ഇക്കഴിഞ്ഞ റമദാൻ അവസാന വെള്ളിയാഴ്ച പരിശുദ്ധ മക്ക ഹറം ശരീഫിലെ ജുമുഅ നിസ്കാര രംഗം ഒരു ദൃക് സാക്ഷി വിവരിച്ചതിങ്ങനെ:
വളരെ നേരത്തെ തന്നെ ഹറം അകം നിറഞ്ഞു കവിഞ്ഞു. പിന്നെ വന്നവരൊക്കെ പുറത്ത് കത്തുന്ന സൂര്യന്റെ ചോട്ടിൽ. ഇത്തിരി തണലന്വേഷിച്ച് ജനം പരക്കം പാഞ്ഞു. കിട്ടിയ സ്ഥലത്തൊക്കെ അവർ സ്ഥാനം പിടിച്ചു.. എന്നിട്ടും ആയിരങ്ങൾ പൊരിവെയിലത്ത് മുസല്ലയിട്ട് ഖുതുബ കേട്ടിരുന്ന് നിസ്കരിച്ചു. ഒരാൾ പറഞ്ഞു പോലും.' "ഇതാണ് മഹ്ശറ.. ഇന്നാണ് യൗമുൽ ഖിയാമ:
ഇത്രയും കുറിച്ചത് കുറച്ച് നേരം കോടിക്കണക്കിന് കാതമകലെ കിടക്കുന്ന സൂര്യന്റെ ചൂട് ഏൽക്കാൻ നമുക്കുള്ള പ്രയാസം ആലോചിച്ച് നോക്കൂ.. എന്നാൽ യഥാർത്ഥ മഹ്ശറയാൽ നാം എത്തിപ്പെടുമ്പോഴോ... റബ്ബുൽ ആലമീനായ അല്ലാഹു വിന്റെ അർശിന്റെ തണലല്ലാതെ ഒരു തണലും അന്നുണ്ടാവില്ല. ആ തണൽ കിട്ടുന്ന ഏഴ് കൂട്ടരിൽ ഒരു കൂട്ടരെ റസൂൽ (സ) നമുക്ക് പറഞ്ഞു തരുന്നു.
" പള്ളികളുമായി മനസ്സ് ബന്ധിച്ചവർ".
ഇന്ന് നമ്മുടെ മനസ്സിന് കൂടുതൽ ബന്ധം എന്തിനോടാണ്? നമ്മുടെ മൊബൈലിനോട് ,വീടിനോട് ,കുടുംബത്തോട് ജോലിയോട്..... ഈ പട്ടിക നീണ്ടു പോകും.
പള്ളിയുമായി ഖൽബ് ബന്ധിപ്പിക്കുന്ന ഒന്നാമത്തെ കാര്യം ഫർള് നിസ്കാരം തന്നെ. അത് സമയത്തിന് പള്ളിയിൽ വെച്ച് കൃത്യമായി ജമാ അത്തായി നിസ്ക്കരിക്കാൻ നാം ശ്രദ്ധിക്കണം. പിന്നെ പള്ളിയുടെ കാര്യങ്ങൾ അന്വേഷിക്കണം. സഹായിക്കണം. സഹകരിക്കണം. നമ്മുടെ വീടിനെക്കാളേറെ ബന്ധം നാം പള്ളിക്കാര്യത്തിൽ കാണിക്കണം. അവിടുത്തെ വെള്ളം, വെളിച്ചം, ഇമാം, മുഅദ്ദിൻ... അവരുടെ താമസം, വേതനം തുടങ്ങി എല്ലാ കാര്യങ്ങളിലും സജീവമാകണം. പണ്ടുകാലങ്ങളിൽ നമ്മുടെ എല്ലാ കാര്യങ്ങളും മസ്ജിദിൽ വെച്ചായിരുന്നു. നിശ്ചയവും നികാഹും ദിക്റും മറ്റും ... ഇന്ന് സൗകര്യങ്ങൾക്ക് വേണ്ടി നാം പള്ളിക്ക് പുറത്തിറങ്ങി.
പരമാവധി പള്ളിയുമായി ഇണങ്ങി ജീവിക്കാൻ നാം സമയം കണ്ടെത്തുക.. കാര്യങ്ങൾ പള്ളിയുമായി ബന്ധിപ്പിക്കുക. പള്ളിയിലാകട്ടെ നമ്മുടെ ജീവിതത്തിന്റെ ഒഴിവ് നേരങ്ങൾ. നമ്മുടെ പഠനവും ആരാധനയും എല്ലാം പള്ളിയിലേക്ക് തിരിക്കുക.. അങ്ങനെ ഖൽബിൽ പള്ളിക്ക് സുപ്രധാനമായ ഒരിടം നൽകി നാളെ റബ്ബിന്റെ അർശിന്റെ തണലിലേക്ക് നടന്നെത്താൻ നാം പരമാവധി പരിശ്രമിക്കുക എന്ന് എന്നോട് ആദ്യമായി ഉപദേശിക്കുന്നു.
وبالله التوفيق
وصلى الله على سيدنا محمد وآله وصحبه وسلم
------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ,
No comments:
Post a Comment