പി കെ അഹമ്മദ് മുസ്ല്യാർ എന്റെ മൂത്താപ്പയാണ്. പിതൃ സഹോദരൻ.
ഊക്കത്തെ തറവാട്പുരയിൽ നിന്ന് കുറ്റൂർ വീരാശീരി പുറായയിലേക്ക് ഞങ്ങൾ താമസം മാറുമ്പോൾ എനിക്ക് നാല് വയസ്സാണ്. എന്റെ ഉപ്പ അന്നേ പ്രവാസിയാണ്. ഉപ്പ നാട്ടിലില്ലാത്ത ഒരു സമയത്തായിരുന്നു ഞങ്ങളുടെ കുടിയിരിക്കൽ ചടങ്ങ്. അന്നത്തെ ചടങ്ങിനും മറ്റുമൊക്കെ നേതൃത്വം കൊടുത്തത് എന്റെ മൂത്താപ്പ അഹമ്മദ് മുസ്ല്യാരായിരുന്നു. ഞങ്ങൾ ഒരേ പറമ്പിൽ തൊട്ടടുത്ത് തന്നെ താമസക്കാരായതോടെ മൂത്താപ്പയുമായി കൂടുതൽ അടുക്കാനും ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ അവരുമായി അടുത്ത് ഇടപഴകുവാനും അവസരം കിട്ടി. വളരെ ചെറുപ്പം മുതലെ എനിക്ക് ഒരു അസുഖമുണ്ടായിരുന്നു. കാലിന് വിള്ളൽ വരുന്ന അസുഖം. അതിന്റെ പേരിൽ ഷൂ ധരിച്ചാണ് അക്കാലത്ത് ഞാൻ സ്കൂളിലും മദ്രസയിലുമൊക്കെ പോയിരുന്നത്. ഈ രോഗത്തിന് ഒരു പാട് ചികിൽസകൾ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം എന്നെ ഡോക്ടർമാരുടെ അടുത്തേക്കും മറ്റും കൊണ്ട് പോയിരുന്നത് മൂത്താപ്പയായിരുന്നു. മൂത്താപ്പയെ ഞാൻ ഉപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. അത് കേവലം ഒരു വിളി പേര് മാത്രമായിരുന്നില്ല. ഒരു ഉപ്പയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്ത് തന്നതും ഈ മൂത്താപ്പ തന്നെയാണ്. അതു കൊണ്ട് തന്നെ പിതാവ് നാട്ടിലില്ലാത്തതിന്റെ ഒരു കുറവ് നികത്തി തന്നത് എന്റെ മൂത്താപ്പയാണെന്ന കാര്യം കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ല.
എടാ....
എന്നാണ് എന്നെ വിളിക്കാറ്.
പിതൃ സ്നേഹവും, കളങ്കമില്ലാത്ത ഒരു രക്ഷാകർത്താവിന്റെ ജാഗ്രതയും മൂത്താപ്പന്റെ ഇടപെടലുകളിൽ ഉണ്ടായിരുന്നു.
ജേഷ്ടാനുജൻമാർ എന്നതിനപ്പുറം ഒരേ പ്രായത്തിലുള്ള രണ്ട് സുഹൃത്തുക്കള പോലെയായിരുന്നു എന്റെ പിതാവും മൂത്താപ്പയും തമ്മിലുണ്ടായിരുന്ന ബന്ധം. വെള്ളിയാഴ്ചകളിൽ രാവിലെ ഉപ്പയുടെ അടുത്തിരുന്ന് ദീർഘമായി സംസാരിക്കും. അവരുടെ സംസാരങ്ങളിൽ എല്ലാം ഉണ്ടായിരുന്നു.
വീടും, കുടുംബവും. പളളിയും, മദ്റസയും, മക്കളുടെ വിദ്യാഭ്യാസവും, എന്തിനേറെ അന്നത്തെ ദിവസത്തെ ജുമുഅ പ്രഭാഷണങ്ങളുടെ വിഷയങ്ങൾ വരെ അവർ ചർച്ച ചെയ്തു. വയസ്സ് കൊണ്ട് താഴെയായിട്ടും എന്റെ പിതാവിനോട് പല കാര്യങ്ങളിലും സംശയം തീർക്കുകയും, ചില വിഷയങ്ങളിൽ എന്ത് തീരുമാനമെടുക്കണമെന്നൊക്കെ ആരായുകയും ചെയ്തിരുന്നു. കുഞ്ഞുട്ടി എന്നാണ് ഉപ്പയെ മൂത്താപ്പ വിളിച്ചിരുന്നത്.
കുഞ്ഞുട്ടേ.....
എന്ന വിളിയുമായി വെള്ളിയാഴ്ച രാവിലെ പടി കയറി വരുന്ന മൂത്താപ്പയെ ഇപ്പോഴും കണ്ണിൽ കാണുകയാണ്. അവർ തമാശ പറഞ്ഞ് ചിരിച്ചു. മസ്അലകൾ ചർച്ച ചെയ്തു. ഉത്തരവാദിത്തത്തിന്റെ ഭാരങ്ങൾ പരസ്പരം പങ്ക് വെച്ചു. രണ്ടും മൂന്നും മഹല്ലുകളുടെ ഉത്തരവാദിത്തമുണ്ടായിരുന്ന മൂത്താപ്പ ഉപ്പ നാട്ടിലുണ്ടാവുമ്പോൾ ഖുതുബക്കും ഇമാമത്തിനും ഉപ്പയെ പറഞ്ഞയക്കാറുണ്ടായിരുന്നു. ഉപ്പാക്കും അത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.
അവർ തമ്മിൽ നിലനിന്ന സ്നേഹ ബന്ധവും തുറന്ന സമീപനങ്ങളും കണ്ട് പലപ്പോഴും മനസ്സ് നിറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ മുതിർന്ന ആളായത് കൊണ്ട് വലിയ ഉത്തരവാദിത്തങ്ങളാണ് മൂത്താപ്പ നിർവ്വഹിച്ചത്. കുടുംബ ബന്ധം ചേർക്കുന്നതിലും ബന്ധങ്ങളിലെ വിശേഷങ്ങളിൽ കൂടുന്നതുമൊക്കെ മൂത്താപ്പാക്ക് വലിയ താൽപ്പര്യമായിരുന്നു.
ഇങ്ങനെ പറയുകയാണെങ്കിൽ ഒരു പാട് പറയാനുണ്ട്, തൽക്കാലം നിറുത്തുകയാണ്. ഇത്തരം ഓർമ്മകൾ പങ്ക് വെക്കുന്നതിന്
തത്തമ്മക്കൂട് പള്ളിപറമ്പ് എന്ന പേരിൽ ഒരു വേദിയൊരിക്കിയതിനും അതിന്റെ ആദ്യ ചടങ്ങിൽ തന്നെ ഓർത്തെടുക്കാൻ എന്റെ മൂത്താപ്പ അഹമ്മദ് മുസ്ല്യാരെ തെരഞ്ഞെടുത്തതിനും അഡ്മിൻ ഡസ്കിനോടുള്ള കടപ്പാടും നന്ദിയും അറിയിച്ച് കൊണ്ട് നിറുത്തട്ടെ.
അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും അവന്റെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അഹമ്മദ് ശുഐബ് പി. കെ.
No comments:
Post a Comment