Sunday, 27 August 2017

*** പരുന്ത് ലീസ് ***


     ഒരു വെള്ളിയാഴ്ച രാവിലെ തന്നെ റോഡിൽ ഏതാനും  കൂട്ടുകാരൊന്നിച്ച് അണ്ടിത്തമ്പ് കളിക്കുകയായിരുന്നു.എല്ലാവരുടെ കയ്യിലും ധാരാളം അണ്ടികളുണ്ടായിരുന്നു.
ഞാനുണ്ട്...... ഞാനുണ്ട്....... ദൂരെ നിന്നു തന്നെ ൻറെ സൈദിന്റെ ശബ്ദം ഞാൻ കേട്ടു.
ൻറെ സൈദ് മൂത്താപ്പാട്ക്ക് (അമ്പാളിൽ) വിരുന്ന് പോയതായിരുന്നു.
ൻറെ സൈദും കളിക്കാൻ കൂടി . ക്രമേണ അണ്ടികളെല്ലാം ൻറെ സൈദിന്റെ കയ്യിലായി. എല്ലാവരുടെ അണികളും തീർന്നു. കളി നിർത്തി. ൻറെ സൈദ് പോകാനൊരുങ്ങിയപ്പോ എല്ലാവരും കൂടി ൻറെ സൈദിനെ പിടിച്ച് വെച്ച് പറഞ്ഞു, പൊളിച്ച് പോക്കില്ല!
ൻറെ സൈദിന് പോകാൻ തിടുക്കമുള്ളത് കൊണ്ട് ഈ രണ്ട് അണ്ടി വീതം എല്ലാവർക്കും നൽകി. പോകാൻ നേരം എന്നോട് പറഞ്ഞു പരുന്ത് ലീസ് ഉണ്ടാക്കി വെച്ച് ക്ക്ണ്. ഉച്ചതിരിഞ്ഞിട്ട് ജ്ബാ.....
പള്ളി പിരിഞ്ഞ് (ജുമുഅ ) വന്ന് റൈസ് സൂപ്പും ടെൻഡർ ജാക്ക് ഫ്രൂട്ട് പെയ്സ്റ്റും കഴിച്ച് ഓടി ൻറെ സൈദിന്റെ പുരയിലെത്തി. 
വലിയ ഒരു പരുന്ത് ലീസ്!
അന്നൊന്നും അതിന് പട്ടം എന്ന് പേരിട്ടിട്ടില്ലായിരുന്നു.
വാലിന് ഏകദേശം രണ്ട് മീറ്റർ നീളം കാണും. വലിയ ചിറകുകളും. ഇരുനൂറ് മീറ്ററോളം നൂലിന് നീളം കാണും..
നേരെ പാടത്തേക്ക് തിരിച്ചു. മൂന്ന് മണിയേ ആയിട്ടുള്ളുവെങ്കിലും നല്ല കാറ്റ്! ചൂട് അറിയന്നേയില്ല.
പരുന്ത് ലീസ് ഉയർത്തി, നിമിഷ നേരം കൊണ്ട് പരുന്ത് ലീസ് ഉയർന്നു.ൻറെ സൈദിന്റെ കയ്യിൽ കിടന്ന് നൂലിന്റെ കെട്ട് ആനന്ദ നൃത്തമാടി. ഏകദേശം 200 അടി ഉയരത്തിലെത്തിയപ്പോൾ ൻറെ സൈദ് പറഞ്ഞു ഇനി പരുന്ത് ലീസിന് " കമ്പി" അയക്കണം!
പരുന്ത് ലീസിന്റെ നൂല് എന്റെ കയ്യിൽ തന്നു. ൻറെ സൈദ് കമ്പി (പേപ്പർ നമുക്കൊരു ദ്വാരമിട്ടത്) എടുത്ത് നൂലിൽ കോർത്തു. ആ കടലാസ് നൂലിലൂടെ പരുന്ത് ലീ സി ൻറെ അടുത്തെത്തി. ഓരോന്നോരോന്നായി ധാരാളം കമ്പി അയച്ചു.
ഇനി ഒരു കളർ കമ്പി ഉണ്ട് അതുകൂടി അയക്കാം.
പെട്ടെന്ന് നൂലിന്റെ അ‌ ഗ്രം എന്റെ കയ്യിൽ നിന്ന് പിടി വിട്ടു. സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്താൽ പരുന്ത് ലീസ് ദൂരേക്ക് പറന്നു. നിസ്സാഹയനായി നോക്കി നിൽക്കുന്ന എന്റെ മുഖത്തേക്ക്, ദ്വേഷ്യം കൊണ്ട് വിറച്ച ൻറെ സൈദ് ചേറുവാരി ഒരൊറ്റ ഏറ് ......
പിന്നെ എനിക്ക് പരുന്ത് ലീസ് കാണാൻ കഴിഞ്ഞില്ല. കണ്ണുകളിലെല്ലാം ചേറ് നിറഞ്ഞിരുന്നു.
ആ പരുന്ത് ലീസ് ഒത തെങ്ങിൻ മുകളിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment