നിങ്ങൾ കേട്ടിട്ടുണ്ടോ?
കുറ്റൂർകാരനായ അറബ് പൗരനെ കുറിച്ച്
▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫▫
നമ്മുടെ നാട്ടിലെ പ്രവാസികളിൽ അറബ് പൗരത്വം കരസ്ഥമാക്കിയ കുടുംബമാണ് അരീക്കൻ മുഹമ്മദാജിയുടേത്.
ഇദേഹം എം എം .മലബാരി എന്ന പേരിലാണ് അറിയപ്പെട്ടത്.
നമ്മിൽ പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു പ്രവാസത്തിന്റെ കഥയാണ് ഇദേഹത്തിന്റെ ജീവിതം.
ഇവരുടെ
കുടുംബവീട് കാട്ടിൽതൊടുവിലായിരുന്നു.
മുട്ടുംപുറത്തിന്റെ യും
കടപ്പൻ ചാലിന്റെയും ഇടക്കായിരുന്നു ഈ സ്ഥലം.
പിതാവിന്റെ പേര് മൊയ്തീൻ .
ഇദേഹം മലബാർ കലാപകാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
സേലം സെൻട്രൽ ജയിലിൽ.
ഇദേഹത്തിന് രണ്ട് ആണും ഒരു പെണ്ണുമായിരുന്നു
മക്കളായുണ്ടായിരുന്നത് .
പെൺകുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.
മുഹമ്മദ് ഹാജിയുടെ ജേഷ്ട സഹോദരനാണ് മമ്മൂട്ടി ഹാജി.
ഇവർ കുടുംബ സമേതം നമ്മുടെ നാട്ടിൽ നിന്ന് വയനാട്ടിലെ മീനങ്ങാടിയിലേക്ക് താമസം മാറ്റി.
അവിടെ നിന്നാണ് ഗൾഫിലേക്ക് പോയത്.
അക്കാലത്ത് നമ്മുടെ നാട്ടിൽ നിന്ന് ആരും ജോലി ആവശ്യാർത്ഥം ഗൾഫിലെത്തിയിരുന്നില്ല.
ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ച നാട്ടുകാർ വരെ വളരെ അപൂർവ്വമായിരുന്നു.
അക്കാലത്ത് ഹജജിന് പോയ നാട്ടുകാരെ പരിചരിക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യമാണ് കാണിച്ചത്.
ഇദേഹത്തിന്റെ പിതാവ് മൊയ്തീൻ ഗൾഫിൽ വെച്ചാണ് മരിച്ചത്.
പിന്നീട് ജേഷ്ട സഹോദരൻ മമ്മൂട്ടി ഹാജിയോടൊത്ത്
വിപുലമായ ബിസിനസ് സാമ്രാജ്യങ്ങൾ മുഹമ്മദാജി വളർത്തിയെടുത്തു.
പിന്നീട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ
കുട്ട്യാലി ഹാജിയോടൊപ്പം വേങ്ങര ഇസ്മത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ഈ വേള ബന്ധുവീടുകളിലും മറ്റും സന്ദർശനം നടത്താനും പഴയ നാട്ടു സൗഹൃദങ്ങളെ തേടിപ്പിടിക്കാനുമാണ് ഇദേഹം ചെലവഴിച്ചത്.
അദേഹത്തിന്റെ കൂടെ സൗദിയിലുണ്ടായിരുന്ന പാലാടൻ മുഹമ്മദാജിയാണ്
ഈ പുന:സമാഗമത്തിന് വഴിയൊരുക്കിയത്.
തിരൂരങ്ങാടി, പരപ്പനങ്ങാടി, മഞ്ചേരി ,പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് മുഹമ്മദാജി വിവാഹം കഴിച്ചു .
പാവങ്ങളെ സഹായിക്കുന്നതിലും നാട്ടിലെ പൊതു കാര്യങ്ങളിലും ഇദേഹം ഏറെ തൽപ്പരനായിരുന്നു .
തിരൂരങ്ങാടി, ചേറൂർ യതീംഖാനകൾക്ക് ഏറെ ധന സഹായങ്ങൾ നൽകി .
ചെമ്മാട് സലഫി മസ്ജിദ്
മുഹമ്മദാജി നിർമ്മിച്ച് നൽകിയതാണ്.
അതുപോലെ മഞ്ചേരി ,നിലമ്പൂർ, മലപ്പുറം, പരപ്പനങ്ങാടി, പാലക്കാട്, തുടങ്ങിയ പ്രദേശങ്ങളിലും ഇദേഹം പള്ളികൾ നിർമിച്ച് കൊടുത്തിട്ടുണ്ട്.
ഊക്കത്ത് ജുമാ മസ്ജിദിനും ഇദേഹത്തിന്റെ ഉദാരമായ
സഹായങ്ങൾ ലഭിച്ചു.
ബന്ധുക്കൾക്കും നാട്ടുകാർക്കും ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ
കുറ്റൂർകാരുടെ പ്രവാസ ജീവിതത്തിൽ അരീക്കൻ മുഹമ്മദാജി എന്ന എം.എം.മലബാരിക്ക്
നിർണ്ണായക സ്ഥാനമാണുള്ളത്.
ഇദ്ദേഹത്തിന്റെ മക്കളും മറ്റ് കുടുംബാംഗങ്ങളും ഈയടുത്ത് നമ്മുടെ നാട്ടിൽ വരികയും കുടുംബങ്ങളിലും മറ്റും സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
----------------------------
സത്താർ കുറ്റൂർ
അദർമനേ ഇജ്ജ് പോരണ
എവടക്ക്
കുഞ്ഞായമാജി ണ്ടോടാ അറബി വന്നിട്ടെണ്ട
കേട്ട പാതി
കേക്കാത്ത പാതി കുപ്പായം കൂടി ഇടാത്ത ഓൻ ഇന്ടെ കൂടെ പോന്നു
അങ്ങനെ ഞങ്ങൾ കുഞ്ഞായമജ്‌ണ്ടേ പേരിൽ ചെന്നു
മുറ്റം നിറയെ ആളുകൾ
ഞങ്ങളും കണ്ണ് നിറയെ അറബിയെ നോക്കി നിന്നു
മേശക്ക് ചുറ്റും ആളുകൾ കൂട്ടം കൂടി നിൽക്കുന്നു
അറബി ഒരു കസേരയിൽ ഇരിക്കുന്നു
മേശക്ക് മുകളിൽ 1 . 2. 5 . 10. 20. നോട്ടുകൾ അട്ടിക്ക് വെച്ചിരിക്കുന്നു
അസ്സൻകുട്ടി ഹാജിയും
കുട്ട്യാലിഹാജിയും കുടുംബക്കാരേയു
നാട്ടുകാരെയും പരിചയപ്പെടുത്തുന്നു
അതിനിടയിൽ ഞങ്ങളെയും വിളിച്ചു
എനിക്ക് 5 ഉറുപ്പികയും അദർമാന് 10 ഉറുപ്പികയും
എന്റെ കണ്ണ് തള്ളിപ്പോയി
ഇതെന്റെ കഥ
കുറെ ആലോചിച്ചു
പിന്നെ പിടുത്തം കിട്ടി
ഓൻ കുപ്പായം ഇട്ടിട്ടു ല്ലായിരുന്നു
അറബി വല്ല തക്കറോണി ചെക്കൻ ആണ് എന്ന് വിജരിച്ചു കൊടുത്തതാകും
ആ സത്യം മനസ്സിൽ ആകാൻ നീണ്ട 20 വർഷം കാത്തിരിക്കേണ്ടി വന്നു
സൗദി അറബിയിൽ എത്തിയപ്പോൾ ആണ് ഓനെ 10 കൊടുത്തത് എന്തുകൊണ്ട് എന്ന് മനസ്സിൽ ആയതു
ഒരു പാട് പേര് അദ്ദേഹത്തിന്റെ സഹായം കൊണ്ട് രക്ഷപെട്ടു എന്ന് കേട്ടിട്ടുണ്ട്
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
--------------------------
സൈദലവി പരി
മുഹമ്മദ് മുഹ് യിദ്ദീൻ മലബാരി
(അരീക്കൻമാരുടെ അഭിമാനമായ അറബ് പൗരൻ )
〰〰〰〰〰〰〰〰〰
അരീക്കൻ കുടുംബത്തിലെ അറിയപ്പെട്ട ആദ്യ വല്ലിപ്പമാർ മൊയ്തീൻ എന്നവരും അവരുടെ സഹാദരൻ മമ്മൂട്ടി എന്ന വരുമാണ്. മൊയ്തീൻ എന്നവരുടെ മക്കളാണ്
ബീരാൻ (എന്റെ വല്ലിപ്പ)
കുട്ടാലി (കുട്ട്യാലി ഹാജിയുടെ വല്ലിപ്പ)
മൂസ (താമരശ്ശേരി താമസമാക്കി)
ഹസൻ ( കോർട്ട് ഹസൻ കാക്കാന്റെ വല്ലിപ്പ)
കുഞ്ഞിമൊയ്തീൻ (മമ്മുട്ടി മാസ്റ്ററുടെ വല്ലിപ്പ)
ആദ്യം പറഞ്ഞ മൊയ്തീൻ എനവരുടെ സഹോദരൻ മമ്മുട്ടിയൂടെ മകൻ മൊയ്തീന്റെ മകനാണ് സ്മര്യ പുരുഷൻ മുഹമ്മദാജി. ( മരണപ്പെട്ടഎല്ലാവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ )
ബാപ്പ മൊയ്തീൻ എന്നവർ കുറച്ചു കാലം താമരശ്ശേരി മൂസ എളാപ്പയുടെ അടുത്ത് താമസിച്ചു. നല്ല ആരോഗ്യവും തടിയുമുള്ള മൊയ്തീൻ എന്നവർ അത്യാവശ്യം പോക്കിരിത്തരവും ഉണ്ടായിരുന്നു. എളാപ്പയോട് പിണങ്ങി വയനാട് കയറി. അവിടുന്നാണ് സൗദിയിലേക്ക് യാത്ര പോകുന്നത്. അന്ന് മുഹമ്മദ് ഹാജി കൈ കുഞ്ഞായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നെ അവിടെ വളർന്ന ഹാജി ജ്യേഷ്ഠൻ മമ്മുട്ടി ഹാജിയും ചേർന്ന് ജിദ്ദയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു.
കുടുംബവേര് തേടി ഹാജി ഒരു പാട് തവണ നാട്ടിൽ വന്നു. താൻ വിവാഹം ചെയ്ത നാട്ടിലും സ്വന്തം കുടുംബത്തിലും ഉദാരമായി സഹായം ചെയ്തു. തിരൂരങ്ങാടി യതീംഖാനക്കും ഒരു പാട് പള്ളികൾക്കും ജാരിയായ സ്വദഖകൾ നൽകി. കുട്ട്യാലി ഹാജി, അബ്ദുറഹ്മാൻ ഹാജി എന്നിവരുമായി നിരന്തരം സമ്പർക്കം പുലർത്തി. നാട്ടിലെന്ന പോലെ സൗദിയിലും ഒരു പാട് കുടുംബക്കാർക്കും നാട്ടുകാർക്കും ജോലി നൽകി. ഈയുള്ളവന് തിരൂരങ്ങാടി TTC ക്ക് സീറ്റ് കിട്ടിയത് മുഹമ്മദ് ഹാജിയുടെ ഒറ്റ വാക്കായിരുന്നു. ഞാനും അബ്ദുറഹ്മാൻ ഹാജിയും കൂടി യതീംഖാന ഓഫീസിൽ ഹാജി എത്തിയെന്ന വിവരമറിഞ്ഞ് പോയതായിരുന്നു. എന്താ അബ്ദുറഹ്മാനേ.. ഒറ്റ ചോദ്യം. കാര്യം പറഞ്ഞു - സെക്രട്ടറിയോട് സീറ്റ് നൽകാൻ പറഞ്ഞു. സീറ്റ് കിട്ടി. നല്ലപോലെ മലയാളം പറഞ്ഞിരുന്നു. നല്ല പൊക്കവും തടിയുമുള്ള വെളുത്ത സൗന്ദര്യവാനായിരുന്നു. ചെറിയ അറബി താടിയായിരുന്നു.. അദ്ദേഹത്തിന്റെ മഞ്ചേരിയിലുള്ള മകന്റെ നികാഹിന് ഞങ്ങൾ കുടുംബക്കാർ നാലഞ്ചു മാസം മുമ്പ് കാസർഗോഡ് സംബന്ധിച്ചു.
അല്ലാഹു ആ ഉദാരമതിയായ മഹാനുഭാവന് അദ്ദേഹത്തിന്റെ ജാരിയായ സ്വദഖകളും സൽകർമ്മങ്ങളും ഖബ്റി eലക്ക് അണമുറിയാത്ത പ്രതിഫലമായി ചൊരിഞ്ഞു കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ:
☘☘☘☘☘☘☘☘
മുഹമ്മദ് കുട്ടി അരീക്കൻ
റൈസ് സൂപ്പും ചക്കക്കൂട്ടാനും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ൻറെ സൈദിന്റെ ആ വിളിക്കാൻ കേട്ടത്:
അ ദ്രാ മാനേ.......
ദൂരെ നിന്നു തന്നെയുള്ള ആ വിളി എന്റെ കർണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
കയ്യിൽ ചക്ക കൂട്ടാനുമായി പുറത്തിറങ്ങി നോക്കിയപ്പോൾ ൻറെ സൈദ് മുറ്റത്ത് നിൽക്കുന്നു.
അനക്ക് കഞ്ഞി മാണാ?
ഞാൻ കുടിച്ചു.
കുഞ്ഞയമാജിന്റോടെ അറബി വന്ന് ക്ക് ണേ ലോ" ...
ഞമ്മള് പോയി നോക്കാ.....
ൻറെ സൈദ് വിളിച്ചാൽ വരില്ലെന്ന് എനിക്കെങ്ങനെ പറയാൻ കഴിയും?
നിക്കെട്ടാ.... ഞാൻ കുപ്പായടട്ടെ.....
മാണ്ട, നേരം ബെഗ്യാ അറബി പോകും.....
ൻറെ സൈദ് കുപ്പായമിടേണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ, ചക്കക്കൂട്ടാനായ കൈ തുണിയുടെ തലക്കൽ തുടച്ച് കൈവൃത്തിയാക്കി!
ൻറെ സൈദിന്റെ പുറകെ ഞാനും നടന്നു.
കുഞ്ഞയമാജി അന്ന് ജീവിച്ചിരിപ്പില്ലെങ്കിലും കുഞ്ഞയമാജിന്റോട എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്.
മുറ്റം നിറയെ ആളുകൾ കൂടിയിരിക്കുന്നു. കുട്ടികളായത് കൊണ്ട് മുതിർന്നവരുടെ ഇടയിലൂടെ മുന്നോട്ട് നീങ്ങി അറബി ഇരിക്കുന്നിടത്തെത്തി.
രണ്ട് അറബികൾ! അത് MM മലബാരിയാണോ ഒന്നും ഞങ്ങൾക്ക' റിയില്ലായിരുന്നു.
അറബികളുടെ മുന്നിലുള്ള ടേബിളിൽ ഒരു പ്ലെയ്റ്റിൽ പഴുത്തവരിക്കച്ചക്ക, വറുത്ത അണ്ടിപ്പരിപ്പ്, പിന്നെ കട്ടൻ ചായയും! കട്ടൻ ചായ ചൂണ്ടിക്കൊണ്ട് ൻറെ സൈദ് പറഞ്ഞു അത് സുലൈമാനിയാണെന്ന്!
എല്ലാവരും കൗതുകത്തോടെ അറബികളെ നോക്കുന്നു! പലരെയും ഹസ്സൻകുട്ടി ഹാജിയും കുട്ട്യാലി ഹാജിയും പരിചയപെടുത്തിക്കൊടുക്കുന്നു.
മേശപ്പുറത്ത് പുത്തൻ നോട്ടുകളുടെ കെട്ടുകൾ! 1, 2,5, 10, 20 രൂപ ക ളു ടെ നോട്ട് കെട്ടുകൾ !!
പരിചയപ്പെടുന്നതിനിടയിൽ അറബി നോട്ടുകൾ ഓരോരുത്തർക്കം എടുത്ത് കൊടുക്കുന്നു. എന്നെയും ൻറെ സൈദിനെയും AKH അടുത്തേക്ക് വിളിച്ചു.
ഞങ്ങളെ കണ്ട പാടേ അറബി (മുഹമ്മദ് ഹാജി ) ൻറെ സൈദിന് പിടക്കുന്ന 5 രൂപാ നോട്ട് കയ്യിൽ വെച്ച് കൊടുത്തു. എനിക്ക് 10 രൂപാ നോട്ട്!!!
പുറത്തിറങ്ങിയപ്പോ ൻറെ സൈദ് പറഞ്ഞു, ഞമ്മള് കായി മാറ്റം മാറാ.....
മാണ്ട ട്ടാ ഇച്ച് അറബി തന്നതല്ലേ .....
ൻറെ സൈദ് തട്ടിപ്പറിക്കുന്നതിന്റെ മുന്നേ തന്നെ ഞാൻ വീട്ടിലേക്കോടി. 10 രൂപാ ഉമ്മാനെ ഏൽപിച്ചു.
രണ്ട് കൊല്ലത്തിന് ശേഷം മുഹമ്മദ് ഹാജി വീണ്ടും AKHഹൗസിൽ വന്നു. അന്ന് മദ്രസ്സയിലെ കുട്ടികൾക്കെല്ലാവർക്കും ബിരിയാണിയുണ്ടായിരുന്നു. മദ്രസ്സയിൽ നിന്നും കുട്ടികളെ വരിവരിയായി കൊണ്ടു പോയി.
അതിനു ശേഷം മുഹമ്മദ് ഹാജിയെ ഞാൻ കണ്ടിട്ടില്ല.
സത്താർജിയുടെ വിവരണം മാത്രം മതി കൂട്ടിലെ തത്തകൾക്ക് മലബാരിയെ അറിയാൻ.
----------------------------------
ആർ സി അബ്ദുറഹ്മാൻ
മുഹമ്മദ് മുഹയുദ്ധീൻ മലബാരി എന്ന അരീക്കൻ മുഹമ്മദാജി..
തിരൂരങ്ങാടി, പരപ്പനങ്ങാടി, മഞ്ചേരി, പാലക്കാട് എന്നീ പ്രദേശത്തുകാരായ 4 ഭാര്യമാരിൽ നിന്നായി 24 മക്കൾ.
പിതാവ് മായ്തീൻ [മലബാർ കലാപ വേളയിൽ സേലം ജയിലിൽ തടവിലാക്കിയ ഇദ്ധേഹം എടത്തോള കുഞ്ഞാലി ആധികാരിക്ക് അയച്ച കത്ത് ചരിത്ര പ്രാധാന്യം നേടുകയുണ്ടായി ].....മാതാവ് കാപ്പൻ ആമിന സഹോദരൻ മമ്മുട്ടി ഹാജി.
മരക്കച്ചവടക്കാരനായിരുന്ന പിതാവ് മൊയ്ദീൻ മറ്റൊരു കുടുംബത്തിന്റെ അടുത്ത് നിന്ന് മരത്തിന് കാശ് കൊടു കുകയും മരം കിട്ടാതെ കേസും മറ്റുമായി പരാജിതനായി മായ്തീൻ കുടും ബത്തെ കൂട്ടി വയനാട് മീനങ്ങാടിയിലേക്ക് നാട് വിട്ടു.
അവിടെ വെച്ച് ഏക സഹോദരി മരണപ്പെട്ടു....വയനാട്ടിൽ നിന്ന് ബോംബെയിൽ എത്തിപെട്ട മൊയ്തീൻ അവിടെ നിന്ന് ഏകദേശം 47 കളിൽ കപ്പൽ വഴി സൗദിയിൽ എത്തിപെടുകയായിരുന്നു.
40 കളിൽ സൗദിയിൽ താമസമാക്കിയ പെരുന്തൽമണ്ണ സ്വദേശി മുഹമ്മദലി ഹാജിയുടെ സംരക്ഷണത്തിലായിരുന്നു മുഹമ്മദാജിയും കുടുംബവും.
സൗദിയിൽ എത്തുമ്പോൾ കുട്ടിയായിരുന്നു മുഹമ്മദാജിയെ പിതാവിന്റെ മരണശേഷം ജേഷ്ഠൻ മമ്മുട്ടി ഹാജിയായിരുന്നു സംരക്ഷിച്ചു പോന്നത്.
മമ്മുട്ടി ഹാജിയുടെ ഭാര്യ കോഡൂർ സ്വദേശിയായിരുന്നു...അദ്ധേഹത്തിന് ഒരു മകനും മുന്ന് പെൺ മകളും (എല്ലാവരും സൗദികൾ] ഇവർ എല്ലാം ദമാമിലാണ്.
തോട്ടശ്ശേറി അറയിലുള്ള പല ബിസിനസ്സുകാരുടേയും ഗഫീൽ ഇദ്ധേഹമാണ്...മലബാർ ഗ്രൂപ്പിന്റെ കാപ്പൻ ജബ്ബാർക്കയുടെ ഗഫീൽ മമ്മുട്ടി ഹാജിയുടെ മകൻ അഹമ്മദ് ആയിരുന്നു.......6 മാസം മുമ്പ് ഇദ്ദേഹം നാട്ടിൽ വന്നപ്പോൾ കുട്ട്യാലി ഹാജിയുടെ കൂടെ ഞാനും കണ്ടിരിന്നു.
ഇന്ത്യയിൽ വൻതോതിൽ ചരക്കുകൾ എക്സ്പേർട്ട് ചൈതിരുന്ന മുഹമ്മാജി സുഗന്ധദ്രവ്യങളും,മുന്നാറിൽ നിന്ന് കയറ്റിയിരുന്ന ചായ പൊടി'മലബാരി ടീ' കായിലാണ്ടിയിൽ നിന്ന് ഹുഗ്ഗ,തിരൂരിൽ നിന് വെറ്റില, പൂനയിലെ തന്റെ ഉടമസ്ഥയിൽ ഉള്ള 50 ഏകറോളം വരുന്ന മാന്പഴ തോട്ടത്തിൽ നിന്നുള്ള മാങ്ങ തുടങ്ങി വിവിധ ഇനങ്ങൾ എക്സ്പോർട്ട് ചൈതിരുന്നു.
മക്കയിലും, ജിദ്ധയിൽ ബലദ്, ബാബ് ഷരീഫ് കരിത്തിന ബവാദി,മദീനത്തൽ ഹുജ്ജാജ്, ബവാദി ദവ്വർ ഫലക്, തുടങ്ങിയ ഇടങ്ങളിൽ നിരവദി കെട്ടിടങ്ങൾ വ്യത്യസ്ഥങ്ങളായ വ്യാപാര സ്ഥാപനങ്ങൾ സ്വന്തമായി ഉണ്ടായിരുന്നു.
മലയാളികളായിട്ട് തന്നെ നുറുകണക്കിന് ആളുകൾ അദ്ധേഹത്തിന് കീഴിലു ണ്ടായിരിന്നു.
മമ്മുട്ടി ഹാജിയുടേയും, മുഹമ്മദാജിയു ടേയും ക്ഷണപ്രകാരമാണ് കുട്ടാലിഹാജി 61 ൽ സൗദിയിൽ ആദ്യമായി പോവുന്നത് പിന്നിട് സീസൺ കച്ചവടത്തിന് പോയിരുന്ന കുട്ട്യാലി ഹാജി 65 ൽ മുഹമ്മാജിയുടെ ഒരു ഹോട്ടൽ ഏറ്റെടുത്ത് മക്കത്ത് "ഇസ്മത്ത് ഹോട്ടൽ" എന്ന പേരിൽ തുടങ്ങി പിന്നീട് ഹറം വികസനത്തിൽ പോളിച്ചു പോയി.
80കളിൽ ജിദ്ധയിൽ സേട്ട് സാഹിബിന് പ്രസംഗിക്കാൻ നാട്ടിലെ മൈതാന സമ്മേളനം പോലെ നടത്തീൻ അനുമതി വാങ്ങി കൊട്ടത്തതും മലബാരിയായിരിന്നു.
ദാരിദ്ര്യം കൊടി കുത്തി വാണിരുന്ന കാലത്ത് യത്തീംഖാനകളെ അകമഴിഞ്ഞ് സഹായിച്ചിരുന്ന മുഹമ്മദ് ഹാജി തിരൂരങ്ങാടി യത്തീം ഖാന യുടെ മുഖ്യ വരുമാന സ്ത്രോതസായിരുന്നു.
നിരവദി പള്ളികൾ നിർമിച്ച് നൽകിയ മലബാരിയുടെ ഉദാര മനസ്തകത എടുത്ത് പറയേണ്ടതാണ്.
കുറ്റൂരിൽ ആഴ്ചയിൽ രണ്ട് പോത്ത് അറവ് അദ്ധേഹത്തിന്റെ വകയുണ്ടായിരുന്നു.
തിരൂരിൽ വെച്ച് അദ്ധേഹത്തിന് നേരയുണ്ടായ ദൗർഭാഗ്യകരമായ വധ ശ്രമം(മരിച്ചെന്ന് കരുതി ഇട്ട് പോയതായിരിന്നു) പാലക്കാട് പള്ളി ഉൽഘാന ദിവസം മലബാരിയുടെ അമ്മോശനെ കുത്തി കൊന്നതും ഞെട്ടെലോടെയാണ് ബന്തുകൾ ഓർത്തെടുക്കുന്നത്.
അള്ളാഹു അദ്ദേഹത്തേയും നമ്മേയും സ്വർഗ്ഗത്തിന്റെ അവകാശികളിൽ പെടുത്തട്ടെ.
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ
No comments:
Post a Comment