അബ്ദുല്ല, അതാണവന്റെ പേര്.
പുഞ്ചിരി തൂകുന്ന മുഖഭാവം. ആരെയും ആകർഷിക്കുന്ന വാക്ചാതുരി.
അന്ന് ബസ്സിൽ വെച്ച് കണ്ടപ്പോൾ സന്തോഷത്തിലേറെ ആശ്ചര്യമ്മായിരുന്നു. എന്നോ വിസ്മൃതിയിലാണ്ടുപോയ മുഖം.
ആളാകെ മാറിയിട്ടുണ്ട്, വേഷത്തിലും ഭാവത്തിലും. ഇത്തിരി നീണ്ടിരിക്കുന്നു ഒതുക്കിവെട്ടിയ താടിയും ചിട്ടയിൽ കെട്ടിയ തലപ്പാവും ശുഭ്രവസ്ത്രവും.
മിനി ബസ്സിന്റെ പിൻസീറ്റിലിരിക്കുന്ന ഞാൻ, അവൻ കയറുമ്പോൾ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്ത് ചെന്ന് സലാം ചൊല്ലി, ഞാൻ ചോദിച്ചു, അബ്ദുല്ല അല്ലേ.?
കുശലാന്വേഷണങ്ങൾക്കിടയിൽ ഞാനൊന്നു ശ്രദ്ധlച്ചു, പഴയ ആ ചറപറാന്നുള്ള സംസാരമില്ല. അളന്നു മുറിച്ച വാക്കുകൾ. ചോദിച്ചതിനു മാത്രം മറുപടി. അപ്പോഴേക്കും എനിക്കിറങ്ങേണ്ട സ്ഥലമെത്തി. അവൻ ദർസിൽ ചേർന്നു പഠിക്കുകയാണ്. പള്ളിയുടെ പേരു പറഞ്ഞു. അവിടെ വന്ന് കാണാമെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.
വീട്ടിലേക്കുള്ള വഴിയിൽ എന്റെ ഓർമ്മകൾ ഒരു പത്തു വർഷം പുറകോട്ട് പോയി. ഞാനവന്റെ സീനിയറായിരുന്നു
ബസ്സിറങ്ങി കലാലയത്തിലേക്ക് രണ്ടു കിലോമീറ്ററോളമുള്ള നടത്തത്തിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പാവപ്പെട്ട കുടുംബമാണ്, മൂത്തതാണവൻ. പക്ഷേ അന്നതൊന്നും അവന്റെ ഭാവത്തിലില്ല. അടിപൊളിയായിരുന്നു. അന്ന് (1986) മമ്മൂട്ടിയുടെ റിലീസുകൾ "കളാആ"ക്കാത്തവൻ.
ആകെ ഒരു വർഷമേ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. പിന്നെ കാണുന്നത് ഇപ്പോഴാണ്. പിന്നെയെങ്ങനെ അവൻ ഈ വഴിയിലെത്തി... വീട്ടിലെ പ്രാരാബ്ധം അവന്റെ തുടർപഠനത്തിന് വിഘാതമായിട്ടുണ്ടാവാം, എന്റെ ചിന്തകൾ ആ വഴിക്ക് പോയി.
പിന്നീട് വർഷങ്ങളുടെ ഇടവേളകളിൽ അവനെ കാണാറുണ്ട്. അപ്പോഴാണറിയുന്നത്, ദർസിലെ പഠനത്തിനിടയിലും മദ്രസ്സയിൽ പഠിപ്പിക്കുമ്പോഴും അവൻ വെറുതെയിരുന്നില്ല, പഠനം തുടർന്നു. ഇന്നവൻ ഒരു സ്കൂളിൽ ക്ലാസെടുക്കുന്നു. കൂടാതെ മദ്രസ്സയിൽ പ്രധാനാധ്യാപകനാണ്.
അവൻ ദുനിയാവും ആഖിറവും ഭദ്രമാക്കി.
ഇന്ന് ഞാൻ ചിന്തിക്കുന്നത് എന്നെക്കുറിച്ചാണ്. ഞാൻ എന്ത് നേടി...?
പരമകാരുണികനായ അല്ലാഹു നമ്മെ ഇരുലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടേ... ആമീൻ.
--------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ,
No comments:
Post a Comment