Sunday, 27 August 2017

💥💥💥പെരുന്നാൾ പടക്കം 💥💥💥


💥💥💥💥💥💥💥💥
അന്നൊരു പെരുന്നാൾ ദിവസം, ഉച്ച കഴിഞ്ഞ് പെങ്ങളും അളിയനും വന്നു. വീട്ടിലെല്ലാവരും വീഭവങ്ങളുണ്ടാക്കുന്ന തിരക്കിലാണ്. ഞാനാണെങ്കിൽ ഒരു ബലൂണ് പോലും വീർപ്പിക്കാൻ കിട്ടാത്ത നിരാശയിലും. ആകെയുള്ള പത്തോ ഇരുപതോ പൈസക്ക് വാങ്ങിയ പെൺകുട്ടികൾ നെറ്റിയിലിടുന്ന പൊട്ട് പോലെയുള്ള ചടക്കം കല്ലിന്മേൽ കുത്തിപ്പൊട്ടിച്ച് തീർന്നിരുന്നു.

 സ്കൂളിന്റെ പിന്നിലൂടെ കാശുള്ള കുട്ടികൾ കടകുമണി നിറച്ച് കോലിൽ കെട്ടിയ ബലൂൺ ഒച്ചയുണ്ടാക്കിയും ചുരുട്ടിയ തിര നിറച്ച തോക്ക് ഇടക്കിടെ പൊട്ടിച്ചും നടന്നുപോകുന്നു. റോട്ടിൽ നിന്നും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം. ചില കുട്ടികൾ വാങ്ങിയത് അവിടെത്തന്നെ പൊട്ടിച്ച് തീർക്കും.

  ഇതൊക്കെ കണ്ടും കേട്ടും അസ്വസ്ഥനായി മുറ്റത്തും വരാന്തയിലുമായി നിൽക്കുന്ന എന്നെ അളിയൻ അടുത്ത് വിളിച്ചു ചോദിച്ചു: ജ്ജ് ചടക്കം മാങ്ങീനാ... ഞാൻ നിഷേധാർഥത്തിൽ തലയാട്ടി. 
അൻക്ക് ചടക്കം മാങ്ങണാ.. അത് കേട്ടതും എൻറെ ഉള്ളൊന്നു കുളിർത്തു. ന്നാ പോയി ചടക്കം മാങ്ങിക്കൊണ്ടരേ.. എന്നും പറഞ്ഞ് ഒരു 50 രൂപ നോട്ട് എന്റെ നേർക്ക് നീട്ടി. ഞാൻ അവിശ്വസനീയതയോടെ അളിയനെ നോക്കി. ഊം.... പോയി വാങ്ങിക്കോ 

 പിന്നെ ഞാനൊന്നും ചിന്തിച്ചില്ല ആ കാശും കൊണ്ട് റോട്ടിലേക്കോടി.
 അന്ന് കീരന്റെ കടയിലാണ് പടക്കകച്ചവടമുണ്ടായിരുന്നത്. (കീരനും മൈമുട്ട്യാക്കയും) കീരനായിരുന്നു അപ്പോൾ കടയിൽ. ഞാൻ കാശ് കൊടുത്ത് പറഞ്ഞു, ഇതിന് ചടക്കം... അദ്ദേഹം എന്നെ ഒന്ന് നോക്കി ചോദിച്ചു, ഇതിന് മുഴുവനും...? ആ... ഞാൻ പറഞ്ഞു ഏതൊക്കെ. ? എനിക്കതുമറിയില്ലായിരുന്നു. 

അദ്ദേഹം വലിയൊരു പേപ്പറെടുത്ത് കുമ്പിള്കുത്തി ഓരോന്ന് അതിലിടമ്പോഴും എന്നോട് ചോദിക്കും, ഇത് വേണോ... ഞാൻ തലയാട്ടും.
അങ്ങനെ മേശപ്പുകും പൂത്തിരിയും ചക്രവും ഉണ്ടയും ഓലക്കൊടിചടക്കവും കോമ്പലചടക്കവുമായി കടലാസ് പൊതി നിറഞ്ഞു. ചാക്കുന്നൂലിൽ വരിഞ്ഞ് കെട്ടി എന്റെ കയ്യിൽ തന്നു.   പൊതിയുമായി വീട്ടിലെത്തിയപ്പോൾ ഉപ്പയും ജേഷ്ഠനുമൊക്കെ അവിടെയുണ്ട്. പൊതി തുറന്ന ജേഷ്ഠൻ വിസ്മയത്തോടെ എല്ലാരേയും വിളിച്ചു.പൊതിയിലെ സാധനങ്ങൾ കണ്ട വീട്ടുകാരുടെ കണ്ണ് തള്ളി.

യൗട്ന്നാതെല്ലംകൂടി...?  ആദ്യത്തെ ചോദ്യം. ഞാൻ ഭയത്തോടെ അളിയന്റെ നേർക്ക് നോക്കി. വീട്ടുകാർക്ക് കാര്യം പിടികിട്ടി. ഇതെത്തറക്കാ.... ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. കൊണ്ടോയിക്കൊട്ക്കെത്... പൈസ നാസാക്കാന് ( അന്നത്തെ അമ്പതിന്ന് ഇന്നത്തെ അഞ്ഞൂറിന്ന് മേലെവരും) 
ഞാനാകെ വിയർത്തു, തളർന്നു കരയാൻ തുടങ്ങി. ഒടുവിൽ ജേഷ്ഠൻ ഒരു ഫോർമുല പറഞ്ഞു.  ഒന്ന് ഇവിടെ വെക്കാം... ബാക്കി മടക്കിക്കൊടുക്കാ... 
അങ്ങനെ ആ തീരുമാനപ്രകാരം ഞാനും പേടിക്ക് ജ്യേഷ്ഠനും കൂടി പോയി സാധനം തിരിച്ചു നൽകി. അതു പ്രതീക്ഷിച്ചെന്നോണം ഒന്നുമുരിയിടാതെ കീരനത് വാങ്ങി വെച്ചു.  കോമ്പലച്ചടക്കത്തിന്റെ അഞ്ചു രൂപ കഴിച്ചു ബാക്കി വാങ്ങി. 

അപ്പോഴേക്കും നേരം അസ്തമിക്കാറായിരുനു.
വീട്ടിലെത്തി ജേഷ്ഠൻ തന്നെ മുൻകൈയെടടുത്ത് ചടക്കം നൂലിൽ കെട്ടി അയലിൽ തൂക്കി തീ 🔥 കൊടുത്തു. പൊട്ട് കേട്ട് എല്ലാരും ആർത്തു ചിരിച്ചു...  
-------------------------------------------------
        മൊയ്തീൻ കുട്ടി അരീക്കൻ.

No comments:

Post a Comment