Tuesday, 20 February 2018

കൂനാരി ഹസ്സൻ കാക്ക


ഹസൻ കാക്കയെ ഓർക്കുമ്പോൾ.......
〰〰〰〰〰〰〰〰
കൂടെ പഠിച്ചിരുന്ന ഫൈസലിന്റെ ഉപ്പ എന്ന നിലയിലാണ് ആദ്യമായി ഹസ്സൻ കാക്കയെ അറിയുന്നത്.
നമ്മുടെ നാട്ടിൽ കാര്യമായി ആരും കൈവെക്കാത്തൊരു മേഖലയാണ് അദ്ദേഹം തൊഴിലായി സ്വീകരിച്ചിരുന്നത്.
തന്റെ ജോലിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന കൈയടക്കം വളരെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
നല്ലൊരു രസികൻ കൂടിയായിരുന്നു ഹസൻ കാക്ക.
പ്രായഭേദമന്യേ മറ്റുള്ളവരുമായി സംവദിക്കാൻ കഴിയുക എന്നത് പലർക്കും കഴിയാത്തൊരു കാര്യമാണ്. എന്നാൽ ഹസ്സൻ കാക്കക്ക് ഈ ഗുണം വേണ്ടുവോളമുണ്ടായിരുന്നു.
ചെറുപുഞ്ചിരികൾ കൈമാറിയും കൊച്ചു തമാശകൾ പറഞ്ഞും അദ്ദേഹം  ചുറ്റുവട്ടത്തോട് ഇടപഴകി.
ഓല മേഞ്ഞ വീടുകളായിരുന്നു ഒരു കാലത്ത് നമ്മുടെ നാട്ടിലധികവും.
നമ്മുടെ നാട് പ്രാരാബ്ദത്തിൽ നിന്ന് മെല്ലെ മുക്തി നേടുന്നതിന്റെ അടയാളമായിരുന്നു ഓട് മേഞ്ഞ മേൽകൂരകൾ.
എഴുപതുകളിലാണ് ഈ മാറ്റം നമ്മുടെ നാടുകളിൽ അനുഭവിച്ച് തുടങ്ങുന്നത്.
ഈ രംഗത്തെ തൊഴിൽ സാധ്യതകൾ മനസ്സിലാക്കിയാവണം ഹസ്സൻ കാക്കയും തന്റെ തൊഴിലിടം കണ്ടെത്തിയത്.
ഈ രംഗത്ത് അദ്ദേഹത്തിന് വിജയിക്കാനും സാധിച്ചു.
ഹസൻ കാക്ക കയറാത്ത ഒരു മേൽകൂരയും നമ്മുടെ നാട്ടിൽ ഉണ്ടാവാനിടയില്ല.
അത്ര മാത്രം ഈ രംഗത്ത് അദ്ദേഹത്തിന് സ്വീകാര്യത നേടാനായി.
ഓടിട്ട വീടുകൾക്കൊപ്പം ഓർത്ത് വെക്കേണ്ട ഒരു പേരായി അദ്ദേഹത്തിന്റേത് മാറി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കാല പ്രവർത്തകൻ കൂടിയായിരുന്നു ഹസ്സൻ കാക്ക.
വർഷങ്ങൾക്ക് മുമ്പ് പാലമoത്തിൽ ചിനയിലേക്ക് താമസം മാറി.
ഈയടുത്താണ് അദേഹം മരണപ്പെട്ടത്. അള്ളാഹു അദ്ദേഹത്തിന്റെ പരലോകജീവിതം വെളിച്ചമാക്കട്ടെ,
---------------------------
സത്താർ കുറ്റൂർ



എന്റെ കുടുംബക്കാരനും കൂടിയാണ് ഹസ്സൻ കാക്ക ആദ്യം ഒരു തവണ അസുഖം മൂർഛിച്ച് മരണം ഉറപ്പിച്ച ആളായിരുന്നു അദ്ദേഹം. പിന്നീട് അസുഖം മാറി സുഖം പ്രാപിച്ചു.
ഒരുപാട് കാലം വീടിന്റെ മൂലോട് നന്നാക്കുന്ന ആളായിരുന്നു. നമ്മുടെ പ്രദേശത്ത് അന്നത്തെ ഏക മുലോട് നന്നാക്കുന്ന ആളുകൂടിയാണ് .
കുറഞ്ഞ കാലം കക്കാടംപുറത്ത് കടലക്കച്ചോടമുണ്ടായിരുന്നു പിന്നീട് എല്ലാം ഉപേക്ഷിച്ചു. എല്ലാവർക്കും സുപരിചിതൻ ആയിരുന്നു ഹസ്സൻ കാക്ക.
എല്ലാ കുത്തി കെണി പണിയും ചെയ്യും
ഏത് പണിയും എനിക്ക് ചെയ്യാൻ കഴിയും എന്ന ഒരു ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. 

മുറുക്കി ചുവന്ന ചുണ്ടിൽ നേർത്ത പുഞ്ചിരിയും ഒരു നീളൻ കുടയും സൈക്കിളും കൂടെ എപ്പോഴും ഉണ്ടാവും.
ആദ്യം താമസച്ചിരുന്നത് കക്കാടംപ്പുറം കള്ളിയത്ത് റോഡ് തുടങ്ങുന്നിടത്ത് തന്നെ ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു.
ഇപ്പോൾ താമസം കാരച്ചിനയിലാണ്.
അവരുടെ ഖബർ ജീവിതം സന്തോഷത്തിൽ ആകട്ടെ നാളെ നമ്മേയും അവരെയും സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
--------------------------
സഫ് വാൻ .സി



ഞങ്ങളുടെ സ്വന്തം ഹസ്സൻ കാക്ക
-----------------------
എന്റെ ചെറുപ്പം തൊട്ടേ പരിചയം ഉള്ള ആളായിരുന്നു ഞങ്ങളുടെ അയൽവാസിയായിരുന്ന കൂനാരി ഹസ്സൻ കാക്ക.  എന്റെയും എന്റെ പരിസര വീടുകളിലെയും ഒരു സഹായി ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ പ്രാദേശിക കാരണവർ അദ്ദേഹം ആയിരുന്നു.  വീട്ടിൽ പ്ലംബിംഗ്, വയറിങ് സംബന്ധിച്ച എല്ലാ അറ്റകുറ്റ പണികളും ഞങ്ങൾക്ക് ഒരു സേവനം എന്ന നിലയിൽ അദ്ദേഹം ചെയ്ത് തന്നിരുന്നു. മുറുക്കാൻ ഉപയോഗിക്കുമായിരുന്ന അദ്ദേഹം എപ്പോഴും പുഞ്ചിച്ചിരിക്കുന്ന ഒരു മുഖത്തിന്റെ ഉടമ കൂടി ആയിരുന്നു.  എവിടെ നിന്ന് കണ്ടാലും തടഞ്ഞു നിർത്തി സുഖ വിശേഷങ്ങൾ തിരക്കാൻ അദ്ദേഹം മറക്കാറില്ലായിരുന്നു. കുട്ടികളെ എല്ലാം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. അങ്ങാടിയിൽ പോയി വീട്ടിലേക്ക് വരുമ്പോൾ ഞങ്ങൾക്കെല്ലാം മിഠായികളും മധുര പലഹാരങ്ങളും അദ്ദേഹം സമ്മാനിച്ചിരുന്നു.  

ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡിൽ ആദ്യത്തെ വീട്  അദേഹത്തിന്റേതായിരുന്നു.  പതിനാലാം രാവിലെ ഉദിച്ചുയർന്ന പൂർണ്ണ ചന്ദ്രനെ  പോലെ വെട്ടിത്തിളങ്ങുന്ന പുഞ്ചിരിയുമായി ആ വീടിന്റെ കോലായിൽ ആ മഹാ വ്യക്തിത്വത്തെ ഞങ്ങൾക്ക് എന്നും കാണാമായിരുന്നു.  
ഈ നാടിന്റെ തന്നെ വിളക്കായിരുന്ന അദ്ദേഹവും കുടുംബവും പിന്നെ മറ്റൊരു നാട്ടിൽ വീട് വെച്ച്  ഇവിടെ ഉള്ള വീടും പറമ്പും വിറ്റ് പോയെങ്കിലും ഇന്നും ആ പറമ്പിന്റെ അവിടേക്ക് ഞങ്ങൾ പറയാറുള്ളത് ഹസ്സൻ കാക്കയുടെ വീട്, വീടിന്റെ സ്ഥലം എന്നൊക്കെ  തന്നെ ആണ്. അദ്ദേഹത്തിന്റെ ഖബറിടം നീ സ്വർഗപ്പൂന്തോപ്പാക്കണേ നാഥാ.....
ആമീൻ
-------------------------------------
ജുനൈദ് കള്ളിയത്ത് 



ഹസ്സൻ കാക്ക 
----------------
എന്റുപ്പാന്റെ കൂട്ടുകാരനായിരുന്നു. ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ പോകാൻ കുറുമ്പ് കാട്ടുമ്പോൾ ആ വഴി പോകുന്ന ഹസ്സൻ കാക്കാനെയായിരിന്നു വല്ലിമ്മ വിളിച്ചു എന്നെ കൊണ്ട് പോകാൻ ഏല്പിച്ചിരുന്നത്. വല്ലാതെ    വാശി കാട്ടിയാൽ മൂപ്പര് എടുത്തു കൊണ്ട് പോകും എന്നുള്ളത് കൊണ്ട് അനുസരണയോടെ പോകുമായിരുന്നു.  എന്നെ കുളത്തിൽ കൊണ്ട് പോയി നീന്തം പഠിക്കാനും ഉപ്പ ഏല്പിച്ചത് മൂപ്പരെയായിരുന്നു. 
വീട്ടിൽ ഓടിന്റെ പണിക്കും മറ്റും വരുമ്പോൾ ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. കാരച്ചെനയിലേക്ക് മാറിയിട്ടും എപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു.  ഉപ്പയുമായി ദീർഘനേരം സംസാരിക്കും. ചെറുപ്പത്തിലേ ഉള്ള കളിക്കൂട്ടുകാരായിരുന്നു അവർ. അത് കൊണ്ട് തന്നെ എന്നോട് വലിയ വാത്സല്യവുമായിരുന്നു.
എപ്പോഴും നാട്ടിൽ വരുമ്പോൾ കാണാറുണ്ടായിരുന്നു.
അള്ളാഹു അദ്ദേഹത്തിന്റെ ഖബറിനെ വിശാലമാക്കി കൊടുക്കുമാറാകട്ടെ 
ആമീൻ
---------------------------------
നൗഷാദ് പള്ളിയാളി



ഓർമ്മ വെച്ച നാൾ മുതൽ എനിക്ക് പരിചയമുണ്ട് ഹസ്സൻ കാക്കയെ. ഉണക്കപ്പൂളച്ചാക്കും, ചുക്ക് ചാക്കും കൊപ്രച്ചാക്കുമെല്ലാം ലോറിയിലും ബസ്സിന്റെ മുകളിലും കയറ്റാൻ കൂടുതലും വിളിച്ചിരുന്നത് ഹസ്സൻ കാക്കാനെയായിരുന്നു. അരീക്കൻ ഉണ്ണീൻകുട്ടികാക്കയും ഉണ്ടാകും. എന്നാൽ ബസ്സിന്റെ മുകളിലേക്ക് കയറ്റാൻ അധികവും ഹസ്സൻ കാക്കാനെയായിരുന്നു വിളിച്ചിരുന്നത്.  പിന്നെ മൂല ഓട് വെട്ടിവെക്കാനും പൂളത്തറ എടുക്കാനും വീട്ടിൽ വന്നിരുന്നു. ഉപ്പ കച്ചവടമൊക്കെ നിറുത്തി കുടകിൽ പപ്പടക്കച്ചവടം തുടങ്ങിയപ്പോഴും പപ്പടപ്പെട്ടി ബസ്സിന്റെ മുകളിലേക്ക് കയറ്റുവാനും ആശ്രയം മൂപ്പര് തന്നെയായിരുന്നു.  അത് കൊണ്ട് ആ ബന്ധം മരണം വരെ തുടരാനും കഴിഞ്ഞു.  ആ ബന്ധം കൊണ്ടാവാം 38 വർഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന എനിക്ക് അദ്ദേഹത്തിന്റെ ജനാസയെ അനുഗമിക്കാനും നമസസ്ക്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിച്ചു.  അള്ളാഹു അവരുടെ പാപങ്ങളെല്ലാം പൊറുത്ത് കൊടുത്ത് പരലോകജീവിതം ധന്യമാക്കിക്കൊടുക്കട്ടെ.  ആമീൻ
-------------------------------
മമ്മുദു അരീക്കൻ 



ഹസൻകാക്ക - പുഞ്ചിരിയുടെ സൗന്ദര്യം
--------------------------------------
വളരെ ചെറുപ്പത്തിലേ പരിചയമുള്ള വ്യക്തിത്വം. അന്നേ ഞാൻ ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഹസൻ കാക്ക വലിയ തറവാട്ടിൽ വലിയൊരു മുതലാളിയുടെ മോനായി ജനിച്ചിരുന്നെങ്കിൽ എന്ന് !!
അത്ര മാത്രം സൗന്ദര്യവും കുലീനതയും നിറഞ്ഞ ആ മുഖഭാവം. അതിനൊത്ത വേഷഭൂഷാദികളും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു മന്ത്രിയുടെയോ സംസ്ഥാന നേതാവിന്റെയോ ലുക്ക് ഉണ്ടാവും. ആ പുഞ്ചിരി പോലും സുന്ദരമായിരുന്നു.
കാക്കാക്ക് അറിയാത്ത പണികളില്ല. ചെയ്യാത്ത ജോലികളില്ല. എല്ലാം ഇവിടെ പറഞ്ഞു കഴിഞ്ഞു. ദീനി സ്ഥാപനങ്ങളോട് വലിയ അടുപ്പവും താല്പര്യവുമായിരുന്നു. ഹസൻ കാക്ക ഇല്ലാത്ത വഅളിന്റെ സദസ്സ് ഇല്ലായിരുന്നു.
സ്വന്തത്തേക്കാളേറെ നാട്ടുകാരെയും സമുദായത്തെയും സ്നേഹിച്ച സേവന തൽപരനായിരുന്നു. അത്തരം ആളുകൾ ഇന്ന് നമുക്കിടയിൽ ഇല്ലാതായി കൊണ്ടിരിക്കുന്നു.
ആ ഖബർ ജീവിതം റബ്ബ് സ്വർഗീയമാക്കട്ടേ എന്ന് ദുആ ചെയ്യുന്നു.
-------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



ഹസ്സൻ കാക്ക
 എന്റെ മുത്തച്ചിയുടെ ജ്യേഷ്ടത്തിയുടെ മകനാണ് ഹസ്സൻ കാക്ക, (എന്റെ ഉമ്മാന്റെ ജ്യേഷ്ടത്തിയുടെ മകന്റെ മൂത്തച്ചി ).
പുഞ്ചിരിയോടെ നടന്നിരുന്ന ഹസ്സൻ കാക്ക വളരെ ഗൗരവക്കാരനായിരുന്നു. 
ഒരു പരോപകാരിയായ പച്ച മനുഷ്യനായിരുന്നു അദ്ദേഹം.  ഒരുപാട് മേഖലയിൽ ജോലി ചെയ്തെങ്കിലും മൂന്ന് കാലുള്ള ചട്ടിയും വലിയ പ്ളാസ്റ്റിക് തൊപ്പിയും വെച്ച് എത്രയോ വീടുകളിൽ ഓട് വെട്ടിവെക്കുന്ന ജോലിയിൽ ആയിരുന്നു അദ്ദേഹം കൂടുതൽ പിടിച്ച് നിന്നത്. അദ്ദേഹത്തിന്റെ മകനായ ഫൈസലിനെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും അരീക്കൻ ലത്തീഫിന്റെ റൂമിൽ വെച്ചായിരുന്നു.  മകനായിട്ട് ഫൈസൽ മാത്രമേയുള്ളൂ. 
അദ്ദേഹത്തിന്റെ ഖബറിടം വെളിച്ചമാക്കി കൊടുക്കണേ നാഥാ - ആമീൻ
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ



പുകയൂര് കുന്നത്ത് സ്വദേശിയായ ഹസ്സൻ കാക്ക തന്റെ ചെറുപ്പത്തിൽ ഉപ്പയുടെ മരണ ശേഷം കക്കാടംപുറം മില്ലിന്റെ അടുത്ത് താമസമാക്കുകയും പിന്നീട് കുറ്റൂർ റോട്ടിലേക്ക്  താമസം മാറ്റുകയുമാണ് ചെയ്തത്. 
നന്നേ ചെറുപ്പത്തിലുള്ള പിതാവിന്റെ  വേർപ്പാട്  അദ്ധേഹത്തെ കഠിനാദ്ധ്വാനിയാക്കി.  ചെറുപ്പകാലത്ത് കർണ്ണാടകയിൽ ജോലിക്ക് പോകുകയും പിന്നീട്  നാട്ടിൽ തന്നെ ഫെയ്മസാക്കിയ  മൂലോട് വെട്ടി വെക്കുന്ന ജോലിയിൽ ഏർപ്പെടുകയുമായിരുന്നു. 
പുലർച്ചെ വന്നു മഗ്രിബ് വരെ ജോലി  ചെയ്ത് എടുത്ത  പണി മുഴുമിക്കൽ അദ്ധേഹത്തിന്റെ ശൈലിയായിരുന്നു.
തന്റെ തൊഴിൽ പ്രാവീണ്യമാവാം പരപ്പനങ്ങാടി മുതൽ കൊണ്ടോട്ടി വരെയുള്ള അടുത്ത പ്രദേശങ്ങളിൽ നിന്ന് അദ്ധേഹത്തെ തേടിയെത്തിയത്. നാഥൻ നന്മ ചൊരിയട്ടെ.
------------------------------------------
അബ്ദുലത്തീഫ് അരീക്കൻ



ഹസ്സൻ കാക്ക.....    
ആ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ മായാതെ നിൽക്കുന്നു. കക്കാടംപുറത്തിന്റെയും കുറ്റൂർ നോർത്തിന്റെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മേഖലകളിലും നിറസാനിദ്ധ്യമായിരുന്നു ഹസ്സൻ കാക്ക. അദ്ദേഹം ഏറ്റെടുത്ത ഏതു ജോലിയിലും അദ്ദേഹത്തിന്റെ പ്രാഗൽഭ്യം തെളിയിച്ചു. ദീനി സേവന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. മതപ്രഭാഷണ വേദികളിൽ നല്ലൊരു വളണ്ടിയറായി അദ്ദേഹത്തെ എപ്പോഴും കാണാറുണ്ട്.                  പിന്നെ ബഷീർ, സത്താർ, ജുനൈദ്, ബാവ ,MRC, പൂച്ചാക്ക, മുസ്തഫ, നൗഷാദ്, ഷറഫുദ്ധീൻ, എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ ശ്രദ്ധേയമായി.                       റബ്ബ് അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ,
------------------------------------
ഹസ്സൻകുട്ടി അരീക്കൻ



ഹസ്സൻ കാക്ക....
എന്റെ കുട്ടിക്കാലം മുതലേ  അറിയുന്ന ആൾ... തറവാട്‌ വീടു മറക്കാത്തിടത്തോളം ഹസ്സൻ കാക്കയുമുണ്ടാകും ഓർമ്മയിൽ...
മുറുക്കി ചുവപ്പിച്ച ചുണ്ടും കറുത്ത കാലൻ കുടയുമായി ബീത്താട്ടിലേക്കു പോവുന്ന ഹസ്സൻ കാക്ക  കുട്ടിക്കാലത്തെ നിത്യ കാഴ്ച്ചകളിലൊന്നായിരിന്നു.
അടുക്കളയുടെയും  മറ്റും മുകളിലെ ഓടിനു മഴയെന്നോ വെയിലെന്നോ പ്രത്യേകിച്ചു സമയമില്ലാത്തതിനാലും തെയ്യന്റെ വരവിനുള്ള കാല താമസം കൊണ്ടും ഓടു മാറ്റാനുള്ള വകയുണ്ടാവും ഹസ്സൻ കാക്കാക്കു.
പലപ്പോഴും ഓടെടുത്തു കൊടുക്കാനുള്ള ചുമതല എന്റെയും. ഹസ്സൻ കാക്കയുടെ വരവിൽ മറ്റൊരുദ്ദേശം ഇറയത്തെ പാത്തിയിൽ കുടുങ്ങിയ പെപ്സി ബോളെടുപ്പിക്കലും. അങ്ങനെ ഹസ്സൻ കാക്കയെ സോപ്പിട്ടും കയ്യാളായും ഞമ്മളെ കാര്യം ഞമ്മളു സലാമത്താക്കും. അങ്ങനെ ഒരു ദിവസം മൂലോടു പൊട്ടിയതു മാറ്റുന്നതിനിടെയാണു ഒരണ്ണാൻ കുട്ടിയെ കിട്ടിയതു. എന്താ ഹസ്സൻ കാക്കാതു നിഷ്കളങ്കത നിറഞ്ഞ ചോദ്യത്തിൽ ഇതൊരെലികുട്ട്യാ  ന്നുള്ള മാറ്റിയ ഓടിനുള്ളിലേക്കു ചകിരി തുപ്പും വെച്ചു മൂപ്പരതിനെ ഉള്ളിലേക്കു വെച്ചു .... പോവാൻ കൈയും കാലും കഴുകി എന്നോടു പറഞ്ഞു അതൊരു അണ്ണാൻ കുട്ട്യേനു കണ്ണു കീറീട്ടില്ല അതാ ഞാനനക്കു തരാഞ്ഞു. ഞാൻ നോക്കട്ടെ അടുത്ത പ്രാവിശ്യം ബീത്താട്ടിലെ കവുങ്ങും തോട്ടത്തീന്നു കിട്ടുമ്പോ കൊണ്ടു തരാം. 
ഓടിലെ രണ്ടു തരവും ഇരട്ട പാത്തി ഒറ്റ പാത്തി. ഓടിന്റെ നടുവിൽ ചവിട്ടാതെ രണ്ട്‌ സൈഡിലും ചവിട്ടണമെന്നും ഓടു മാറ്റുന്നതു പടിപ്പിച്ചതും ഹസ്സൻ കാക്ക ആയിരിന്നു. എവിടുന്നു കണ്ടാലും പെട്ട്യേ എവ്ട്ക്കാ പോണൂ ന്നുള്ള സ്ഥിര സുഖാന്വേഷണവും  ഹസ്സൻ കാക്ക ചോദിക്കുമായിരിന്നു.
പിന്നീടു അസുഖമായതിനു ശേഷം ഞാൻ കണ്ടിട്ടില്ല മരണ സമയത്തും ഞാൻ നാട്ടിലില്ലായിരിന്നു. എന്തോ ഈ ആഴ്ചത്തെ പള്ളി പറമ്പിന്റെ പോസ്റ്ററിൽ ഹസ്സൻ കാക്കയെ കണ്ടപ്പോ കണ്ണു നിറഞ്ഞു.
 പടച്ചവൻ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ...
സ്വർഗ്ഗീയ പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ...
കടയിലെ തിരക്കിനിടയിലും ...
അദ്ദേഹത്തെ സ്മരിച്ചില്ലെങ്കിൽ അപരാധമാവും എന്ന തോന്നലു കൊണ്ടു മാത്രം.
---------------------------
അജ്‌മൽ പി. പി., 


No comments:

Post a Comment