*********
(1984)ലെ ഒരു റമദാൻ ദിനം.
അൽബിയെ മഗ്‌രിബ് ബാങ്ക് കൊടുക്കാൻ ഏൽപിച്ചു മൊല്ലാക്ക ദുരെ ഒരു വീട്ടിൽ നോമ്പു തുറക്ക് പോയി....
അൽബി ക്ലോക്കില് നോക്കി, ബാങ്കിനു ഇനിയും സമയമുണ്ട്.... അവൻ മെല്ലേ കുളക്കടവിലേക്ക് നടന്നു...
തെളിഞ്ഞ വെള്ളത്തിൽ നീന്തി കളിക്കുന്ന പരൽ മീനുകൾ പരസ്പരം കുശലം പറയുന്നു.
അവൻ പടവിലിരുന്നു കാല് വെള്ളത്തിലിട്ടു, ചാണാ പറച്ചികൾ വന്നു ഇക്കളിയാക്കിയപ്പോൾ അൽബിക്ക് രസം തോന്നി....
അവനങ്ങനെ ഇളകാതിരുന്നപ്പോഴുണ്ട് കുളത്തിലെ തടിമിടുക്കൻ ഒരു ബിരാല് പൊന്തി വന്നു അൽബിയുടെ കാലിനിടയിലൂടെ നീന്തിക്കളിക്കുന്നു....
അവൻ പതുക്കെ എഴുനേറ്റു ഇറയത്ത് തൂക്കിയിട്ട തോർ ത്തെടുത്തു ഒരു തല കഴുത്തിൽ കെട്ടി മറ്റേ തല നിവർത്തി പിടിച്ചു പതുക്കെ കൊളത്തിലിറങ്ങി. ബിരാല് വരുന്ന വഴിയിലൂടെ അവനും നടന്നു.... അടുത്തെത്തിയപ്പോൾ ഒരറ്റ കോരൽ......
"അൽബിയെ"
ഉച്ചത്തിലുള്ള വിളിക്കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കി.... മ്മേ .... പള്ളി കാരണവർ.. 😳
ആ തക്കത്തിൽ മുണ്ടിലെ ബിരാല് ഒറ്റച്ചാട്ടം.....
അൽബി കാരണവരേയും വെള്ളത്തിൽ ഊളിയിട്ട ബീരാലിനേയും മാറി മാറി നോക്കി....
"മൊല്ലാക്കയെവിടെ" കാരണവരുടെ ദേഷ്യത്തിലുള്ള ചോദ്യം....
"ബാങ്ക് കൊടുക്കാൻ എന്നെ ഏൽപിച്ചു നോമ്പ് തുറക്ക് പോയി" അൽബി കൂളായി പറഞ്ഞു...
"ഹമുക്കേ, ഇഞ്ഞ് ഏത് ബങ്കാടാ കൊടുക്കാ"
അൽബി പതുക്കെ കുളക്കടവിൽ നിന്നു കയറി,
പടച്ചോനെ,
മൊത്തം ഇരുട്ടു പരന്നിരിക്കുന്നു, ബാങ്കിൻറെ സമയം കഴിഞ്ഞല്ലോ.... അൽബി തലയിൽ കൈ വെച്ചു മിഹ്‌റാബിലേക്കോടി,
"ഇജ്ജോടക്കാഡാ "
കാരണവർ വീണ്ടും ഒച്ചയിട്ടു...
"ഞാ... ഞാ, ഞാന് ബാങ്ക് കൊടുക്കാൻ,"
"മുണ്ടാതെ അവിടെരുന്നോ,,, ഞ്ഞ് പ്പോ ബാങ്ക് കൊടുത്താ നട്ടേര് തല്ലികൊല്ലും അന്നേ"
അവനൊന്നും ഉരിയാടാതെ റോഡിലേക്ക് നോക്കിയിരുന്നു.....
ബാങ്ക് കേൾക്കാതെ നോമ്പു തുറന്നു നിസ്കരിക്കാൻ വരുന്നവരെ കണ്ട് അൽബി പതുക്കേ പാടവരമ്പിലേക്കിറങ്ങി പടിഞ്ഞാറോട്ടു നടന്നു....
അന്നു രാത്രി കവിളിൽ വീണ തഴമ്പുള്ള നാലു വിരലുകൾ തടവി അവനുറങ്ങി.....
----------------------------------------------
** അമ്പിളി പറമ്പൻ മുനീർ **
No comments:
Post a Comment