കുഞ്ഞൈസുന്തജ്ജുമ്മ
〰〰〰〰〰〰〰〰〰
ഒരു ദേശത്തെ ഒരുപാട് സ്ത്രീകളുടെ പേറ്റുനോവ് കണ്ടറിഞ്ഞ,ഒരുപാട് കൺമണികളെ ഭൂമിയിലേക്കുള്ള വരവിനെ തന്റെ കൈ കൊണ്ട് താങ്ങി സ്വീകരിച്ച പഴയകാല ഗൈനോകോളജിസ്റ്റ്
ആ മാന്ത്രിക കൈകളുടെ തലോടൽ ഏറ്റുവാങ്ങാത്ത സ്ത്രീകളും കുട്ടികളും പണ്ടുകാലത്ത് വളരെ കുറവായിരിക്കും
എന്റെ അയൽവാസിയായിരുന്ന ഹജ്ജുമ്മാനെ കുട്ടിക്കാലം മുതലെ നല്ലോണം അറിയും
എന്റെ വല്ല്യുമ്മാന്റെ വലിയ കൂട്ടുകാരിയാണ് ഞങ്ങളുടെ വീട്ടിൽ വന്നാൽ വല്ല്യുമ്മയും ഹജ്ജുമ്മയും കൂടിയിരുന്ന് മുറുക്കാൻ തിന്നുന്ന കാഴ്ച്ച ഇന്നും ഓർമ്മയിൽ തെളിയുന്നു
'മുട്ടിപ്പല'യിട്ട് അടുക്കളയിലെ വാതിലും ചാരിയിരുന്ന് രണ്ടാളുംകൂടി മുറുക്കാൻ പരസ്പരം പങ്കുവെച്ച് മുറുക്കിച്ചുവപ്പിച്ച് തമാശയൊക്കെ പറഞ്ഞ് ചിരിക്കുമ്പൊ അജ്ജുമ്മാന്റെയാ ചിരി കാണാൻ നല്ല രസാ ഞാൻ കാണുന്നത് തൊട്ടെ അജ്ജുമ്മാക്ക് മുഴുവൻ പല്ലും ഉണ്ടായിരുന്നു
എന്റെ വല്ല്യുമ്മാക്ക് മുന്നിൽ മൂന്നാല് പല്ലേ ഉണ്ടായിരുന്നുള്ളൂ
പലപ്പോഴും അജ്ജുമ്മാനോട് ഞാൻ പറഞ്ഞിട്ടുണ്ട് 'ഇങ്ങളെ ഒറ്റ പല്ലും പോയിട്ടില്ലല്ലൊന്റെ ബെല്ലിമ്മാക്ക് മുന്ന്ല് മാത്രെ പല്ലുള്ളൂ'
ഇത് കേൾക്കുമ്പോ രണ്ടാളുംകൂടിയൊരു ചിരിയാണ്
കാലം കുറേ കഴിഞ്ഞാണ് ഞാനാ സത്യം അറിഞ്ഞത് അജ്ജുമ്മാന്റെ പല്ല് 'വെപ്പ്പല്ലായിരുന്നു'വെന്നത്.
ചെറിയ പൈതംമക്കളെ എണ്ണ തേക്കാനും കുളിപ്പിക്കാനുമൊക്കെ അജ്ജുമ്മയോളം എക്സ്പ്പീരിയൻസ് മറ്റാരിലും ഞാൻ കണ്ടിട്ടില്ല
മുട്ടിപ്പലമ്മല് രണ്ട് കാലും നീട്ടിയൊരു ഇരിപ്പാണ് എന്നിട്ട് കുട്ടിയെ തന്റെ കാലിൽ കിടത്തി അതിനോടോരൊ വർത്തമാനങ്ങളൊക്കെ പറഞ്ഞ് നല്ലോണം ഉഴിഞ്ഞ് എണ്ണ തേക്കും
എന്റെ ചെറിയ സഹോദരിയെ അതുപോലെ എണ്ണ തേക്കുന്ന സമയത്ത് കുട്ടി കിടന്ന് കരയുമ്പോൾ ഞാൻ കരുതിയിരുന്നത് അതിന് വേദനിച്ചിട്ടാകും കരയുന്നതെന്നാണ് ഞാനപ്പൊ അജ്ജുമ്മാനോട് പറയും
'അജ്ജുമ്മാ ഇങ്ങളൊന്ന് ബെല്ല നെക്കിപ്പീഞ്ഞോളി അയ്ന് ബേദനായിറ്റാണത് നൊളോൾച്ച്ണ്ട്'
അപ്പൊ അജ്ജുമ്മ പറയും
'അന്റെ ബാപ്പാന വരേ ഞാം ഇക്കോലത്തില് നെക്കിപ്പീഞ്ഞ്ക്ക്ണ്'
എണ്ണ തേച്ച് കഴിഞ്ഞ് കുട്ടികളെ പ്ലാസ്റ്റിക് ശീറ്റ് വിരിച്ച് അതിലേക്ക് കിടത്തിക്കഴിഞ്ഞാൽ കുട്ടികളോട് അജ്ജുമ്മ എന്തെങ്കിലുമൊക്കെ പറയും വയറ്റാട്ടിക്കും പൈതങ്ങൾക്കും മാത്രമറിയുന്നൊരു ആശയവിനിമയം
ജാതിമത വിത്യാസമില്ലാതെ സകലരുടേയും ആശ്രയമായിരുന്നു ആമഹതി
ഇന്നത്തെ കാലത്ത് വയറ്റിലുള്ള കുട്ടിയുടെ കിടപ്പ് ശെരിയല്ല തിരിഞ്ഞാണ് മറിഞ്ഞാണ് എന്നൊക്കെ ഒരു സ്ഥിരം വാർത്തയാണ് അതിനാൽ പലർക്കും സിസേറിയനാണ് നടക്കാറുള്ളത് എന്നാൽ പണ്ടത്തെ പെണ്ണുങ്ങൾക്ക് വയറ്റിലുള്ള കുട്ടി തിരിഞ്ഞാലും മറിഞ്ഞാലും അജ്ജുമ്മ ഗർഭണിയുടെ വയറിൽ എണ്ണയിട്ട് തിരുമ്മി ശെരിയാക്കുമായിരുന്നത്രെ അത്രത്തോളം തന്റെ ജോലിയിൽ എക്സ്പീരിയൻസ് തെളിയിച്ചവരാണ് അജ്ജുമ്മ
ഗർഭിണിയായ നാൽക്കാലികൾക്ക് പോലും എന്തെങ്കിലും പ്രശ്നം വന്നാൽ അജ്ജുമ്മാനെ തേടി ആള് വന്നിരുന്നത്രെ അക്കാലത്ത്
ഒരു ദേശത്തെ ആളുകൾ സുപരിചിതയായ ആ മഹതിയോട് കടപ്പാടില്ലാത്തവരായി ആരുമുണ്ടാകില്ല.
എല്ലാവരും അറിയുന്ന എല്ലാവരേയും അറിയുന്ന കുഞ്ഞൈസുന്തജ്ജുമ്മ ബിരുധമെടുത്തില്ലെന്നേയുള്ളൂ അവരും ഗൈനോകോളജിസ്റ്റായിരുന്നു
ആ മാന്ത്രിക കൈകളുടെ തലോടൽ ഏറ്റുവാങ്ങാനുള്ള ഭാഗ്യം പുതു തലമുറക്ക് ഇല്ലാതെപോയി.
ഒരു ദേശക്കാരുടെ മുഴുവൻ പ്രാർത്തനയിലും ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു ആ മഹതി
റഹ്മാനായ റബ്ബെ അവരുടെ ഖബറിനെ നീ വിശാലമാക്കണേ
അവരിൽ നിന്ന് എന്തെങ്കിലും തെറ്റുകൾ വന്നുപോയിട്ടുണ്ടെങ്കിൽ നീ പൊറുത്ത് കൊടുക്കണേ
ആമീൻ.
-------------------------------------
അൻവർ ആട്ടക്കോളിൽ
കുഞ്ഞയിശുന്ത - തലമുറകൾ കടപ്പെട്ട ഉമ്മ
〰〰〰〰〰〰〰〰〰
ഒരു നാടു മുഴുവൻ ഒരു ഉമ്മയോട് കടപ്പെട്ടിരിക്കുന്നു. ഒരു തലമുറയല്ല, തലമുറകൾ ആ ഉമ്മയെ ആദരപൂർവ്വം പ്രാർത്ഥനയോടെ സ്മരിക്കുന്നു. വെറ്റിലക്കറ പുരണ്ട പല്ലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന ആ നിറഞ്ഞ പുഞ്ചിരിയും "മോനേ... " എന്ന വിളിയും ഇപ്പോഴും കാതുകൾക്ക് ഇമ്പമായി മാറുന്നു.
നമുക്ക് പത്തമ്പത്, അല്ല, അതിലേറെ കൊല്ലങ്ങൾ പിറകോട്ട് നടക്കാം..പ്രസവ ശുശ്രൂഷക്ക് ആസ്പത്രികൾ ഇല്ലാത്ത കാലം. അന്ന് ഗർഭവും പ്രസവവും ഒരു രോഗമായിരുന്നില്ലല്ലോ
പത്ത് മാസം തികഞ്ഞ ഗർഭിണിക്ക് പേറ്റ് നോവ് തുടങ്ങിയാൽ പിന്നെ എല്ലാ ചുണ്ടിലും ഒറ്റ പേരേ ഉള്ളൂ. കുഞ്ഞയിസുന്തയെ വിളിക്കൂ... പിന്നെ പാതിരയായാലും പെരുമഴ പെയ്താലും ചൂട്ടും കത്തിച്ച ചക്ക് ങ്ങൽ എടായി ഇറങ്ങി ആ വാതിലിൽ മുട്ടും. മുട്ടിയത് ആരെന്ന് നോക്കാതെ സമയം എത്രായിയെന്ന് ചോദിക്കാതെ ആ ഉമ്മ ഇറങ്ങും.
ഒരേ വീട്ടിൽ തന്നെ എത്രയോ പ്രസവങ്ങൾ.. അവരുടെ കൈകളിലേക്ക് പിറന്ന് വീണ കുട്ടികൾ വലുതായി അവരുടെ കുട്ടികളെയും കൈ നീട്ടി സ്വീകരിക്കാൻ അവർക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അവരെത്തുമ്പോൾ ആ വീട്ടുകാരുടെ ആശ്വാസം ചെറുതായിരുന്നില്ല. എത്രയോ പ്രാർത്ഥനകൾ ജീവിച്ചിരിക്കെ തന്നെ ആ മഹതിക്ക് ലഭിച്ചിരിക്കുന്നു.
പഴയ കാലങ്ങളിൽ വീടുകളിൽ പോയി കുട്ടികളുടെ തല മുണ്ഡനം ചെയ്യാറുണ്ടായിരുന്നു. എന്നാലും പട്ടിണിയുടെയും പരിവട്ടത്തിന്റേയും കാലത്ത് അവരുടെ ജീവിതവും പരുങ്ങലിൽ ആയിരുന്നു.
വയസ്സാകുന്നതിന് മുമ്പേ അവർ പരിശുദ്ധ ഹജ്ജ് നിർവഹിച്ചു.
പിന്നെ മക്കൾക്ക് ഐശ്വര്യം കൈവന്നതോടെ ആ ഉമ്മയും നല്ല ഐശ്വര്യമുള്ള ജീവിതം നയിച്ചു.
വലിയ പാട്ടുകാരിയായിരുന്നു കുഞ്ഞയിശുന്ത ഹജ്ജുമ്മ. അവരുടെ ചെറുപ്പത്തിൽ ഒeട്ടറെ കല്യാണ പുരകളിൽ അവരുടെ പാട്ട് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
തലമുറകൾക്ക് സമാശ്വാസം പകർന്ന ആയിരം പ്രസവനൊമ്പരങ്ങൾക്ക് സൂതിക കർമ്മം നിർവഹിച്ച ആ പുണ്യജീവിതത്തോട് നമ്മുടെ നാടിനും നാട്ടുകാർക്കും പൊക്കിൾകൊടി ബന്ധമാണുള്ളത്.
റബ്ബുൽ ആലമീൻ അവരുടെ ഖബർ ജീവിതം സന്തോഷം നിറഞ്ഞതാക്കട്ടേ എന്ന പ്രാർത്ഥനയാടെ,
അവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
കുഞ്ഞയിസുന്ത
〰〰〰〰〰〰〰〰〰
ഒരു ഡോക്ടറൊ അതൊ മാലാഖയോ ഉമ്മയോ? പ്രസവത്തിന് ഒരുകാലം ആശ്രയിച്ചത് ആ ഉമ്മയെ ആയിരുന്നു. എവിടെയും ഓടി എത്തി കാര്യങ്ങൾ നല്ലമനസ്സോടെയും സ്നേഹത്തോടെയും
തെറ്റുകൾ കണ്ടാൽ
അതിന് കർശന നിർദേശം നൽകിയും
ഒരു കുടുംബം പോലെ കുറ്റൂരിന്റെ
നെടുംതൂണായി നമുക്കിടയിൽ പ്രകാശിച്ചു നിന്ന ഒരു വിളക്കായിരുന്നു.
കഞ്ഞിക്ക് വകയില്ലാത്ത
കാലത്ത് അരിയോ
തേങ്ങയോ കൊടുക്കലായിരുന്നു പതിവ്. ക്യാഷ്
കൊടുക്കാറില്ല
പ്രസവവേദന തുടങ്ങുമ്പോൾ കുഞ്ചയിസുന്ത ഉണ്ടായാൽ ഒരു
സമാധാനമാണ്
വീട്ടുകാർക്ക്. എന്നെ
ഒക്കെ എവിടന്നു കണ്ടാലും ബാവ എന്നൊരു വിളി അന്നൊക്കെ മനസ്സി
ടഞ്ഞാലും പിന്നീട് ആലോചിക്കുമ്പോഴാണ് ആ വിളിയുടെ സ്‌നേഹം മനസ്സിലായത്. ഞാൻ ഗൾഫിൽ പോയി
വരുന്ന സമയത്ത് ഉപ്പ പറയും കുഞ്ഞയിസാക്ക്
ഡ്രസ്സ് കൊണ്ടു വരാൻ വലിയുമ്മയും
അവരും നല്ലകമ്പനി
ആയിരുന്നു. കാലത്തു തുടങ്ങുന്ന
ഓട്ടം വീട്ടിൽ എത്തി
ഏതു രാത്രിയിൽ വിളിച്ചാലും ഒരു മടിയും കൂടാതെ
ഇറങ്ങിവരും ആ സ്‌നേഹ നിധിയായ ധർമണിക്ക്
ഇഹലോകത്ത് ചെയ്ത പുണ്യങ്ങൾ
അവരുടെ ഖബറിൽ
എത്തട്ടെ
ആമീൻ
------------------------
പി പി ബഷീർ
കുഞ്ഞയിസുന്ത: പരിചരണങ്ങളുടെ ദേശാനുഭവങ്ങൾ
〰〰〰〰〰〰〰〰〰
നാട്ടോർമ്മകളിൽ
മങ്ങി പോവാത്ത ചിലരുണ്ട്.
ചുറ്റുവട്ടത്തെ സുഖത്തിലും ദു:ഖത്തിലും ചേർന്ന് നിന്നവർ.
അത്തരം ഓർമ്മകളിൽ ചേർത്തെഴുതേണ്ട പേരാണ് കുഞ്ഞയിസുന്തയുടേത്.
ഹൃദ്യമായ പെരുമാറ്റവും ആത്മാർത്ഥമായ പരിചരണവുമായിരുന്നു ആ ജീവിതത്തിന്റെ കൈ മുതൽ.
ഈ നാട് സ്വന്തം വീട് പോലെയായിരുന്നു അവർക്ക്.
അവരറിയാത്ത ഒരു വിശേഷവും നാട്ടിലുണ്ടായിരുന്നില്ല.
പ്രതിസന്ധികളിൽ അവർ ഓടിയെത്തി...
അടക്കിപ്പിടിച്ച വേദനകൾക്കവർ കൂട്ടിരുന്നു...
നാട്ടുനടപ്പുകൾ തലമുറകളുടെ കരുതലാണ്.
അവക്ക് നൻമയുടെ നനവുണ്ടായിരുന്നു. ഓരോ ചടങ്ങും ഹൃദയബന്ധങ്ങളെ തളിർത്തു നിർത്തി.
അവിടെയെല്ലാം സേവനനിരതരായി ചിലരുണ്ടായിരുന്നു.
ഇവരായിരുന്നു തലമുറകൾക്കിടയിലെ കൈവഴികൾ.
കുഞ്ഞയിസുന്ത ഓർക്കപ്പെടുന്നതും ഇത്തരം ഇടങ്ങളിലാണ്.
എല്ലാറ്റിനും വിലയിട്ടൊരു കാലമാണിത്..
വില കിട്ടാത്തതെല്ലാം നമ്മൾ വലിച്ചെറിഞ്ഞു.
പ്രാരാബ്ദങ്ങൾക്കിടയിലും നമ്മെ ചേർത്ത് നിറുത്തിയ വിശേഷങ്ങൾക്ക് നിറം കെട്ട് പോയി.
എല്ലാം വാങ്ങാൻ കിട്ടുമെന്നാണ് നമ്മുടെ ധാരണ.
അങ്ങനെയാണ് പഴഞ്ചനെന്ന് പറഞ്ഞ് പലതും നമ്മൾ കയ്യൊഴിച്ചത്.
ഇനി ആ ഓർമ്മകളുടെ അനുഭൂതി മാത്രമാണ് ബാക്കി.
മുമ്പ് വീടുകൾക്കിടയിൽ ഇന്നത്തേക്കാൾ അകലമുണ്ടായിരുന്നു.
പക്ഷേ നാം കൂടുതൽ അടുത്തിടപഴകിയത് അന്നാണ്.
വീടുകൾ അടുത്ത് വന്നപ്പോൾ നമ്മൾ വല്ലാതെ അകന്ന് പോയി.
സൗകര്യങ്ങൾ കുറഞ്ഞ പഴയ വീട്ടിൽ പോയതും വന്നതുമാണ് നമ്മുടെ മനസ്സ് നിറയെ.
വീടുകളിൽ സൗകര്യമേറിയപ്പോൾ മൂകത മാത്രമാണ് കൂട്ട്.
ഇന്ന് നമ്മൾ കടന്ന് ചെല്ലാത്ത വീടുകളാണ് നാട്ടിലേറെയും..
പോക്കുവരവുകൾ വിശേഷാവസരങ്ങളിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു...
കുഞ്ഞയിസുന്ത
പോയ കാലത്തിന്റെ ജീവിത സാക്ഷ്യമാണ്.
നമ്മൾ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് അവരുടെ ഓർമ്മകൾ നമ്മെ ഉണർത്തും.
ഊഷ്മളമായ ബന്ധങ്ങളായിരുന്നു ആ ജീവിതത്തിന്റെ സൗന്ദര്യം.
പുതിയ തലമുറക്കിതൊന്നും മനസ്സിലാവാത്ത വിധം സാഹചര്യങ്ങൾ മാറി.
ഒരു വിളി കേട്ടാൽ ഓടി വരാൻ നമുക്ക് ഒരു പാട് പേരുണ്ടായിരുന്നു.
നമ്മോട് തമാശ പറയാനും കൂടെ സമയം ചെലവഴിക്കാനും അവർക്ക് താൽപ്പര്യമായിരുന്നു.
കാലം മാറിയപ്പോൾ ഗൾഭം ഒരു രോഗമായി.. പരിചരണങ്ങൾക്ക് വിലയിട്ടു.
നാടൻ കൈക്രിയകളിലായിരുന്നു മുമ്പ് കാര്യങ്ങൾ നടന്നത്.
വെച്ചും വെരകിയും കുളിച്ചും നനച്ചും കടമ തീർത്തവർ.
പരിചരണങ്ങൾക്ക് പിന്നിൽ അന്ന് സാമ്പത്തിക താൽപ്പര്യങ്ങളില്ലായിരുന്നു.
അത് ബന്ധപ്പെട്ടവരുടെ അവകാശമായിരുന്നു.
വിളി കേട്ടിടത്തേക്കെല്ലാം കുഞ്ഞയിസുന്ത ഓടിയെത്തിയതും അങ്ങിനെയാണ്.
തെരഞ്ഞ് വന്നവർക്കൊപ്പം നേരവും കാലവും നോക്കാതെ അവർ ഇറങ്ങി.
ഒരു മണ്ണെണ്ണ വിളക്കിന്റെ തിരി വെട്ടത്തിൽ നിവർത്തി വെച്ച കൈതോല പ്പായയുടെ അറ്റത്ത് വന്നിരുന്നു.
പേറ്റ് നോവുകളുടെ ആകുലതയിൽ ഇവരുടെ സാന്നിധ്യം പോയ തലമുറയുടെ വലിയൊരു ആശ്വാസമായിരുന്നു.
നഫീസത്ത് മാലയുടെ ഈരടികൾ മുഴങ്ങിക്കേട്ട അരണ്ട വെളിച്ചത്തിൽ ഈ ഉമ്മ ഉറങ്ങാതെ കാത്തിരുന്നു..
നോവിന്റെ കരളുരുകിയ പ്രാർത്ഥനകളിൽ ചേർന്നു.
നല്ല വാക്ക് പറഞ്ഞും ധൈര്യം നൽകിയും അവർ ആത്മവിശ്വാസം പകർന്നു..
ഇവരോടുള്ള നമ്മുടെ കടപ്പാടിന്റെ കഥ തുടങ്ങുന്നത് ഇവിടം മുതലാണ്.
വീട്ടിലെ ഒരംഗത്തെ പോലെയാണ് ഈ ഉമ്മ ഇടപഴകിയത്.
മാമൂലുകളുടെ വിശേഷാവസരങ്ങളിൽ ഇവർ തന്നെയായിരുന്നു എല്ലാ കൈകാര്യത്തിനും.
ചുറ്റുവട്ടത്തിന്റെ പരിചരണം സ്വന്തം അവകാശം പോലെയാണ് ഇവർ നോക്കി കണ്ടത്.
സ്വന്തം പരിധിയിലെ ഒരു വീടും അതിൽ നിന്നൊഴിവായിരുന്നില്ല.
ജീവിതത്തിന്റെ സായാഹ്നത്തിലും ഈ ഓർമ്മകളായിരുന്നു ഇവർക്ക് കൂട്ട് എന്ന് തോന്നിയിട്ടുണ്ട്.
ഉള്ള് തുറന്ന ചിരി പോലും ഇല്ലാതാവുന്നൊരു കാലത്ത് ചുറ്റുവട്ടത്തിന്റെ വേദനകൾക്കും, വിശേഷങ്ങൾക്കും കൂട്ടിരിക്കാൻ കഴിഞ്ഞ ഒരു ജീവിതം വിലപ്പെട്ട താവുന്നതും ഇങ്ങനെയൊക്കെയാണ്. ഇന്ന് നമ്മൾ സ്വന്തം നാട്ടിൽ പോലും അന്യരാവുകയാണ്.
വഴി കാഴ്ചകളിൽ വിശേഷം ചോദിക്കാൻ പോലും ഒരാൾ വരുന്നില്ല. ആത്മാർത്ഥമായ പുഞ്ചിരി പോലും കൈമോശം വന്നു.
അകമറിഞ്ഞ ആത്മബന്ധങ്ങൾ ഊർന്ന് പോയതാണ് കാരണം.
കുടുംബ ബന്ധങ്ങൾ ഉലഞ്ഞു പോയി.
അയൽപക്കത്തെ മതിൽ കെട്ടി പുറത്താക്കി. ഗൾഭം രോഗമായി.
മാസാമാസം ടെസ്റ്റുകൾ നടത്തി നാം സായൂജ്യമടയുന്നു.
ആശുപത്രികൾ കൂണുകൾ പോലെ മുളക്കുന്നു.
പരിചരണത്തിന് വിലയിട്ടു. ആശുപത്രി വാർഡിലെ ഒരു മൂലയിൽ വെച്ച് ഒരു കാര്യവുമില്ലാതെ ഏതോ നഴ്സ് ചിരിച്ചതിന് പോലും പണം ഈടാക്കുന്നു.
ഈ ചിരി ബില്ലിൽ അക്കങ്ങളുടെ രൂപത്തിൽ വന്ന് നമ്മെ കൊഞ്ഞനം കുത്തുന്നു.
നമ്മുടെ ആരോഗ്യ സങ്കൽപ്പങ്ങൾ വികലമായിടത്താണ് ആശുപത്രികൾ ചൂഷണത്തിന്റെ റോളിൽ വരുന്നത്.
ഒരു പിൻമടക്കം സാധ്യമാവാത്ത വിധം നമ്മൾ മാറിപ്പോയി.
മാറ്റത്തിന്റെ പേറ്റ് നോവുകൾക്കിടയിൽ
വെറുതെ പഴയ കാലം കൊതിക്കുവാൻ മാത്രമെ ഇനി കഴിയൂ.
അപ്പോഴാണ് കുഞ്ഞയിസുന്തയെ പോലോത്തവർ നിർവ്വഹിച്ച പരിചരണത്തിന്റെ വില നമ്മൾ അറിയുന്നത്.
ഓർമ്മയിൽ
നടുമുറിയിലെ അരണ്ട വെളിച്ചത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും കേൾക്കുന്നുണ്ട്...
മനസ്സറിഞ്ഞ് ചൊല്ലിയ ഒരു തസ്ബീഹിന്റെ ഈണം താരാട്ടായി ഒഴുകുന്നുണ്ട്....
അള്ളാഹു ആ ഉമ്മയുടെ ഖബറിടം വിശാലമാക്കട്ടെ,
--------------------------
സത്താർ കുറ്റൂർ
കുഞ്ഞയിസുന്ത....
〰〰〰〰〰〰〰〰〰
ഓർമ്മവെച്ചനാൾ മുതൽ നമ്മുടെ രണ്ടാനുമ്മ... മറക്കാനാകുമോ ആ നാമം .ഒരു ഉമ്മയായി, ഡോക്ടറായി, നഴ്സായി, ബാർബറായി, ഒരു ശാന്തി ദൂതയായി എത്ര ഉപമിച്ചാലും മതിവരുകയില്ല. നമ്മുടെ ചെറുപ്പത്തിൽ നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത നമ്മുടെ ഒരു കുടുംബാംഗമായിരുന്നു അവർ. ഞാൻ ഒരുപാട് തവണ ആ മലാരം നട്ടപ്പാതിരാക്ക് കയറിയിറങ്ങിയിട്ടുണ്ട്.പല പ്രാവശ്യം അവരെ രാത്രിയിൽ കൊണ്ടാക്കിയിട്ട് അവിടെ പത്തായത്തിന്മേൽ കിടന്നുറങ്ങിയിട്ടുണ്ടു്. അള്ളാഹു അർഹമായ പ്രതിഫലം അവർക്ക് കൊടുക്കട്ടെ. അവരുടെ പാപങ്ങളെല്ലാം പൊറുത്ത് കൊടുത്ത് സ്വർഗ്ഗീയാരാമത്തിൽ നിത്യവിശ്രമം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
------------------------------
മമ്മുദു അരീക്കൻ
"കുഞ്ഞൈസുന്ത" എന്ന് ഞമ്മൾ കൂറ്റൂര്ക്കാര് വിളിക്കുന്ന ' കുഞ്ഞായിഷ
〰〰〰〰〰〰〰〰〰
ഒരു ദേശത്തെ ഒരു കാലഘട്ടത്തിന്റെ
തുല്യതയില്ലാത്ത ഗൈനക്കോളജിസ്റ്റ്.
തനിക്ക് പടച്ച തമ്പുരാൻ കനിഞ്ഞരുളിയ അപാരമായ കഴിവും പ്രാപ്തിയും സമൂഹനന്മക്ക് വേണ്ടി ആരോഗ്യമുണ്ടായിരുന്ന കാലമത്രയും ഉപയോഗിച്ച നമ്മുടെ പ്രിയപ്പെട്ട കുഞ്ഞൈസുന്താക്ക്
ഖബർ ജീവിതം സന്തോഷത്തിലാക്കുകയും
അവർക്ക് വേണ്ടി ഇന്ന് കൂട്ടിൽ പ്രാർത്തിച്ചതും
പ്രാർത്തിക്കാനിരിക്കുന്നതുമായ മുഴുവൻ പ്രാർത്തനകളും റബ്ബ് ഖബൂലാക്കുകയും ചെയ്യട്ടെ.
കുഞ്ഞൈസുന്താനെ ഓർക്കുമ്പോഴെങ്ങനെ
നാറേണിനെ ഓർമ്മ വരാതിരിക്കും !!
--------------------------------------
ഹനീഫ പുലിക്കോടൻ
പേറ്റിച്ചി
〰〰〰〰〰〰〰〰〰
താഴേ കൊളപ്പുറത്തു നിന്നും കുറ്റൂരിന് കിട്ടിയ ഒരു വരദാനമായിരുന്നു ആയിശ എന്ന കുഞ്ഞായിശ. പിന്നീട് കുഞ്ഞായിശുന്തയായി മാറി. പണ്ട് കാലങ്ങളിൽ പേരിനൊപ്പം താത്ത കൂട്ടിപ്പറയുമ്പോൾ "ന്ത " ചേർക്കുമായിരുന്നു!
കുഞ്ഞായിശുന്തയുടെ ആദ്യ ഭർത്താവ് (മൊയ്തീൻ കുട്ടി മാഷ് കരുളായിയുടെ ഉപ്പ ) മരണപ്പെട്ട ശേഷം ഭർത്താവിന്റെ അനുജൻ മുഹമ്മദ്ക കുഞ്ഞായിശുന്തയെ കല്യാണം കഴിച്ചു. അദ്ദേഹത്തിന് മറ്റൊരു ഭാര്യ ഉണ്ടായിട്ട് പോലും (അലവി, ആലസ്സൻ, അസ്സയിൻ എന്നിവരുടെ ഉമ്മ) ഒരു ത്യാഗത്തിന് ആ മഹതി സമ്മതിച്ചു. ആ ത്യാഗമാണ് കുറ്റൂരിന് വരദാനമായത്. എന്റെ അയൽവാസിയായത് കൊണ്ട് ആ മഹതിയെ പാതിരാക്ക് പോലും ചൂട്ടിന്റെ വെളിച്ചത്തിൽ കാണാറുണ്ടായിരുന്നു.
ഇടക്കാലത്ത് കുഞ്ഞായിശുന്തയെ കേട്ടറിഞ്ഞിട്ടാകണം ആരോഗ്യ വകുപ്പ് വേങ്ങര ഹെൽത്ത് സെന്ററിൽ വെച്ച് രണ്ട് മാസത്തെ ട്രെയിനിംഗ് (പ്രസവമെടുക്കൽ ) നൽകിയിരുന്നു. സ്റ്റൈപ്പൻറോട് കൂടിയായിരുന്നു ട്രെയ്നിംഗ്.
മൊയ്തീൻകുട്ടി മാഷ്, ബീരാൻ കുട്ടി, ഹസ്സൻ, ഖദീജ എന്നിവർ മഹതിയുടെ മക്കളാണ്.
ആ മഹതി ചെയ്ത പുണ്യ പ്രവർത്തി മഹതിക്ക് പരലോകത്ത് ഒരു മുതൽക്കൂട്ടാവട്ടെ.
അവരെയും നമ്മളെയും അള്ളാഹു അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ
---------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ
കുഞ്ഞാശുമ്മ ഹജ്ജുമ്മ
〰〰〰〰〰〰〰〰〰
ചെറുപ്പത്തിൽ കാണുന്ന നിത്യ ജീവിതത്തിലെ കാഴ്ചകളിൽ ഒരു അവിഭാജ്യ ഘടകമായിരുന്നു കുഞ്ഞാശുമ്മത്ത ഹജ്ജുമ്മ. ആദ്യം അവരുടെ വീട് ചക്കിങ്ങൽ ഇടവഴിയിലായിരുന്നു. ചെന്ന് വിളിച്ചാൽ എപ്പോഴാണെങ്കിലും ആക്ഷേപം ഒന്നും കൂടാതെ കൂടെച്ചെന്ന് പ്രസവം എടുക്കുമായിരുന്നു. പിന്നീട് അവർ കുറ്റൂർ ഇരുമ്പ് കമ്പനിയുടെ പിറകിൽ മകന് വീടെടുത്ത് താമസം മാറി. അക്കാലത്ത് പ്രസവ വീടുകളിൽ കണ്ടിരുന്ന മറ്റൊരാളായിരുന്നു നാരായണി. അവര് ഇപ്പോ അടുത്ത കാലം വരെ ആരോഗ്യത്തോടെ ഉണ്ടായിരുന്നു. ഇപ്പഴത്തെ സ്ഥിതി അറിയില്ല. നമ്മുടെ കുഞ്ഞായിശുത്തയുടെ എല്ലാ സൽകർമ്മങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ! അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും അവർക്ക് വേണ്ടി യുള്ള പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.
-------------------------------------------
മൊയ്തീൻ കുട്ടി പൂവഞ്ചേരി
കുഞ്ഞയിശുന്ത
〰〰〰〰〰〰〰〰〰
ഒരു നാടിന്റെ എല്ലാമെല്ലാമായിരുന്നു ആ മഹതി. ഒരുപാടു പ്രാവശ്യം നട്ടപാതിരാക്ക് ചൂട്ടും കത്തിച്ച് ചക്കുങ്ങൽ എടായി ഇറങ്ങിയിട്ടുണ്ട് അവരെ കൂട്ടികൊണ്ടുവരാൻ - മുമ്പ് കുറ്റൂരിൽ ബാർബർഷാപ്പ് ഇല്ലാത്ത കാലം തല മൊട്ടയടിക്കാൻ ഇടയക്കിടക്ക് വീട്ടിൽ വരും. LP സ്കൂളിൽ പഠിക്കുമ്പോളൊക്കെ മൊട്ടയടിയായിരുന്നു സ്കൂളിൽ പോയിരുന്നത്. UP യിൽ എത്തിയപ്പോൾ കുട്ടികൾ കളിയാക്കാൻ തുടങ്ങി. ഒരു ദിവസം അവര് വീട്ടിൽ വന്നപ്പോൾ മൊട്ടയടിക്കേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചു. പിറ്റേന്ന് കത്രിക കൊണ്ടുവന്നു മുടി വെട്ടി തന്നു. മഹതിയുടെ മരണസമയത്ത് നാട്ടിൽ ഉണ്ടായിരുന്നു. അവർക്കു വേണ്ടി ദുആ ചെയ്ത എല്ലാവരുടെയും പ്രാർത്ഥന റബ്ബ് സ്വീകരിക്കുമാറാകട്ടെ - آمي
--------------------------------------
ഹസ്സൻകുട്ടി അരീക്കൻ
സ്നേഹ നിധിയായ കുഞായിശുന്ത
〰〰〰〰〰〰〰〰〰
ചെറുപ്പത്തിൽ വീട്ടിൽ മിക്കപ്പോഴും കണ്ടു വരാറുള്ള സ്നേഹ നിധിയായ, കളി തമാശകൾ പറഞ്ഞ് ചിരിക്കുന്ന കുഞായിശുന്ത. അവരുട മുഖം ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു.
ബ്രോക്കർമാരില്ലാത്ത എന്റെ വിവാഹത്തിന്റ പ്രപോസൽ കൊണ്ട് വന്നതും കുഞ്ഞായിശുന്തയായിരുന്നു.
കൂട്ടിൽ അവരെ സ്മരിച്ചതിനും പ്രാർത്ഥിച്ചതിനും അള്ളാഹു പ്രതിഫലം നൽകട്ടെ امين
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ
No comments:
Post a Comment