Friday, 21 October 2016

തത്തമ്മക്കൂട്ടിലെ പള്ളി പറമ്പിൽ ഓർമ്മയുടെ മൈലാഞ്ചി പൂക്കുമ്പോൾ........

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ജീവിതത്തിന്റെ വലിയ യാഥാർത്ഥ്യങ്ങളാണ് പളളിപറമ്പിലെ ഖബറിസ്ഥാനുകൾ നമ്മോട് പറയുനത്.
അവിടെ കിടക്കുന്നവർ നമ്മെ മാടി വിളിക്കുന്നുണ്ട്.
എത്ര തന്നെ നാം തിരിഞ്ഞ് നടന്നാലും അവിടത്തെ കനത്ത മൗനം ഒരു പിൻവിളിയായി നമ്മെ പിന്തുടരുന്നുണ്ട്.
ഖബറടക്കാനായി മയ്യിത്തിനെ അനുഗമിച്ചപ്പോഴായിരിക്കില്ല, കാലങ്ങൾക്ക് ശേഷം ആ ഓർമ്മയുടെ മണം പിടിച്ച് മീസാൻ കല്ലിലെ പേരsയാളം തെരഞ്ഞ് വന്നപ്പോഴായിരിക്കും നമ്മുടെ ഉറ്റവർക്ക് കൂടുതൽ ആത്മശാന്തി ലഭിച്ചിട്ടുണ്ടാവുക.
നിരനിരയായി കിടക്കുന്ന ഖബറുകളുടെ അതിരുകൾക്കിടയിലെ ഒറ്റയടി പാതയിലൂടെ ഒറ്റക്ക് നടക്കുമ്പോഴുള്ള വൈകാരികത പറഞ്ഞറിയിക്കാനാവാത്തതാണ്.

കിനിയുന്ന ഓർമ്മയുടെ നനവുകൾ.......
പോയ കാലത്തിന്റെ മങ്ങിയ ചിത്രങ്ങൾ...........

മുമ്പേ പോയവർ നമ്മെ സ്വാധീനിച്ചതിന്റെ ആഴം അന്നേരം അളന്നെടുക്കാനാവും.
ഓർമ്മ വറ്റിയവൻ കടപ്പാട് മറന്നവനാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
മനസ്സ് വരളുമ്പോഴാണ് നമ്മിൽ മറവിയുണ്ടാവുന്നത്.
കടന്ന് പോന്ന വഴി തെറ്റുകയാണ് മറവിയുടെ ദുരന്തം.
ഇതിലൂടെ ഇനി നടക്കാനുള്ള വഴിയും തെറ്റും.
മങ്ങി തീരാത്ത അറിവും അനുഭവങ്ങളുമാണ് ഏതൊരാളെയും ലക്ഷ്യത്തിലെത്തിക്കുക.
ഓർമ്മകൾ നമ്മുടെ വ്യക്തിത്വത്തിന് ശോഭ കൂട്ടും.
ഓരോ വ്യക്തിയും ഒരായിരം ഓർമ്മകളുടെ സമാഹാരമാണ്.
ഓരോ വീടും ഒരു ദേശത്തിന്റെ ഓർമ്മയുടെ ഭാഗം വെപ്പാണ്.
ഒരു ദേശമാവട്ടെ അനേകായിരം ഓർമ്മകളുടെ അഴിച്ചാൽ തീരാത്ത ഊരാകുടുക്കുകളാണ്.
ഇതിനെയാണ് നാം പൈതൃകം എന്നൊക്കെ പേരിട്ട് വിളിക്കുന്നത്.
ഈ പൈതൃകങ്ങളെയും ഓർമ്മകളെയും ഉണർത്തുന്ന ദൗത്യമാണ് കഴിഞ്ഞ ഒരു വർഷക്കാലമായി തത്തമ്മക്കൂട് ഓൺലൈൻ കൂട്ടായ്മ നിർവ്വഹിക്കുന്നത്.

ഉപ്പ, ഉമ്മ, ബന്ധുക്കൾ, നാട്ടുകാരണവൻമാർ, കളി കൂട്ടുകാർ തുടങ്ങി പിന്നിട്ട വഴികളിൽ നമ്മെ കൈ പിടിച്ചവരും നാം തോളിൽ കൈവെച്ചവരും ഏറെയാണ്.
നല്ലൊരു നാളെയിലേക്ക് നമ്മെ പാകമാക്കിയതിൽ ഇവരിൽ പലർക്കും അനൽപമായ പങ്ക് ഉണ്ടാവും.
ഇവരെ ഓർത്തു പറയുന്നതിനുള്ള വേദിയാണ് വെള്ളിയാഴ്ചകളിൽ തത്തമ്മക്കൂട്ടിൽ നടക്കുന്ന പള്ളിപറമ്പ്.
മുമ്പേ നടന്നവരുടെ ഓർമ്മകൾ പലപ്പോഴായി ഈ കൂടിനെ കണ്ണീരിലാഴ്‌ത്തുകയും പ്രാർത്ഥനാനിരതമാക്കുകയും ചെയ്തിട്ടുണ്ട്.
അത്തരം ഓർമ്മകൾക്ക് കൃത്യമായ അടയാളങ്ങളും തുടർച്ചകളും വളർത്തുകയാണ് പളളിപറമ്പിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്.
നമുക്ക് വേണ്ടപ്പെട്ടവരെ നമ്മൾ പറഞ്ഞില്ലെങ്കിൽ പിന്നെ മറ്റൊരാളും പറഞ്ഞില്ലെന്നിരിക്കും.
അത് അവരുടെ ആത്മാവിനോട് നാം കാട്ടുന്ന നന്ദികേടാണെന്നറിയുക.
അതു കൊണ്ട് തന്നെ ഓർമ്മക്കുറിപ്പുകളായും ഓർമ്മ പറച്ചിലുകളായും പ്രാർത്ഥനാനിരതരായി നമുക്കീ പള്ളിപറമ്പിൽ ആഴ്ചയിലൊരിക്കൽ ഒത്തുകൂടാം.
മങ്ങിത്തീരുന്ന ഒരോർമ്മയുടെ ചെറിയൊരു വെളിച്ചമെങ്കിലും ഇത് വഴി നമ്മുടെ നാട്ടുകാർക്ക് ലഭിച്ചാൽ.....
അതു വഴി ലഭിക്കുന്ന മനസ്സറിഞ്ഞ ഒരു തേട്ടത്തിന്റെ ഫലം ആ പരേതാത്മാക്കൾക്ക് ലഭിച്ചാൽ.....
 അത് മതി നമുക്ക്.

തിരക്കിന്റെ ലോകത്ത് ഇതൊക്കെ വലിയൊരു നൻമയാണെന്ന തിരിച്ചറിവുള്ളവർക്കേ ഇതിനൊക്കെ സമയം കിട്ടൂ.

ഒന്ന് കൂടി പറയട്ടെ,

വെള്ളിയാഴ്ചകളും ഇത്തരം ഓർമ്മകളും തമ്മിൽ വല്ലാത്തൊരു ഇഴയടുപ്പമുണ്ട്.
മരിച്ചവരെ കുറിച്ച നമ്മുടെ ഓർമ്മകൾ ഏറെയും പള്ളി പറമ്പിൽ മേഞ്ഞ് നടന്നിട്ടുണ്ടാവുക വെളളിയാഴ്ചകളിലാണ്.
ജുമുഅ കഴിഞ്ഞ് ഉറ്റവരിലേക്ക് പ്രാർത്ഥനയുടെ പുണ്യം പകരാൻ പളളിപറമ്പിലേക്ക് നടക്കുന്ന ദിവസം.
കോൺക്രീറ്റിൽ തീർത്ത മീസാൻ കല്ലുകളോ,
തിരിച്ചറിയാനുള്ള പേരsയാളങ്ങളോ ഇല്ലാത്തൊരു കാലം.
മീസാൻ കല്ലാക്കി കുത്തനെ നാട്ടിയ വെട്ട് കല്ലിൽ അടയാളങ്ങളില്ലായിരുന്നു.
കാല പഴക്കത്തിൽ ആ കല്ല് നിറം മാറി കറിത്തിരുണ്ട് പൂപ്പൽ പിടിച്ചപ്പോഴും മനസ്സിനകത്തെ ഓർമ്മയുടെ തെളിച്ചം കൊണ്ട് മാത്രം ഓരോരുത്തരും തങ്ങളുടെ ഉറ്റവർ കിടക്കുന്ന ഇടങ്ങൾ മനസ്സിൽ വെച്ചിരുന്നു.
ഇന്ന് ജീവിതത്തിന്റെ വഴി പിരിച്ചിലുകളിൽ പള്ളിയും പള്ളിപറമ്പുകളുമൊക്കെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മ മാത്രമായവരാണ് നമ്മിൽ പലരും.
ഓർമ്മയുടെ ഓരം ചേർന്ന് നിൽക്കാനുളള ഇടങ്ങൾ ഇല്ലാതായവനാണല്ലോ പ്രവാസി.
പിന്നെ പുതിയ പള്ളികൾ
മഹല്ലുകൾക്കുള്ളിലെ മതിലായി മാറിയൊരു കാലത്ത് പഴയ പള്ളിപറമ്പ് മയ്യിത്തിന് കൂടെ പോയ കാലത്തെ ഓർമ്മ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ഇതൊക്കെയാണ്  വെള്ളിയാഴ്ചകളിൽ  തത്തമ്മക്കൂട്ടിൽ  ഇങ്ങനെ ഒരു ഓർമ്മക്കൂടൊരുക്കാൻ പ്രചോദനമായത്.

ഒരു കാര്യം ഉറപ്പ്.
ഇത് നമുക്ക് പറഞ്ഞറിയിക്കാനാവാത്ത ഗൃഹാതുരത്വവും ആത്മനിർവൃതിയും സമ്മാനിക്കും.
അതിനാൽ
ഓർമ്മയുടെ മൈലാഞ്ചി പൂക്കുന്ന,
ഉണങ്ങി നെരിഞ്ഞ പനമ്പുല്ലുകൾ ചാഞ്ഞ് കിടക്കുന്ന,
കള്ളിചെടികളിൽ മഞ്ഞ് തുള്ളി വീണ് കിടക്കുന്ന, നമ്മുടെ പഴയ പള്ളിപറമ്പിലേക്ക് നമുക്ക് ഓർമ്മയുടെ ഓരം ചേർന്നൊന്ന് നടക്കാം......

------------------------
സത്താർ കുറ്റൂർ

No comments:

Post a Comment