Thursday, 16 April 2020

🏡🏡ഓർമ്മകൾക്ക് മരണമില്ലാത്ത തറവാട് വീട്🏡🏡


🏡🏡🏡🏡🏡🏡🏡🏡
അങ്ങാടിയിൽ നിന്ന്  പഞ്ചായത്ത് കട്ടറോഡ് കേറിയാൽ നിസ്കാര പള്ളിയും താണ്ടി സ്കൂളിൻ്റെ പിന്നാമ്പുറത്തിലൂടെ ചെന്നെത്തുന്നത് ഓല മേഞ്ഞ് തട്ടിക്കൂട്ടിയ നാട്ടിലെ ബിസിനസ് മേഖലയിൽ പയറ്റിതെളിഞ്ഞ പീടീത്തെപ്പ എന്ന് ഞങ്ങൾ വിളിച്ച വല്യുപ്പാൻ്റെ പെട്ടി കടക്ക് മുമ്പിലാണ്,,,

പെട്ടി കടക്ക് മുഖാമുഖം നീളത്തിൽ വളർന്ന് നിൽക്കുന്ന  പഞ്ചാരമാങ്ങ കായ്ക്കുന്ന പഞ്ചാര മൂച്ചി,,,

പഞ്ചാര മൂച്ചിയും താണ്ടി പാറയിൽവെട്ടി തീർത്ത ഒന്നോ രണ്ടോ പടികൾ ഇറങ്ങിയാൽ എത്തുന്നത് ഞങ്ങളുടെ അങ്ങ് എന്ന് പറയുന്ന തറവാട്ടിലേക്കാണ്. 

ഇൻ്റർലോക്കിനെ വെല്ലുന്ന വെടിപ്പോടെ തറവാട് മുറ്റം.
മൂന്നു ഭാഗവും മണ്ണിനാൽ തേച്ചുമിനുക്കിയ മുകളിൽ ചെങ്കൽ പരത്തി വെച്ച കുഞ്ഞൻ മതിൽ,,
മുറ്റത്തിൻ്റെ മൂലയിൽ ഞങ്ങൾ പിലാവ് എന്നും പരിഷ്കാരികൾ പ്ലാവ് എന്നും പരിജയപ്പെടുത്തുന്ന തടിയൻ ചക്കമരം,,,,

മുറ്റത്തിനൊത്ത തല എടുപ്പോടെ ഓടുമേഞ്ഞ തറവാട് വീട്.
പായൽ പിടിച്ച ഓടുകളെ മറക്കാനെന്നോണം പടിഞ്ഞാറ് ഭാഗത്തുള്ള   പുളിമരത്തിൽ നിന്നും വീഴുന്ന ഇലകൾ കാറ്റിൽ പറന്നു വന്ന് ഓട്ടിൻ പുറത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു,,,,

ന്യൂ ജനറേഷൻ സിറ്റ് ഔട്ട് എന്ന് വിളിക്കുന്ന താരേര എന്നും തായേര എന്നും അവനവൻ്റെ നാവിന് ഉതകുമാറ് ഞങ്ങൾ പറയുന്ന തറവാട്ടിലെ തായേര,,,, 

തായേരക്കിരുവശവും ചേറ്റേമ്പടി കാവി പാകി സുന്തരമാക്കി വെച്ചിരിക്കുന്നു. അവിടെ ഇരുന്നാൽ നിലപറമ്പ് എന്ന സുന്ദര ഗ്രാമത്തിലേക്ക് പോവുന്ന നാട്ടുവഴിയിലെ കാഴ്ചകൾ കാണാം,,, 

ഇരുനിറത്തിൽ കാവിയാൽ തേച്ചുമിനുക്കിയ തായേരക്ക് ഇരു വശമായി പടിഞ്ഞാറെ മുറിയും തെക്കേമുറിയും.
തായേരക്ക് നടുവിലായ് വലിയ വാതിൽപടികളോടെ ഇരുപാളിയിലായി സ്ഥാപിച്ച വാതിൽ,,,
ഉള്ളിൽ നിന്ന് ആരും ചീപ്പ് ഇട്ടിട്ടില്ല എങ്കിൽ കര.....കരേ....... ശബ്ദത്തോടെ ഇരു പാളി വാതിൽ തള്ളി തുറന്നാൽ കൊലേമിൽ എത്താം,,

കൊലേമിൽ സൂക്ഷിക്ഷിച്ച് നടന്നില്ലങ്കിൽ വല്ലിപ്പാൻ്റെ കനമുള്ള കോളാമ്പി കാലിൽ തടയും മൂപ്പർ അവിടെയാണ് കിടത്തം,,,

കൊലേമും താണ്ടി നടലകവും എട്ചേപ്പും കഴിഞ്ഞാൽ ബട്ക്കണി എന്നും വിളി പേരുള്ള ചായിപ്പിലെത്താം,,,
ചായ്പ്പ് കണ്ടാൽ മൂടൽമഞ്ഞിറങ്ങിയ ഏതോ താഴ് വരയാണ് എന്ന് തോന്നിപ്പോകും ഒറ്റനോട്ടത്തിൽ. 
ആകെ ഒരു പൊകട്ടൂടൽ മാത്രമാണ് ചായ്പ്പിലെ കാഴ്ച.
ചായ്പ്പിൽ വിരിയുന്ന വിഭവങ്ങൾ വല്ലാത്തൊരു അനുഭവമാണ്,,

പറമ്പിൽ ഉണ്ടായ പൂള പീങ്ങിയതും തേങ്ങയും  ചീരാപറങ്കിമുളകും കൂട്ടി അരച്ചെടുത്ത് സുർക്ക ചേർത്ത സമ്മന്തിയും മധുരം കൂടിയ ഒരു കട്ടനും ഈ കോമ്പിനേഷൻ വല്ലാത്തൊരു കോമ്പിനേഷനാണ്,,,

വീടിൻ്റെ പിന്നാമ്പുറ കാഴ്ചകൾ 
നാടൻ മൂച്ചിയാലും 
കോവ മൂച്ചിയാലും പേരിന് ഒന്നോരണ്ടോ കയ്ത മൂച്ചിയാലും ആർക്കും കേറാൻ പറ്റാത്ത നീളത്തിൽ നിൽക്കുന്ന പഞ്ചാര മൂച്ചിയാലും സമ്പുഷ്ടമാണ്,,,

പിന്നെയുള്ള കാഴ്ച നേരെ താഴെ പ്പാപ്പാടെ എന്ന് ഞങ്ങൾ വിളിക്കുന്ന വാപ്പാൻ്റെ തറവാട് വീടാണ്. 
ആ പറമ്പും ഏറെക്കുറെ ഇതുതന്നെയാണ് അവസ്ഥ,,,,

കുറച്ച് താഴോട്ടിറങ്ങിയാൽ പൊട്ടക്കിണറും എള്ള് മൊതിച്ചിടുന്ന കളവും കാണാം പൂള ക്രിഷിയാൽ നിറഞ്ഞ പറമ്പിന് അരികിലാണ് മിനുസത്തിൽ തേച്ചെടുത്ത ആ ചെറിയ കളം,,,,

തറവാട്ടിലെ രാത്രി ഓർമ്മകൾ മറക്കാൻ കഴിയില്ല കറൻ്റ് പോയാൽ കത്തുന്ന ചിമ്മിനി വിളക്കിൻ്റെ വെട്ടത്തിലിരുന്ന് പഠിച്ചതും കള്ളനും പോലീസും കളിച്ചതും പേപ്പർ ചുരുട്ടി ബീഡി ഉണ്ടാക്കി വലിച്ചതും ഉമ്മ ചെവിക്ക് പിടിച്ചതും ഓർത്തെടുക്കാൻ എന്തൊരു രസമാണ്,,,

ഇന്ന് ഓർത്താൽ ചിരി വരുന്ന കലാപരിപാടിയായിരുന്നു അപ്പുറത്തിരിക്കുന്നവനോട് നാട്ടുവർത്തമാനവും പറഞ്ഞ് കല്ലെടുത്തെറിഞ്ഞുള്ള പൂള കണ്ടത്തിലെ അപ്പിയിടൽ.ആസ്വാദനത്തിൻ്റെ അതിർവരമ്പുകൾ കടന്ന് കാറ്റൊക്കെ കൊണ്ട് അതിൽ നിന്ന് കിട്ടുന്ന അനുഭൂതി അനുഭവിച്ച് തന്നെ അറിയണം....

തറവാട്പുരക്ക് ഏറ്റവും താഴെയായി പണിക്കരെപറമ്പ്.
പറമ്പിൽ ആൾപാർപ്പില്ലാത്ത ഭാർഗവി നിലയം.
എൻ്റെ ബാല്യത്തിലും ഇന്ന് എൻ്റെ മക്കളുടെ ബാല്യത്തിലും ഇമ്മച്ചിയുടെ ഹൊറർ കഥകളുടെ പ്രധാന ലൊക്കേഷനാണ് പണിക്കരെപറമ്പ്,,

തറവാടിനോട് അടുത്തായുള്ള നിസ്കാര പള്ളി. പള്ളിയിൽ നിന്ന് സുബ്ഹി നിസ്കരിച്ചിറങ്ങിയാൽ വല്ലിപ്പാൻ്റെ വക ഹോട്ടലിൽ നിന്ന് കിട്ടുന്ന ചായയുടെയും കടിയുടെയും രുചിയാവും സുബ്ഹിക്ക് എണീക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്,,,

വ്യാഴ്ചയെന്ന് ഓർമ്മയിൽ തെളിഞ്ഞാൽ ഓർമ്മയിൽ വിരിയുന്നത് കെട്ടും മാറാപ്പും കെട്ടി ചേമ്പട്ടിപ്പാടവും  താണ്ടി മഞ്ചാടിക്കുരുക്കൾ വീണ ഇടവഴിയും കടന്ന് ഉമ്മാൻ്റെ വീട്ടിലേക്കുള്ള വിരുന്ന് പോക്കാണ്,,,,

കാലം കുറച്ചേ തറവാട്ടിൽ നിന്നിട്ടൊള്ളൂ എങ്കിലും ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന വർണ്ണങ്ങൾ നിറഞ്ഞ നല്ലനാളുകളാണ് തറവാട്ടിലെ ബാല്യകാലം സമ്മാനിച്ചത്,, 

ഓർമ്മകൾക്ക് മരണമില്ല ഓർത്തെടുക്കാൻ പ്രിയമുള്ളതാണ് ഏതൊരാൾക്കും ബാല്യത്തിലെ മധുരമുള്ള ഓർമ്മകൾ,,,.

-----------------------------------
അന്താവാ അദ്നാൻ✍️

No comments:

Post a Comment