Friday, 5 March 2021

പി.കെ.അബ്ദുറഹീം മുസ്‌ലിയാർ


 

പളളിപ്പറമ്പ് @  പി.കെ.അബ്ദുറഹീം മുസ്‌ലിയാർ

അബ്ദു അബ്ദുറഹീം മുസ്‌ലിയാർ പണ്ഡിത പരമ്പരയിലെ പ്രബല കണ്ണി

ഊകത്ത്   ജുമാ മസ്ജിദിന്റെ  തുടക്ക കാലത്ത് ആരാധനാ കാര്യങ്ങൾക്കും മറ്റും  നേതൃത്വം നൽകുകയും തുടർന്ന്  വിശുദ്ധ മക്കയിൽ  സ്ഥിര  താമസക്കാരനാകുകയും  അവിടെ  തന്നെ  അന്ത്യ വിശ്രമം  കൊള്ളുകയും ചെയ്ത കോമു മുസ്‌ലിയാരുടെ മകനും   അതേ പാതയിൽ തന്നെ സഞ്ചരിച്ച്  മക്കയിൽ  തന്നെ പോയി    വർഷങ്ങളോളം ഇൽമ് പഠിച്ചു   നാട്ടിലേക്ക്  വന്നപ്പോൾ നാട്ടുകാർ വലിയ ബഹുമാനത്തോടെ സ്വീകരിക്കുകയും  പള്ളി പറമ്പിൽ തന്നെ  താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്ത്  പള്ളിയിൽ  എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയ ഊകത്ത് പാപ്പ എന്ന പേരിൽ പ്രസിദ്ധനായിരുന്ന സൂഫി പണ്ഡിതൻ  അഹമദ് മുസ്‌ലിയാരുടെ മകൻ മസ്ഹൂദ് മുസ്‌ലിയാരുടെ മകനായി  പ്രൗഢമായ പണ്ഡിത പരമ്പരയിലെ കണ്ണിയായിട്ടാണ്  അബ്ദു റഹീം ഫൈസി ജനിക്കുന്നത്. എന്റെ കുട്ടിക്കാലത്ത്  ഊകത്തെ പഴയ പള്ളിയുടെ ഇരുട്ട് മൂടിയ അകം പള്ളിയിൽ റമളാനിൽ     ആർജവമുള്ള  പ്രസംഗം കേട്ടത് ഇപ്പോഴും ഓർമയിലുണ്ട്.പണ്ഡിത പ്രതിഭകളായ കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ,  കെ കെ അബൂബക്കർ ഹസ്രത്. കൂടാതെ നമ്മുടെ നാട്ടുകാരൻ ഊക്കത് പള്ളിയുടെ തെക്ക് ഭാഗത്ത്  ഇന്നും  താമസിക്കുന്ന എ യു അബ്ദുല്ല മുസ്‌ലിയാർ(റബ്ബ് അദ്ദേഹത്തിന് ആഫിയത് നൽകട്ടെ ) തുടങ്ങിയവരിൽ നിന്നാണ്  അദ്ദേഹം   ഇൽമ് പഠിച്ചത്. അദ്ദേഹത്തെ   കണ്ട കാലം മുതൽ വിദേശത്തായിരുന്നു. ഊകത്ത് താമസിക്കുന്ന കാലത്ത്  അദ്ദേഹത്തിന്റെ വീട്ടിൽ വിശ്വ പ്രസിദ്ധ പണ്ഡിതൻ കെ കെ ഹസ്‌റത്‌  വന്നത് കുട്ടിക്കാലത്ത് കണ്ടത് ഓർക്കുകയാണ്.പിന്നീട് കുറ്റൂരിലേക്ക് താമസം മാറിയ ശേഷവും നാട്ടിൽ എത്തിയാൽ ഊക്കത്ത് പള്ളിയിൽ തന്നെ കാണുമായിരുന്നു.റമളാനിൽ പള്ളിയിൽ തന്നെ മുഴു സമയവും  ഇരിക്കാറുമുണ്ടായിരുന്നു. ഒരു ജാടയും ഇല്ലാതെ വളരെ ലളിതമായി ജീവിക്കുകയും, വീട്ടിൽ വരുന്ന  പാവങ്ങൾക്ക് ആരുമറിയാതെ   വൻ സംഖ്യകൾ സഹായം ചെയ്തത്  ആരുമറിയാത്ത രഹസ്യമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ്  ബോംബെയിലെ ഒരു  അറബിക്  കോളേജിൽ പ്രിൻസിപ്പലായി 250 രൂപ മാസ ശമ്പളത്തിൽ  ജോലി ചെയ്യുമ്പോൾ അതേ കോളേജ്  പുനരുദ്ധാരണത്തിന്  2500 രൂപ സംഭാവന ചെയ്ത ചരിത്രം കേട്ടിട്ടുണ്ട്. പിന്നീട് വിദേശത്ത് പോയി, അവിടെ ഒരു ദഅവ സംരംഭത്തിൽ ജോലി ചെയ്യുമ്പോൾ  അതേ ജോലി നിലനിൽക്കെ മറ്റൊരു പള്ളിയിൽ ജോലി കിട്ടിയപ്പോൾ ആദ്യ ജോലിയിലെ ശമ്പളം കുറക്കണമെന്ന് കമ്മറ്റിക്ക് അപേക്ഷ കൊടുത്ത ചരിത്രവും കേട്ടിട്ടുണ്ട്. ദശകങ്ങളായ വിദേശവാസം മതിയാക്കി അടുത്ത കാലത്താണ് റഹീം മുസ്‌ലിയാർ  നാട്ടിൽ സ്ഥിരമാക്കിയത്.കണ്ട്  തുടങ്ങിയ കാലം തൊട്ടേ പ്രൗഢമായ വേഷവും  ആർജവുമള്ള സംസാരവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ഒന്നിനെയും കൂസാതെ തന്റെ പ്രസംഗത്തിൽ   തുറന്നടിച്ച വാക്ക് വൈഭവം  അദ്ദേഹത്തെ വ്യത്യസ്‍തനാക്കി. സ്വര ഗൗരവവും  സംസാരവും കണ്ടാൽ  കർക്കശക്കാരാണെന്ന് തോന്നുമെങ്കിലും അടുത്ത് കൂടിയാൽ   ലാളിത്യനും രസികനും എന്തും തുറന്ന് സംസാരിക്കാൻ  സാധിക്കുന്ന വ്യക്തിയുമാണ്. മാത്രമല്ല തിരിച്ചുള്ള സംസാരങ്ങൾ വളരെ പോസിറ്റീവ് എനർജി രൂപത്തിലുമായിരിക്കും.പണ്ഡിത  പാരമ്പര്യമുള്ള  മാതൃ- പിതൃ പരമ്പരയിലെ കണ്ണിയായ  അദ്ദേഹം ഉന്നതമായ കലാലയത്തിൽ നിന്നാണ് വിജ്ഞാന സംഗ്രഹം  നേടിയെടുത്തത്. ജ്ഞാന  പ്രസരണത്തിലും അത് കൃത്യമായി ജീവിതത്തോടൊപ്പം കൂട്ടിയ അദ്ദേഹം നിരവധി  അമൂല്യ ഗ്രന്ഥങ്ങളുടെ ഉടമയുമാണ്.ഊക്കത് പള്ളിയിൽ നിരവധി തവണ ഖുതുബക്ക് നേതൃത്വം നൽകിയതും ,പെരുന്നാൾ ദിവസം മറ്റ് കാര്യങ്ങൾക്ക് നേതൃത്വം നൽകിയതും  മഹല്ല് നിവാസികളിൽ  പുതിയ ഒരു ഊർജ്ജമുള്ള  അനുഭവമായിരുന്നു.അറിവിന്റെയും അനുഭവത്തിന്റെയും ജ്വലിക്കുന്ന  ഉന്നതമായ പടവുകൾ കയറിയ  അദ്ദേഹത്തിന്   അർഹിക്കുന്ന ഇടം കിട്ടിയില്ല എന്നത്  ഒരു വസ്തുതയാണ്. ജീവിതകാലം മുഴുവൻ അറിവിനും  ആരാധനക്കും  മാത്രം കഴിച്ചു കൂട്ടിയ  അദ്ദേഹത്തിന്റെ  സർവ്വനിസ്തുലമായ ജീവിതം  ആരുമറിയാതെ പോയി. റബ്ബിന്റെ വിധി.  ജീവിതാന്ത്യ കാലം രോഗ ശയ്യയിൽ കിടന്ന അദ്ദേഹം വെള്ളിയാഴ്ച പോകണമെന്നാഗ്രഹം ആശിച്ചതു പോലെ തന്നെ  റബ്ബ് സഫലീകരിച്ചു കൊടുത്തു  കൊണ്ട്  നമ്മോട് എന്നന്ന ത്തേക്കുമായി പിരിഞ്ഞു പോയി.അല്ലാഹുവേ... അദ്ദേഹത്തിന്റെ പാരത്രിക ജീവിതം  സന്തോഷത്തിലാക്കണേ - ആമീൻ.

✍🏻 മുജീബ് പി.കെ

----------------------------------------------------------------------------------------------------------

പി.കെ.അബ്ദുറഹീം മുസ്ല്യാർ മരിക്കാത്ത ഓർമ്മകൾ

നാടിൻ്റെ പണ്ഡിത താവഴിയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞാഴ്ച നമ്മോട് വിടപറഞ്ഞ പി കെ അബ്ദുറഹീം മുസ്ല്യാർ.കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതൻമാരുടെ ശിഷ്യത്വം സ്വീകരിക്കാനും ഉന്നത വ്യക്തിത്വങ്ങളുമായി ഹൃദ്യമായ അടുപ്പം സൂക്ഷിക്കാനും കഴിഞ്ഞൊരാൾ.ജീവിതത്തിൻ്റെ നല്ല പങ്കും പ്രവാസത്തിലായതിനാൽ നാടിന് അദ്ദേഹത്തെ കാര്യമായി ഉപയോഗപ്പെടുത്താനായില്ല എന്ന് വേണം പറയാൻ.വളരെ ചെറുപ്പം തൊട്ടെ അദ്ദേഹത്തെ അറിയാം. പ്രവാസത്തിൻ്റെ ഇടവേളകളിൽ നാടിൻ്റെ ദീനീ കേന്ദ്രങ്ങളിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും നേതൃപരമായ ഇടപെടലുകളുമുണ്ടായിരുന്നു.കണ്ണമംഗലം ജുമുഅത്ത് പള്ളിയിൽ വെച്ചാണ് റഹീം മുസ്ല്യാരുടെ ജുമുഅ ഖുതുബയിൽ ആദ്യമായി പങ്കെടുക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളും അവിടെ വെച്ച് പലകുറി കേട്ടിട്ടുണ്ട്. അന്ന് അവിടെ സേവനം ചെയ്തിരുന്നത് അവരുടെ ജേഷ്ട സഹോദരൻ അഹമ്മദ് മുസ്ല്യാരായിരുന്നു.പ്രവാസവും ദീനീ സേവനവുമായി ബന്ധപ്പെട്ടതിനായതിനാൽ ആ മേഖലയിൽ ഒരു പാട് വലിയ ബന്ധങ്ങളും വിപുലമായ ശിഷ്യ സമ്പത്തും സ്വന്തമാക്കാൻ റഹീം മുസ്ല്യാർക്ക് സാധിച്ചു.പ്രവാസത്തിലായിരിക്കെ വളാഞ്ചേരി മർക്കസ് അടക്കമുള്ള ദീനീ സ്ഥാപനങ്ങളുടെ വളർച്ചയിലും പുരോഗതിയിലും അക്ഷീണം യത്നിച്ചു. ഊക്കത്ത് മഹല്ലിൻ്റെ കാര്യങ്ങളിലും അദ്ദേഹം വലിയ താൽപ്പര്യം കാണിച്ചിരുന്നു. അൽഹുദയുടെ കീഴിൽ പുനർനിർമ്മിച്ച മസ്ജിദുന്നൂറിൻ്റെ സ്ഥാപക കാല ഭാരവാഹികളിൽ പ്രധാനി കൂടിയായിരുന്നു റഹീം മുസ്ല്യാർ.
തൻ്റെ വിപുലമായ സുഹൃദ് ബന്ധങ്ങൾ ഉപയോഗിച്ച് അതിന് വേണ്ടി ഫണ്ട് ശേഖരിക്കാനും മറ്റുമൊക്കെ അദ്ദേഹം മുന്നിട്ടിറങ്ങി. പള്ളിയുടെ ആദ്യ കാല പ്രവർത്തനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. ഒരു പിടി രോഗങ്ങളുമായാണ് അദ്ദേഹം പ്രവാസത്തിൽ നിന്ന് തിരികെ പറന്നതെന്ന് തോന്നിയിട്ടുണ്ട്. അത്തരം ശാരീരിക അസ്വസ്ഥതകൾ തന്നെയാണ് പിന്നീട് അദ്ദേഹത്തെ ശയ്യാവലംഭിയാക്കിയതും. ജീവിത സായാഹ്നത്തിലും കിതാബുകൾ മുതലഅ ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ മുഴുവൻ. വീട്ടിലുള്ള വിപുലമായ ഗ്രന്ഥ ശേഖരം ഈ വിജ്ഞാന കുതുകിയുടെ അറിവിൻ്റെ ആഴം അറിയിക്കുന്നതാണ്. സുഹൃത്ത് ശുഐബുമൊത്തുള്ള സൗഹൃദമാണ് ഈ കുറിപ്പുകാരനെ റഹീം മുസ്ല്യാരുമായി ബന്ധപ്പെടുത്തിയത്.
ആ മുഖത്തെ ഗാംഭീര്യവും വാക്കുകളുടെ മൂർച്ചയും അടുത്തിടപഴകുമ്പോൾ ഒട്ടും അനുഭവപ്പെടാറില്ല. അന്നേരം നിഷ്കളങ്കമായി ചിരിച്ചും വിശേഷങ്ങൾ ചോദിച്ചും അദ്ദേഹം എത്ര നേരവും സംസാരിച്ചിരിക്കും. സമുദായത്തിനിടയിലെ വീക്ഷണ വൈജാത്യങ്ങളെ കുറിച്ചെല്ലാം കൃത്യമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. നിലപാടുകളിലെ കാർക്കശ്യങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾക്ക് അദ്ദേഹം വലിയ വില കൽപ്പിച്ചു. ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നായി സമ്പാദിച്ച സൗഹൃദങ്ങളെ കണ്ണടയുവോളം ചേർത്ത് നിറുത്തി. നാടിന് തലയെടുപ്പുള്ള പണ്ഡിത നിർവ്വഹണങ്ങളുടെ വിടവുകൾ അധികരിച്ച് വരുന്നൊരു കാലത്ത് റഹീം മുസ്ലാരുടെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്.
അള്ളാഹു അവരുടെ പരലോക ജീവിതം റാഹത്തിലാക്കട്ടെ - ആമീൻ

✍🏻 സത്താർ കുറ്റൂർ

----------------------------------------------------------------------------------------------------------

ഞാനറിയുന്ന റഹീം മുസ്‌ലിയാർ

പണ്ഡിതനും  പ്രഭാഷകനുമായിരുന്നു പി.കെ  അബ്ദു റഹീം മുസ്ലിയാർ തൻ്റെ കർമ്മമണ്ഡലത്തിൽതിളങ്ങിനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി വിദേശത്തായിരുന്ന അദ്ദേഹത്തിന് ദീനീ സംഘടനാ രംഗത്ത് പ്രവർത്തിക്കാനും  അത് വഴി വലിയ സൗഹൃദങ്ങൾ നേടികെടുക്കാനും കഴിഞ്ഞു.ഉദാരമനസ്കനായിരിന്നു.നാട്ടിലെ ദീനിസ്ഥാപനങ്ങളിലെല്ലാം  ഘനഗാംഭീര്യമുള്ള പ്രഭാഷണം നടത്തിയിട്ടുണ്ട്. ഉപ്പയുമായി വലിയ സ്നേഹബന്തമുണ്ടായിരുന്ന റഹീം മുസ്ലിയാർ കാണുമ്പോഴെക്കെ വലിയ വികാരത്തോടെ എടുത്ത് പറയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ്  അദ്ദേഹത്തെ സന്ദർശിച്ച് മടങ്ങുമ്പോൾ ഒരു പാട് ദുഃഖം തോന്നി. സാധാരണ കാണുമ്പോൾ  മണിക്കൂറുകൾ ഇരുന്ന് ഒരു പാട് കാര്യങ്ങൾ സംസാരിക്കും. അതിൽ രാഷ്ട്രീയം ഉണ്ടാവും  ഉറച്ച നിപാടുകൾ പറയും  സമസ്തയും  പണ്ഡിതൻ മാരും എല്ലാം ചർച്ചചെയ്യും. ഞാൻ ചോദിക്കുന്ന പൊട്ട സംശയങ്ങൾക്ക്  ദേശ്യപ്പെടാതെ മറുപടിയും പറഞ്ഞു തരും.ഈ അവസ്ഥയിലല്ലായിരിന്നു അവസാനമായി കണ്ടപ്പാൾ  ഓർമ്മകൾ മങ്ങികഴിഞ്ഞിരുന്നു. എല്ലാത്തിനും സാക്ഷിയായി ഒരു വലിയ ഗ്രന്ഥശേഖരം  വൃത്തിയായി അലമാറയിൽ അടുക്കി വെച്ചിരിക്കുന്നു. അള്ളാഹു വിജയച്ചവരിൽ അവരെ ഉൾപ്പെടുത്തട്ടെ - ആമീൻ

✍🏻 അബ്ദുലത്തീഫ് അരീക്കൻ

----------------------------------------------------------------------------------------------------------

അബ്ദു റഹിം മുസ്ലിയാർ - അറിവിൻ്റെ സൂര്യതേജസ്സ്

പി.കെ അബ്ദുറഹീം മുസ്ലിയാരെ സ്മരിച്ച് സത്താറും Pk മുജീബും ലതീഫും മറ്റും എഴുതിയ വ്യത്യസ്ത കുറിപ്പുകൾ മുഴുവൻ വായിച്ചു. അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. 

അല്ലാഹു അബ്ദു റഹിം മുസ്ലിയാർക്ക് സ്വർഗീയ വിരുന്നൊരുക്കിയ ഖബർ ജീവിതം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എനിക്ക് വളരെ ചെറുപ്പത്തിലെ അദ്ദേഹത്തെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചു. ഊക്കത്ത് മസ്ജിദിൽ പലറമളാൻ ജുമുഅക്ക് ശേഷവും ഗാംഭീര്യം തുളുമ്പുന്ന വഅള് നടത്തിയത് ഇപ്പോഴും കാതിലും മനസ്സിലും മുഴങ്ങുന്നു.  പിന്നെ പ്രവാസ കാലത്ത് കൂടുതൽ ബന്ധങ്ങൾ ഉണ്ടായില്ല. വീണ്ടും കാണുന്നത് മസ്ജിദുനൂറിനടുത്ത് ഞാൻ താമസമാക്കിയതിന് ശേഷം.ഉന്നത പാണ്ഡിത്യം, വളരെ ലളിത ജീവിതം. വിശാലമായ ഉദാരത, ഗാംഭീര്യം മുറ്റുന്ന ഭാവമെങ്കിലും വിനയം നിറഞ്ഞ സംസാരം, ഹഖ് പറയുമ്പോൾ ആരെയും കൂസാത്ത പ്രകൃതം, അദ്ദേഹത്തിൻ്റെ സ്വഭാവഗുണങ്ങൾ ഓരോന്നും വിശദീകരിച്ച് എഴുതാനുണ്ട്.കുറ്റൂർ മസ്ജിദുനൂറിൻ്റെ സ്ഥാപകരിൽ മുന്നിൽ നിന്ന മഹത് വ്യക്തിത്വം. വിദേശത്ത് നിന്ന് ഫണ്ട് സ്വരൂപിച്ചതിന് പുറമെ സ്വന്തമായി അന്നത്തെ കാലത്തെ ഭീമമായ ഒരു സംഖ്യ സ്വന്തമായി മസ്ജിദിന് നൽകി. അത് പോലെ പഴയ കാലത്ത് ഒരു വൻ തുക ഒരു ഉസ്താദിന് കൊടുത്ത്, ആ തുക കണ്ട് അത്ഭുതപ്പെട്ട ഉസ്താദ് അത് നിരസിച്ചു.തുടർന്ന് വളരെ കഷ്ടപ്പാടുള്ള മറ്റൊരു ഉസ്താദിനെ കണ്ടെത്തി ഏൽപിക്കുകയുണ്ടായി എന്ന് അറിയാൻ കഴിഞ്ഞു.സ്വന്തം വീട് ഒന്ന് പുതുക്കി പണിയാൻ പോലും മിനക്കെടാതെ എത്രയോ ലക്ഷങ്ങൾ പാവങ്ങളെ സഹായിക്കാനും ദീനി സ്ഥാപനങ്ങൾക്കും ചിലവഴിച്ചു ആ മഹാൻ.രോഗാവസ്ഥയിലാകുന്നതിൻ്റെ രണ്ട് മൂന്ന് കൊല്ലം മുമ്പ് റമളാൻ അവസാനത്തെ പത്തിൽ മസ്ജിദിൽ ഞങ്ങളെയൊക്കെ വിളിച്ചു വരുത്തി പാതിരാത്രി വന്ന് സുദീർഘമായ ഖുർആൻ പാരായണത്തോടെ ഖിയാമുല്ലൈലിക്ക് നേതൃത്വം നൽകി.അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആഴം മനസ്സിലായ മറ്റൊരു അനുഭവം:ഒരു മസ്ജിദിലെ തിങ്ങിനിറഞ്ഞ ഒരു ഇൽമിൻ്റെ മജ്‌ലിസ്. പ്രഭാഷകൻ വളരെ വിശദമായി ഒരു ചരിത്രം വിവരിക്കുന്നു. കൂട്ടത്തിൽ അദ്ദേഹം സൂറത്തുൽ മുജാദിലയിലെ ഒരു ആയത്ത് ഓതി. ഓതി നിർത്തിയതും സദസ്സിൻ്റെ ' ഒരു മൂലയിൽ നിന്നും ഒരു ഗംഭീര ശബ്ദത്തിൽ ആ ആയത്ത് വ്യക്തമായി ഓതുന്ന ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞ് നോക്കി. പ്രഭാഷകന് പറ്റിയ ഒരു തെറ്റ് തിരുത്തി ശരിയാക്കി , ശ്രോദ്ധാവായി ഒരു മൂലയിൽ ഇരുന്ന അബ്ദു റഹിം മുസ്ലിയാർ ആയിരുന്നു അത്.  ജീവിതകാലം മുഴുവനും ദീനീ സേവകനായി ജീവിച്ച് ആഗ്രഹിച്ച പോലെ ജുമുഅ: ദിവസം റബ്ബിലേക്ക് യാത്രയായ അബ്ദു റഹിം മുസ്ലിയാരുടെ ഒരു പാട് ഓർമ്മകൾ ഇനിയും കെടാതെ മനസ്സിലുണ്ട്.  പിൻപറ്റാൻ ഒരുപാട് പാദമുദ്രകൾ ബാക്കിവെച്ച് നടന്നു നീങ്ങിയ മഹാനവർകളെ മാതൃകയാക്കി ജീവിതം നയിക്കാൻ റബ്ബിനോട് തേടുന്നു.അദ്ദേഹത്തെയും നമ്മെയും നമ്മിൽ നിന്ന് വിട പറഞ്ഞവരെയും അല്ലാഹു സ്വർഗലോകത്ത് സ്വാലിഹീങ്ങളുടെ കൂടെ ഒരുമിച്ച് ചേർക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

✍🏻 മുഹമ്മദ് കുട്ടി അരീക്കൻ 

----------------------------------------------------------------------------------------------------------

ഒരു ഖുർആൻ ക്ലാസ്സ്

സാധാരണക്കാർക്ക് പാരായണത്തിലുപരി കുർആനിലെ ഉള്ളടക്കത്തെ കുറിച്ച് എന്തെങ്കിലും അറിയണമെന്നൊന്നുമില്ലാത്ത കാലം. അങ്ങനെ അറിയുന്നത് ഏതെങ്കിലും പുതിയ ആശയക്കാരുടെ സ്വഭാവമാണെന്ന ധാരണ അവരെ അടക്കിവാണിരുന്ന ഒരു കാലം' അതത്ര അകലെയൊന്നുമല്ല. ഭാഗ്യവശാൽ ഇന്നത് മാറി. എല്ലാവരും ഖുർആൻ പഠിക്കാൻ ശ്രമിക്കുന്നു. അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന ബോധം ഏത് സാധാരണക്കാരനും വന്നു കഴിഞ്ഞു. അൽഹംദുലില്ലാഹ്!മുൻചൊന്ന കാലം. ഒരു റമദാൻ മാസം' ഊക്കത്ത് പള്ളിയിൽ ളുഹർ നമസ്കാരത്തിന് എല്ലാവരും ഒരുമിച്ചു കൂടിയിരിക്കുന്നു. നമസ്കാരംകഴിഞ്ഞാൽ കുറെയാളുകൾ പോകും. മറ്റു ചിലർ ഖുർആൻ പാരായണത്തിൽ മുഴുകും. വേറെ കുറച്ചാളുകൾ ഉറങ്ങുകയോ സൊറക്കുകയോ ചെയ്യും. വളരെ വേദന തോന്നി. ഖുർആൻ അവതരിച്ച മാസം ' ഖുർആനിനെ പറ്റി മാത്രം അറിയാൻ ജനങ്ങൾക്ക് യാതൊരു മാർഗവുമില്ല. ഖുർആനിനെ കുറിച്ച് അഗാധജ്ഞാനം നേടിയ ഉസ്താദടക്കം പലരും അവിടെയുണ്ട്. പക്ഷെ വിഷയം അവതരിപ്പിക്കാനൊരു പേടി. മുമ്പ് പറഞ്ഞത്‌ പോലെ അത് പിഴച്ചയാളുകളുടെ സ്വഭാവമാണല്ലോ. അങ്ങനെയാണ് എന്റെ ഉത്തമ സുഹൃത്തായ അബ്ദുറഹിം മുസ്ലിയാരും പരേതനായ കുട്ടിയാലി മാസ്റ്ററും ഈയുള്ളവനും കൂടി ഒരു ഗൂഡാലോചന നടത്തിയത്. സുന്നത്ത് നമസ്കാരം കഴിഞ്ഞു പാരായണം ചെയ്യാനായി അബ്ദുറഹീമുസലിയാർ ഖുർആൻ എടുക്കും. ഞാനും കുട്ടിയാലി മാസ്റ്ററും വളരെ താഴ്മയോടെ മുസ്ഹഫുമായി അദ്ദേഹത്തിന്നു മുമ്പിലിരിക്കും. അദ്ദേഹം ഒരു സൂറത്ത് പാരായണം ചെയ്തു വിശദീകരിക്കും. ഞങ്ങൾ ശ്രദ്ധിച്ചിരിക്കും. സംശയങ്ങൾ ചോദിക്കും. ഇത് ചിലരുടെ ശ്രദ്ധയിൽ പെട്ടു. ഓരോരുത്തരായി അടുത്തു കൂടി. കുറഞ്ഞ സമയം കൊണ്ട് അത് ഒരു വലിയ സദസ്സായി മാറി. ആളുകളിൽ താല്പര്യം വർദ്ധിച്ചു. പിറ്റന്നാൾ അവർ തന്നെ ആവശ്യപ്പെട്ടു. അങ്ങനെ ക്ലാസ്സുകൾ തുടർന്നു. ചെറുപ്പക്കാരിൽ വലിയ താൽപര്യം. സദസ്സ് വലുതായി ക്കൊണ്ടേയിരുന്നു. പക്ഷെ, ഇത് വിശാചിനെ വിറളി പിടിപ്പിച്ചു. അതിനെതിരായ കുത്തിത്തിരുപ്പുകൾ അണിയറയിൽ നടന്നുകൊണ്ടിരുന്നു. തദ്ഫലമായി ആളുകൾ കുറഞ്ഞു കൊണ്ടേയിരുന്നു. അവസാനം ക്ലാസ്സ് അസ്തമിച്ചു.അന്ന് ക്ലാസ്സിൽ പങ്കെടുത്ത ഒരു ചെറുപ്പക്കാരൻ എന്നോടു പറഞ്ഞ കഥ പിശാചിന്റെ പ്രവർത്തനത്തെ കുറിച്ച ഒരേകദേശരൂപം നമുക്ക് നൽകും.ഒരാൾ അദ്ദേഹത്തോട് സ്വകാര്യമായി ചോദിച്ചു: നിങ്ങൾ ക്ലാസ്സിൽ പങ്കെടുത്തിരുന്നോ? അദ്ദേഹം: അതെ. അയാൾ എന്തിനാണത്? നമ്മുടെ പൂർവികർ ഖുർആനിന്റെ അർത്ഥം പഠിച്ചിരുന്നോ? അവരെല്ലാം വഴിപിഴച്ചവരാണോ? അവരാരെങ്കിലും ഇങ്ങനെ പഠിക്കാൻ പ്രേരിപ്പിച്ചിരുന്നോ? പണ്ഡിതന്മാർ അത് പഠിക്കാൻ ഉപദേശിച്ചിരുന്നോ? മദ്റസയിൽ നിന്ന് പഠിച്ച കുർ ആൻ തന്നെ പോരെ നമുക്ക്? ഇതെല്ലാം പുതിയ കൂട്ടരുടെ പരിപാടിയാണ്.അയാൾ ഉപദേശിച്ചു. അദ്ദേഹത്തിന്നു മറുപടി ഉണ്ടായിരുന്നില്ല.അബ്ദുറഹീം മുസലിയാരെ വേണ്ട വിധം ഉപയോഗിക്കാൻ നമ്മുടെ മഹല്ലുകാർക്ക് കഴിയാതെ പോയതിന്റെ കാരണങ്ങൾ ഈ സംഭവത്തിൽ നിന്ന് ഊഹിക്കാവുന്നതാണ്.പഠനത്തിലും യാത്രകളിലും മറ്റു കാര്യങ്ങളിലും 45 വർഷത്തോളമുള്ള സൗഹൃദബന്ധമായിരുന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്നത്.അല്ലാഹു അദ്ദേഹത്തിന്റ ബർസഖി ജീവിതം സന്തോഷപ്രദമാക്കട്ടെ. സ്വർഗ്ഗത്തിൽ അത്യുന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ.

✍🏻 ഖാദർ ഫൈസി

----------------------------------------------------------------------------------------------------------


No comments:

Post a Comment