ കൊണ്ടെയ്തിച്ചിരിക്കുന്നു ഇപ്പോൾ..
ഇതെഴുതുമ്പോ മടിയിലെന്റെ മകനുണ്ട്,
തൊട്ടരികിൽ മകളുമുണ്ട്..
ഒരു മുത്തം കൊടുത്തോട്ടെ ഞാൻ..
നിങ്ങൾ കാണുന്നുണ്ടോ എന്റെ സന്തോഷം എങ്കിൽ നിങ്ങളിലൊരു നന്മയുള്ള ഹൃദയം ഞാൻ മനസ്സിലാക്കിയെടുക്കുന്നു..
നാഥാ നിനക്കു സർവ്വ സ്ഥുതിയും ..
ഒന്നുമല്ലാതിരുന്ന എന്റെ ജീവിതം നഷ്ടങ്ങളിൽ മുങ്ങി താഴ്‌ന്ന എന്റെ ജീവിതം ഇന്നു ഒരിക്കലും സ്വപ്നം കാണാൻ പറ്റാതത്ര അവസ്ഥയിൽ...
ആ സന്തോഷം നിങ്ങളുമായ് പങ്കു വെയ്ക്കണമെന്നിക്ക് തോന്നി...
നിങ്ങളോടെല്ലാവരോടും ഖൽബിൽ തൊട്ടറിഞ്ഞ ഒരുപാട് സ്നേഹം എന്റെ ഈ ജീവിതം വായിച്ചെടുത്തതിൽ....
********
ജയ പരാജയങ്ങളും വിധിയും എല്ലാം നാഥനിൽ നിന്നുമാകുന്നു ..പരീക്ഷണങ്ങളുടെ ഒരു വല്ലാത്ത ലോകത്തിനു നടുവിൽ നമ്മൾ തകർന്നടിഞ്ഞു നിൽക്കുമ്പോഴും നിന്റെ ഹൃദയം അവിടെ ആ സൃഷ്ടാവിനായ് വിശ്വാസമർപ്പിക്കുക..
ക്ഷമയോടെ ഭരമൽപ്പിക്കുക...
ആ കാരുണ്യത്തിന്റ്ര് വാതിലുകൾ എങ്ങനെയാണെന്നു നമുക്ക് സ്വപ്നം കാണാൻ പോലും പറ്റിയെന്നു വരില്ല..
************************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
ഉമ്രക്കുള്ള പേരു റെജിസ്റ്റർ ചെയ്യാൻ ട്രാവൽസിൽ പോയപ്പോൾ ഉമ്മാന്റെ പേരും ജനന തീയ്യതിയുമൊക്കെ ഞാൻ തന്നെയായിരുന്നു എഴുതി കൊടുത്തത്..
പാവം ഉമ്മാക്ക് അങ്ങനെ എഴുതാനൊന്നും അറിയൂല..
നന്നേ പാവപ്പെട്ട വീട്ടിൽ ദാരിദ്ര്യത്തിലൂടെ വളർന്ന ഉമ്മാക്ക് തണലായ് ഉപ്പ വന്നപ്പോ റഹ്മത്തിന്റെ മാലാഖമാർ വരെ കണ്ണു നിറച്ചിരുന്നു..
ഉപ്പ വലിയ വീട്ടിലേയാ,
ഉമ്മാനെ പൊന്നു പോലെ നോക്കിയിരുന്നു, ഇല്ലായ്മയിൽ നിന്നും മനസ്സിൽ മൂടി കെട്ടിയ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപ്പ ഉമ്മാക്ക് ചിറകുകൾ വിരിച്ചു കൊടുത്തു..
പടച്ചവന്റെ പരീക്ഷണങ്ങൾക്ക് നമ്മൾ വഴി തെളിച്ചു കൊടുക്കുകയല്ലല്ലൊ അവിടുന്നു പരീക്ഷിക്കപ്പെടുകയല്ലെ..
എന്റെ എട്ടാം വയസ്സിലാ ഉപ്പാനെ ഞാൻ മൊഞ്ചോടെ കാണുന്നത്,
വെള്ള പുതച്ച് ചിരിച്ചു കൊണ്ട് എന്നെ യതീമാക്കി ഉപ്പച്ചി പോയി..
സ്വന്തം റൂഹിനേക്കാൾ സ്നേഹിച്ച് പ്രിയതമനെ നോക്കി ഉമ്മ കുറേ നേരം ഇരുന്നത് ഞാൻ ഓർക്കുന്നുണ്ട്..
അത്രയ്ക്കുണ്ടാകും ആ മനസ്സിലെ വേദന..
ഒരു യതീം കുട്ടിയായതിന്റെ വേദന ആവോളം ഞാൻ അനുഭവിച്ചു...
കുടുംബങ്ങളിലെ പരിപാടികളിൽ ഉമ്മാനേം കൊണ്ട് പോകുമ്പോ എന്റെ പ്രായത്തിലുള്ളവർ ഉപ്പാന്റെ കൂടെ ബൈക്കിൽ വരുന്നത് ഞാൻ ഉമ്മാന്റെ മറവിൽ നിന്നു കരഞ്ഞു തീർത്തിരുന്നു...
ഉമ്മയെന്നെ വളർത്താൻ കഷ്ടപ്പെട്ടപ്പൊ യതീം ഖാനയിൽ കൊണ്ടക്കി..
മാസത്തിൽ ഉമ്മാനെ കാണൻ പോകുമ്പൊ ദർസ്സിൽ പഠിച്ചതെല്ലാം ചോദിക്കുമായിരുന്നു..
അന്നെല്ലാം മനസ്സിൽ കൂട്ടി വെച്ച ആഗ്രഹമായിരുന്നു മക്ക കാണണം എന്നത്..
ഉമ്മനേയും എന്നേം കൂട്ടി ഉമ്രക്ക് പോകണം എന്നുപ്പ പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്..
ആ സ്വപ്നങ്ങളൊക്കെയും നാഥൻ തിരിച്ചെടുത്തു..
പക്ഷെ,
ആ ഇലാഹിലെ വിശ്വാസം എന്നെ തളർത്താതെ മുന്നോട്ട് കൊണ്ടു പോയി..
മദ്രസ്സാ പഠനത്തോടൊപ്പം മറ്റു പഠനങ്ങളും നല്ലപോലെ നടന്നപ്പോ ഒരു ജോലിയും കിട്ടി..
ഉമ്മാന്റെ സ്വപ്നമായ ഉമ്രക്ക് പോകാനൊരുങ്ങുമ്പോ വല്ലാത്ത അനുഭൂതിയാ മനസ്സിലിപ്പോ..
എല്ലാം ശെരിയായെന്നും പറഞ്ഞ് ഞാൻ ഉമ്മാനെ സമീപിച്ചപ്പൊ റണ്ട് റകാത്ത് നിസ്കരിച്ചു എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു..
"മോനെ നിന്റെ ഉപ്പാന്റെ ഏറ്റവും വലിയ കിനാവായിരുന്നു എന്നേം നിന്നേം കൊണ്ട് ക അബാ കാണുക എന്നത്,ഉപ്പ ഇപ്പൊ ഇല്ലാലോ എന്നാലും അള്ള്ഹാനോട് ശുക്ര് നൽകാ ഞാനിപ്പൊ എനിക്കിങ്ങനെ ഒരു മോനെ തന്നതിൽ.."
"ഉമ്മ എണീക്കി പോയി മാറ്റി വരി നമുക്ക് ട്രാവൽസിൽ പോവാ അവിടെ പേപ്പറൊക്കെ നേരെയാക്കാനുണ്ട്."
യാത്ര പുറപ്പെടാൻ നേരം ഉമ്മ ഏറെ നേരം വാതിലടച്ചിരുന്നിരുന്നു..
ഏറ നേരത്തിനു ശേഷം പുറത്തേക്ക് വന്നപ്പോ കയ്യിലൊരു മുസല്ല (നിസ്കാര പായ) ഉണ്ടായിരുന്നു..ഉപ്പാന്റെ...
അതും നെഞ്ചോട് ചേർത്തായിരുന്നു പൊന്നീട് വന്നിരുന്നത് ഉമ്മ..
യാത്ര എല്ലാം റാഹത്തായി ഞാനും ഉമ്മയും മക്കാ മണലിൽ കാലു കുത്തി...
ഇഹ്രാം കെട്ടുമ്പോ ഉമ്മ നീയത്ത് വെച്ചത് ഉപ്പാക്ക് വേണ്ടിയുള്ള ഉമ്ര ആണെന്നായിരുന്നു...
"ദാരിദ്ര്യത്തിന്റെ ചൂളയിൽ നിന്നും എന്നെ കണ്ടെത്തി എന്നെ ഒരിക്കൽ പോലും വേദനിപ്പിക്കാത്ത സ്നേഹം മാത്രം തന്ന ആ മനുഷ്യനെ ഞാനെന്റെ അരികത്ത് കാണുന്നു മോനെ ..നിന്റെ ഉപ്പയെ.."
ഞാൻ ഉമ്മാനെ നോക്കി നിന്നു..
ക അബാലയം കണ്ടപ്പോ ആ കണ്ണുകൾ നിറഞ്ഞൊഴുകി..
ആ വലിയ ജനക്കൂട്ടത്തിൽ ഉമ്മാന്റെ കൂടെ ഞാനും തവാഫ് ചെയ്തു..
ഉമ്മ ഇടക്കിടക്ക് ചുറ്റും നോക്കുന്നു ആകാശത്തേക്ക് നോക്കുന്നു ഒരു തരം വെപ്രാളം പോലെ നടക്കുന്നു
ഒന്നും നിണ്ടാതെ ഞാൻ ഉമ്മാനെ മുന്നിൽ നിർത്തി നടന്നു...
ഉമ്മ ഇടക്കിടക്ക് കരയുന്നുണ്ട്..
എന്താണെന്നു ഞാൻ അപ്പോൾ ചോദിച്ചില്ല..
പിന്നീട് തവാഫ് കഴിഞ്ഞു ഒരിടത്ത് ഇരുപ്പുറപ്പിച്ചപ്പോൾ ഉമ്മ പറഞ്ഞു:
"മോനെ ഉമ്മാക്ക് നല്ല ക്ഷീണമുണ്ട് ഒന്ന് കിടക്കട്ടെ."
"ആ ഉമ്മാ കിടന്നോളി.."
ഉമ്മയെന്റെ മടിയിൽ തല വെച്ചു കിടന്നു..അൽപം മയങ്ങി..
ഇഷാ നമസ്കാരത്തിനുള്ള ബാങ്കൊലി മുഴങ്ങിയപ്പോ ഞാൻ ഉമ്മാനെ തട്ടി വിളിച്ചു:
"ഉമ്മാ എണീക്കി..ഉമ്മ..ബാങ്ക് വിളിക്കുന്നുണ്ട് വരി.."
എത്ര തട്ടിയിട്ടും ഉമ്മ ആ കിടത്തത്തിൽ തന്നെ മടിയിൽ കണ്ണടച്ചു കിടക്കുന്നു..
ഇടക്കിടക്ക് വീട്ടിലാകുമ്പോ തമാശയെന്നോണം ഉറക്കം നടിച്ചു കിടക്കുന്ന പൊന്നുമ്മാന്റെ കുസുർതികൾ പോലെ തോന്നിയെനിക്ക്..
വീണ്ടും തട്ടി വിളിച്ചു കുറേ നേരം വിളിച്ചു..ബാങ്കി വിളി കഴിയാറായ്..
അന്നേരം അടുത്തിരുന്ന ഗ്രൂപ്പിലെ ഒരാൾ ചോദിച്ചു:
"എന്തേ മോനെ.."
"അറിയില്ല ഉമ്മ എഴുന്നേക്കുന്നില്ല.."
യാ റബ്ബ്..
ഉമ്മാനെ തിരിച്ചു വിളിച്ചോ നീ നാഥാ..
കണ്ണിൽ ഇരുറ്റ്ട്ട് കയറുന്ന പോലെ തോന്നിയെനിക്ക്, ഉമ്ര ചെയ്തു കൊണ്ടിരിക്കുക്പോ ഇടക്കിടക്ക് കരഞ്ഞത് ഇതിനായിരുന്നോ ഉമ്മാ,
ഈ മണ്ണിൽ നിന്നെന്നെ വിളിച്ചേക്കണേ റബ്ബേ എന്നു പറഞ്ഞു പോയോ ഉമ്മാ നിങ്ങൾ.."
മനസ്സിൽ ആയിരം തവണ ചോദ്യങ്ങൾ ഉയർന്നു..
ആളുകൾ കൂടി..
ഹോസ്പിറ്റലിലേക്ക് എടുത്തു ഞാനും കൂടെ പോയി ..
കൈകൾ തണുത്തിരിക്കുന്നു ഉമ്മാന്റെ,ഹോസ്പിറ്റലിലേക്ക് പോയിട്ട് കാര്യമില്ലാന്നെനിക്ക് തോന്നി കാരണം
ഉമ്മ പോയി...ഉപ്പാന്റെ അരികത്തേക്ക്..
ഒന്നിച്ചു ജീവിച്ച കാലങ്ങളിലത്രയും മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം നിറവേറ്റിയല്ലോ,
ഇനി ഉപ്പാന്റ്ര് കൂടെ ജന്നത്തിലേക്ക് പോയതാവും ഈ മോനെ ഒറ്റക്കാക്കിയിട്ട്..
പരിഭവമില്ല ഉമ്മാ എനിക്ക്,
ഒരുമ്മാന്റെ ഖൽബിലെ ഏറ്റവും വലിയ ആഗ്രഹം ഞാൻ സാധിപ്പിച്ചു തന്നീലെ,
എന്റെ മടിയിൽ കിടന്നല്ലേ ഉമ്മാ റൂഹ് വിട്ടു പോയത്..
മയ്യത്ത് മക്കത്ത് തന്നെ ഖബറടക്കി മടങ്ങുമ്പോ ഉമ്രക്ക് കൂടെ വന്നവരൊക്കെ എന്നെ നോക്കി കണ്ണു നിറയ്ക്കുന്നു..
പക്ഷെ ഞാൻ കരഞ്ഞില്ല..ഉമ്മയില്ലാത്ത തൊട്ടടുത്ത സീറ്റിൽ ഉസ്താദ് മനപ്പൂർവം വന്നിരുന്നു കുറേ നേരം സംസാരിച്ചു..
അവർക്കറിയില്ലല്ലോ ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയ ഒരു മകന്റെ മനസ്സുമായാ ഞാൻ പോകുന്നതെന്ന്..
ഞാനിപ്പോ അനാഥനാണെന്നു പറയുമെങ്കിലും പണ്ടു പടിച്ചിറങ്ങിയ താങ്ങായാ യതീം ഖാനയുടെ ഗെയ്റ്റുകൾ എനിക്കു വേണ്ടി മലക്കെ തുറന്നു..
അവരിലൊരാളായി അവർക്ക് അറിവുകൾ പകർന്നു കൊടുത്ത് വലിയൊരു കുടുംബം എനിക്കായ് മാത്രമുണ്ടിവിടെ..
ഇന്നിപ്പൊ ജീവിതത്തിലേക്ക് ഒരു ഇണ കൂടി വന്നിരിക്കുന്നു,
എന്റെ ഉപ്പയെ പോലെ കഷ്ടപ്പാടുകളറിഞ്ഞൊരുവളെ തന്നെ ഞാൻ മഹർ നൽകി സ്വീകരിച്ചു..
ജീവിതത്തിൽ ഞാനിസ് അനുഭവിച്ച വേദനകളൊക്കെ അറിഞ്ഞ ആ മനസ്സിൽ എന്റെ ഉമ്മാന്റെ ഖബർ കാണണം എന്നാഗ്രഹുമായ് അവളീരികത്തെത്തിയിരിക്കുകയാ,,
ഒരിക്കൽ കൂടി പോവുകയാണു ഞാ അവിടേക്ക്..
പണ്ടു ഉപ്പാന്റെ ആഗ്രഹം പോലെ സ്വപ്നങ്ങൾ നെയ്തിരുന്ന സമയത്ത് റബ്ബങ്ങ് തിരികെ വിളിച്ചു പോയാലോ..?
ഇവൾക്കാരാ ഉള്ളത് പിന്നെ..
വൈകിക്കൂടാ...
ജന്നാത്തുൽ ഫിർ ദൗസിൽ നിന്നും എന്റുമ്മയും ഉപ്പയും ഇപ്പൊ ഒരുപാട് സന്തോഷത്തിൽ ആയിരിക്കുമല്ലെ ,
നിങ്ങൾക്കത് മനസ്സിലാക്കാൻ പറ്റുമോ എന്നെനിക്കറിയില്ല പക്ഷെ
അനാഥനായെങ്കിലും ഞാനിപ്പോ അനുഭവിക്കുന്ന ആ വല്ലാത്ത അനുഭൂതി എനിക്കെ അറിയൂ...
നിയ്യത്തിലാണു ഞാനിപ്പോൾ..
അവളുടെ ആഗ്രഹം സാധിപ്പിക്കാനായ്..
ഉമ്മാന്റെ മണമിപ്പഴും എന്റെ നാസികകളിൽ നിന്നും പോയിട്ടില്ല,ഇഹ്രാമിൽ കിടന്നു കണ്ണടഞ്ഞ പൊന്നുമ്മാക്ക് പരിശുദ്ധിയുടെ വെളിച്ചവുമായ് നാളെ എന്റെ മുൻപിലേക്ക് വരുമ്പോ കൂട്ര് ഉപ്പയും ഉണ്ടാകും..
ആ സ്നേഹം അറിയാൻ പറ്റാതെ പോയല്ലോ എന്നൊരു വേദന മാത്രമേ ഇന്നെനിക്കുള്ളൂ...
പെട്ടന്നു ജീവിതത്തിൽ നിന്നും ഇറങ്ങി പോകുമ്പോ വേദനിക്കാത്ത കരുത്തുള്ള മനസ്സു തന്ന നാഥാ നിനക്ക് മാത്രം സർവ്വ സ്ഥുതിയും...
സ്നേഹിക്കുന്നവരുടെ ഖൽബിൽ കിടക്കുന്ന ഏറ്റവും വലിയ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ ഈ ജീവിതത്തിനെന്തു അർത്ഥമാ ഉള്ളതല്ലെ...?
അതിന്നു വേണ്ടിയാകും എന്റെ ശരീരത്തിൽ ഇപ്പളും പടച്ചവൻ റൂഹിനെ തിരിച്ചെടുക്കാതെ വെച്ചിരിക്കുന്നത്....
അൽ ഹംദു ലില്ലാഹ്
******
എന്നിട്ടും കഅബാ വലയം വെയ്ക്കും നേരം ഉമ്മ എന്തിനായിരുന്നു കരഞ്ഞത് എന്നെനിക്കിപ്പഴും മനസ്സിലാക്കാൻ കഴിഞ്ഞില്ല...
ഉപ്പാനെ ഓർത്തു കാണും...നീയും ഇങ്ങ് പോരെടീ എന്നു പറഞ്ഞു കാണും...അല്ലെ..
******************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
ഉമ്മ മരിച്ചപ്പോ ഏറ്റവും കൂടുതൽ കരഞ്ഞത് അവളായിരുന്നു..
അവളെന്ന് വെച്ചാൽ എന്റെ ഭാര്യ ...
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു..
പറയത്തക്ക സന്തോഷമൊന്നും ഞങ്ങൾ രണ്ടുപേർക്കിടയിലും വന്നിരുന്നില്ല,
എല്ലാമൊരു ചടങ്ങ് പോലെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന സമയം..
ബപ്പാക്കെന്നെ വല്യ കാര്യമാ,പല ഉപദേശങ്ങളും തരും പലതും ഓക്കെ പറയുമെങ്കിലും ഒന്നും ലൈഫിൽ വർക്കൗട്ട് ചെയ്യാൻ കഴിഞ്ഞിട്ടെ ഇല്ലായിരുന്നു..
കല്യാണം കഴിഞ്ഞ ശേഷം ഉപ്പാക്കും ഉമ്മാക്കും എന്റേയും അവളുടേയും കാര്യത്തിൽ വല്ലാത്തൊരു വിഷമം മൂടികെട്ടിയിരുന്നു..
നല്ല പോലെയൊന്ന് ചിരിച്ച് രണ്ടാളും സംസരിക്കുന്നത് കാണാൻ തന്നെ കഴിഞ്ഞിരുന്നില്ല,
ഒരു അർത്ഥത്തിൽ നോക്കിയാൽ ഞാനും അവളുമൊന്ന് മനസ്സറിഞ്ഞ് മുഖത്ത് നോക്കി പുഞ്ചിരിച്ചിട്ടില്ല,ചുമ്പിച്ചിട്ടില്ല..
ഫ്രെണ്ട്സിന്റെയൊക്കെ ഇടയിലെ അടിപൊളി ലൈഫിൽ നിന്നും കുടുംബത്തിലേക്ക് പെട്ടന്ന് ചുരുങ്ങിയതാ എന്റെ മനസ്സ് ചടച്ചത്,
അവൾക്കാണെങ്കിൽ നേർസ്സിംഗ് പഠിക്കാനുള്ള മോഹം ഞാൻ വന്നപ്പോ മൂടികെട്ടിവെച്ചു..
ഉമ്മയും ഉപ്പയും എല്ലാ കാര്യത്തിലും ഒരു മാതൃകയായിരുന്നു സത്യം പറഞ്ഞാൽ..
സുഖമില്ലാണ്ട് കിടന്നപ്പോ അവളേക്കാൾ അരികത്ത് ബാപ്പയായിരുന്നു ഉണ്ടായത്,
ഞാനും സജ്നയും ഒന്ന് സന്തോഷത്തോടെ കഴിയുന്നത് വല്ലാണ്ട് ആശിച്ചിരുന്ന നിമിഷങ്ങൾ..
എനിക്കും അവൾക്കും ഉമ്മാന്റെ അവസ്ഥ കണ്ടപ്പോ വല്ലാതെ വിഷമം വന്നിരുന്നു..
അവശതയിൽ കഴിയുന്ന ബാപ്പാക്കും ഉമ്മാക്കും ആശ്വാസം മരുന്നിനേക്കാൾ മക്കളുടെ സന്തോഷമാണെന്ന് മനസ്സിലാക്കാൻ പറ്റി..
സജ്നയോട് ഞാൻ മിണ്ടാറുണ്ട് അവളിങ്ങോട്ടും സംസാരിക്കാറുണ്ട് ..എന്തെങ്കിലും വേണോ എന്നു ചോദിക്കാറുണ്ട് പക്ഷെ ഖൽബിലൊരു മാറാല പറ്റിപ്പിടിച്ച പോലെ എന്തോ ഒരു അകൽച്ച ഫീൽ ചെയ്തിരുന്നു സത്യം പറഞ്ഞാൽ..
"ഓള വിളിക്ക് മോനെ എന്റെ അടുത്ത് ഇരിക്കാൻ പറയി."
ഉമ്മ പറഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തെത്തി പറഞ്ഞു
"ഉമ്മ നിന്നെ വിളിക്കുന്നുണ്ട് സജ്ന."
"ഹ്മ്മ് "
തലയിലെ തട്ടം നേരയാക്കി അകത്തേക്ക് അവൾ നീങ്ങി..
കുറേ നേരം അവർ തമ്മിൽ സംസാരിച്ചിരിന്ന ശേഷം ഉമ്മയവളെ തുരുതുരെ ഉമ്മ വെയ്ക്കുന്നത് കണ്ടു.
സത്യം പറഞ്ഞാൽ ഞാനിതു വരെ അവളെയിങ്ങനെ ഉമ്മ വെച്ചുകാണില്ല,
ഇത്ര സ്നേഹത്തോടെ സപർശ്ശിച്ചു കാണില്ല...വല്ലാതെ മനസ്സിൽ കൊണ്ടെനിക്ക്..
ഉപ്പ എന്നോടായ് പറഞ്ഞു:
"മോനെ അന്നോട് ഒരു കാര്യം പറഞ്ഞാ മോനു സ്വീകരിക്കോ ആ ഉപദേശം ,എപ്പോഴും കേൾക്കുമ അല്ലാതെ ചെയ്യുന്നത് കണ്ടില്ല ദേഷ്യമൊന്നും തോന്നില്ലെങ്കിൽ പറഞ്ഞോട്ടെ ടാ.."
"ഉപ്പ പറഞ്ഞോളി ഞാൻ കേക്ക്കാം.."
"ഇപ്പൾത്തെ കാലത്ത് ഒരു ബാപ്പാക്ക് പറയാൻ പറ്റണ കാര്യാണോന്ന് എനിക്കറിയൂല എന്നാലും പറയാ"
"എന്താ ഉപ്പാ എന്തായാലും പറഞ്ഞോളി.."
"നിന്റെ സജ്നക്ക് സുഖം തന്നെ അല്ലെ .."
"ഹ്മ്മ്.." ഞാൻ മൂളി..
"മോന്റെം മോളേം മുഖത്ത് കല്യാണം കഴിഞ്ഞ ശേഷം ഒരു സന്തോഷവും കാണാൻ കയ്യാത്തോണ്ട് ചോദിക്കാ,
ഇങ്ങൾക്ക് രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമില്ലായിരുന്നോ ഈ വിവാഹത്തിനു.."
"ഉപ്പാ..അത്.."
"മോനെ നിന്റെ ഉമ്മ അവളുടെ പതിനേഴാം വയസ്സിൽ കയറി വന്നതാ,ഇതു വരെ ഞാൻ സങ്കടപ്പെടുത്തിയിട്ടില്ല,ഇനി ചൂടായാലും നിന്റെ ഉമ്മാനോട് പിന്നേം മിണ്ടാൻ പോവും ഞാൻ,അതങ്ങനാ മോനെ മഹറിനേക്കാൾ വലിയൊരു മഹർ മനസ്സിൽ കെട്ടാനുണ്ട് ഞങ്ങൾ ആണുങ്ങൾക്ക്.."
ഉപ്പാന്റെ വാക്ക് കേട്ടപ്പോ മനസ്സ് ഒന്ന് പതറി..
മനസ്സിലുള്ളത് തുറന്നങ്ങ് പറഞ്ഞു,ഈ അകൽച്ചയൊന്ന് മാറാൻ എന്താ വഴിയെന്നാലോചിക്കുകയാ ഞാനെന്നും പറഞ്ഞപ്പോൽ
ഉപ്പ അവസാനമൊരു ഉപദേശം തന്നു..
"നീ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും കയറി വരുമ്പോഴും അവളോട് സലാം പറയുക "
എന്ന്..
ഓർമ്മ വെച്ച കാലം തൊട്ടെ ഞാൻ എന്റെ ഉപ്പയിലും ഉമ്മയിലും കണ്ട കഴ്ച..യാ റബ്ബ് എന്റെ ജീവിതത്തിലേക്കും അത് കടന്നു വന്നിരിക്കുന്നു..
പിന്നെയത് പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള പരിശ്രമമായിരുന്നു എനിക്ക്..
ജോലിക്കിറങ്ങുമ്പോ അവളോട് സലാം പറയാൻ നാവ് പുറത്തേക്ക് വരുമെങ്കിലും എന്തോ ഒരു അസ്സ്വസ്ഥത ഇടക്കിടക്ക് ഖൽബിലേക്ക് കയറി വരും,
നാണം വരുന്ന പോലെയും എന്നിലെ പുരുഷൻ ഇല്ലാണ്ടാവുമോ എന്നൊരു ചിന്തയുമൊക്കെയുമായ് പലപ്പോഴായ് ഞാൻ പരാജയപ്പെട്ടു...
ഒടുക്കം ഒരു വെള്ളിയാഴ്ച്ച..
രാവിലെ ജോലിയുടെ ആവശ്യത്തിനായ് ദൂര യാത്രക്ക് വേണ്ടി പുറപ്പെടാൻ നേരം..
മനസ്സിലെ പിരി മുറുക്കങ്ങളും മാറാലകളും കഴുകിക്കളഞ്ഞ് കൊണ്ട് ഞാനവളെ വിളിച്ചു:
"സജ്നാ.."
പതിവില്ലാത്ത ആ വിളിയിൽ അവൾ പെട്ടന്ന് തന്നെ ഉമ്മറത്തേക്ക് ഓടി വന്നു..
"ഞാൻ പോയി വരാം അസ്സലാമു അലയ്ക്കും.."
സലാം മടക്കും മുൻപേ അവൾ അരികത്തേക്ക് ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു,
നെറ്റിയിലൊരു ചുമ്പനം തന്നവൾ പറഞ്ഞു:
"വ അലയ്കുമുസ്സലാം ഇക്ക.."
അവൾക്കന്നു വരെ ഞാൻ കാണാത്ത മൊഞ്ച്..
എന്റെ കണ്ണു നിറഞ്ഞു..അവളും കരയുന്നു..
"എന്താടി.."
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
ഒന്നുമില്ലാന്ന് പറയും പോലെ തലയാട്ടി കണ്ണും നിറച്ച് ചിരിച്ചു അവൾ..
മഴപെയ്തു തോർന്നപ്പൊ മുൻപെങ്ങോ നഷ്ടപ്പെട്ടുപോയ ഏറ്റവും വിലപ്പെട്ട നിധി മഴവെള്ളപാച്ചലിൽ അരികത്ത് വന്നണഞ്ഞ പോലെ മനസ്സ് നിറഞ്ഞു..
ഉപ്പയാ സമയം ഉമ്മാന്റെ അരികത്ത് നിന്നും പുറത്തേക്ക് വന്നു..
"അല്ലാ ഇയ്യ് പോവണില്ലെ.."
"ആ പോവാണുപ്പാ,ഞാൻ പോട്ടെ പെണ്ണേ.."
ഇതും പറഞ്ഞ് രണ്ടു സെകന്റ് ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി..
ഉപ്പാനോടുള്ള ബഹുമാനം എന്നോണം അവൾ ചിരിച്ച് അകത്തേക്കോടി..
ഉപ്പ പറഞ്ഞത് ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ എനിക്ക് ലഭിച്ചത് എന്റെ ജീവിതമാണെന്നെനിക്ക് തോന്നി..
അന്നു ജു മുാക്ക് പള്ളിയിലെ കുതുബയിൽ ഉസ്താദ് പറഞ്ഞത് ദാമ്പത്യത്തെ കുറിച്ചായിരുന്നു..
അതും നബി തങ്ങൾ (സ) പറഞ്ഞത്:
"നിങ്ങൾ നിങ്ങളുടെ വീടു വിട്ടിറങ്ങുമ്പോൾ നിന്റെ ഭാര്യയോടോ ഉമ്മയോടോ സലാം പറയുക,കഴിയുമെങ്കിൽ ഒന്നു മുത്തം വെയ്ക്കുക.."
ഇന്നിത് പറയുമ്പോൾ എനിക്കെന്റെ ഉമ്മയില്ല..
നാഥന്റെ വിളിക്കുത്തരം നൽകി ഉമ്മ പോയി,
സജ്ന കരഞ്ഞു തീർത്ത രാത്രികളിൽ എന്റെ നെഞ്ചിന്റെ ഭാഗത്ത് കണ്ണീർ ചാലുകൾ കൊണ്ട് നനഞ്ഞിരു കുതിർന്നിരുന്നു..
പിന്നെയാ അവളെന്നോട് പറഞ്ഞത്:
"ഇക്കാ അന്ന് ഉമ്മയെന്നെ അരികത്ത് വിളിച്ചു ഒരുപാട് സംസാരിച്ചത് ഓർമ്മയുണ്ടോ.."
"ഹ്മ്മ് ഉണ്ട് സജ്ന എന്താ."
"ഇങ്ങളന്ന് എന്നോട് സലാം പറഞ്ഞപ്പോൾ തിരിച്ചു ഞാൻ നിങ്ങളെ മുത്തം വെച്ചില്ലെ,അതു ഉമ്മ പറഞ്ഞു തന്നതാ ഇക്കാ.."
ഇതും പറഞ്ഞവൾ തേങ്ങി
പെട്ടന്നെന്റെ ഉപ്പാന്റെ മുഖമെനിക്ക് ഓർമ്മ വന്നു..
ഞാൻ റൂമിൽ നിന്നിറങ്ങി ഉപ്പ കിടക്കുന്ന റൂമിനകത്തേക്ക് കയറി ചെന്നു..
"ഉപ്പ ഉറങ്ങിയില്ലെ "
"ഇല്ലെടാ വാ വന്നിവിടെ കിടക്ക്.."
ഞാൻ ഉപ്പാനോട് ചേർന്ന് കിടന്നു..എന്നിട്ട് ചോദിച്ചു ,
"ഉപ്പാക്ക് സങ്കടണ്ടോ "
"എന്തിനെടാ "
"ഉമ്മ പോയതിൽ.."
ഉപ്പയൊന്ന് ചിരിച്ചു കൊണ്ട് തലമുടി തലോടിക്കൊണ്ട് പറഞ്ഞു:
"നിന്റെ ഉമ്മയുടെ കാര്യത്തിൽ എനിക്ക് വേജാറില്ലെടാ മോനെ അത്രക്ക് എന്റെ ജീവിതം ഓൾ സന്തോഷിപ്പിച്ചിക്ക്ണൂ,നിന്നോടങ്ങനെ നിന്റെ സജ്നയോട് സലാം പറഞ്ഞ് തുടങ്ങാൻ അവളാ പറഞ്ഞതെന്നോട് .."
സ്വന്തം മക്കളാ ജീവിതത്തിൽ കാണുന്ന ചെറിയ ചെറിയ പ്രെശ്നങ്ങൾ പോലും ബപ്പാക്കും ഉമ്മാക്കും സഹിക്കാൻ പറ്റൂലെടാ മോനെ ,
പലപ്പോഴും അതിലിടപെടാൻ ഞങ്ങൾക്കൊക്കെ പേടിയാ അതാണധിക കുടുംബത്തിലും സംഭവിക്കുന്നതും.."
"ഹ്മ്മ് "
ഞാൻ മൂളി കേട്ടുകൊണ്ട് കിടന്നു..
"ഇപ്പൊ നീ റാഹത്തല്ലെ മോനെ.."
"അതെ ഉപ്പാ,ഒരുപാട് സന്തോഷവും അതുപോലെ സങ്കടവും കുന്നോലം ഉണ്ടെന്റെ മനസ്സിൽ,സജ്നക്ക് ഉമ്മാനെ ഓർത്ത് സങ്കടപ്പെടാനെ സമയമുള്ളൂ..
"അതൊക്കെ മാറിക്കോളും പടച്ചോൻ മറവി എന്നൊരു സാധനം അതിനെക്കൊണ്ടൊക്കെയാ തന്നെ,മോൻ പോയി ഓള അടുത്ത് കിടക്ക്..ഹ്മ്മ് ചെല്ല്.."
സജ്നയും ഞാനും ഇന്നൊരുപാട് സ്നേഹത്തിലാ..സന്തോഷത്തിലാ..
ഖൽബിലടഞ്ഞു കൂടിയ മാറാലകളൊക്കെ ഒരൊറ്റ സലാം പറയലിൽ പെയ്തില്ലാതായി..
ഒരു പ്രയാസവുമില്ലാത്ത പെട്ടന്നു പ്രാവർത്തികമാക്കാൻ പറ്റുന്നൊരു കുഞ്ഞു കാര്യം കൊണ്ട് ഒരായുസ്സ് മുഴുവൻ സ്നേഹിച്ചു തീരാൻ മാത്രം കിട്ടിയെനിക്ക്..
അവളെയും...
നമ്മളൊക്കെ ശെരിക്കും നമ്മുടെ ഉപ്പാന്റേയും ഉമ്മാന്റേയും ജീവിതം അനുകരിക്കാൻ ശ്രെമിക്കണം..
കാലം മാറുന്നതനുസരിച്ച് നമ്മളും മാറണമെന്നതൊക്കെ ഒരു കോമഡിയായെ കാണാൻ പറ്റൂ..
അവരിലാ നന്മയുള്ളത്,
സ്നേഹമുള്ളത്,
കരുതലുകളുള്ളത്,
പാഠങ്ങളുള്ളത്.....
********
കണ്ടിട്ടുണ്ട് പല സുഹുർത്തുക്കളുടേയും വിവാഹ ശേഷം ട്രീറ്റ് ചെയ്യാൻ കൂട്ടം കൂടുമ്പോൾ അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു അകലം..അഭിനയം..എല്ലാം..
അതെല്ലാം മാറണം
ഖൽബിൽ മഴ പെയ്യണം..പരിമളം വീശണം..സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും മുന്നോട്ടു നീങ്ങണം...
************************
സ്നേഹത്തോടെ,
ഷാഹിർ കളത്തിങ്ങൽ
കിടക്കാൻ നേരമായിരുന്നു ഉമ്മ അരികത്ത് വന്ന് ചോദിച്ചത് :
"മോനെ അനക്ക് നാളെ എന്തെങ്കിലും പരിപാടി ഇണ്ടൊ..?"
"നാളെയോ,നാളെ ഞായരാഴ്ച അല്ലെ ആ എനിക്ക് ഒരു കല്യാണം ഇണ്ട് ചങ്ങായീന്റെ എന്തെ ഉമ്മ.."
"അല്ല അന്നെ ഉപ്പ വിളിക്കണിണ്ട്,ന്തോ പറയാനുണ്ടെന്ന് ഇയ്യ് ഒറങ്ങ്യോന്ന് ചോയിച്ച്.."
"ആണൊ ന്നാ ഞാൻ വരാ ന്ത കാര്യം.."
സുഖമില്ലാത്തതിനാൽ കിടപ്പിലായ ഉപ്പാന്റെ അരികത്തെത്തി ഞാൻ ചോദിച്ചു:
"ന്താ ഉപ്പ "
"അനക്ക് നാളെ പരിപാടി ഇണ്ടോ..?"
"ഇണ്ടുപ്പാ ഒരു ഫ്രെണ്ടിന്റെ കല്യാണം മ്മളെ ചുങ്കത്തുള്ള.."
"നാളെ ഉപ്പ പറഞ്ഞാ ഒരു സ്ഥലത്ത് പോവോ ഇയ്യ്,ഒരു കല്യാണത്തിനു.."
"ആരെ കല്യാണാ ഉപ്പ.."
"അത് ഇവിടല്ല മാവൂരിലാ,ഉപ്പാന്റെ ഒരു പഴയേ ചങ്ങായീന്റെയാ,ഗൾഫിൽ കൊറേ കാലം കൂടെ പണി എടുത്ത ആള മോളുടെ കല്യാണത്തിനു.."
ഞാൻ മടിച്ചു നിന്നു..
ഫ്രെൻഡ്സിന്റെ കൂടെ അടിച്ചു പൊളിച്ച് ഒരേ നിറത്തിലുള്ള ഡ്രെസ്സൊക്കെ വാങ്ങി കല്യാണം പൊടി പൊടിക്കാൻ നിക്കായിരുന്നു അപ്പളാ ഇങ്ങനൊരു സംഭവം..
ഒന്നും മിണ്ടാതെ ഞാൻ പോയി കിടന്നു..ഉമ്മ അരികത്ത് വന്നു പറഞ്ഞു:
"ഉപ്പാക്ക് വയ്യാഞ്ഞിട്ടല്ലെ മോനെ ഒന്ന് പോയ്ക്കോ ചെല്ല് ഉമ്മ പറയണത് കേക്ക്.."
പാവം ഞാൻ പോകാമെന്നെങ്കിലും പറയണമായിരുന്നു,ഉപ്പാക്ക് വയ്യാഞ്ഞിട്ടല്ലെ,ഇവർ കഴിഞ്ഞിട്ടല്ലെ ഉള്ളൂ ബക്കിയൊക്കെ പൊയ്ക്കളയാം സങ്കടപ്പെട്ത്തണ്ട...
ഞാൻ മനസ്സിൽ മൂളി..ശേഷം എണീറ്റ് ഉപ്പാന്റെ അടുത്ത് പോയി പോകാമെന്ന് പറഞ്ഞു..
ഉപ്പയൊരു കവറും കയ്യിൽ തന്നു..
പിറ്റേന്ന് രാവിലെ ഫ്രെൻഡ്സുകളുടെ കോളുകൾ കൊണ്ട് തല്ല്..
"വേഗം വാ എല്ലാരും റെഡി ആയി കാര്യങ്ങളൊക്കെ ഓക് ആക്കണ്ടെ അവിടെ പരിപാടി പ്ലാൻ ചെയ്തതൊക്ക്കെ.."
ഇതു കേട്ടപ്പോ എനിക്ക് വല്ലാണ്ട് സങ്കടം വന്നു ..
പോകാൻ പറ്റില്ലല്ലോ എന്നോർത്ത്..
അവരോട് കാര്യം പറഞ്ഞു ആയിക്കോട്ടെയെന്ന് ചങ്ങായിമാർ പറഞ്ഞ് നീങ്ങി..ഞാൻ നേരെ ബസ് സ്റ്റോപ്പിലേൽകും നീങ്ങി..
നല്ല ഹെവി വെയിൽ...വിയർത്തൊലിച്ച് മാവൂരെത്തി മൂസാക്കയുടെ വീടന്വേഷിച്ചു..കല്യാണം നടക്കുന്നത് കൊണ്ട് പെട്ടന്ന് ബുദ്ധിമുട്ടിയില്ല..ഒടുക്കം വീടെത്തി...
ഒരു ചെറിയ കൂര..
തനി നാട്ടിൻ പുറത്തുകാർ..പന്തൽ വലിച്ച് കെട്ടിയതിന്റെ ഇടയിലൂടെ സൂര്യ രശ്മികൾ തുളഞ്ഞു കയറുന്നു.. ഉമ്മറത്ത് മുണ്ടും ഷർട്ടും സ്വർണ്ണ നിറമുള്ളൊരു വാചുമിട്ടൊരു മനുഷ്യൻ ..
"അതായിരിക്കും മൂസാക്ക"
മനസ്സിൽ ആലോചിച്ച് മുന്നോട്ടു നടന്നു..
"അസ്സലാമു അലയ്ക്കും "
"വ അലയ്കൂമുസ്സലം വരി മോനെ കേറി ഇരിക്കി.."
"മൂസാക്ക അല്ലെ "
"അല്ല ഞാൻസൈദ് മൂസാക്കന്റെ അനിയനാ "
"മൂസാക്ക എവിട ഉള്ളേ "
"അകത്തുണ്ട് മോൻ കേറിക്കോ.."
പരിചയമില്ലത്ത ഒരുപാട് മുഖങ്ങൾ...
കല്യാണ വീടിന്റെ അകത്തെ സ്ത്രീകളുടെ സംസാരംഗൾ,
ഓടി കളിക്കുന്ന കുരുന്നുകൾ...അവയെല്ലാം വകഞ്ഞു മാറ്റി ഞാൻ മൂസാക്കയെ അന്വേഷിച്ചു..പെട്ടന്നു തിരികെ പോയി ചങ്ങായീന്റെ കല്യാണത്തിൽ പങ്കെടുക്കണമെന്നാണു മനസ്സ് നിറയെ...
"ദാ അവിടെ ഇണ്ട് മൂസാക്ക കയറിക്കോളി.."
ഒരു സ്ത്രീ തലയിലെ തട്ടം നേരെയാക്കി എന്നോടായ് പറഞ്ഞു...
മനസ്സിലാക്കിയിടത്തോളം മൂസാക്കയുടെ ഭാര്യാവണം..
അങ്ങനെ അകത്തെത്തി...
യാ റബ്ബ് കണ്ണുകൾ വേദനിക്കുന്ന പോലെ തോന്നിയെനിക്ക്,
ഉപ്പാന്റെ വേണ്ടപ്പെട്ട ചങ്ങായിയാ,
ആ കട്ടിലിൽ കിടക്കുന്നു...അതിലടിയിലൂടെ മൂത്രം പോകാനായൊരു റ്റ്യൂബും ഇട്ടിരിക്കുന്നു ...അവസ്ഥ എത്രത്തോളമെന്ന് മനസ്സിലായി എനിക്ക്...പക്ഷെ ആ ഉപ്പാന്റെ മുഖം നല്ല സന്തോഷത്തിലാ എന്നത് എന്നെ അൽഭുതപ്പെടുത്തി..
"ആര ,മോനേതാ ഇരിക്ക്.."
"ഞാൻ കബീർക്കയുടെ മകനാ കോഴിക്കോടുള്ള.."
ഇതു പറഞ്ഞതും കട്ടിലിൽ നിന്നും മൂസാക്ക എഴുന്നേൽക്കാൻ ശ്രെമിക്കുന്ന്നു..
ചുണ്ടുകൾ വിറച്ച് എന്നെ നോക്കി വിതുമ്പുന്ന പോലെ തോന്നി..
എന്റെ കൈകൾ മുറുകെ പിടിച്ച് പറഞ്ഞു:
"മാഷാ അള്ളാഹ് ന്റെ കബീറിന്റെ മോനാണോ,പടച്ചോൻ സ്ഥുതി,ഇയ്യാക്ര് വല്യ കുട്ടി ആയല്ലോ.."
വല്ലാത്തൊരു അനുഭൂതി ഖൽബിലേക്ക് കയറി കൂടി..
29 വർഷം ഒരുമിച്ച് ജോലി ചെയ്തതാണത്രെ ഉപ്പാന്റെ കൂടെ ജിദ്ധയിൽ..ആ സ്നേഹത്തിന്റെ ആഴം ആവോളം ഞാൻ കണ്ടു ആ കണ്ണുകളിൽ..
"ന്ത പറ്റ്യതാ മൂസാക്ക "
"അത് ഒന്നും പറയണ്ട രാത്രി അങ്ങാടീന്ന് വരുമ്പോ പൊട്ടിയ ട്രൈനേജിൽ കാലു വൈക്കലിച്ച് വീണു പിന്നെ ഇങ്ങനായിപ്പോയി... പടച്ചോന്റെ വിധി അതന്നെ.."
പുതു മണവാട്ടി പെട്ടന്ന് റൂമിലേക്ക് കയറി വന്നു..
അവളുടെ ദേഹത്ത് പൊന്നൊന്നും ആവോളമില്ല,ഉള്ളതിൽ തന്നെ ആ വാപ്പാന്റെ വിയർപ്പ് കാണുന്ന പോലെ..
"ഉപ്പാ ഞാൻ ചോറു തിന്നാൻ പോട്ടെ ഇപ്പം വരാ ട്ടോ.."
"ആയിക്കോട്ടെ മക്കളെ.."
"മോൻ വന്നിട്ടുണ്ട് അന്റെ ഉപ്പാന്റെ കയ്യും പിടിച്ച് ഇവിടേക്ക്,ഓർമ്മ കാണൂല അന്നു ഇയ്യ് അന്റെ ഉമ്മാന്റെ ഒക്കത്ത.."
ഇതും പറഞ്ഞ് മൂസാക്ക ചിരിച്ചു..
ഞാനൊന്ന് ചുറ്റും നോക്കി..
സ്വന്തം മകളുടെ കല്യാണം കൂടാൻ പറ്റാതെ പോകുന്ന ഒരു ഉപ്പയും സ്വന്തം ഉറ്റ സുഹുർത്തിന്റെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരു പരിപാടിയുൽ സാന്നിധ്യം അറിയിക്കാൻ പറ്റാതെ പോയൊരു ഉപ്പയും..
കുറേയൊക്കെ സ്വപ്നങ്ങൾ കണ്ടിരുന്നു പോലും മണലാരിണ്യത്തിൽ വെച്ച്...
മക്കളുടെ കല്യാണം വീട് അങ്ങനെ ഒരുപാട്..എല്ലാം പടച്ചോന്റെ വിധിപോലെ ഇങ്ങനെയൊക്കെ ആയി എന്ന് മൂസാക്ക ഒരു നെടു വീർപ്പോടെ പറഞ്ഞു നിർത്തി..
ചങ്ങായീന്റെ വീട്ടിലെ കല്യാണമൊക്കെ എപ്പഴോ ഞാൻ മറന്നു..
പെട്ടന്ന് തിരികെ പോണമെന്ന ചിന്ത ഓടി മറഞ്ഞു
അതിനാകുമല്ലെ നമ്മൾ മക്കൾ എന്ന പേരിൽ അവരുടെതായി കൂടെ ജീവിക്കുന്നത്...
അവർക്ക് കഴിയാത്തത് നമ്മളിലൂടെ ചെയ്ത് കൊടുക്കുക എന്നത് വലിയൊരു കടമയാ..
ഉപ്പ തന്ന കവറിൽ എന്താണെന്ന് നോക്കിയില്ല..ഊഹിക്കാം മൂസാക്കക്ക് ഏറ്റവും ഇഷ്ടമേറിയത് തന്നെ ആകുമെന്ന്..
തിരികെ നേരെ ഉപ്പാന്റെ അരികത്തേക്കാ പോയത്..
അരികത്തെത്തിയപ്പോഴേക്കും ഉറ്റ സുഹുർത്തിന്റെ വിഷേഷങ്ങൾ അറിയാനുള്ള വെപ്രാളമായിരുന്നു ആ വാക്കുകളിൽ നിറയെ..
ഉമ്മാന്റെ മുഖം നിലാവ് പോലെ തിളങ്ങി..
വാർദ്ധക്യത്തിൽ അവർക്കായ് ചെയ്യാൻ കഴിഞ്ഞ ഏറ്റവും നല്ലൊരു കാര്യമാണെന്ന് മനസ്സിലായി..
നമ്മുടെയൊക്കെ മതാപിതാക്കൾ സന്തോഷിക്കാൻ കാരണം നമ്മളാണെങ്കിൽ അതിനേക്കാൾ വല്യ സന്തോഷം വേറെ എന്തുണ്ട് ഈ ജീവിതത്തിൽ..
ഉപ്പാന്റെ ചങ്ങായിമാരെ ഉപ്പയെപോലെ കണ്ട് അവരുമായ് സ്നേഹം പങ്കിടുക,
സുഖ അന്വേഷണങ്ങൾ നടത്തുക..
കാരണം നമ്മളെക്കാൾ നമ്മുടെ ഉപ്പയെന്താണെന്നും എങ്ങനെയാണെന്നും അവർക്കറിയാം...
******************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
ഉറ്റ ചങ്ങായീന്റെ മരണം കഴിഞ്ഞ് കുറച്ചു കാലങ്ങൾക്ക് ശേഷം ശേഷം നിങ്ങളാ വീട്ടിലേക്ക് കയറി ചെന്നിട്ടുണ്ടോ എപ്പോഴെങ്കിലും?
ഇല്ലെങ്കിൽ ഒന്ന് പോകണം..
പോയിട്ടുണ്ട്
ഒന്നല്ല പലവട്ടം...അതും ഉപ്പാ എന്നും വിളിച്ചു കൊണ്ട്..
അന്നേരമാകും ഉമ്മറത്ത് പത്രവും വായിച്ചിരിക്കുന്ന ഉപ്പാന്റെ ഞെട്ടിയുള്ള നോട്ടം പുറത്തേക്ക് വരിക..
"ആ മോനോ,വാ കയറി ഇരിക്ക് ,ന്താ വർത്താനം അന്റെ ."
എന്നും പറഞ്ഞ് അവന്റെ ഉപ്പ തോളിൽ കൈവെച്ച് ഉമ്മറത്തെ കസേരയിൽ ഇരുത്തിപ്പിക്കും..
"സുബൈദാ ഇങ്ങട്ട് വന്നേ.."
ആ വിളി അകത്തേക്കു ഒഴുകുമ്പോ മനസ്സ് വല്ലാണ്ടൊന്ന് പിടയാനുണ്ട് ..
ന്റെ ഉമ്മയെ പോലെ ഉമ്മായെന്ന് ഒരുപാട് തവണ വിളിച്ചു കയറിയ വീടല്ലേ,
ഒരുപാട് തവണ ആ കൈകൊണ്ട് ഉണ്ടാക്കിയത് കഴിച്ചതുമാ,അതു കൊണ്ടു തന്നെ വാൽസല്യം ആവോളമുണ്ട് ആ മനസ്സിൽ..
"ആ മോനായിരുന്നോ,ഇയ്യെപ്പളാ ഗൾഫിന്ന് വന്നേ കൊറേ കൊല്ലായീലെ പോയിട്ട്.."
"ആ ഉമ്മ മൂന്ന് കൊല്ലായി,രണ്ടൂസായി വന്നിട്ട്.."
"പണിയൊക്കെ റാഹത്തല്ലെ മോനെ."
"അൽ ഹംദു ലില്ലാഹ് ഉമ്മ സുഖം തന്നെ.."
"ഇയ്യ് മോനിക്ക് വെള്ളം കലക്കിയെ "
എന്നു ഉപ്പ പറയും അന്നേരം,
"ഓഹ് ഞാനത് മറന്ന് ഇപ്പം വരാ മോൻ ഇരിക്ക് ട്ടോ "
ഇതും പറഞ്ഞ് അവന്റെ ഉമ്മ അടുക്കളയിലേക്ക് പോകും...
"ഉപ്പാ അഫ്സലിന്റെ മുറിയിലേക്ക് ഞാനൊന്ന് പൊയ്ക്കോട്ടെ.."
"ഓ അയിനെന്താ ഞാൻ തുറന്ന് തരാ താക്കോൽ ഓന്റെ ഉമ്മന്റെ കയ്യിലാ നിക്ക് ട്ടൊ ഇപ്പം വരാ.."
പുറത്തേക്ക് കണ്ണോടിച്ചപ്പോ എന്റെ ചങ്കായ അഫ്സലിനെ കവർന്നെടുത്ത അവന്റെ പൾസർ ബൈക്ക് ഷെഡിൽ മൂടി വെച്ചിരിക്കുന്നു ഇപ്പളും..
കണ്ടപ്പോ കണ്ണുകളൽപം നിറഞ്ഞു,അവനാ ബൈക്കിലിരുന്ന് എന്നെ വിളിക്കുന്ന പോലെ തോന്നി..
ശേഷം അവന്റെ റൂം തുറന്നു..
നല്ല ചന്ദന തിരിയുടെ മണം ആ മുറിക്കകത്ത് മുഴുവൻ..
"എന്നും സുബഹി നിസ്കാരം കഴിഞ്ഞാ ഓന്റെ ഉമ്മ ഈ റൂമിന്റെ ഉള്ളിൽ നിന്നാ ഖുർ ആൻ ഓതാർ എനിക്ക് കേറാൻ കയ്യൂല മോനെ മനസ്സിൻ ത്രാണിയില്ലാ അതോണ്ടാ.."
ഇതും പറഞ്ഞ് അവന്റെ ഉപ്പയുടെ ശബ്ദം ഇടറി
"ഹേയ് ഉപ്പ ഇങ്ങൾ കരയല്ലി .."
"ഇല്ല മോനെ ഞാൻ വെറുതെ മോനെ കണ്ടപ്പോ വല്ലാണ്ട് ആശിച്ച് പോയി അതോണ്ടാ.."
ചങ്ക് പറഞ്ഞിട്ടാണെങ്കിലും അവന്റെ മുറിക്കകത്ത് ഞാൻ കയറി..
ആങ്കറിൽ തൂക്കിയിട്ട അവന്റെ ആ പഴയ ഷർട്ടും പാന്റും ജീൻസും എല്ലാം അതു പോലെ തന്നെ ഇവിടെയുണ്ട്..
"ഡാ അഫ്സലെ നമ്മൾ മാറി മാറി ഉടുത്ത വസ്ത്രങ്ങൾ ഇപ്പോ എന്നെ നോക്കി കരയുന്ന പോലെ തോന്നുന്നെടാ നീ ഇപ്പോ ഇതു കാണുന്നുണ്ടോ ഡാ.."
ഒരു ഭ്രാന്തമായ അവസ്ഥയിൽ മനസ്സ് മൂളി..
പെട്ടന്നായിരുന്നു അവന്റെ ഉമ്മ കുടിക്കാനുള്ള വെള്ളവുമായ് വന്നത്..
തണുത്ത വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് പഞ്ചസാര ഇട്ടു കലക്കിയ വെള്ളം..
എനിക്കും അവനും ഏറെ ഇഷ്ടമുള്ള പാനീയം..
ഉമ്മാക്കെല്ലാം ഓർമ്മയുണ്ട്,മറന്നിട്ടില്ല..ആ മുഖത്തേക്ക് നോകിയപ്പോൾ ചുണ്ടുകൾ വിറച്ചു..
"മോനെ, ഓന്റെ ഡ്രസ്സ് അനക്ക് വേണെങ്കി എടുത്തോ ട്ടൊ,"
"ഏയ് വേണ്ട ഉമ്മ.."
"ഞാനാനെങ്കി വെറുതെ പൊടി കേറുമ്പോ ഞാൻ എടുത്ത് തിരിമ്പി പിന്നേം വെക്കും,
തിരുമ്പുമ്പോ അതിൽ ന്റെ കുട്ടി ചളി ആക്കി വരുമ്പോ പിറു പിറുത്ത് കൊണ്ട് അലക്കെങ്കിലും ഉമ്മാക്ക് നല്ല ഇഷ്ടേനൂ മോനെ പക്ഷെ ഇപ്പം ഒന്നും ഇല്ലല്ലോന്ന് ഓർക്കുമ്പോ........"
ഉമ്മ കരയാൻ തുടങ്ങി...
തട്ടം കൊണ്ട് മുഖം പൊത്തി തുടച്ചു കൊണ്ട് എന്നെ നോക്കി..
"ഉമ്മ, ഇങ്ങൾക്കൊക്കെ ആശ്വാസമായിക്കോട്ടെ ന്ന് കരുതീട്ടാ ഞാൻ വന്നെ,ന്നിട്ട് എന്നേം കൂടി സങ്കടപ്പെടുത്താണോ,എല്ലാം പടച്ചോന്റെ തീരുമാനമാണെന്ന് കരുതിയ മതി ഉമ്മ.."
"ഒന്നുല്യ മോനെ പെട്ടന്ന് അന്നെ കണ്ടപ്പോ ന്തൊക്കെയോ ഓർമ്മ വന്നോയി അതാ..
ന്റെ കുട്ടി ഇവിടെ ഇണ്ട്,അന്നേം ഈ ഉമ്മാനേം ഉപ്പച്ചീനേം കാണുന്നുണ്ട് എനിക്കുറപ്പാ.."
ഒരായുസ്സ് മുഴുവൻ പറഞ്ഞാലും തീരാത്ത അത്രയും നൊമ്പരവും സങ്കടവും ആ ഖൽബിൽ അലയടിക്കുന്നത് ഞാൻ കണ്ടു..
ഉമ്മാന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി...
വല്യ പെരുന്നാളിനു കഷ്ടിച്ച് ഒരാഴ്ച കൂടി ഉള്ളൂ..
"ഉമ്മ ഞാനും ബാവയും നിഷാദും ഷിഹാബുമൊക്കെ പള്ളി വിട്ടിട്ട് വരണ്ട് ട്ടോ പെരുന്നാൾക്ക്.."
"ന്തായാലും വരണം മക്കളെ ഉമ്മച്ചി പായസം ഉണ്ടാക്കി വെക്കും എല്ലാരും ചോറൊക്കെ കഴിചിട്ട് പോയാ മതി.."
"ഇൻ ഷാ അല്ലാഹ് ഉമ്മ തീർച്ചയായും.."
പിന്നീട് അങ്ങാടിയിൽ വെച്ചും പള്ളിയിൽ വെച്ചും ന്റെ ചങ്ങായിയുടെ ഉപ്പാനെ കാണുമ്പോ ഒരു സലാം പറഞ്ഞ് സുഖ അന്വേഷണം നടത്തി മടങ്ങും..
വെള്ളിയാഴ്ച ജുമു ആ കഴിഞ്ഞാൽ അവന്റെ ഖബറിനരികിൽ നിന്നു ഞങ്ങൾ ചങ്ങായിമാർ ദു ആ ചെയ്യും..
അവന്റെ വീടിനു വല്ലാത്തൊരു മണമാ...
കുന്തിരിക്ക പുകച്ച മണമല്ല മറിച്ച് അവൻ തോളോട് തോൾ ചേർന്ന് ചേർന്നു നിൽക്കുമ്പോ അവന്റെ മൊഴിമുത്തുകൾ ചെന്നു പതിക്കാറുള്ള എന്റെ കാതുകളിൽ തട്ടി സിരകളിലൂടെ നാസികകളെ മത്ത് പിടിപ്പിക്കൊരു മണം..
അതെ,
ഒരു ആശ്വാസമെന്നോണം ഉപ്പായെന്നും ഉമ്മായെന്നും വിളിക്കാൻ ഒന്നല്ല ഒരു കൂട്ടം മക്കളുണ്ടെന്ന് ആ ഉപ്പക്കും ഉമ്മക്കും മനസ്സിലാക്കാൻ തക്കത്തിലൊരു കയറി ചെല്ലൽ..അവന്റെ വീട്ടിലേക്ക്..
ഒരു മുന്നറിയിപ്പും കൊടുക്കാതെ സ്വന്തം വീട്ടിലേക്ക് ഏതു പാതി രാത്രിയിലും ചെന്നെത്തിയാലും കതകു തുറന്നു തരുന്ന രണ്ട് ജന്മങ്ങൾ..
നിങ്ങളുടെ പൊന്നു മോൻ ഞങ്ങളിലുണ്ട് ഉമ്മാ,
ഇന്നാ എടുത്തോ ഞങ്ങളെ സ്വന്തം മക്കളായി കണ്ടിട്ട്,
ദുനിയാവിൽ ആയുസ്സുള്ളോടത്തോളം കാലം....
ഫറോക്ക്ക് പേട്ടാ ജുമു ആ പള്ളി ഖബർ സ്താനിയിൽ ഉറങ്ങുന്നുണ്ട് ഇപ്പളും എന്റെയാ സുഹുർത്ത്....
വേർപ്പാടിനു ആറു വയസ്സ് ...
നിങ്ങളിത് വായിച്ചു കഴിഞ്ഞുവെങ്കിൽ
വേഗമൊന്ന് നിന്റെ ചങ്ക് സുഹുർത്തിനെ വിളിക്ക്,
അല്ലെങ്കിലൊന്ന് തല്ലുകൂട്,
അതുമല്ലെങ്കിൽ മനസ്സറിഞ്ഞൊന്ന് തെറി വിളിക്ക്...
എന്നിട്ട് അവനെ ചേർത്ത് പിടിക്ക് ശേഷം കണ്ണടച്ച് ആലോചിച്ചു നോക്കിയേ
"അവനീ ഇഹലോകം വിട്ടു പോകുന്നൊരു നിമിഷത്തെപറ്റി.."
അതെടാ,
അതൊരു വല്ലാത്ത സ്പെയ്സാ ലൈഫിൽ..നികത്താൻ പറ്റൂല..
*********************
ഒരിറ്റ് കണ്ണീരോടെ,
ഷാഹിർ കളത്തിങ്ങൽ
മുപ്പത് ദിവസത്തെ ലീവ്...
അതിൽ തന്നെ ആദ്യത്തെരണ്ടാഴ്ച്ച കുടുംബക്കാരുടെയും സുഹുർത്തുക്കളുടേയും കൂടെയുള്ള വിരുന്നിൽ തീർന്നു കിട്ടി...
പിന്നീട് വിരലിൽ എണ്ണാവുന്നത്ര ദിവസങ്ങൾ മാത്രം..
ഒരു വർക്കിംഗ് ഡേ..
ഉമ്മാന്റെ ജോലിയൊക്കെ രാവിലെ പതിനൊന്ന് ആവുമ്പോഴേക്കും കഴിഞ്ഞു എന്നറിഞ്ഞപ്പോൾ അൽഭുതം തോന്നി..
"ഉമ്മ ഞമ്മക്കിന്ന് പുറത്ത് പോയാലോ.."
"എങ്ങട്ടേക്ക് "
"എങ്ങട്ടേക്കെങ്കിലും പോവാ ഉമ്മ വേം മാറ്റി വരി.."
"ആ എന്നാ അമ്മായിന്റെ വീട്ടിലേക്ക് പോവാ കൊറേ ആയി പോയിട്ട്.."
"ആ പോവാ.."
മൊഞ്ച് മറഞ്ഞ ഉമ്മാന്റെ വയസ്സിലെന്ത് പത്രാസ്സ് അല്ലെ..
ഞാൻ മാറ്റി ഒരു ജീൻസും ടി ഷർട്ടുമിട്ടു,
ഉമ്മ ദേ ഞാൻ ഗൾഫിന്ന് വരുമ്പോ പ്രെത്യേകമായി കൊണ്ടു വന്ന ആ പർദ്ധ ഇട്ടു വന്നിരിക്കുന്നു..
"പോവാ എന്നാൽ.."
"ഇങ്ങക്ക് പർദ്ധ മാത്രോ ഉള്ളോന്നി.."
"ആ ഇത് മതി കല്യാണം ഒന്നും അല്ലല്ലോ.."
"ഹ്മ്മ് ആയിക്കോട്ടെ.."
അങ്ങനെ ഉമ്മാനേം കൊണ്ട് ഞാൻ ഇറങ്ങി..എവിടെ പോകാണെങ്കിലും നമ്മളെ ഉമ്മാമാരുടെ ബാഗിൽ ഒരു കുട ഉണ്ടാകും,മഴയാണെങ്കിലും വെയിൽ ആണെങ്കിലും..ആ പതിവ് ഉമ്മച്ചി തെറ്റിചില്ല..
ഒടുക്കം അമ്മായിയുടെ വീട്ടിലെത്തി ,
അവരുടെ നാട്ടു വർത്തമാനങ്ങളൊക്കെ കയിഞ്ഞു സലാം പറഞ്ഞു പിരിഞ്ഞപ്പോ സമയം മൂന്ന്ന് ആയിട്ടുള്ളൂ..
"ഉമ്മ ഞമ്മക്ക് ടൗണിലേക്ക് പോവാ വെർതെ "
"പോ ഇവനെ അത് ഇയ്യ് കല്യാണം കയിചിട്ട് ഓളായിട്ട് പൊയ്ക്കോ.."
"അതപ്പളല്ലേ,ഇങ്ങൾ വരി എപ്പളും വീട്ടിൽ തന്നല്ലെ ഒന്ന് പുറത്തൊക്കെ പോയി വരാ.."
ഉമ്മ സമ്മതം മൂളി..
നേരെ തിരിച്ചു കോഴിക്കോട് എസ് എം സ്റ്റ്രീറ്റിലേക്ക്...
കടകളിൽ നിറച്ചു വെച്ച വർണ്ണങ്ങൾ നിറഞ്ഞ ചുരിദാറിലും സാരിയിലും ഒന്നും ഉമ്മാന്റെ കണ്ണുകൾ വീണില്ല പകരം:
"മോനെ നോക്ക് ന്ത് രസള്ള പർദ്ധ ആല്ലെ,ഭയങ്കര വില ആവും.."
"ഇങ്ങക്ക് വേണൊ "
"ആ വെറുതെ പൈസ കളയാനായിട്ട് ന്തിനാ ഇപ്പോ..ഇതന്നെ മതി.."
ഉമ്മ വേഗം വിഷയം മാറ്റി...
അല്ലെങ്കിലും ഉമ്മമാരങനാണല്ലോ,എല്ലാത്തിനേം പറ്റി വാ തോരാതെ പറയുമെങ്കിലും അതിലേക്കടുക്കുമ്പോൾ വേണ്ടായെന്ന് പറയുന്ന്നൊരു പ്രെത്യേക മനസ്സ്..
"നെസിയുടെ മോന്റെ തുണി ഷോപ്പ് ഇയിന്റെ ഉള്ളിൽ എവിടോ ആടാ,നമ്മളെ അസ്നന്റെ കലാണത്തിനു ഡ്രസ്സ് എടുക്കൻ ഓല കൂടെ ഞാനും വന്നീനു.."
"ഉമ്മാ ആ കല്യാണം കയിഞ്ഞിട്ട് ഒരു കൊല്ലം കയിഞ്ഞീലെ ഓനിപ്പം വേറെ എവിടോ ആണു ജോലി.."
പാവം,
അന്നത്തെ ശേഷം ഇപ്പഴ ഇവിടെ വരുന്നത് തന്നെ...
"ഉമ്മാക്ക് ദാഹിക്കുന്നുണ്ടോ.."
"ആ വെള്ളം എന്തെങ്കിലും കുടിക്കാ എന്നാൽ "
കൂൾ ബാറിൽ കയറി ഓർഡർ ചെയ്തു..
"തണുപ്പ് കൊറച്ച് മതി മോനെ തൊണ്ട കേടാവും.."
ഗൾഫിലുള്ളപ്പോ ഉമ്മാനെ വിളിക്കുമ്പോ കേൾക്കാറുള്ള സ്ഥിരം ഉപദേശങ്ങളിലൊന്ന്..
അങ്ങനെ ഞാനൊരു ഷാർജ്ജ ഷെയ്ക്കും കുടിച്ചു ഉമ്മച്ചി പൈനാപ്പിളും..
ഗ്ലാസ്സ് മുഴുമിക്കാതെ ഒരു സിപ്പ് കൂടി ബാക്കി വെച്ച് ഉമ്മ പറഞ്ഞു:
"മതി "
കളയണ്ടാ എന്നു കരുതി ഞാനതു കുടിച്ചു..
ഉമ്മ കുടിച്ചതിന്റെ ബാക്കി...വല്ലാത്ത രുചി,നാവിലൂടെ ഒലിച്ചിറങ്ങിയത് ഖൽബിലേക്കായ പോലെ തോന്നി..
വീണ്ടും നീങ്ങി..
മാനാഞ്ചിറ സ്ക്വെയറിലേക്ക് കയറിയതും ഉമ്മ പറഞ്ഞു:
"ഇയ്യൊക്കെ കൊറേ ചെറുപ്പത്തിൽ എല്ലാ ആഴ്ച്ചയും എന്റേം ഉപ്പാന്റേം കൂടെ വരുന്ന സ്ഥലല്ലെ,ഇപ്പോ ആകെ മാറിക്ക്ണൂ ഇതിന്റെ കോലം.."
"എന്നാ ഉമ്മ വരി നല്ല രസള്ള പുല്ലൊക്കെ ഇണ്ട് ഇവിടെ.."
അതും പറഞ്ഞു നടന്നു..ഒരിടത്ത് ഇരിപ്പുറപ്പിച്ചു..
ഉമ്മാന്റെ മടിയിൽ തലവെച്ച് കുറച്ച് നേരം കിടന്നു..
നല്ല കാറ്റ്...അസ്തമയ സൂര്യന്റെ മൊഞ്ചുള്ള നിറം ആകാശം നിറയെ..
അതിനേക്കാളേറെ മൊഞ്ച് എന്റെ ഉമ്മാന്റെ മുഖത്തിനും..
പണ്ട് ഒളിച്ചു കളിച്ചു ആൾകൂട്ടത്തിനിടയിൽ എന്റെ മോനെ കാണാതായോ എന്നോർത്ത് വെപ്രാളത്തോടെ എന്നെ തേടി ഉമ്മ അലഞ്ഞു നടന്ന കഥകൾ അവിടെ വെച്ചാ അറിഞ്ഞത്..
ചുറ്റും പല തരം ആൾക്കാർ,
കാമുകി കാമുകന്മാർ,
ഒറ്റയ്ക്കിരിക്കുന്നവർ,വയസ്സന്മാർ,ഭാര്യ ഭർത്താക്കന്മാർ അങ്ങനെയങ്ങനെ ഒരുപാട്...
പക്ഷെങ്കിൽ.
അതിൽ നിന്ന് ഞാനും എന്റെ ഉമ്മയും വേറിട്ടു നിന്നു..സ്നേഹം കൊണ്ടാണെങ്കിൽ അങ്ങനെ...
എസ്കലേറ്റർ കയറാൻ പേടിയാണെന്ന് പറഞ്ഞപ്പോ മാളിലേക്ക് കയറിയില്ല..
അതിന്റെ പുറത്തെ കാഴ്ചകളിൽ മിന്നായം പോലെ കണ്ണുടക്കി പിന്നെയും നീങ്ങി..
അവിടെ വെച്ചെന്റെ പഴയ ഫ്രീക്കൻ സുഹുർത്തിനെ കണ്ടപ്പോൽ ഉമ്മ പറഞ്ഞു:
"ന്ത ത്താ കുഞ്ഞോനെ ഓന്റെ തല കുറ്റി ചൂൽ പോലെ.."
അത് കേട്ട സുഹുർത്ത് അതുവരെ അവന്റെ മുഖത്ത് ഞാൻ കാണാഞ്ഞൊരു നാണവും ചടപ്പും കണ്ടു..
ഉമ്മമാരുടെ പവറാണത് എന്നു ഞാൻ മനസ്സിലാകി..
"ഉപ്പച്ചി വരും മോനെ ഞമ്മക്ക് പോവാ.."
"നിക്കുമ്മാ,ഇങ്ങക്കിനി എന്താ വേണ്ടേ,ഒന്നും വാങ്ങില്ലല്ലോ വന്നിട്ട്.."
"ഇയ്യൊന്ന് പോയെ,വേം പോയിട്ട് വേണം കൂട്ടാൻ തിളപ്പിക്കാൻ,മഗ്രിബ് ബാങ്ക് വിളിച്ചാ പിന്നെ ഒന്നും നേരം കാലോം ഇല്ലാണ്ടാവും അയിന്റെ മുന്നെ എത്തണം.."
"ഹ്മ്മ് ന്നാ ഇങ്ങൾ കയറി വണ്ടീൽ.."
അങ്ങനെ ഉമ്മ ബൈക്കിൽ കയറി..നേരെ ബീച്ച് റോഡിലൂടെ ഒരു സഫാരി..
നല്ല ഉഗ്രൻ സഫാരി..അതും 30 സ്പീഡിൽ പതിയെ..അപ്പഴാ ഉമ്മ പറഞ്ഞത്:
"കുഞ്ഞോനെ ഉപ്പിലിട്ടത് വാഗ്യാലോ "
"അല്ലാഹ് ഇപ്പളെങ്കിലും ഉമ്മയൊന്ന് പറഞ്ഞല്ലോ.."
വണ്ടി നിർത്തി സുർക്ക കൊണ്ട് സ്വർഗ്ഗം പണിത ആ ഭരണിക്കുള്ളിൽ നിന്നും നെല്ലിക്കയും മാങ്ങയും ക്യാരറ്റും കവറിൽ അതിന്റെ നീരും ചേർത്ത് വാങ്ങി..
ഉമ്മ ഒരുപാട് സന്തോഷത്തിലാ ഇപ്പോ എന്നെനിക്ക് തോന്നി..
ഉമ്മാനേം കൊണ്ട് നമ്മൾ യാത്ര തുടങ്ങിയാൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു ഉൾവലി മനസ്സിൽ വന്നിരിക്കും..
വണ്ടിയുടെ വേഗം കുറയ്ക്കും,
പക്വത കൈവരും,
എല്ലാ മനുഷ്യരിലേക്കും നന്മയോടെ നോക്കിപ്പോകും..
അങ്ങനെയങ്ങനെ പലതും നമ്മളറിയാതെ നമ്മളിലെത്തി ചേരും..
പണ്ട് ഉമ്മന്റെ കയ്യും പിടിച്ച് കല്യാണത്തിലെ പുതുക്കത്തിനു പോയി കയ്യിൽ കേക്കും പപ്സും മിഡായിയും ഉള്ള പൊതിയുമായ് വരുന്ന നമ്മൾ ഒരിക്കൽ ഉമ്മാനേം കൊണ്ട് വെറുതെയൊന്ന് പോയി നോക്ക്..
തിരക്കൊഴിയാത്ത ഉമ്മാനെ ഒരു ദിവസമെങ്കിൽ ഒരു ദിവസ്ം കൂടെ കൂട്ടുക..
യാത്ര തുടങ്ങുക..എത്ര അരികത്തേക്കായാലും അതിനൊരു മൊഞ്ച് വരാനുണ്ട്..
കഴിച്ച മസാല ദോശകളിലെ സമ്പാറിൽ കൽഷണം നമ്മോട് പറയാതെ പറയുന്ന കഥകൾ,
കുടിച്ച പാനീയത്തിൽ നമ്മളറിഞ്ഞിട്ടില്ലാത്ത രുചി,
ഒരുപാട് തവണ പോയ അതേ ഇടത്തിനു അന്നു മാത്രം കണ്ടേക്കാവുന്ന ഭംഗി..
അങ്ങനെ കുറേ കാര്യങ്ങൾ ഓടിയെത്തും...
പത്രാസ്സോടെ കയ്യിലെ കായ് മുടക്കി നഗരം ചുറ്റുന്ന ആളുകൾക്കിടയിൽ ഒരു മുടക്കുമില്ലാതെ എളിമയോടെ നന്മയോടെ ആ തോളിൽ കയ്യും വെച്ച് നടക്കാം...കാണാ കഴ്ചകൾ നിറഞ്ഞ നഗരത്തിലൂടെ നടന്നു നീങ്ങാം..
ഉമ്മയൊന്നും ആവശ്യപ്പെടില്ലടോ ,
"വേണ്ടാ" എന്ന ഈ രണ്ടക്ഷരം സ്വയം വീർപ്പ് മുട്ടുന്നുണ്ടാകണം ഉമ്മാന്റെ വാശികൾക്കിടയിൽ കിടന്ന്..
അടുക്കളയിലെ ചെമ്പും പാത്രങ്ങളും പുറത്തെ അലക്കു കല്ലും തുണി ഉണക്കാൻ കെട്ടുന്ന കയറും കഴിഞ്ഞൊരു സാമ്രാജ്യം ആ രാജകുമാരിക്ക് വേണമെന്നില്ല,
ആഗ്രഹിക്കാറുമില്ല പക്ഷെ,
അവരൊരിക്കലും നമ്മിൽ നിന്നും പ്രെതീക്ഷിക്കാത്ത ഒരു വിരുന്നൊരുക്കി കൊടുക്കണം,
ആ കാഴ്ചകൾ കണ്ട് എന്റെ കണ്ണിലേക്ക് ഉമ്മ സ്നേഹത്തോടെ നോക്കണം,
ഇതുവരെ കിട്ടാത്തൊരു മുത്തവും കിട്ടണം...
കിനാവിന്റെ കിസ്സകൾ നിറഞ്ഞ പാട്ടുകളും പാടി ഉമ്മാനേം കൊണ്ടെനിക്ക് പറ പറക്കണം...
ജന്നത്തിന്റെ മടി തട്ടിലേക്ക്
*********************
ഷാഹിർ കളത്തിങ്ങൽ
ആരവങ്ങളൊക്കെ കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് കയറുമ്പോൾ മനസ്സിൽ ഉമ്മാന്റെ വാക്കുകളായിരുന്നു ഓടിയെത്തിയത്..
"മോനെ ബാപ്പയില്ലാത്ത കുട്ടിയാ ഓൾ,അയിന്റെ കൊറവ് നീ അ വീട്ടിൽ കാണിക്കരുത്,എല്ലരേം ഒരുപോലെ നമ്മളെ കുടുമ്പായി കാണ്ടാമതി.."
വലിയൊരു ഉത്തരവാതിത്തം ഏറ്റെടുക്കാൻ പോകുന്നപോലെ എനിക്കു തോന്നി..
നികാഹ് കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം ആയിരുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞത്..
നികാഹ് കഴിഞ്ഞ് അഞ്ചു മാസത്തിനകം കല്യാണവും നടത്തണമെന്ന തീരുമാനം പടച്ചോൻ തല കീഴായ് മറിച്ചു..
ചെറിയൊരു നെഞ്ചു വേദന ഒരു കുടുമ്പത്തിന്റെ അടിത്തറ ഇളക്കി..
എന്റെ പ്രിയ്തമയുടെ ഉപ്പയുടെ മരണം..!!!
മൂത്തവൾ ആണെന്റെ ഭാര്യ..പിന്നെയുള്ളത് പത്തം ക്ലാസ്സുകാരി അനിയത്തിയും ഒരു എട്ടാം ക്ലാസ്സുകാരൻ അളിയനും..
ഉമ്മ ഒരു പാവവും..
ജീവിതത്തിന്റെ ഓട്ട പാച്ചലിൽ നിന്നും ചങ്ങായിമാരൊത്തുള്ള സൊറ പറച്ചലിനും തിരശീലയിട്ട് പുതിയൊരു വേഷം..
ഒരു മരുമകൻ എന്നതിലുപരി എനിക്കവിടെ വേറെന്തോ സ്ഥാനം കാത്തിരിക്കുന്ന പോലെ..
ഉപ്പയുടെ ഓർമ്മകൾ അവളെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു..ബീവിയുടെ അനിയൻ
"അളിങ്കാക്കാ "
എന്ന് വിളിച്ചു വരുമ്പോ സ്വന്തം അനിയനെ പോലെ എനിക്ക് തോന്നിപ്പോയി..
പുതിയ കമ്മലും വളകളും വർണ്ണ കടലാസുകളും വസ്ത്രങ്ങളും എല്ലാം കൂട്ടിവെച്ച അവളുടെ അനിയത്തി കുട്ടിക്ക് ഇനിയതൊക്കെ വാങ്ങി കൊടുക്കാൻ ആ വീട്ടിൽ ഉപ്പയില്ല ..
ഉമ്മയും ഉപ്പയും അധിക ദിവസവും ഞങ്ങളെ കാണാൻ വിരുന്നിനു വരും..
"നീ ഓൾടെ വീട്ടിൽ അവർക്കൊരു താങ്ങായ് നിന്നോടാ,അനക്കതിനുള്ള കൂലി പടച്ചോൻ തരും "
ഉപ്പയുടെ വാക്കുകളായിരുന്ന്നു കല്യാണത്തിനു മുൻപേ..
നിക്കാഹിനു ഉസ്താദിന്റെ കൈ പിടിച്ചു സമ്മതം തന്നത് അവളുടെ മൂത്താപ്പയായിരുന്നു..
എന്താവഷ്യത്തിനും എന്റെ ഉപ്പയും ഉമ്മയും കൂട്ടിനുണ്ട്..
പലരും പറഞ്ഞതായി അറിഞ്ഞിരുന്നു. ഫിത്ന പറയുന്ന നാവിൽ നിന്നും വന്നത്
"കുഞ്ഞോൻ ആകെ കഷ്ടത്തിലാ, ഓനിക്ക് ഓളെ കൂടാണ്ട് അവിടത്തെ ബാക്കി ഉള്ളൊരേം നോക്കേണ്ട അവസ്ഥ വന്നീലെ"
എന്ന്..
പക്ഷെ അവർക്കറിയില്ലല്ലോ ഈ ഉത്തരവാതിത്തം ഞാനെന്ന വ്യെക്തി എത്രത്തോളം സന്തോഷത്തോടെയാ ചെയ്യുന്നതെന്ന്..
അല്ലെങ്കിലും ഉപ്പമാർ പടിയിറങ്ങി പള്ളിക്കാട്ടിലേക്ക് പോയ വീട്ടിലേക്ക് കല്യാണ ചെക്കനായി കയറി ചെല്ലുമ്പോ അവിടെ വെറുമൊരു "പുതിയാപ്ല" മാത്രമല്ല ജനിക്കുന്നത് ഒരു കുടുമ്പ നാഥൻ കൂടിയാണു..
അവളുടെ ഉമ്മാക്ക് എന്നോട് എന്തൊരു സ്നേഹമാണെന്നോ..
ഒരിക്കൽ ആ സ്ത്രീ തന്റെ കണ്ണുകൾ നിറച്ച് ചോദിച്ചിരുന്നു എന്നോട് :
"മോനിക്ക് ഒരുപാട് പ്രയാസങ്ങൾ വന്നൂ ല്ലെ, ഈ ഞങ്ങൾ കൂടി മോനിക്കൊരു ബാധ്യത ആയി പോയില്ലേ,അള്ളാന്റെ തീരുമനം ഇത്രയ്ക്ക് വേണ്ടീരുന്നില്ലാന്ന് തോന്നിപ്പോക "
"ഉമ്മ,
ഉമ്മയെന്താ ഏതോ ഒരു അന്യനോട് സംസാരിക്കുന്നു പോലെ എന്നോടിങ്ങനൊക്കെ പറയണേ.. ഞാൻ ഉമ്മാന്റെ മോളെ കെട്ടിയ ഭർത്താവാ, എപ്പോഴും വന്ന് വെച്ചുണ്ടാക്കിയത് വയറു നിറയെ തിന്ന് കിടന്നുറങ്ങി പോകുന്ന ഒരു മരുമകൻ ആകുന്നതിനേക്കാൾ എന്തുകൊണ്ടും ഞാൻ സന്തോഷത്തിലാ ഉമ്മ.."
"അത് മോനേ ഞാൻ സങ്കടം വന്നപ്പോ "
"ഉമ്മ ഇനിയെന്നോടീ വാക്ക് സംസാരിക്കരുത്, ഇവിടെ എന്റേയും നിങ്ങളുടേയും എന്ന ഒന്നില്ല ഉമ്മ നമ്മളുടേത് എന്നേ ഉള്ളൂ.."
ബീവിയേയും കൊണ്ട് ഇടക്ക് പുറത്ത് പോയി വരുമ്പോ നിറയേ ചോക്കളേറ്റുകൾ വാങ്ങിക്കും..
വീട്ടിലേക്ക് കയറി വരുന്ന സ്വന്തം ഉപ്പച്ചിയുടെ കയ്യിൽ നമ്മൾ മക്കൾ ഒരിക്കലെങ്കിലും ഒരു പൊതി കാണാതെ നിന്നിട്ടുണ്ടാകില്ല..
ഇന്ന് ഞാനാ ഭാഗം ഭംഗിയായി ചെയ്തു..
അവരെ ആ വേദന അറിയിചില്ല..
എന്റെ സ്വർഗ്ഗമായ എന്റെ പൊന്നുമ്മ അവളുടെ ഉമ്മയോട് എപ്പോഴും സംസാരത്തിൽ ആയിരിക്കും..
എന്റെ വീട്ടിലേക്ക് പോകുന്ന ദിവസം കുഞ്ഞളിയൻ പറയും:
"അളിങ്കാക്കാ വരുമ്പോ പ്ലേ സ്റ്റേഷൻ കൊണ്ടു വരോ "
സംഗതി ഓർമ്മയില്ലാതെ ഉപ്പച്ചിയോട് പറയുന്ന പോലെ പറഞ്ഞു പോയതാ പാവം..
അവളുടെ ഉമ്മ വേഗം പറഞ്ഞു:
"ഹേയ് വേണ്ട മോനേ അവനിക്ക് വട്ടാ, ഏത് നേരവും അതിന്റെ മോളിൽ ആവും.. നീ ഒന്ന് അടങ്ങി ഇരി റിസുവാൻ "
"ഉമ്മ എന്തിനാ ഓനോട് ചൂടാവണേ, ഞാൻ കൊണ്ടന്നോളാം ട്ടോ "
വെയിലേറ്റ് വാടിയ കുഞ്ഞളിയന്റെ മുഖം നിലാവിലെ ചന്ത്രനെ പോലെ തിളങ്ങി..
എല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്നത് കണ്ടതിലാകണം എന്റെ ബീവിക്ക് എന്നോട് അത്രയതികം മുഹബത്ത്..
അവളൊന്നും ആവശ്യപ്പെടുന്നേ ഇല്ല,
ഒരു ചുരിദാറോ സാരിയോ സ്വർണ്ണമോ ഒന്നും..
കാലിലെ ചെരുപ്പ് തേഞ്ഞു പോയത് അറിഞ്ഞത് തന്നെ വിരലിന്റെ ഭാഗത്ത് പാട് കണ്ട് ശ്രെദ്ധിച്ചപ്പോഴാ..
"നീ എന്താ പെണ്ണേ ഒന്നും എന്നോട് ആവശ്യപ്പെടാത്തേ, ഒരു കൊച്ചു മോദിരം പോലും നീ വേണമെന്ന് പറയുന്നില്ലല്ലോ"
"അതു പിന്നെ ഇക്ക, ഇങ്ങനൊക്കെ മതി, ന്തിനാപ്പോ കൊറേ ഡ്രെസ്സും പൊന്നുമൊക്കെ,മരിച്ച് പോകുമ്പൊ നമ്മളാകെ കൊണ്ടോകാ മൂന്നു കഷ്ണം തുണിയല്ലേ,"
"അതൊക്കെ ശെരിയാ പക്ഷെ എന്റെ നല്ല പാതിയാ എന്റെ എല്ലാം.. നിന്നെ സ്വീകരിച്ചതിൽ പിന്നെ ഞാൻ പുതിയൊരു മനുഷ്യനായി..
ഒരു മരുമകന്റെ സ്ഥാനം ജീവിതത്തിൽ എത്രത്തോളം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി..
ഒരു ഉപ്പയുടെ സ്ഥാനമാ എനിക്കിപ്പോ നിന്റെ വീട്ടിൽ.
ഞാനേറെ സന്തോഷവാനാടോ,
പടച്ചോൻ നമ്മളെ എത്രത്തോളം പരീക്ഷിക്കുന്നോ അത്രത്തോളം നമ്മൾ പടച്ചോനിക്ക് പ്രിയപ്പെട്ടവർ ആയിരിക്കും, അതു കൊണ്ട് ക്ഷെമിക്കാൻ എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട്.."
ഉമ്മറത്തൊരു കസേരയുണ്ട്..
അതിലിരുന്നാൽ വീടിന്റെ മുറ്റം കാണാം.. എന്റെ സഥാനമിന്നവിടെയാ..
നിക്കാഹിന്റേയും മൈ ലാഞ്ചിയുടേയും മണം കൂട്ടി ഉരസുമ്പോൾ ചുറ്റുമുള്ള ആയിരം കണ്ണുകൾ നോക്കി നിൽക്കേ കൈ പിടിച്ച് അവളെ കൊണ്ടു വരുന്ന അവളുടെ ആ വീട്ടിൽ നമ്മളെന്നും വിരുന്നുകാരാ..
പക്ഷെ ,
നാലു നേരത്തെ ആഹാരം നുണഞ്ഞ് "പുതിയാപ്ല " എന്നും മരുമകൻ എന്നുമൊക്കെ വിളിപ്പേരുള്ള നമ്മൾ ചങ്കിലെ നീരും വറ്റി വരണ്ട് നമ്മളിൽ വിഷ്വാസമർപ്പിച്ച് കൈ തരുന്ന ആ പെണ്ണിന്റെ ബാപ്പയുണ്ടല്ലോ,
ആ മനുഷ്യനൊരിക്കൽ പടി ഇറങ്ങും,
നിനച്ചിരിക്കാതെ നമ്മളെ തേടി എത്തുന്ന പുതിയൊരു വേഷം..
അവിടെ വരവു ചിലവ് കണക്കുകൾ പറയാതെ നട്ടെല്ലു നിവർത്തി ജീവിച്ചേക്കുക..
നിന്റെ പെണ്ണിന്റെ കുടുംബവും നിന്റേത് കൂടിയാണെന്ന ചിന്തയോടെ...
*********************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
ഇത്തയുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു...
ഇന്നു ഫ്രെണ്ട്സിനെയൊക്കെ വിളിച്ചോട്ടോ മോനേ എന്നു ഉമ്മ പറഞ്ഞപ്പോ തലേന്നു തന്നെ അവരോടൊക്കെ പറഞ്ഞ് ശെരിപ്പെടുത്തി..
വിരുന്നുകാർക്ക് വരുമ്പോൾ കൊടുക്കാനുള്ള ഭക്ഷണങ്ങൾ തയ്യാറാക്കി ടേബിളിൽ വിളമ്പി അറേഞ്ച് ചെയ്യാൻ ആരെങ്കിലുമൊക്കെ വേണ്ടേ..
ഇത്താത്ത കല്യാണം കഴിഞ്ഞു പോയ ശേഷം ഉള്ള ആദ്യത്തെ വിരുന്നാ..
മോഷമാക്കാൻ പറ്റൂല.
ഉപ്പ സുബഹിക്ക് ശേഷം തന്നെ അയമുക്കയുടെ പോത്തിറച്ചി കടക്ക് മുന്നിൽ കാത്ത് നിക്കാൻ തുടങ്ങി..
അരിയും മല്ലിചപ്പും കോഴിയും മീനും എല്ലാം എളപ്പ കൊണ്ടു വന്നു..
ടേബിളും കസേരയുമൊക്കെ കൊണ്ടു വരാൻ എനിക്ക് ഓർഡറും കിട്ടി..
സമയം വളരെ വൈകിപ്പോയി..കസേരയും മറ്റുമായുള്ള വണ്ടിയുടെ മുകളിൽ താങ്ങി പിടിച്ച് ഇരുന്നുകൊണ്ട് വരുമ്പോ മുണ്ടും ടി ഷർട്ടുമാ ഇട്ടത്...
ബിരിയാണി ചെമ്പിന്റെ കരിയെല്ലാം ഡ്രെസ്സിലായിട്ടുണ്ട്..
അന്നു കല്യാണ ദിവസം എന്നേം കെട്ടിപിടിച്ച് കരഞ്ഞ് ആകെ സീനക്കി പോയ എന്റെ പൊന്നിത്താത്ത ഇന്നു വരണു വിരുന്നുകാരി ആയിട്ട്..
ഒരുപാട് സന്തോഷം മനസ്സിൽ തോന്നുന്ന ദിവസം..
കാറിൽ അളിയനും ഇത്തയും വരുന്നു..
കയ്യിൽ നിറയെ പൊതികളുണ്ട്..ഇത്ത കുറച്ച് തടിച്ച പോലെയിണ്ട്..
വന്നിറങ്ങിയതും ഉമ്മ ഓടി ഇത്തന്റെ കൈ പിടിച്ചു ഉമ്മ വെച്ചു..
ഉമ്മ കരഞ്ഞു..എനിക്കത് കാണാൻ കെൽപ്പ് ഇല്ലാത്തത് കൊണ്ട് വെള്ളം കലക്കിയ പാത്രത്തിന്റെ അരികെ പോയി ടാങ്ക് കലക്കിയത് കുടിച്ചു..
എന്നെ ഇത്ത കണ്ടിട്ടുണ്ട്..ഞാൻ അകത്തേക്ക്ക് ഓടുന്നത്..
എനിക്കെന്തോ നാണമോ ബഹുമാനമോ ഭയമോ എന്തൊക്കെയോ വരുന്നപോലെ...
വീട്ടിൽ വിരുന്നിന്റെ ബഹളം..
ഇത്തയുടെ കയ്യിലെ സ്വർണ്ണ വളക്ക് നല്ല തിളക്കം..
നല്ല മൊഞ്ച്.
പക്വത വന്നപോലെ തോന്നുന്നു എനിക്ക്..
എന്നെയിങ്ങനെ തപ്പി നടക്കുന്നുണ്ട് ഇത്താത.ഞാനാണെങ്കിൽ മുകളിലത്തെ ഇത്ത കിടക്കാറുള്ള മുറിയിൽ കയറി ഇരുന്നു..
പുതു മണവാട്ടിയുടെ മണമുള്ള ചുരിദാറും അണിഞ്ഞ് ഇത്തയെന്റെ അരികത്തേക്ക് വന്നു..
എനിക്ക് ഭയവും നാണവും വന്നു..
"എന്താടാ ചെക്കാ എന്നോട് മിണ്ടത്തെ "
ഞാൻ മുഖം താഴ്ത്തി നിന്നു..ഇത്തയെന്നെ കുലുക്കി കുലുക്കി ചോദിച്ചു:
"ഓ അപ്പൊ എന്നെ വേണ്ടല്ലെ നിനക്ക്.."
എന്നും പറഞ്ഞ് ഇത്ത കണ്ണു നിറച്ചു..
അതു കണ്ടപ്പോൾ എനിക്കും സങ്കടം വന്നു..
"ഇത്താ " ഞാൻ വിളിച്ചു..
"എന്താടാ നിനക്ക് പറ്റ്യേ,എല്ലാരും വന്നല്ലോ എന്നിട്ടും ഇയ്യെന്താ എന്നോട് മിണ്ടാണ്ട് മുകളിലേക്ക് കയറി വന്നേ "
"അത് ഇത്താ എനിക്ക്...." എന്റെ വാക്കുകൾ മുറിഞ്ഞു..
അന്നു കല്യാണ ദിവസം പോയി വരാടാ എന്നും പറഞ്ഞ് കാറിൽ കയറുമ്പോ ഞാൻ മുകളിലേക്കോടിയിരുന്നു..
മട്ടുപ്പാവിൽ നിന്നും കാർ കണ്ണിൽ മറയുന്നവരെ നോക്കി നിന്നിരുന്നു..
എന്തോ കരളിന്റെ ഭാഗം കട്ടെടുത്ത് കൊണ്ടു പോകുന്ന പോലെയാ എനിക്കപ്പോ തോന്നിയത്..
ഇനി ഇത്ത പഴയ ഇത്തയല്ലല്ലോ..
എന്റെ തലയിലെ പേൻ എടുത്ത് തരാനും,
ഇടക്കിടക്ക് റിമോട്ടിനു വേണ്ടി തല്ലു കൂടാനും,
ഒന്നുമിനി കയിയൂലല്ലോ..
ഇപ്പൊ ഒരു വിരുന്നുകാരി ആയി മാറീലെ എന്റെ ഇത്ത..
ഞാൻ മനസ്സിൽ ആലോചിച്ച് നിന്നു...
"വാ ഇത് നോക്ക് നിനക്ക് ഞാൻ എന്താ കൊണ്ട് വന്നത് എന്ന് "
അതും പറഞ്ഞ് കയ്യിലെ ചുരുട്ടി വെച്ച ടവ്വലിൽ നിന്നും ഇത്ത എനിക്കേറ്റവും ഇഷ്ടമുള്ള ചോക്കളേറ്റ് തന്നു..
എന്നിട്ട് പറഞ്ഞു:
"ആരും കാണാതെ കൊണ്ട് വന്നത ടാ,ഇക്കനോട് പറഞ്ഞ് വാശി പിടിച്ച് വാങ്ങിയതാ..ഇന്നാ തിന്നോ.."
എന്റെ ഇത്തക്ക് മാറ്റം വന്നെന്ന്ന് ആരാ പറഞ്ഞെ,
ഇല്ല എന്റെ ഇത്ത അങ്ങനെ തന്നെയാ..
"എന്താടാ നോക്കുന്നെ വേണ്ടേ.."
പെട്ടന്ന് എനിക്ക് കരച്ചിൽ വന്നു..
"അയ്യേ പോത്ത് പോലെ വലിപ്പം വെച്ചിട്ട് ഇയ്യെന്താ കരയണേ.."
"ഒന്നുല്ല്യ ഇത്താ,ഇത്ത പോയപ്പൊ എനിക്ക് ന്തോ പോലെ,ആകപ്പാടെ മനസ്സിനൊരു വേദന..അതാ.."
"ദേ നല്ലൊരു ദിവസായിട്ട് എന്നെകൂടി കരയിപ്പികല്ലെ ട്ടോ.."
"ഇത്ത ഇന്ന് തന്നെ പോവോ "
"ആടാ പോയല്ലെ പറ്റൂ,ഇയ്യ് ഇടക്ക് വാ അങ്ങോട്ട് രണ്ടൂസം താമസിചൊക്കെ പോവാല്ലൊ.."
"ഹ്മ്മ് ഞാൻ നോക്കണ്ട്."
ഇന്നത്തെ ഭക്ഷണത്തിനു നല്ല രുചി..
ഞാനും ഇത്തയും മുകളിലത്തെ ബാൽകണിയിൽ നിന്നാ കഴിച്ചത്...
സാധാരണ കഴിക്കുമ്പോ വലിയ പീസ് കോഴി ഞാൻ ഇതാന്യെ പ്ലെയിറ്റിൽ നിന്നും അടിച്ചു മാറ്റാറുണ്ട്..
പക്ഷെ ഇപ്പോ ഞാൻ കുറച് മാത്രം വിളമ്പി വന്നതിൽ ഇത്ത എനിക്ക് വേണ്ടി വലിയ കക്ഷണങ്ങൾ എടുത്ത് എന്റെ പ്ലെയിറ്റിലേക്ക് ഇട്ടു തരുന്നു..
വൈകുന്നേരത്തോടെ ഇത്ത പോകാൻ വേണ്ടി ഇറങ്ങി..
ഞാൻ ഉമ്മയുടെ കൂടെ നിന്നു..
ഇത്താത്ത എന്നെ സ്വകാര്യത്തിൽ വിളിച്ചിട്ട് പറഞ്ഞു:
"ഇത്ത വരണ്ട് ട്ടോ,ഇപ്പൊ ഒന്നു രണ്ട് സ്ഥലത്ത് ഇക്കക്ക് പോവാൻ ഇണ്ടെന്നാ പറഞ്ഞെ..ഹ്മ്മ്"
പൊന്നാങ്ങളയുടെ മനസ്സ് മനസ്സിലകകിയിട്ടാകണം എന്റെ കെട്ടിപിടിചു വെറുതേ കരഞ്ഞു..
"ഇതാത്താ ഇങ്ങൾ കരയല്ലി "
ഞാൻ സമാധാനിപ്പിചു..
വിരുന്നുകാരി ആയ വന്ന ഇത്തയുടെ മുഖം അപ്പളും നല്ല ചേലായിരുന്നു കാണാൻ..
ഇനിയെപ്പളാ വരാന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല കാരണം ഇത്തയിപ്പോ അവരുടെതായില്ലേ..
എന്റെ ഉപ്പച്ചിയും ഉമ്മയും അവർക്ക് കൊടുത്തല്ലോ..
വാശി പിടിക്കാൻ പറ്റില്ലല്ലോ..
അന്നു പോകുമ്പോളും പൊട്ടി കരഞ്ഞ ഇത്തക്ക് ഇന്നും അങ്ങനെയൊക്കെ കരയണമെന്നുണ്ട് പക്ഷെ അത് ഈ അനിയന്റെ മുൻപിൽ മാത്രേ കാണിചുള്ളൂ..
സ്നേഹമുള്ള ഇത്തയാ എന്റെ..
അളിയൻ പൊന്നുപോലെ നോക്ക്യാ മതിയായിരുന്നു..
ടൗണിലേക്ക് ഉപ്പന്റേം എന്റേം കൂടെ പോകുമ്മളേ ഇത്തക്ക് പേടിയാ,പരിചയമില്ലാത്ത ആൾക്കാരെ കാണുമ്പോൾ..
ആ ഇത്ത
പരിചയമില്ലത്ത കുറേ ആൾക്കാരുടെ ഇടയിൽ ജീവിതകാലം കഴിചു കൂട്ടാന്നൊക്കെ പറഞ്ഞാ..
ഹാ എനിക്കറിയാ ഈ ആദ്യത്തെ വരവിൽ ഈ അനിയന്റെ കൂടെ ഒരുപാട് സമയം ഉണ്ടാകും എന്ന്..
അത് അങ്ങനെതന്നെ ആയതിൽ എനിക്ക് നല്ല സന്തോഷവും ഇണ്ട്..
കലങ്ങിയ കണ്ണുകൾ ആരും കാണാതെ തുടച്ച് കല്യാണ ശേഷമുള്ള ആദ്യത്തെ വിരുന്നിനു വന്ന എന്റെ പൊന്നിത്താത്തക്ക് കുറേ സമ്മാനവുമായ് ഒരിക്കൽ അങ്ങോട്ടും പോകണം എനിക്ക്..
അവിടുന്ന് അടി കൂടാൻ പറ്റില്ലല്ലോ എനിക്ക് എന്നോർക്കുമ്പോഴാ സങ്കടം..
കാരണം,
അവിടെ ഞാനുമൊരു അഥിതി മാത്രം..
പലഹാരങ്ങളുമായ് വരുന്ന ഇത്തയുടെ മുഖവും അതിനിടക്ക് ചുറ്റും കുറേ മുഖങ്ങളും..
കാറു നീങ്ങിയപ്പോ ഇത്ത ഒന്ന് തിരിഞ്ഞു നോക്കി..
ഞാൻ വേഗം മുകളിലത്തെ റൂമിലേക്കോടി..
ടവ്വൽ പൊതിഞ്ഞു തന്ന ചോക്കളേറ്റും നുണഞ്ഞ് കൊണ്ട് ഞാൻ ഇത്തയെ നോക്കി കണ്ണുകൾ നിറച്ചു..
അന്നേരം സാക്ഷിയായ് ദുനിയാവിൽ പടചോൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
ആരവങ്ങൾ കഴിഞ്ഞ വീട്ടിൽ ഈ അനിയൻ വീണ്ടും ഒറ്റക്ക്..
എനിക്കെന്തൊക്കെയോ സംസാരിക്കണമെന്നൊക്കെ ഉണ്ടായിരുന്നു,
തല്ലുണ്ടാക്കണം എന്നുണ്ടയിരുന്നു പക്ഷെ എന്തോ ഒരു അകൽച പോലെ..ഇത്താത്ത ആരൊക്കെയോ ആയ പോലെ..
വലിയ പെണ്ണായെന്ന് അമ്മായിമാർ പറയുന്നെങ്കിലും എനിക്ക് ആ പൊന്നിത്താത്ത തന്നെയാ എനിക്കിപ്പളും..
അളിങ്കാക്കനോട് ദേഷ്യമൊക്കെ വന്നുപോയി പെട്ടന്ന് ,
അന്നേരം ,
വല്ലിപ്പ പറഞ്ഞതാ പെട്ടന്ന് ഓർമ്മ വന്നത്:
"മോനെ ഈ ദുനിയാവ് വളരെ ചെറുതാ,അതിലെ നമ്മൾ മൻഷ്യന്മാർ വളരെ വലുതും,
പക്ഷെങ്കിലെ പല സമയത്തും നമ്മൾ മൻഷ്യന്മാർ ജീവിതത്തിൽ ചെറുതായിപോകുന്ന സമയമുണ്ട് അതു നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടി ആയിരിക്കണം എപ്പഴും.."
*********************
ഷാഹിർ കളത്തിങ്ങൽ
ഇത്താത്ത പുര നിറഞ്ഞ് നിൽക്കുകയാണെന്ന് കുടുംബക്കാരെകൊണ്ട് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി..
ഇരുപത്തെട്ട് വയസ്സായത്രെ..
"ഇത്ര പ്രായ്മുള്ള ഒരുത്തിയെ ആരു വന്ന് കെട്ടനാ "
എളാമ്മയും മൂത്താപ്പയുമെല്ലാം പലതവണ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..
എന്റെ ഇത്ത പാവമ..എനിക്കറിയാവുന്ന പോലെ ആർക്കും അറിയൂല..എന്തിനാ എല്ലാരും കൂടി എന്റെ ഇത്തത്തയെ കുറ്റം പറ്യണേ എന്ന് എപ്പോഴും ചിന്തിക്കും..
ഉപ്പച്ചി മരിച്ചപ്പോ എനിക്കന്ന് പത്ത് വയ്സ്സാ..ഇത്തത്തന്റെ കോളേജിലെ പോക്ക് അന്നത്തോടെ നിന്നു..നന്നായി പടിക്കും..എല്ലാ വരുമാനങ്ങളും നിന്നപ്പോ ടൗണിലുള്ള കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോയി..
ഉമ്മാനേം എന്നേയും നല്ലോണം നോക്കി എന്റെ ഇത്ത..
എല്ലാ ആഗ്രഹങ്ങളും മൂടികെട്ടി വെച്ച് പട്ടിണി മാറ്റാൻ ജോലിക്കിറങ്ങിയ എന്റെ പൊന്നിത്തത്ത എന്റെ എല്ലാമാണു..
ഉമ്മാക്കറിയാം ഇത്തായെ..
മോളെപറ്റി കുടുംബക്കാർ പറയുന്നതിനു അതുകൊണ്ട് തന്നെ ചെവി കൊള്ളാറില്ല..
ഉമ്മയുടെ അസുഖവും കൂടി ആയപ്പോൾ വരുമാനത്തിനായ് ആരുടെയും മുൻപിൽ കൈ നീട്ടാൻ ഗതി വരുത്താതിരിക്കാനാ എന്റെ ഇത്ത ജോലിക്കിറങ്ങിയത്..
അല്ലെങ്കികും ഈ പറയുന്നോരൊന്നും അത്യാവശ്യ സമയത്ത് ഞങ്ങളെ തിരിഞ്ഞ് നോക്കിട്ടെ ഇല്ല..എന്നിട്ടാ വീട്ടിൽ വന്ന് ഓരോന്ന് പറയുന്നത്..
എനിക്കിപ്പോ പതിനെട്ട് വയസ്സയല്ലോ ഇനി വെറുതെ നിൽക്കുന്നത് മോശമായത് കൊണ്ട് കോളേജ് കഴിഞ്ഞ് വന്ന ശേഷം മജീദ്കയുടെ പച്ചക്കറി കടയിൽ ജോലിക്ക് നിക്കും..
ക്ലാസ്സില്ലാത്ത സമയം മുഴുവൻ ജോലിക്കും..
ഇടക്കിടക്ക് ഞാനിസ് ഇത്തത്തന്റെ അടുത്ത് പോയി ചോദിക്കാടുണ്ട്:
"ഇത്താത്താ, ഈ അനിയനിക്ക് ഒരു അളിയനെ തന്നൂടെ "
"അതൊക്കെ വരും മോനെ,എവിടേലും പടച്ചോൻ കണ്ട് വെച്ചു കാണും "
എന്നും പറഞ്ഞ് എന്റെ നെറ്റിയിൽ ഉമ്മ വെക്കും..
"വയസ്സേറിയ പെണ്ണിനെ ആരു കെട്ടാനാ ,വല്ല രണ്ടാം കെട്ടോ പ്രായം കൂടിയതോ ആയ ആൾക്കാരെ നോക്കേണ്ടി വരും.."
കാർണ്ണവർമ്മാരുടെ വർത്തമാനങ്ങൾ കേൾക്കുമ്പോഴേ എനിക്ക് കലി വരും..
"എന്റെ ഇത്താത്തക്ക് ഒരു മൊഞ്ചുള്ള പുതിയപ്ല വരും എനിക്കുറപ്പാ.."
ഞാൻ മനസ്സിൽ പറയും..
അങ്ങനെയിരിക്കെ,
സ്ഥിരമായ് കയറാറുള്ള ബസ്സിലെ കൻഡക്റ്റർ വിവാഹം ചെയ്യാനെന്നും പറഞ്ഞ് വന്നു..
പ്രായമോ ഒന്നും പ്രെശ്നമല്ലത്രെ..സ്ത്രീധനവും വേണ്ട..
നല്ല അദ്ധ്വാനിക്കാൻ മനസ്സുള്ള മനുഷ്യൻ..എനിക്ക് ആദരവ് തോന്നി..
എങ്കിലും ഇറങ്ങുന്ന പെണ്ണിന്റെ കഴുത്തിലും കാതിലും എന്തെങ്കിലും വേണ്ടേ..
അതിന്നു പൈസ തികയണ്ടേ...
ഒന്നുമില്ലാതെ ഇറങ്ങുന്ന മണവാട്ടി ആയി എന്റെ ഇത്തത്ത പോകണ്ട എന്നെനിക്ക് തോന്നി..
കുറ്റം പറഞ്ഞ് വന്ന വീട്ടുകാരും നാട്ടുകാരും സഹായിക്കാനേ വന്നില്ല..
സ്വന്തം അദ്ദ്വാനിച്ച് മിച്ചം വെച്ച് മിച്ചം വെച്ച് കൂടിയ കുറിയിലെ പൈസ കിട്ടിയപ്പോ മനസ്സൺനു തണുത്തു ഉമ്മാന്റേം ഇത്തത്തയുടേയും..
ആദ്യമായാകും പെണ്ണിന്റെ പൊന്നു പെണ്ണു തന്നെ വാങ്ങുന്നത്..
കല്യാണ ചിലവ് മുൻപിൽ കണ്ടപ്പോൾ തൊട്ട് രാപകലില്ലാതെ ഞാൻ ജോലിക്ക് പോകാൻ തുടങ്ങി..ഇത്താത്ത എന്നോട് ചൂടായി ഞാൻ മൈന്റ് ചെയ്തില്ല..
അനിയന്റെ വിയർപ്പുകൊണ്ട് ഇത്തത്തക്കൊരു വള ഞാൻ വാങ്ങിച്ചു കൊടുത്തു..
ഇത്തയുടെ മുറിയിൽ കയറി കൈവെള്ളയിൽ വെച്ചു കൊടുത്തപ്പോൾ തേങ്ങി തേങ്ങി കരയുന്നതാ ഞാൻ കണ്ടത്..
എനിക്ക സങ്കടം വന്നു എങ്കിലും സമാധാനിപ്പിച്ചു..
മണവാട്ടി പെണ്ണായ് എന്റെ ഇത്താത്ത...
എന്തു ഭംഗിയാ കാണാൻ..പെണ്ണിനു മൊഞ്ച് പൊന്നാണെന്ന് കേട്ടിട്ടുണ്ടെങ്കിലും നാലു വളയും രണ്ടു ചെയിനും ഇട്ടിറങ്ങുന്ന എന്റെ പൊന്നിത്താ നല്ല സുന്ദരി തന്നെ..
അടുത്ത പരിചയക്കാരേയും കുടുംബക്കാരേയും മാത്രം വിളിച്ച് ചെറിയൊരു പരിപാടി..
ഉമ്മാക്ക് ഉള്ളിൽ നല്ല സങ്കടമുണ്ടെന്ന് എനിക്ക് മനസ്സിലായി...
അളിയന്റെ വീട്ടിൽ നിന്നും പെണ്ണുങ്ങൾ വന്നു..
"ഓൾക്ക് ഇരുപത്തെട്ട് വയസ്സൊക്കെ ആയീലെ"
എന്ന് കുശുംബ് പറയുന്നവരെ ഞാൻ ദേഷ്യത്തോടെ നോക്കി..
ഫിത്ന പറയുന്നവർ...
അല്ലെങ്കിലും പെണ്ണിനൽപം വയസ്സേറിയാൽ നിന്നു പോകുന്ന കാടൻ മാമൂലുകൾ..
അങ്ങനെ ഇത്താത്തയെ കൊണ്ടുപോകാൻ അവരൊരുങ്ങി..
ഇറങ്ങാൻ നേരം ഞാൻ ഉമ്മയുടെ മുഖത്തേക്കൊന്നു നോക്കി...
സ്വപ്നങ്ങൾ കോർത്ത ജീവിതത്തിൽ സ്വയം ഉരുകി കഷ്ടപ്പെട്ട് ഞങ്ങളെ നോക്കിയ പൊന്നിത്തയെ വിട്ട് പിരിയാൻ ആ മനസ്സിനു കഴിയാത്ത പോലെ..
ഞാനും ഉമ്മയും ഇത്തത്തയും ഒന്നു മാറി നിന്നു ആൾകൂട്ടത്തിനിടയിൽ നിന്നും..
"ന്റെ കുട്ടിക്ക് നല്ലതേ വരൂ..മോൾക്ക് ഈ ഉമ്മാനോടും മോനോടും പിണക്കമൊന്നും ഇല്ലല്ലോ "
"പിണങ്ങേ,എന്തിനാ ഉമ്മ ഇങ്ങനെ പറഞ്ഞ് വിഷമിപ്പിക്കുന്നേ,എനിക്കൊരുപാട് സന്തോഷമേ ഉള്ളൂ,ഈ ഉമ്മന്റെ മോളായി ജനിച്ചില്ലേ ഈ അനിയൻ കുട്ടന്റെ ഇത്തത്തയായ് വളർന്നില്ലേ "
അതുവരെ കടിച്ചു പിടിച്ച ഞാൻ നിയന്ത്രണം വിട്ട് ഇത്തത്തയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..
"അയ്യേ പോത്തുപോലെ വലിപ്പം വെച്ചിട്ടും ചെക്കൻ കരയണേ കണ്ടില്ലേ ഉമ്മ "
എന്നും പറഞ്ഞ് എന്നെ നോക്കി ചിരിക്കുന്നു..പക്ഷെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ഇത്തയുടെ..
പോകുന്നത് മണിമാളികയിടെ സ്വപ്ന ലോകത്തേക്കല്ല,
നമ്മളെ പോലെ തന്നെ പ്രാരാബ്ദങ്ങളൊക്കെ ഉള്ള ഒരു കൊച്ചു കൂരയിലേക്കാ..
എനിക്കുറപ്പാ എന്റെ ഇത്തത്തക്ക് ഒരുപാട് സ്നേഹം അവർ നൽകുമെന്ന്..
അളിയനാകാൻ പോകുന്ന ആ മനുഷ്യനെ ഞാൻ ഉപ്പയോളം സ്ഥാനം നൽകിയ പോലെ തോന്നി...
പുര നിറഞ്ഞവൾ പടിയിറങ്ങി പോയിരിക്കുന്നു..
ഞാനും ഉമ്മയും മാത്രമുള്ള ഈ കൂരയിലേക്ക് കയ്യിൽ നിറയെ സമ്മാനപൊതിയും മധുരവും ആയി വിരുന്നിനു വരുന്ന ആ മൊഞ്ചുള്ള എന്റെ പൊന്നിത്താത്തയെ ഞാൻ വരവേൽക്കാനായ് കാത്തിരിക്കുകയാണിപ്പോൾ..
കാര്യ ഗൗരവമുള്ള ഒരു ആൺകുട്ടിയാണു ഞാനെന്ന് എനിക്ക് തോന്നി കാരണം,
അനിയന്റെ വിയർപ്പിനാൽ പണിത ആ കൊച്ചു വള എങ്കിലും എന്റിത്താക്ക് എന്നും കൂട്ടിനുണ്ടാകുമല്ലോ...
ഈ പൊന്നാനിയനെ ഓർക്കാൻ..
*******
വിവാഹ പ്രായം കഴിഞ്ഞിട്ടും സാഹചര്യങ്ങളാൽ സ്വപ്നങ്ങൾ മൂടിവെച്ച് ജീവിക്കുന്ന ദുനിയാവിലെ ഇതുപോലതെ പെണ്ണിനെ കൊണ്ടുപോകാനൊരു വാതിൽ നാഥൻ നിനച്ചിരിക്കതെ തുറക്കാതിരിക്കില്ല...
*********************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
ഉമ്മയില്ലാത്ത വീട്ടിലേക്കാണ് ഞാൻ കയറി ചെല്ലുന്നത്,
മൂത്തച്ചി ആയി മാറി ഇപ്പോ ഞാൻ..
ഇക്കാന്റെ വീട്ടിലെ മൂത്ത മരുമകളായി കയറി ചെല്ലുമ്പോൾ ഒരുപാട് ഉത്തരവാതിത്തങ്ങൾ ഉള്ളപോലെ തോന്നി..
ഇക്കയുടെ ഉമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടുണ്ട്,
അമ്മായി അമ്മ ഇല്ലാത്ത ആ വീട്ടിൽ ഇക്കയുടെ ഉപ്പയും മൂത്തച്ചി എന്നു വിളിക്കാൻ രണ്ടു അനുജന്മാരും..
ഒരാൾ പത്താം ക്ലാസ്സിലും ഒരാൾ എട്ടിലും ആയതെകൊണ്ട് തന്നെ ഉമ്മയുടെ പരിഗണന എനിക്ക് തന്ന പോലെ തോന്നി..
ഉപ്പ മരമില്ലിൽ ഈർന്നു കൊടുക്കുന്ന ജോലി..
എന്റെ പുരുഷൻ ടൗണിലൊരു ജൂസ് കടയും.
എന്റെ ഉമ്മയുടെ ഉപദേശങ്ങൾ എനിക്ക് ഒരുപാട് ദൈര്യം നൽകിയിരുന്നു..
ഉമ്മയില്ലാത്ത മക്കളുള്ള വീട്ടിലേക്ക് കയറി ചെല്ലുന്ന ആദ്യത്തെ പെണ്ൺ..
അതുകൊണ്ടു തന്നെ അവിടത്തെ എല്ലാവർക്കും എന്നെ വലിയ ഇഷ്ടമായിരുന്നു..
ക്യാൻസർ വന്ന് ഇക്കയുടെ ഉമ്മ മരിച്ച ശേഷം ആ വീടാകെ നിശബ്ദത മൂടി കെട്ടിയിരുന്നു..
അല്ലെങ്കിലും അങ്ങനെയൊരു വീട്ടിൽ ഒരു പെൺകൊടി ഇല്ലാത്ത വീട്ടിൽ എങ്ങനെയാ ഉപ്പയും ആൺ മക്കളും ജീവിക്കാ..
ഓർത്തെടുത്തപ്പോ തന്നെ ഒരുപാട് സങ്കടം വന്നു എനിക്ക്..
അടുക്കള അപൂർവ്വമായേ ഉപയോഗിക്കൂ എന്നു തോന്നിപ്പോകും വിധം പാത്രങ്ങളൊക്കെ പൊടി പിടിച്ചു കിടക്കുന്നു..
പുറത്ത് നിന്നും പാർസ്സൽ വാങ്ങി വരാറാണത്രെ അധികവും.
ഇക്ക അങ്ങനെയാ എന്നോട് പറഞ്ഞത്..ഇനിയങ്ങനെ അല്ലല്ലോ..
വീട്ടിലൊരു പെണ്ണു വന്നുഫൊർ കയറിയില്ലേ..എനിക്ക് ഒരുപാട് പക്വത വന്നപോലെ തോന്നി..
കോളേജിൽ പടിക്കുമ്പോ മനസ്സൊക്കെ വേറെ ലോകത്തായിരുന്നു..
എന്റേതായ ലോകം..ഇന്നിപ്പോ വലിയൊരു വീടിന്റെ നാഥ ആയി മാറാനുള്ള പോലെ..
പടച്ചവനോട് ശുകുർ നൽകി ഞാൻ ബിസ്മിയും ചൊല്ലിയ ശേഷം നാലു ഗ്ലാസ്സ് ചായക്ക് വേണ്ടി വെള്ളം വെച്ചു..
അടുക്കളയിൽ നിന്നുമിസ് പുക ഉയരുന്നത് കണ്ടപ്പോൾ ഇക്ക വന്നുഫൊർ ചോദിച്ചു:
"ആഹാ നീ അപ്പോളേക്കും അടുക്കള കയ്യേറിയോ.."
"ഇതെന്ത്താ ന്നി ഇങ്ങനെ,ആകപ്പാടെ മാറാലയും പൊടിയും ആയിട്ട് അടുക്കള.."
അതു പറഞ്ഞതും ഇക്ക മുഖം താഴ്ത്താൻ തുടങ്ങി..
"എന്താ ഇക്ക "
"ഒന്നുല്ല്യ പെണ്ണേ,നീ വേഗം ചായ ഇണ്ടക്ക്.."
ഇതു പറയുമ്പോൾ ഇക്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
ശെരിയാ ഉമ്മ മരിച്ചതിൽ പിന്നെ ഇങ്ങോട്ട് വരുമ്പോ ആ മോനേ എന്നുള്ള ശബ്ദം കേൾക്കുന്ന പോലെ തോന്നും..
ഇനി ആ വിഷമം ഇവിടെ ആർക്കും വരുത്തരുത് എന്നു ഞാൻ തീരുമാനിച്ചു...
അനിയന്മാരുടെ മുൻപിൽ ചായ കൊണ്ട് വെച്ചു കൊടുത്തപ്പോൾ എന്നെയൊന്ന് നോക്കി പറഞ്ഞു:
"ഇത്തത്താ ഇങ്ങളെന്തിനാ ഇണ്ടക്ക്യേ ഞമ്മൾ ആണുങ്ങൾ ഇണ്ടാക്കി തരൂലെ.."
നിശ്കളങ്കമായ് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇക്കയെന്നെ ഒന്ന് നുള്ളി..
ഞാൻ വേദന കാണിക്കാതെ ഇക്കാന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
"ആ നല്ല ആൾക്കാരാ ഇങ്ങളെ ഇക്കന്റെ അനിയന്മാരല്ലെ നിങ്ങൾ എനിക്കറിയാലോ എങ്ങനാന്ന്.."
ഇതു പറഞ്ഞ് കഴിഞ്ഞപ്പൊൾ ഞാൻ ഏറ്റവും ഇളയവനെ നോക്കി..
അവൻ ചിരിക്കുന്നില്ല..മുഖം വാടിയിരിക്കുന്നു..
"എന്താ മോനേ എന്താ സുഖല്ല്യേ.."
"ഉമ്മ ഉണ്ടാക്കണ പോലത്തെ അതേ ടേസ്റ്റ്...ഇനിക്ക് പെട്ടന്ന് ഉമ്മനെ ഓർമ്മ വന്നോയി അതാ.."
ചായ ഗ്ലാസ്സുമായ് അവൻ അകത്തേക്ക് നടക്കാൻ പോയപ്പോ ഞാൻ പറഞ്ഞു:
"ഇനി ഇത്തത്ത ഇല്ലെ ഇങ്ങൾക്ക്..എന്നെ വേണെങ്കി ഉമ്മാന്ന് വിളിച്ചോ.."
ഇതു കേട്ടപ്പോൾ ഇക്കയെന്നെ ഒരുപാട് സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു..
ഇത്രയും ഭംഗിയോടെയും സ്നേഹത്തോടെയും ഇക്കയെന്നെ നോക്കിയിട്ടില്ല..
ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു..
കാലങ്ങൾ കടന്നു പോകുന്നു..
അനിയന്മാരുടെ പാരന്റ്സ് മീറ്റിങ്ങിനു ഞാൻ പോയപ്പോൾ അവനെന്നെ അവന്റെ ടീചർസ്സിനോടും ചങ്ങായിമാരോടും പരിചയപ്പെടുത്തിയത് ഞാൻ അവന്റെ ഇത്തത്തയും ഉമ്മയും എല്ലാം ആണെന്നാ...
കണ്മഷിയിട്ട കണ്ണുകൾ നിറഞ്ഞാൽ കാണാൻ നല്ല ചേലാണെന്ന് ഇക്ക പറഞ്ഞിരുന്നു..
അന്നേരം അതു കാണാൻ പടച്ചോൻ മാത്രേ ഉണ്ടായിരുന്നുള്ളൂ...
"മോളെ നീ ഈ വീട്ടിൽ വന്നതിലാന്റ് പിന്നെ ബർക്കത്ത് വെച്ചപോലെ,ഇവരുടെ ഉമ്മ നമ്മളെ വിട്ട് പോവുമ്പോ പറഞ്ഞത് കയറി വരുന്ന പെണ്ണിനോട് പറയണം ഭർത്താവിന്റെ ഉമ്മയുടെ ദുാ ആഖിറത്തിൽ നിന്നും എപ്പളും ഉണ്ടാകും എന്ന്."
"ഉപ്പ,
ഞാനിപ്പോ ജീവിതത്തിലെ ഏറ്റ്വും നല്ല കാലഘട്ടത്തിലൂടെയാ കടന്ന് പോകുന്നത് എന്നു തോന്നുന്നു..
നിങ്ങളുടെ ഒക്കെ മനസ്സിൽ ഉള്ള പല വേദനകളേയും എനിക്ക് മാറ്റാൻ കഴിയുന്നുണ്ടല്ലോ,അതു മതി ഉപ്പ,ഞാൻ റാഹത്താ.."
ഗർഭിണി ആയ സമയം ഞാൻ എന്റെ വീട്ടിലേക്ക് പരിചരണത്തിനായ് പോയപ്പോൾ തൊട്ട് ഇക്ക പറഞ്ഞിരുന്നു:
"നീ ഇപ്പൊ മനസ്സ് വിഷമിക്കുന്ന കാര്യങ്ങൾ ഓർക്കണ്ട,ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങളൊക്കെ ഇണ്ട് "
എന്ന്..
ഒരുപക്ഷേ എന്നെ ലേബർ റൂമിൽ കയറ്റിയപ്പോൽ അതിന്റെ പുറത്ത് നിന്നും ഹൃദയം വിങ്ങിയത് എന്റെ ഇക്ക മാത്രമല്ല,
എന്റെ അനിയന്മർ എന്റെ ഇക്കയുടെ ഉപ്പ..ഇവരെല്ലാം ആയിരുന്നു...
കുഞ്ഞു പിറന്നതറിഞ്ഞ് മധുരം നൽകുമ്പോൾ സ്കൂളിൽ എന്റെ കുഞ്ഞനുജൻ ആഘോഷിക്കുക്ക ആയിരുന്നു..
ഏതു പെണ്ണിനാ ആ ഭാഗ്യം കിട്ടുകാ..
ഇക്കയുടെ വീട്ടിൽ കുഞ്ഞിനെ നോക്കൻ ഞാൻ മാത്രം..
അലക്കാനും ഭക്ഷണം പാകം ചെയ്യാനും എല്ലം എന്റെ റൂഹ് മാത്രം..
വിഷമം നേരിടുന്നു എന്നു കണ്ടപ്പോൾ എന്റെ പൊന്നു മോളെ കളിപ്പിക്കാൻ അവൾക്ക് ഇക്കമാരെ പടച്ചോൻ കൊടുത്തില്ലേ..
കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായ് ആ വീട്ടിൽ ഒരു പെണ്ണുകൂടി വളരുകയാണു..
പുക ഉയരാത്ത അടുപ്പും,
നനയാത്ത അലക്കു കല്ലും ആയി ഉറങ്ങി കിടന്ന്ന ആ വീടിനെ ഞാൻ സ്വർഗ്ഗമാക്കി...
ഇത്താത്ത് ഈ വീട്ടിലെ മാലാഖ ആണെന്നാ കുഞ്ഞനിയൻ പറയുന്നത്..
കളിയക്കി പറയുന്നതെങ്കിലും എന്തോ മനസ്സിനൊരു സുഖം പോലെ..
ഇക്കയെന്നെ ഒരിക്കൽപോലും വേദനിപ്പിചിട്ടില്ല..
ഇനി അതവാ ചീത്ത് പറയാൻ മുതിരുമ്പോൾ എനിക്ക് കാവലായ് അനിയന്മാരുണ്ടാകും..
ഉമ്മയല്ലെങ്കിലും ഉമ്മയെപോലെ എന്നു അവർ കണ്ണുകൾ നിറച്ചു പറയുമ്പോൾ ഞാനെന്റെ മോളെ നോക്കി ഓർത്തു പോയി:
"പെൺകുട്ടികൾ ഇല്ലാത്ത ,
ഉമ്മയില്ലാത്ത വീടെന്നു പറഞ്ഞാൽ ഒരുതരം മരവിപ്പാ,
പടച്ചോന്റെ ദുനിയാവിൽ എനിക്കൊരു ലോകം തന്നു,അവിടെ ഞാൻ പരിശ്രമിച്ചു,കാര്യ ഗൗരവമുള്ള ഇത്താത്ത ആയിട്ട്,
ഉമ്മയായിട്ട്,
അവരുടെ മൂത്തച്ചി ആയിട്ട്... അൽ ഹംദു ലില്ലാഹ്..."
ഇക്കയുടെ ഉമ്മയിപ്പോൾ ജന്നാതുൽ ഫിർദസിൽ ഇരുന്നു സന്തോഷത്താൽ കരയുന്നുണ്ടാകണം അവരുടെ ജീവിതമായ എന്റെ ഭർത്താവുൻ അനിയനും ഉപ്പയും ഈ ജീവിതത്തിൽ സന്തോഷവാന്മാരാണെന്ന് ഓർത്ത് കൊണ്ട്..
ജീവിതം കൂടുതൽ ഉത്തരവാദിത്തതോടെ തുടങ്ങുകയായ്....
************************
ഷാഹിർ കളത്തിങ്ങൽ
"ഹായ് എല്ലാവരോടും ഞാനൊരു ഉമ്മയായി പെൺകുട്ടിയാ ട്ടോ .."
പ്ലസ് റ്റു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷബ്ന ഇങ്ങനെയൊരു മെസ്സേജ് ഇട്ടപ്പോ തൊട്ട് ചത്ത് കിടന്ന ഗ്രൂപ്പൊന്നു ഉണർന്നു..
എല്ലാവരും വന്ന് വിഷ് ചെയ്തു..സ്മെയിലികളെകൊണ്ടും
"റ്റ്രീറ്റ് വേണം ട്ടൊ മോളെ അങ്ങട്ട് വരണ്ട് ഞങ്ങൾ "
എന്ന വാക്കുകളുമ്മായ് ഗ്രൂപ്പ് നിറഞ്ഞാടി...
മകളെ ഫോട്ടൊ എവിടെയെന്ന് ചോദിച്ചപ്പോ അവൾ റിപ്ലേ തന്നില്ല കുറച്ച് നേരത്തേക്ക്..
പിന്നെ കുറേ കൂടി കുത്തി കുത്തി വെറുപ്പിച്ചപ്പോഴും പേർസ്സണൽ മെസ്സേജ് അയച്ചപ്പോഴും അവൾ പറഞ്ഞു:
"ഇക്ക ഫോട്ടൊ എടുക്കാൻ സമ്മതിക്കണില്ല അതാട്ടോ.."
അവരുടെ ദാമ്പത്യ കാര്യത്തിൽ നമ്മളെന്തിനാ അഭിപ്രായം പറയണേ ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലെ ആയിക്കോട്ടെ എന്നും കരുതി വേറെയൊന്നും പറഞ്ഞില്ല..
വിവാഹ ശേഷമവൾ ഗൂഡല്ലൂരിൽ ആയിരുന്നു താമസം..ഭർത്താവിന്റെ വീട് അവിടെയായിരുന്നു,കുടുംബത്തിൽ ഒരു അകന്ന ബന്ധത്തിൽ കൂടി ആണവളുടെ പുരുഷൻ..
ഒരുപാട് പ്രയാസങ്ങൾക്കൊടുവിലാ അവൾ ഉമ്മയായത് തന്നെ,
രണ്ടു പ്രാവശ്യം കുഞ്ഞ് മരിച്ചു പോയിരുന്നു..അന്നൊക്കെ അവളെങ്ങനെ സഹിച്ചു കാണിമെന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ലായിരുന്നു..
ഗ്രൂപ്പ് ഉണങ്ങി എല്ലാവരും പ്രാരാബ്ദവും മറ്റുമായി പെരുന്നാൾക്കോ മറ്റോ മാത്രം വിഷ് ചെയ്യുന്നൊരു ഇടമായി മാറിയിരുന്നു...അപ്പളും ശബ്ന ഇല്ലായിരുന്നു,പക്ഷെ ഇപ്പൊ അവൾ നിരന്തരം മെസ്സേജുകൾ അയച്ച് സന്തോഷം പങ്കിടുന്നു..
കലാലയ ജീവിതത്തിലെ ഏറ്റവും മികച്ച സുഹുർത്തുക്കൾ പ്ലസ് റ്റു കാലത്തുള്ളതായിരുന്നു അതു കൊണ്ട് തന്നെ വർഷമിത്ര കഴിഞ്ഞിട്ടും ബന്ധം നില നിർത്തുന്നതും..
ഗൂഡല്ലൂർ ഭാഗത്ത് എങ്ങനാന്നറിയില്ല പക്ഷെ അവിടത്തെ മാമൂലിൽ പ്രസവ ശേഷം പത്ത് മാസത്തിനു ശേഷമെ പെണ്ണിന്റെ വീട്ടിലേക്ക് വരാൻ പറ്റൂ,
ശബ്ന പറഞ്ഞതാ ഞങ്ങളോട് അതു കൊണ്ട് തന്നെ അവൾ നാട്ടിലേക്ക് വരുന്ന വരെ കാത്ത് നിക്കണേ വന്നാൽ എല്ലാരും വരണേ എന്നും നിരന്തരം ഗ്രൂപ്പിൽ പറഞ്ഞ് കൊണ്ടേ ഇരിക്കും..
അതു വരെ ആയിട്ടും കുട്ടിയുടെ മുഖമൊന്ന് ഫോട്ടൊ എടുത്തയക്കാൻ സമ്മതം കൊടുക്കാത്ത അവളുടെ ഭർത്താവിനോട് അമർഷം ഒരുപാട് വന്നു..
ആറ്റു നോറ്റ് കിട്ടിയ കുഞ്ഞിന്റെ സന്തോഷം അവളുടെ ഓരോ മെസ്സേജിലും ഞങ്ങൾ അടുത്തറിഞ്ഞു..അവളു കാരണം ഉറങ്ങിക്കിടന്ന ആഗ്രൂപ്പ് തന്നെ നിവർന്നെഴുന്നേറ്റു നിന്നു...
കൃത്യം പത്ത് മാസങ്ങൾക്ക് ശേഷം അവൾ തറവാട്ടിലേക്ക് വരുന്ന ദിവസം ഗ്രൂപ്പിലും പേർസ്സണലായും വരണമെന്ന ആഭ്യർത്ഥന ഞങ്ങൾ നെഞ്ചിലേറ്റി..കൂടെ ഓള കെട്ട്യോനൊരു ഡോസ് കൊടുക്കണമെന്ന പ്ലാന്നിംഗും..
എല്ലാവരും പുറപ്പെട്ടവളുടെ വീട്ടിലെത്തി..
കുഞ്ഞിനുള്ള ഉടുപ്പും പലഹാരങ്ങളുമായ് ഞങ്ങളവിടെയെത്തി..
പ്ലസ് റ്റു കഴിഞ്ഞ പാടെ വിവാഹം കഴിഞ്ഞത് കൊണ്ട് അവൾക്ക് ഞങ്ങളേ ഉള്ളൂ സുഹുർത്തുക്കളായിട്ട്..
"അസ്സലാമു അലയ്ക്കും "
ഞങ്ങൾ സലാം പറഞ്ഞ് കയറി..
"വ അലയ്ക്കുമുസ്സലാം അള്ളാ ആരാ ഇത് വാ വാ "
അവളുടെ കണ്ണു നിറഞ്ഞു ഞങ്ങളെ കണ്ടപ്പോൾ,അൽപം ക്ഷീണിച്ചിട്ടും ഉണ്ട് പാവം..
"ശബ്ന സുഖന്നല്ലെ ടി മോളെവിടെ.."
"അകത്തുണ്ട് ഇക്കായുമായ് കളിച്ചോണ്ടിരിക്കാ.."
"ആ അന്റെ ഇക്കനെ കാണാൻ നിക്കാ മൊരടൻ മോള ഒരു ഫോട്ടൊ പോലും തന്നില്ലല്ലോ.."
അതു കേട്ടപ്പോ ശബ്നയൊന്ന് ചിരിച്ചു:
"ഇനി കാണാലോ അങ്ങോട്ട് പോയോക്ക് ഞാൻ ചായ ഇടട്ടെ.."
അകത്തേക്ക് കയറിയതും ഞങ്ങളെ കണ്ടപ്പോ അവളുടെ ഭർത്താവ് മോള കൂടെ കിടക്കുന്നു പെട്ടന്ന് എണീറ്റു
"ആ വരീ എല്ലാരും.."
കൂട്ടത്തിലെ റിസ്വാന കുഞ്ഞിനെ എടുക്കാൻ അരികത്തെത്തി എടുത്തു കളിപ്പിക്കുന്നു..
കുഞ്ഞിങ്ങനെ താഴേക്ക് നോക്കുകയല്ലതെ അപരിചിതരെ കണ്ടപ്പോഴുള്ള കരച്ചിൽ പോലും ഇല്ല..
മാറി മാറി ഞങ്ങൾ എടുത്തു പഴയത് പോലെ ഒരേ അവസ്ഥ..
പിന്നെയാ അവൾ വന്ന് പറയുന്നത്:
"മോൾക്ക് തൈറോയ്ഡിന്റെ കുറവുണ്ട് ഒന്നും മനസ്സിലാവിള്ള ഓൾക്ക്,പടച്ചോൻ തന്നതല്ലേ ഞങ്ങൾക്കവളെ ആ പടച്ചോൻ തന്നെ എല്ലാം ശെരിയാക്കി തരും അതാ ഇക്കാക്ക് ഫോട്ടൊ എടുത്തയക്കാനൊന്നും താൽപര്യം ഇല്ലാത്തത്,
അല്ലാതെ നിങ്ങൾ കരുതണ പോലെ അല്ലാട്ടൊ,എനിക്ക് താങ്ങാൻ പറ്റാണ്ടായപ്പോ മനസ്സിൻ കരുത്ത് തന്നത് അവരാ..."
ഞങ്ങൾ അവളുടെ ഭർത്താവിനെ നോക്കിയപ്പോ അവർ അരികത്ത് വന്നു പറഞ്ഞു:
"എന്റെ അനിയന്മരല്ലെടാ നിങ്ങളൊക്കെ ഒന്നും തോന്നരുതേ എന്നോട്.."
മനസ്സിൽ നീറുന്ന നെരിപ്പോടുണ്ടെന്നു മനസ്സിലായി..
ഞങ്ങളുടെ സന്തോഷം ഒരു നിമിഷത്തേക്ക് കെട്ടടങ്ങി..
ശബ്നയെ ഇത്ര പരീക്ഷിച്ചിട്ടും റബ്ബ് കനിഞ്ഞു നല്ലിയ മകൾക്ക് ഓർമ്മ ശക്തിയിൽ പാകപ്പിഴകൾ നൽകിയിട്ടും അവൾ എല്ലാം അതേ നാഥനിൽ തന്നെ ഭരമേൽപ്പിച്ചത് കണ്ടപ്പോ ബഹുമാനം തോന്നിപ്പോയി..
ശബ്ന മോളെ മടിയിലിരുത്തി കളിപ്പിക്കുന്നു
കൈ കൊട്ടിക്കുന്നു
താരാട്ട് പാടുന്നു..
എന്തു മാത്രം പക്വത വന്നിരിക്കുന്നു അവൾക്ക്..
മകളൊന്നു ചിരിച്ചെങ്കിൽ ഉമ്മാ എന്നൊന്നു ഉറക്കെ വിളിച്ചു കരഞ്ഞെങ്കിൽ എന്നു ആശിച്ച് കഴിയുന്നു എന്നവൾ ഞങ്ങൾ ആണുങ്ങളോട് പറഞ്ഞില്ല പകരം കൂടെ വന്ന പെൺ സുഹുർത്തുക്കളോട് പറഞ്ഞത്രെ..
അത് മനസ്സിലായത് തിരികെ പോകും വഴിയാ
"ശബ്ന കരയാ ടാ പാവം എന്തു മാത്രം അത് സഹിച്ചു കാണും ആ മോളൊന്ന് ചിരിക്കണത് കാണാൻ ഉറക്കമൊഴിച്ച് ഓളും ഓല ഭർത്താവും കഴിച്ച് കൂട്ടാണെന്ന്..പാവത്തിനു കരയാൻ ഞങ്ങളെ മുൻപിലെ പറ്റുള്ളൂന്ന്.."
അതും പറഞ്ഞ് സ്നേഹിതിമാർ കണ്ണു നിറച്ചപ്പോ മനസ്സിലായി ഒരുമ്മാന്റെ മനസ്സ് ഇവർക്കും ഉണ്ടല്ലോ എന്ന് ..കാരണം അധിക പേരും വിവാഹം കഴിഞ്ഞവരുമായിരുന്നു..
സത്യം പറഞ്ഞാൽ ഇങ്ങനെ ചിലരുണ്ട്..
റബ്ബ് എല്ലാ സൗകര്യങ്ങളും നൽകും വലിയ ജോലി ബിസിനസ്സ് വീട് കാർ അങ്ങനെയെല്ലാം ഉണ്ടാകുമെങ്കിലും താലോലിക്കാനൊരു മകനോ മകളോ ഇല്ലാതെ കണ്ണു നിറയ്ക്കുന്നവർ..
എന്നാൽ കനിഞ്ഞു നൽകിയ കുഞ്ഞിനു തൈറോയ്ഡിന്റെ അസുഖം ബാധിച്ചവരും..
എന്റെ അറിവിലുണ്ട് ഒരു ഇക്ക നമുക്കിടയിൽ ഈ മുഖ പുസ്ഥകത്തിലെ ഒട്ടുമിക്ക രചനകളിലും വായക്കാനെത്തുന്ന ഒരിക്ക..
വെറും ഇക്കയായല്ല സ്വന്തം കൂടപ്പിറപ്പായാ ഞാൻ കാണുന്നത് അതു അദ്ധേഹത്തിന്റെ മഹത്ത്വമായാ ഞാൻ കാണുന്നത്..
വലിയ ബിസിനസ്സും സമ്പാദ്യങ്ങളും ഉണ്ടെങ്കിലും മകൾക്ക് ഇതേ അസുഖം കാരണം ഉപ്പാ എന്നൊന്ന് വിളിച്ചെങ്കിലെന്ന് കാത്ത് നിക്കുന്നവർ..
എനിക്കും അയച്ചിരുന്നു
"ഷാഹിറേ എന്റെ മോളിന്ന് ഉപ്പ എന്നെന്നെ വിളിച്ചെടാ "
എന്ന്..
എന്തു സന്തോഷാമാണെന്നൊ ആ വാക്കിലൂടെ ഞാൻ അറിഞ്ഞത് ...
സ്നേഹമാണു മക്കൾ..
പൂവാടിയിലെ പുഷ്പങ്ങളാണു കുഞ്ഞുങ്ങളെന്നാ നബി തങ്ങൾ പറഞ്ഞത്..
അതെ,
"ഒരു നന്മ നിറഞ്ഞ വീടിന്റെ സുഗന്ധം ഉപ്പയാണെങ്കിൽ
ആ സുഗന്ധം പരത്തുന്ന പൂന്തോട്ടമാണു ഉമ്മ,
ബർക്കത്തുള്ള മക്കളതിലെ പൂമ്പാറ്റകളും.."
നീറുന്ന മനസ്സാൽ കഴിയുന്ന ശബ്നയെപോലെ ഉള്ളവർക്ക് നാഥൻ സ്നേഹം ചൊരിഞ്ഞു നൽകട്ടെ എന്ന പ്രാർത്ഥനയോടെ
*********************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
-Shahir Kalathingal Feroke-
ഖഫീലിന്റെ കയ്യും കാലുംപിടിച്ചാണ് ഒരു മാസത്തെ ലീവ് കമ്പനിയിൽ നിന്നും കിട്ടിയത് തന്നെ ...
കഴിഞ്ഞ ലീവിന് അവൾ പനിച്ചു കിടക്കുമ്പോഴാ എന്റെ റി എന്ട്രി ഡേറ്റ് കഴിഞ്ഞത്.. ഫിനാൻഷ്യൽ ഇയർ ആണത്രെ,,അതുകൊണ്ട് നേരെ വീണ്ടും പ്രവാസലോകം മാടി വിളിച്ചു .!! അന്നവൾ കണ്ണ് നിറച്ചത് എനിക്കിപ്പഴും ഓർമ്മയുണ്ട്
ഇപ്പൊ വർഷം ഒന്ന് കഴിഞ്ഞു ...
അങ്ങനെ കാത്ത് കാത്ത് ലഭിച്ച അവധി ദിനം അവൻ വീട്ടിലേക്ക് യാത്രയായി.. കരിപൂർ എയർ പോർട്ടിൽ നിന്നും
ചെക്ക് ഇന് കഴിഞ്ഞങ്ങ് ഇറങ്ങുമ്പോ ഖൽബങ്ങട് പിടിക്കാൻ തുടങ്ങി... മൂത്താപ്പയും രാഹിന്കയും ഒന്ന് രണ്ടു നന്പന്സും വിളിക്കാൻ വന്നു ..
വീടെത്തി ,
ഉമ്മറത്ത് ഉപ്പയെയും കാത്ത് തന്റെ മക്കൾ നിൽപ്പുണ്ട് , വാരിയെടുത്ത് ആ കുഞ്ഞു കവിളുകളിൽ മുത്തം നല്കി തോളിൽ ഏറ്റി ...
നടു മുറിയിലെ കസേരയിൽ ഇരിക്കുന്ന പൊന്നുമ്മയെ കെട്ടിപിടിച്ചു സ്നേഹം പങ്കു വെച്ചു.. അളിയന്മാർ നോക്കി നില്കെ പെങ്ങന്മാർ പെട്ടിയുടെ ചുറ്റും കൂടി
"പക്ഷെ ,എവിടെ ഞാൻ തിരയുന്ന കണ്ണുകൾ ...???"
അടുക്കളയിൽ നിന്നും തനിക്കേറെ ഇഷ്ടമുള്ള "അരി പത്തിരിയുടെയും തേങ്ങ അരച്ചു വറ്റിച്ച കോഴി കറിയുടെയും" മണം വരുന്നു ...!
"തന്നെ വരവേൽക്കാൻ എല്ലാവരും ഉമ്മറത്തും നടുമുറികളിലും ഉണ്ടല്ലോ ,പിന്നെ എവിടുന്നാ ഈ മണം..?"
എന്റെ മനസ്സ് മന്ത്രിച്ചു ..
അടുക്കളയുളുടെ വാതിൽ അടച്ചിട്ടിട്ടുണ്ട് ...ആരോ അടച്ചിട്ടതാണ് ...
തുറന്നു നോക്കിയപ്പോൾ അതാ ആ ഉയരുന്ന പുകകൊണ്ട് കലങ്ങിയ കണ്ണുകൾ തിരുമ്മി ആ അടുപ്പ് കല്ലിന്റെ തിണ്ണയുടെ മുകളിൽ പത്തിരി മറിച്ചിടാൻ കൈലുമായി ഇരിക്കുന്നു ...
"തന്റെ ബീവി..."
തന്റെ മാരന്റെ മനസ്സും വയറും നിറയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ് ...
അവളറിഞ്ഞിട്ടില്ല താൻ വന്നത് ...
പതിയെ അരികിലെത്തി അവളുടെ കൈകളിൽ സ്പർശിച്ചപ്പോൾ അവളൊന്നു ഞെട്ടി ...കാരണം
തന്റെ മാരനിങ്ങോന്നു വന്നെങ്കിൽ എന്ന സ്വപ്ന ലോകത്തായിരുന്നിരിക്കണം..
"ഇതെന്ത് കോലമാടി ,നീ ഇവിടെ എന്തെടുക്കാ ,ഞാൻ വരുമ്പോൾ നീയല്ലേ ഉമ്മറത്ത് ഉണ്ടാകേണ്ടത് ?"
"അൽഹംദു ലില്ലഹ് ഇക്ക എപ്പഴാ എത്യെ , ഇങ്ങള് വല്ലതും കഴിച്ചീനോ ,എന്താപ്പോ ഇങ്ങൾക്ക് ഞാൻ തരാ ."
അവൾ വെപ്രാളത്തോടെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു ,,
"നീ എന്താ പെണ്ണെ ഈ കാണിക്കുന്നേ അതവിടെ വെച്ചിട്ട് വന്നെ അപ്പ്രത്തെക്ക് .."
"സന്തോഷം കൊണ്ടാ ഇക്ക ,ഇത്രനാൾ ഈ ശബ്ദം മാത്രല്ലേ കേട്ടുള്ളൂ ,ഇന്ന് വരുംന്ന് അറിഞ്ഞപ്പോ നെഞ്ചിലൊരു ആദി ഇങ്ങളൊന്നു വേഗം വന്നെങ്കിൽ എന്ന് .."
അവൾ തല താഴ്ത്തി സങ്കടത്തോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
കുളിച്ചൊരുങ്ങി വരവേൽക്കാൻ കാത്തിരിക്കുന്ന "ഇണകളിൽ " നിന്നും വെത്യസ്തയായി അവളെ ആ കരി പുരണ്ട മാക്സിയിട്ട രൂപത്തിൽ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു.. ഒന്ന് മാറോട് ചേർത്തവളുടെ നെറ്റിയിൽ അമർത്തി ചുമ്പിച്ചു..അവളെന്റെ നെഞ്ചോട് ഒട്ടിമുഖം മറച്ചു ...!!
**************
ആയിരത്തിൽ ഒരു പ്രവാസിയുടെ ഭാര്യ കാമുകന്റെ കൂടെ പോയാൽ കൊട്ടി ആഘോഷിന്നവർ അറിയുന്നില്ല ബാക്കിയുള്ള ബഹു ഭൂരിഭാഗം പ്രവാസികളുടെ ഭാര്യമാരും സഹന ശക്തിയോടെയും പ്രതീക്ഷയോടെയും തന്റെ പ്രിയതമനെ കാത്തിരിക്കുന്നവൾ ആണെന്ന് ,,
അല്ല ജീവിക്കുന്നവർ ആണെന്ന് ..
കാത്തിരിപ്പിന്റെ സുഖം അറിയുന്നത് അതിന്റെ അവസാന നാളുകളിൽ ആണ് ..വരവേൽപ്പിന്റെ നാളുകളിൽ..
**************************
ഷാഹിർ കളത്തിങ്ങൽ
മൂസാക്ക എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോകുമ്പോ സഹ മുറിയൻ ജാബിർ കെട്ടിപ്പിടിച്ച് കരഞ്ഞതിനു ഒരുപാടൊരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു..
വരികളിൽ ഉൾകൊള്ളിക്കാൻ പറ്റാത്തത്രയും സ്നേഹമുണ്ടവർക്കിടയിൽ ...
എക്സിറ്റ് അടിച്ച് ജോലിയും ക്യാൻസൽ ചെയ്തു പോകുന്നവന്റെ സഹ മുറിയന്മാർ അവൻ എയർ പോർട്ടിലേക്ക് നീങ്ങാൻ നേരം മനസ്സ് നീറുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും,
അല്ലെങ്കിൽ
കേട്ടിട്ടുണ്ടോ ..?
ഒരുമിച്ച് ഉണ്ടും തൊട്ടരികത്തെ കട്ടിലിൽ ഉറങ്ങിയും ഒരു കുടുംബം പോലെ കഴിഞ്ഞ അവനെ പിരിയാൻ പറ്റാതെ വരുന്നൊരു അവസ്ഥയുണ്ടാകാറുണ്ട് ചിലപ്പോഴൊക്കെ പ്രവാസികൾക്ക്..
ചിലർ രോഗം ബാധിച്ച് ഇനി ചികിൽസക്ക് നല്ലത് നാടാണെന്ന ഡോക്റ്ററെ തീരുമനം പ്രാവർത്തികാക്കാനാകും പോകുന്നത്,
ചിലരാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനി ടെർമ്മിനേറ്റ് ചെയ്തവർ..
അഭിപ്രായ വെത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്,
വഴക്ക് കൂടിയിട്ടുണ്ട്..അപ്പൊ തന്നെ ഇണങ്ങിയിട്ടുമുണ്ട്..
സുഖമില്ലാണ്ട് പനിച്ച് വിറച്ചു കിടന്നപ്പോ അവൻ ഉണ്ടക്കി തന്ന ചൂടുള്ള നെല്ലുത്തരിയുടെ കഞ്ഞിക്ക് വല്ലാത്ത രുചിയായിരുന്നു,
പെങ്ങള കല്യാണത്തിനു പൊന്നിനു പിസ തികയാണ്ട് വന്നപ്പോ
"ഇന്നടാ തൽക്കാലം കാര്യങ്ങൾ നടക്കട്ടെ പോയി വന്നിട്ട് നമുക്ക് ശെരിയാക്കാം "
എന്നൊരു വാക്ക് പറഞ്ഞവൻ..
മെസ്സിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഒരുമിച്ചു പോകുമ്പോൾ ഒരു മാസത്തെ വരവ് ചിലവുകൾക്ക് ചിട്ട കൈ വന്നതും,
വീട്ടിലെ ഉപ്പാന്റെ റോൾ എന്താണെന്നും എങ്ങനെയാണെന്നും പരസ്പരം മനസ്സിലാക്കാൻ പഠിപ്പിച്ചവൻ...
വെറുതെയെങ്കിലും വഴക്കിട്ടിരിക്കുമ്പോൾ റൂമിൽ പെട്ടന്ന് തല ചുറ്റി വീണത് അവന്റെ കൈകളിലേക്കായിരുന്നു..
ഒന്നും നോക്കാതെ എടുത്തു കൊണ്ടു പോയ സ്നേഹമായിരുന്നു അവൻ..
നാട്ടിലേക്ക് സാധരണ രണ്ടും മൂന്നും മാസത്തെ ലീവിനു പോകുമ്പോൾ
"ഡാ ഉമ്മാക്കോ കുട്ട്യോൾക്കൊ വല്ലതും കൊണ്ടു പോകണോ"
എന്ന് ചോദിച്ചവൻ..
മൂസാക്ക നല്ല തമാശകൾ പറയുമായിരുന്നു..
നാട്ടു വർത്തമാനങ്ങൾ കൊണ്ട് മുറിക്കകമാകെ ചിരി പടരും,
കൃത്യ സമയമായാൽ
"ന്നാ എല്ലാരും പോയി ഒറങ്ങിക്കോളി നേരത്തെ എണീക്കണ്ടത്ള്ളെ "
എന്നു പറഞ്ഞ് ശാസിക്കുമായിരുന്നു..
കിഡ്നിക്ക് തകരാർ വന്നെന്നും പറഞ്ഞ് ഹോസ്പിറ്റൽ റിസൽറ്റ് കൺ മുന്നിൽ വന്നപ്പോൾ ശേഷിച്ച കാലം നാട്ടിൽ ചികിൽസക്ക് വേണ്ടി പോകണമെന്ന് സ്വരവും കൂടി മൂസാക്കക്ക് കേക്കേണ്ടി വന്നപ്പോൾ മനസ് വല്ലാണ്ടായത് കൂടെ തൊട്ടരികിൽ കിടക്കുന്ന ജാബിറിനായിരുന്നു..
ഒരു ഇക്കയില്ലാത്ത എനിക്ക് ഒരു മൂത്ത ഇക്കായുടെ എല്ല സ്നേഹവും കരുതലും ഉപദേശവും തന്നപ്പോ വേറെയായല്ല ഒരുമ്മാന്റെ വയറ്റിൽ പിറന്നതായെ കണ്ടത്..
ഈ യാത്രയിൽ കെട്ടിയ പെട്ടിക്ക് കനമില്ല,
പഴയ വസ്ത്രങ്ങളും മരുന്നുകളുമായ് പോകാൻ ഒരുങ്ങുമ്പോ:
"ഡാ മോനെ ജാബ്യേ നാട്ടിൽക്ക് വനാ മൂസാക്കനെ കാണാൻ വന്നേക്കണമെടാ.."
എന്നു പറഞ്ഞപ്പോ
സകല നിയന്ത്രണവും വിട്ട് കരഞ്ഞ ജാബിയെ നെഞ്ചോട് ചേർത്ത് സമാധാനിപ്പിച്ചത് നിങ്ങൾക്കിവിടെ കാണാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങളിലൊരു നന്മയുള്ള ഹൃദയം കുടിയിരിക്കുന്നുണ്ട് എന്നു വേണം കരുതാൻ..
പെട്ടി കെട്ടാനും അവനായിരുന്നു മുൻപിൽ..
ഇക്കാന്റെ കയ്യിൽ പൈസയില്ലാന്ന് മനസ്സിലാക്കിയ അവൻ അവന്റെ സമ്പാദ്യം കൊണ്ടൽപം മധുരം വാങ്ങി കൊടുത്തതും,
വാപ്പ നിർത്തി വരാണെന്നറിയാതെ കാത്തിരിക്കണ മക്കളുണ്ടകില്ലെ വീട്ടിൽ,
അവർക്കെന്തെങ്കിലും ഒരു സന്തോഷത്തിനു വേണ്ടെ എന്ന ചിന്തയാ ആ സഹമുറിയൻ ആ പെട്ടിക്കകം നിറച്ചതും..
ആദ്യമായ് ഉമ്രക്ക് പോകാനൊരുങ്ങുമ്പോ
"ഞാനും വരാട കൂടെ നല്ല തിരക്കുള്ള സ്ഥലല്ലെ കൂട്ടം തെറ്റിപ്പോയാലോ.."
എന്നു പറഞ്ഞ് കൂടെ നിന്നവർ...
വല്ലാത്തൊരു നൊമ്പരമാണാ നിമിഷം..
സത്യം പറഞ്ഞാൽ കഴിഞ്ഞ ദിവസം നമുക്കിടയിൽ തന്നെയുള്ളൊരു സുഹുർത്ത് വാട്സ് ആപ്പിൽ വന്നു പറഞ്ഞു:
"ഡാ ഷാഹിറെ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലാടാ "
"എന്താ എന്തുപറ്റി.."
"വർഷങ്ങളോളം കൂടെ ജോലി ചെയ്ത കൂടപ്പിറപ്പിനെ പോലെ കണ്ട സഹപ്രവർത്തകൻ നാളെ എക്സിറ്റ് പോവാണു,മനസ്സ് നീറുന്നെടാ.."
ഇതു കേട്ടപ്പോ ഞാനുമെന്റെ സഹമുറിയന്മാര മുഖം കണ്ടു..
അവരിലൂടെ നമുക്ക് കിട്ടിയ ഒരു പാരസെറ്റ് മോൾ ഗുളിക എങ്കിൽ അത്,
അത് എത്രത്തോളം മനസ്സിനേയും ജീവിതത്തേയും സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കൻ അധികം ദൂരമൊന്നും പോകേണ്ടതില്ല...
പറഞ്ഞാൽ തീരാത്ത അത്രയും ആത്മബന്ധ്ത്തിന്റെ ഒരു നൊസ്സാണു ഈ പ്രവാസം..
ആ നോസ്സിൽ തെളിഞ്ഞു വരുന്ന കുറേ ഏറെ മുഖങ്ങൾ...
മറക്കില്ല
മറക്കാൻ പറ്റില്ല
മറക്കുകയുമില്ല .....ഒരിക്കലും...ഒരിക്കലും..
മൗത്തിന്റെ നാളിന്റെ വരെയെങ്കിൽ അത്രയും..
************************
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ
No comments:
Post a Comment