(ഒരു മദ്രസയോർമ്മ)
അന്ന് ഞായറാഴ്ച.. വളരെ ഉത്സാഹത്തോടെയാണ് ഞങ്ങൾ മൂന്നാം ക്ളാസുകാർ മദ്രസയിലെത്തിയത്. ഇന്നാണ് ആ സുദിനം. ഞങ്ങളുടെ ക്ളാസിലെ ഉസ്മാൻകോയയെ ഇന്നാണ് കള്ളത്തര മാലയിട്ട് മദ്രസയിലേക്ക് കൊണ്ടുവരലെന്ന് ഉസ്താദ് പറഞ്ഞ ദിനം. അവൻ ക്ളാസിൽ വന്നിട്ട് പത്ത് ദിവസായി. ഇടക്കിടെ ഇങ്ങനെ കള്ളത്തരം കാട്ടും. വെറുതെ പുരയിലിരിക്കും. അല്ലെങ്കിൽ മുണ്ട് ആരുംകാണാതെ അരയിൽചുറ്റി പാടത്തിറങ്ങും. മദ്രസ വിടാൻ നേരംഅവൻ വീട്ടിലെത്തും. ഓതാനറിയില്ല. ഉസ്താദ് പലവട്ടം ആളയച്ചെങ്കിലും അവനെ കിട്ടീല്ല. അവസാനം ഉസ്താദ് തന്നെയാണ് ആ തീരുമാനം പ്രഖ്യാപിച്ചത്. ഞായറാഴ്ച അവനെ കള്ളത്തരമാല അണിയിച്ച് മദ്രസയിലേക്ക് നടത്തുക. കേട്ടതല്ലാതെ ഇത് വരെ ഞാനാകാഴ്ച കണ്ടിട്ടില്ല.
ഒന്നാം പിരീഡ് കഴിഞ്ഞു. ഉസ്താദ് മുന്നിലായി ഞങ്ങളിറങ്ങി. മാല ഉസ്താദ് റെഡിയാക്കി കൊണ്ടുവന്നിരുന്നു. ചിരട്ടകൾ, ഇലകൾ, ചകിരിതുപ്പ് തുടങ്ങി എല്ലാം കോർത്തൊരു മാല! ചെറിയ ഓലപുരയുടെ മുമ്പിലെത്തിയതും ഉസ്മാനേ.. .ഉച്ചത്തിലുള്ള ഉസ്താദിൻറെ വിളികേട്ട് ഒന്നുമറിയാതെ ഇറങ്ങിവന്ന അവനെ കയ്യോടെ പിടികൂടി . അവൻറെ ഉമ്മയും ഒച്ചകേട്ട് വന്നു.
ഉസ്താദേ.. ഓനെ കൊണ്ടോയ്ക്കോളീ.... പറഞ്ഞാ കേക്ക്ണില്യ. "
പേടിയും നാണവും കൊണ്ടവൻ കരയാൻ തുടങ്ങി. മാല ചാർത്തി ജാഥയായ് മദ്രസയിലെത്തിച്ചു ബെഞ്ചിൽ കയറ്റി നിർത്തി. എല്ലാ കുട്ടികളും ഒത്ത്കൂടീ.
"ഇതെന്ത് മാല" ചൂരൽ ചുഴറ്റി ഉസ്താദിൻറെ ചോദ്യം.
"കള്ളത്തരമാല" കരഞ്ഞു കൊണ്ടവൻറെ മറുപടി.
"ഇതെന്തിന് കിട്ടി"
"കള്ളത്തരം കാട്ടീട്ട്"
കാൽമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ കഴിഞ്ഞു. അത്യാവശ്യം അടിയും കിട്ടി . ഇനി എന്നും മുടങ്ങാതെ വരാമെന്ന ഉറപ്പിന്മേൽ മാല അഴിച്ചു ബെഞ്ചിൽ നിന്നിറക്കി ഉസ്താദ് "ഇത് എല്ലാ കള്ളത്തരക്കാർക്കുമുള്ളതാ" എന്നൊരു താക്കീതും നൽകി.
പിന്നീടാർക്കും ഞങ്ങളുടെ ക്ളാസിൽ ആ മാല അണിയേണ്ടി വന്നിട്ടില്ല.
--------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment