അ ദ്രാ മാനേ.......
ൻറെ സൈദിന്റെ വിളി കേട്ട് പുറത്തിറങ്ങിയപ്പോൾ ൻറെ സൈദ് നിറകണ്ണുകളുമായി മുറ്റത്ത് നിൽക്കുന്നു!
എന്താടാ ? ജ് ന്തിനാ നെലോൾച്ച്ണ്? വിങ്ങിപ്പൊട്ടിക്കൊണ്ട് ൻറെ സൈദ് പറഞ്ഞു, ഇന്നെ നാളെ ബടകരക്ക് കൊണ്ടോ കാണ്. ൻറെ സൈദിന്റെ ബാപ്പു ( ജ്യേഷട്ൻ) വടകരയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ൻറെ സൈദിന്റെ കരച്ചിൽ എന്നെയും കരയിപ്പിച്ചു.
വീട്ടിൽ നിന്നും ൻറെ സൈദിന്റെ കൂടെ കുറ്റൂരങ്ങാടിയിലേക്ക് വന്നു. ൻറെ സൈദ് സങ്കടം കൊണ്ട് ഒന്നും പറയുന്നില്ല.
റോഡിൽ കുറച്ച് നേരം നിന്ന് സംസാരിച്ച ശേഷം ൻറെ സൈദ് യാത്ര പറഞ്ഞു പോയി. വേദനിക്കുന്ന ഹൃദയവുമായി ഞാൻ ൻറെ സൈദിനെ തന്നെ നോക്കി നിന്നു.
പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്, ഞാനോടി .... സൈ ദേ സൈ ദേ ....
ൻറെ സൈദ് തിരിഞ്ഞ് നിന്നു. അപ്പോഴും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ന്താ ൻറെ സൈറ്റിന്റെ വിറയാർന്ന ശബ്ദം!
കൊച്ചു കുഞ്ഞായതു മുതൽ ഇന്നലെ വരെ ൻറെ സൈദ് കൊണ്ടു നടന്ന "തണ്ട " കാലിൽ കാണാനില്ല!
സൈ ദേ അന്റെ തണ്ട എവിടെ?
ങ്ങാ.... അത് ഊരിവെച്ചതാ, വടകരക്ക് പോകുമ്പോ അത് വേണ്ടാന്ന് ബാപ്പു പറഞ്ഞു.
ഊം.... ഞാൻ തിരിഞ്ഞു നടന്നു.
ൻറെ സൈദ് പോയിട് 15 ദിവസം കഴിഞ്ഞു.
വൈകുന്നരം റൈസ് ഫ്രൈയും ചായയും കുടിച്ചു കൊണ്ട് പുരയുടെ തിണ്ണയിലിരിക്കുകയായിരുന്നു, ഒരു അത്തറിന്റെ മണം? ആരാപ്പോ സെന്റ് പൂശീത്? എണീറ്റ് നോക്കിയപ്പോൾ ൻറെ സൈദ് പുറകിൽ നിൽക്കുന്നു! ഹായ് ൻറെ സൈദിനെ നല്ല മണം! കയ്യിലുണ്ടായിരുന്ന പൊതി എന്റെ നേരെ നീട്ടി, വടകര റസ്ക്കും മിക്കുമായിരുന്നു. ഞാനവിടിരുന്നു തന്നെ തിന്നു. ൻറെ സൈദ് ന്നെ തന്നെ നോക്കി നിന്നു.
ഞ് എന്നാ പോകാ?
രണ്ടീസം കഴിഞ്ഞിട്ട് പോണംന്ന് ബാപ്പു പറഞ്ഞീന്.
അനക്ക് എന്താ പണി?
പൂശൽ! ഈയം പൂശൽ !!
അക്കാലത്ത് ചെമ്പു പാത്രങ്ങളുടെ ഉൾഭാഗത്ത് ഈയം പൂശാറുണ്ടായിരുന്നു:
ഇതിൽ വിദഗ്ദരായ ധാരാളം തൊഴിലാളികൾ കുറ്റൂരിലുണ്ടായിരുന്നു. കുടക്, വയനാട്, കണ്ണൂർ, കോയമ്പത്തൂർ, ഗോബിച്ചെട്ടി പാളയം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പോയി പൂശാറുണ്ടായിരുന്നു. ഇന്ന് അപൂവ്വമായി മാത്രമേ ഈയം പൂശാറുള്ളു.
ദിവസങ്ങൾ എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത്!
ൻറെ സൈദ് നാളെ വീണ്ടും വടകരയിലേക്ക് പോകയാണ്. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി, ഉറക്കം വരുന്നില്ല. ൻറെ സൈദും വടകരയും പിന്നെ സിദ്ദസമാജം ആശ്രമവും! എല്ലാം കൺമുന്നിൽ മിന്നിത്തെളിയുന്നു. ഉമ്മ മേല്ക്ക് വെള്ളം കുടഞ്ഞപ്പോഴാണ് ഉണർന്നത്, അനക്ക് ഇന്ന് ഇസ്കോളില്ലേ? നേരം ഒരുപാടായി. ൻറെ സൈദ് പോയിട്ടുണ്ടാവും. രണ്ട് ദിവസം കഴിഞ്ഞാൽ ശനിയാഴ്ചയാണ്. സ്കൂളില്ല. കുരിക്കൾഖാദറിനോട് ൻറെ സൈദ് പറഞ്ഞ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു.
ഞങ്ങൾ ആട്ടക്കോളി കാദർഭായിയെ സമീപിച്ചു, കാദർഭായി അന്നും ഇന്നും ഞങ്ങളുടെ സുഹൃത്താണ്.
മൂന്നു പേരും കൂടി വടകരയിൽ പോകാൻ തീന മാനിച്ചു. ശനിയാഴ്ച രാവിലെ തന്നെ മൂന്നു പേരും കൂടി ന്റെ സൈദിനെ കാണാൻ യാത്ര തിരിച്ചു.
ഉച്ചയോടെ വടകര സ്റ്റാൻഡിൽ ഇറങ്ങി. പോഷകാഹാരം ആവശ്യമുള്ളത് ഹോട്ടലിൽ നിന്ന് കഴിച്ചു. ഉർജസ്വലരായി സിദ്ദ സമാജം ആശ്രമത്തിലേക്ക് യാത്രയായി.
ആശ്രമത്തിന്റെ ഗേറ്റ് കടന്ന് ഞങ്ങൾ വടകരയിൽ നിന്ന് വിളിച്ച വാഹനം ആശ്രമത്തിന്റെ മുറ്റത്ത് ചെന്ന് നിന്നു.
അന്തേവാസികളൊക്കെ ഓരോ ജോലിയിൽ മുഴുകിയിരിക്കയാണ്. അപരിചിതരായ ഞങ്ങളെക്കണ്ട് ഒന്നു രണ്ട് പ്രായം ചെന്ന ആളുകൾ ഞങ്ങളുടെ അടുത്ത് വന്ന് ചോദിച്ചു, എന്ത് വേണം?
ചെമ്പ് പണിക്കാർ .....
ഇവിടത്തെ ജോലി തീർത്ത് അവർ ലോകനാർകാവിലേക്ക് പോയിട്ടുണ്ട്. അവ ടെ യാണ് അവർക്ക് ജോലി.
നന്ദി പറഞ്ഞ് ലോകനാർകാവ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ക്ഷേത്രത്തിന്റെ 200 മീറ്റർ ദൂരെ വണ്ടി നിർത്തി ഡ്രൈവർ പറഞ്ഞു, ആകാണുന്നതാണ് ലോകനാർകാവ്.
വണ്ടിക്കാശ് കൊടുത്ത് വണ്ടി വിട്ടു.
ൻറെ സൈദിനെ മനസ്സിലോർത്തു കൊണ്ട് ക്ഷേത്രത്തിന്റെ ഗേറ്റും കടന്ന് ക്ഷേത്ര മുറ്റത്തെത്തി, ആരെയും കാണുന്നില്ല. ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിൽ മുസ്ലിം വീടുകളില്ല . ആരെയും കാണാതായപ്പോൾ ക്ഷേത്രം ഒന്ന് വലം വെച്ചു. മൂന്ന് മണിയേ ആയിട്ടുള്ളൂ. ക്ഷേത്രത്തിലേക്ക് ഭക്തർ വരുന്ന സമയം ആയിട്ടില്ല.
ക്ഷേത്രത്തിന്റെ ഉള്ളിൽ നിന്നും 18 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ,കൈയിൽ ഒരു തൂക്കുപാത്രവുമായി പുറത്തു വന്നു. ഞങ്ങളെക്കണ്ട് പെൺകുട്ടി പരിഭ്രമിച്ചു.
ഇവിടെ ഈയം പൂശുന്ന ജോലിക്കാരുണ്ടോ? ഞങ്ങളെക്കുറിച്ചൊന്നു നോക്കിയിട്ട് ആ കുട്ടി നഗ്നപാദയായി പുറത്തേക്കുള്ള ഗേറ്റ് ലക്ഷ്യമാക്കി ധൃതിയിൽ നടന്നു.
ഇനിയെന്ത് എന്ന് പരസ്പരം ചോദിക്കുന്നതിനിടയിലാണ് ക്ഷേത്ര മതിലിനോട് ചാരിയുള്ള വീട്ടിൽ നിന്നും ഒരു വിളി ,അ ദ്രാ മാനേ.... മതിലിന്റെ മേലെ കൂടി ഇങ്ങട്ട് ബേം ചാടിക്കോ.....
കേട്ടപാതി കേൾക്കാത്ത പാതി മൂന്നു പേരും മതിലിനപ്പുറത്തേക്ക് ചാടി.
എന്റെ ഷർട്ടിൽ കത്തിപ്പിടിച്ച് ൻറെ സൈദ് ന്നോടൊരു ചോദ്യം, ജ് ചാകാനാ ഇങ്ങട്ട് പോന്നത്?
എന്താ സൈ ദേ ജ്....
ന്റെ സൈദിന്റെ ബാപ്പു പറഞ്ഞു, ഞങ്ങൾ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ നിങ്ങൾ മൂന്നു പേരും ജീവനോടെ തിരിച്ച് പോകില്ലായിരുന്നു !
ഗേറ്റിന്റെ മുന്നിലെ വല്യ ബോഡ് ങ്ങളാരും കണ്ടില്ലെ? അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് വലിയ ബോഡിൽ എഴുതിയിരിക്കുന്നു. ക്ഷേത്രവളപ്പിലോ മുറ്റത്തോ പാദരക്ഷ ( ചെരുപ്പ് ) ഉപയോഗിക്കാൻ പാടില്ല. ഇത് രണ്ടും നിങ്ങൾ തെറ്റിച്ചു. മറ്റാരും കാണുന്നതിന് മുമ്പായി ഞങ്ങൾ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു.
ഇതെല്ലാം കണ്ടും കേട്ടും ഒരു പൂണൂൽ ധരിച്ച ഒരാൾ ൻറെ സൈദിന്റെ കൂടെയുണ്ടായിരുന്നു! അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് ക്ഷേത്രത്തിൽ കല്യാണങ്ങളുണ്ടാവുമ്പോൾ സദ്യ വെക്കുന്ന ചെമ്പ് പാത്രങ്ങൾ ഈയം പൂശുന്നത്.
നന്ദിയോടെ ൻറെ സൈ ദിനോടും ബാപ്പു നോടും ആ ബ്രാഹ്മണനോടും യാത്ര പറഞ്ഞു് ലോകനാർകാവിൽ നിന്നു തന്നെ വടകരയിലേക്കുള്ള ബസ്സിൽ യാത്രയായി:..
-----------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment