ബാപ്പു ബാക്കി വെച്ചത്..........
〰〰〰〰〰〰〰
വളരെ ചെറുപ്പം മുതലേ ബാപ്പുവിനെ അറിയാം.
കൊറ്റശ്ശേരി പുറായയിലേക്ക് ജുമുഅക്ക് പോവുന്ന വഴിയിൽ വെച്ചാണ് കണ്ടു തുടങ്ങുന്നത്.
ആ വീടിനെ കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും നല്ലൊരു ധാരണ ആദ്യമേ ഉണ്ടായിരുന്നു.
ബാപ്പുവിന്റെ പിതാവ് രായിൻ കാക്ക ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെ കമ്മിറ്റിയിൽ അംഗവും നല്ലൊരു ദീനീ സേവകനുമായിരുന്നു.
ആ പാതയിൽ തന്നെയാവും ബാപ്പുവും ദീനീ രംഗത്ത് തുടർന്നത്.
പുറത്തെവിടെയോ ഒരു ദീനീ സ്ഥാപനത്തിൽ ബാപ്പു കുറച്ച് കാലം പഠിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ.
പിന്നീട് നാട്ടിൽ തന്നെ ഒരു കച്ചവടക്കാരനായി മാറുകയായിരുന്നു.
കൊറ്റശ്ശേരി പുറായയിൽ തന്നെയായിരുന്നു തുടക്കം.
അന്ന് മുതലേ പള്ളിയുമായും ദീനീ പ്രവർത്തനങ്ങളുമായും നല്ല ബന്ധം ബാപ്പുവിനുണ്ട്.
പിന്നീട് KMHS ന് മുന്നിലെ ഫേൻസിസ്റ്റോർ നടത്തി.
കുറ്റൂർ നോർത്തുമായി ഇതിന് ശേഷമാവും ബാപ്പു കൂടുതൽ അടുപ്പത്തിലാവുന്നത്.
പിന്നീട് അതിനടുത്ത് തന്നെ വർഷങ്ങളോളം പലചരക്ക് കടയും നടത്തിയിരുന്നു.
ഇവിടെ നിന്ന് മാറിയ ശേഷം കണ്ണമംഗലം വട്ടപ്പൊന്തയിൽ കച്ചവടം നടത്തുകയാണെന്നറിഞ്ഞിരുന്നു. അതിന് ശേഷമാണ് മുട്ടുംപുറത്തേക്ക് മാറുന്നത്.
മരിക്കുന്ന സമയത്ത് ഇവിടെയായിരുന്നു ബാപ്പു കച്ചവടം ചെയ്തിരുന്നത്.
കുറ്റൂർ നോർത്തിലും മുട്ടുംപുറത്തുമൊക്കെ കച്ചവടക്കാരനായിരുന്ന കാലത്ത് ബാപ്പുവിന്റെ ഇടപെടലുകളും സൗഹൃദങ്ങളും നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കച്ചവടവും സൗഹൃദവും സംഘടനാ പ്രവർത്തനവും ഒരു പോലെ നിലനിറുത്തിക്കൊണ്ട് പോവാൻ ബാപ്പുവിന് സാധിച്ചു.
നല്ലൊരു സൗഹൃദവലയം ബാപ്പുവിനുണ്ടായിരുന്നു.
അതിന് സംഘടനാപരമായ പക്ഷിപാതിത്തങ്ങളില്ലായിരുന്നു.
സംഘടനാ സംവാദങ്ങളും സൗഹൃദങ്ങളും നിറഞ്ഞ് നിൽക്കുന്ന ഇടങ്ങളായിരുന്നു ബാപ്പുവിന്റെ പീടിക തിണ്ണ.
കച്ചവടക്കാരനായാൽ സജീവ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നൊഴിയുന്ന നാട്ടുനടപ്പുകളെ ബാപ്പു തിരുത്തി.
പ്രാസ്ഥാനിക പ്രതിബദ്ധതയിൽ അങ്ങേ അറ്റത്തെ ആത്മാർത്ഥത കാണിച്ച ഒരാളായിട്ടാണ് ബാപ്പുവിനെ മനസ്സിലാക്കിയിട്ടുള്ളത്.
അതു കൊണ്ട് തന്നെ ഒരു കച്ചവടക്കാരന്റെ കപട നിഷ്പക്ഷതയുമായി ബാപ്പുവിന് രാജിയാവാൻ കഴിഞ്ഞിരുന്നില്ല.
സംവേദനക്ഷമത സംഘടനാ പ്രവർത്തകരിൽ നിറഞ്ഞ് കാണേണ്ട ഒരു ഗുണമാണ്.
അത് ബാപ്പുവിൽ എമ്പാടുമുണ്ടായിരുന്നു.
സംഘടനാ ബന്ധങ്ങളോ മതചിട്ടകളോ ഇല്ലാത്ത ഒരു തലമുറയാണ് വളർന്നു വരുന്നത്.
ബാപ്പുവിനെ പോലോത്ത ദാഇകളെ കൂടുതൽ ആവശ്യമായി വരുന്ന കാലമാണിത്.
പ്രായഭേദമന്യേ നാട്ടുകാരുമായി അടുത്തിsപഴകുകയും ആദർശ പ്രചരണം കൈമുതലാക്കുകയും ചെയ്ത ബാപ്പുവിന്റെ വേർപാട് വലിയൊരു നഷ്ടം തന്നെയാണ്.
അള്ളാഹു ആ സഹോദരന്റെ പരലോകജീവിതം വെളിച്ചമാക്കട്ടെ,
---------------------------
സത്താർ കുറ്റൂർ
അബ്ദുൾ റഷീദെന്ന ബാപ്പു
〰〰〰〰〰〰〰
നേരിട്ട് അത്ര കൂടുതൽ പരിചയം ഇല്ലെങ്കിലും കടയിൽ വരുമ്പോഴും പുറത്ത് നിന്നും കാണുമ്പോഴുമുള്ള സലാം പറച്ചിലും ആ പുഞ്ചിരിയുമാണ് ബാപ്പുവിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ തെളിയൽ.
സുന്നി പ്രസ്ഥാനത്തിനു് വേണ്ടി ജീവിതം പോലും മാറ്റി വെച്ച ബാപ്പു. മരണത്തിന് അൽപ്പസമയം മുമ്പ് വരെ നബിദിനത്തിന് മദ്രസാ വിദ്യാർഥികൾക്കു ദഫ് പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കക്ഷി രാഷ്ട്രീയത്തിനു് അതീതമായി ജാതി മത വേർതിരിവില്ലാതെ വലുപ്പ ചെറുപ്പത്തിനപ്പുറം ആ നാടിന്ന് എല്ലാവർക്കും ബാപ്പൂ എന്നായിരുന്നു.
നാഥാ...
ആ രാത്രയിൽ നിൻ്റെ വിളിക്കുത്തരം നൽക്കി കുടുംബത്തെയും പറക്കമുറ്റാത്ത കുരുന്നുകളെ യത്തീമാക്കി നിന്നിലേക്ക് പെട്ടന്ന് മടക്കി വിളിച്ചു...
അള്ളാഹുവെ ... പെട്ടന്നുള്ള മരണത്തെ തോട്ട് ഞങ്ങളെയും ഞങ്ങളുമായി ബന്തപ്പെട്ടവരെയും നീ കാക്കണെ നാഥാ....!
അദ്ദേഹത്തിൻ്റെ കുടുബത്തിന് ക്ഷമ നൽക്കണേ അളളാ..
---------------------------
മുജീബ് ടി.കെ
ഞാൻ കണ്ട ബാപ്പു.
〰〰〰〰〰〰〰
എല്ലാവരോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു ബാപ്പു. അദ്ദേഹത്തെ ഞാൻ കാണാൻ തുടങ്ങിയത് കുറ്റൂർ നോർത്ത് KMHSS ൽ എട്ടാം ക്ലാസ്സിൽ പഠിക്കാൻ തുടങ്ങിയത് മുതലാണ്. അന്ന് അദ്ദേഹം സ്കൂളിന് മുൻവശം ഒരു ഫാൻസി കട നടത്തിയിരുന്നു. വഞ്ചനയും കളവുമില്ലാത്ത ഒരു കച്ചവടക്കാരൻ ആയിട്ടാണ് ഞങ്ങൾക്ക് അദ്ദേഹത്തെ അനുഭവപ്പെട്ടത്. എല്ലാ വിദ്യാർത്ഥികളോടും വളരെ സ്നേഹത്തോടെയും സൗമ്യതയോടെയും മാത്രമേ അദ്ദേഹം പെരുമാറുകയുണ്ടായിരുന്നുള്ളൂ.
ഞങ്ങൾ തമ്മിൽ സംഘടനപരമായി ചിലപ്പോൾ തർക്കിക്കാറു ണ്ടായിരുന്നുവെങ്കിൽ പോലും ഇന്നേ വരെ അദ്ദേഹം എന്നോട് മോശമായ ഒരു സംസാരം പോലും നടത്തിയിട്ടില്ല. പിന്നീട് ഞാൻ ഹയർ സെക്കൻണ്ടറിയിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം ഫാൻസി ഒഴിവാക്കി കുറച്ചു കാലം സ്കൂളിന്റെ അടുത്ത് തന്നെ പോസ്റ്റ് ഓഫിസിനു സമീപം ആയി ഒരു പലചരക്ക് കടയും നടത്തിയിരുന്നു.
പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ഞാൻ കുറച്ചു കാലം ഒരു textiles ൽ ജോലി ചെയ്തിരുന്നപ്പോൾ ആണ്. അന്ന് അദ്ദേഹം ഇടയ്ക്കിടക്ക് കടയിൽ വരുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾകൊക്കെ ഡ്രസ്സ്‌കൾ വാങ്ങുകയും ഉണ്ടായിരുന്നു. വസ്ത്രങ്ങൾ വാങ്ങുന്നതിൽ ഒക്കെ ദീനിപരമായി വളരെ സൂക്ഷ്മതശാലി ആയിരുന്നു അദ്ദേഹം. ദീനിപരമായി ചിട്ടയിലുള്ള വസ്ത്രങ്ങൾ മാത്രമേ അദ്ദേഹം വാങ്ങിക്കാറുണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലുള്ള ഉദിച്ച നിറത്തിലുള്ള വസ്ത്രങ്ങൾ അദ്ദേഹം ഇഷ്ടപ്പെടാറുണ്ടായിരുന്നില്ല.
അള്ളാഹു ബാപ്പുനെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ
------------------------------------
അമീനുദ്ദീൻ കെ. സി.
ഞാൻ കണ്ട ബാപ്പു
〰〰〰〰〰〰〰
എനിക്ക് അടുത്ത് പരിചയം ഇല്ലെങ്കിലും പലപ്പോഴും കാണാറുണ്ട്.
കുറ്റൂർ സ്കൂളിന് മുൻവഷത്ത് ഫാൻസി
നടത്തുന്നത് കണ്ടിട്ടുണ്ട്. കാണുന്ന സമയത്ത് എല്ലാം കുട്ടികളുമായി വലിയ ചെങ്ങാത്തമുള്ള നിഷ്ക്കളങ്കനായ ഒരാളായിരുന്നു ബാപ്പു എന്ന് അറിയാം ചുണ്ടിൽ സദാസമയവും ചെറുപുഞ്ചിരി കാണാം ചിരിക്കുന്ന ആ മുഖപ്രസന്നത ഇപ്പോഴും എന്റെ ഓർമയിൽ വരും. പിന്നീട് ഫാൻസി വിട്ട് പോയി അവസാനം കാണുന്നത് മുട്ടും പുറത്തിന്റെ അടുത്തായി ഒരു ബേക്കറിയും പച്ചക്കറിയും എല്ലാം ഉള്ള ഒരു കടയിലായിരുന്നു.
അദേഹത്തിന്റെ മരണ വാർത്ത ആളുകൾ ഒരു നെടുവീർപ്പോടെയാണ് സ്വീകരിച്ചത്.
ബാപ്പു എന്ന മഹൽ വ്യക്തിയുടെ ഖബർ ജീവിതം സ്വർഗ്ഗപ്പൂന്തോപ്പ് ആക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എല്ലാവരുടെ പ്രാർത്ഥനയിലും അവരെയും
------------------------
സഫ്‌വാൻ സി.
ബാപ്പുവിന്റെ ജീവിതം തന്നെ നമുക്ക് പ്രത്യേകിച്ച് ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു പാഠമാണ്. ജീവിതത്തിൽ ഭൗതികമായും പാരത്രികമായും എങ്ങിനെ ജീവിക്കണമെന്ന് ഈ കുറഞ്ഞ കാലയളവിനുള്ളിൽ ബാപ്പു കാണിച്ചു തന്നു. എപ്പോഴും എല്ലാവരോടും ചിരിച്ചു് കൊണ്ട് സൗമ്യമായി രാഷ്ട്രീയ കക്ഷി ജാതി മത ഭേതമന്യേ പെരുമാറിയിരുന്ന ഒരു സഹോദരനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ ജനാസ നമസ്ക്കാരത്തിലും ശേഷമുള്ള ക്രിയകളിലും തഹ് ലീൽ വരെ നാം അതിന് ദൃക്സാക്ഷികളായി .
ഒരു സ്ഥലത്ത് കച്ചവടം വിജയിച്ചില്ലെങ്കിൽ മറ്റൊരു സ്ഥലത്ത് അത് മരണം വരെ നീണ്ടു പോയി. അതിനാൽ അവിടെയെല്ലാം ബാപ്പു വിന് സുഹൃത്തുക്കളെയും ദീനി പ്രവർത്തകരെയും സജ്ജമാക്കാൻ കഴിഞ്ഞു. അത് ആഖിറത്തിൽ ബാപ്പുവിന് ഉപകാരമാക്കണേ നാഥാ...
ആമീൻ.
-----------------------------
മമ്മുദു അരീക്കൻ
പുഞ്ചിരിക്കുന്ന മുഖം
〰〰〰〰〰〰〰
കലാലയ ജീവിതത്തിൽ(അഞ്ചാം ക്ലാസ്സ്) ആദ്യമായി പരിചയപ്പെട്ടത് ബാപ്പുവിന്റെ ചെറുപുഞ്ചിരിയാൽ വിടരുന്ന മുഖമായിരുന്നു. കാരണം ഓഫീസ് റൂമിന്റെ മുകളിലായിരുന്നു എന്റെ ക്ലാസ് റൂം. ക്ലാസിൽ കയറിയാൽ ഞാൻ സീറ്റ് പിടിച്ചിരുന്നത് ഏറ്റവും ലാസ്റ്റ് ബെഞ്ചിലായി ജനലിനോട് ചേർന്നായിരുന്നു. അത് കൊണ്ട് തന്നെ ജനലിലൂടെ ആദ്യം കാണുന്നത് ബാപ്പു ന്റെ കടയും ഒരു ചെറുപുഞ്ചിരിയും. ആദ്യമായി പേന വാങ്ങാനായിരുന്നു പോയിരുന്നത്. ബാപ്പുവിന്റെ കടയിൽ കയറിയാൽ പിന്നെ അര മണിക്കൂർ ക്ലാസ്സായിരിക്കും. (തലമുടിയുടെ നീളം,Model, പാന്റിന്റെ നീളം) അതിനിടയിൽ മിഠായി ചോദിച്ചു ആരെങ്കിലും വന്നാൽ എടുത്തോളി മോനെ എന്നെരു വാക്കും .ബെല്ലടിക്കുന്നതുവരെ ഉപദേശങ്ങൾ തുടരും. ഉപദേശങ്ങൾ കാരണം ചിലർക്ക് ബാപ്പുവിന്റെ കടയിൽ കയറാൻ ഭയമായിരുന്നു. അതിനിടയിൽ മറക്കാനാവാത്ത ബന്ധം സ്ഥാപിച്ചെടുത്തു. പിന്നെ എവിടെന്ന് കണ്ടാലും....." AssalamuAlaikkum thangale, എന്താ ബർത്താനം, ദുആ ചെയ്യി..
ഇതായിരിക്കും തുടക്കം പിന്നീടുള്ള സംസാരം മതപരമായിട്ടായിരിക്കും ആ പുഞ്ചിരി മായുന്നതിന് ദിവസങ്ങൾക്കുമുമ്പ് സംസാരിക്കാൻ പറ്റിയില്ലെങ്കിലും എന്റെ കണ്ണുകൾ ആ മുഖം അന്നും ചെറുപുഞ്ചിരിയാൽ കണ്ടിരുന്നു.
അള്ളാഹു ബാപ്പുവിനെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ
---------------------------
സഹൽ തങ്ങൾ
ബാപ്പുവിനെ ആദ്യമായി പരിചയപ്പെടുന്നത് സംഘടനാ പ്രവർത്തനത്തിലൂടെയാണ്. സ്കൂളിന് മുന്നിൽ കട നടത്തുന്ന കാലത്താണ് ബാപ്പുവുമായി കൂടുതൽ പരിചയം. ഏതു സമയത്ത് കണ്ടാലും സംഘടനാ കാര്യങ്ങൾ പറയുകയും ഇഖ്ലാസോടെയുള്ള സംഘടനാ പ്രവർത്തനമേ ആഖിറത്തിൽ ഉപകരിക്കു എന്നും ഉപദേശിക്കുമായിരുന്നു. എന്നെ കുറ്റൂർ നോർത്ത് യൂണിറ്റ് സുന്നി വിദ്യാർഥി പ്രസ്ഥാനത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ബാപ്പുവായിരുന്നു. ബിദ്അത്തുകാർക്കെതിരെ കടുത്ത നിലപാടായിരുന്നു ബാപ്പു സ്വീകരിച്ചിരുന്നത്. ബാപ്പുവിന്റെ ജീവിതം നമുക്കും മാതൃകയാണ് ഏതൊരു മനുഷ്യരോടും പുഞ്ചിരിച്ചാണ് സംസാരിക്കുക. മരിക്കുന്നതലേ ദിവസം ഞാൻ ജോലി കഴിഞ്ഞ് കക്കാടംപുറത്ത് നിൽക്കുമ്പോൾ കുറ്റൂരിലേക്ക് ബാപ്പു വണ്ടിയിൽ പോവുന്നത് കണ്ടു. കൈ ഉയർത്തി ചിരിക്കുകയും ചെയ്തു. ബാപ്പുവിന്റെ മരണം വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്.
അല്ലാഹു അവരെയും നമ്മേയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടേ......
ആമീൻ
---------------------------------------------
ഫാസിൽ റഹ്മാൻ പൂകയിൽ
മനസ്സിൽ മായാതെ ആ പുഞ്ചിരി
〰〰〰〰〰〰〰
മുതിർന്ന സുഹൃത്തുക്കളിൽ മറക്കാൻ പറ്റാത്ത ബന്ധം പുലർത്തി പോന്ന എന്റെ വഴികാട്ടി എന്റെ ബാപ്പു.
സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഞങ്ങൾ പരിചയത്തിൽ ആവുന്നത്
അരീക്കൻ ഫാൻസിയിൽ സദാ പുഞ്ചിരിക്കുന്ന മുഖവുമായി കച്ചവടക്കാരെ സ്വീകരിക്കുന്ന പ്രകൃതം.. ദീനി പരമായി ഒരുപാട് ഉപദേശങ്ങൾ നൽകി നേർവഴിക്ക് നയിക്കുന്ന സഹോദരന് തുല്യമുള്ള ബന്ധം ആയിരുന്നു ഞങ്ങൾ തമ്മിൽ.. എന്നും ബാപ്പുവിന്റെ കടയിൽ പോയി കുറച്ചു നേരം സംസാരിക്കണം അത് ഒരു ശീലം ആയി പോയിരുന്നു. ദീനി കാര്യങ്ങളിൽ കർക്കശ നിലപാട് ഉള്ള ആളായിരുന്നു ബാപ്പു.. അതിന്റെ പേരിൽ ഒരു പാട് വഴക്കും കേട്ടിട്ടുണ്ട്.. ആ വഴക്ക് എനിക് പ്രചോദനം ആയിട്ടും ഉണ്ട്..
പഠന ശേഷവും പലചരക്ക് കടയിൽ പോയി ബന്ധം പുലർത്തി പോന്നിരുന്നു. എവിടെ വെച്ചു കണ്ടാലും സംസാരവും കൂട്ടുകാരെ കുറിചും ചോദിക്കുന്ന സ്വഭാവം ആയിരുന്നു ബാപ്പു വിന്.
ഒരു നാൾ വഴിയിൽ വെച്ചു കണ്ട് വീട്ടിൽ കൊണ്ടു വിട്ടപ്പോൾ നിർബന്ധിച്ചു വീട്ടിൽ കയറ്റി ചായ തന്നതും ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു..
ഒരുപാട് ഉണ്ട് എഴുതാൻ സമയ പരിധി മൂലം നിർത്തുന്നു
അള്ളാഹു അദ്ദേഹത്തിന്റെ ഖബർ ജീവിതം സ്വർഗ പൂന്തോപ് ആക്കി കൊടുക്കട്ടെ.
ആമീൻ
-----------------------------------
✒ നിസാം അരീക്കൻ
എഴുതണം എനിക്ക് ബാപ്പുൻ്റെ ഓർമകൾ
〰〰〰〰〰〰〰
അന്ന് ഒരിക്കൽ ഞാൻ KMHSS ൽ പഠിച്ച് കളിച്ച് നടന്ന കാലം ഒരുപാട് വിദൂരത്തല്ല ഇപ്പോഴും മനസിൽ തങ്ങിനിൽകുന്ന മായാത്ത ഒരു ഓർമ
അരീക്കൻ ഫാൻസി പുതുതായി ഒരാൾ തുറന്നു എന്ന വാർത്ത സ്കൂളിൽ പരന്നു ഞങ്ങൾ ഇൻ്റർവെൽ സമയത്ത് കാണാൻ പോയി അവിടെ നല്ല തമാശ പറഞ്ഞ് കളിച്ച് ചിരിച്ച് മനസ്സിൽ നിശ് കളങ്കതയും മുഖത്ത് ഏത് സമയവും പുഞ്ചിരിയും തൂകിയ ആ മുഖം ഞങ്ങളെയും വല്ലാതെ ആഗർഷിച്ചു. ബാപ്പു ഞങ്ങൾക്ക് ഒരു കൂട്ടുക്കാരനായിരുന്നു. ഞങ്ങളിൽ ഒരുവനായി ജീവിച്ചു അദ്ദേഹം ഇസ് ലാമികമായി അറിവുള്ള പണ്ഡിതനായിരുന്നു ചെറുതും വലുതുമായ ഉപദേശ നിർദ്ദേശങ്ങളും വേണ്ടുവോളം ഞങ്ങൾ ഏറ്റുവാങ്ങി ഒരു വല്ലാത്ത കാലമായിരുന്നു ആ കാലത്തിലെ ഒരു അഥിതിയായിരുന്നു ബാപ്പു .
പത്താം ക്ലാസ് കഴിഞ്ഞ് kmhss നോട് വിട പറഞ്ഞ് യാത്ര തിരിക്കുമ്പോ ബാപ്പുവിൻ്റെ സുറുമയിട്ട കണ്ണുകൾ നിറഞ്ഞഴുകുന്നത് ഇന്നും കണ്ണിൽ കാണുന്നു പിന്നീടും നീണ്ടുനിന്നു ആ സൗഹൃദം വിട പറയുവോളം
ആ വാർത്ത വിശ്വവസിക്കാൻ കഴിയാത്ത രൂപത്തിൽ അമ്പരപ്പിച്ചു.
നാഥാ അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം സന്തോഷ പൂരിതമാക്കണേ
-------------------------
നളാഫ് തങ്ങൾ
ബാപ്പു
〰〰〰〰
എനിക്ക് കൂടുതൽ വ്യക്തി ബെന്ധം ഇല്ല.
എങ്കിലും പല തവണ എന്റെ വീട്ടിൽ വരികയും സംസാരിക്കുകയും
കൂട്ടുകാരും സഹപ്രവർത്തകരും ഒരുമിച്ചും അല്ലാതെയും വന്നിരുന്ന് വന്ന കാര്യം അവതരിപ്പിക്കുന്നത് ബാപ്പു ആയിരിക്കും'
ആരോടും സംഘടനക്ക് വേണ്ടി പറയാനും ചോദിക്കാനും മടി ഇല്ലാത്ത ആളായിട്ടാണ് ഞാൻ ബാപ്പൂനെ മനസിലാക്കീട്ടുള്ളത്.
അത് പോലത്തന്നെ സംഘടനയുടെ കാര്യം പറഞ്ഞ് പലപ്പോഴും തർക്കങ്ങളും പതിവാണ് എന്നും കേട്ടിട്ടുണ്ട്.
ഏറ്റവും അവസാനം ഞാൻ കണ്ടത് നമ്മുടെ അങ്ങാടിയിലേക്ക് വേങ്ങര ബസ് വരുന്ന റോട്ടിൽ ഒരു കടയിൽ വെച്ചാണ്.
സമയക്കുറവ് കൊണ്ട് നിർത്തുന്നു.
നമ്മെയെല്ലാവരേയും പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് കാക്കട്ടെ.
ആമീൻ.
------------------------------------
ഹനിഫ പുലിക്കോടൻ
ബാപ്പു ... ആ ജീവിതവും മരണവും നമുക്ക് പാഠമാണ്
〰〰〰〰〰〰〰
ബാപ്പുവുമായി കൂടുതൽ ഇടപഴകാനും സംസാരിക്കാനും ഇട വന്നിട്ടില്ല. ഒരു സൗഹൃദ പുഞ്ചിരിയിൽ ഒതുങ്ങിയിരുന്നു പലപ്പോഴും ആ ബന്ധം. എന്നാൽ എനിക്ക് ബാപ്പുനെയും ബാപ്പുവിന് എന്നെയും നല്ല പരിചയമായിരുന്നു.
പലരുടെയും എഴുത്തിൽ നിന്ന് ആ ജീവിത നന്മ നാം വായിച്ചെടുത്തു. സദാ ദീനീ ചിന്തയും സദുപദേശവും നിറഞ്ഞ ആ ജീവിതം നമുക്കൊരു പാഠമാണ്.
പെട്ടെന്നുള്ള ആ മരണം നമുക്ക് മറ്റൊരു പാഠമാണ്. നമ്മെപ്പോലെ രാവിലെ എഴുന്നേറ്റ് കടയിൽ പോയി വീട്ടിലെത്തി ഭക്ഷണം കഴിച്ച് എന്നത്തെപോലെ തന്നെ വൈകുന്നേരമായി, മദ്രസയിലെ മക്കൾക്ക് ദഫ് പരിശീലനം നൽകി വീട്ടിൽ തിരിച്ചെത്തി. എല്ലാം സാധാരണ പോലെ നടന്നു. പിറ്റേന്നും നമ്മെപ്പോലെ ഇത് തന്നെ ആവർത്തിക്കുമെന്ന് നാമൊക്കെ കരുതി- പക്ഷേ... അന്ന് രാത്രി റബ്ബ് ആ മാന്യ ദേഹത്തെ തിരികെ വിളിച്ചു.
പിറ്റേന്ന് കട തുറന്നില്ല, മക്കളുടെ കൂടെ ഭക്ഷണം കഴിച്ചില്ല, അവരുടെ പരിഭവങ്ങൾ കേട്ടില്ല, പ്രിയതമയുടെ ആവശ്യങ്ങൾക്ക് കാതോർത്തില്ല, ദഫ് പരിശീലിപ്പിക്കാൻ മദ്രസയിൽ പോയില്ല.
പോയത് സൃഷ്ടിച്ച് ഈ ലോകത്തേക്ക് പറഞ്ഞയച്ച നാഥന്റെ സവിധത്തിലേക്ക്.
അതാണ് ആ മരണം നൽകുന്ന പാഠം.
നമ്മെ ഒരു വിളി കാത്തിരിക്കുന്നു. എത്ര തിരക്കിലായാലും എഴുതപ്പെട്ട് കഴിഞ്ഞ, തീരുമാനത്തിലെത്തിയ ആ വിളി വരുമ്പോൾ നാം പോകണം.
ഇന്ന് സൗദിയിൽ നിന്ന് മരിക്കാൻ വേണ്ടി ആഫ്രിക്കയിലെ ഉഗാണ്ടയിൽ പോയ തോട്ടശ്ശേരിയറ ഫവാസ് എന്ന 24 കാരന്റെ ജനാസ നിസ്കാരം കഴിഞ്ഞ് വന്നാണ് ഇതെഴുതുന്നത്.
കാമിലായ ഈമാനോടെ സജ്ജനങ്ങളുടെ മരണം റബ്ബ് നമുക്ക് ഔദാര്യമായി തരട്ടേ എന്ന് സാന്ദർഭികമായി ദുആ ചെയ്യുന്നു.
അല്ലാഹു റഷീദ് ബാപ്പുവിന്റെ ഖബർ ജീവിതം മഗ്ഫിറത്തും മർഹമത്തും നൽകി സന്തോഷത്തിലാക്കട്ടേ.. ആ കുഞ്ഞു മക്കൾക്കും വീട്ടുകാരിക്കും ക്ഷമയും ക്ഷേമവും ചൊരിഞ്ഞു കൊടുക്കട്ടേ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു
-------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
റഷീദ് എന്ന ബാപ്പു
〰〰〰〰〰〰〰
മേമാട്ട് പാറയിലെ മാട്ടിൽ തൊടുതറവാട്ടിൽ പുള്ളാട്ട് രായിൻ കാക്കാന്റെ രണ്ടാമത്തെ മകനായാണ് ബാപ്പു പിറന്ന് വീണത്. വർഷങ്ങൾക്ക് ശേഷം ആ തറവാട് രായിൻ കാക്ക, ഇജത്ത് കാടൻ ഹുസൈൻ ഹാജിക്ക് വിറ്റു. പിന്നീട് കൊറ്റശ്ശീരിപ്പുറായയിൽ വീട് വാങ്ങി താമസം ഇങ്ങോട്ട് മാറ്റുകയായിരുന്നു . ഞാൻ നിറങ്ങളുടെ ലോകത്ത് പാറിപ്പറന്ന കാലത്ത് ബാപ്പുവിന്റെ (കൊറ്റശ്ശീരി പുറായ) വീട്ടിലും നിറങ്ങൾ പൂശാൻ പോയിട്ടുണ്ട്. അന്നു മുതലേ എനിക്ക് ബാപ്പുവിനെ അറിയാം. ബാപ്പുവിന്റെ പിതാവ് രായിൻകാക്ക ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സാ കമ്മറ്റിയിൽ എന്റെ സഹപ്രവർത്തകനായിരുന്നു.
കക്ഷിരാഷ്ട്രീയ ചിന്തകൾക്കപ്പുറത്തും ജാതി മത വേർതിരിവുകൾക്കിപ്പുറത്തും വലുപ്പച്ചെറുപ്പമില്ലാതെ നമ്മുടെ നാട് ബാപ്പു എന്നു് വിളിച്ചത് പുള്ളാട്ട് റഷീദിനെയായിരുന്നു.
നടന്നു തീർത്ത നാട്ടുവഴിയോരങ്ങളിൽ സൗഹൃദത്തിന്റെ വടവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ഒരു നാടിനെ മുഴുവൻ തന്നിലേക്കടുപ്പിച്ച് ഒടുവിൽ അവരെയെല്ലാം കണ്ണീരിലാഴ്ത്തി യാത്രാമൊഴി പോലുമരുളാതെ ഒറ്റയടിപ്പാതയിലൂടെ തനിയെ നടന്നു പോയ നിന്റെ നല്ല മനസ്സിന്, ആ നല്ല ജീവിതത്തിന് സർവ്വശക്തനായ റബ്ബ് നിറവസന്തവും നിറയൗവനവുംഅവന്റെ സ്വർഗ്ഗത്തിൽ ഒരുക്കിക്കൊടുക്കട്ടെ -
പെട്ടെന്നുള്ള മരണത്തെ തൊട് നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ - ആമീൻ
--------------------------------------------
എം ആർ സി അബ്ദുറഹ്മാൻ,
പ്രിയപ്പെട്ട ബാപ്പു
〰〰〰〰〰〰〰
അദ്ദേഹത്തെക്കുറിച്ച് എഴുതാൻ കണ്ണീരോടെ അല്ലാതെ ഒരിക്കലും കഴിയുകയില്ല എനിക്ക് ബാപ്പുവായി കൂടുതൽ ഇടപഴകാൻ പറ്റിയിട്ടില്ല എങ്കിലും ഇടയ്ക്കിടയ്ക്ക് കാണാറുള്ള ഒരു മുഖമായിരുന്നു ബാബുവിന്റേത് കാണുമ്പോൾ സംസാരിക്കാറുണ്ടായിരുന്നു സുന്നി പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം കുട്ടികളോടും മുതിർന്നവരോടും ഒരു പോലെ ഇടപഴകാൻ കഴിവുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ സംസാരത്തിൽ ഇടയ്ക്കിടെ നർമ്മം വരുമായിരുന്നു ആദർശപരമായ തർക്കങ്ങൾക്ക് വ്യക്തമായ മറുപടിയും അദ്ദേഹം കൊടുത്തിരുന്നു അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ
--------------------------------------
ഷറഫുദ്ദീൻ കള്ളിയത്
ബാപ്പു എന്ന റഷീദ്നെ കൊറ്റശ്ശേരി പുറായയിലെ ആ ചെറിയ പീടികയിലെ കച്ചവടക്കാരനായാണ് ഞാൻ കാണുന്നത്. പിന്നീട് കുറ്റൂർ കണ്ണഞ്ചിറ മയ്മുട്ടി കാക്ക നടത്തിയിരുന്ന പീടികയിൽ കച്ചവടക്കാരനായും. കാണുമ്പോ എന്തെങ്കിലും അല്പം ലോഹ്യം പറയും. കൂടുതൽ അടുത്തിടപഴകാൻ എനിക്ക് അവസരം കിട്ടീട്ടില്ല. കൂട്ടിൽ പങ്ക് വെക്കപ്പെട്ട ഓർമ്മകളിൽ നിന്ന് അദ്ദേഹം ദീനീ തൽപരനായിരുന്നു എന്നറിയാൻ കഴിഞ്ഞു. അദ്ദേഹം ചെയ്ത എല്ലാ സ്വാലിഹായ പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കട്ടെ. തെറ്റ് കൾ വന്ന് പോയിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്ത് കൊടുക്കട്ടെ.
----------------------------------------------
മൊയ്‌ദീൻ കുട്ടി പൂവഞ്ചേരി
മർഹും ബാപ്പുവിനെ അടുത്ത് പരിചയപ്പെടാൻ സാധിച്ചിരുന്നില്ല.
പ്രവാസ അവധിക്ക് വന്ന സമയത്ത് കുറ്റൂർ പള്ളിയിൽ നേരിട്ട് കണ്ട് സലാം പറഞ്ഞതായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം.
ബാപ്പുവിന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുബത്തിന്റെ വേദന പോലെ നമ്മുടെ നാടിന്റെയും വേദനയാണെന്ന് ഇവിടെ വന്ന അനുസ്മരണ കുറിപ്പുകൾ അടിവരയിടുന്നു.
അദ്ദേഹത്തിന്റെ ഇവിടെ അനുസ്മരിച്ച നല്ല പ്രവർത്തനങ്ങൾ ജീവിച്ചിരിക്കുന്ന നമുക്ക് പ്രചോദനമകട്ടെ.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകട്ടെ...ആമീൻ
----------------------------
ശരീഫ് കെ. എം.
ബാപ്പു
〰〰〰〰
ബാപ്പുവിന്റെ മരണവാർത്ത എല്ലാവരെ പോലെയും ഞെട്ടലോടെയാണ് ഞാനും കേട്ടത്.
ബാപ്പുവുമായി അടുത്തിടപഴകിയിട്ടില്ലെങ്കിലും സ്ഥിരമായി കണ്ടിരുന്ന മുഖത്തോടുള്ള മാനസിക അടുപ്പം ആ വേർപ്പാടിൽ ദു ഖിതനാകുന്നു...താൻ സ്നേഹിച്ച പ്രസ്താനത്തിന്റെ ആശയപ്രചരണം സംവാദത്തിലൂടെയും,പ്രവർത്തനത്തിലൂടെയും അടിതട്ടിലേക്ക് ഇറങ്ങിചെന്ന്..തന്റേതായ ശൈലി രൂപപെടുത്തിയെടുക്കാൻ വിശ്രമരഹിതമായ പരിശ്രമം മൂലം ബാപ്പുവിന്നായി.
ബാപ്പുവിന്റെ വിയോഗം കുടുംബത്തിന് ഉണ്ടാക്കിയ ആഘാതം അള്ളാഹു നേർപ്പിച്ച് കൊടുക്കട്ടെ..പരലോക ജീവിതം ധന്യമാക്കട്ടെ امين
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ,
ബാപ്പുവിനെക്കുറിച്ച് ഞാൻ എന്ത് എഴുതണമെന്ന് എനിക്കറിയില്ല ,ഒരുപാട് എഴുതണമെന്ന് കരുതിയതാണ്. ഉപ്പയുമായി ഉള്ള ബന്ധം: ഞാനുമായി ഉള്ള സൗഹൃദം, പ്രസ്ഥാന ബന്ധം, വിട്ടുവീഴചയില്ലാത്ത ആദർശ ബോധം ,തികഞ്ഞ എളിമയോടെയുള്ള സൗഹൃദ ബന്ധം.. എന്തു പറയണം .. എന്റെ പ്രിയ സുഹൃത്ത് .. എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞില്ലേ .. ക്ഷമ അത് മാത്രം ഇനി .: എല്ലാ വരും ദുആ ചെയതല്ലോ .. അതു മതി എനിക്ക് ...
------------------------
കെ.സി അബു
ബാപ്പു റഷീദ് സൗഹൃദങ്ങൾക്ക് അതിർവരമ്പ് നിശ്ചയിക്കാത്ത കൂട്ടുകാരൻ.
〰〰〰〰〰〰〰
ഒരു സംഘടനയുടെ പക്ഷം ചേർന്നപ്പോഴും മറുപക്ഷക്കാരോട് ആശയപരമായ ചർച്ചകളിൽ ഇടപെട്ടപ്പോഴും താൻ തീർത്ത സൗഹൃദ വലയത്തിന് മങ്ങലേൽക്കാതെ നോക്കി ബാപ്പു....
ചുണ്ടിൽ മായാതെ നിന്ന പുഞ്ചിരി ആയിരിക്കാം ബാപ്പുവിലേക്ക് ഞാനടക്കമുള്ളവരെ അടുപ്പിച്ചതും...
ആ സൗഹൃദം പുതുക്കാനും മറന്നിരുന്നില്ല...
താൻ നെഞ്ചോട് ചേർത്ത ആശയ ആദർശങ്ങളെ കളങ്കമില്ലാതെ തന്നെ മുമ്പോട്ട് കൊണ്ടുപോയി....
ഉപദേശിക്കേണ്ട സുഹൃത്തുകളെ ഉപദേശിച്ചും വിമർശിക്കേണ്ടവരെ വിമർശിച്ചും ബാപ്പു നമുക്കിടയിൽ ജീവിച്ച് നമുക്ക് മുമ്പേ നാഥന്റെ അടുക്കലേക്ക് യാത്രയായി.....
നാഥൻ പൊറുത്ത് കൊടുക്കട്ടെ...
നമുക്കും പൊറുത്തു കൊടുക്കാം ......
ആമീൻ
-------------------------------
അദ്നാൻ അരീക്കൻ,
പുള്ളാട്ട് അബ്ദുൽ റഷീദ് എന്ന പ്രിയപ്പെട്ട ബാപ്പുവിന്റെ മരണ വാർത്ത വളരെ ഞെട്ടലോടെയാണ് കേട്ടത്.കുടുംബത്തിനൊപ്പം തന്റെ സംഘടനക്കും ആദര്ശത്തിനും ദീനീ കാര്യങ്ങൾക്ക് വേണ്ടിയും ചിലവഴിക്കാൻ ബാപ്പു സമയം കണ്ടെത്തിയിരുന്നു. ആളുകളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിച്ചു പോന്നിരുന്ന ബാപ്പു തന്റെ വേറിട്ട ശബ്ദത്തിൽ സലാം പറഞ്ഞാണ് സംസാരം തുടങ്ങാറുള്ളത്. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ ബാപ്പുവിന്റെ കൈകൾ ആരിലേക്കും നീണ്ടിരുന്നില്ല.സൗമ്യനായ ആ ദീനീ സേവകൻ നമ്മോടു വിട പറഞ്ഞു .അള്ളാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
-----------------------------------
ബാസിത് ആലുങ്ങൽ
No comments:
Post a Comment