☘☘☘☘☘☘☘☘☘
ഞാൻ ഇന്ന് എന്റെ ഉസ്താദുമായി ഒന്നര മണിക്കൂറിലേറെ സംസാരിച്ച് ഇരുന്നു - എന്റെ മാത്രം ഉസ്താദല്ല, കുറ്റൂരിന്റെ ഒരു തലമുറയുടെ ഉസ്താദ് ബഹു: MCഅബ്ദുറഹ്മാൻ മുസ്ല്യാർ . (അല്ലാഹു ആഫിയതോടെ ദീർഘായുസ്സ് നൽകട്ടേ..) കണ്ണിന് കുറച്ച് കാഴ്ച കുറവുണ്ടെങ്കിലും സൂക്ഷ്മമായ ഓർമശക്തിയാണ്.
പഴയ കാല കുറ്റൂർ ചരിത്രം മുതൽ അന്താരാഷ്ട്ര വിഷയങ്ങളായ ഇസ്രയേലിന്റെ പിറവി, ഫൈസൽ രാജാവിന്റെ വധം, പിന്നെ... അന്ത്യനാളിൽ ഈസാ നബി (അ)യുടെ വരവ്. വല്ലാത്ത അനുഭവമായിരുന്നു. ഉസ്താദ് 1958-59 കാലത്ത്AR നഗർ ഫസലിയ മസ്ജിദിലാണ് തുടക്കം - പിറ്റേ വർഷം കൊളപ്പുറം. 1961 ൽ കുറ്റൂർ ഹുജ്ജത്തിൽ വന്നു - നീണ്ട 21 വർഷം കുറ്റൂരിൽ തലമുറകൾക്ക് ദീനിന്റെ വെളിച്ചം പകർന്നു.
നമ്മുടെ നാടിന്റെ അരപട്ടിണിയിലും മുഴു പട്ടിണിയിലും ഒപ്പം നിന്നു - വണ്ടി സൗകര്യം കുറവായതിനാൽ 2 മാസം കൂടുമ്പോഴേ നാട്ടിൽ പോകൂ. സുബ്ഹിക്ക് മുമ്പുണർന്ന് ടോർച്ചുമായി പൊടിയേരി ചോലയിൽ പോയി പ്രഭാതകർമ്മങ്ങൾ നിർവഹിക്കും. ബീരാൻ മൊല്ലാക്കയും കുരിക്കൾ മൊയ്തീൻ കുട്ടി മാഷും ഒക്കെ ഉണ്ടായിരുന്നു.
അധ്യാപകർക്ക് ശമ്പള ബില്ലും ലീവും ഏർപെടുത്തിയത് അദ്ദേഹമാണ്. നല്ല വായനക്കാരനായിരുന്നു. ചന്ദ്രിക പത്രം നിർബന്ധം.പ്രബോധനം പണ്ടേ വായിക്കും. അന്നു വായിച്ച പ്രബോധനത്തിലെ യു.പുസ്തകങ്ങളിലെയും കാര്യങ്ങൾ വ്യക്തമായി ഓർത്തെടുക്കുന്നത് കണ്ട് 80 കഴിഞ്ഞ ആ തേജസ്സുറ്റ മുഖത്തേക്ക് ഞാൻ അത്ഭുതത്തോടെ നോക്കി.

കുറ്റൂരിലെ പലരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പലരും കാണാൻ വരാറുണ്ടെന്ന് പറഞ്ഞു. അവസാനമായി നാട്ടിൽ വന്നത് കുഞ്ഞയിശ ഹജ്ജുമ്മ മരിച്ച ദിവസമാണ്.
ഇനിയും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. സലാം ചൊല്ലി ദുആ വസിയ്യത്ത് ചെയ്ത് പോരുമ്പോൾ രണ്ട് പതിറ്റാണ്ടോളം കാലം ഞാൻ മാതൃകയായി കണ്ട് പാഠങ്ങൾ പഠിച്ച ആ ഗുരുവര്യന്റെ മുഖത്തെക്ക് ഇടക്കിടെ തിരിഞ്ഞ് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
🍀🍀🍀🍀🍀🍀🍀🍀🍀🍀
...... മുഹമ്മദ് കുട്ടി അരീക്കർ
No comments:
Post a Comment