നിലപറമ്പിലേക്ക് പോകുന്ന വഴിയിൽ ചാലിൽ പാറപ്പുറത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മൽസരം നടന്നു കൊണ്ടിരിക്കുന്നു! അന്ന് കള്ളിവളപ്പ് സ്റ്റേഡിയം യാഥാർത്ഥ്യമായിട്ടില്ലായിരുന്നു. പിന്നീടാണ് കള്ളിവളപ്പ് സ്റ്റേഡിയം നിലവിൽ വന്നതും വലിയ ടീമുകളുടെ സൗഹൃദ മൽസരങ്ങളും കൊച്ചു ടൂർണ്ണമെന്റുകളുമൊക്കെ കള്ളിവളപ്പ് സ്റ്റേഡിയത്തിൽ അരങ്ങേറിയതും.
വെച്ച് കുത്തിയ കാലിൽ നിന്ന് ചോര വാർന്നൊലിച്ചിട്ടും യാതൊരു കൂസലുമില്ലാതെ തിമിർത്തു കളിക്കുകയായിരുന്നു.
അദ്രമാനേ........
തിരിഞ്ഞ് നോക്കിയപ്പോൾ ൻറെ സൈദ്!
ഞാനുണ്ട്.
രണ്ട് ടീമിലും ആള് തികഞ്ഞത് കൊണ്ട് ൻറെ സൈദിന് വേണ്ടി ഞാൻ തന്നെ ഗ്രൗണ്ടിൽ നിന്നും കരക്ക് കയറി. ഗ്രൗണ്ടിൽ പുല്ലിന് പകരം പാറയായിരുന്നു വിരിച്ചിരുന്നത്.
ൻറെ സൈദിന്റെ കാലിൽ പന്ത് കിട്ടിയതും താഴേക്ക് കുണ്ടംചാല് ലക്ഷ്യമാക്കി നീട്ടിയൊരടി. കൂക്കിവിളിക്കാൻ ഗ്യാലറിയിലാരുമില്ലായിരുന്നു! ടീമിലുള്ളവർ തന്നെ തെറി വിളിച്ച് കളി അവസാനിപ്പിച്ചു.
ൻറെ സൈദ് മുന്നിലും കൊക്കിച്ചാടി കൂടെ ഞാനും!
അദ്രാമാനേ ഒരു തത്തനെ പുട് ചാണ്ട്.
ഇപ്പപ്പോണം.
നേരം മഅരി ബാങ്ക് കൊടുക്കാനായി.
ഇരിട്ടായാലേ തത്ത കൂട്ടിൽ കയറൂ.....
ഞാനും ൻറെ സൈദും ധൃതിയിൽ നടന്നു.
ൻറെ സൈദിന്റെ പുരയുടെ തൊട്ടപ്പുറത്തെ പണിക്കരെ തൊടുവിലായിരുന്നു തത്ത താമസിച്ചിരുന്ന പൊടിയത്തിമരം!
ജ് മുണ്ടല്ല. തത്ത പാറും: ൻറെ സൈദിന്റെ ആജ്ഞ ഞാൻ അനുസരിച്ചു.
കയ്യിലുണ്ടായിരുന്ന തോർത്ത് തലയിൽ കെട്ടി ൻറെ സൈദ് പൊടിയണി മരത്തിൽ കയറി. ൻറെ സൈദിന്റെ തലയിൽ നിന്നും മുണ്ട് താഴേക്ക് ഉർന്നു വീണു.
ൻറെ സൈദ് പതുക്കെ പറഞ്ഞു മുണ്ട് .... മുണ്ട്.....
ഞാനൊന്നും മിണ്ടാതെ നിന്നു, നേരത്തെയുള്ള നിർദ്ദേശം ഞാൻ പാലിച്ചുകൊണ്ടിരുന്നു.
ഞാനൊന്നും മിണ്ടാതായപ്പോൾ ൻറെ സൈദ് ഉടുത്ത തുണിയഴിച്ച് കയ്യിൽ പിടിച്ചു.
ഒരു ചെറിയ കൊമ്പിൽ കാലുറപ്പിച്ച് ൻറെ സൈദ് തത്ത താമസിക്കുന്ന പൊത്തിലേക്ക് കൈയ്യിട്ടു : ഒരു ചിറകടിയോടെ ആൺ തത്ത പുറത്തേക്ക് പാറി. ൻറെ സൈദ് പെൺ തത്തയെ പിടികൂടി പൊത്തിൽ നിന്ന് പുറത്തേക്കെടുത്തു. മരക്കൊമ്പിൽ അള്ളിപ്പിടിച്ച് കയ്യിലുള്ള ഉടുതുണിയിലേക്ക് തത്തയെ പൊതിയാൻ ശ്രമിച്ചപ്പോൾ തത്തയൊന്ന് പിടഞ്ഞു ..... അതോടെ ൻറെ സൈദ് നിന്നിരുന്ന പൊടിയണിക്കൊമ്പ് പൊട്ടിൻറെ സൈദ് താഴേക്ക് വീണു.
മിണ്ടാനുള്ള ആഞ്ജലഭിക്കാത്തത് കൊണ്ട് ഞാനൊന്നും മിണ്ടിയില്ല.
ഒരു വിധത്തിൽ പിടിച്ചെഴുന്നേൽപിച്ച് ഇടവഴിയിലേക്ക് വന്നു, അല്ല സൈദേ തത്തയെവിടെ?
ഇടവഴിയിൽ എന്നെ തള്ളിയിട്ടിട്ട് ൻറെ സൈദ് പുരയിലേക്കോടി........
------------------------------------
എം ആർ സി അബ്ദുറഹ്മാൻ,
No comments:
Post a Comment