നിറങ്ങളുടെ ലോകത്ത് പാറിപ്പറന്നിരുന്ന കാലത്ത്, അവധി പ്രഖ്യാപിച്ച മഞ്ഞിൽ കുളിച്ച ഒരു പുലരിയിൽ ശങ്കരേട്ടന്റെ ചായയോടൊപ്പം മാതൃഭുമിയും കലക്കിക്കുടിച്ച് പുറത്തിറങ്ങി നേരെ സീതി സാഹിബ് മെമ്മോറിയൽ വായനശാലയിലേക്ക് ചെന്ന് ചന്ദ്രികയും മലയാള മനോരമയും ഒരു മാരത്തോൺ വായന പൂർത്തിയാക്കി പുറത്തിറങ്ങി.
മഞ്ഞിന്റെ കുളിർ വിട്ട് മാറിയിരുന്നില്ല.
പടിഞ്ഞാറു ഭാഗത്ത് നിന്നും ഒരു കുടുകുടു ശബ്ദം അടുത്ത് വരുന്നു ........
ബുള്ളറ്റ് അടുത്തെത്തി, ൻറെ സൈദായിരുന്നു അത്.
എന്റെ അടുത്ത് വന്ന് നിർത്തിയിട്ട് ൻറെ സൈദ് എന്നോട് ആഞ്ജാപിച്ചു ബൈക്കിൽ കയറാൻ!
എങ്ങോട്ടാണെന്ന് ചോദിക്കാറില്ലെങ്കിലും ൻറെ സൈദ് എന്നോട് ചോദിക്കുവാ നിനക്കെന്തെങ്കിലും കുന്നുംപുറത്ത് ന്ന് വാങ്ങാൻണ്ടോ?
ഹേയ് ഒന്നുമില്ല. പോകുന്നത് കുന്നും പുറത്തേക്കാണെന്ന് ൻറെ സൈദ് പറയാതെ തന്നെ ഞാൻ മനസ്സിലാക്കി -
കുന്നുംപുറം ജംഗ്ഷനിൽ മെഡിക്കൽ ഷോപ്പിന് മുന്നിൽ ബൈക്ക് നിർത്തി (ഇന്നത്തെ ഫാഷൻ ഫേബ്രിക്സ് ).
സൈദേ എനിക്ക് ഒരു രൂപക്ക് ബി കോംപ്ലക്സ് ഗുളിക വാങ്ങണം.
ന്നാ ഞാൻ എറച്ചിവാങ്ങട്ടെ, ജ് അങ്ങോട്ട് വരണമെന്ന് പറഞ്ഞ് ൻറെ സൈദ് മാർക്കറ്റിനുള്ളിലേക്ക് പോയി.
എന്റെ സുഹൃത്ത് ചന്ദ്രനായിരുന്നു മെഡിക്കൽ ഷോപ്പിലുണ്ടായിരുന്നത്. കുശലാന്വേഷണത്തിന് ശേഷം 1₹ക്ക് B Complex ഗുളികയും വാങ്ങി മാർക്കറ്റിലേക്ക് തിരിച്ചു.
മാർക്കറ്റ് റോഡിന്റെ തുടക്കത്തിൽ നിന്നു തന്നെ ഞാനത് കണ്ടു!?
ഊരിപ്പിടിച്ച കത്തിയുമായി ൻറെ സൈദിനെ രണ്ട് പേർ ചേർന്ന് പിടിച്ച് വെച്ചിരിക്കുന്നു. രണ്ട് പേരുടെയും കയ്യിൽ കത്തി, എന്തിനാണ് ൻറെ സൈദിനെ അവർ .......
ഒരു നിമിഷം ഞാൻ സ്തംബ്ദനായി.
സൂക്ഷിച്ച് നോക്കിയപ്പോൾ ഒരാളെ എനിക്ക് മനസ്സിലായി-
അബ്ബാസ്, എന്റെയും സൈദിന്റെയും ഒപ്പം പഠിച്ചവൻ!
പരിസരബോധം നഷ്ടപ്പെട്ട ഞാൻ എട്ടുദിക്കും പൊട്ടുമാറുഛത്തിൽ അലറി, അബ്ബാസേ വിടടാ.........
ൻറെ സൈദിനെ ലക്ഷ്യമാക്കി ഞാനോടി .......
മാർക്കറ്റ് റോഡിന്റെ ഇരു സൈഡിലുമുള്ള കടക്കാരും അവിടെ സാധനങ്ങൾ വാങ്ങാൻ വന്നവരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പുറത്തിറങ്ങി -
ഞാനോടി ൻറെ സൈദിന്റെ അടുത്തെത്തിയപ്പോഴേക്കും അബ്ബാസ് പിടി വിട്ടു. അപ്പോഴാണ് മറ്റേ ആളെ എനിക്ക് മനസ്സിലായത്. അബോക്കരാക്ക!
എത്താ അദ്രമാനേ അനക്ക് സുഖല്ല്യേ സേൽ ബി എറച്ചിക്ക് വന്നതാ, ഞങ്ങള് രണ്ടാളും ഇടവടത്തെ കച്ചോടക്കാരല്ലേ ....
ഞങ്ങള് കസ്റ്റമറെ പിടിച്ചതാ......
സേ ൽബിനെ ഞാനിങ്ങോട്ടും എളാപ്പ അങ്ങട്ടും വിളിച്ചതാ......
അയിന് ജ് ആൾക്കാരെ മുയ്മൻ പേടിപ്പിച്ചല്ലോ .....
അനക്ക് എറച്ചി മാണാ? അബ്ബാസിന്റെ ചിരിച്ച് കൊണ്ടുള്ള ചോദ്യം:
ഞാൻ ൻറെ സൈദിന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി -
ഈറനണിഞ്ഞ എന്റെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണീർ തുള്ളികൾ തുടച്ച് കൊണ്ട് ൻറെ സൈദ് അബൂബക്കർക്കാനോ ട് പറഞ്ഞു, ഒരു കിലോ എർച്ചി !
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ,
No comments:
Post a Comment