ജാബിർ മലയിലിന് തത്തമ്മ കൂടിലേക് സ്വാഗതം 🌹🌹
-----------------------------------
പ്രിയം നിറഞ്ഞവരേ,
ഞാന്‍ ജാബിര്‍ മലയില്‍.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലാണ് വീട്.
ഇപ്പോള്‍ കോഴിക്കോട് പോളിടെക്നിക്ക് കോളജില്‍ ലൈബ്രേറിയനായി ജോലി ചെയ്യുന്നു. രണ്ടു കുട്ടികളുണ്ട്☺
എന്‍റെ തൂലിക എന്ന എഫ്.ബി ഗ്രൂപ്പില്‍ വെച്ച് എന്‍റെ എളിയ സൃഷ്ടികള്‍ വായിച്ച ശ്രീ. സത്താര്‍ കുറ്റൂര്‍ സാഹിബാണ് തത്തമ്മക്കൂട്ടിലേയ്ക്ക് എന്നെ സ്നേഹപൂര്‍വ്വം ക്ഷണിച്ചത്.
ഈ സ്നേഹക്കൂട്ടായ്മയിലേയ്ക്ക് വരാന്‍ നിമിത്തമായ അദ്ദേഹത്തെയും ആ സൗഹൃദയ മനസ്സിനെയും ഞാന്‍ ഇവിടെ നന്ദിയോടെ ഓര്‍ക്കുന്നു☺😍
'വസൂരി...
നാട്ടില്‍ വസൂരി..!!!'
കിഴക്കോത്തെ കുട്ട്യാലിയുടെ
പരുക്കന്‍ ശബ്ദം ഞങ്ങളുടെ ഗ്രാമത്തെ പിടിച്ചു കുലുക്കി.
മുറ്റത്തെ വയസ്സന്‍ അരയാല്‍
മരത്തിനു ചുവട്ടില്‍ ഇലയടത്തണ്ടു പോലെ നേര്‍ത്ത
നിലാവിന്‍ കഷ്ണങ്ങള്‍
വീണു കിടക്കുന്ന ഒരു രാത്രിയായിരുന്നു അത്.
അത്താണിയിലേയ്ക്കു പോയ
ബാപ്പ ഇനിയുമെത്തിയിട്ടില്ല.
അനിയന്‍ എപ്പോഴോ ഉറങ്ങി.
അവന്‍റെ കൂര്‍ക്കം വലിക്ക് താളം
വെച്ചു തുടങ്ങിയിട്ടുണ്ട്.
'അളളാ..
ആ *അദാബ് ഞമ്മളെ നാട്ടിലും എത്ത്യാ..?!!'
റാന്തല്‍ വിളക്ക് നിഴല്‍ച്ചിത്രം
വരയ്ക്കുന്ന ഉമ്മയുടെ മുഖം ഭീതി
കൊണ്ട് നിറഞ്ഞു..
മുറ്റത്ത് കരിയിലകള്‍ കരയുന്ന
ശബ്ദം..
ബാപ്പയാണ്.
ഉമ്മ റാന്തലുമായി എണീറ്റു.
പൂമുഖത്തു വെച്ച ഓട്ടിന്‍ കിണ്ടിയെടുത്ത് ഒരു കുമ്പിള്‍ വെളളം കൊണ്ട് ബാപ്പ മുഖം കഴുകി ഇത്തിരി വായിലേയ്ക്ക് നുകര്‍ന്നു..
തലയിലെ ചുവന്ന കരയുളള മുണ്ടെടുത്ത് മുഖവും കയ്യും
അമര്‍ത്തിത്തുടച്ചു.
'കുട്ട്യേളൊറങ്ങ്യോ..?'
'ഉം..'
കാലന്‍ കുട ഇറയത്ത് തൂക്കുമ്പോള്‍ ഉമ്മ മൂളി..
''വസൂരിയാണ്. നമ്മളെ നാട്
കാലിയാക്കിയിട്ടേ ഓന്‍ പോകൂ..'
അകത്തേയ്ക്കു കടക്കുമ്പോള്‍ ബാപ്പയുടെ ശബ്ദം ഇടറി.
ഉമ്മയുടെ നെടുവീര്‍പ്പ് കേട്ടു.
കിണറ്റിന്‍ കരയില്‍ നിന്ന് കപ്പി കരയുന്ന ശബ്ദം. ബാപ്പ ഒരു ബക്കറ്റ്
വെളളം തലയിലൊഴിച്ച് തലതുവര്‍ത്തുകയാണ്..
ഞാന്‍ ജനല്‍ തുറന്നിട്ടു.
പുറത്ത് കാത്തു നിന്നെന്ന പോലെ
തണുത്ത കാറ്റ് അകത്തേയ്ക്കു കയറി.
അകലെ വയലേലകള്‍ക്കപ്പുറം നിലാവിന്‍റെ നേരിയ ആവരണത്തിനുളളില്‍ ജുമഅത്ത് പളളി കാണാം. പളളിപ്പറമ്പിലെ
കറുത്ത കാട്ടില്‍ നിന്ന് കുറുക്കന്‍മാര്‍ ഓരിയിട്ടു..
എങ്ങു നിന്നോ ഒരു കുത്തിച്ചൂലാന്‍ ദീനമായി കരഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു,
'കുത്തിച്ചൂലാന്‍ *മൗത്തിന്‍റെ
കുഴലൂത്തുകാരനാണ്..''
പളളിപ്പറമ്പില്‍ ആളനക്കം.
ചൂട്ടും പന്തവും വെളിച്ചം പരത്തി.
ആരൊക്കെയോ മയ്യത്തു കട്ടില്‍
ചുമന്നു കൊണ്ടു വരുന്നു.
ഈ പാതിരാത്രിയില്‍ ആരെയാണ്
അടക്കം ചെയ്യുന്നത്..?
അതൊരു തുടക്കം മാത്രമായിരുന്നു..
രാത്രിയും പകലെന്നുമില്ലാതെ മയ്യത്തു കട്ടിലുകള്‍ പളളിക്കാട്ടിലെത്തി. ചൂട്ടുകളും പന്തങ്ങളും ഒഴിഞ്ഞു പോകാതായി. കാട്ടുപൂച്ചകളും കുറുക്കന്‍മാരും പളളിക്കാട്ടില്‍ നിന്ന് താവളം മാറ്റി.
മാണിക്കോത്തെ സുലൈമാനെ ഞാന്‍ കണ്ടു. അവന്‍റെ മുഖം വസൂരിയുടെ കുരുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതില്‍ ചലം നിറഞ്ഞ് പൊട്ടിയൊലിച്ചപ്പോള്‍
കേട്ട അവന്‍റെ രോദനം മറക്കാനാവില്ല.
ജനങ്ങള്‍ ഗ്രാമം വിടാന്‍ തുടങ്ങി.
വസൂരി പിടിപെട്ടവരെ വീടുകളില്‍ തനിച്ചാക്കി ആളുകള്‍ ജീവനും കൊണ്ടോടി.
കുരുക്കള്‍ മേലാസകലം പൊട്ടി
കാഴ്ച പോയ ഹതഭാഗ്യര്‍ വിധിയുടെ ക്രൂര ചിത്രമായി ഗ്രാമത്തില്‍ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു..
വിശന്നു വലഞ്ഞവര്‍ കണ്ണില്‍ കണ്ടതെല്ലാം ഭക്ഷണമാക്കി.
മുരിങ്ങയിലയും കുമ്പളയിലയും
എന്തിന്, തവരയില പോലും തൊടികളില്‍ നിന്ന് അപ്രത്യക്ഷമായി..
ഒടുവില്‍ അതു തന്നെ സംഭവിച്ചു..!
മീസാന്‍ കല്ലുകള്‍ നിറഞ്ഞ ഗ്രാമം
പ്രേതഭൂമിയായി. അന്ത്രമാന്‍റെ ചായപ്പീടിക ഒരു ദിവസം തുറന്ന് ആരെയും കാണാതെ ഉച്ചയോടെ പൂട്ടി..
ഗോവിന്ദന്‍ മാഷ് കലപിലകളില്ലാത്ത സ്കൂള്‍ മുറ്റത്തെ ചീനിമരച്ചോട്ടില്‍ ഏകനായി ദൂരേയ്ക്ക് നോക്കിയിരുന്നു..
കാളവണ്ടികള്‍ ചെമ്മണ്‍ പാതയിലൂടെ യജമാനനില്ലാതെ
എങ്ങോട്ടോ പാഞ്ഞു പോയി.
അതിന്‍റെ കുടമണിക്കിലുക്കം ഒരു ശോകഗാനം പോലെ ഗ്രാമത്തിന്‍റെ വഴിയോരങ്ങളില്‍ മുഴങ്ങിക്കൊണ്ടിരുന്നു..
പൂനൂര്‍ പുഴകടന്ന് പുളളുവന്‍മാരെത്തി. അവര്‍ ഗ്രാമത്തിന്‍റെ രക്ഷകരായിരുന്നു.
വാക്കത്തി കൊണ്ട് കുന്നന്‍വാഴയുടെ തളിരിലകള്‍ മുറിച്ചെടുത്ത് ചിരട്ടക്കനലില്‍ വാട്ടിയെടുത്ത് അവരുണ്ടാക്കിയ ഔഷധം ചില ഭാഗ്യവാന്‍മാരുടെ
ജാതകം തിരുത്തിയെഴുതി.
'യാ..അളളാ..
നിന്‍റെ പരീക്ഷണം ഇത്ര കടുത്തതോ..?'
എന്ന് പറഞ്ഞ് സൂപ്പിമുക്രി കരഞ്ഞു കൊണ്ട് സുജൂദില്‍ വീണു.
പളളിക്കാട്ടില്‍ അപ്പോഴും ഖബര്‍ വെട്ടുകാരന്‍ കുഞ്ഞാലിയുടെ മണ്‍വെട്ടി ആഞ്ഞാഞ്ഞ് പതിച്ചു കൊണ്ടിരുന്നു..
------------------------------------
* അദാബ്- ദുരന്തം
* മൗത്ത് - മരണം
-ജാബിര്‍ മലയില്‍
തൊലിനിറം കറുത്തതു കാരണത്താല്‍ വരണമാല്യം ഒരു കിനാവു മാത്രമായ ഹതഭാഗ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ?
കോഴിക്കോട്ടെ ഇറയന്‍കുന്ന് ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ഒരു കടലോളം കണ്ണീരു കുടിച്ച് ഒടുവില്‍ ആരോടുമാരോടും പരിഭവങ്ങളില്ലാതെ വിധിയുടെ തീരത്തേയ്ക്കു തനിയെ നടന്നുപോയ പ്രിയപ്പെട്ട സുഹറ..
സുഹറയെ ഞാന്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പുളള ഒരു അവധിക്കാലത്താണ്. ബന്ധുവിന്‍റെ വീട്ടില്‍ വേനല്‍ക്കാലത്തിന്‍റെ മധുരം നുണയാന്‍പോയ, മേടവെയില്‍ തൊടിയിലെ കടലാവണക്കിനെ സുവര്‍ണ്ണപ്പട്ടുടുപ്പിച്ച ചുട്ടുപഴുത്ത ഒരു മധ്യാഹ്നത്തില്‍..
മേടക്കാറ്റ് ആര്‍ദ്രമായി ചുംബിച്ച മുള്‍വേലിയിലെ പൊന്തകളില്‍ വിടര്‍ന്നു ചിരിക്കുന്ന മഞ്ഞരളിപ്പൂക്കള്‍ ഇറുത്തെടുക്കാറുണ്ടായിരുന്ന ആ പാവടക്കാരിയെ ഒരു ദുരന്തകഥയിലെ നായികയാക്കി കാലം വേഷം കെട്ടിച്ചത് എന്തിനായിരുന്നു?
കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന, ചെറുതും വലുതുമായ ഒത്തിരി രോഗങ്ങളാല്‍ ജീവിതത്തിന്‍റെ നിറങ്ങള്‍ നഷ്ടപ്പെട്ട് നിത്യദുഃഖത്തിന്‍റെ തടവറയിലകപ്പെട്ടുപോയ സുഹറയുടെ ബാപ്പ കുഞ്ഞിക്ക..
മൂന്ന് പെണ്‍മക്കളില്‍ മൂത്തവളായ സുഹറ വളര്‍ന്നു വലുതാകുമ്പോള്‍ അയാളുടെ നെഞ്ച് തീനാളങ്ങള്‍ നക്കിത്തുടക്കുകയായിരുന്നു.
മൂവന്തിയിയില്‍ പണികഴിഞ്ഞ് കുമ്മായവും ചെമ്മണ്ണും പുരണ്ട തന്‍റെ കൈലിയും കുപ്പായവുമെടുത്ത് മകള്‍ കിണറ്റിന്‍കരയിലേയ്ക്കു നടക്കുമ്പോള്‍ അവളെ നോക്കി കുഞ്ഞിക്ക പലപ്പോഴും നെഞ്ചത്തു കൈവെച്ചു നെടുവീര്‍പ്പിട്ടു.
മകളെ കൊളളാവുന്ന ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണം, അവള്‍ക്കു താഴെയുളളവരെയും ഒരു കരയ്ക്കെത്തിക്കണം..ജീവിതം ഒരു മരുഭൂമി പോലെ, നിറവിന്‍റെ ഇത്തിരി പച്ചപ്പുപോലുമില്ലാതെ പരന്നുകിടക്കുകയാണെന്ന് അയാള്‍ക്കു തോന്നിയിട്ടുണ്ടാവണം.
സുഹറയ്ക്കു വന്ന പല ആലോചനകളും ജലരേഖകള്‍ മാത്രമായി. കറുപ്പായിരുന്നു അവള്‍. ചൂണ്ടുവിരല്‍ കൊണ്ട് സുഹറയുടെ കവിളത്തു തൊട്ട് നമുക്ക് കണ്ണെഴുതാം.
അത്രയ്ക്ക് കറുപ്പ്!
ചിരിക്കുമ്പോള്‍ പുറത്തേയ്ക്കുന്തിയ പല്ലുകള്‍ മറച്ചുപിടിക്കാന്‍ അവള്‍ ചുണ്ടുകള്‍ കൊണ്ട് മതിലു കെട്ടി. മറ്റുളളവരുടെ പരിഹാസ നോട്ടങ്ങളില്‍ ആ നെഞ്ചുപിടഞ്ഞു, ആരുമറിയാതെ കുമ്മായമര്‍ടന്ന മുറിയിലെ എണ്ണപുരണ്ട് അഴുകിയ തലയണയില്‍ മുഖം ചേര്‍ത്ത് ഏങ്ങിയേങ്ങി കരഞ്ഞു.
സുഹറയുടെ വിവാഹസ്വപ്നങ്ങള്‍ പൂവണിയാതെ വാടിക്കരിഞ്ഞു പോയപ്പോള്‍ കുഞ്ഞിക്കയുടെ ഹൃദയം വെന്തുരുകി. ആദ്യമാദ്യം അവളെ പെണ്ണുകാണാന്‍ പലരും വന്നിരുന്നെങ്കിലും പിന്നീട് ആരും ആ വഴി വരാതായി. ബോക്കര്‍മാര്‍പോലും സുഹറയെ എഴുതിത്തളളി.
സുഹറയുടെ ഉമ്മ ഹഫ്സ മകളുടെ ദുര്‍വിധിയോര്‍ത്ത് നെഞ്ചുതകര്‍ന്നു കരഞ്ഞു. സുഹറക്കു പിറകെ തഴച്ചുവളരുന്ന അനിയത്തിമാര്‍ ഉത്തരമില്ലാത്ത ചോദ്യചിഹ്നമായി അവരുടെ മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്നു.
സുഹറയെ കാണുന്നതു പോലും പിന്നീട് ഉമ്മയ്ക്കും ബാപ്പക്കും വെറുപ്പായി. തങ്ങളുടെ സ്വസ്ഥജീവിതത്തിന് എന്നേയ്ക്കുമായി അവളൊരു വിലങ്ങുതടിയും ഭാരവുമാകുമെന്ന് അവര്‍ കരുതിക്കാണണം. കൊച്ചു തെറ്റുകള്‍ക്കുപോലും അവള്‍ക്ക് പൊതിരെ ശകാരം കേട്ടു, തല്ലു കിട്ടി.
'കുടുംബം തുലക്കാന്‍ പിറന്നവള്‍' എന്നു പോലും ഒരിക്കല്‍ ഉമ്മ അവളെ വിളിച്ചു.
സുഹറ കരഞ്ഞു.
കരയാന്‍ മാത്രമേ അവള്‍ക്കറിയാമായിരുന്നുളളു.
ഒരിക്കല്‍ വെളളയടിക്കാത്ത ചുമരില്‍ തൂക്കിയിട്ട നീലക്കണ്ണാടിയില്‍ ആരും ഇഷ്ടപ്പെടാത്ത തന്‍റെ പ്രതിബിംബം കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു അവള്‍ തന്‍റെ മുഷ്ടി ചുരുട്ടി തുരുതുരാ അതിലിടിച്ചു. ഓരോ പ്രഹരത്തിലും കണ്ണാടിയില്‍ നെടുകെയും കുറുകെയും വരകള്‍ വീഴുകയും അവളുടെ കൈകളില്‍ ചുവന്ന ചായം തെളിയുകയും ചെയ്തു.
നിദ്രകളില്ലാത്ത രാത്രികളില്‍ സുഹറയുടെ നെടുവീര്‍പ്പുകള്‍ കത്തിയെരിയുന്ന ചിതയിലെ പൊട്ടലും ചീറ്റലും പോലെ തുറന്നിട്ട ജനാലയിലൂടെ പുറത്തെ കൂരിരുട്ടിലേയ്ക്ക് തെറിച്ചുവീണു..
ഒരുനാള്‍ ദൂരെയെങ്ങോ ഉളള ഒരു രണ്ടാം കെട്ടുകാരന്‍ അവളുടെ കൈപിടിക്കാനെത്തി. ആവശ്യപ്പെട്ട കാശിന്‍റെയും മഞ്ഞലോഹത്തിന്‍റെയും ഉപാധിയില്‍ സുഹറയെ അയാള്‍ വേളി കഴിച്ചു കൊണ്ടുപോയി.
സുഹറ ഒരുപാട് സന്തോഷിച്ചു.
താനൊരു ഭാരമായി മറ്റുളളവരുടെ ജീവിതത്തില്‍ ഇനിയുണ്ടാവരുതെന്ന് അവള്‍ അതിയായി ആഗ്രഹിച്ചിരുന്നു.
പക്ഷേ,
വിധിയുടെ വേഷപ്പകര്‍ച്ചകള്‍ അവിടെയും അവസാനിച്ചില്ല!
ഏതോ ഒരു അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണര്‍ന്ന സുഹറ തൊട്ടടുത്ത് പ്രിയതമനെ കാണാതിരുന്നപ്പോള്‍ ഞെട്ടിപ്പോയി. ചാരിവെച്ച വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഇരുട്ടിന്‍റെ മഹാപ്രളയമല്ലാതെ മറ്റൊന്നും കണ്ടില്ല.
ആധിയോടെ നെഞ്ചത്ത് കൈവെച്ച അവളില്‍ രണ്ടാമത്തെ ഉള്‍ക്കിടിലമുണ്ടായി!
രണ്ടുപവന്‍റെ മാല കാണാനില്ല!
അപ്പോഴാണ് കൈകളിലേയ്ക്കു ശ്രദ്ധിച്ചത്.
അതും ശൂന്യമായിരുന്നു.
പുറത്തെ ഇരുട്ട് കണ്ണുകളിലേയ്ക്ക് തിരയടിച്ച് കയറുന്നതും കാലുകള്‍ ബലമില്ലാതായി കുഴഞ്ഞുപോവുന്നതും മാത്രം അവളറിഞ്ഞു..
സുഹറയുടെ ജീവിതം വീണ്ടും സ്വന്തം വീട്ടില്‍ വഴിയറിയാതെ ഉഴറി നടന്നു.
അവളുടെ ബാപ്പ കുഞ്ഞിക്ക, കൊടുത്തുവീട്ടേണ്ട കടങ്ങളുടെയും ബാങ്കിലെ ജപ്തി നോട്ടിസിന്‍റെയും അഴിയാക്കുരുക്കുകളില്‍ കൈകാലിട്ടടിച്ചു പിടഞ്ഞു.
സുഹറയോട് ആരും മിണ്ടാതായി.
അനിയത്തിമാര്‍ പോലും ഒരു അപരാധിയെ പോലെ അവളെ രൂക്ഷമായി നോക്കി. ഉമ്മ മുഖം കൊടുത്തില്ല, കുഞ്ഞിക്ക ശാപവാക്കുകള്‍ ചൊരിഞ്ഞ് അവളുടെ നെഞ്ചിലെ കനല്‍ ഊതിക്കത്തിച്ചു.
ഒരു വൈകുന്നേരം പടിഞ്ഞാറേ തൊടിയിയിലെ വരിക്കപ്ളാവിന്‍റെ ചുവട്ടിലേയ്ക്ക് സുഹറ വായ പൊത്തിപ്പിടിച്ചുകൊണ്ട് ഓടുന്നതു കണ്ടപ്പോള്‍ ഉമ്മ നെഞ്ചത്ത് കൈ വെച്ചു. തൊണ്ടപറിഞ്ഞ് പുറത്തു ചാടുന്ന ശക്തിയില്‍ അവള്‍ ചര്‍ദ്ധിച്ചപ്പോള്‍ ഉമ്മയും അനിയത്തിമാരും തരിച്ചുനിന്നു.
അന്ന് ആ വീട്ടില്‍ ആരും ഉറങ്ങിയില്ല.
രാത്രിയുടെ നിശ്ശബ്ദതയില്‍ ഉമ്മയുടെ ഗദ്ഗദവും കുഞ്ഞിക്കയുടെ ശാപശരങ്ങളും അനിയത്തിമാരുടെ അടിക്കിപ്പിടിച്ച സംസാരവും മാത്രം കേട്ടു.
സുഹറയുടെ മുറി അനക്കമറ്റു കിടന്നു.
പിറ്റേന്ന് അവള്‍ കിടന്ന മുറിയുടെ പാതി ചാരിയ വാതില്‍ തുറന്ന ഉമ്മയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചത് സുഹറയുടെ നിറംമങ്ങിയ വെളളിപ്പാദസരങ്ങളണിഞ്ഞ കാല്‍പാദങ്ങളായിരുന്നു!!
തൊണ്ടയില്‍ വന്നുതൊട്ട നിലവിളിയോടെ അവര്‍ മുകളിലേയ്ക്കു നോക്കിയപ്പോള്‍ വീടിന്‍റെ ഉത്തരത്തില്‍ കെട്ടിയ ഒരു മുഴം മുണ്ടില്‍ ആ പാവം പെണ്‍കുട്ടി.......
ദുഃഖപുത്രീ...
അവധിക്കാലങ്ങള്‍ക്ക് ഇന്നും നിന്‍റെ മുഖമാണ്!
കരള്‍ പറിഞ്ഞുപോവുന്ന വേദനയുടെ മുഖം!
------------------------------
-ജാബിര്‍ മലയില്‍
കഥ: വീണ്ടും പൂക്കുന്ന ഗുല്‍മോഹര്‍
🌷🌷🌷🌷🌷
കോളേജില്‍ ക്ളാസെടുത്തു കൊണ്ടിരിക്കവേയാണ് ആ പെണ്‍കുട്ടിയുടെ കരിമഷിക്കണ്ണുകള്‍ എന്‍റേതുമായി കോര്‍ത്തു വലിച്ചത്!
നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയി.
റോമാസാമ്രാജ്യത്തിന്‍റെ അധഃപതന കാരണങ്ങള്‍ അക്കമിട്ടു വിവരിക്കുമ്പോഴും ആ കണ്ണുകള്‍
ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറ പോലെ എന്നെ ഒപ്പിയെടുക്കുന്നതായി തോന്നി.
കല്യാണവീട്ടില്‍ നമ്മെ വിടാതെ പിന്തുടരുന്ന ക്യാമറമാന്‍റെ മുമ്പില്‍ പെട്ടാലുളള ജാള്യതയാണ് അപ്പോള്‍ തോന്നിയത്.
ഈ കോളേജിലേയ്ക്ക് ഞാന്‍ ട്രാന്‍സഫറായി വന്നിട്ട് പത്തു വർഷങ്ങൾ കഴിഞ്ഞു. തെക്കന്‍ ജില്ലയിലെ ഒരു മലയോര ഗ്രാമം. വിദ്യാര്‍ത്ഥികളില്‍ അധികവും കര്‍ഷകകുടുംബത്തില്‍ നിന്നുളളവര്‍.
നിരയൊത്ത തേയിലക്കാടുകള്‍ക്കു താഴെ ഇളംപച്ച പുല്ലുകള്‍ പറ്റിപ്പിടിച്ച് ഒരു മെത്തപോലെ തോന്നിക്കുന്ന മുറ്റമുളള പഴകിയ ഒരു ഓടിട്ട വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്.
അടുത്ത് ഒരു ചെറ്റക്കുടിലില്‍ ടാപ്പിംഗ് ജോലിക്കു പോവുന്ന വൃദ്ധയും അവരുടെ മുപ്പതു വയസ്സ് തോന്നിക്കുന്ന യുവാവുമാണ് താമസം.
ഒരു ചായ കുടിക്കാനോ സിഗരറ്റു വലിക്കാനോ തോന്നിയാല്‍ ഒരു കിലോമീറ്റര്‍ നടക്കണം.
തേയിലത്തോട്ടങ്ങള്‍ക്കു ഇടയിലൂടെ വളഞ്ഞുപുളഞ്ഞു പോവുന്ന റോഡിലൂടെയുളള പ്രഭാതസവാരി ഹരം തന്നെയാണ്.
തേയില നുളളാന്‍ പോവുന്ന സ്ത്രീകളും
പരുത്ത കോട്ടു ധരിച്ച പുരുഷന്‍മാരും മൂടല്‍മഞ്ഞിനുളളിലൂടെ നടന്നുപോവുന്നത് കാണുമ്പോള്‍ പണ്ടെങ്ങോ കണ്ടുമറന്ന ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെ തോന്നിക്കും..
അന്നു രാത്രി എനിക്ക് ഉറക്കം വന്നില്ല.
ആ പെണ്‍കുട്ടിയുടെ വിടര്‍ന്നു തെളിഞ്ഞ കണ്ണുകള്‍ എന്‍റെ മനസ്സില്‍ പലവട്ടം ഇമചിമ്മിത്തുറന്നു.
പ്രായം അന്‍പതു പിന്നിട്ടിട്ടും ഉളളില്‍ ഒളിച്ചു കളിക്കുന്ന ഒരു കൗമാരക്കാരന്‍ ഇന്നും എന്‍റെ തലവേദനയാണ്.
രണ്ട് ആണ്‍കുട്ടികളാണുളളത്. രണ്ടുപേരും കല്യാണം കഴിച്ച് കുട്ടികളായി.
ഒരാള്‍ കുടുംബസമേതം അമേരിക്കയില്‍.
മറ്റേയാള്‍ മംഗലാപുരത്ത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എഞ്ചിനീയറാണ്. വല്ലപ്പോഴും വരും.
വീട്ടില്‍ ഭാര്യയും വേലക്കാരിയും തനിച്ച്.
അവള്‍ക്ക് ഈയിടെയായി ഓര്‍മ്മക്കുറവുണ്ട്. കൂടെ തലചുറ്റലും ക്ഷീണവും. കിടത്തം തന്നെ.
ഒരു ദിവസം വീട്ടിലേയ്ക്കു കയറിച്ചെന്നപ്പോള്‍ പിടഞ്ഞെണീറ്റു കൊണ്ട് എന്നോടു ചോദിക്കുന്നു,
''ആരാ..?''
ഒരു കിഴുക്ക് കൊടുക്കാനാണ് തോന്നിയത്.
അവളെ രൂക്ഷമായി ഒന്നു നോക്കിയിട്ട് മിണ്ടാതെ അകത്തേയ്ക്കു കയറി.
ക്ളാസെടുക്കുമ്പോള്‍ എന്നെ സാകൂതം പിന്തുടരുന്ന ഒരു ജോടി കണ്ണുകളുളള ആ ക്ളാസ് റൂമിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ മേലാസകലം വിറയല്‍ വരാറുണ്ട് ഇപ്പോള്‍.
പലപ്പോഴും തൊണ്ടവറ്റും. ശബ്ദമിടറും.
ആ പെൺകുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കാതിരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണുകളിടയുമ്പോൾ ഒഴുക്കുള്ള വാക്കുകൾ മുറിഞ്ഞ് ഒടുവിൽ ശൂന്യത മാത്രമായി..
ഒരുദിവസം രാത്രിയിൽ, പിറ്റേന്ന് എടുക്കാനുള്ള 'റഷ്യൻ വിപ്ലവത്തിന്റെ' ലെക്ചർ നോട്ട് തയ്യാറാക്കാൻ വേണ്ടി റഫറൻസ് ബുക്ക് തുറന്നപ്പോഴാണ് നാലായി മടക്കിയ ഒരു വെള്ളപേപ്പർ ശ്രദ്ധയിൽ പെട്ടത്!!
കൗതുകത്തോടെ എടുത്ത് നിവർത്തിയപ്പോൾ കണ്ട വരികൾ വായിച്ച് ഉള്ളൊന്ന് കിടുങ്ങി..
' ഐ ലവ് യു സാർ ..
സ്വന്തം പാർവതി.'
ആറാം ക്‌ളാസ്സിൽവെച്ച് പ്രണയലേഖനം കിട്ടിയ കുട്ടിയെ പോലെ ഞാൻ പരിഭ്രാന്തനായി. എന്റെ ഹൃദയമിടിപ്പ് കൂടുകയും ആരെങ്കിലും ഇത് കാണുന്നുണ്ടോ എന്ന് പേടിയോടെ ചുറ്റും നോക്കുകയും ചെയ്തു.
തുറന്നു വെച്ച പടിഞ്ഞാറുഭാഗത്തെ ജനാല ചേർത്തടച്ച് ബെഡ്‌ഡിലിരുന്ന് ആയിരാമവർത്തി ആ എഴുത്ത് ഞാൻ വായിച്ചു. കൊതിതീരാതെ വീണ്ടും വീണ്ടും വായിച്ച് എഴുത്ത് നെഞ്ചോടു ചേർത്ത് ഉറങ്ങിപ്പോയി.
പിറ്റേന്ന് എണീറ്റപ്പോൾ ആകെയൊരു ഉന്മേഷം. മുറ്റത്തുവിടർന്ന ചെമ്പകത്തിനു വല്ലാത്ത നറുമണം.
കുളിച്ചു ഫ്രഷായി കണ്ണാടിയിൽ നോക്കിയപ്പോൾ ചെറുപ്പമായതുപോലെ തോന്നി. പകുതിയോളം നരവീണ മുടിയിൽ 'ജസ്റ്റ് ഫോർ മാന്‍' കമ്പനിയുടെ ഹെയർ ഡൈ തന്നെ പുരട്ടി. ഇൻസേർട്ട് ചെയ്ത് ബെൽറ്റ് മുറുകുമ്പോൾ അറിയാതെ ഒരു പാട്ട് ചുണ്ടിൽ വന്നു..
''പിന്നെയും പിന്നെയും ആരോ കിനാവിന്റെ..''
സ്റ്റാഫ് റൂമിലെത്തിയപ്പോൾ ജൂനിയർ സ്റ്റാഫിൽ പെട്ട മനുചന്ദ്രൻ, പ്രൊഫസര്‍ ഇമ്മാനുവലിനോട് ശബ്ദം താഴ്ത്തി പറയുന്നത് കേട്ടു , 'കെളവൻ ഇതെന്തുഭവിച്ചാ' എന്ന്.
'റിട്ടയര്‍മെന്‍റിന് ഇനി അധികകാലമില്ലല്ലോ. അയാൾ പൊളിക്കട്ടെ' എന്ന് പറഞ്ഞ് ഇമ്മാനുവൽ ഡസ്ക്കിലടിച്ച് എന്നെ നോക്കി ചിരിയോട്‌ചിരി. .
കാളാസ്സിലെത്തിയപ്പോൾ കുട്ടികളുടെ കണ്ണുകൾ വിടർന്നു.
അവർ അത്ഭുതത്തോടെ പരസ്പരം നോക്കി.
പൊതുവെ ഗൗരവക്കാരനായ എന്റെ ക്‌ളാസിൽ കുട്ടികൾ ഒരക്ഷരം മിണ്ടാറില്ല.
ഇത്തവണ സിലബസിനു പുറത്തെ വിശേഷങ്ങളും മറ്റും ഞാൻ നർമ്മത്തിൽ ചാലിച്ച് വിളമ്പിയപ്പോൾ ചിരിക്കണോ വേണ്ടയോ എന്നറിയാതെ അവർ കുഴങ്ങി.
പാർവതിയുടെ കണ്ണുകളിലെ തിളക്കം എന്നെ ആവേശം കൊള്ളിച്ചു.
അവളോട് ഒന്നുരണ്ടു ചോദ്യങ്ങളും ചോദിച്ചു. രണ്ടിനും ആന്‍സര്‍ കിട്ടാതെ അവൾ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ' സാരമില്ല, നാളെ പഠിച്ചു വന്നാൽ മതി' എന്ന് ഞാൻ മൃദുവായി പറഞ്ഞു.
എന്നിൽ വന്ന മാറ്റം കുട്ടികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.
ആയിടക്കാണ് എൻ.എസ് എസ്. ആന്വൽ ക്യാമ്പ് വന്നത്.
ഒരു ദിവസം അവിടെയൊന്ന് ചുറ്റി. ഇക്കാലമത്രയും അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത എന്നെ
കണ്ടപ്പോൾ പ്രോഗ്രാം ഓഫീസർ നികേഷ് സാർ വാ പൊളിച്ചു നിന്നുപോയി.
പാർവതിയെ കാണുകയായിരുന്നു എന്റെ ലക്‌ഷ്യം.
ഉദ്ഘാടനത്തിനു ഒരു പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതുകഴിഞ്ഞ് ആശംസകൾ അറിയിക്കാൻ എന്നെ വിളിച്ചു. സദസ്സ് നിശബ്ദമായി.
കുറഞ്ഞ വാക്കുകൾ പറഞ്ഞ് അവസാനിപ്പിക്കണമെന്നാണ് ഞാൻ കരുതിയത്. പക്ഷേ , പാർവതിയെ ആ കൂട്ടത്തിൽ കണ്ടപ്പോൾ ഒരു പാട്ടു പാടിയാല്‍ കൊള്ളാമെന്നു തോന്നി.
' ഇനി ഞാൻ നിങ്ങള്ക്ക് വേണ്ടി ഒരു പാട്ടു പടിയാലോ' എന്ന് ചോദിച്ചപ്പോൾ കുട്ടികൾ അന്തം വിട്ടുപോയി!
'സാർ പാടണം, സാർ പാടണം '
അവർ കൂവുകയും കയ്യടിക്കുകയും ചെയ്തു.
ഞാനൊന്നു മുരടനക്കി. പിന്നെ കണ്ണ് പൂട്ടി ധ്യാനിച്ച് ഒരു നിമിഷം മൈക്കിന് മുമ്പിൽ നിന്നു .
കുട്ടികൾ വീണ്ടും കയ്യടിച്ചു.
''പ്രാണസഖി ഞാൻ വെറുമൊരു..''
പാടാൻ തുടങ്ങിയപ്പോൾ കുട്ടികൾ ആർത്തുചിരിച്ചു..കയ്യടിച്ചു. പെൺകുട്ടികൾ ചിരിച്ച് ചിരിച്ച് ഡെസ്കിൽ തലതല്ലി വീണു.
നികേഷ് വിശ്വാസം വരാതെ മൂക്കത്ത് വിരൽ വെച്ച് എന്നെ തുറിച്ചു നോക്കി.
മടങ്ങുമ്പോൾ പാർവതിക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ മറന്നില്ല.
അവൾ കണ്ണിറുക്കി.
കുട്ടികൾ ഒരു അത്ഭുതജീവിയെപോലെ എന്നെ നോക്കി നിന്നു.
''ഞാൻ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ സാർ ആകെയങ്ങ് മാറിപ്പോയി. ചുമ്മാ എഴുതിയതാട്ടോ അന്നത്തെ ലെറ്റർ. ഒരു രസത്തിന്. അതുകൊണ്ട് സാറിന്റെ ബലം പിടുത്തം പോയിക്കിട്ടിയല്ലോ. ക്ഷമിച്ചേക്കണേ ..''
പരീക്ഷ കഴിഞ്ഞ് കോളേജിനോട് വിടപറയാൻ നേരം പാർവതിയുടെ അവസാന എഴുത്ത് വായിച്ച് ഞാൻ ബോധം കെട്ട് വീണില്ല എന്നേയുള്ളു.
എന്നാലും ആയുസ്സിന്റെ സായാഹ്നത്തിൽ ഒരു പെണ്ണ് ജീവിതത്തിലുണ്ടാക്കുന്ന വിസ്മയകരമായ മാറ്റത്തെക്കുറിച്ച് ഞാൻ അത്ഭുതത്തോടെ ചിന്തിച്ചുപോയി.
-----------------------------
-ജാബിര്‍ മലയില്‍
തീയെടുക്കുന്ന കനവുകള്‍
💔💔💔💔
പ്രിയപ്പെട്ട മര്‍വ...
ഞാന്‍ ഈ കത്തെഴുതുന്നത് കാണ്ഡഹാറിന്‍റെ വടക്കുഭാഗത്തുളള വസീറിസ്ഥാനില്‍ നിന്നാണ്.
ഞാനിരിക്കുന്ന മുറിയുടെ തുറന്നിട്ട ജനാലക്കപ്പുറം ഇപ്പോഴും നമ്മുടെ പോപ്ളാര്‍ മരങ്ങള്‍ തണല്‍ പൊഴിച്ച് നില്‍പ്പുണ്ട്.
ഇന്നലെ രാത്രിയില്‍ ഇവിടെ മഴ പെയ്തു. ഇലച്ചാര്‍ത്തുകളില്‍ സൂര്യപ്രകാശം മഴത്തുളളികളെ വജ്രത്തിന്‍റെ തിളക്കമുളളതാക്കുന്നു..
മര്‍വ..
നീ പോയതില്‍ പിന്നെ കൂരിരുളില്‍ തനിച്ചായതു പോലെയായി എന്‍റെ ദിനങ്ങള്‍. ജീവിതത്തിലെ വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ട പ്രതീതി..
കാബൂളിലെ മഞ്ഞുകാലങ്ങള്‍ നീ ഓര്‍ക്കുന്നുണ്ടോ മര്‍വ.?
സ്കൂള്‍ അവധിയായതിനാല്‍ നമുക്കത് ഉത്സവകാലങ്ങളായിരുന്നു. എത്രമാത്രം സന്തോഷിച്ചിരുന്നു നമ്മളന്ന്.
നമ്മുടെ വീടിന്‍റെ ജാലകത്തില്‍ മഞ്ഞുവീഴുന്നതിന്‍റെ മൃദുസ്വനം..
നടക്കുമ്പോള്‍ കറുത്ത റബ്ബര്‍ബൂട്സിന്‍റെ താഴെ മഞ്ഞുകട്ടകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം..
വീട്ടിനുളളിലെ ഇരുമ്പടുപ്പില്‍ നിന്നുളള ചൂടേല്‍ക്കാന്‍ നമ്മള്‍ നേരത്തെ ഉറക്കമുണരുന്ന ശൈത്യകാലങ്ങള്‍ എത്രമനോഹരങ്ങളായിരുന്നു.
മുറ്റം നിറയെ പുകമഞ്ഞുമൂടിക്കുന്നുണ്ടാവും. നീണ്ട പൈജാമയും മുകളില്‍ കമ്പിളിക്കോട്ടും ധരിച്ച് കൈകള്‍ കോര്‍ത്തുപിടിച്ച് നമ്മള്‍ അകലെ ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ മേയുന്ന പാടത്തേയ്ക്കു നടക്കും.
വാഹനങ്ങളുടെ ചക്രങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുണ്ടാകുന്ന ശബ്ദവും ഒട്ടകങ്ങളുടെ കഴുത്തിലെ കുടമണിക്കിലുക്കവും അപ്പോള്‍ അവ്യക്തമായി കേള്‍ക്കാനാവും.
ദൂരെ മാതളമരങ്ങളുടെ അരികുപറ്റി നടന്നു പോവുന്ന പെണ്ണുങ്ങള്‍ നിറപ്പകിട്ടുളള വസ്ത്രങ്ങളും കാലില്‍ വെളളിത്തളകളുമണിഞ്ഞ് ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട് നടന്നു പോവുന്നുണ്ടാവും.
മര്‍വ..
സായാഹ്നങ്ങളില്‍ നമ്മള്‍ ചെന്നിരിക്കാറുളള വില്ലോ മരങ്ങളുടെ ഇലകള്‍ നേര്‍ത്ത കാറ്റില്‍ പൊഴിഞ്ഞു വീഴുമ്പോള്‍ അകലെ നിന്ന് എന്‍റെ ബാബ നേര്‍ത്ത ശബ്ദത്തില്‍ പാടാറുണ്ടായിരുന്ന അഫ്ഗാനിന്‍റെ അനശ്വരഗായകന്‍ അഹമ്മദ് സാഹിറിന്‍റെ വരികള്‍ മറന്നു പോയോ...?
''മഞ്ഞുകാലം ഇലകള്‍ പൊഴിച്ചു,
വസന്തരാത്രികള്‍ മിഴിതുറന്നു,
പെയ്യാന്‍ തുടങ്ങുന്ന നിന്‍- മിഴിക്കോണില്‍
തിളങ്ങുന്ന മുത്തുകള്‍ ഞാനല്ലയോ..''
തബലയുടെയും ഹാര്‍മോണിയത്തിന്‍റെയും അകമ്പടിയോടെ ഒഴുകിയെത്തുന്ന ആ പാട്ടുകള്‍ നമ്മുടെ ബാല്യത്തിന്‍റെ ഉണര്‍ത്തുപാട്ടുകളായിരുന്നില്ലേ മര്‍വ..?
ശീതക്കാറ്റ് ആഞ്ഞുവീശുന്ന തണുത്തുറഞ്ഞ കാബൂള്‍ രാത്രികളില്‍
മച്ചില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന കവരവിളക്കുകള്‍ക്കു താഴെ സ്വര്‍ണ്ണ നിറമുളള വെളിച്ചത്തില്‍ നമ്മളെത്ര രാത്രികള്‍ കഥകള്‍ ചൊല്ലി, കവിത പാടി, നിറമുളള കിനാവുകള്‍ നെയ്തു..
ഖയാമിന്‍റെയും ഹഫീസിന്‍റെയും പ്രണയാര്‍ദ്രമായ വരികള്‍ പാടിത്തീരുമ്പോള്‍ പുറത്തെ മരങ്ങളുടെ ഇലത്തുമ്പുകളില്‍ മഞ്ഞുകണങ്ങള്‍ അതിലോലമായി പെയ്തിറങ്ങിയിരുന്നു..
മര്‍വ..
ആരാണ് നമ്മുടെ ബാല്യത്തിന്‍റെ മയില്‍പ്പീലികള്‍ മോഷ്ടിച്ചത്..?
ആരാണ് നമ്മുടെ കിനാവുകള്‍ക്കു മീതെ
വെടിയുണ്ടകള്‍ വര്‍ഷിച്ചത്..?
ആ ശനിയാഴ്ച ഞാനിന്നും മറന്നിട്ടില്ല.
കാബൂളിന്‍റെ നീലാകാശത്ത് പൊട്ടു പോലെ തെളിഞ്ഞ പോര്‍വിമാനങ്ങളില്‍ നിന്ന് തുരുതുരാ കൊഴിഞ്ഞുവീണ തീയുണ്ടകള്‍ നമ്മളുണ്ടാക്കിയ കളിവീടുകള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ മര്‍വ, നീ സ്കൂള്‍ വിട്ട് വന്നിട്ടുണ്ടായിരുന്നില്ല..
എന്‍റെ വീടിന്‍റെ ഇഷ്ടിക പാകിയ മുറ്റത്ത് പാതി തിന്നു തീര്‍ത്ത ഒലിവില കടിച്ചു പിടിച്ച് എന്‍റെ അരുമയായ ആട്ടിന്‍കുട്ടി 'അബീര്‍' ചോരയില്‍ കുളിച്ച് നിത്യനിദ്രയിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു.
അവന്‍റെ തുറന്ന, കറുത്തുതുടുത്ത കുഞ്ഞിക്കണ്ണുകളില്‍ അറ്റമില്ലാത്ത ദൈന്യത തളംകെട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
അന്നു രാത്രി നമ്മള്‍ ഉറങ്ങിയില്ല.
മാനത്ത് മിന്നല്‍പ്പിണര്‍പോലെ എന്തൊക്കെയോ തെളിയുകയും പൊട്ടുകയും ചെയ്തു. അടുക്കളച്ചായ്പ്പില്‍ കൂനിക്കൂടി ഇരുന്ന് അരക്ഷിതത്വത്തിന്‍റെ നൂല്‍പ്പാലത്തിലൂടെ നമ്മളെത്ര രാത്രികള്‍ യാത്ര ചെയ്തു.
മര്‍വ..
അവസാനമായി നമ്മള്‍ കണ്ടെതെന്നാണ്..?
ഒലിവിലയുടെ നിറമുളള നീളന്‍ ഉടുപ്പ് ധരിച്ച് സുവര്‍ണ്ണ അരികുകളുളള തട്ടമിട്ട് ഉപ്പയുടെ കൈപിടിച്ച് അഭയാര്‍ത്ഥികളിലൊരുവളായി നമ്മുടെ ഷര്‍- ഈ-നൗ പട്ടണത്തിന്‍റെ ഇടുങ്ങിയ വീഥികളിലൂടെ നീ നടന്നു നീങ്ങുമ്പോള്‍ അവസാനമായി എനിക്കു തന്ന പ്രണയകടാക്ഷം കാലങ്ങള്‍ക്കപ്പുറത്തു നിന്ന് മനസ്സിനെ ഇന്നും തൊട്ടുണര്‍ത്തുന്നു..
മര്‍വ..
യുദ്ധങ്ങള്‍ ഒന്നും നേടിയിട്ടില്ല.
നമ്മെ പോലെ ഗൃഹനിഷ്ക്കാസിതരാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യേണ്ടിവന്ന ശതകോടികളുടെ കണ്ണീരിന് എന്തു പ്രായശ്ചിത്തം ചെയ്താലാണ് മതിയാവുക?
ഈ എഴുത്ത് എന്തിനെഴുതി എന്നു പോലുമെനിക്കറിയില്ല.
നീ എവിടെയാണെന്നും എനിക്കറിയില്ല.
എങ്കിലും, ചവിട്ടിമെതിക്കപ്പെടുകയും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കലഹിക്കുകയും കരയുകയും ചെയ്യുന്ന അഫ്ഗാനിലെ ഏതോ ഒരു അഭയാര്‍ത്ഥി ക്യാമ്പിന്‍റെ തകര്‍ന്നുപോയ കൂടാരത്തിന്‍റെ മൂലയില്‍ എന്‍റെ കൂട്ടുകാരിയെ ഞാനിന്നും ഒരു സ്വപ്നത്തിലെന്നവണ്ണം കാണാറുണ്ട്.
മര്‍വ..
മഞ്ഞുകാലം ഇനിയുമൊരിക്കല്‍ കൂടി വിരുന്നിനെത്തുമ്പോള്‍ കാബൂളിന്‍റെ മാതളത്തോട്ടത്തില്‍ നിന്ന് ഒരു തുടത്ത പഴം ഞാന്‍ നിനക്കായി പറിച്ചെടുക്കും.
അന്ന് രാവെളുക്കുവോളം നമുക്ക് കഥകള്‍ പറഞ്ഞിരിക്കണം, ഫയാസിന്റെ കവിതകൾ പാടണം, സായന്തനത്തില്‍ ആകാശത്ത് പറന്നു നടക്കുന്ന വര്‍ണ്ണപ്പട്ടങ്ങളുടെ മനോഹാരിത കണ്ട് സ്വപ്നങ്ങളെ പറക്കാന്‍ വിടണം...അകലേയ്ക്ക്..ദൂരേയ്ക്ക്..ചോളപ്പാടങ്ങൾക്കപ്പുറത്തേക്ക്..
-----------------------------
-ജാബിര്‍ മലയില്‍
ഹന്നയുടെ പാവക്കുട്ടി
👰👰👰
'ഹന്നാ..വേഗം എഴുന്നേല്‍ക്ക്'
ഞെട്ടി കണ്ണു തുറക്കുമ്പോള്‍
സൂര്യവെളിച്ചം കണ്ണിലേയ്ക്കു
തുളച്ചു കയറി...അതിനോടു
പൊരുത്തപ്പെടാനാകാതെ കണ്ണിമകള്‍
വീണ്ടും താനേ അടഞ്ഞു പോയി.
ഉമ്മയുടെ ശബ്ദമാണ്.
ഇന്നലെ എപ്പോഴാണ് ഉറങ്ങിയതെന്ന്
ഓര്‍മ്മയില്ല. പുറത്ത് നേരിയ ചാററല്‍
മഴയുണ്ടായിരുന്നു. ഒലിവ് മരച്ചില്ലകള്‍
കാററില്‍ ആടിയുലയുന്നത് കണ്ടപ്പോള്‍
മനസ്സും അതിന്‍റെ പ്രതിഫലനമായാ മാറി.
ഭയം കൊണ്‌ട് മനസ്സ് മരവിച്ചു
പോയിരിക്കുന്നു. രാത്രി വൈകിയും
ഉപ്പയും ഇക്കാക്കയും വന്നിട്ടില്ലായിരുന്നു.
ഉമ്മയുടെ മടിയില്‍ തലചായ്ച്ച്
തറയിലാണുറങ്ങിയത്.
ജനല്‍ തുറന്നിട്ടപ്പോള്‍ നേര്‍ത്ത കാററ്
അകത്തേക്കു കയറി. മധുരം കിനിയുന്ന
അത്തിപ്പഴത്തിന്‍റെ മണമാണതിന്.
മുററത്ത് കറുപ്പും പച്ചയും നിറത്തിലുള്ള
അത്തിപ്പഴങ്ങള്‍ വീണു കിടക്കുന്നു.
ഒന്നുരണ്ടെണ്ണം പുലരിയുടെ കുളിര്‍മയേററ്
പൊട്ടി വിടര്‍ന്നിട്ടുണ്ട്. ആര്‍ക്കും വേണ്ട.
നൗറയും ഫര്‍ഹയും മിയയും
വരാറുണ്ടായിരുന്നു എന്നും. ഈയിടെ
ആരെയും കാണാറേയില്ല. ദൂരെ ഓറഞ്ചു
മരങ്ങള്‍ക്കപ്പുറം ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍
മേയുന്ന പാടത്തിലൂടെ ആരൊക്കെയോ
ധൃതിയില്‍ നടന്നു മറയുന്നു...
ഈ കാട്ടു തീയില്‍ നിന്ന് എല്ലാവരും
രക്ഷപ്പെടുകയാണ്. ഇസ്റയേലിന്‍റെ
കണ്ണഞ്ചിപ്പിക്കുന്ന ഷെല്ലാക്രമണത്തിന്‍റെ
മിന്നല്‍ വെളിച്ചം ഇപ്പോഴും നെഞ്ചിലേയ്ക്കു
തുളച്ചു കയറുന്നു.
സ്കൂളില്‍ പോയിട്ട് ഒരാഴ്ചയായി.
അവസാന ദിവസം ഇന്നുമോര്‍ക്കുന്നു.
അഫ്താബ് സാര്‍ അന്ന് വിഷാദ
മുഖവുമായാണ് ക്ളാസിലെത്തിയത്.
കളിചിരികളില്ല, കഥയില്ല, കുട്ടികളുടെ
കലപിലകളില്ല. മൗനം ഭയാനകമാണെന്ന്
അന്നാണറിഞ്ഞത്.
കയ്യിലെ ചോക്കില്‍
തെരുപ്പിടിപ്പിച്ചു കൊണ്ട് സാര്‍ ഇത്രയും
പറഞ്ഞു.
'ഇസ്രയേല്‍ വീണ്ടും നമ്മുടെ
വീട്ടിലേയ്ക്കു വരുന്നു. ഇനി നമ്മള്‍
എന്നു കാണുമെന്നറിയില്ല. നിങ്ങള്‍
പ്രാര്‍ത്ഥിക്കുക..'
അവസാന
വാക്കിലെത്തിയപ്പോള്‍ സാര്‍ വിതുമ്പി...
കുട്ടികള്‍ ഉച്ചത്തില്‍ കരഞ്ഞു.
രാപകല്‍ ഭേദമില്ലാതെ ഷെല്ലാക്രമണം
തുടര്‍ന്നു. കുഴിബോംബുകള്‍ പൊട്ടി.
മഴയുള്ള രാവുകളില്‍ ഇടിമിന്നല്‍
പോലെയായി ഷെല്‍ വര്‍ഷങ്ങള്‍.
രണ്ടും വേര്‍തിരിച്ചറിയറിയാനാവാതെ..
എന്‍റെ കൂട്ടുകാരി അമാന വേദനകളില്ലാത്ത
ലോകത്തേക്ക് യാത്രയായി...
അവളുടെ
വീടും കത്തിച്ചാമ്പലായി.
ഞാന്‍ കണ്ടു അവളെ!
വികൃതമായിരുന്നു അവളുടെ മുഖം.
ചോരച്ചാലുകള്‍ തീര്‍ത്ത കുഞ്ഞു മുഖത്തെ
കുസൃതിക്കണ്ണുകള്‍ അപ്പോഴും
ഈ ലോകത്തെ കണ്ടു കൊതിതീരാതെ
പാതി തുറന്നു തന്നെ ഇരുന്നു...
ഞങ്ങളുടെ അങ്ങാടി ആളനക്കമില്ലാതെ പ്രേതഭൂമിയായി.
ഉപ്പ ഞങ്ങളുടെ
തോട്ടത്തില്‍ വിളയിച്ച ഓറഞ്ചും
*സുച്ചിനിയും എഗ്ഗ് പ്ളാന്‍റും തക്കാളിയും
പഴുത്ത് ചീഞ്ഞു. പച്ചവെള്ളവും ഉണക്ക
റൊട്ടിയും മാത്രമായി ഞങ്ങളുടെ
ഭക്ഷണം. ഒലിവെണ്ണ പോലും കിട്ടാതായി.
'ഹന്നാ...'
ഇപ്പോള്‍ ഉമ്മയല്ല, ഇക്കയും
ഉപ്പയുമാണ്. പുറത്ത് കുതിരയുടെ
കുളമ്പടി ശബ്ദം...
അവര്‍ ഓടി അകത്തു
വന്നു. പിന്നാലെ ഉമ്മയും.
'വേഗം...വേഗം..ഇവിടെ നിന്ന്
രക്ഷപ്പെടണം. ഇല്ലെങ്കില്‍...'
അവര്‍ ധൃതിയില്‍ കിട്ടിയ സാധനങ്ങളെല്ലാം
വാരിവലിച്ച് പുറത്തേക്കു പാഞ്ഞു.
കൂടെ ഞാനും എന്‍റെ സ്കൂള്‍ ബാഗും.
പുറത്ത് പലസ്തീന്‍ പട്ടാളക്കാര്‍ തോക്കും
കയ്യില്‍ പിടിച്ച് റോന്തു ചുററുന്നു.
ഒരു തുറന്ന ജീപ്പ് ചീറി വന്ന് അത്തി
മരത്തിനു ചുവട്ടില്‍ വന്നു നിന്നു.
'കയറൂ...'
പട്ടാളക്കാരന്‍ അലറി.
വേറെ പലരും ജീപ്പിലുണ്ടായിരുന്നു.
ഞങ്ങള്‍ കയറിയപ്പോള്‍ ജീപ്പ്
തിങ്ങി ഞെരുങ്ങി.
അത് കുതിക്കാനൊരുങ്ങവേ ഞാന്‍
പുറത്തേക്കു ചാടി!!
'ഹന്നാ...എവിടേയ്ക്കാണ്...?'
ഉപ്പയുടെ ശബ്ദം തേങ്ങലായി...
'ഉപ്പാ..എന്‍റെ പാവക്കുട്ടി...'
ഞാന്‍ ഓടുകയായിരുന്നു.
'നോ...'
അടുത്ത് നിന്ന പട്ടാളക്കാരന്‍റെ
ബലിഷ്ടമായ കൈകള്‍ എന്നെ
തൂക്കിയെടുത്ത് ജീപ്പിലേക്കെറിഞ്ഞു.
ജീപ്പ് ഒരു മുരള്‍ച്ചയോടെ പറന്നു.
ഞാന്‍ എന്‍റെ വീടിനെ നോക്കി
കൈ പൊത്തിക്കരഞ്ഞു...
ഓറഞ്ചു മരങ്ങള്‍ നിരനിരയായ വളവ്
തിരിയുമ്പോള്‍ ഞാന്‍ കണ്ടു,
എന്‍റെ വീടിനു മേല്‍പതിക്കുന്ന ഷെല്ലിന്‍റെ
മിന്നല്‍ വെളിച്ചം!!
എന്‍റെ പാവക്കുട്ടി
ഇപ്പോള്‍ കണ്ണടച്ചിരിക്കും...
.................................
*പലസ്തീന്‍ കാര്‍ഷിക വിളകള്‍
--------------------------------
-ജാബിര്‍ മലയില്‍
കഥ: ഒരു പകല്‍മാന്യന്‍
🌷🌷🌷🌷🌷🌷
വീടിന്‍റെ ഉത്തരത്തില്‍ കെട്ടിയ
സാരിയില്‍ നിര്‍മ്മല ആത്മഹത്യ
ചെയ്തത് ഞാന്‍ കാരണമായിരുന്നു..!
പക്ഷെ അതാരും അറിഞ്ഞില്ല!
''എന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല'' എന്ന മുഴുത്ത കയ്യക്ഷരത്തിലുളള അവളുടെ ആത്മഹത്യാകുറിപ്പ് കണ്ടപ്പോള്‍
എനിക്കൊന്ന് തുളളിച്ചാടണമെന്നു തോന്നി.
നല്ല കുട്ടി.
എന്‍റെ പേര് മറച്ചു വെച്ച് അവളെന്‍റെ മാനം
കാത്തിരിക്കുന്നു.
അന്തിയൂര്‍ക്കുന്നിലെ ഉത്സവത്തിന്
കൊട്ടും കുരവയും മൂര്‍ദ്ധന്യതയിലെത്തിയപ്പോള്‍ ഏറു കണ്ണുകൊണ്ട് അവളെ പിടിച്ചു വലിച്ച് അയ്യപ്പന്‍റെ
വാഴത്തോട്ടത്തിലേയ്ക്ക് പതിയെ
നടന്നു പോയ ആ രാത്രി എങ്ങനെ
മറക്കാനാണ്.
മാനത്തു നിന്ന് അമ്പിളി മാത്രം ഒളിഞ്ഞു നോക്കിയ വാഴത്തോട്ടത്തിലെ
ചേറിന്‍റെ മണമുളള
വഴുവഴുത്ത മണ്ണില്‍ അവളോടു ചേരുമ്പോള്‍ എന്‍റെ വന്യമായ
കണ്ണുകളിലേയ്ക്കു നോക്കി വിറയാര്‍ന്ന സ്വരത്തില്‍ അവള്‍
ചോദിച്ചു,
''ശിവേട്ടനെന്നെ കല്ല്യാണം കഴിക്ക്വോ..?''
കാച്ചിയ എണ്ണയുടെ മണമുളള അവളുടെ മുടിയില്‍ തലോടി
ഉണങ്ങാത്ത ഭസ്മക്കുറിയില്‍ ചുണ്ടു ചേര്‍ത്തു കൊണ്ട് ഞാന്‍
മുരണ്ടു,
'എന്‍റെ പൊന്നൂ..
നീയില്ലാതെ ഞാന്‍ ജീവിക്ക്വോ..?'
പാവം.
അത് വിശ്വസിച്ചു.
മുത്തപ്പന്‍ വെളളാട്ടത്തിനുളള അനൗണ്‍സ്മെന്‍റ് മുഴങ്ങുമ്പോള്‍
മുടി വാരിക്കെട്ടി അലങ്കോലമായ
സാരി നേരയാക്കി അവള്‍ ഇരുളിലൂടെ നടന്നു പോയപ്പോള്‍
മലര്‍ന്നു കിടന്ന്
ഒരു സിഗരറ്റിനു ജീവന്‍ കൊടുത്ത്
മേഘക്കീറുകള്‍ക്കിടയിലൊളിച്ച ചന്ദ്രനെ ഞാന്‍ തിരഞ്ഞു..
'എനിക്കെന്തോ ഒരു വല്ലായ്ക.
ഭയങ്കര ക്ഷീണാ എപ്പഴും..''
കൊട്ടിക്കടവത്തെ ഇടിഞ്ഞുവീഴാറായ വയസ്സന്‍ ലൈബ്രറിയില്‍ നിന്ന് ഒരു സായന്തനത്തില്‍
ബാറ്റണ്‍ബോസിന്‍റെ ക്രൈംത്രില്ലറെടുത്ത് മടങ്ങുമ്പോള്‍
നിര്‍മ്മല എന്നോട് പറഞ്ഞു.
ഞാന്‍ ഞെട്ടി.
കളി കാര്യമാകുമ്പോള്‍ ഏതൊരാണിനും സംഭവിക്കുന്നത്
തന്നെ എനിക്കും സംഭവിച്ചിരിക്കുന്നു! ആ ദുര്‍ബല നിമിഷത്തെ ഞാന്‍ ശപിച്ചു. അവളുടെ
കഴുത്ത് ഞെരിച്ച് അപ്പോള്‍ തന്നെ
കൊന്നു കളഞ്ഞാലോ എന്ന് തോന്നി.
വീട്, കുടുംബം, ജോലി, കൂട്ടുകാര്‍, അഭിമാനം..
ഹോ..!
എന്‍റെ തൊലിയുരിഞ്ഞു പോയി.
'നമുക്കിത് ആരുമറിയാതെ അങ്ങ്
ഒഴിവാക്കാം.''
തോട്ടുവക്കത്തെ ഇടവഴിയില്‍ വെച്ച് ഞാനവളോട് കെഞ്ചി.
അവള്‍ പുലിയെപ്പോലെ ചാടി.
''നിങ്ങള്‍ക്ക് വെണ്ടെങ്കില്‍ ഞാന്‍ പ്രസവിക്കും എന്‍റെ കുട്ടിയെ. എന്നിട്ട് അവന്‍റെ തന്തയാരെന്ന് ഞാന്‍ കാണിച്ചു കൊടുക്കുകയും ചെയ്യും.''
കുടുങ്ങി.
രണ്ടും കല്‍പ്പിച്ച് ശാരദാ മെഡിക്കല്‍സില്‍ നിന്ന് 'അലസഗുളിക' വാങ്ങാന്‍ പോയപ്പോള്‍ എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കുന്നതു പോലെ തോന്നി.
വേഗം റൂട്ട് മാറ്റി പടിഞ്ഞാറോട്ട് നടന്നു..
ഒരു ദിവസം ആരുമില്ലാത്ത നേരം
നോക്കി കടയിലേയ്ക്ക് കയറിച്ചെന്നു. മീശ മുളക്കാത്ത ഒരു പയ്യന്‍ മാത്രമേ അവിടെയുണ്ടായിരുന്നുളളു.
''എന്താ..?''
അവന്‍റെ മുനയുളള ചോദ്യം കേട്ടപ്പോള്‍ സംഭരിച്ച ധൈര്യമെല്ലാം ചോര്‍ന്നു പോയി.
ഞാന്‍ ഉമിനീരിറക്കി.
തല ചൊറിഞ്ഞ് രണ്ട് പാരസെറ്റാമോള്‍ ടാബ്ലെറ്റും വാങ്ങി തടിയൂരി.
ഒടുവില്‍ അവളെ കൊല്ലാന്‍ തന്നെ
ഞാന്‍ തീരുമാനിച്ചു!
(ക്ഷമിക്കുക.
എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ).
അവളും ഞാനും ആഴ്ചയില്‍ കണ്ടുമുട്ടുന്ന കന്നിപ്പുഴ കരകവിഞ്ഞൊഴുകുന്ന തുലാവര്‍ഷം..
പാലത്തിനു മുകളില്‍ സംസാരിച്ചു
നില്‍ക്കുമ്പോള്‍ തമാശയിലെന്നവണ്ണം അവളെ എടുത്തുയര്‍ത്തി സൂത്രത്തില്‍ താഴേക്കെറിയാനാണ് ആദ്യം തീരുമാനിച്ചത്.
പക്ഷെ പണി പാളി..!
താഴേ മീന്‍ വളളക്കാരും ചൂണ്ടയിടുന്നവരുമൊക്കെയായി
പണ്ടാരമടങ്ങിയ ബഹളം. അവള്‍
രക്ഷപ്പെടുമെന്ന് നൂറുശതമാനം ഉറപ്പ്.
ഇതിനിടെ കല്ല്യാണം കഴിക്കാനാവശ്യപ്പെട്ടു കൊണ്ട് അവളുടെ ശല്യവും കൂടിക്കൂടി വന്നു.
അവളെ ഒഴിഞ്ഞു മാറാനുളള സകല അടവുകളും പയറ്റി.
ബസ്റ്റോപ്പിലും കണ്ണങ്കാട്ടെ ക്ഷേത്രത്തിലും എന്‍റെ ജോലിസ്ഥലത്തും അവള്‍ വരാനിടയുളള എല്ലായിടത്തു നിന്നും ഞാന്‍ മുങ്ങി നടന്നു.
എന്നിട്ടും അവളെന്നെ വിട്ടില്ല.
ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ അവള്‍ കയറി വന്നു. ഉള്ളൊന്നാളി.
ഓഫീസില്‍ തിരക്ക് കുറവായതിനാല്‍ വേഗം അവളേയും കൊണ്ട് പുറത്ത് കടന്നു.
അവളുടെ ഉദരം പൊങ്ങിവരുന്നത് ഒരു നടുക്കത്തോടെ ഞാന്‍ കണ്ടു.
ദൈവമേ..നീ എന്നെ ചതിച്ചല്ലോ..
ഓഫിസിനടുത്തെ കൂള്‍ബാറിലിരിക്കെ അവള്‍ പൊട്ടിക്കരഞ്ഞു.
ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി.
''ശിവേട്ടാ..
എന്നെ ചതിക്കരുത്. പ്ളീസ്..
നിങ്ങളെ സ്നേഹിച്ചതും വിശ്വസിച്ചതുമാണോ ഞാന്‍ ചെയ്ത തെറ്റ്..?''
ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനവളെ ആശ്വസിപ്പിച്ചു.
ശവം.!
വേറെ മാര്‍ഗമില്ലല്ലോ..
അവളിനിയും സീനുണ്ടാക്കുമെന്ന്
ഭയന്ന് തോളത്തു തട്ടി ചിരിവരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു,
''എന്‍റെ മോളൂ..
നീ സമാധാനമായി പോകൂ. എല്ലാം ശരിയാക്കാം..''
വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചു പിടിച്ച് അവള്‍ കണ്ണീരോടെ പറയുകയാണ്,
''ശിവേട്ടന്‍ എന്നെ ചതിച്ചാല്‍ ഞാന്‍ ചാകും..''
ദേഷ്യം ഇരച്ചു കയറി.
''എങ്കില്‍ പോയി ചാക്. എന്നാലെങ്കിലും സ്വൈര്യാവൂലോ..''
അവള്‍ വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചെന്നു തോന്നുന്നു.
ചാകുന്നെങ്കില്‍ ചാകട്ടെ. ആ പണി
കുറഞ്ഞു കിട്ടും.
അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച.
പിന്നെ കേട്ടത് അവള്‍ ഉടുത്ത സാരിയില്‍ തൂങ്ങിയ വാര്‍ത്തയായിരുന്നു.
ആത്മഹത്യാകുറിപ്പ് പോലിസ് കണ്ടെത്തിയപ്പോള്‍ അതില്‍ എന്‍റെ പേരോ പരാമര്‍ശമോ ഇല്ലെന്നറിഞ്ഞപ്പോള്‍ ജീവിതത്തില്‍ കേട്ട ഏറ്റവും സന്തോഷം നിറഞ്ഞ
വാര്‍ത്തയായി അത്.
സ്വസ്ഥമായി.
ഇനി എനിക്കൊരു സുന്ദരിയെ കല്ല്യാണം കഴിക്കണം. അവളെ ഞാന്‍ പൊന്നു പോലെ നോക്കും. ഒരു മാതൃകാ ഭര്‍ത്താവാകും.
എന്‍റെ അമ്മയേയും അച്ഛനേയും അനുസരിച്ച് ഒരു നല്ല കുട്ടിയായി
എനിക്ക് ജീവിക്കണം. നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കണം.
എന്നാലും അവള്‍ എന്‍റെ പേര് ഒരിടത്തും പറഞ്ഞില്ലല്ലോ..
ഹോ..!
വല്ലാത്തൊരു സ്നേഹം തന്നെ..!!
--------------------------------
-ജാബിര്‍ മലയില്‍
കഥ: ഹൃദയമര്‍മ്മരങ്ങള്‍
💔💔💔💔💔💔
നാളെയാണ് വിവാഹദല്ലാള്‍ സെയ്തുക്ക ഒരാളെയും കൊണ്ട് വരാമെന്ന് പറഞ്ഞ ദിവസം!
ഓര്‍ക്കുമ്പോള്‍ നെഞ്ചിനകത്ത് തീയാളുകയാണ്. ഇനിയും വാടിക്കരിഞ്ഞുപോയിട്ടില്ലാത്ത സ്മൃതികളുടെ പൂന്തോട്ടം നോവിന്‍റെ ഗന്ധം മാത്രമാണ് ആത്മാവിനുളളിലേയ്ക്ക് ഒഴുക്കിവിടുന്നത്..
അരികെ, വെളളയില്‍ നീലപ്പൂക്കളുളള ബെഡ്ഷീറ്റില്‍ കഴുത്തറ്റം പുതച്ച് ഷാലുമോന്‍ ഗാഢനിദ്രയിലാണ്. അവന്‍റെ ചുണ്ടിലെ നേര്‍ത്ത മന്ദസ്മിതം ഏതോ മധുരസ്വപ്നത്തിന്‍റെ അവാച്യമായ അനുഭൂതിയുടെ ബഹിര്‍സ്ഫുരണമായി തോന്നി.
നേര്‍ത്ത ശൈത്യക്കാറ്റ് തുറന്നിട്ട ജാലകത്തിനുളളിലൂടെ നുഴഞ്ഞു കയറിയപ്പോള്‍ ചുമരിലെ കലണ്ടറിന്‍റെ താളുകള്‍ മുകളിലേയ്ക്ക് ചുരുണ്ടുയര്‍ന്നു. വൃത്താകൃതിയിലുളള ക്ളോക്കിലെ സെക്കന്‍റ് സൂചിയുടെ മിടിപ്പ് ഹൃദയതാളത്തോടൊപ്പം സഞ്ചരിച്ചു.
''ന്‍റെ മോള് ഇതിന് സമ്മതിക്കണം. എത്ര നാളെന്നു വെച്ചാ നീ ഇങ്ങനെ ഒറ്റത്തടിയായിട്ട്.''
ഉപ്പയുടെ ചിലമ്പിച്ച സ്വരം ഒരു യാചന പോലെ വീണ്ടും കാതോരത്ത് കേള്‍ക്കുമ്പോള്‍ ഉളള് നീറിപ്പിടയുകയാണ്. ഓര്‍മ്മകളെ കുടഞ്ഞെറിയാന്‍ എത്രതവണ ശ്രമിച്ചു? കഴിയില്ല എന്നറിഞ്ഞപ്പോള്‍ കരയാന്‍ മാത്രമാണ് കഴിഞ്ഞത്.
''ന്‍റെ കണ്ണടഞ്ഞാ....''
അര്‍ദ്ധോക്തിയില്‍ ഉപ്പയുടെ വാക്കുകള്‍ നിന്നുപോവുന്നു.
ദൂരെ ഒരു രാപ്പാടിയുടെ ദീനസ്വരം..
ഷാലുമോന്‍ എന്തോ അവ്യക്തമായി പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.
അഫ്സല്‍ക്കയുടെ ഛായയാണവന്. നീണ്ടനാസികയും കുസൃതിയുളള കണ്ണുകളും.. ഒന്നിച്ചു കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍..കല്യാണം കഴിഞ്ഞ് മധുവിധു തീരും മുമ്പേ, തന്നെ തനിച്ചാക്കി ഗള്‍ഫിലേയ്ക്കു മടക്കം..വിരഹച്ചൂടില്‍ വെന്തുരുകി ഇനി പൊഴിക്കാന്‍ ഒരിറ്റു കണ്ണീരുപോലുമില്ലാതെ ചിറകൊടിഞ്ഞ പക്ഷിയായി എത്രയെത്ര ദിനരാത്രങ്ങള്‍..
''നീ വിഷമിക്കരുത്. കുറച്ച് കടങ്ങളുണ്ട്. പിന്നെ ഒരു വീട്. ഇത്രയുമായാല്‍ പിന്നെ ഞാന്‍ നിന്നെ വിട്ട് എങ്ങും പോവില്ല.'
സ്വപ്നങ്ങളൊക്കെ ജലരേഖകള്‍ മാത്രമായിരുന്നു. വിരലിലെണ്ണാവുന്ന അവധിദിനങ്ങളില്‍ ഭ്രാന്തമായി സ്നേഹിച്ചും പിണങ്ങിയും കണ്ണീര്‍വാര്‍ത്തും കടന്നുപോയ ഇന്നലെകള്‍..
അതിനിടെ എല്ലാ ദുഃഖങ്ങളെയും മായ്ച്ച്കൊണ്ട് ഷാലുമോന്‍റെ ജനനം. അവന്‍റെ ചിരിയും കൊഞ്ചലും കാണാനാവാതെ അവിടെയൊരാള്‍ വിധിയെ പഴിച്ചു കഴിയുമ്പോള്‍ ഇവിടെ അവന്‍റെ കുസൃതികളില്‍ തന്‍റെ മനസ്സ് പൂക്കുകയും തളിര്‍ക്കുകയും ചെയ്തു.
പക്ഷേ, വിധിയുടെ കരങ്ങള്‍ എത്രമാത്രം ഭീകരമാണെന്ന് പിന്നീടാണറിഞ്ഞത്. ഒരു യാത്രപോലും പറയാതെ അഫ്സല്‍ക്ക മണലാരണ്യത്തിലെ തിളക്കുന്ന വെയില്‍ നാളങ്ങള്‍ മാത്രമുളള നടുറോഡില്‍ തകര്‍ന്നടിഞ്ഞ വാഹനത്തില്‍ നിന്ന് ഒരു രക്തചിത്രമായി പുറത്തു വന്നപ്പോള്‍ ഞെട്ടറ്റുവീണത് തന്‍റെ മാത്രം വസന്തകാലമായിരുന്നു.
ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ വന്നു നിന്നു.
മോന്‍റെ കളിചിരികളില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു. എന്നിട്ടും വരച്ചുതീരാത്ത ചിത്രം പോലെ എവിടെയോ ഒരു അപൂര്‍ണ്ണത..നെഞ്ചുരുകുന്ന വേളയില്‍ ഒരു സാന്ത്വനസ്പര്‍ശം, ചാഞ്ഞു നില്‍ക്കാനൊരു ചുമല്‍...വല്ലാതെ, വല്ലാതെ ആഗ്രഹിച്ചു പോവുന്നു.
''മോള് സമ്മതിക്കണം..''
ഉപ്പയുടെ സ്വരം വീണ്ടും ദയനീയമാവുന്നു.
പക്ഷേ, എന്‍റെ മോന്‍..
ജീവിതം അമ്മപ്പക്ഷിയുടെ ചിറകുകളുടെ ചൂടറിയാതെ അവനെങ്ങിനെ വളരും..? എന്നെങ്കിലുമൊരുനാള്‍ അവന്‍ ഈ ഉമ്മയെ ശപിക്കുമോ?
കണ്ണുകള്‍ നിറഞ്ഞു തൂവുകയാണ്.
അവന്‍റെ നേര്‍ത്ത കോലന്‍മുടി മെല്ലെ തഴുകിയപ്പോള്‍ ഉളളില്‍ ഒരു ലാവ തിളച്ചു മറിഞ്ഞു.
ക്ളോക്കില്‍ മണി രണ്ടടിച്ചു.
ഉറക്കം പിണങ്ങിപ്പോയിട്ട് എത്രയോ ദിനങ്ങളായി. കണ്പോളകള്‍ക്ക് കനം തോന്നുമ്പോള്‍ അറിയാതെ ഞെട്ടിയുണരും. ചിന്തകളുടെ അസുഖകരമായ കാലടിയൊച്ചകള്‍ കേള്‍ക്കുമ്പോള്‍ ഉറക്കം മെല്ലെ മെല്ലെ അകന്നുപോവും.
പുലര്‍ച്ചെ, പൈങ്ങോട്ടു കടവിലെ പളളിയില്‍ നിന്ന് സുബഹി ബാങ്ക് കേട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. ഷാലു മോന്‍റെ പുതപ്പ് നീങ്ങി കാലുകള്‍ പുറത്ത് കാണുന്നുണ്ട്. എണീറ്റ് പുതപ്പ് ശരിയാക്കിയപ്പോള്‍ ആ മുഖത്തേയ്ക്ക് നോക്കാന്‍ തോന്നിയില്ല. ഹൃദയം നൂറു കഷ്ണങ്ങളായി ചിതറിപ്പോവുന്നു.
പൈപ്പ് തുറന്ന് വുദു എടുത്ത് വരുമ്പോള്‍ ടോര്‍ച്ചുമെടുത്തു കൊണ്ട് ഉപ്പ പളളിയില്‍ പോവാനുളള,ഒരുക്കത്തിലാണ്. പുറത്ത് കാലന്‍കോഴിയുടെ കൂവല്‍ രണ്ടുമൂന്ന് പ്രാവശ്യം കേട്ടു.
സ്വീകരണമുറിയില്‍ ഉമ്മ നിസ്ക്കാരത്തിലാണ്. ചുവരില്‍ തൂക്കിയിട്ട കഅബാലയത്തിന്‍റെ ചില്ലിട്ട ഫോട്ടോയില്‍ പാല്‍ക്കടലിനെ ഓര്മ്മിപ്പിക്കുന്ന ജനസഹസ്രങ്ങള്‍..
ഷാലു മോന് ഇന്ന് സ്കൂളില്ല.
''ഉമ്മയുടെ മുഖമെന്താണ് വല്ലാതിരിക്കുന്നത്?
ചായ കുടിക്കുമ്പോള്‍
അപ്രതീക്ഷിതമായ അവന്‍റെ ചോദ്യം നേരിടാനാവാതെ തലകുനിച്ചു.
തൊടിയിലെ മുരിങ്ങമരത്തിന്‍റെ ചുവട്ടിലെ വെയില്‍ മൂത്തപ്പോള്‍ ഒരു മാരുതി കാര്‍ ഗെയ്റ്റു കടന്ന് മുറ്റത്തു വന്നു നിന്നു.
കഷണ്ടികയറിയ തലയില്‍ വെളളിരോമങ്ങളുളള ദല്ലാള്‍ സെയ്തുക്കയാണ് ആദ്യമിറങ്ങിയത്. കൂടെ നാല്‍പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു തടിച്ചയാളും. തലയില്‍ അവിടവിടെ നരവീണു തുടങ്ങിയിരിക്കുന്നു. നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്‍റുമാണ് വേഷം.
കാറില്‍ നിന്നിറങ്ങി അവര്‍ സിറ്റൗട്ടിലേയ്ക്ക് കയറി. ഉപ്പയും മൂത്ത മാമനും അവരെ കാത്തിരിക്കുകയായിരുന്നു.
മുറിയിലെ ഇളംപച്ച വളളിപ്പൂക്കള്‍ തുന്നിയ ജാലകവിരി നീക്കി വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു. അകലെ കൊയ്ത്തൊഴിഞ്ഞ പാടത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയാണ്. ദൂരെ കാലിക്കൂട്ടങ്ങള്‍ മേയുന്നത് ഒരു കറുത്ത പൊട്ടായി കാണാം.
''മോളേ..''
ഉമ്മയുടെ വിളി കേട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. ഉമ്മയുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ മനസ്സ് വല്ലാതെ ചുട്ടു പൊളളി.
''അവര്‍ വന്നു. മോള് വേഗമൊരുങ്ങ്.''
ഉമ്മ അലിവോടെ കൈ പിടിച്ചു.
ഒരു തേങ്ങല്‍ അറിയാതെ നെഞ്ചില്‍ വന്നുതൊട്ടു. ഷാലു കളിക്കാന്‍ പോയിരിക്കുകയാണ്. അവന്‍ വരുന്നതിനു മുമ്പ് അഭിനയിച്ചു തീര്‍ക്കണം ഈ നാടകം.
റോസാപ്പൂക്കള്‍ കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച അലമാരയില്‍ നിന്ന് മെറൂണ്‍ കളറിലുളള ഒരു ചുരിദാര്‍ എടുത്തണിഞ്ഞു. കറുത്ത മഫ്ത വട്ടത്തില്‍ ചുറ്റി പിന്നു കുത്തി.
ഹാങ്കറില്‍ തൂക്കിയിട്ടിരിക്കുന്ന ടര്‍ക്കി കൊണ്ട് മുഖമൊന്ന് തുടച്ചു.
അത്രയും മതി.
ഉമ്മ തന്ന ഇളംപച്ച ട്രേയില്‍ നിറച്ചുവെച്ച ഗ്ളാസുകളുമായി മുന്നോട്ടു നടക്കുമ്പോള്‍ മനസ്സിന്‍റെ ഭാരം കൂടുകയാണെന്നു തോന്നി.
മറ്റുളളവര്‍ പുറത്തേയ്ക്ക് മാറിയപ്പോള്‍ അയാള്‍ മൊഴിഞ്ഞു.
''എനിക്ക് രണ്ട് കൊച്ചു കുട്ടികളുണ്ട്. അവരെ സ്വന്തം പോലെ നോക്കണം'.
സ്വീകരണ മുറിയിലെ പതുപതുത്ത സോഫയില്‍ വിരലോടിച്ചു കൊണ്ട് അയാളെ നോക്കാതെ തലയിളക്കി.
ഷാലുമോന്‍ ഒന്നും അറിഞ്ഞില്ല.
ആ രാത്രി ഉറക്കം അടുത്തുവന്നതേയില്ല.
ഒന്നുമറിയാതുറങ്ങുന്ന അവനെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു. അപ്പോള്‍ അല്‍പം സമാധാനം തോന്നി.
ഒടുവില്‍ ആ ദിവസം നിശ്ചയിക്കപ്പെട്ടു!
ആര്‍ത്തുകരയണമെന്നു തോന്നി.
ചെറിയ ചടങ്ങായിരുന്നു.
മോന്‍ അറിയാതിരിക്കാന്‍ അവന് സ്കൂള്‍ ഉളള ഒരു ദിവസം തന്നെ തിരഞ്ഞെടുത്തു. അടുത്ത ബന്ധുക്കള്‍ ഒന്നുരണ്ടു പേര്‍ മാത്രമാണ് വന്നത്.
തലേന്നു രാത്രി അവനോടൊപ്പം കിടക്കുമ്പോൾ മനസ്സ് മൂടല്മഞ്ഞിലെന്നപോലെ തെളിമ നഷ്ടപ്പെട്ടു വരണ്ടുനിന്നു ..
''ഉമ്മച്ചി ഒരു കഥ പറഞ്ഞു താ.''
അവന്‍ നെഞ്ചോടു ചേര്‍ന്നു കിടന്ന് കൊഞ്ചി. ഉളളിലപ്പോള്‍ ഒരു സാഗരമിരമ്പി.. ചേര്‍ത്തു പിടിച്ച് ആ കവിളുകളിലും മുഖത്തും ആര്‍ത്തിയോടെ ചുംബിച്ചു.
അവന്‍ അമ്പരന്നു പോയി. മുളചീന്തും പോലെ അടക്കിവെച്ച നൊമ്പരം പുറത്തുചാടി..
''ന്‍റെ മോനേ...''
അവനും കരയാന്‍ തുടങ്ങി.
ഏങ്ങല്‍ തെല്ലൊന്നടങ്ങിയപ്പോള്‍ അവന്‍റെ മുടിയിഴകളില്‍ തലോടിക്കൊണ്ട് ശാന്തമായി പറഞ്ഞു.
''മോന്‍ വല്യുമ്മയും വല്യുപ്പയും പറഞ്ഞത് അനുസരിക്കണം. നന്നായി പഠിക്കണം. എല്ലാവരെ കൊണ്ടും നല്ലത് പറയിക്കണം..''
അവന്‍ നിഷ്ക്കളങ്കമായി മൂളുകയും തേങ്ങുകയും ചെയ്തു.
എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല.
ഉമ്മയുടെ ഖുര്‍ആന്‍പാരായണം കേട്ടുകൊണ്ടാണ് രാവിലെ ഉണര്‍ന്നത്.
ഷാലുമോന്‍റെ കൈകള്‍ അപ്പോഴും തന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
എട്ടുമണിക്ക് അവനെ കുളിപ്പിച്ച് യൂണിഫോമിടുവിച്ച് കൊടുക്കുമ്പോള്‍ കരയാതിരിക്കാന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു.
''ഉമ്മയെന്തിനാ കരയുന്നെ?''
അവന്‍ ചോദിച്ചപ്പോള്‍ കഷ്ടപ്പെട്ട് ചിരിവരുത്തി. യൂണിഫോമിട്ടു കഴിഞ്ഞു സോക്സും ഷൂസുമണിയിച്ച് മുടി ചീകി കവിളിലൊരു മുത്തം കൊടുത്തപ്പോള്‍ സങ്കടം അണപൊട്ടിയൊഴുകി..
''മോന്‍ വേഗം പൊയ്ക്കോ. സ്കൂളില്‍ ബെല്ലടിക്കാറായി.''
അവന്‍ പോവുന്നത് കാണാന്‍ കരുത്തില്ലാതെ തിരിഞ്ഞു നിന്നു..
അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു കുത്തിയൊലിച്ചു തുടങ്ങിയിരുന്നു.
ശബ്ദമില്ലാതെ കരഞ്ഞു.
പിന്നില്‍ കുഞ്ഞു കാലടിയൊച്ചകള്‍ അകലുന്നു. ഗെയ്റ്റ് തുറക്കുകയും അടയുകയും ചെയ്യുന്നു...
മെല്ലെ തിരിഞ്ഞു നോക്കി.
അവന്‍ അകലെ പഞ്ചായത്തു റോഡിന്‍റെ എതിര്‍വശത്തെ വിണ്ടുകീറിയ പാടത്തിന്‍റെ നടവരമ്പിലൂടെ ഒരു പൊട്ടായി നടന്നു മറയുന്നുണ്ടായിരുന്നു.
അവനൊന്നും അറിഞ്ഞിട്ടില്ല. അവന്‍റെ ഉമ്മച്ചി വേറൊരാളുടെ മണവാട്ടിയാവുന്നതും അവനെ വിട്ടുപോവുന്നതും..ഒന്നുമൊന്നും..
പ്രിയപ്പെട്ട മോനേ..!
ഈ ഉമ്മയോടു പൊറുക്കുക.
---------------------------------
-ജാബിര്‍ മലയില്‍
കഥ: കല്യാണത്തലേന്ന്
💏💏💏💏💏
വിവാഹത്തിനു തലേന്ന് രാത്രി എന്‍റെ പ്രതിശ്രുത വധു മറ്റൊളാടൊപ്പം ഒളിച്ചോടിയെന്നു
കേട്ടപ്പോള്‍ ഹൃദയം പൊട്ടിപ്പോയി.
ആറ്റു നോറ്റുണ്ടായ കല്യാണമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹം മാത്രം ഉണ്ടായാല്‍ പോരെന്ന് ഞാന്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
നമ്മുടെ കല്ല്യാണം നടന്നു കാണണമെങ്കില്‍ നാട്ടുകാര്‍ കൂടി കനിയണം. അവരെക്കൊണ്ട് നല്ലത് പറയിക്കണം.
ഇരുപത്തെട്ടു വയസ്സുവരെ വെളളിയാഴ്ച മാത്രം പളളിയില്‍ പോയിരുന്ന ഞാന്‍ അഞ്ചു നേരവും സജീവമായി പളളിയിലെത്തി നിസ്ക്കാരത്തില്‍ പങ്കു കൊണ്ടു.
അപ്രതീക്ഷിതമായി എന്നെ പളളിയില്‍ കണ്ടപ്പോള്‍ വെളള പഞ്ഞിപോലെ താടിയുളള നടക്കാന്‍ ആവതില്ലാത്ത ഒരു കാരണവര്‍ നെറ്റിക്കു മുകളില്‍ കൈ ചേര്‍ത്തു വെച്ച് കണ്ണുകള്‍ ചെറുതാക്കി എന്നെ ചാഞ്ഞും ചെരിഞ്ഞും നോക്കിയപ്പോള്‍ ചമ്മിയ ചിരിയോടെ ഞാന്‍ തല താഴ്ത്തി നിന്നു.
പണ്ടാരമടങ്ങാന്‍..
ഇവരൊന്നും എന്നെ ഒന്ന് നന്നാവാന്‍ സമ്മതിക്കില്ല.
രാത്രിയില്‍ പത്ത് മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താതെ, വെറ്റില വില്‍ക്കുന്ന അന്ത്രുവിന്‍റെ പീടികത്തിണ്ണയിലും 'മൊഞ്ചന്‍'
ക്ളബ്ബിലും കാരംസ് കളിയുമായി അര്‍മാന്തിച്ച് നടന്നിരുന്ന ഞാന്‍ ഇപ്പോള്‍ എട്ട് മണി കഴിഞ്ഞാല്‍ വീട്ടില്‍ റെഡി!
ഉമ്മാക്ക് അമ്പരപ്പ്.
പെങ്ങള്‍ക്ക് പരിഹാസം..!
ഇതെന്തിനു വേണ്ടിയുളള കളം മാറ്റലാണെന്ന് അവള്‍ക്കു മാത്രമേ മനസ്സിലായിട്ടുളളു.
എങ്ങനെ ഞാന്‍ മാറാതിരിക്കും?
പത്ത് ആലോചനകളാണ് വെളളത്തിലെ നീര്‍കുമിള പോലെ
പൊട്ടിപ്പോയത്. എല്ലാം ഇഷ്ടപ്പെട്ട് 'ഞാന്‍ ഈ പെണ്ണിനെ തന്നെ കെട്ടും, ഇവളാണെന്‍റെ ഹൂറി' എന്ന് ആയിരം വട്ടം മനസ്സില്‍ പറഞ്ഞ് ഉറക്കം വരാത്ത രാവുകളില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് സ്വപ്നങ്ങള്‍ കണ്ട് അവസാനം...
ഞാന്‍ പെണ്ണു കൊണാന്‍ ചമഞ്ഞിറങ്ങുന്ന അതേ വേഗത്തില്‍ കല്യാണം മുടക്കികളും സജീവമായി രംഗത്തെത്തിയത് എന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.
ഹോ..!
ഞാനിത്ര കൊളളാത്തവനാണോ..?
ഒമ്പതാമത്തെ ആലോചനയും പൊട്ടിയപ്പോള്‍ കറുത്ത് മെലിഞ്ഞ് കാജാബീഡി മാത്രം വലിച്ച് സദാസമയവും തേങ്ങാ കച്ചവടക്കാരന്‍ സുലൈമാന്‍റെ കടയിലിരുന്ന് വെടി പറയുന്ന കാരണവര്‍ അടുത്ത് വിളിച്ച് വെളുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു,
'അല്ല മോനേ.. ഇതും മൊടങ്ങ്യാ..?'
ഇതും പറഞ്ഞ് അയാള്‍ ബെഞ്ചിലടിച്ച് ശബ്ദമുണ്ടാക്കി പൊട്ടിച്ചിരിച്ചു.
എന്‍റെ കൈ തരിക്കുകയും പല്ലിറുമ്മിയപ്പോള്‍ വല്ലാത്തൊരു 'കിരുകിരു' ശബ്ദം പുറത്ത് വരികയും ചെയ്തു.
ഒന്നു നന്നായിട്ട് ബാക്കി കാര്യം.
ഒരു ദിവസം കണ്ണാടിയില്‍ നോക്കി മുടിചീകുമ്പോള്‍ ഞാനുറപ്പിച്ചു.
ജനിച്ചതിനു ശേഷം ഞാനിതുവരെ
ഒറ്റയ്ക്കു സന്ദര്‍ശിച്ചിട്ടില്ലാത്ത ബന്ധുക്കളെയൊക്കെ ഒന്നു കാണണം. അവരുടെയല്ലാം പ്രീതി
സമ്പാദിക്കണം.
ഒരു ദിവസം അതിനു തുനിഞ്ഞിറങ്ങി. കുട്ടികള്‍ക്ക് ചോക്ളേറ്റും ഫ്രൂട്ട്സും ഐസ്ക്രീമുമെല്ലാം വാങ്ങിച്ച് നാണത്തിലുളള ഒരു ചിരിയും മുഖത്ത് ഒട്ടിച്ച് ഞാന്‍ കയറി വന്നപ്പോള്‍ അമ്മായി വാ പൊളിച്ചു നിന്നു പോയി..!
അമ്മായിയുടെ മക്കള്‍ എന്നെ സ്വീകരിക്കാന്‍ മത്സരിച്ചു. അവരിലൊരുത്തി കൈക്കുഞ്ഞുമായി വന്നപ്പോള്‍ അവനെയെടുത്ത് 'കളളാ..കൊച്ചു കളളാ..' എന്ന് ഈണത്തില്‍ വിളിച്ച് ഞാന്‍ കൊഞ്ചിച്ചു.
കൃത്യം അവന്‍ എന്‍റെ മടിയില്‍ തന്നെ മൂത്രമൊഴിച്ചപ്പോള്‍ ഞാന്‍ അമ്മായിയുടെ മകളെ നോക്കി ചമ്മിയ ചിരി പാസാക്കി.
( എന്തും ഞാന്‍ സഹിച്ചോളാം. എന്‍റെ കല്യാണമൊന്ന് ശരിയായാല്‍ മതി).
പെണ്ണു കണ്ടു ഞാന്‍ മടുത്തു..!
ഓരോ പ്രാവശ്യവും അവളുമാര്‍ എന്‍റെ മുന്നിലെത്തിയപ്പോള്‍ നെഞ്ച് പടപടാന്ന് മിടിച്ചു. വായയില്‍ ഉമനീരു വറ്റി. പേര്, പഠനം ഇമ്മാതിരി കാണാപാഠം പഠിച്ചു വെച്ച ചോദ്യങ്ങളുമായി അവളുമാരെ വിറപ്പിക്കേണ്ട ഞാന്‍ സ്വയം വിറച്ചു. അതു കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ അവളുടെ ബാപ്പയുടെയും ആങ്ങളമാരുടെയും ബന്ധുക്കളുടെയുമെല്ലാം അളന്നു മുറിച്ച നോട്ടം, ചോദ്യങ്ങള്‍.....
വയ്യ, എനിക്കിനിയും ഈ വേഷം കെട്ടാന്‍ വയ്യ.
ഒടുവില്‍ അത് സംഭവിച്ചു.
എന്‍റെ കല്യാണം ശരിയായി. ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ട് നിന്നു പോയി.
ജീവിതത്തിലെ ഒരു പരീക്ഷണ കാലം കഴിഞ്ഞു. ഇനിയൊന്ന് തമര്‍ക്കണം. നിര്‍ത്തിവെച്ച പല 'ഇഷ്ടങ്ങളും' തുടങ്ങണം. ഞാനൊരു ജയിലിലായിരുന്നു ഇത്രയും കാലം. കഴിഞ്ഞല്ലോ എല്ലാം..
പക്ഷെ എല്ലാം കലമുടച്ച പോലെയായി..
അവള്‍ എന്‍റെ സ്വപ്നങ്ങളെ കത്തിച്ചാമ്പലാക്കി വേറൊരുത്തനോടൊപ്പം..
അന്നു രാത്രി മണലു പൊന്തിയ ഭാരതപ്പുഴയുടെ തീരത്ത് മാനം നോക്കിക്കിടക്കുമ്പോള്‍ സുഹൃത്ത് അക്ബര്‍ തോളില്‍ കൈ വെച്ചു പറഞ്ഞു..
''കല്യാണം..
അതൊരു യോഗാ..നമ്മളെത്ര ആഗ്രഹിച്ചിട്ടും കിനാവുകണ്ടിട്ടും കാര്യല്ല്യ.. അവന്‍ തീരുമാനിക്കണം, മോളിലുളളോന്‍..''
ശരിയാണ് അതൊരു യോഗാ...
ഒരു നിമിത്തം..
എന്‍റെ കണ്ണുകള്‍ നിറഞ്ഞത് അവന്‍ കണ്ടില്ല.
കാണാതിരിക്കട്ടെ..
--------------------------------
-ജാബിര്‍ മലയില്‍
കഥ: പൂക്കാലങ്ങള്‍ അകലെയാണ്
🌸🌸🌸🌸🌸
'' പലചരക്കുകാരന്‍ സെയ്തുക്കയുടെ കടയില്‍ കൊടുക്കാനുളള മുവ്വായിരം മറക്കാതെ കൊണ്ടുവരണേ മോളെ..''
കഴിഞ്ഞയാഴ്ച വിളിച്ചപ്പോള്‍ അമ്മ വീണ്ടും ഓര്‍മ്മപ്പെടുത്തി.
കിട്ടുന്ന ശമ്പളം മാസം പകുതിയാവുമ്പോഴേയ്ക്കും ഉളളം കൈയിലൊഴിച്ച വെളളം പോലെ ഒലിച്ചുപോവുന്നതു കാണുമ്പോള്‍ മനസ്സിലെന്തോ വല്ലാത്ത ആധിയാണിപ്പോള്‍.
തന്‍റെ ജീവിതംമാത്രം കരയ്ക്കണയാത്ത വഞ്ചി പോലെ കറ്റിലുലഞ്ഞ് ദിശയറിയാതെ എങ്ങോട്ടോ അകന്നുപോവുകയാണ്.
ഹോസ്റ്റലിന്‍റെ മുറ്റത്തെ വാകമരക്കൊമ്പില്‍ രണ്ടു കുരുവികള്‍ കൊക്കുരുമ്മുന്നു.. മേലെ, കാര്‍മ്മേഘങ്ങള്‍ മൂടിക്കെട്ടിയ ആകാശം മനസ്സിന്‍റെ പ്രതിഫലനമായി മാറിയിരിക്കുന്നു.
ഇന്ന് ഓഫീസ് അവധിയായിട്ടും വീട്ടിലേയ്ക്കു പോവാന്‍ തോന്നിയില്ല.
അമ്മ ഒരുപാടു തവണ മൊബൈലിലേയ്ക്ക് വിളിച്ചപ്പോള്‍ അടുത്തയാഴ്ച വരാമെന്ന് ഒഴിവുകഴിവു പറഞ്ഞു.
അപ്പോഴും ഓര്‍മ്മപ്പെടുത്തി, കാശിന്‍റെ കാര്യം.
ഈര്‍ഷ്യയാണ് തോന്നിയത്.
ജീവിതം തണല്‍ പൊഴിച്ച് ഒടുവില്‍ ഇലകള്‍ പൊഴിഞ്ഞ് ആര്‍ക്കും വേണ്ടാത്ത ഒറ്റമരമായി മാറുന്ന കാലം വിദൂരമല്ല..
പോവാതിരിക്കാനായില്ല.
അല്ലെങ്കിലും മനസ്സങ്ങനെയാണ്. ജാലവിദ്യക്കാരന്‍റെ കയ്യിലെ പൂക്കൊട്ട പോലെ മോഹങ്ങളുടെ നിറങ്ങള്‍ മാറിമറിയും.
പൈങ്ങോട്ടുകടവില്‍ ബസ്സിറങ്ങുമ്പോള്‍ സന്ധ്യയടുത്തിരുന്നു. തെളിച്ചമില്ലാത്ത തെരുവു വിളക്കുകള്‍ക്കു താഴെ രണ്ടുമൂന്നു നായ്ക്കള്‍ ഓടിനടക്കുന്നുണ്ട്.
അടുത്തുളള പെട്ടിക്കടയില്‍ രണ്ടുമൂന്നാളുകള്‍ ചായ കുടിക്കുന്നു. തുറിച്ചുനോട്ടം അവഗണിച്ച് വലതുവശത്തെ പനിച്ചകപ്പൂക്കള്‍ അതിരിട്ട കനാലിനോടു ചേര്‍ന്നുളള പഞ്ചായത്തു റോഡിലേയ്ക്കു തിരിഞ്ഞു.
അഞ്ചു മിനുട്ട് നടന്നാല്‍ അഴിഞ്ഞിലം ക്ഷേത്രമായി.
ആരോ നടന്നു വരുന്നുണ്ട്.
അടുത്തെത്തിയപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. സ്കൂളില്‍ കൂടെ പഠിച്ച ശാരദ. കൂടെ രണ്ടും അഞ്ചും വയസ്സു തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍..
അവളുടെ മുഖം ആശ്ചര്യത്താല്‍ നിറഞ്ഞു.
''സുനിതേ..നീ ആകെയങ്ങ് മെലിഞ്ഞല്ലോടീ.''
പുഞ്ചിരിക്കുക മാത്രം ചെയ്തു.
കല്യാണമൊന്നും ആയില്ലേ ഇതുവരെ?''
പ്രതീക്ഷിച്ചതും ഭയപ്പെട്ടതുമായ ചോദ്യം!
''ഇല്ല''
ഒറ്റവാക്കിലൊതുക്കി രക്ഷപ്പെട്ടു.
പടി കയറുമ്പോള്‍ ചെരാതുകള്‍ വൃത്തിയാക്കി എണ്ണപകര്‍ന്ന് വിളക്കു കൊളുത്തുന്ന അമ്മയെ കണ്ടു.
തന്നെ പ്രതീക്ഷിച്ചില്ലെന്ന് മുഖം കണ്ടാലറിയാം.
കയ്യില്‍ ബാക്കിയായ എണ്ണ നരവീണ മുടിയില്‍ തേച്ച് അമ്മ നിവര്‍ന്നു നിന്നു.
''ഒന്നു വിളിച്ചൂടായിരുന്നോ മോളെ. ഞാന്‍ സുരേഷിനെ പറഞ്ഞയക്കുമായിരുന്നു.''
''അതൊന്നും വേണ്ടമ്മേ.''
മുറ്റത്തെ പേരമരത്തിനു താഴെ മണ്‍ചട്ടിയില്‍ വിരിഞ്ഞ റോസാപ്പൂവില്‍ മെല്ലെ തഴുകി അകത്തേയ്ക്കു കയറി.
ഏട്ടത്തി അടുക്കളയിലായിരുന്നു.
കുട്ടികള്‍ പാഠപുസ്തകത്തിനു മുന്നില്‍ നിന്ന് ഓടിവന്നു.
രണ്ടു ചോക്ളേറ്റ് നീട്ടിയപ്പോള്‍ കണ്ണുകള്‍ തിളങ്ങി.
''ഏച്ചി എനിക്ക് ഒരു പുതിയ ബാഗ് വേണം. ''
മൂത്തവള്‍ അനു കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
പഠിക്കാന്‍ മിടുക്കിയാണവള്‍.
''ഏച്ചി വാങ്ങിച്ചു തരാട്ട്വൊ''.
ബാഗ് കട്ടിലില്‍ വെച്ച് തിരിഞ്ഞപ്പോള്‍ പിന്നില്‍ ഏട്ടത്തിയെ കണ്ടു.
മുഖം നീരുവന്ന് വീര്‍ത്തിരിക്കുന്നു. ഗര്‍ഭം ഏഴാം മാസമാണ്. നടക്കാനും കഷ്ടപ്പെടുന്നുണ്ട്.
''സുനീ..കഴിഞ്ഞമാസം ഡോക്ടര്‍ കുറിച്ചു തന്ന വൈറ്റമിന്‍ ഗുളിക മുഴുവനായും വാങ്ങിച്ചിട്ടില്ല.''
'വാങ്ങാം ഏട്ടത്തി.'
അലിവോടെ പറഞ്ഞ് മുറിയിലേയ്ക്ക് നടന്നു.
ജനാലക്കപ്പുറം തൊടിയിലെ മുരിങ്ങമരത്തിനിടയിലൂടെ ഇരുട്ട് പടര്‍ന്നു നിറയുന്നു. ചീവീടുകളുടെ ഗാനം രാത്രിയുടെ വരവറിയിക്കുകയാണ്..
''പൂവ്വനിലയും മറച്ചുവെച്ച്
പൂപോലെ ചോറ് വിളളമ്പുന്നല്ലോ..''
സുപരിചിതമായ വടക്കന്‍പാട്ടിന്‍റെ ഈരടികള്‍..
ഏട്ടനായിരിക്കും.
വൈകുന്നേരം തെക്കേപാടത്തു നിന്ന് പണി കഴിഞ്ഞു വന്നാല്‍ ഒരു കുടുക്ക കളള് മുന്നില്‍ വെച്ച് വടക്കന്‍പാട്ടു പാടുന്ന ഏട്ടന്‍. ഒരു കെട്ട് ബീഡിക്കു വേണ്ടി തന്നോടു കൈ നീട്ടാന്‍ മടിയില്ലാത്ത ഏട്ടന്‍..
''നീ എപ്പോ വന്നു''?
വാതില്‍പ്പാളിക്കപ്പുറം തന്നെ കണ്ടപ്പോള്‍ ഏട്ടനൊന്ന് ഞെട്ടിയെന്നു തോന്നി. മുഷിഞ്ഞ തോര്‍ത്തുമുണ്ട് കുടഞ്ഞ് തലയില്‍ വട്ടത്തില്‍ കെട്ടി എഴുന്നേറ്റപ്പോള്‍ ഏട്ടന് കാലിടറി..
തിരിഞ്ഞ് തെക്കിനിയിലേയ്ക്കു നടക്കുമ്പോള്‍ എതിരെ കുമ്മായമടര്‍ന്ന ചുവരിനു മധ്യത്തില്‍ മുനിഞ്ഞു കത്തുന്ന വിളക്കിനു മീതെ അച്ഛന്‍റെ മാലയിട്ട പടം കണ്ടപ്പോള്‍ ഉളളില്‍ ഉറവ പൊട്ടി...
അറിയാതെ ഒരു നിമിഷം കണ്ണടച്ചു നിന്നുപോയി. ഒരു അഭയത്തിനായി, ഒരു ചുമലിനായി....
അത്താഴം കഴിച്ച് കിടക്കുമ്പോള്‍ മനസ്സിലെവിടെയോ പ്രണയത്തിന്‍റെ ഗുല്‍മോഹര്‍ പൂത്തു..
ജയന്‍...
ആ വാക്കുകള്‍ക്ക് എന്ത് ഉത്തരം കൊടുക്കും?
''സുനീ..ഇത്തവണയെങ്കിലും നീ അമ്മയോടും ഏട്ടനോടും പറയണം നമ്മുടെ കാര്യം. എത്ര നാളെന്നു വെച്ചാ....''
അര്‍ദ്ധോക്തിയില്‍ മുറിഞ്ഞുപോവുന്ന ആ സ്വരം നെഞ്ചിനെ കുത്തിക്കീറുന്നു..
ഇല്ല.
ബാധ്യതകളുടെ ഈ വിഴുപ്പുഭാണ്ഡങ്ങളില്‍ നിന്ന് എനിക്ക് മോചനമുണ്ടാവില്ല ജയന്‍. നീ പോവുക. ഞാനിവിടെ ഇങ്ങനെ ഒരു പാഴ്മരമായി വെറുതെ തളിര്‍ത്തു നിന്നോട്ടെ..
എങ്ങു നിന്നോ പാതിരാപുള്ള് പാടി.
നേര്‍ത്ത ഗ്രീഷ്മക്കാറ്റ് ജനലിലൂടെ അരിച്ചിറങ്ങി.. നിലാവിന്‍റെ നീലയുടുപ്പ് തൊടിയിലെ കടലാവണക്കിനെ പുണര്‍ന്നു കിടന്നു..
നാളെ സെയ്തുക്കയുടെ കടയിലെ പറ്റ് തീര്‍ക്കണം, അമ്മയ്ക്ക് കുഴമ്പ് വാങ്ങണം, ഏട്ടത്തിക്ക് ഗുളിക, പിന്നെ....
-------------------------------
-ജാബിര്‍ മലയില്‍
No comments:
Post a Comment