സേലം സെൻട്രൽ ജയിലിലെ തൂക്കു കയറിന്റെ നിഴലിൽ ഒരു കുറ്റൂർകാരനെഴുതിയ കത്ത് വായിക്കുമ്പോൾ............
▫▫▫▫▫▫▫▫
മലബാർ കലാപാനന്തരം മാപ്പിളമാർ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് കാര്യമായ പoനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.
ബ്രിട്ടീഷ് പട്ടാളം ഇവരോട് കാണിച്ച പക വീട്ടലുകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. അത്തരമൊരു വേദന നെഞ്ച് പൊട്ടി എഴുതിയ മാപ്പിള തടവുകാരന്റെ കത്ത് ചിതലരിക്കാതെ ബാക്കിയുണ്ടിവിടെ.
പൈതൃക സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനും ചരിത്രാന്വേഷകനുമായ ഗഫൂർ എടത്തോളയുടെ ശേഖരത്തിലാണീ അപൂർവ്വ രേഖയുള്ളത്.
വേങ്ങര കുറ്റൂരിലെ അരീക്കൻ മൊയ്തീൻ എന്ന മാപ്പിള പോരാളി നാട്ടിലെ പൗര പ്രധാനി കൂളി പിലാക്കൽ എടത്തോള കുഞ്ഞാലി എന്നവർക്ക് അയച്ചതാണീ കത്ത്.
1925 മെയ് 22നാണ് കത്ത് എഴുതിയിരിക്കുന്നത്.
മാപ്പിള തടവുകാർ അനുഭവിച്ച ഭീതിജനകമായ ജയിൽ ജീവിതങ്ങളുടെ നേർസാക്ഷ്യമാണ് ഇതിലെ വരികൾ.
കൊലക്കയറിന്റെ നിഴലിലുള്ള ഈ പോരാളിയുടെ മനസ്സിലെ തീയാണ് ഇതിൽ വാക്കുകളായി അsർന്നു വീണിരിക്കുന്നത്.
ഏതൊരു വായനക്കാരന്റെ യും നെഞ്ചിടിപ്പ് കൂടാൻ മാത്രം വൈകാരികവും പേടിപ്പെടുത്തുന്നതുമാണ് ഇതിലെ വരികൾ.
' ഇവിടെ വന്നതിന് ശേഷം ഇരുപത് പേരെ തൂക്കിലേറ്റി. ഇനി ഞാനടക്കമുള്ളവരുടെ കഴുത്തിൽ എപ്പോഴാണ് തൂക്കുകയർ മുറുകുന്നതെന്നറിയില്ല'
ഈ തടവുകാരന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ കത്തിലെ ഈ വരികൾ തന്നെ ധാരാളമാണ്.
അഭിസംബോധനത്തിന് ശേഷം മുമ്പ് അയച്ച കത്ത് കിട്ടിയതിന്റെ സന്തോഷം പറഞ്ഞ് കൊണ്ടാണ് കത്ത് തുടങ്ങുന്നത്.
'ഞാനും ബാക്കിയുള്ള ഇരുപത്തിരണ്ട് ആളുകളും കൂടിയാണ് ആ കത്ത് വായിച്ചത്.
അവരെല്ലാം ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, താലൂക്കുകളിൽ
ഉള്ളവരാണ്.'
ശേഷം തടവുകാരെ പാർപ്പിച്ച പതിമൂന്ന് ജയിലുകളെ കുറിച്ച് കത്ത് പരാമർശിക്കുന്നുണ്ട്.
അന്തമാൻ, മദിരാശി, ബെല്ലാരി ക്യാമ്പ് ജയിൽ, സെൻട്രൽ ജയിൽ, രാജമന്ത്രി, കോറാപ്പറ്റ്, തൃശ്നാ പളളി, ചേലം, തഞ്ചാവൂർ ,കടലൂര്, കോയമ്പത്തൂർ, വേലൂർ, കണ്ണനൂർ എന്നിവയാണത്.
പാളയംകോട്, ഡിങ്കൽ പേട്ട, എന്നിവിടങ്ങളിലെ ജയിലുകളിൽ കുട്ടികളെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന വിവരവും കത്ത് വെളിപ്പെടുത്തുന്നു.
തടവുകാരെ തൂക്കിലേറ്റുന്ന ദിവസത്തെ കുറിച്ചുള്ള വിവരണം ഏതൊരാളെയും വേദനിപ്പിക്കാൻ പോന്നതാണ്.
അതിങ്ങനെയാണ്.
'പുലർച്ചെ അഞ്ചിനാണ് തൂക്കിലേറ്റുക.....
മയ്യിത്ത് ചേലത്തെ മുസ്ലിംകൾക്കാണ് വിട്ടുകൊടുക്കുക.......
ഏറ്റു വാങ്ങാൻ ചമയിച്ച കുതിര വണ്ടികളിൽ ഇവർ കുടുംബ സമേതം വരും......
![]() |
ഇതാണ് കത്ത് |
നിങ്ങളെ ഏറ്റു വാങ്ങാൻ കുഞ്ഞുങ്ങൾ എത്തിയിട്ടുണ്ട് എന്നാണ്
തൂക്കിലേറ്റാൻ കൊണ്ട് പോവും മുമ്പ് ജയിലധികാരികൾ ഇവരോട് പറയുക'.
ഇങ്ങനെ ഭീതി നിറയുന്ന ജയിൽ ജീവിതത്തെ കുറിച്ച് പറഞ്ഞ ശേഷം തന്റെ ശിക്ഷ ഇളവ് ചെയ്ത് കിട്ടാൻ വേണ്ടത് ചെയ്യണമെന്നൊരു അഭ്യാർത്ഥനയുണ്ട്.
ഈ കത്തിന്റെ പ്രധാന ദൗത്യവും ഇത് തന്നെയാണ്.
' കലക്ടർക്ക് ഹർജി കൊടുക്കാൻ ഉമ്മയോടും പെണ്ണിനോടും പറയണം. ഇങ്ങനെ ഹർജി കൊടുത്ത് പലർക്കും ശിക്ഷയിളവ് ലഭിച്ചതിന്റെ അനുഭവവും കത്ത് പങ്ക് വെക്കുന്നു.ഇത് പറയുമ്പോൾ ഈ പോരാളി വല്ലാത്തൊരു ശുഭാപ്തി വിശ്വാസക്കാരനാവുന്നു.
കത്തിന്റെ അവസാനം ഇദ്ദേഹം ഉമ്മയെ കാണാനുള്ള പൂതി പറയുന്നിടത്തും വീട്ടുകാരോട് കത്തയക്കാൻ പറയുന്നിടത്തും നമ്മുടെ കണ്ണുകൾ നനയും.
ഒരു തടവുകാരൻ അനുഭവിയ്ക്കുന്ന വീടോർമ്മയുടെ വൈകാരികത ഈ വരികളിൽ നമ്മെ വല്ലാതെ ചേർത്ത് പിടിക്കും.
നാട്ടുകാരായ ചില തടവുകാരെ കുറിച്ചും കത്ത് വെളിപ്പെടുത്തുന്നുണ്ട്.
അവരുടെ വിശേഷങ്ങൾ പങ്ക് വെക്കുകയും അവരിൽ ചിലരെല്ലാം സലാം പറഞ്ഞ വിവരം കൈമാറുകയും ചെയ്യുന്നു.
കത്തെഴുതിയ അരീക്കൻ മൊയ്തീൻ എന്ന തടവുകാരനെ തൂക്കിലേറ്റിയോ അതല്ല അദ്ദേഹത്തിന്റെ ശിക്ഷ ഇളവ് ചെയ്ത് കൊടുത്തോ എന്നത് ഇന്നും ദുരൂഹമാണ്.
ഇദ്ദേഹത്തിന്റെ നാട്ടുകാർക്കോ ബന്ധുക്കൾക്കോ പിഞ്ഞി തുടങ്ങിയ ഈ തുണ്ട് കടലാസിനപ്പുറം ഇത് സംബന്ധമായ അറിവുകളൊന്നുമില്ല.
നമ്മുടെയൊക്കെ നാടുകളിൽ നിന്ന് ആയിരകണക്കിന് പേരെ പട്ടാളം പിടിച്ച് കൊണ്ട് പോയിട്ടുണ്ട്.
അതിൽ എത്ര പേർ കൊല ചെയ്യപ്പെട്ടെന്നോ എത്ര പേരെ നാടുകടത്തിയെന്നോ അറിയില്ല.
അക്കാര്യത്തിലൊന്നും കാര്യമായ അന്വേഷണങ്ങളുമുണ്ടായിട്ടില്ല.
ഓർമ്മയുടെ ചെറിയൊരു തരിമ്പ് പോലും ബാക്കിയാക്കാതെ കൺമറഞ്ഞവരാണേറെയും. ഉറ്റവർക്കപ്പുറം ഇവരുടെ ഓർമ്മകൾക്ക് ആയുസ്സ് ഉണ്ടായിട്ടില്ല.
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഒരേടായി മലബാർ സമര ചരിത്രം അക്കാദമിക് വ്യവഹാരങ്ങളായി മാറുമ്പോഴും കലാപത്തിന്റെ ഇരകളെ കുറിച്ച് വേണ്ടത്ര അന്വേഷണങ്ങളുണ്ടായില്ല എന്ന കാര്യം പറയാതിരിക്കാനാവില്ല.
അത് കൊണ്ട് തന്നെയാണ് 92 വർഷത്തെ പഴക്കത്തിലും ചിതലരിക്കാത്തതിനാൽ മാത്രം ബാക്കിയായ പിഞ്ഞി തുടങ്ങിയ ഈ തുണ്ട് കടലാസ് ഏറെ വിലപ്പെട്ടതാവുന്നതും.
*******
സത്താർ കുറ്റൂർ
No comments:
Post a Comment