Friday, 8 September 2017

⁠⁠⁠⁠⁠വെള്ളി വെളിച്ചം: 🔥🔥വിചാരണ🔥🔥


റസൂൽ ( ﷺ ) യുടെ ഒരു വിശുദ്ധ ഹദീസിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം.
മുന്ന കാര്യങ്ങൾ ഒരാളിൽ ഉണ്ടെങ്കിൽ അന്ത്യനാളിൽ അയാൾക്ക് വിചാരണ അല്ലാഹു എളുപ്പമാക്കി കൊടുക്കും.

"നിന്നോട് ബന്ധം മുറിച്ചവനോട് നീ ബന്ധം ചേർക്കുക 

നിനക്ക് തരാതെ മുടക്കം നിന്നവർക്ക് നീ കൊടുക്കുക. 

നിന്നോട് അതിക്രമം കാണിച്ചവർക്ക് നീ  മാപ്പ് നൽകുക."

മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങളും നമുക്ക് വലിയ പ്രയാസമാണ്. നാമുമായി നല്ല ബന്ധമായിരുന്ന കുടുംബക്കാരോ സുഹൃത്തുക്കളോ ഒന്നു പിണങ്ങിയാൽ പിന്നെ നമുക്ക് അവരോട് അങ്ങോട്ട് പോയി ബന്ധം നന്നാക്കാൻ നമ്മുടെ കിബ്റ് നമ്മെ അനുവദിക്കില്ല. 
അത് പോലെ നമ്മുടെ അയൽപക്കത്തൊക്കെ കൊടുത്തു. നമുക്ക് തന്നില്ല. കല്യാണം എല്ലാരോടും പറഞ്ഞു. എന്നോട് പറഞ്ഞില്ല. നമ്മൾ ഒരാവശ്യം പറഞ്ഞു. അവൻ തന്നില്ല. ഒരവസരം വരും. നമ്മൾ ആ അവസരത്തിനായി കാത്ത് നിൽക്കും. അവൻ എന്തെങ്കിലും ആവശ്യപ്പെട്ട് വന്നാൽ നാം കൊടുക്കില്ല. കല്യാണം പറയില്ല. ഇതാണ് നമ്മുടെ മനസ്ഥിതി.
നമ്മോട് അനീതി കാണിച്ചവനോട് അതിന്റെ ഇരട്ടിയായി കൊടുക്കാനാണ് നാം ശ്രമിക്കുക. വിട്ടുവീഴ്ച എന്നത് നാം അപ്പാടെ മറക്കും.
അത് കൊണ്ട് തന്നെയാണ് ഈ മൂന്ന് മഹത്ഗുണങ്ങളും സമ്മേളിച്ചവന് കഠിന വിചാരണയുടെ ദിവസം ലളിതമായ ഹിസാബ് പുണ്യ റസൂൽ ( ) വാഗ്ദാനം ചെയ്തത്.
 മേൽ സൂചിപ്പിച്ച ഗുണങ്ങളെല്ലാം ഒത്തുചേർന്ന മഹത് വ്യക്തിത്വമായിരുന്നു ത്വാഹാ റസൂൽ( ). ചരിത്രം നമുക്ക് സുപരിചിതമാണ്. 
എഴുതാനും പറയാനും എനിക്കും എളുപ്പമാണ്.  പക്ഷേ പ്രവർത്തിക്കാൻ ഞാനും ഏറ്റവും പിന്നിലാണ്. 
അന്ത്യദിനത്തിലെ വിചാരണയുടെ കാഠിന്യം നമുക്കറിയാം. ആയിരം കൊല്ലത്തിന് തുല്യമായ ഒരു ദിനം, വിയർപ്പിൽ മുങ്ങി കുളിക്കുന്ന, നബിമാർ പോലും നമ്മെ കൈവിടുന്ന ആ ദിവസത്തിലെ വിചാരണ എളുപ്പമാകാനും അത് വഴി നരകത്തിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗത്തിലെത്താനും നാം പുണ്യ നബിയുടെ ജീവിതം പരമാവധി അനുധാവനം ചെയ്യാൻ ശ്രമിക്കുക എന്ന് എന്നോട് പ്രത്യേകം ഉപദേശിക്കുന്നു. 
ഉമർ(റ) പറയുമായിരുന്നു.
حاسبوا قبل أن تحاسبوا
"നിങ്ങളെ വിചാരണ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സ്വയം ഒന്നു വിചാരണ നടത്തി നോക്കുക "
റബ്ബ് സുബ്ഹാനഹുവതആലാ എളുപ്പത്തിൽ വിചാരണ കഴിഞ്ഞ് സ്വർഗത്തിലെത്താനുള്ള സ്വഭാവഗുണങ്ങളും കർമ്മങ്ങളുമായി ജീവിതം നയിക്കാൻ നമ്മെ അനുഗ്രഹിക്കട്ടേ എന്ന പ്രാർത്ഥനയോടെ ദുആ ചെയ്യണേ എന്ന വസ്വിയ്യത്തോടെ
 السلام عليكم ورحمة الله وبركاته ،، وصلى الله على سيدنا محمد وعلى اله وصحبه وسلم
--------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment