Saturday, 22 October 2016

അഹമ്മദ് മൗലവി പി. കെ.


പ്രിയ സുഹൃത്തുക്കളെ അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു

ഞങ്ങളുടെ വന്ദ്യ പിതാവ് പാലമഠത്തിൽ കണ്ണാട്ടിൽ  അഹമ്മദ് മൗലവിയെ ഓർത്തെടുക്കാൻ  തത്തമ്മക്കൂട് കാണിച്ച താല്പര്യത്തിന്  ആദ്യമായി എല്ലാവർക്കും ഹൃദംഗമായ നന്ദി അറിയിക്കുന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിനെ കുറിച്ച് എന്റെ ഓർമ്മയുട ചെപ്പിലൊന്ന് പരതി നോക്കട്ടെ, തൊണ്ണൂറുകളുടെ ആദ്യം മുതലുള്ള ഓർമ്മ മാത്രമാണെനിക്കുള്ളത്. അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള ആ കേട്ടറിവുകൾ കൂടി പങ്കുവെക്കാൻ ഈയവസം ഉപയോഗപ്പെടുത്തട്ടെ. ഞാനറിഞ്ഞതിലും എത്രയോ മേലെയാണ് ഉപ്പയുടെ സ്ഥാനമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ തുടങ്ങട്ടെ. ഉപ്പയെ കുറിച്ചുള്ള ഓർമ്മകൾക്ക് ഒരു കുറിപ്പോ ഒരു ക്ളിപ്പോ മതിയാവുകയില്ലെന്ന ഉത്തമ ബോധ്യത്തോടെ തന്നെ.......

പാലമഠത്തിൽ കണ്ണാട്ടിൽ മസ്ഹൂദ് മുസ്ലിയാരുടെയും ഫാത്തിമയുടേയു ഒമ്പത് മക്കളിൽ മൂന്നാമനായിട്ടായിരുന്നു ജനനം. അഞ്ച് ആണ്മക്കളിൽ മൂത്തയാൾ. അതുകൊണ്ടു തന്നെ ആ വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തം വളരെ ചെറുപ്പത്തിൽ തന്നെ ഉപ്പയുടെ ചുമലിലായിരുന്ന. വലിയുപ്പാക്ക് പ്രായാധിക്യസഹജമായ അസ്വസ്ഥതകൾ ഉണ്ടായതിനാൽ കുടുംബം പോറ്റേണ്ട ചുമതല ഉപ്പാക്ക് തന്നെ ആയിരുന്നു. വീട്ടിലേക്ക് അരിവാങ്ങാൻ, ജോലിസ്ഥലത്തുനിന്നും ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന ഉപ്പയെ കാത്ത് വലിയുപ്പ റോഡിലിറങ്ങി നിൽക്കുമായിരുന്നു, കാണുന്നവരോടൊക്കെ അന്വേഷിക്കുമായിരുന്നു. ഉപ്പ കൊണ്ട് വരുന്ന തുക കിട്ടിയിട്ടുവേണം വീട്ടിലേക്ക് അരിവാങ്ങിക്കാൻ, കുട്ടികൾക്ക് ഉടുപ്പുകളും സ്‌കൂൾ പുസ്തകങ്ങളും വാങ്ങിക്കാൻ.... അങ്ങനെ ആ തുച്ഛമായ തുകകൊണ്ട് ഏതാണ്ടെല്ലാ കാര്യങ്ങളും ചെയ്തു തീർക്കണം. ശമ്പളമായി കിട്ടുന്ന തുക മുഴുവൻ വലിയുപ്പയെ ഏല്പിക്കുമായിരുന്നു. ഉപ്പാക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതിനായി വലിയുപ്പയെ തന്നെ സമീപിക്കുമായിരുന്നു ഞങ്ങളുടെ ഉപ്പ. 1964 മുതൽ വഫാത്തിന്റെ സമയം വരെയും തൻറെ സാമൂഹിക ഉത്തരവാദിത്തം നിർവഹിച്ചു പൊന്നു.

ഞങ്ങൾ കുറ്റൂരിലേക്ക് താമസം മാറ്റിയതിനു ശേഷമാണ് ഞാൻ ഭൂജാതനാകുന്നത്. എന്റെ ഓർമ്മകളിൽ ആഴ്ചയിൽ വിരുന്നിനെത്തുന്ന വിരുന്നുകാരനോടുള്ള ഒരു ബാലന്റെ വിസ്മയമായിരുന്നു എനിക്ക്. ജോലി സ്ഥലത്തുനിന്നും ലഭിക്കുന്ന സാധനങ്ങൾ അത് പലഹാരങ്ങളാവും, പുഴുങ്ങിയ കോഴിമുട്ടയാകും, മിഠായി ആവും അങ്ങിനെ എന്തും ആവും, അത് കഴിക്കാതെ അടുത്ത ആഴ്ച വരെ സൂക്ഷിച്ചു വെച്ച് ഞങ്ങൾ മക്കൾക്കായി കൊണ്ടുവരുന്ന സ്നേഹനിധിയായ ഉപ്പ. ഉപ്പ വരുമ്പോൾ ഒന്നും ഇല്ലെങ്കിലും അന്നത്തെ കാലത്ത് പത്ത് പൈസക്ക് സുലഭമായി ലഭിക്കുന്ന, നിഴലിച്ചുകാണുന്ന കവറിൽ പൊതിഞ്ഞ ഉരുണ്ട ഓറഞ്ച് മിഠായി കയ്യിലുണ്ടാകും. അത് ഉപ്പ തിരികെ പോയാലും ഉപ്പയോട് മേശയുടെ വലിപ്പോന്ന് തുറന്നാൽ അതിൽ എപ്പോഴും കാണും. ഞങ്ങൾ കുട്ടികൾക്ക് അത് മതിയാകുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഉപ്പ നാട്ടിൽ സ്ഥിരതാമസമല്ലാത്തതിനാലാകണം ഉപ്പയുടെ കയ്യിന്റെയോ വടിയുടെയോ ചൂട് ഞാൻ അറിഞ്ഞിട്ടില്ല. ആ ഒരു കുറവ് ഇന്നും എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വതവേ കണ്ണാട്ടിൽ കുടുംബം അല്പം കാർക്കശ്യക്കാരാണെന്നാണ് ജന സംസാരം, അത് പലരിലും ഞാൻ കണ്ടിട്ടുമുണ്ട്. എന്നാൽ അനാവശ്യ  ദേഷ്യമോ കാർക്കശ്യമോ ഞാൻ ഉപ്പയിൽ കണ്ടിട്ടില്ല. എന്നാൽ. ആവശ്യത്തിന് അതുണ്ട്  താനും. ദേശ്യം പിടിച്ച് വഴക്ക് പറയാനായി വരുമെങ്കിലും ഉടൻ അതെന്തിലോ തട്ടി തെറിച്ച് ചിരിച്ചുകൊണ് തിരിച്ച്‌ പോകുന്ന ഉപ്പയെയാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. എല്ലാം ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനുമുള്ള ഒരു വലിയ മനസ്സ് ഉപ്പയ്ക്കുണ്ടായിരുന്നു. ആരോടും പരിഭവമോ പരാതിയോ ഇല്ലാത്ത ജീവിച്ചുപോന്നു. ഞങ്ങൾ മക്കൾക്ക് തന്ന അസ്വസ്ഥയുണ്ടാക്കിയ പല കയ്‌പേറിയ അനുഭവങ്ങളും സ്വന്തക്കാരിൽ നിന്നുപോലും ഉപ്പാക്കുണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും ഉപ്പയെ ഒട്ടും തളർത്തിയിരുന്നില്ല. അവർ നന്നാവട്ടെ എന്നായിരുന്നു മറുപടി, അവരെന്റെ ചോരയല്ലേ സാരമില്ല. ഉപ്പാക്ക് അതിലൊന്ന് ഒരു പരാതിയോ പരിഭവമോ ഞാൻ കണ്ടിട്ടില്ല.

1998 ജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച  ജുമുഅഃക്ക് പോയ ഉപ്പ പതിവിനു വിപരീതമായി സമയം ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഞങ്ങൾ ഉമ്മയു മക്കളും അസ്വസ്ഥരായിട്ടിരിക്കുകയാണ്. വിളിച്ചു ചോദിക്കാനോ അന്വേഷിക്കാനോ ഇന്നത്തെ പോലെ ഫോൺ സൗകര്യങ്ങളൊന്നുമില്ല. അടുത്ത ആഴ്ച്ച പെങ്ങളുടെ കല്യാണമാണ്. എന്ത് സംഭവിച്ചു എന്ന്  ഒരു പിടിയുമില്ല. വീട്ടിൽ എല്ലാവരും ദുഃഖത്തിലാണ്. ഉമ്മ എന്നെ വിളിച്ച്  മൂത്തമ്മയുടെ (അരീക്കൻ അബ്ദുറഹിമാൻ ഹാജി) വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞയച്ചു. ഞാനവിടെ  പോയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ഉപ്പാക്ക് നെഞ്ചുവേദനയുണ്ടായി  ആശുപത്രിയിലാണ് എന്ന ഒരു വിവരം മാത്രം ലഭിച്ചു. അതുമായി ഓടി വീടണഞ്ഞ ഞാൻ ഒറ്റശ്വാസത്തിൽ അതുമ്മയെ കേൾപ്പിച്ചതും പിന്നീട്  അവിടം ദുഃഖ സാന്ദ്രമായ ഒരാന്തരീക്ഷമായി മാറി. എല്ലാവരുടെയു മുഖത്ത് ദുഃഖം തളം കെട്ടി നില്കുന്നു. പ്രാർത്ഥനയും കണ്ണീരുമായി കഴിച്ചു കൂട്ടിയ ദിനങ്ങളാണ് പിന്നീട്.

മുടക്കയിൽ ജുമാമസ്ജിദിൽ ഖുതുബ തുടങ്ങാനിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ഉപ്പയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊണ്ടോട്ടിയിൽ നിന്ന് പിന്നെ കോഴിക്കോട്ടേക്ക്. അന്നാണ് കോഴിക്കോട് ബേബി ഹോസ്പിറ്റലിനെ കുറിച്ച് ഞാൻ കേൾക്കുന്നത് തന്നെ.

ഞാനന്ന് ബാല്യം വിട്ട് കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്നേ ഉണ്ടായിരുന്നുള്ളു. ഉപ്പയുടെ അസാന്നിധ്യത്തിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നത് ഇക്കാക്കയായിരുന്നു. പക്ഷെ അദ്ദേഹം കടലിനക്കരെ കുടുംബത്തിന്റെ അത്താണിയായി ജീവിക്കുകയായിരുന്നല്ലോ. അങ്ങനെ കല്യാണ ദിവസം വന്നെത്തി. ഉപ്പ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്. വീട്ടിൽ പെങ്ങളുടെ കല്യാണം നടക്കുന്നു. ഇക്കാക്ക കടലിനക്കരെയും. ഏക ആൺതരിയായ ഞാൻ പക്ഷെ കല്യാണ രാത്രിയിൽ മദ്രസയിലെ റെയ്ഞ്ച് തല പരിപാടിയിൽ ദഫ് മുട്ടിനായി പോയി. (അതിൽ ഇന്നും ഞാൻ ഖേദിക്കുന്നു, ഒരു കൗമാരക്കാരന്റെ ചാപല്യം തീർത്തും എന്നെ പിടിമുറുക്കിയ സന്ദർഭമായിരുന്നു അത്) ആദ്യവും അവസാനവുമായി മദ്രസയിൽ ദഫ് മുട്ടിനു ആ വർഷമാണ് ഞാൻ ഉണ്ടായിരുന്നത്.

അന്ന് ഞങ്ങളുടെ ഒരകന്ന ബന്ധുകൂടിയായ സൈദു മുസ്ലിയാരായിരുന്നു അൽഹുദയിലെ സദർ മുഅല്ലിം. ഞങ്ങൾ അന്ന് പരിപാടിക്കായി പോയത് കാടപ്പടിയിലേക്കായിരുന്നു. അസർ നമസ്കാരത്തിനായി ഒരു പള്ളിയിൽ കയറി. നമസ്കാര ശേഷം സൈദു ഉസ്താദ് പറഞ്ഞു "ഉസാമയുടെ ഉപ്പ ഖുതുബ ഓതുന്ന പള്ളിയാണിത്" ഒരു നിമിഷം സ്തബ്ധനായി നിന്നുപോയി, അവസാന ആ മിഹ്റാബിന്റെ അടുത്ത് പോയി ആദ്യ സ്വഫിലൊക്കെ ഒന്ന് ഇരുന്നു. ഖുതുബാക്കായി ഉപ്പ കാത്തിരുന്ന ആ സ്ഥലം ഞാൻ സ്വയം കണ്ടെത്തി. കണ്ണുനീരാൽ ഉപ്പാക്ക് വേണ്ടി അവിടെയിരുന്ന് പ്രാർത്ഥിച്ചു.

പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ രാത്രി ആയിരുന്നു. ഞാൻ പരിപാടിക്ക് പോയതിൽ പലരും എന്നെ ചീത്ത പറഞ്ഞു. ഞാനുമ്മയുടെ അടുത്ത് പോയി കരഞ്ഞു, ഞാനെന്ത് ചെയ്യാനാ ഉമ്മാ? (ഒരു കൗമാരക്കാരന് അവിടെ ചെയ്തു തീർക്കാൻ എന്താണുള്ളതെന്നെനിക്കറിയുമായിരുന്നില്ല) ഉമ്മ സമാധാനിപ്പിച്ചുകൊണ് പറഞ്ഞു സാരമില്ല.

കല്യാണപ്പെണ്ണ് മൈലാഞ്ചിയിടാൻ വിസമ്മതിക്കുന്നു, വീട്ടിൽ സന്തോഷത്തിന്റെ ലാഞ്ചന പോലുമില്ല. ഉപ്പ ആശുപത്രിയിലായിരിക്കെ ഞങ്ങൾക്കെങ്ങനെ സന്തോഷിക്കാനാകും? ശോകമൂകമായ ഒരു അന്തരീക്ഷത്തിൽ കല്യാണം നടന്നു. എളാപ്പയാണ് കൈ കൊടുത്തത്.

ദിവസങ്ങൾക്കു ശേഷം ഉപ്പ ഡിസ്ചാർജ് ആയി വരുന്നുണ്ടെന്ന സന്തോഷ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. വെളുത്ത അംബാസഡർ കാർ വീട്ടുമുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ ഞാൻ ഉപ്പാക്ക് സലാം പറഞ്ഞു, ഉപ്പ ഒന്ന് കൈ ഉയർത്തി കാണിച്ചു. വീട്ടിലെത്തി കട്ടിലിൽ ഇരുന്നു, തെല്ല് കൗതുകത്തോടെ ഞങ്ങൾ കുട്ടികൾ അകലെ മാറി നിന്നു. ഉപ്പ ഞങ്ങളെ അടുത്തേക്ക് വിളിക്കുന്നുണ്ട്. ആ കവിളിലൊന്ന് മുത്തമിടാൻ ആംഗ്യ കാണിക്കുന്നുണ്ട്. സംസാരിക്കരുതെന്ന് ഡോക്ടറുടെ നിർദേശമാണ്. കുറച്ച് കാലത്തേക്ക് മദ്രസയും പള്ളിയുമൊക്കെ തൽകാലം നിറുത്തി വെച്ചു. പിന്നിട് അൽഹുദയിൽ അധ്യാപകനായി ജോലിക്ക് കയറി. കാലം കിതച്ചു മുന്നേറി.

അതിനിടയിൽ ഇക്കാക്കയുടെയും എന്റെയും മറ്റു മൂന്ന് സഹോദരിമാരുടെയും വിവാഹം കേമമായി തന്നെ നടന്നു. ഇടയ്ക്കിടെ ഉപ്പാക്ക് പഴയ അസുഖത്തിന്റെ അസ്വസ്ഥതകൾ അനുഭവപ്പെടുമെങ്കിലും ആരെയും അറിയിക്കാതെ ജീവിച്ചു പൊന്നു. തന്റെ കാര്യങ്ങളേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകാൻ ഉപ്പ ശ്രദ്ധിച്ചു പോന്നു. ഉമ്മാക്കൊ മക്കൾക്കോ വല്ല അസുഖവും വന്നാൽ ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാനും ഞങ്ങൾക്കാവശ്യമുള്ളത് വാങ്ങി തരാനും ഉപ്പ എന്നും ഒരുക്കമായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കാനിരുന്നാൽ നല്ലതെല്ലാം എടുത്ത് ഞങ്ങൾ  മക്കളുടെ പ്ളേറ്റിലേക്ക് പകർന്നു നൽകി ബാക്കിയുള്ളത് എടുത്ത് വിശപ്പടക്കുകയായിരുന്നു ഉപ്പ. പലപ്പോഴും ഞങ്ങളത് വിലക്കിയെങ്കിലും ഉപ്പ അത് ചെവിക്കൊണ്ടില്ല. സാധാരണ പ്രവാസികളെ സംബന്ധിച്ച് പറയാറുണ്ട്, സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം നൽകുന്നവരാണ് പ്രവാസികളെന്ന്. എന്നാൽ പ്രവാസം സ്വീകരിച്ചിട്ടില്ലെങ്കിൽ കൂടി ഉപ്പ സ്വയം മറന്ന് മറ്റുള്ളവർക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു.

@ ഹംക് വാക്ക് ചെവിക്ക് പുറമെ
@ ഇരു കൈകളും മുട്ടിയാലേ ശംബ്ദമുണ്ടാകൂ
@ തോൽക്കാൻ ചെങ്ങാതി വേണ്ട

എല്ലായ്‌പോഴും ഉപ്പ ഞങ്ങൾക്ക് നൽകുന്ന ഉപദേശങ്ങളാണ് ഇവ, എന്റെ വാപ്പ എപ്പോഴും പറയാറുണ്ടെന്ന് പറഞ്ഞതാണിത് തുടങ്ങാറുള്ളത്.

ഇതെല്ലാം ഉപ്പാക്ക് വലിയുപ്പയിൽ നിന്നും പകർന്നു കിട്ടിയതാവണം. അതെല്ലാം ഉപ്പ അവസാനം വർ കാത്തുസൂക്ഷിച്ചു പൊന്നു. അതുകൊണ്ടുതന്നെ ഉപ്പാക്ക് അത്തരത്തിലൊരു മാനസിക സമ്മർദ്ദങ്ങളും ഏൽക്കേണ്ടി വന്നതായറിവില്ല.

ലാളിത്യമാണ് എടുത്തു പറയേണ്ട ഒന്ന്. വസ്ത്ര ധാരണത്തിലും മറ്റു തികഞ്ഞ ലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു ഉപ്പ. പലപ്പോഴും പഴകിയ വസ്ത്രങ്ങൾ ഉപ്പ ഉപയോഗിക്കാതിരിക്കാൻ ഞങ്ങളത് എടുത്ത് മാറ്റി വെച്ചിട്ടുണ്ട്. സ്ഥിരമായി തൂവെള്ള വസ്ത്രമാണ് വേഷമെങ്കിലും അതിൽ ലാളിത്യം നിറഞ്ഞ രൂപമായിരുന്നു ഉപ്പയുടേത്. പലപ്പോഴും ഉപ്പയുടെ വസ്ത്രങ്ങൾ അലക്കാനും അത് ഉപ്പയുടെ നിര്ദേശപ്രകാരം ഇസ്തിരിയിട്ട് മടക്കി കൊടുക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും ശാരീരിക വേദനകൾ ഉപ്പയെ അസ്വസ്ഥമാക്കുമ്പോൾ ഞങ്ങൾ മക്കളെ  വിളിച്ച് കാലൊന്ന് തിരുമ്മി കൊടുക്കാൻ പറയും. കുളിക്കുമ്പോൾ പുറം തേച്ചു കൊടുക്കാൻ പറയും അതെല്ലാം ഞങ്ങൾ സസന്തോഷം ചെയ്തു കൊടുത്തിട്ടുണ്ട്.

അയൽവാസികൾക്ക് "ബല്യമോല്യേര്" ആയിരുന്നു ഉപ്പ. അവരുടെ സ്വകാര്യ സങ്കടങ്ങളും ദുഖങ്ങളും ഇറക്കി വെക്കാൻ അവർ ഉപ്പയെ സമീപിക്കുമായിരുന്നു. അതിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ടായിരുന്നു. ആളുകളോട് ഇടപഴകാൻ അസാമാന്യ കഴിവുതന്നെ ഉപ്പക്കുണ്ടായിരുന്നു. വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും കൂട്ടുകൂടാൻ ഉപ്പാക് സാധിച്ചു. അതുകൊണ്ടുതന്നെ ഉപ്പ സർവ സമ്മതനായി. അനാവശ്യമായി ഒരു രൂപ പോലും വിനിയോഗിച്ചിട്ടുണ്ടാവില്ല. എല്ലാത്തിനും കൃത്യമായ കണക്ക് വെച്ച് ജീവിച്ചു പൊന്നു. അദ്വാനത്തിന്റെ വില ഇടക്കിടെ ഞങ്ങളെ ബോധ്യപ്പെടുത്തി. നമുക്ക് ലഭിക്കുന്ന പണത്തിനു ഇക്കാക്കാന്റെ വിയർപ്പിന്റെ ഗന്ധമാണെന്ന് ഞങ്ങളെ ഓർമ്മിപ്പിച്ചു. നീ ഒരു റഷീദ്‌ ആകണമെന്ന് പലപ്പോഴും എന്നോട് പറയുമായിരുന്നു.

ആ ഉപ്പയുടെ മകനായി ജനിച്ചതിൽ ഞാൻ അഭിമാന കൊള്ളുന്നു.

ഉപ്പയുടെ വഫാത്തിന്റെ ഏകദേശം രണ്ടര മാസം മുമ്പാണ് ഞാൻ നാട്ടിൽ വന്ന് തിരിച്ചു പോകുന്നത്. അന്ന്  വിമാനത്താവളത്തിൽ വെച്ച് എന്നെ യാത്രയാക്കിയത് ഗാഢമായ ആലിംഗനത്തോടെയും കവിളിൽ നൽകിയ ചുടു ചുംബനത്തോടെയുമായിരുന്നു. അതൊരു യാത്ര പറച്ചിലായിരുന്നു എന്ന് മനസ്സിലാകുന്നത് ഉപ്പാന്റെ വഫാത്തിന്റെ വാർത്ത കേട്ടപ്പോൾ മാത്രമാണ്.

വഫാത്തിന്റ മുമ്പത്തെ റമദാനിൽ എടക്കാപ്പറമ്ബ് പള്ളിയിൽ ജുമുഅക്ക് ശേഷമുള്ള പ്രസംഗങ്ങളിൽ മരണവും മരണാനന്തര ജീവിതവുമായിരുന്നു വിഷയമെന്നും, ഇനി ഒരിക്കൽക്കൂടി ഇങ്ങനെ ഒരവസരം ഉണ്ടാവുകയില്ലെന്നും ഉപ്പ പറഞ്ഞു എന്നത്  അത് കേട്ടവർ സാക്ഷ്യം  വഹിക്കുമ്പോഴാണ് ഉപ്പയെന്ന ആ മഹാ മനുഷ്യന്റ വില ബോധ്യമാകുന്നത്. തീർത്തും മലക്കുൽ മൗത്തിനെ കാത്തിരുന്നപോലെയായിരുന്നു അവസാന കാലത്തെ പ്രവർത്തനങ്ങൾ. അങ്ങാടിയിൽ പോയി സ്ഥിരമായി സാധനം വാങ്ങുന്നിടത്തെല്ലാം കടങ്ങൾ വീട്ടി തൃപ്തമായ മനസ്സോടെയാണ് ഉപ്പ അന്ത്യശ്വാസം വലിച്ചത്. ആ റമദാനിൽ വീട്ടുകാരൊന്നിച്ചുള്ള തറാവീഹ് നമസ്കാര ശേഷം അവർക്കഭിമുഖമായി ഇരുന്നുകൊണ്ട് ഉപ്പ പറഞ്ഞു "അടുത്ത വർഷം ഇതുപോലെ തറാവീഹിനു ഞാനുണ്ടാവില്ല" എന്ന്.

2011 സെപ്തംബർ 16 വ്യാഴാഴ്ച (1432 ശവ്വാൽ 15) വൈകുന്നേരമാണ് ഉപ്പാക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അങ്ങാടിയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവന്ന് ഭക്ഷണവും കഴിച്ച് ഒന്ന് കിടന്നതാണ്. ഒമ്പത് മക്കൾക്ക് ജന്മം നൽകിയെങ്കിലും ഉമ്മയും ഒരു പെങ്ങളും മാത്രം വീട്ടിലുള്ള സന്ദർഭത്തിലാണ് അത് സംഭവിക്കുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഉപ്പ ഇഹലോക വാസം  വെടിഞ്ഞു. അടുത്ത ദിവസം വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ ഊകത്ത്‌ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ കബറടക്കി.

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

------------------------------
✍അബൂ ദിൽസാഫ്

No comments:

Post a Comment