🌳🌳🌳🌳🌳🌳🌳🌳
കാലങ്ങൾക്കിപ്പുറമിന്നുമാ പഞ്ചാര-
മാവിൻ ചുവട്ടിലിരിക്കാൻ കൊതി.
കാറ്റുകൊണ്ടും കണ്ണിമാങ്ങ പെറുക്കിയു-
മാടിത്തിമർത്ത് കളിക്കാൻ പൂതി.
തൊടിയിലാകെ തണലേകുമാ വൻമര-
ശിഖരങ്ങളിൽ പാർക്കും പറവകളും,
തിന്നിടും മാമ്പഴമേറേകൊതിയോടെ
കുട്ടികളും പിന്നെ വഴിപോക്കരും.
കല്ലെറിഞ്ഞു പള്ളിക്കൂടത്തിലെ പിള്ളേർ
വീണിടുന്നാ പച്ചമാങ്ങ പോലും.
തെല്ലു ക്ഷോഭിച്ചു വന്നുപ്പ മൊഴിയുന്നു
താഴെ വീഴുന്നതെടുത്തു പോണം.
കയറുവാനാകില്ലാ.. മാവിൻ തടിയത്
രണ്ടാൾ പിടിച്ചാലൊതുങ്ങുകില്ല
വീണിടും മാങ്ങകൾ കൂട്ടിവെച്ചു ബന്ധു-
മിത്രങ്ങളി ലന്നു വീതംവെച്ചു.
കളിവീടുകെട്ടിയാ മാവിൻ തണലിലെൻ
പെങ്ങളൊന്നിച്ചന്നവധിക്കാലം.
കൊത്തക്കല്ലും-കക്ക് ചാടിക്കളിച്ചു
ചിരട്ടയിൽ ചോറും കറിയും വെച്ചു.
കാലം ചിലതു കഴിഞ്ഞു... പെങ്ങൾ-തൻ
കാനേത്തിന്നാരവമന്നുയർന്നു.
കിഴിയിൽ തികയാതെ വന്നതും പഞ്ചാര-
മാവിൻ കടയ്ക്കൽ കോടാലി വീണു.
പെങ്ങളിറങ്ങും മുമ്പേ പിരിഞ്ഞുപോയ്
പഞ്ചാരമൂച്ചിയോ ഓർമ്മയായി
പെങ്ങൾ.. വന്നു പോകുന്നു വീട്ടിലും
പഞ്ചാരമൂച്ചിയോ സ്വപ്നത്തിലും....😓
-----------------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ.
No comments:
Post a Comment