Wednesday, 5 April 2017

അറിയുമോ


🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
അറിയുമോ ഞാനൊരുപുഴയായിരുന്നു
അതിരുകളില്ലാ പ്രവാഹമായിരുന്നു
മണലൂറ്റിയും മണ്ണ് മാന്തിയുമെന്നെ
മരുപറമ്പാക്കി നിങ്ങൾ മൈതാനമാക്കി
അറിയുമോ ഞാനൊരു വനമായിരുന്നു
ആയിരം മരമുളള വരമായിരുന്നു
തടി മുറിച്ചിട്ടും ഉടൽ മറിച്ചിട്ടും
തണൽ പോലും നൽകാത്ത തരിശായി മാറി ഞാൻ
അറിയുമോ ഞാനൊരു കുന്നായിരുന്നു
ആരോരും ലാളിക്കും പുൽമേടായിരുന്നു
മാറിടം പിളർന്നും മസ്തകംചൂഴ്ന്നുമെൻ
മരണമുറപ്പിച്ചു നിങ്ങളോ
മഴ തേടിയോടുന്നു
ഇടവപ്പാതി തിമിർത്തു പെയ്തിരുന്നിവിടെ
ഇടവഴികൾ തോടായ് നിറഞ്ഞിരുന്നു
കർക്കിടകം കറുത്തിരുന്നു തുലാവർഷം കനത്തിരുന്നു
കിളികളും തവളകൾ പാടി മദിച്ചിരുന്നു
മർത്യൻ തൻ കർമ്മങ്ങൾ കടലിലും കരയിലും
 മറ നീക്കി ഫിത്നകൾ പ്രത്യക്ഷമാകുന്നു
പ്രവർത്തിക്കൂ റബ്ബിന്റെ കല്പന പാലിക്കൂ
പ്രാർത്ഥിക്കൂ വറ്റാത്ത കരുണക്കായ് കൈ നീട്ടൂ..

---------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment