••••••••••••••••••••••
പ്രവാസമാണ് നമ്മുടെ സാമൂഹിക പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും പ്രധാന കാരണമായത്.
നമ്മുടെ നാടിനോളം തന്നെ പ്രവാസത്തിനും പഴക്കമുണ്ട്...
കൃഷിയായിരുന്നു പഴയ കാലത്ത് നമ്മുടെ പ്രധാന ജീവിത മാർഗം..... പ്രാരാബ്ദങ്ങൾ നിറഞ്ഞ ജീവിത ചുറ്റുപാടുകളിൽ നിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു അന്നത്തെ പ്രവാസം.
സിലോണും, ബർമ്മയും, മലായയുമെല്ലാം പഴയ തലമുറ ജീവിതം തെരഞ്ഞ് നടന്ന നാടുകളാണ്.
ഈ നാടുകളിലെ
നമ്മുടെ നാട്ടുകാരായ പ്രവാസികളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല.
അയൽ സംസ്ഥാനങ്ങളായിരുന്ന
കൽക്കത്ത, ബോംബെ, മദിരാശി, ബാംഗ്ലൂർ , കോയമ്പത്തൂർ , കൊടക് , തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അന്നത്തെ നമ്മുടെ കാര്യമായ പ്രവാസം.
1943ൽ കറാച്ചിയിൽ എത്തിപ്പെടുകയും വിഭജനത്തിനുശേഷം കൽക്കത്തയിലും, മദിരാശിയിലുമെല്ലാം
സ്വന്തമായി ഹോട്ടൽ വ്യാപര രംഗത്ത് നിറഞ്ഞ് നിന്ന കള്ളിയത്ത് മുഹമ്മദാജി നാടിന്റെ പ്രവാസ ജീവിതങ്ങളെ ഓർക്കുമ്പോൾ എടുത്തു പറയേണ്ടൊരു പേരാണ്.
ആദ്യകാലത്ത് കൽക്കത്തയിലും പിന്നീട് മദിരാശിയിലുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസിയായിട്ടാണ് ഇദ്ദേഹം ജീവിച്ചത്. നാട്ടുകാരായ ഒരു പാട് പേർ ഇദേഹത്തിന്റെ സഹായത്താൽ ഇവിടങ്ങളിൽ ജോലി നേടി. ഇദ്ദേഹം നടത്തിയിരുന്ന ഷോബറ ഹോട്ടൽ നമ്മുടെ നാട്ടുകാരായ തൊഴിലന്വേഷകരുടെ ഒരു ഇടത്താവളം തന്നെയായിരുന്നു. അവരെ നല്ല നിലയിൽ സ്വീകരിക്കുകയും ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുന്നതിലും മുഹമ്മദാജി താൽപ്പര്യം കാണിച്ചു.
അക്കാലത്തെ മദിരാശി പ്രവാസികളായ നാട്ടുകാരിൽ മുഹമ്മദാജിയുടെ സഹായ മനസ്കതയും,ആതിഥേയ മര്യാതകളും അനുഭവിച്ച് അറിയാത്തവർ ഉണ്ടാവില്ല എന്ന് തന്നെ പറയാം....
പഴയ പ്രവാസികളിൽ എടുത്തു പറയേണ്ട മറ്റൊരു പേരാണ് കളളിയത്ത് ബാപ്പു ഹാജിയുടേത്. ബോംബെയിൽ ഇദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. നമ്മുടെ നാട്ടിലെ ആദ്യത്തെ വാഹന ഉടമകളിലൊരാളും ബാപ്പു ഹാജിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.......
കോയമ്പത്തൂരിലേക്കും, കണ്ണൂർ ഭാഗത്തേക്കും ചെന്പ് പണിക്ക് പോയിരുന്ന നാട്ടുകാർ ഒരുപാടുണ്ടായിരുന്നു.
പുറം നാട്ടിൽ നമ്മുടെ നാട്ടുകാരിൽ കൂടുതലാളുകളും ചെയ്ത തൊഴിലായിരുന്നു ചെമ്പ് പണി. അതുപോലെ
ഹോട്ടൽ, ബേക്കറി തൊഴിലുകളും.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നമ്മുടെ നാട്ടിൽ നിന്ന് ചില കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു പ്രദേശമാണ് താമരശ്ശേരി.
വാഹന സൌകര്യമില്ലാത്ത കാലത്ത് ഇടവഴികൾ താണ്ടി അരീക്കൻ മൂസ എന്ന ആളായിരുന്നു മലന്ചരക്ക് കച്ചവടത്തോടപ്പം ക്യഷി ഭൂമി വാങ്ങി പള്ളിയും നിർമ്മിച്ച് ഒരു പ്രദേശം തന്നിലേക്ക് അടുപ്പിച്ച് നിർത്തിയത്..... അദ്ദേഹം അവിടെ സ്ഥിരതാമസമാക്കുകയായിരിന്നു..... അവരുടെ പിൻമുറക്കാർ ഇന്നും നമ്മുടെ പ്രദേശവുമായി അടുത്ത ബന്ധം പുലർത്തുകയും കുടുംബ വേരുകൾ നിലനിറുത്തുകയും ചെയ്ത് വരുന്നു.
മറ്റൊരു കുടിയേറ്റത്തിന്റെ കഥയാണ് കാഞ്ഞീരപറമ്പൻ മുഹമ്മദാക്കയുടേയും സഹോദരൻമാരുടേതും.... അന്തമാനിലേക്കാണ് ഇദ്ദേഹം ജീവിതം പറിച്ച് നട്ടത്.
അതും ജോലി തേടി പോയത് തന്നെയായിരുന്നു. ഇതു വഴി
അന്തമാനുമായുള്ള നാടിന്റെ ബന്ധം ഇന്നും മുറിയാതെ നിലനിൽക്കുന്നു.
കൊടക്, വയനാട്, തലശ്ശേരി, വടകര, കാഞങാട് ഭാഗങ്ങളിലൊക്കെ അലുമിനി കച്ചവടങ്ങളും മറ്റുമായി ഉപ ജീവനം തേടിയവരും ഒരുപാടുണ്ടായിരുന്നു...
ഇത്തരം പ്രവാസ ജീവിതങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടുകാരും ഗൾഫിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക.
എഴുപതുകളിലെ അവസാനമാണ് നമ്മുടെ ഗൾഫ് കുടിയേറ്റങ്ങൾ തുടങ്ങുന്നത്. കൽക്കത്തയിൽ നിന്നാണ് പലരും ലാഞ്ചിന് അക്കരെ പറ്റിയത്. നമ്മുടെ നാട്ടിൽ നിന്ന് ലാഞ്ചിന് പോയ ആദ്യകാല ഗൾഫ് പ്രവാസികളിൽ എടുത്ത് പറയേണ്ട പേരുകളാണ് KV മൊയ്തീൻ ഹാജിയുടേതും ആലുങ്ങൽ കുഞ്ഞി മൊയ്തീൻ ഹാജിയുടേതും.
77ന് ശേഷം ഹജ്ജ് വിസക്കും മറ്റുമായി സൌദിയിലേക്ക് നാട്ടിൽ നിന്ന് കുത്തൊഴുക്കായിരുന്നു....
ഗൾഫാണ് നമ്മുടെ പ്രവാസ ജീവിതത്തിന്റെ ഗതി മാറ്റിയത്.
സ്വപ്നങ്ങളുടെ ഈ തുരുത്തിലേക്ക് പിന്നീട് നാട് മുഴുവൻ ഒഴുകി. ഈ ഒഴുക്കിനെ കുറിച്ച് പറയുമ്പോൾ ചില പേരുകൾ പറയാതിരിക്കാനാവില്ല.
ആദ്യകാല ഗൾഫ്
പ്രവാസിയും പിന്നീട് സൗദി പൗരത്വം കരസ്ഥമാക്കുകയും ചെയ്ത അരീക്കൻ മുഹമ്മദാജിയുടേതാണത്. പിതാവിന്റെ കൈ പിടിച്ച് സഹോദരൻ മമ്മുട്ടി ഹാജികൊപ്പമാണ് മുഹമ്മദാജി സൌദിയിൽ എത്തുന്നത്. ബിസിനസ്സ് സ്ഥാപനങ്ങളും, കെട്ടിടങ്ങളും സൌദിയിൽ സ്ഥാപിച്ചെടുത്ത് നേട്ടമുണ്ടാക്കാൻ തന്റെ കഠിനാദ്വാനം വഴി അദ്ദേഹത്തിന് സാധിച്ചു .... അദ്ദേഹത്തിന്റെ സ്വാധീനവും ബന്ധങ്ങളും ഈ നാട്ടുകാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
ഹാജിമാർക്ക് സേവനം ചെയ്യുന്നതിലും മറ്റുമൊക്കെ വലിയ തൽപ്പരനായിരുന്നു ഇദ്ദേഹം.
മുഹമ്മദാജിയുടെ നിർദ്ദേശമനുസരിച്ചാണ് അരീക്കൻ കുട്ട്യാലി ഹാജി 65ൽ ഹജ്ജ് വിസക്ക് വന്നുപോവുകയും 76ന് ശേഷം സ്ഥിരമായി പ്രവാസത്തിലേക്ക് എത്തിപ്പെടുകയും ചൈതത്... നിരവധി രാജ്യങ്ങളിൽ നിന്ന് കപ്പലിൽ വരുന്ന ഹാജിമാർ ക്യാന്പ് ചെയ്യുന്ന "മദീനത്തുൽ ഹുജ്ജാജിൽ" സ്ഥാപനങ്ങൾ നടത്തുക വഴി നാട്ടുകാർക്കൊരു അഡ്രസ്സും, കേന്ദ്രവും ആകുവാൻ കഴിഞ്ഞു.
ഗൾഫ് പ്രവാസി യില്ലാത്ത ഒരു വീട് പോലും ഇല്ലാത്ത വിധം നമ്മുടെ നാട് മാറി.
അത്രമാത്രം ഗൾഫ് നമ്മെ സ്വാധീനിച്ചു. മറ്റ് പ്രദേശങ്ങളിലെ പ്രവാസങ്ങൾ ഗൾഫിലേക്ക് പറിച്ച് നട്ടു....
നാട്ടിലുണ്ടായ പുരോഗതിയുടെ സാമ്പത്തിക അഭിവൃദ്ധിയുടെ ഒരൊറ്റ കാരണം അത് ഗൾഫ് മാത്രമായി മാറി.
ഇന്ന് ഗൾഫും നമ്മെ കൈവിട്ട് തുടങ്ങുന്നു... അറേബ്യയിലെ അഭ്യന്തര സംഘർഷങ്ങൾ ആശങ്കയോടെ കാണുന്ന പ്രവാസികൾ.... പുതിയ ഭരണാധികാരികളുടെ ആഗമനത്തോടെ വന്ന
പുതു നിയമങ്ങൾ നമ്മുടെ മേൽ കുരുക്കായി വീഴാൻ പോകുകയാണ്.
ഇനിയും ജീവിതം തേടി ഈ നാടൊഴുകും. ഗൾഫ് പ്രതിസന്ധികൾ പുതിയ അന്വേഷണങ്ങളിലേക്ക് വഴിയൊരുക്കും. ജീവിതം അങ്ങനെയാണ് അത് വഴിമുട്ടുന്നിടത്തെല്ലാം ഗതി മാറി ഒഴുകണം... നാടിന്റെ അതിര് കടന്ന് പോയ പ്രവാസി ജീവിതങ്ങൾ നമ്മോട് പറയുന്നതും അതാണ്.
*** അബ്ദുലത്തീഫ് അരീക്കൻ ***
No comments:
Post a Comment