Wednesday, 6 September 2017

കെ. വി. കുട്ടിഹസ്സൻ ഹാജി

മനസ്സിന്റെ നൻമയായിരുന്നു ആ ജീവിതത്തിന്റെ നേര്.........
▪▪▪▪▪▪▪▪
മനസ്സിന്റെ നൻമ കൊണ്ട് നമുക്ക് മുൻപേ നടന്ന ഒരാളായിരുന്നു കെ.വി കുട്ടിഹസ്സൻ ഹാജി.
ഇടപെട്ട നേരങ്ങളിൽ ആ മനസ്സിന്റെ നൈർമ്മല്യം അനുഭവിച്ചറിയാനായിട്ടുണ്ട്.
പൊതുരംഗങ്ങളിൽ കാര്യമായ ഇടമോ അതിൽ തൽപ്പരനോ ആയിരുന്നില്ലെങ്കിലും എല്ലാ കാര്യങ്ങളിലും 
കൃത്യമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. വളർന്ന ചുറ്റുപാടും നീണ്ട പ്രവാസവുമായിരിക്കണം ആ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്.
പ്രവാസത്തിന്റെ ഊഷരതയിലും നാടിന്റെ പച്ചപ്പ് ഉള്ളിൽ വാടാതെ സൂക്ഷിക്കാൻ അദ്ദേഹത്തിനായി.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കൂടിയപ്പോഴും പഴയ ജീവിത ശീലങ്ങൾ തുടരാനായത് അത് കൊണ്ടാവും.
കൃഷിയിടങ്ങളിലും, പ്രകൃതിയുടെ പച്ചപ്പിലുമൊക്കെയാണ് അദേഹം തന്റെ ജീവിത സായാഹ്നം കൂടുതലും ചെലവഴിച്ചത്.
ദീനീ കാര്യങ്ങളിൽ വലിയ തൽപ്പരനായിരുന്നു.
പള്ളിയുടെയും മദ്രസയുടെയും പരിപാലനത്തിലും അതിന്റെ പുരോഗതിയിലും മുന്നിൽ നിന്ന് പ്രവർത്തിച്ചു.
പൊതു കാര്യങ്ങളിൽ സാമ്പത്തികമായ സഹായങ്ങൾ നിർലോഭം നൽകി.
അതിനായി തന്നെ സമീപിച്ചവരെയെല്ലാം
നല്ല വാക്ക് പറഞ്ഞും മനസ്സറിഞ്ഞ കൈനീട്ടം നൽകിയും സന്തോഷത്തോടെ തിരിച്ചയച്ചു. 
ഏറെ ഹൃദ്യമായിരുന്നു അദേഹത്തിന്റെ
ഇടപെടലുകൾ. 
പക്വമായി മാത്രം കാര്യങ്ങളെ സമീപിച്ചു.
ഏറെ കരുതി മാത്രം സംസാരിച്ചു.
വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മറ്റുള്ളവരെ നോവിച്ചില്ല.
അടുത്ത് നിന്നവർക്ക് മാത്രമല്ല അധികം അടുപ്പമില്ലാത്തവർക്കും കുട്ടിഹസ്സൻ ഹാജി ഒരു പോലെ സ്വീകാര്യനായത് ഇത് കൊണ്ടാവും.

ചില തലയെടുപ്പുകൾ ഇങ്ങനെയൊക്കെയാണ്.
അവർ ഒരു ചുറ്റുവട്ടത്തിന്റെ അടയാളമായിരിക്കും.....
അവരുടെ വാക്കുകൾ പലപ്പോഴും ഒരു തീർപ്പായി തീരും.......
ആ സാന്നിധ്യം പോലും വല്ലാത്ത ആത്മധൈര്യം തരും.....
ചേർന്ന് നിൽക്കാനും കൂടി പറയാനുമൊക്കെ കഴിയുന്ന നാട്ടുകാരണവൻമാർ ഇല്ലാതായ കാലത്ത് കുട്ടി ഹസ്സൻ ഹാജിയുടെ വിയോഗത്തിന്റെ
വേദന ഒരു നാടാകെ പടരുന്നത് അത് കൊണ്ടാണ്.
അള്ളാഹു അദ്ദേഹത്തെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,
-------------------------
സത്താർ കുറ്റൂർ



കാരണവർ കുട്ടിഹസൻ ഹാജിയെ നാട് വിട്ട ശേഷം ആദ്യമായി കണുന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നു.
അൽ ബഹക്കടുത്ത് മക് വയിൽ ഒരു ഹോട്ടലിൽ വെച്ചായിരുന്നു. ഹാജിക്ക് നാടും മറുനാടും ഒരുപോലെ ആയിരുന്നു എന്ന് തീർത്തും തെളിയിക്കുന്നതായിരുന്നു മുപ്പരുടെ വസ്ത്രധാരണത്തിലൂടെ എനിക്ക് മനസിലായത്

കള്ളി തുണിയും അരകയ്യൻ കുപ്പായവുംതോളിലിട്ട മുണ്ടും കയ്യിൽ  പുകഞ്ഞ് കൊണ്ടിരിക്കുന്ന സിഗരറ്റും ആ ഹാജി സ്റ്റെയ്ലിലായിരുന്നു.. പ്രവാസ കാലത്തും പ്രവാസ ജീവിതത്തിന് ശേഷവും.
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വെച്ച് കണ്ട് സംസാരിച്ചപ്പൊഴും ഇതിൽ ഒരു മാറ്റം ഞാൻകണ്ടില്ല...

നാഥൻ അദ്ദേഹത്തോടൊപ്പം അടിവാരത്തിലൂടെ അരുവി ഒഴുകുന്ന സ്വർഗപ്പൂങ്കാവനത്തിൽ നമ്മെ എല്ലാവരെയും ഒരുമിച്ച് കുട്ടുമാറാവട്ടെ....
ആമീൻ..
-------------------------
അദ്‌നാൻ അരീക്കൻ




KV കുട്ടി ഹസൻ ഹാജി - പരുക്കൻ വേഷത്തിനുള്ളിലെ നിർമ്മല മനസ്സ്
〰〰〰〰〰〰〰〰〰
കുറ്റൂരിലെ പ്രശസ്തമായ ഒരു കുടുംബമാണ് കൈതവളപ്പിൽ കോയ ഹാജി ( اللهم ارحمه )യുടെ കുടുംബം. പണ്ടേ കാർഷിക പാരമ്പര്യമുള്ള ഈ കുടുംബത്തിൽ നിന്ന് ആദ്യകാല പ്രവാസത്തിനും തുടക്കം കുറിച്ചിരുന്നു. വലിയ വൈക്കോൽ കൂനയും കന്നുകളും ആ വീട്ടവളപ്പിൽ എന്റെ ചെറുപ്പത്തിലെ കൗതുക കാഴ്ചയായിരുന്നു. ആ കാർഷിക പാരമ്പര്യം പ്രവാസ ജീവിതം നിർത്തിയിട്ടും കുറെയൊക്കെ കാത്തുവെക്കാൻ ശ്രമിച്ച മാന്യ വ്യക്തിയാണ് മർഹും കുട്ടി ഹസൻ ഹാജി. 
എവിടുന്ന് കണ്ടാലും ചിരിക്കും, വിവരങ്ങൾ ചോദിച്ചറിയും. കള്ളിത്തുണിയും തലയിൽ കെട്ടും പരുക്കനായി തോന്നുമെങ്കിലും ലളിതമായ മനസ്സായിരുന്നു. രോഗങ്ങൾ കീഴടക്കുമ്പോഴും അധ്വാനശീലത്തിന് അവധിയില്ലായിരുന്നു. മത സ്ഥാപനങ്ങണ്ടാട്ടം പ്രവർത്തകരോടും മമതയുള്ളവരായിരുന്നു. മനക്കരുത്തും ആജ്ഞാശക്തിയുമുള്ള കാരണവൻമാരുടെ വിയോഗം നമ്മുടെ നാടിന് തീരാനഷ്ടമാണ്. ഈ വേർപാടും ആ പട്ടികയിൽ വരും.
അല്ലാഹു അവരുടെ ഖബറിലേക്ക് സ്വർഗവാതിലുകൾ തുറക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ




No comments:

Post a Comment