Saturday, 26 August 2017

പണ്ഡിതൻ


അയാൾ ആ പണ്ഡിതന്റെയടുത്ത് വന്നു പറഞ്ഞു. " എന്നെ ആരും പരിഗണിക്കുന്നില്ല. സ്നേഹിക്കുന്നില്ല. ശത്രുതയാണ് എന്നോട് എല്ലാർക്കും. ഞാനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ അനുജനോടാണ് ജനങ്ങൾക്ക് ഇഷ്ടം. ഞാനെന്ത് ചെയ്യണം ആളുകളുടെ സ്നേഹം കിട്ടാൻ?''
ഉസ്താദ് പറഞ്ഞു. നിങ്ങൾ അടുത്തയാഴ്ച വരൂ. വരുമ്പോൾ ഈ നാട്ടിലെ നല്ല ഒരാളെ കൂടെ കൂട്ടണം".
ഉടനെ പണ്ഡിതൻ അയാളുടെ അനുജനെ വിളിപ്പിച്ചു. വളരെ മാന്യനായ അദ്ദേഹത്തോട് അടുത്താഴ്ച ആ നാട്ടിലെ മോശപ്പെട്ട ഒരാളെയും കൂട്ടി വരാൻ പറഞ്ഞു.
         പിറ്റേ ആഴ്ച രണ്ടാളും വന്നു. പക്ഷേ അവരുടെ കൂടെ ആരും ഇല്ലായിരുന്നു. പണ്ഡിതൻ ജ്യേഷ്ട നോട് ചോദിച്ചു. " ഒരു നല്ല മനുഷ്യനെ കൊണ്ടുവരാൻ പറഞ്ഞിട്ട് എവിടെ?"
അയാൾ പറഞ്ഞു: "ഈ നാട്ടിൽ നല്ല ഒരാളെയും ഞാൻ കണ്ടില്ല. എല്ലാരും ഓരോ കുറ്റവും കുറവും ഉള്ളവർ. ആരും ശരിയില്ല"
അനുജനോട് മോശപ്പെട്ട ആളെവിടെ എന്ന് ചോദിച്ചു. അനുജൻ വിനയത്തോടെ പറഞ്ഞു. ഈ നാട്ടിൽ ആരും മോശക്കാരായി ഞാൻ കണ്ടില്ല. ഉണ്ടെങ്കിൽ തന്നെ ഞാനാണ് മോശക്കാരൻ. ബാക്കി എല്ലാവരും ഓരോ നന്മയുള്ളവരാണ്."
ഉസ്താദ് ജ്യേഷ്ട നോട്പറഞ്ഞു: "ഇതാണ് ആരും നിങ്ങളെ സ്നേഹിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നാൻ കാരണം. നാം മറ്റുള്ളവരെ സ്നേഹിക്കുക. അവരുടെ നന്മകൾ കാണുക. കുറ്റങ്ങൾ നോക്കാതിരിക്കുക. അനുജനെ കണ്ട് പഠിക്കുക "
അയാൾ കണ്ണ് നിറച്ച് തല താഴ്ത്തി നടന്നു പോകുന്നത് പണ്ഡിതൻ പുഞ്ചിരിയോടെ നോക്കി നിന്നു.
-----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment