🚴🚴🚴🚴🚴🚴🚴🚴🚴
വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന സാധനത്തിന്റെ പേര്?
കുഞ്ഞുനാളിൽ വട്ടം കൂടിയിരുന്ന് പറഞ്ഞ കടംകഥയിൽ ഒരു പാട് തവണ ചോദിക്കുകയും അതിലേറെ തവണ ഉത്തരം പറഞ്ഞിട്ടുമുണ്ടിതിന്.
പിന്നീട് നാളുകളേറെ കഴിഞ്ഞാണ് മനസ്സിൽ ഒരു സൈക്കിൾ മോഹത്തിന്റെ ബെല്ല് മുഴങ്ങിയത്.
ഓർമ്മയിൽ ഏതൊരാൾക്കുമൊരു സൈക്കിൾ കാലമുണ്ടാവും.
കുട്ടികൾ മുതൽ വൃദ്ധർ വരെ സൈക്കിൾ ചവിട്ടി നടന്നിരുന്നൊരു നാടാണ് നമ്മുടേത്.
ഇന്നത്തെ പോലെ ഗൾഫിന്റെ മൊഞ്ചും മണവും ഇല്ലാത്തതായിരുന്നു അന്നത്തെ നാട്ടിൻപുറം.
സൈക്കിൾ സ്വന്തമായുണ്ടാവുക എന്നത് അപൂർവ്വം പേർക്ക് മാത്രം സിദ്ധിക്കുന്നൊരു ഭാഗ്യമായിരുന്നു.
അതു കൊണ്ട് തന്നെ സൈക്കിൾ വാടകക്ക് കൊടുക്കുന്ന കടകൾ നമ്മുടെ നാട്ടിൽ അന്നേറെയുണ്ടായിരുന്നു.
ഒറ്റക്കും ചങ്ങാതിമാർക്കൊപ്പം കൂടിയും വാടക സൈക്കിളിൽ കറങ്ങുന്നത് ആ പ്രായത്തിലെ പ്രധാന ഹോബി തന്നെയായിരുന്നു.
വഴിയിൽ കാണുന്ന സുഹൃത്തുക്കൾ ഒരു റൗണ്ടിന് വേണ്ടി പിന്നാലെ പായും.
സൈക്കിൾ ചവിട്ടി പഠിക്കുന്നതിനാണ് വാടക സൈക്കിളുകൾ കാര്യമായും ഉപയോഗപ്പെടുത്താറ്.
ഊര വളയാതെ ചവിട്ടി പഠിക്കുകയാണ് സൈക്കിൾ ബാലൻസ് കിട്ടുന്നതിന്റെ ആദ്യഘട്ടം.
റോഡ് വിട്ട് മൈതാനങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.
ഊര വളഞ്ഞ് ബാലൻസ് തെറ്റി വീഴുന്നതും സൈക്കിളിൽ നിന്ന് വീണ ചിരിയുമായി എണീൽക്കുന്നതും സാധാരണമായിരുന്നു.
പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിലേ റോഡിലേക്കിറങ്ങൂ.
എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതും,
മറ്റൊരാളെ കൂടി ഡബിൾ വെക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.
പരിശീലനം പൂർത്തിയാക്കി താനൊരു സൈക്കിൾ ചവിട്ടുകാരനായി നാട്ടുകാർക്കിടയിൽ കാണിച്ച് കൊടുക്കുന്നതാണ് അവസാന ഘട്ടം .
അതിന്റെ നെഗളിപ്പിലാണ് അന്ന് ഒറ്റക്കെ വിട്ട് ഓടിക്കുന്നതും, കയറ്റത്തിൽ നിന്നും കിടന്നും അഭ്യാസ്യം കാട്ടി ചവിട്ടുന്നതുമൊക്കെ.
നമ്മുടെ റോഡ്
ടാർ ചെയ്യാത്ത ചെമ്മൺ പാതയായതിനാലും ഇന്നത്തെ പോലെ വാഹനങ്ങൾ അധികമില്ലാത്തതിനാലും സൈക്കിൾ അപകടങ്ങൾ വളരെ കുറവായിരുന്നു.
ഒന്ന് ബാലൻസ് തെറ്റി വീണാൽ തന്നെ ഒരു ചിരിയിൽ എല്ലാ നീറ്റലും ഒളിപ്പിക്കുയും ചെയ്തിരുന്നു.
വാടക സൈക്കിൾ രംഗത്ത് നമ്മുടെ നാട്ടിൽ പ്രവർത്തിച്ച ചില അയൽ നാട്ടുകാരെ ഓർമ്മയാവുന്നു.
അന്തമാൻ അക്ബർ ഭായി,
പാക്കടപ്പറായയിലെ നാസർ, ഡി രാജൻ എന്ന ഡി ആർ.......
തുടങ്ങി
ഒരു പാട് പേരുകൾ ഓർമ്മ വരുന്നു.
ഇവർക്ക് പുറമെ നാട്ടുകാരായിട്ടുള്ള ഒരു പാട് പേരും ഈ രംഗത്ത് നിലകൊണ്ടു.
നാട്ടിലുണ്ടായ സാമ്പത്തിക അഭിവൃദ്ധിയാണ് വാടക സൈക്കിളുകളെ എടുക്കാ ചരക്കാക്കിയത്.
സ്വന്തമായി സൈക്കിൾ ഇല്ലാത്ത കൗമാരക്കാർ ഇന്ന് നമ്മുടെ നാട്ടിൽ കുറവായിരിക്കും.
ഇപ്പോൾ
സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് പുതു തലമുറക്ക് സൈക്കിൾ ബാലൻസ് ലഭിക്കുന്നത്.
രക്ഷിതാക്കൾ തന്നെ ഇതിനായി താൽപ്പര്യമെടുക്കുന്നു.
എന്നിട്ടും ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ
ന്യൂ ജെൻ സഹോദരങ്ങൾക്ക് സൈക്കിളിനോട് അലർജിയാണ് എന്നതും പറയാതെ വയ്യ.
അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ വരെ മോട്ടോർ ബൈക്കുകളിൽ സ്കൂളിൽ വരുന്ന കാലത്ത് കുട്ടികൾക്കിടയിൽ സൈക്കിളിനോടുള്ള കമ്പം കുറയുക തന്നെയാണ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നിരത്തുകളിലേക്ക് സൈക്കിളുകൾ തിരിച്ച് കൊണ്ട് വരേണ്ട ഒരു കാലമാണിത്.
അതിന് ചില കാരണങ്ങളും പറഞ്ഞോട്ടെ.
സൈക്കിൾ യാത്രക്ക് ഊർജ്ജ നഷ്ടമോ സാമ്പത്തിക നഷ്ടമോ ഇല്ല.
സൈക്കിൾ സവാരി നല്ലൊരു വ്യായാമം കൂടിയാണ്.
അത് ഹൃദയാരോഗ്യം വർധിപ്പിക്കും.
നാട്ടിൽ പരിഹാരമാവാതെ കിടക്കുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും.
വായു, ശബ്ദ മലിനീകരണങ്ങൾ ഗണ്യമായ രീതിയിൽ കുറക്കാൻ കഴിയും.
ഏത് നൂലു വഴിയിലൂടെയും ചവിട്ടി പറത്താം.
എവിടെയും ചാരിവെച്ചും പോവാം.
യൂറോപ്യൻ രാഷ്ട്രങ്ങളിലും മറ്റുമൊക്കെ സൈക്കിളുകൾ പ്രിയമേറി വരികയാണ്.
ചൈനയsക്കമുള്ള രാജ്യങ്ങളിൽ സൈക്കിൾ സവാരിക്ക് വലിയ പ്രോൽസാഹനങ്ങൾ കിട്ടി കൊണ്ടിരിക്കുന്നു.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടുകാർ ഇനിയൊരിക്കലും സൈക്കിൾ ചവിട്ടാൻ തയ്യാറാവില്ലെന്നാണ് എനിക്ക് തോന്നുന്നത്
🚴🚴🚴🚴🚴🚴🚴🚴🚴
സത്താർ കുറ്റൂർ
No comments:
Post a Comment