തന്റെ കുട്ക്ക് പൊട്ടിയ കുപ്പായത്തിന് താൽക്കാലിക പോംവഴിയെന്നോണം ഉമ്മാന്റെ ചെയിനിന്റെ ലോക്കറ്റിനോടൊപ്പം തൂങ്ങിക്കിടന്ന മൊട്ട് സൂചി വാങ്ങി അബ്ദു തന്റെ കുപ്പായത്തിൽ കുത്തി.
സുലൈമാൻ അഞ്ച് ആവലണ്ടിക്ക് പകരമായി പഠിപ്പിച്ച് തന്ന കടലാസ് പട്ടത്തിന്റെ കന്നി പറത്തിക്കലിനായി ഹാജിയാരുടെ പാറപ്പുറത്തെത്തുകയാണ് ലക്ഷ്യം.
പട്ടം കൈയിൽ പിടിച്ച് ഓടുന്നതിനിടെ മുറ്റത്ത് കൊത്തക്കല്ല് കളിച്ച് കൊണ്ടിരുന്ന കുഞ്ഞനുജത്തി ആമിന ചോദിച്ചു...
കുഞ്ഞൂ ജ് ഏണ്ടാ പോണ്ട്?
ആമിനു ജ്പോരണ ഞാൻ ഹാജ്യാരെ പാറപ്പൊർത്ത്ക്ക് പട്ടം പറത്തിച്ചാൻ പോവാ...
ഇത് കേട്ടതും ആമിന ഉമ്മാനോടായി ഉറക്കെ വിളിച്ച് പറഞ്ഞു....
മ്മാ ഞാനും കുഞ്ഞൂ ന്റൊപ്പം പട്ടം പറത്താൻ പാറപ്പൊറത്ത്പോകാട്ടാ.....
ഉമ്മാന്റെസമ്മതത്തിന് കാത്ത് നിൽക്കാതെ അവളും കൂടെ കൂടി. ഞങ്ങൾ കദീസ താത്താന്റെ മുറ്റവും കഴിഞ്ഞ് മുന്നോട്ട് നടക്കവെ ആമിന തന്റെ കുട്ടുകാരി ലൈലയും കൂട്ടുകാരും അവരുടെ വീടിന്റെ ചെമ്മണ്ണിന്റെ നിറമുള്ള മുറ്റത്ത് കളം വരച്ച് കക്ക് കളിക്കുന്നത് കണ്ട് വിളിച്ചു ചോദിച്ചു .
ലൈലേ ജ് പോരണാ.....
തന്റെകളിത്തോഴിയെ കണ്ടതും ലൈലയുടെ ചോദ്യം വന്നു.
ആമിനാ ങ്ങള്ഏണ്ടാണീ???
ആമിന അവളോട് കാര്യം പറഞ്ഞു.
ഇത് കേട്ടതും ലൈല അപ്പുറത്ത് ഇറക്കി കെട്ടിയ ചായിപ്പിൽ കത്താത്ത അടുപ്പിനോട് പിറുപിറുത്ത് കൊണ്ട് തന്റെ മുഴുവൻ ശക്തിയും ഓടക്കുഴലിലേക്ക് ആവാഹിച്ച് അടുപ്പിലേക്ക് ഊതുന്ന ഉമ്മാന്റെ അടുത്ത് ചെന്ന് ചിണുങ്ങി നിന്ന് ചോദിച്ചു...
മ്മാ ഞാൻ ആമിനാന്റിം ഓള കുഞ്ഞു ന്റിം ഒപ്പം ഹാജേരെ പാറപുറത്ത്ക്ക് പോകട്ടെ.....
കത്താത്ത അടുപ്പിൽ നിന്നും ഉയരുന്ന പുകക്കിടയിൽ നിന്നും ഉമ്മ നബീസ തലപ്പൊക്കി തന്റെ അണകെട്ടി നിന്നിരുന്ന തന്റെ ദേഷ്യം ലൈലയിലേക്ക് പ്രയോഗിച്ചു...
ജ് ഈ മയ്പ്പ് നേരത്ത് എത്തിനാ പാറപ്പൊറം നെരങ്ങാൻ പോണ്ട് പെമ്പർന്നോളെ....
ചെൽക്കാതെ ജ് ഇന്റെ കൈപ്പാട്ട്ന്ന് പൊയ്ക്കോ അല്ലങ്കി ജ് ഓടക്കൊയലിന്റെ ചൂടറിം ട്ട.....
ഉമ്മാന്റെ ആയുധമേന്തിയുള്ള ഭീഷണിക്കു മുമ്പിൽ അടിപതറാതെ അവിടെ തന്നെ നിന്ന് ഉമ്മാന്റെ വീക്നസിൽ കേറി പിടിച്ചു...
മ്മാ ഞാന് വന്ന്ട്ട് യേസാ മരിബിന്റെ യെടീല് ഇന്ന് രണ്ട് യാസീനോതിക്കോള....
ലൈലാന്റെ ഈ ഓഫറിനു മുമ്പിൽ സ്നേഹ നിധിയായ ഉമ്മ അടിയറവ് പറഞ്ഞു.
ഹാജിയാരെ പാറപ്പുറത്തേക്കുള്ള പാസും കൊടുത്തു.
ആമിന യോടൊപ്പം ലൈല യേയും യാത്രയാക്കി....
അബ്ദുവിന്റെ നടത്തത്തിന്റെ വേഗത കൂടിയതിനാലാവണം കുളത്ത് പൊട്ടിയ പാന്റ് അവന്റെ സാങ്കേതിക വിദ്യയെയും മറികടന്ന് ഊരിച്ചാടാൻ വെമ്പൽ കൊണ്ടു.
കയ്യിലുള്ള പട്ടവുംനൂലും പാൻറിനെ പിടിച്ച് നിർത്തുന്നതിന് അവന് തടസം സൃഷ്ടിച്ചു.
അവസാനം അവൻ തന്റെ സഹ പൈലറ്റിയായ ആമിനയെ പട്ടം ഏൽപ്പിച്ച് ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ മൊല്ലാക്ക മന്ത്രിച്ച് കൊടുത്ത ഏലസിനെ ബന്ധിച്ച കറുത്ത ചെരടിൻ ളളിലേക്ക് തന്റെ പേന്റ് തിരുകി കയറ്റി.
ഒപ്പം ഇന്നലെ തോട്ടിൽ പോയി നീരാടിയതിന്റെ റിസൽട്ടെന്നോണം മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ ഉപ്പ് രസമുള്ള ജലകണങ്ങളെ തുടക്കാനും സമയം കണ്ടെത്തി.
തന്റെ മൃദുലമായ ഉള്ളംകൈ ചീത്തയാകും എന്ന് കരുതി പുറം കൈകൊണ്ട് സ്വതസിദ്ധമായ ശൈലിയിൽ മുട്ട് വരെ നീട്ടി തുടച്ചു.
പുറം കൈ ശുദ്ധിയാക്കാനെന്നോണം കൈ തന്റെ പാന്റിലും തുടച്ച് സഹ പൈലറ്റിൽ നിന്നും പട്ടവും തിരിച്ചുവാങ്ങി....
പാറപ്പുറത്തെത്തുമ്പോൾ അവിടമാകം പല തരം കളിയിലും ഏർപ്പെട്ട് ഒര് പട തന്നെ ഉണ്ടായിരുന്നു.
എന്നാൽ ഇതൊന്നും തന്റെ ഉദ്യമത്തിന് തടസമാവില്ലെന്നുറപ്പിച്ച് അവൻ തന്റെ പട്ടത്തിന്റെ കന്നിയോട്ടത്തിന്ന് സാക്ഷിയാവാൻ വന്ന ആമിനയെയും ലൈലയേയും സാക്ഷി നിർത്തി തന്റെ സ്വപ്നത്തെ മേലോട്ടയച്ചു.
അബ്ദുവിന്റെ പട്ടം പൊന്തിയും താണും ഇടക്കൊക്കെ കൂളം കുത്തിയും പട്ടം വാനിൽ പാറി പറന്ന് കൊണ്ടിരുന്നപ്പോൾ അങ്ങകലേ നിന്ന് ഒരു വായുദൂദ് പറന്ന് തങ്ങളിലേക്കടുക്കുന്നത് സഹപൈലറ്റ് ആമിന ശ്രദ്ധയിൽ പെട്ടു.
അവൾ പൈലറ്റിന് സിഗ്നൽ നൽകി..
കുഞ്ഞൂ പട്ടംതാത്തിക്കാളെ അല്ലങ്കി ബിമാനത്തുമ്മ തട്ടും.....
പറക്കുന്ന ബിമാനത്തിമ്മല് ഒര് ഈച്ച മന്നിര്ന്നാ ആ ബിമാനം കത്തും ന്ന് ഞങ്ങള ക്ലാസിലെ കുട്ട്യാളൊക്കെ പറയല്ണ്ട്...
ലെണീ ലൈലേ ....
ആ തിയറിക്ക് ബലത്തിനെന്നോണം അവൾ ലൈല യേയും കൂട്ട് പിടിച്ചു.
അത് അപ്രൂവ് ചെയ്ത് ലൈലയും തന്റെ കുട്ടുകാരിക്കൊപ്പം നിന്നു......
ഇതൊന്നും കുസാകാതെ അബ്ദു സാഹസികമായി തന്റെ വായുദൂദിനെ നെട്ടിച്ചും നൂലുകൾ കൂട്ടി ചേർത്തും വാനിലേക്ക് അയച്ച് കൊണ്ടേയിരുന്നു.
എന്നിട്ട് ആമിനക്കും ലൈലക്കും മറുപടിയായോ അവരുടെ സമാധാനത്തിനോ ആയി പറഞ്ഞു....
പൊട്ടത്ത്യാളെ ആ ബിമാനം ഇബടല്ല ഇപ്പള്ളത്.
അത് ഒര് പാട് ദൂരത്താ.....
അത് ഞമ്മക്ക് തോന്ന്ണ്ടാ...
തലക്ക്മുകളിലൂടെ ഉയരത്തിൽ പറക്കുന്ന വിമാനത്തെ നോക്കി അവൻ വെച്ച്കാച്ചി ഇത് കേട്ട് സഹ പൈലറ്റിന് ചെറിയൊരാശ്വാസം തോന്നി.....
പട്ടവും നോക്കി കാലാവസ്ഥ നിരീക്ഷണം നടത്തി അന്തംവിട്ട് നടന്ന ആമിന ആരോ വിറകിനു പകരമാക്കാൻ തൊലി കളഞ്ഞ് ഉണക്കാനിട്ടിരുന്ന പൂള കൊമ്പിമ്മേൽ തട്ടി വീണു.
തന്റെ പട്ടത്തെ മാത്രം ശ്രദ്ധിച്ച അബ്ദു അറിഞ്ഞില്ല അതൊന്നും.
കൂട്ടിനുണ്ടായിരുന്നലൈല വിളിച്ച് പറഞ്ഞു .
കുഞ്ഞു...
അന്റെ ആമിന ബൂണ്ക്ക്ണ്.....
പട്ടത്തെക്കാളും വലുതായിരുന്നു അവന് അവന്റെ ആമിന.
ഇത് കേട്ട് അവൻ തന്റെ ഉദ്യമം അതിലൂടെ തേരാ പാര സൈക്കിളിന്റെ ടയറും ഉരുട്ടിനടന്ന അലിയെ ഏൽപ്പിച്ചു.
അവൻ ആമിനാന്റെ അടുത്തെത്തി പാരമ്പര്യ വൈദ്യങ്ങളിലൊന്നായ കമ്മ്യൂണിസ്റ്റപ്പ കയ്യിലിട്ട് നല്ലോണം അരച്ച് അവളുടെ മുറിവിൽ വെച്ചു കൊട്ത്ത് പറഞ്ഞു..
മേപ്പട്ടോക്കി നട്ന്ന്ട്ടല്ലെ ബേള്യേ ബൂണത് ....
കുഞ്ഞുപെങ്ങൾക്ക് സമാധാനത്തിനെന്നോണം അവൻ പറഞ്ഞു
നൊളോൾചണ്ട ഇപ്പൊ മാറിക്കോളും......
കൂട്ടുകാരിൽ നിന്നും പാരമ്പര്യമായി പകർന്ന്കിട്ടിയആ നാട്ടുവൈദ്യത്തിൽ പ്രതീക്ഷയർപ്പിച്ച് കൊണ്ട് അവൻ തിരിച്ച് വന്ന് പടത്തിന്റെ നിയന്ത്രണം അലിയിൽ നിന്നും ഏറ്റെടുത്തു.
അതുവരെവിജയത്തിലായിരുന്ന തന്റെ കന്നി പറത്തൽ നിയന്ത്രണം വിട്ടു പോവുന്നത് അവൻ മനസിലാക്കി. ആമിനയുടെ വീഴ്ചയോടെ സഹ പൈലറ്റ് സ്ഥാനം അലങ്കരിച്ച അലിയുടെ മാർഗനിർദേശങ്ങളും ഫലം കണ്ടില്ല. അബ്ദുവിന്റെ കയ്യിലുന്ന കടിഞ്ഞാണിനെയും മുറിച്ചുമാറ്റി.
കാറ്റിന്റെ ദിശക്കൊപ്പം പറന്നകലുന്നത് ദൂരെ നിന്ന് അവർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞൊള്ളൂ....
നഷ്ട ബോധത്തേടെ തിരിച്ച് നടക്കുമ്പോഴും
ആവലണ്ടി കൊട്ത്ത് പഠിച്ചെടുത്ത പട്ട നിർമാണത്തിന്റെ പുതിയ സാധ്യതകളിലേക്ക് അവന്റെ ചിന്തയെ മേയാൻ വിട്ടിരുന്നു...
ആമിനയുടെ മനസിൽ ഉമ്മാനോട് സമ്മതം വാങ്ങാതെ പോന്നതിനുളള പടച്ചോനെറ് ശിക്ഷയാണ് ഈ വീഴ്ചയെന്ന് കരുതി അവളുടെ മനസ് അസ്വസ്ഥമായി.
പട്ടം പോയതിലോ കളി കൂട്ടുകാരിയുടെ വീഴ്ചയോ ലൈലയെ അലട്ടിയില്ല.
അവൾ ചിന്തിച്ചത് ഉമ്മാന്റെ സമ്മതത്തിന് വേണ്ടി ഓഫറ് വെച്ച രണ്ട് യാസീനിനെ കുറിച്ചായിരുന്നു......
-----------------------------------
😎അന്താവാ അദ്നാൻ😎
No comments:
Post a Comment