Saturday, 26 August 2017

കവി: ബാപ്പു ചോളമുണ്ട


എഴുത്തുകാരൻ ബാപ്പു ചോളമുണ്ടക്ക് ഹൃദ്യമായ സ്വാഗതം💐

എടക്കരയ്ക്കടുത്ത് മൂത്തേടം പഞ്ചായത്തില്‍ ചോളമുണ്ടയാണ് നാട്
മമ്പാട് ഓര്‍ഫനേജ്
മമ്പാട് ഹൈസ്കൂള്‍
മമ്പാട് MES കോളജ്
എന്നിവിടങ്ങളിലായയി പഠനം

ജോലി ;ഡ്രൈവര്‍

ഭാര്യ, നാല് കുട്ടികള്‍





ജാതിമരം.
എന്നിലൊരു ജാതിമരമുണ്ട് .
പ്രണയിനി ,
വിരല്‍തൊട്ടുമീട്ടിയാല്‍
അതൊരു പൂവാകയാവും .
അമ്മവിരല്‍ വന്നുതൊട്ടാല്‍
മണ്ണിലുറങ്ങും വിത്താവും .
അച്ഛന്‍കാറ്റു മൂര്‍ദ്ധാവു തൊട്ടാല്‍
വാടിയൊതുങ്ങും മുക്കുറ്റിയാവും .
മക്കളൊന്നു മുത്തം വച്ചാല്‍
കരുത്തുള്ള ,കാതലുള്ള
ഒരാല്‍മരമാവും .

ചിലപ്പോഴൊക്കെ
അതിന്റെയിലകളില്‍ പെയ്യാറുണ്ട്
പിണക്കത്തിന്റെ ചില ചെറുമഴകള്‍ .

കടുത്ത പ്രളയമോ വേനലോ വന്നു 
തല്ലിക്കൊഴിച്ച ഇലകള്‍ക്കു പകരം
പുതിയ ഇലകള്‍ പൊടിയുന്ന
സുഖനിര്‍വൃതിയറിയാറുണ്ട് .
പിണക്കം മാഞ്ഞ വിഹായസ്സിലേക്കു
ശിഖരങ്ങള്‍ നിവര്‍ത്തി നില്‍ക്കുമ്പോള്‍.

ഇനി നിങ്ങളൊന്നു ചെത്തിനോക്കൂ
നിങ്ങളുടെ കൈവിരല്‍ത്തുമ്പുള്‍
ഞാനെന്റെ മരം നനച്ച നീരിനും
നിങ്ങളുടെ കൈവിരല്‍ത്തുമ്പിലെ
ഉറവിനും ഒരേ നിറം.
പിന്നെയെങ്ങിനെ നാം
പലജാതി മരങ്ങളാവും .
             #ബാപ്പുചോളമുണ്ട



പള്ളിമിനാരത്തില്‍ നിന്നു വെള്ളരിപ്രാവ്
അമ്പലത്തിണ്ണയില്‍ പറന്നിറങ്ങി .
ഒന്നു കുറുകിക്കുണുങ്ങി
കൊക്കുകൊണ്ടൊന്നു തൂവലുഴിഞ്ഞ് ഒരു കുതിപ്പ് ,
ചര്‍ച്ചിന്റെ മണിമേടയില്‍ വന്നിരുന്ന് അത് ചെരിഞ്ഞു നോക്കി .
അസ്വസ്ഥമായ മനസ്സുകള്‍
അഴിച്ചുവിട്ട പ്രാര്‍ത്ഥനാ വചസ്സുകള്‍
ആകാശത്തേക്കു ഉരുകിയൊഴുകി
ദൈവത്തെ തേടുന്നു.
ദൈവം ഒരു കൂട്ടം ഇടയാളരാല്‍
മറഞ്ഞു കിടക്കുന്നതിനാലാവാം ,
കണ്ണീരില്‍ പൊതിഞ്ഞ ഒട്ടേറെ
പ്രാര്‍ത്ഥനകള്‍
അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു.
അവയൊക്കെയും കൊത്തിപ്പെറുക്കിയെടുത്ത്
ദേവാലയത്തില്‍ നിന്നു ദേവാലയ
ത്തിലേക്ക് അതു പറന്നു.
ഇപ്പോഴും പാറിക്കൊണ്ടേയിരിക്കുന്നു.

അതുകൊണ്ടാവാം അത്
സമാധാനത്തിന്റെ  അടയാളവാക്യമായത്
ഓരോരുത്തരായ് വരിക
ഓരോ പൂക്കൂട വച്ചു ,
എന്നെ പുതപ്പിച്ച
മൗനത്തിന്റെ പുതപ്പ്
വലിച്ചു കീറാതെ
പതിയെ,നേര്‍ത്ത കാല്‍വയ്പ്പോടെ
തിരിച്ചു നടക്കുക.

എന്റെ ഉടലില്‍ നിന്നു
ഒടുവില്‍ പൊഴിച്ച
കണ്ണീര്‍തുള്ളി
ആദ്യ അധ്യായമാക്കി
ഞാനെഴുതിയ
ഒരു കാവ്യസമാഹാരം
ഇവിടെ ബാക്കി വയ്ക്കുന്നു.
അതിന്റെ പുറംചട്ടയിലെ ചിത്രം
ഒറ്റച്ചിറകുള്ള ഒരു പക്ഷിയാണ്.
കണ്‍കോണില്‍
ഒരു തുള്ളി കണ്ണീര്‍ ഉറഞ്ഞുകൂടിയ
ആ പെണ്‍പക്ഷി
എന്റെ പ്രിയപ്പെട്ടവളാണ്.

തുടര്‍പേജുകള്‍ നിറയെ
എന്നില്‍നിന്നും സ്ഖലിച്ചു വീണ
ബീജത്തുള്ളികളാണ്.
മൗനസങ്കടങ്ങളെ
പൊതിഞ്ഞുവച്ച
അക്ഷരക്കൂട്ടുകള്‍.
മൂര്‍ദ്ധാവിലൂടെ
ഒന്നു വിരല്‍തൊട്ടുമീട്ടിയാല്‍
പൊട്ടിക്കരയുന്ന
പ്രാണാക്ഷരങ്ങള്‍  ,അല്ല
പ്രണയാക്ഷരങ്ങള്‍.
            #ബാപ്പുചോളമുണ്ട



ബലൂണുകള്‍.
_______________
മത വ്യാപാരികളോ
ജാതിക്കച്ചവടക്കാരോ
രാഷ്ട്രീയ വ്യവസായികളോ
ഊതി നിറച്ച കാറ്റില്‍
വിങ്ങിവീര്‍ത്തു
വിജൃംഭിച്ചു നില്‍ക്കുന്ന
പല വലുപ്പത്തിലുള്ള
പല വര്‍ണ്ണങ്ങളിലുള്ള
ബലൂണുകളുണ്ടെന്റെ നാട്ടില്‍.

ചരടുകള്‍ പൊട്ടിച്ചു
സ്വാതന്ത്ര്യത്തിന്റെ
നീലാകാശം പുണരുവോളം
അവ,ബിസിനസ്സുകാരന്റെ കൈകളിലെ
ക്രയവിക്രയവസ്തുക്കള്‍ മാത്രം.
                   2
നമ്മെ വീര്‍പ്പിച്ചു വച്ച
ജീര്‍ണ്ണിച്ച കാറ്റഴിച്ചു വിട്ടു
ഇടയ്ക്കൊക്കെ
നാം ചെറുതാവണം..
ഇല്ലെങ്കില്‍,
പൊങ്ങിപ്പറന്നു
പിടിവള്ളി കിട്ടാതെ
ശൂന്യതയിലൂടെ
അലയേണ്ടി വരും.
ചിലപ്പോള്‍
കാറ്റെടുത്തു
വേലിപ്പടര്‍പ്പിലോ
മുള്‍കാടുകളിലോ
വലിച്ചെറിഞ്ഞെന്നും വരാം.

ചെറിയ
ഒരു പോറല്‍ മതിയാവും
പൊട്ടിപ്പിളര്‍ന്നു ജഡമാവാന്‍.
************
#ബാപ്പുചോളമുണ്ട



ഒരു പുഴയുണ്ടായിരുന്നു 
____________
കണ്ണിനു കരയാന്‍ തോന്നുമ്പോഴും
കരളിനു വിതുമ്പാന്‍ തോന്നുമ്പോഴും
ഒന്നു മുങ്ങി നിവരാന്‍ ,എനിക്കൊരു
പുഴയുണ്ടായിരുന്നു .
മോഹത്തോടെയുമതിലേറെ വിസ്മയ
ത്തോടെയും
പ്രണയിച്ചിരുന്നു ഞാനതിന്റെ പുളിന
ങ്ങളെ .
അതിലൊന്നു മുങ്ങിനിവര്‍ന്നാല്‍
കെട്ടണയുമായിരുന്നു എന്റെ നെരിപ്പോ
ടുകള്‍ .
ദേശാടനങ്ങള്‍ക്കൊടുവില്‍
മുറിഞ്ഞുപോയ എന്റെ വേരുകള്‍ തേടി
തിരിച്ചെത്തുമ്പോള്‍ ,
മറ്റൊരു ദേശാടനത്തിനു , പുഴ നടന്നു
പോയതിന്‍
നേര്‍ത്ത കാല്‍പാടുകള്‍ മാത്രം ബാക്കി
യുണ്ടായിരുന്നു .

                              #ബാപ്പുചോളമുണ്ട



അമ്മ
____________
അമ്മ ,ചിലര്‍ക്കു
കത്തിയാളുന്ന മനസ്സിലേക്ക്
കുത്തനെ പെയ്യുന്ന  മഴസ്പര്‍ശമാണ് .
നെരിപ്പോടുകളെ
ഒറ്റച്ചുംബനം  കൊണ്ടുറക്കി ക്കിടത്തുന്ന മാന്ത്രികതയാണ് .
ചുരന്നിട്ടും ചുരന്നിട്ടും 
വറ്റാത്ത ,വാത്സല്ല്യത്തിന്റെ
വിസ്മയച്ചെപ്പാണ് .

അമ്മയെനിക്ക് ,കുന്നിറങ്ങിപ്പോയ
മഴയുടെ തേങ്ങലാണ് .
വായിച്ചുതീരും മുമ്പേ
കൈവിട്ടുപോയ കവിതയാണ് .
പാതിയിൽ നിലച്ച 
താരാട്ടുപാട്ടാണ് .

അമ്മ
എനിക്കെഴുതാനാവാത്ത 
എന്റെ കവിതയിലെ
വായിക്കാനാവാത്ത വരികളാണ് .

ആര്‍ക്കുമൊപ്പിയെടുക്കാനാവാത്ത
എന്റെ കവിളിലെ കണ്ണീരാണ് .
             #ബാപ്പുചോളമുണ്ട




തത്തമ്മക്കൂട്ടിലെ എല്ലാ കൂട്ടുകാര്‍ക്കും നന്‍മകള്‍ നേരുന്നു.
ഇങ്ങനെയൊരു കൂട്ടാ
യ്മയിലേക്കു വഴി തുറന്നു തന്ന സത്താര്‍ ഭായിക്ക് ഹൃദയം നിറഞ്ഞ നന്ദി .

നമ്മുടെ നാടിനെ ഇരുട്ടിലേക്ക് ആഴ്ത്തിക്കെട്ടാനുള്ള ഫാസിസത്തിന്റെ ഗൂഢനീക്കങ്ങള്‍ക്കെ
തിരെ ഈ കൂട്ടായ്മയിലെ എല്ലാവരും ബോധപൂര്‍വ്വമുള്ള ഒരു ചെറുത്തുനില്പിന് 
തയാറാവണമെന്ന്
സ്നേഹപൂർവ്വം  അപേക്ഷിക്കുന്നു.

നിറഞ്ഞ സ്നേഹം
നന്ദി
           #ബാപ്പുചോളമുണ്ട


No comments:

Post a Comment