Sunday, 27 August 2017

💥 കോടിക്കുത്ത് 💥



മദ്രസ്സയിൽ ബെല്ലടിച്ച് ഫാത്തിഹ ഓതിക്കഴിഞ്ഞിട്ടും ൻറെ സൈത് വന്നില്ല.
മൂന്ന് ക്ലാസ്സുകളിൽ ഒന്നിച്ച് പഠിപ്പിച്ചിരുന്ന MC ഹാജർ വിളിച്ച് അപ്പുറത്തെ ക്ലാസ്സിൽ പോയി.
ഓടിക്കിതച്ച് കൊണ്ട് ൻറെ സൈത് ക്ലാസ്സിലേക്ക് കയറി വന്ന് എന്റെ അടുത്തിരുന്നു. MC എല്ലാം കാണുന്നുണ്ടായിരുന്നു.
കിതപ്പ് മാറിയപ്പോൾ ൻറെ സൈദ് കൈവിരൽ നിവർത്തി എന്റെയും മറ്റു കുട്ടികളുടെയും നേരെ നീട്ടി. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. സൂക്ഷിച്ച് നോക്ക് ......
നഖത്തിൽ വെള്ള നിറത്തിൽ രണ്ട് പുള്ളി!
അതുണ്ടായാൽ പുത്തൻ വസ്ത്രം കിട്ടുമത്രേ!
ഓരോരുത്തരും അവരവരുടെ വിരലുകൾ പരിശോധിച്ചു. ൻറെ സൈദിന് മാത്രം രണ്ട് പുള്ളി! പെരുന്നാക്ക് കള്ളിത്തുണിയും കുപ്പായവും കുന്നുംപുറം ചന്തയിൽ നിന്ന് വാങ്ങുമത്രേ!
മദ്രസ്സ വിട്ട് സങ്കടത്തോടെ വീട്ടിലേക്ക് ചെന്നു. 
എത്താ അനക്ക്, ഉമ്മാന്റെ ചോദ്യം ......
പെരുനാളിന് കുപ്പായം - ......
ജ്യേഷ്ടൻ പൈസ കൊടുത്തയച്ചത് ഞാനറിഞ്ഞിരുന്നില്ല. 
നാളെ കുന്നം പുറത്ത് പോയിട്ട് ഒരു ചന്തക്കുപ്പായം വാങ്ങിക്കോ,
പാവങ്ങളായിരുന്നു അക്കാലത്ത് ചന്തക്കുപ്പായം വാങ്ങിയിരുന്നത്. ആരുടേയോ അളവിൽ അടിച്ച് കൊണ്ടുവരുന്നു. നമുക്ക് പാകമുള്ളത് നാം വാങ്ങുന്നു.ഇതായിരുന്നു അക്കാലത്തെ റെഡിമെയ്ഡ്!
അന്നൊക്കെ റെഡിമെയ്ഡ് ഡ്രസ്സ് ധരിക്കൽ കുറച്ചിലായിരുന്നു. കാരണം അത് പാവങ്ങൾക്കുള്ളതായിരുന്നു. കളിയാക്കുമായിരുന്നു.
1992 ൽ ബോംബെയിൽ നിന്ന് 425 രൂപ കൊടുത്ത് ഒരു ലൂയിസ് ഫിലിപ്പും, 300 രൂപ കൊടുത്ത് സിറ്റി മാനും വാങ്ങി നാട്ടിൽ ഇട്ട് നടന്നപ്പോൾ ആരും എന്നെ കളിയാക്കിയില്ല.
ഇന്ന് റെഡിമെയ്ഡ് ഡ്രസ്സുകൾ യുവാക്കൾക്ക് ഒരു ഹരമാണ്. പഴയത് പോലെ ആർക്കോ വേണ്ടി തയ്ച്ച് വെച്ചത് !
ചന്തക്കുപ്പായം പെരുന്നാളിനിട്ട് ൻറെ സൈദിന്റെ പുരയിൽ ചെന്നപ്പോൾ ൻറെ സൈദിന് പുത്തൻകള്ളിത്തുണിയും ഒരു ചന്തക്കുപ്പായവും!
ൻറെ സൈദിന്റെ വിരലിലെ നഖത്തിൽ രണ്ട് വെള്ളപ്പുള്ളി കളുള്ളതിനാൽ ൻറെ സൈദിന് കുപ്പായവും തുണിയും കിട്ടി.
ൻറെ സൈദ് ഇറക്കി വന്ന് എന്റെ പുറത്ത് രണ്ട് ഇടി:...
സങ്കടത്തോടെ ഞാൻ ചോദിച്ചു, എത്താ?
കോടിക്കുത്ത് .......
-------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment