Sunday, 27 August 2017

🕌🕌നോമ്പ് ഓർമകൾ🕌🕌


കുഞ്ഞു അവൻ ഇന്ന് പ്രവാസ ലോകത്ത് ഏകനാണ് പ്രവാസം അയാളെ ഏകനാക്കി എന്നും പറയാം...... 

നോമ്പ് തുറക്കാൻ പള്ളിയിൽ നിന്നുള്ള ബാങ്ക് വിളിക്ക് കാതോർത്ത് ഇരിക്കവേ എപ്പയോ കുഞ്ഞു തന്റെ ബാല്യത്തിലേക്ക് അറിയാതെ ഇറങ്ങിപ്പോയിരുന്നു...

മനസില്ലാ മനസോടെ അത്താഴത്തിന്  എണീറ്റതും പാതി ഉറക്കത്തിൽ ഉമ്മ വിളമ്പി തന്നത് തിന്നതും അവസാനം ഉപ്പ തന്ന പഴവും കൂട്ടിയുള്ള ഒരു ഉരുള കഴിച്ചതും കൂട്ടത്തിൽ മൂത്തവൻ നോമ്പിന്റെ നിയ്യത്ത് പറഞ്ഞ് തന്നതും. അങ്ങനെ ഓരോന്നും കുഞ്ഞു വിന്റെ മനസിനെ തന്റെ ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോയി....

കാലചക്രം മുമ്പോട്ടു നീങ്ങികൊണ്ടിരുന്നതോടൊപ്പം നോമ്പുകാലത്തുള്ള തന്റെ പഠന കാലചിത്രവും കഞ്ഞു വിന്റെ മനസിൽ മിന്നി മറിഞ്ഞു. രാവിലെ എണീറ്റ് ഉമ്മച്ചിക്ക് വേണ്ടി മാത്രം ഹിസ്ബിന് മദ്റസയിൽ പോയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞു.....

കൂട്ടുകാരോടൊന്നിച്ച് സ്കൂളിൽ പോയതും..
ഉമിനീരിറക്കിയാൽ  നോമ്പ് മുറിയുമെന്ന് ആരോ പറഞ്ഞത് വിദ്യയാക്കി ടീച്ചർ തുപ്പാൻ തന്ന ആനുകൂല്യം മുതലെടുത്ത് ഇടക്കിടെ പുറത്ത് പോവൽ പതിവാക്കിയപ്പോൾ സ്കൂൾ വിടുന്നത് വരെ തുപ്പാൻ സൗകര്യമൊരുക്കി ടീച്ചർ പുറത്ത് നിർത്തിയത് ഓർത്തപ്പോൾ കുഞ്ഞു വിന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു....

വിശേഷ ദിവസങ്ങളിൽ  ഉമ്മ കാണാതെ പലഹാരം പോക്കറ്റിലൊളിപ്പിച്ച് കൂട്ടുകാർക്കൊപ്പം ക്ലാസിലിരുന്ന് പങ്കിട്ട് കഴിച്ചതും. ഒരു നാൾ ഉമ്മ അത് പിടിക്കപ്പെട്ടതും ഉമ്മ ഇന്നും അത് പറഞ്ഞു കളിയാക്കുന്നതും ഓർത്തപ്പോൾ കുഞ്ഞുവിന് ഒരു ചമ്മൽ അനുഭവപ്പെടുന്നുണ്ടായിരുന്നു....
നേരം പോക്കിനെന്നോണം  ആരും കാണാതെ കൂട്ടുകാർക്ക് ഒപ്പമിരുന്ന്നേരം പോക്ക് മുട്ടായി വാങ്ങി തിന്നതോർക്കുമ്പോൾ ആ മധുരം ഇന്നും നാവിൽ വന്നത് പോലെ കുഞ്ഞുവിന് അനുഭവപ്പെടുന്നുണ്ടായിരുന്നു...

നോമ്പ് നോൽക്കാത്ത കൂട്ടുകാരന് നായരെ പീടിക പറഞ്ഞ് കൊടുത്തതും. തരില്ല തരില്ല എവിടായിരുന്നു പതിനൊന്ന്മാസം എന്ന് പറഞ്ഞ് മൂപ്പർ ഇറക്കിവിട്ടത് ഓർത്തെടുക്കാതിരിക്കാർ കുഞ്ഞുവിന് കഴിയുമായിരുന്നില്ല....

ക്ഷീണത്തിന് ശമനമെന്നോണം പള്ളി ഹൗളിലെ തണുത്ത വെള്ളം കണ്ടപ്പോൾ വുളുവിൽ ചിലതിനെ മൂന്നിനു പകരം ആറാക്കി താൽക്കാലിശമനം കണ്ടെത്തിയതോർത്തപ്പോൾ എപ്പഴോ കുഞ്ഞുവിന്റെ മനസ് ഇന്നും അതിന് വേണ്ടി കൊതിക്കുന്നുണ്ടായിരന്നു......

തണുത്ത നാരങ്ങ വെള്ളത്തിന്റെ രുചിയോർത്ത് നോമ്പിനാൽ പാടെ തളർന്നിട്ടും ഹാജി യാരെ വീട്ടിൽ ഐസിന് പോയതും. അത് കൊണ്ട് നാരങ്ങ വെള്ളം കലക്കി കുടിച്ചത് ഓർക്കുമ്പോൾ അയാളിലാകെ കുളിര് പരക്കുന്നുണ്ടായിരുന്നു....

അന്തരീക്ഷമാകെ വറവിട്ട തരിക്കഞ്ഞിയാലും വറുത്തരച്ച പോത്തിറച്ചിക്കറിയാലും പുളകിതമായതും....
വട്ടത്തിലിരുന്ന് നോമ്പ് തുറന്നതും. പൊക്കിൾ അമ്പലം മറിയുമാറ് എല്ലാം അകത്താക്കിയതും. തറാവീഹിന് പോയി ബാക്കിലെ സ്വഫിൽ നിൽക്കാൻ പല തരം നമ്പറിറക്കിയതും എല്ലാം തന്റെ പൊടിപിടിച്ചബാല്യകാല പുസ്തകത്തിൽ നിന്നും കുഞ്ഞു പൊടി തട്ടി എടുത്തു കൊണ്ടേയിരുന്നു....

ഇന്നും മറക്കാനാവാത്ത ഒന്നായ വഅളിന്ന് പോയത് ഓർത്തപ്പോൾ മണിക്കടലയും തൊലിക്കടലയും ഓർമയിൽ തെളിഞ്ഞു എല്ലാ കടല വ്യാപാരിയിൽ നിന്നും കൊസ്റ് വാങ്ങി കടല കമ്പം തീർത്തത് കുഞ്ഞു ഓർത്തു..

വഅളിന്ന് മുമ്പ് മൗലായ കേട്ടതും. വഅള്കേട്ട് പാറപ്പുറത്ത് കിടന്ന് ഉറങ്ങിയതും. അവസാനമായി ഹരത്തിൽലേലം വിളി നടന്നതും ആഹരത്തിൽ കൂട്ടുകാരൻ വിളിച്ച് കുടുങ്ങിയതും.
ചൂട്ടിന്റെ വെളിച്ചത്തിൽ കുട്ടുകാരൊന്നിച്ച് വഅള് കഴിഞ്ഞ് പോയതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ കുഞ്ഞുവിന്റെ കണ്ണുകളിൽ ആ ചൂട്ടിന്റെ വെളിച്ചം തെളിയുന്നുണ്ടായിരുന്നു..

ആ സ്വപനത്തിന് തിരശീല എന്നോണം പള്ളിയിൽ നിന്നും മധുരത്തിലുള്ള ബാങ്കൊലി അന്തരീക്ഷത്തെ പുളകിതമാക്കിയെങ്കിലും അപ്പൊഴും കുഞ്ഞുവിന്റെ മനസ് തന്റെ ബാല്യകാല ലോകത്ത് നിന്ന് തീൻ മേശയിലേക്ക് വരാൻ മടി കാണിക്കുന്നുണ്ടായിരുന്നു......
-----------------------------------
😎അന്താവാ അദ്നാൻ😎

No comments:

Post a Comment