പളളിപ്പറമ്പ് @ 52
കള്ളിയത്ത് അവറാൻ മുസ്ലിയാർ
കള്ളിയത്ത് അവറാൻ മുസ്ലിയാർ - നാടിന്റെ തീരാ നഷ്ടം
============
ഒരു നാടിന്റെ തന്നെ വെളിച്ചമായിരുന്ന കള്ളിയത്ത് അവറാൻ മുസ്‌ലിയാർ എന്റെ ഉപ്പയുടെ വലിയുപ്പയാണ്.
ഇന്നും മനുഷ്യമനസ്സുകളിൽ അദ്ദേഹം ജീവിച്ചിരിക്കുന്നു.
അദ്ദേഹത്തിന് എപ്പോഴും പുഞ്ചിരിക്കുന്ന ഒരു മുഖമായിരുന്നു.
അറബി,മലയാളം, തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ദിനേന അൽപ്പമെങ്കിലും വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു.ആനുകാലിക പ്രസക്ത ലേഖനങ്ങളും ദിനപത്രങ്ങളും സ്കൂൾ കുട്ടികളുടെ പുസ്തകങ്ങളും ഒക്കെ വായിക്കുമായിരുന്നു.
ഓരോ ദിവസത്തെയും പ്രധാന കാര്യങ്ങൾ തന്റെ ഡയറിക്കുറിപ്പിൽ കുറിച്ചുവെക്കാനും അദ്ദേഹം മറക്കാറില്ലായിരുന്നു.പൊതു വിജ്ഞാനി കൂടിയായിരുന്നു അദ്ദേഹം.
കാര്യങ്ങൾ ഉത്തരവാദിത്വമനോഭാവത്തോടെ നോക്കി കണ്ടു.നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗം നിർദേശിച്ചു കൊണ്ടും അവ പരിഹരിച്ചു കൊണ്ടും ,നാടിനും നാട്ടുകാർക്കും വേണ്ടി ജീവിച്ചു.
നാടിന്റെ ഓരോ നല്ല പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചു.
തന്റെ മകളെയും സഹോദരന്റെ മക്കളെയും കുറ്റൂർ നോർത്തിലുള്ള ഓത്ത്പള്ളിയിൽ അക്ഷരങ്ങൾ പഠിക്കാൻ വിട്ടു,ദൂര കൂടുതൽ കാരണം അവിടെ പോയി മടങ്ങി വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് കണ്ടറിഞ്ഞു നമ്മുടെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ നമ്മുടെ നാട്ടിൽ തന്നെ ഒരു മദ്രസ എന്ന ആശയം മുന്നോട്ട് വെച്ചു. അങ്ങനെ ആ ആശയത്തിൽ അദ്ദേഹം പ്രസിഡന്റും അദ്ദേഹത്തിന്റെ സുഹൃത്തും നാട്ടുകാരനുമായിരുന്ന കുറുക്കൻ കുഞ്ഞായീൻ മുസ്‌ലിയാരെ സെക്രെട്ടറി യും ആക്കിക്കൊണ്ട് കക്കാടംപുറത്ത് മള് ഹറുൽ ഉലും മദ്റസ രൂപം കൊണ്ടു.ഇന്നത്തെ പോലെയുള്ള മദ്രസയല്ല,മറിച്ച് ഓലകൾ കൊണ്ട് മറച്ചു കെട്ടിയ ചെറിയ ഒരു ഹാള്. അതായിരുന്നു അന്നത്തെ മദ്രസ.അവിടേക്ക് പിന്നെ തന്റെ മക്കളെയും നാട്ടിലെ എല്ലാ കുട്ടികളെയും ചേർത്തു.അതിൽ നിന്നാണ് ഇന്നത്തെ പോലോത്ത മദ്രസ ഇവിടെ ഉയർന്നു വന്നത്.
അത് പോലെ തന്നെ കക്കാടം പുറത്തെ പള്ളിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം,അതിന്റെ എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടെ നോക്കി നടന്ന ആൾ ആയത് കൊണ്ടാണ് അന്നത്തെ നാട്ടുകാർ പള്ളിക്ക് അദേഹത്തിന്റെ പേര് കൂടി ചേർത്തി മസ്ജിദു റഹ്മാൻ എന്ന പേര് വെച്ചത്.
ദീനീ കാര്യങ്ങളിൽ വളരെ അധികം കർക്കശക്കാരനായിരുന്നു അദ്ദേഹം. തെറ്റുകൾ കണ്ടാൽ അത് വളരെ സൗമ്യതയോടെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു.
കുറ്റൂർ കുന്നാഞ്ചേരി പള്ളിയിലെ ഖത്തീബും ഖാളിയും ആയി സേവനമനുഷ്‌ടിച്ചു.
നമ്മുടെ നാട്ടിലെ ദീനീപണ്ഡിതനായിരുന്ന അദ്ദേഹം കൊണ്ടോട്ടിക്കടുത്ത് വിളയിൽ എന്ന സ്ഥലത്തായിരുന്നു ദർസ് നടത്തിയത്.
അവിടെ നിന്ന് ഓരോ വ്യാഴാഴ്ചയും വടിയും കുത്തിപ്പിടിച്ചു പാറകളും കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്നിട്ടായിരുന്നു അദ്ദേഹം നാട്ടിലേക്ക് വന്നിരുന്നത്.
നാട്ടിൽ വന്നാൽ കക്കാടംപുറത്തെ മദ്രസയിൽ കയറി അവിടുത്തെ ഉസ്താദുമാരുമായിട്ട് സൗഹൃദ സംഭാഷണം നടത്താനും മദ്രസ യുടെ സ്ഥിതി വിവരങ്ങൾ ചോദിച്ചറിയുവാനുംഅദ്ദേഹം ഏറെ സമയം കണ്ടെത്തിയിരുന്നു.
വീട്ടിൽ എത്തിയാൽ തന്റെ മക്കൾക്ക് കിതാബ് ഓതിക്കൊടുക്കലും അദ്ദേഹത്തിന്റെ പതിവായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ കോളറ രോഗം ബാധിച്ച് ആദ്യ ഭാര്യ മരണപ്പെടുകയുണ്ടായി,പിന്നെ തന്റെ ചെറിയ മക്കളെ പോറ്റാൻ വേണ്ടി മറ്റൊരു വിവാഹം കഴിച്ചു,അവരും മരിച്ചപ്പോൾ വേറെ ഒന്നും കൂടി വിവാഹം ചെയ്‌തു. പിന്നീട് ആ ഭാര്യയും മരിച്ചപ്പോൾ അവസാനമായി ഒരാളെ കൂടി വിവാഹം ചെയ്തു.അവസാന ഭാര്യ അദേഹത്തിന്റെ മരണശേഷമായിരുന്നു മരണപ്പെട്ടത്.
പരേതനായ കള്ളിയത്ത് മുഹമ്മദ് ഹാജി,മൂസ്സ
,ഫാത്തിമ കുട്ടി ഹജ്‌ജുമ്മ, എന്നിവരും ഇപ്പോൾ ജീവിച്ചിരിക്കുന്ന കുഞ്ഞായിഷ ഹജ്‌ജുമ്മ എന്നിവരും മക്കളാണ്.ആദ്യ ഭാര്യയിൽ മാത്രമേ മക്കൾ ഉണ്ടായിരുന്നുള്ളു..ഇപ്പോൾ മക്കളും പേര മക്കളുമായി നിരവധി പേര് ഈ കുടുംബത്തിലുണ്ട്.
വാർധക്യ രോഗങ്ങൾ ബാധിച്ചു ചികിത്സയിൽ കഴിയവേ ഒരു ദിവസം ളുഹർ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
ഇപ്പോൾ കുറ്റൂർ കുന്നാഞ്ചേരി പള്ളിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥാ...
അവരേയും നമ്മെയും അള്ളാഹു (സു.ത) അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ...ആമീൻ.
-----------------------------
കക്കാടം പുറത്തെ ആദ്യ കാല സ്‌റാമ്പ്യയിൽ നിന്ന് ഇന്ന് ഉള്ളതിന്റെ മുൻപ് ഉണ്ടായിരുന്ന ഓടിട്ട ഇരുനില കെട്ടിടത്തിലേക്ക് പള്ളി രൂപ മാറ്റം വരുത്തിയപ്പോൾ അതിന്റെ ജോലികളിൽ ആത്മാർത്ഥമായി മുന്നിൽ നിന്ന് നയിച്ച കള്ളിയത്ത് അബ്ദുറഹ്മാൻ എന്ന അവറാൻ മുസ്ലിയാരുടെ ആദര സൂചകമായും പിൽകാലത്ത് അനുസ്മരണമായി മാറാൻ വേണ്ടിയും ആണ് ആ പേര് ഇട്ടത്.
കുറുക്കൻ കുഞ്ഞായീൻ മുസ്‌ലിയാർ ആണ് അബ്ദുറഹ്മാൻ എന്നതിനോട് സാമ്യമുള്ള പേര് നിർദേശിച്ചത്.
ഇതൊക്കെ പഴയ ആളുകളിൽ നിന്നും ലഭിച്ച കേട്ടറിവുകൾ ആണ്.
അല്ലാതെ മറ്റുള്ള രേഖകൾ ഒന്നും ലഭ്യമല്ല...!!
-----------------------------
ഉപ്പാപ്പയെ പറ്റിയുള്ള വിവരങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഉപ്പയുടെ അമ്മായിയും ഉപ്പാപ്പയുടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന മകളുമായ ,ഈ ഗ്രൂപ്പിലെ അംഗം കാവുങ്ങൾ മുഹമ്മദ് കാക്കയുടെ ഉമ്മ - കുഞ്ഞായിഷ ഹജ്ജുമ്മ എന്നവർ ആണ്.അവരോടുള്ള നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു.അവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകണമേ നാഥാ....
ആമീൻ.=======================
✍🏻 ജുനൈദ് കള്ളിയത്ത്
അവറാൻ മുസ്ലിയാർ - അറിവും ആർജ്ജവവുമൊത്ത പണ്ഡിതൻ
=============
നമ്മുടെ നാടിനെ പഴയ കാലത്ത് ഇൽമ് കൊണ്ട് - സമ്പന്നമാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത മഹാത്മാക്കൾ ഒരുപാട് കഴിഞ്ഞ് പോയിട്ടുണ്ട്. അതിൽ പ്രമുഖ വ്യക്തിയായിരുന്നു മർഹും. കള്ളിയത്ത് അവറാൻ മുസ്ലാർ.
അഗാധ പാണ്ഡിത്യം കൊണ്ടും ആർജ്ജവമുള്ള നിലപാട് കൊണ്ടും അദ്ദേഹം മാതൃക കാണിച്ചു.
കുടുംബ പശ്ചാതലവും മറ്റും വിശദമായി പ്രപൗത്രൻ ജുനൈദ് വിവരിച്ചു.
വിളയിൽ പറപ്പൂര് ദർസ് നടത്തിയിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാരുമായി നല്ല ബന്ധമായിരുന്നു. ഇടക്കിടെ അവരെ സന്ദർശിക്കും. മകൻ മുഹമ്മദ് ഹാജി മദ്രാസിൽ ആദ്യം തുടങ്ങിയ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ബാപ്പു മുസ്ല്യാർ ആയിരുന്നു.
വീട്ടിലെത്തിയാലും എപ്പോഴും കയ്യിൽ കിതാബായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഉറച്ച സുന്നി ആദർശക്കാരനായിരുന്നിട്ടും അന്നത്തെ ഉത്പതിഷ്ണക്കളെ സഹിഷ്ണുതയോടെ കണ്ടിരുന്നു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്ക് അദ്ദേഹം എതിരായിരുന്നു.
ഇൽമിനെ സ്നേഹിക്കുകയും അത് തലമുറകൾക്ക് പകർന്നു കൊടുക്കുകയും ആർജ്ജവത്തോടെ നാടിന്റെ നായകത്വം വഹിക്കുകയും ചെയ്ത ആ മഹാന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെയെന്ന് ദുആ ചെയ്യുന്നു.
================
✍ മുഹമ്മദ് കുട്ടി അരീക്കൻ
കള്ളിയത്ത് അവറാൻ മുസ്ലിയാർ എന്ന ഞങ്ങളുടെ പിതാമഹനെ വളരെ ഭംഗിയായും ലളിതമായും എന്റെ അനിയൻ ജുനൈദ് എന്ന ഞങ്ങളുടെ മാനുവും വളരെ ചെറിയ ഓർമകൾ നൗഷാദ് എന്ന ഞങ്ങളുടെ കുഞ്ഞുട്ടിയും വിവരിക്കുകയുണ്ടായല്ലോ. അവർക്കും അവരുടെ വിവരണങ്ങൾ വായിച്ച് ഞങ്ങളുടെ കാരണവർക്ക് ദുആ ചെയ്ത ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഞാൻ ആദ്യം നന്ദി അറിയിക്കുന്നു. അവറാൻ മുസ്ലിയാരുടെ മൂത്ത പേരമകന്റെ മകനാണ് ഞാൻ എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് ഞങ്ങളുടെ ഉപ്പാപ്പ ഇഹലോകവാസം വെടിയുന്നത്. മരണം വരെ നല്ല ഓർമശക്തിയോടെ ഇരുന്ന ഉപ്പാപ്പ എന്റെ തറവാടുവീടായ അരീക്കൻതൊടിയിലെ പൂമുഖത്തായിരുന്നു അവസാന കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നത്. നൂറിൽപരം ഖിതാബുകൾ ആ മുറിയിൽ ഉണ്ടായിരുന്നു ഞാൻ കാണുമ്പോഴൊക്കെ എഴുത്തിലും വായനയിലും തന്നേയായിരുന്നു. ഒട്ടേറെ ആളുകൾ പാപ്പാനെ കാണുന്നതിന് ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതിൽ അധികവും മുസ്ലിയാക്കൻമാർ തന്നെ. ഇവർക്ക് ചായ പകർന്ന് നൽകാൻ എന്റെ വല്ലിപ്പ മുഹമ്മദ് ഹാജി കക്കാടംപുറം സ്വദേശിനിയായ തിത്തീന്ത എന്ന ഒരു സ്ത്രീയെ (ഇവർ ഈ അടുത്ത കാലത്താണ് മൺമറഞ്ഞത്) ചുമതലപ്പെടുത്തിയിരുന്നു ഞാൻ കാണുമ്പോഴൊക്കെ ഒരു ചായക്കട കണക്കെ ചായ പകരലാണ് ഈ സ്ത്രീയുടെ പണി. പേരക്കുട്ടി മരുമകളായ എന്റെ ഉമ്മയും എന്റെ വലിയ അമ്മായിയുമാണ് ഉപ്പാപ്പാക്ക് വുളു എടുത്ത് കൊടുത്തിരുന്നത് 1950 കളുടെ മധ്യത്തിലാണ് അവറാൻ മുസ്ലിയാർ ഹജിന് പോയത് ഹജ് കഴിഞ്ഞ് തിരിചെത്തിയപ്പോൾ നാട്ടുപ്രമാണിയായ എടത്തോള മുഹമ്മദ് ഹാജി ആ കാലത്തെ കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ ഉപ്പാപ്പക്ക് വേണ്ടി സൽക്കാരം വച്ചിരുന്നു. കോഴിക്കോട് നടക്കാവിലുള്ള മുഹമ്മദ് ഹാജിയുടെ വീട്ടിലെ വാടകക്കാരനായ മുൻ മുഖ്യമന്ത്രി മഹാനായ സി എച്ച് മുഹമ്മദ്കോയാ സാഹിബും ഒട്ടേറെ കാരണവൻമാരും ഈ സൽക്കാരത്തിന് എത്തിയിരുന്നെത്രെ. അവിടെ വച്ച് സി എച്ച് ഉപ്പാപ്പയേ ഒരു കറുത്ത ഗൗൺ അണിയിച്ചാണ് സ്വീകരിച്ചിരുത്തിയത്. ഈ ഗൗണും ഇന്ത്യ ഗവൺമെണ്ടിന്റെ ഒറ്റ പേജുള്ള ഒരു പിൽഗ്രിം പാസ്പോർട്ടും ഈ അടുത്ത കാലത്തു വരെ ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു. വിഭവങ്ങളുടെ ഉപയോഗം വളരെ സൂക്ഷിച്ചാവണമെന്ന കർക്കശക്കാരനായിരുന്നു ഉപ്പാപ്പയെന്നും വുളൂ എടുത്തതിനു ശേഷം പാത്രത്തിൽ ശേഷിക്കുന്ന വെള്ളം കിണറിലേക്ക് തന്നേ ഒഴിക്കുന്ന ശീലവും ഉണ്ടായിരുന്നതായി എന്റെ ചെറിയ വല്ലിമ്മ (അവറാൻ മുസ്ലിയാരുടെ ചെറിയ മകൻ മൂസക്കയുടെ ഭാര്യ) യിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു . ദൂരങ്ങളിൽ ദർസ് നടത്തുന്ന കാലം വ്യായാഴ്ച നാട്ടിലെത്താറുണ്ട് വെള്ളിയാഴ്ച കുന്നാംചേരി ജുമഅത്ത് പള്ളിയിൽ ഖുതുബ പറയാനുള്ളതുകൊണ്ട് ഈ പതിവിനു ഭംഗം വരുത്താറില്ലത്രെ എന്നാലും വീടെത്തുന്നതിനു മുമ്പ് തനിക്ക് ഭക്ഷണപാനീയങ്ങൾ ഒരുക്കരുതെന്ന് നിർബന്ധം പിടിചിരുന്നു. എത്താൻ പറ്റിയില്ലെങ്കിൽ ആ അന്നപാനീയങ്ങൾ നശിച്ച് പോകുമെന്നും റബ്ബിനോട് നാളെ ഉത്തരം പറയേണ്ടി വരുമെന്നും വേദനയോടെ ഓർമപ്പെടുത്തുമായിരുവെന്ന് ഇവർ പറഞ്ഞ് കേട്ടിട്ടുണ്ട് ആദ്യ കാലങ്ങളിൽ തലശേരിക്കടുത്തുള്ള പാനൂരിലും തിരുനാവായക്കടുത്തുള്ള എടക്കുളം ജുമാ മസ്ജിദിലും കൊണ്ടോട്ടിക്കടുത്തുള്ള വിളയിലുമാണ് ഉപ്പാപ്പ പ്രധാനമായും ദർസ് നടത്തിയിരുന്നത് ഇതിൽ കൂടുതൽ കാലം വിളയിലായിരുന്നുവെത്രെ നാട്ടിലും മറുനാട്ടിലുമായി ഒട്ടേറെ ശിഷ്യൻമാർ ഇദ്ദേഹത്തിനുണ്ടായിരുന്നു .ഖിതാബുകളുടെ വൻശേഖരം തന്നേ ഉപ്പാപ്പക്കുണ്ടായിരുന്നു മരണാനന്തരം ഈ ഖിതാബുകൾ കുന്നാഞ്ചേരി ജുമമസ്ജിദ് അടക്കമുള്ള പള്ളികളിലേക്ക് നൽകുകയാണുണ്ടായത് .അക്കാലത്തെ കോഴിക്കോട്ടെ പ്രശസ്തനായ ഡോക്ടറായിരുന്നു Mr c v c വാര്യർ. ഇദ്ദേഹത്തേയാണ് ഉപ്പാപ്പ സ്ഥിരമായി സമീപിച്ചിരുന്നത് ഉപ്പാപ്പയുമായി നല്ല സൗഹാർദ്ധം നിലനിർത്തിയിരുന്ന ഇദ്ദേഹം ഖുർആനിന്റെ ഇംഗ്ലീഷ് തർജമ വായിച്ച് വ്യാഖ്യാനം ചോദിച്ച് മനസിലാക്കിയിരുന്ന ത്രെ. ഇതിനുവേണ്ടി ചില ശനിയാഴ്ചകളിൽ ഡോക്റ്റർ ഞങ്ങളുടെ വീട് സന്ദർശിച്ചിരുന്നു. മഹാനായ മർഹൂം CN അഹമ്മദ് മൗലവി ഖുർആൻ തർജമ ചെയ്തപ്പോൾ ഒട്ടേറെ എതിർപ്പുകളുമായി അനേകം മുസ്ലിയാക്കൻമാർ രംഗത്തു വന്നിരുന്നു. ഇക്കൂട്ടർ പിന്തുണ തേടി ഞങ്ങളുടെ ഉപപ്പയെ സമീപ്പിച്ചപ്പോൾ അന്യമതസ്ഥനായ വാര്യർ ഖുറാൻ അർത്ഥങ്ങളിൾ പഠിക്കുമ്പോൾ നമ്മുടെ സാധാരണ ജനങ്ങൾക്ക് മലയാളത്തിൽ അർത്ഥം മനസിലാക്കാൻ CNന്റെ ശ്രമം ഉപകരിക്കുമല്ലോ എന്ന് പറഞ്ഞ് ഇക്കൂട്ടരെ നേരിട്ട കഥ എന്റെ പിതാവ് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. പിൽകാലത്ത് ആലുവായ് അബുബക്കർ മുസ്ലിയാർ എന്ന മഹാ പണ്ഡിതൻ ഞങ്ങളുടെ വീട് സന്തർശിച്ചപ്പോൾ CNപിന്തുണ നൽകിയതിൽ ഉപ്പാപ്പയെ പ്രശംസിച്ചതായും കേട്ടിട്ടുണ്ട്. 34 വർഷം മുമ്പ് മരണപ്പെട്ട ഞങ്ങളുടെ ഉപ്പാപ്പയെ നേരിട്ടറിഞ്ഞ് വിവരിക്കാൻ മാത്രം പ്രായമുള്ള വ്യക്തികൾ ഈ ഗ്രൂപ്പിലില്ലാത്തത് നമുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹത്തേ കുറിച്ച് ഒട്ടേറെ എഴുതാനുണ്ട് ഇവിടം കൊണ്ട് അവസ്സാനിക്കുന്നതല്ല സമയവും സാഹചര്യവും മാനിച്ച് ഞാൻ നിർത്തുന്നു
==================
കള്ളിയത്ത് റഷീദ്
✳അവറാൻ മുസ്‌ല്യാർ ഓർത്തെടുക്കേണ്ട പണ്ഡിത തേജസ്സ്✳
================
വർഷങ്ങൾക്ക് മുമ്പ് എടവണ്ണ കാരനായ സുഹൃത്തിന്റ പിതാവുമായി [ഏകദേശം 90 വയസ്സുള്ള ] സംസാരിക്കാനിടയായി.
എന്റെ നാടിന്റെ പേര് പറഞ്ഞപ്പോൾ അത് എന്റ ഉസ്താദിന്റ നാടല്ലെ.. ഞാൻ ഇടക്കിടക്ക് ഉസ്താദിന്റെ അടുത്ത് വരാറുണ്ടെന്നും പറഞ്ഞു.
കൊണ്ടോട്ടി 'വിളയിൽ’അവറാൻ മുസ്ലിയാരുടെ ദർസ്സിൽ പഠിച്ചതും, ഉസ്താദിന്റെ മകൻ മൂസ്സയും ഞാനും ദർസ്സിൽ ഒന്നിച്ചുണ്ടായതുമൊക്ക ഓർഞ്ഞെടുത്ത് അദ്ധേഹം വാചാലനായി.
കൊയിലാണ്ടി കൊല്ലം,തിരൂർ കൂട്ടായി എന്ന പ്രദേശങ്ങളിലും അവറാൻ മുസ്‌ലിയാർ കുറഞ്ഞ കാലം ഉണ്ടായിട്ടുണ്ട്.
അവറാൻ മുസ്ലിയാർ തന്റെ വലിയ ഗ്രന്ധശേഖരണം അലമാരയിൽ ഒരു ലൈബ്രറി കണക്കെ സംരക്ഷിച്ചു പോന്നിരുന്നു.
ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുമായി എപ്പോഴും അടുത്തിടപഴകിയിരുന്നു.
പാണക്കാട് പൂക്കോയ തങ്ങളുമായി അടുപ്പമാവാം തങ്ങളുടെ അടുത്ത് എത്തിയിരുന്ന ചില സ്വത്ത് തർക്കങ്ങൾക്ക് ശറഅിയായ ഉറപ്പ് ലഭിക്കുന്നതിന് കക്ഷികളെ അവറാൻ മുസ്ലിയാരുടെ അടുത്തേക്ക് വിട്ടിരുന്നതായി കേട്ടിട്ടുണ്ട്.
കുണ്ടൂർ അബ്ദുൽഖാദർ മുസ്‌ലിയാർ പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു.
നാട്ട് പ്രമാണിയായിരുന്ന എടത്തോള മുഹമ്മദാജി കുടുംബ തർക്കങ്ങളിലും പൊതു കാര്യത്തിലും അവറാൻ മുസ്ലിയാരുടേത് അവസാന വാക്കായി കണ്ടിരുന്നു.
കുന്നാൻചീരി ചുറ്റുവട്ടത്തായി നിരവതി വലിയ പണ്ഡിതർ ജീവിച്ചിരിന്നിട്ടുണ്ട്... ദാരിദ്രയത്തിന്റേയും കഷ്ടപ്പാടിന്റേയും യുഗത്തിൽ അവർ ചെയ്ത ത്യാഗങ്ങളേയും, ദീനിനും,നാടിനും,സമൂഹത്തിനും അവർ നൽകിയ സംഭാവനകളേയും സ്മരിക്കുവാൻ ഇന്നിന്റെ പള പളപ്പിന്റെ യുഗത്തിൽ നാം തയ്യാറാവാത്തത് നന്ദി കേടു കൊണ്ട് മാത്രമല്ലേ?
അള്ളാഹു അദ്ധേഹത്തിന്റ പരലോക ജീവിതം ധന്യമാക്കട്ടെامين
================
ലത്തീഫ് അരീക്കൻ
കള്ളിയത്ത് അവറാൻ മുസ്ലിയാർ എന്ന അരീക്കൻതൊടുവിലെ പാപ്പ
വളരെ ചെറുതായപ്പോൾ ഉള്ള ഒരു ഓർമ മാത്രമാണ് എനിക്കുള്ളത്. വലിയുമ്മയുടെ കൈ പിടിച്ചു ഇടക്കിടക്ക് പാപ്പാന്റെ അടുക്കൽ പോകാറുള്ളത്. അവിടെ കയറിച്ചെല്ലുന്ന പൂമുഖത്ത് കട്ടിലിൽ കിടക്കുന്ന എന്നാൽ വല്ലിമ്മയുമായി കുശലം പറഞ്ഞിരിക്കുകയും ചെയ്യുന്ന പാപ്പ അറിവിന്റെ ഒരു നിധി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
================
നൗഷാദ് കള്ളിയത്ത്
1897 ലാണ് അവറാൻ മുസ്ല്യാരുടെ ജനനം.
1984 ൽ എൺപത്തി ഏഴാം വയസ്സിലാണ് മരണപ്പെട്ടത്.
കക്കാടംപുറത്തെപള്ളിക്ക് 'മസ്ജിദുറഹ്മാൻ' എന്ന പേരിട്ടത്
അവറാൻ മുസ്ല്യാരോടുള്ള ആദരസൂചകമാണെന്നത് പുതിയ അറിവാണ്.
ഈ വിഷയത്തിൽ ഒന്നു കൂടി ആധികാരികമായ സാക്ഷ്യപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു,
നമ്മുടെ നാടിന്റെ നൻമകളായിരുന്നു അവറാൻ മുസ്ല്യാരsക്കമുള്ള പോയ തലമുറയിലെ പണ്ഡിതൻമാർ.
അവരെ ഓർമ്മകൾ നിലനിറുത്തുന്നതിലും പുതിയ തലമുറക്ക് പകർന്ന് കൊടുക്കുന്നതിലും നാട്ടുകാരായ നാം താൽപ്പര്യം കാട്ടിയിട്ടില്ല.
==================
സത്താർ കുറ്റൂർ
No comments:
Post a Comment