"വിശ്വാസിയായ ഒരു മനുഷ്യന് ഒരേ മാളത്തിൽ നിന്നും ഒന്നിൽ കൂടുതൽ തവണ പാമ്പ് കടിയേൽക്കുകയില്ല"
മേൽ പറഞ്ഞത് ഒരു പ്രവാചക വചനമാണ്. അതിനർത്ഥം ഒരിക്കൽ കടിച്ച പാമ്പ് പിന്നെ വിശ്വാസിയുടെ കൂട്ടുകാരനാവും എന്നല്ല. ഒരു സ്ഥലത്ത് നിന്ന് ഒരു വിശ്വാസിക്ക് പാമ്പ് കടിയേൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അടുത്ത തവണ അതേ സ്ഥലത്ത് എത്തുംബോൾ വിശ്വാസി ബോധവാനും സൂക്ഷ്മാലുവുമായി മാറും എന്നാണർത്ഥം.
അതായത് ഒരിക്കൽ ഒരു കെണിയിൽ ചെന്ന് ചാടിക്കഴിഞ്ഞാൽ രണ്ടാമതൊരുതവണ കൂടി അവൻ അതേ കെണിയിലകപ്പെടില്ല. പഴയ കെണിയെ കുറിച്ച് സധാ അവൻ ബോധവാനായിരിക്കും.
ഇനി കാര്യത്തിലേക്ക് കടക്കാം...
ഒരാൾ നിരന്തരം കെണികളിൽ അകപ്പെട്ടുകൊണ്ടിരുന്നാലോ? അവൻ വിശ്വാസിയല്ല എന്ന് നമുക്ക് പറയാൻ സാധിക്കുമോ? ഒന്നിലധികം തവണ ഒരേ അബദ്ധം ഒരാൾക്ക് സംഭവിക്കുമോ? അങ്ങനെ സംഭവിക്കുന്നെങ്കിൽ അത് എന്തുകൊണ്ടായിരിക്കും? ഇതാണ് ചോദ്യം.
സ്വാർത്ഥൻ എന്ന് പലരും പറയുന്ന, സ്വന്തം കാര്യം മാത്രം നോക്കുന്നവനെന്ന് പലരും അഭിപ്രായപ്പെടുന്ന ഒരാൾ തന്റെ ഒരു സുഹൃത്തിനു ഉപകാരം ചെയ്തതിന്റെ പേരിൽ കെണിയിലകപ്പെട്ടാലോ? (ഒരു സ്വാർത്ഥനിൽ നിന്നും അത്തരം ഒരു ഉപകാരം പ്രതീക്ഷിക്കാൻ കഴിയില്ല) എന്നിട്ട് ആ സുഹൃത്തിന്റെ ഭാഗത്തുനിന്നും അവനെ ആ കെണിയിൽ നിന്നും കരകയറ്റാനുള്ള ഒരു ശ്രമവും ഉണ്ടാകാതിരുന്നാലോ? അല്ലെങ്കിൽ അവനെ സമാധാനിപ്പിക്കാനുതകുന്ന തരത്തിലുള്ള വാക്കുകൾക്ക് പോലും പിശുക്ക് കാണിച്ചാലോ?
ഇങ്ങനെയൊരവസ്ഥയിൽ നിങ്ങൾ ആരെയാണ് കുറ്റപ്പെടുത്തുക? ആരാണിതിലെ തെറ്റുകാരൻ? സ്വാർത്ഥനെന്ന് പേരുകേട്ട വ്യക്തിയോ അതോ സ്വാർത്ഥതയെ പുറം ലോകം അറിഞ്ഞിട്ടില്ലാത്ത ആ സുഹൃത്തോ?
"അണ്ടിയോടടുക്കുംബോഴേ മാങ്ങയുടെ പുളിയറിയൂ"
അപ്രതീക്ഷിതമായി ഏൽക്കേണ്ടിവരുന്ന പ്രഹരങ്ങൾക്ക് തീക്ഷ്ണമായ വേദനതന്നെയാണ് കെട്ടോ....
അണ്ടി പോയ അണ്ണാൻ കണക്കെ മാനത്ത് നോക്കിയിരുന്ന് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പ്രവർത്തിക്കുന്നതിനു മുമ്പ് ഇനിയെങ്കിലും ഒരായിരം വട്ടം ചിന്തിക്കണം. അതാർക്ക് വേണ്ടിയായാലും. സ്വന്തത്തിനോ കുടുംബത്തിനോ സുഹൃത്തുക്കൾക്ക് വേണ്ടിയോ ആയാൽ പോലും. പിന്നീട് ഖേദിച്ചിട്ട് ഒരു കാര്യവുമില്ല.
"പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ" ഈ സന്ദർഭത്തിന് ഇത് നല്ലവണ്ണം യോചിക്കുന്നുണ്ട് അല്ലേ?
--------------------------------
ഉസാമ അഹമ്മദ് PK
No comments:
Post a Comment