☔☔☔☔☔☔☔☔☔☔
മുറ്റത്ത് മഴ തിമിർത്ത് പെയ്യുന്നു. വലിയ കുടയുമെടുത്ത് ഞാൻ പുറത്തിറങ്ങി. കിണറ്റിലേക്ക് ഉറവ ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ട് പാളി നോക്കി. യാ സുബ്ഹാനല്ലാഹ്.. പത്തിരുപത്തിനാല് പടവുള്ള കിണർ നിറഞ്ഞ് കവിയാൻ ഇനി 8 പടവുകർ മാത്രം ബാക്കി !!
റബ്ബേ നീ എത്ര പരിശുദ്ധൻ! നിന്റെ കഴിവ് അപാരം തന്നെ. രണ്ടാഴ്ച മുമ്പ് വരെ 24 പടവിനും താഴെ ഒരു കുഴിയിൽ ഇത്തിരി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. മോട്ടോറിന് കയറാൻ പോയിട്ട് കോരിയെടുക്കാൻ പോലുമുണ്ടായിരുന്നില്ല. നാട്ടിൽ മൊത്തം ഇതായിരുന്നു അവസ്ഥ. വെള്ള വണ്ടി വരുന്നതും കാത്ത് നിൽക്കും. ഫോൺ വിളിച്ചാൽ എടുക്കില്ല. പണം കൊടുത്താലും വെള്ളം കിട്ടാത്ത പൊരിഞ്ഞ വേനൽ..
ഇന്ന് എല്ലാം മാറി മറിഞ്ഞു. സമൃദ്ധമായ മഴ. തോടും പാടവും കുളവും കിണറും നിറഞ്ഞു കവിഞ്ഞു ... റബ്ബേ... നിന്റെ ഖജനാവ് അക്ഷയം തന്നെ. ഞങ്ങർ നിന്റെ മുമ്പിൽ വെറും മിസ്കീൻമാർ മാത്രം.
റബ്ബിന് സ്തുതി പറഞ്ഞ് ഞാൻ തൊടുവിലേക്കിറങ്ങി. മഴത്തുളികൾ നിലത്ത് വീണ് കുമിളകൾ തീർത്തു. തുമ്പികളും തവളകളും കിളികളും മഴക്ക് സ്വാഗതം പാടിക്കൊണ്ടിരുന്നു. ഇന്നലെ വരെ ഒരു പുൽക്കൊടി പോലുമില്ലാതെ വരണ്ടുണങ്ങിക്കിടന്ന പറമ്പ് ചെടികളും പുല്ലുകളും നിറഞ്ഞ് പച്ചപ്പരവതാനി വിരിച്ച പോലെ.
അല്ലാഹു ഖുർആനിൽ പറഞ്ഞല്ലോ - "വരണ്ട് ഉണങ്ങിയ ഭൂമിയിൽ നാം മഴ വർഷിച്ച് അതിന് ജീവൻ നൽകി.. അതിൽ സസ്യങ്ങൾ മുളപ്പിച്ചു. അത് പോലെ നിങ്ങളെയും നാം (മരണശേഷം ) പുനരുജ്ജീവിപ്പിക്കും."
മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങി. തിരികെ വീട്ടിലേക്ക് കയറുമ്പോൾ മനസ്സ് മന്ത്രിച്ചു.
"അല്ലാഹുവേ... ഞങ്ങളുടെ മണ്ണിൽ ധാരാളം മഴ വർഷിക്കണേ
ഞങ്ങളുടെ മനസ്സിൽ ഈമാനിന്റെ തൂമഴ പെയ്യിക്കണേ. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കണേ"
🌨🌨🌨🌨🌨🌨🌨🌨🌨🌨
-----------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment