ബാപ്പുക്ക;
സൗമ്യ ഭാവങ്ങളിൽ ഓർമ്മ പൂക്കുമ്പോൾ.........
▫▫▫▫▫▫▫▫
കൊമ്പിലെ ബാപ്പു എന്ന പേര് ചെറുപ്പം മുതലേ കേൾക്കുന്നതായിരിന്നു.
എന്നാൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ ഒരിക്കലും അവസരമുണ്ടായിട്ടില്ല.
പലപ്പോഴും കാണാറുള്ള മുഖം എന്നതിനപ്പുറം അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുകയുമില്ല.
വളരെ പക്വമായി ഇടപെടുകയും മിതമായി മാത്രം സംസാരിക്കുകയും ചെയ്ത നാട്ടുകാരണവർ എന്ന നിലയിൽ അദ്ദേഹത്തെ ഓർക്കാനാണിഷ്ടം.
അദേഹം ഒച്ചവെച്ച് സംസാരിക്കുന്നതോ നിലവിട്ട് പെരുമാറുന്നതോ ഒരിക്കൽ പോലും കണ്ടിട്ടില്ല.
കൊടുവായൂർ അങ്ങാടിയുമായി ബന്ധപ്പെട്ട നാട്ടോർമ്മകളിൽ ബാപ്പുവുണ്ട്.
നമ്മുടെ അങ്ങാടി അന്ന് കൊടുവായൂർ ആയിരുന്നു.
അവിടത്തെ തൊഴിലിടങ്ങളിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ ബാപ്പു നിറഞ്ഞ് നിന്നത് പഴമക്കാരുടെ ഓർമ്മയാണ്.
അടിയുറച്ചൊരു മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു ബാപ്പു.
നാട്ടിലെ പഴയകാല ലീഗ് പ്രവർത്തകരുടെ ഇടയിൽ ബാപ്പുവിന്റെ സ്ഥാനം മുൻ നിരയിൽ തന്നെയായിരുന്നു.
പക്ഷേ ബാപ്പുക്കയിലെ രാഷ്ട്രീയ പ്രവർത്തകനെ പുതു തലമുറക്കറിയണമെന്നില്ല.
വിശ്രമ ജീവിതത്തിന്റെ നാളുകളിലാണ് നമ്മിൽ പലരും അദ്ദേഹത്തെ കണ്ട് തുടങ്ങുന്നത്.
അപ്പോഴും നൻമകളിൽ സഹകരിക്കാനുള്ള ഒരു നല്ല മനസ്സ് അദ്ദേഹ
ത്തിനുണ്ടായിരുന്നു. ബാപ്പു അത് തന്റെ മരണം വരെ നിലനിറുത്തി.
കുന്നാഞ്ചീരി മഹല്ലിന്റെ പ്രവർത്തനങ്ങളിലും പള്ളിയുടെ പരിപാലനത്തിലും നേതൃപരമായ പങ്ക് വഹിച്ചു.
അതിരുവിട്ടൊരു വാക്കിന്റെ പേരിലോ ആശാസ്യകരമല്ലാത്തൊരു പ്രവൃത്തിയുടെ പേരിലോ ഒരിക്കൽ പോലും അദ്ദേഹം വിമർശിക്കപ്പെട്ടില്ല. ഇതുകൊണ്ടൊക്കെ തന്നെ
കുടുംബത്തിലും സ്വന്തം ചുറ്റുവട്ടത്തും സ്വീകാര്യനാവാൻ ബാപ്പുവിനായി.
വഹിച്ച പദവിയുടെ വലിപ്പത്തിലോ ഇടപെടലുകളുടെ നൈരന്തര്യത്തിലോ അല്ല ആ വ്യക്തിത്വത്തിന്റെ സൗമ്യതയിലും പക്വതയിലുമാണ് ബാപ്പു ജീവിച്ചതിന്റെ അടയാളങ്ങൾ തെരയേണ്ടത്.
നൻമയുടെ നാട്ടുകാരണവൻമാർ നാടൊഴിയുന്ന കാലത്ത് ബാപ്പുവിന്റെ വേർപാട് വിടവായി തന്നെ കിടക്കുകയാണ്.
ബഹളങ്ങളുടെ കാലത്തും തികഞ്ഞ സൗമ്യതയായിരുന്നു ആ ജീവിതത്തിന്റെ അലങ്കാരം.
മൗനവും ഒരു ഭാഷയും ഇടപെടലുമാണെന്ന് നമുക്കിടയിൽ കുറച്ച് പേരെ കാണിച്ച് തന്നിട്ടൊള്ളൂ. അവരിലൊരാളായിരുന്നു ബാപ്പുക്ക എന്ന് പറയാൻ കൂടുതൽ ആലോചിക്കേണ്ടതില്ല .
ധരിച്ച തൂവെള്ള വസ്ത്രത്തിന്റെ വിശുദ്ധി ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ച നാട്ടുകാരണവർ എന്ന നിലയിലാവും കൊമ്പിലെ ബാപ്പു നമ്മുടെ നാട്ടോർമ്മകളിൽ ജീവിക്കുക.
അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ,
-----------------------------
സത്താർ കുറ്റൂർ,
'ഓർമ്മയിൽ നിന്നും മാഞ്ഞ് കൊണ്ടിരുന്ന കൊമ്പിൽ ബാപ്പുവിനെ ഈ ഫോട്ടോയിലൂടെ ഓർമ്മിക്കാൻ സാധിച്ചതിൽ അഡ്മിൻഡസ്ക്കിന് ആദ്യമായി നന്ദി രേഖപെടുത്തുന്നു ബാപ്പുവിന്റെ ആ സുന്ദരമായ ചിരിയും സൗമ്യമായ സംസാരവും ഇപ്പോഴും മനസ്സിൽ ഒരംശം പോലും മായാതെ നിൽക്കുന്നു മെലിഞ്ഞ് നല്ല ഉയരമുള്ള ബാപ്പു വളഞ്ഞ കാലുള്ള കുടയും പിടിച്ച് കുറുക്കൻ കുണ്ട് കയറി വരുന്നതും ഇന്നലെ കയിഞ്ഞ പോലെ തോന്നുന്നു അദ്ധേഹം കക്കാടം പുറത്ത് കയറുമ്പോൾ ഉപ്പയുടെ കടയുടെ ബെഞ്ചിലായിരുന്നു ഇരിപ്പിടം അദ്ധേഹത്തിന് പരക്കെയുള്ള ഒരു കൂട്ടുകെട്ടുകളൊന്നും കണ്ടിട്ടില്ല നാസർക്ക നിസാമുദ്ധീൻക്ക എന്നിവരാണ് ആൺമക്കളായിട്ടുള്ളത് അദ്ധേഹത്തിന്റെ ഖബറിടം അള്ളാഹു സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കുമാറാവട്ടെ അദ്ധേഹത്തേയും ഞമ്മളിൽ നിന്നും മരിച്ച് പോയവരെയും ഞമ്മളെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-----------------------------
മജീദ് കാമ്പ്രൻ
കൊമ്പിൽ ബാപ്പു (കാക്ക) ,
എന്റെ മൂത്താപ്പ ....
കള്ളിയത്ത് കുടുംബത്തിലെ ഞങ്ങളുടെ എക്കാലത്തെയും കാരണവന്മാരിൽ ഒരാൾ ....
നേതൃപാടവത്തിലും പ്രശ്ന പരിഹാരങ്ങൾക്കുതകുന്ന ഏറ്റവും നല്ല തീരുമാനങ്ങൾ കണ്ടെത്തുന്നതിലും അസാമാന്യ കഴിവ് ....
തീരുമാനങ്ങൾ അംഗീകരിപ്പിക്കുന്നതിലും നടപ്പിൽ വരുത്തുന്നതിനും ഉള്ള തന്റേടം ,സംസാരത്തിലെ സൗമ്യത .കുട്ടികളോട് പ്രത്യേക ഇഷ്ടവും വാത്സല്യവും .കുട്ടികളായ ഞങ്ങളെ കാണുമ്പോൾ കുടുംബ വിശേഷങ്ങൾ അന്വേഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ .അയൽവാസികളോടുള്ള സ്‌നേഹപൂർവമായ പെരുമാറ്റം .
എനിക്കറിയുന്ന കാലം മുതൽ കുന്നാഞ്ചിരി പള്ളിയുടെ പ്രധാന കാര്യ നിർവഹകരിൽ ഒരാൾ .
ഇങ്ങനെ നീണ്ടു പോകുന്നു ആ മഹത് വ്യക്തിയെ കുറിച്ചുള്ള ഓർമകൾ ...
ഒരു കാലഘട്ടം മുഴുവൻ ഞങ്ങളുടെ കുടുംബത്തിന്റെ കാരണവ ത്രയങ്ങളായിരുന്നു കള്ളിയത്ത് അബൂബക്കർ ഹാജി , കള്ളിയത്ത് മുഹമ്മദ് കുട്ടി കാക്ക (വൈദ്യര്ത്തോടു ), കള്ളിയത്ത് ബാപ്പു കാക്ക എന്നിവർ ....
അല്ലാഹു നമ്മളിൽ നിന്നു മരണപ്പെട്ടവരെയും നമ്മെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ...
..................ആമീൻ ............
------------------------
അഫ്സൽ
കൊമ്പിലെ ബാപ്പു ചെറുപ്പം മുതലെ കേൾക്കുന്നപേര് ഉപ്പയും എന്റെ അമ്മായികാക്കയും ബാപ്പുവും നല്ല കൂട്ടുകാരായിരുന്നു.
ദിവസവും രാത്രിയിൽ വളരെ വൈകിആവും പിരിയൽ മിക്ക ദിവസവും ഞാനും ഉണ്ടാകും കൂടെ അങ്ങനെ ഒരുഉപ്പാന്റെ സ്‌നേഹംവേണ്ടുവോളംകിട്ടിയുണ്ട് ആമഹാന്റെ കയ്യിൽ നിന്നും പിന്നെ മകനും ഞാനും അബുദാബിയിൽ ആയതിനാൽ ആബന്ധംതുടർന്നു
(നിസാമുദ്ധീൻ) അള്ളാഹു ബാപ്പുകാക്കന്റെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചുകൂട്ടട്ടെ
ആമീൻ
--------------------
ബഷീർ
കൊമ്പിൽ ബാപ്പു എന്ന ഞങ്ങളുടെ വല്യാക്ക
എന്റെ ഉപ്പാന്റെ അമ്മാവനാണ് ബാപ്പുക്ക. ഞങ്ങളെല്ലാവരും വല്യാക്ക എന്നാണ് വിളിക്കാറുണ്ടായിരുന്നത്.
ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ട എന്റെ ഉപ്പാക്ക് ആ വിടവ് നികത്തിയിരുന്നത് അദ്ദേഹത്തിലൂടെയായിരുന്നു. എന്റെയും ഞങ്ങളുടെ കുടുംബത്തിലെയും എല്ലാ കാര്യങ്ങളിലും തീരുമാനം ഉറപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു.
വല്ലിമ്മ ഞങ്ങളുടെ വീട്ടിലായിരുന്നതിനാൽ എന്നും ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. വന്നാൽ ആ ചാരുകസേരയായിരുന്നു അദ്യേഹത്തിന്റെ ഇരിപ്പിടം. വല്ലിമ്മയും ബാപ്പുക്കയും രണ്ടു പേരും കൂടി എല്ലാ ലോക കാര്യങ്ങളെ കുറിച്ചും ദീർഘമായി സംസാരിക്കും.
ഉമ്മ ഉണ്ടാക്കികൊടുക്കുന്ന ചായ കുടിച്ചു കൊണ്ട് ഇടക്ക് പഴയ കഥകളൊക്കെ ദീർഘമായി പറയാറുണ്ട്. അതിനു വേണ്ടി ഞങ്ങൾ വട്ടം കൂടി ഒപ്പം നിലത്തിരുന്ന് കേൾക്കും .
നാട്ടിലെ പ്രമാണികളായ പലരും ചില ഇടപെടലുകളിലൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായം ആരായുന്നത് കാണാറുണ്ടായിരുന്നു.
സ്ഥിരമായി അലക്കി തേയ്ച്ച വെള്ള മുണ്ടും വെള്ള ഷർട്ടും തോളിൽ ഒരു തോർത്തും ആയിരുന്നു വേഷം. നല്ല പ്രൗഡിയിലായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്.
മരിക്കുന്നതിനും ഏകദേശം 20തിലധികം വര്ഷം മുമ്പ് തന്നെ ഭാര്യ മരണപ്പെട്ടിരിന്നു.
ഇന്നും ഇടക്ക് വീടിന്റെ വരാന്തയിലിരിക്കുമ്പോൾ അറിയാതെ പ്രതീക്ഷിച്ചു പോകും ബാപ്പുക്കയുടെ ആ വളഞ്ഞ കുടയും പിടിച്ചുള്ള ആ വരവ്.
അദ്ദേഹത്തിന്റെയും വല്ലിമ്മയുടെയും ഖബറുകൾ തൊട്ടടുത്തായിട്ടാണ് ഉള്ളത്. അള്ളാഹു അവരുടെ ഖബറുകളെ വിശാലമാക്കി കൊടുക്കുമാറാകട്ടെ
------------------------------------
നൗഷാദ് പള്ളിയാളി,
കൊമ്പിലെ ബാപ്പു
കള്ളിയത്ത് കുടുംബത്തിന്റെ മാത്രം ബാപ്പു ആയിരുന്നില്ല, ഒരു നാടിന്റെ തന്നെ ബാപ്പുവായിരുന്നു കാളിയത്ത് മുഹമ്മദ് എന്ന കൊമ്പിൽ ബാപ്പു :
മുഖത്തിന് ചേർന്ന ഒരു കണ്ണടയും തോളിൽ ഒരു ചെറിയ ടർക്കി ടവ്വലും കയ്യിൽ ഒരു കാലൻകുടയുമായി തൂ വെള്ള വസ്ത്രധാരിയായ പൊക്കമുള്ള ഒരു മനുഷ്യനായിരുന്നു ബാപ്പുക്ക. അഫ്സൽ പറഞ്ഞത് പോലെ കുട്ടികളോടും മുതിർന്നവരോടും സംസാരിക്കുന്നതിനും ഇടപഴകുന്നതിനും അദ്ദേഹം ഒരു പിശുക്കും കാണിക്കാറില്ലായിരുന്നു. ഞാൻ കൊച്ചു കുട്ടിയായിരുന്ന കാലം മുതലേ ബാപ്പുവിനെ കാണാറുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും അദ്ദേഹം ചിലവഴിച്ചത് സേവനത്തിന് വേണ്ടിയായിരുന്നു.അത് കുടുംബത്തിനും നാട്ടുകാർക്കുമാകാം. മർഹൂം കള്ളിയത്ത് അവറാൻ മുസ്ല്യാരുടെ വേർപാടിന് ശേഷം കള്ളിയത്ത് കുടുംബത്തിന്റെ നെടുംതൂണായി നിന്നത് ബാപ്പു ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആ കുടുംബത്തിൽ എതിർ വാക്കില്ലായിരുന്നു.
അക്കാലത്ത് കുന്നാഞ്ചേരി പള്ളി എന്ന് പറയുമ്പോൾ ഓർമ്മ വരിക ബാപ്പുവിനെ തന്നെയായിരുന്നു.
കക്കാടംപുറം മദ്രസ്സയുമായും ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുമായും ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സത്താർജി എഴുതിയത് പോലെ ബാപ്പു നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. നമ്മുടെ അയൽപ്രദേശങ്ങളിൽ മുസ്ലിം ലീഗിന്റെ സമ്മേളനങ്ങൾ നടക്കുന്നിടത്തൊക്കെ ബാപ്പുവിന്റെയും സാന്നിദ്ധ്യം കാണാറുണ്ടായിരുന്നു. 84 ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് എം. മുഹമ്മദ് ഷാഫിക്ക് വേണ്ടി വോട്ടുപിടിക്കാൻ നടന്നപ്പോൾ എന്നെയും എന്റെ സ്വന്തം കൂട്ടുകാരൻ സൈതലവിയെയും അബൂബക്കറിനെയും ഉപദേശിച്ച് ഓരോ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ഇന്നും ഞാനോർത്തു പോകുകയാണ്.
സൗമ്യനായ ബാപ്പുക്കാൻറെ വേർപാട് അവരുടെ കുടുംബത്തിന് മാത്രമായിരുന്നില്ല, കുറ്റൂർ നിവാസികളെ തന്നെ ദു:ഖത്തിലാഴ്ത്തിയിരുന്നു.
അദ്ദേഹത്തിന്റെ പരലോകജീവിതം ഖൈറിലാക്കട്ടെ , അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കുട്ടിത്തരട്ടെ - ആമീൻ
-----------------------------------
എം ആർ സി അബ്ദുറഹ്മാൻ,
കൊമ്പിൽ ബാപ്പു കാക
എന്റെ അയൽവാസി
എന്റെ ഉപ്പയുടെ അടുത്ത സുഹ്രത്ത്
നാട്ടിൽ കാരണവർ സ്ഥാനം അലങ്കാരമായും അഹങ്കാരമായും ബഹുമാനവും ആദരവും
ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലഘട്ടത്തിൽ അവരിൽ നിന്നും വിത്യസ്ത നായി വേറിട്ട് നിന്ന ഒരു വ്യക്തി ആയിരുന്നു ബാപ്പു കാക
വര്ധാക്യകാല അസുഖത്തിൽ അദ്ദേഹം വിശ്രമത്തിൽ ഇരിക്കുന്ന കാലത്ത് ഞാൻ അധിക ദിവസവും ഞാൻ അദ്ധേഹത്തിന്റെ അടുത്തു പോകാറുണ്ടായിരുന്നു
പഴയ ബീഡി തിരയും പഴയ കാലം രാഷ്ട്രീയ കാര്യങ്ങളും പൂക്കോയ താങ്ങളുടെയും
ബാഫഖി താങ്ങളുടെയും
C H ഇവരെ പറ്റി ഒക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ ആവേശം ഒന്ന് കാണേണ്ട ത് തന്നെ യായിരുന്നു
കുന്നച്ചേരി പള്ളിയിൽ ഇരിക്കുമ്പോൾ പലപ്പോഴും പള്ളിയുടെ അവസ്ഥയേ പറ്റി വിപുലീകരണത്തിനെ പറ്റി ഏപ്പോഴും വാചാലനായിരുന്നു
കുടുംബത്തിന്ടെ കാര്യം പോലെ തന്നെ യായിരുന്നു അയൽവാസി കളുടെ കാര്യത്തിലും അദ്ദഹത്തിന്
സ്നേഹനിധിയായ ഒരു അയൽവാസിയെ അല്ല
ഒരു പിതാവ് നെ യാണു
അദ്ധേഹത്തിന്റെ വിയോഗത്തിലൂടെ എനിക്ക് നഷ്ടമായ ത്
അദ്ധേഹത്തിന്റെ പരലോക ജീവിതം അള്ളാഹു ബങ്ങിയുള്ള താക്കി കൊടുക്കട്ടെ
ആമീൻ
-----------------------------
പരി സൈദലവി
ആഢ്യത്വം സ്ഫുരിക്കുന്ന സൗമ്യ ഭാവം
- ~ - ~ - ~ - ~ - ~ - ~ - ~ - ~ - ~
കള്ളിയത്ത് മുഹമ്മദ് ആണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പേര്. എങ്കിലും കൊമ്പിൽ ബാപ്പു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തെ ഓർത്തെടുക്കുമ്പോൾ മനദാരിൽ തെളിയുന്ന മുഖം ഒരു പ്രതാപിയുടേതാണ്. ആകർഷണീയ വസ്ത്രധാരണവും നേതൃഗുണവും സൗമ്യ ഭാവവും ആജാനുബാഹുവായ അദ്ദേഹത്തെ ആൾകൂട്ടത്തിൽ ശ്രദ്ധേയനാക്കി. ഒരു കാലത്ത്
ഏ ആർ നഗർ അങ്ങാടി ബീഡി തെറുപ്പുകാരുടെ കേന്ദ്രമായിരുന്നു. സ്മര്യപുരുഷനും ഈ സംഘത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു എന്ന് എന്റെ പിതാവ് പറഞ്ഞു. സർദാർ ബീഡിയായിരുന്നു കൊടുവായൂരിൽ തെറുത്തിരുന്നത്.
വെറും ബീഡി തെറുപ്പ് മാത്രമായിരുന്നില്ല അവിടെങ്ങളിൽ.
ഉയർന്ന സംഘബോധങ്ങളും വലിയ ആശയങ്ങളും ഉരുത്തിരിയുന്നതും പലരുടെയും സർഗ്ഗസിദ്ധികൾ പുറത്തെടുക്കുന്നതും അത്തരം ഇടങ്ങളിലായിരുന്നത്രെ.
"പുകവലിക്കാർക്കൊരു സമ്മാനം
പുകവർഷത്തിന്റഭിമാനം
സർവ്വ ഗുണങ്ങളടങ്ങിയ ബീഡി
സർദാറിന്നാണഭിമാനം"
തിരക്കുകൾക്കിടയിൽ എന്റെ പിതാവ് ഓർത്തു പാടിയതാണിത്. ഇവരൊക്കെ
പിൽകാലത്ത്
പള്ളി, മദ്രസ്സ, കുടുംബ കാര്യങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കാനുള്ള കഴിവ് ആർജ്ജിച്ചതിന്റെ കാരണവും ഇതൊക്കെ തന്നെയാവാം. നാട്ടു നന്മകൾ നാമാവശേഷമാകുന്ന വർത്തമാനകാലത്ത് ഇത് പോലെയുള്ള സ്മരണകൾ അഭിനന്ദനമർഹിക്കുന്നു.
--------------------------------
ഫൈസൽ മാലിക് V. N.
സൗമ്യതയുടെ കുടയും ചൂടി ബാപ്പുകാക്ക
☔✍✍✍✍✍✍✍✍
കക്കാടംപുറത്തിന്റെ കാരണവൻമാരുടെ കൂട്ടത്തിൽ ഞാൻ മനസ്സിൽ ചില്ലിട്ട് സൂക്ഷിച്ച സൗമ്യതയുടെ മുഖമാണ് കൊമ്പിൽ ബാപ്പു കാക്ക. മദ്രസയുടെ വരാന്തയുടെ പടിഞ്ഞാറ് ഉയർന്ന് നിൽക്കുന്ന വീതിയുള്ള സിമന്റ് തറയിലിരിക്കുന്ന പ്രമുഖരിൽ മാട്ര അലവി ഹാജിയും കുഞ്ഞായിൻ മുസ്ലാരും കുറുക്കൻ മൊയ്തീൻ കാക്കയും തുടങ്ങി ബാപ്പു കാക്കയും അക്കൂട്ടത്തിൽ ശാന്ത സാന്നിധ്യമായിരുന്നു. (അല്ലാഹു എല്ലാർക്കും മഗ്ഫിറത്ത് നൽകട്ടെ.) ആ കാരണവർമാരുടെ ഇരുത്തം, അതൊരു പ്രദേശത്തിന്റെ കരുതലും കാവലുമായിരുന്നു. കാലം കഴിയുന്തോറും ആ കാരണവൻമാരുടെ മേൽനോട്ടം നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.. എന്നാലും അവർ വിട്ടേച്ചു പോയ നന്മയുടെ ഇത്തിരി വെട്ടത്തിലാണ് നമ്മുടെ കുതിപ്പും കിതപ്പും.
ബാപ്പുകാക്കയോട്
കൂടുതൽ ഇടപെടാൻ അവസരം കിട്ടിട്ടില്ലെങ്കിലും തമ്മിൽ പരിചയമായിരുന്നു. നാട്ടിലെ എല്ലാ നല്ല കാര്യങ്ങളിലും മുന്നിൽ ബാപ്പുകാക്കയുടെ ശക്തവും ശാന്തവുമായ ഇടപെടലുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ സാമൂഹ്യ തലങ്ങളിൽ പുതുതലമുറക്ക് പകർത്താൻ പാകത്തിലുള്ള നിശ്ശബ്ദ സേവനങ്ങളായിരുന്നു ആ മാന്യന്റേത് - നല്ല ഇസ്തിരിയിട്ട വേഷവുമായിരുന്നു. ഒരു ടർക്കി ടവ്വലും കണ്ണടയും എപ്പോഴും കാണും.
അല്ലാഹു സുബ്ഹാന ഹൂ വ തആലാ ആ സുകൃതങ്ങൾ സ്വീകരിക്കട്ടേ. അവരെയും നമ്മെയും നമ്മുടെ മരണപ്പെട്ടവരെയും അഹ് ലുൽ ജന്നത്തിൽ ചേർക്കട്ടെ എന്ന ദുആ യോടെ
-------------------------
മുഹമ്മദ് കുട്ടി അരീക്കൻ
അസ്സലാമു അലൈകും - കൊമ്പിൽ ബാപ്പുക്ക- തൂവെള്ള വസത്രം - തോളിൽ ഒരു ടർക്കി - നീളൻ കുട. മനസ്സിൽ ഇപ്പോഴും ആ രൂപം മായാതെ കിടക്കുന്നു. ഉപ്പാന്റെ അടുത്ത സുഹൃത്തായിരുന്നു. സുഹൃബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിന് പ്രായം ഒരു തടസ്സമല്ലായിരുന്നു. പിന്നെ ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച മജീദ്, അഫ്സൽ, ബഷീർ, നൗഷാദ്, എമ്മാർ സീ, സൈതലവി, സത്താർ, ഫൈസൽ മാലിക് എന്നിവരുടെ ഓർമ്മകുറിപ്പുകൾ ശ്രദ്ധേയമായി. നാഥൻ അവരുടെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
-----------------------------------
ഹസ്സൻ കുട്ടി അരീക്കൻ
No comments:
Post a Comment