യുവ എഴുത്തുക്കാരൻ റിഹാൻ റാഷിദിന് കൂട്ടിലേക്ക് സ്വാഗതം
അവളും ഞാനും.
എനിക്കും നിനക്കും മാത്രമായൊരു ആകാശം വേണം അനിയേ..എന്തിനെന്നല്ലേ നീ കരുതുന്നത്.നമുക്ക് മാത്രമായി പെയ്യുന്ന മഴയുടെ നീളന്‍ വിരലുകളില്‍ പിടിച്ച് മുകളിലേക്ക് കയറി ചെന്ന്
മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെ തൊട്ടു തലോടണം,
മഞ്ഞിനൊപ്പം താഴേക്ക് പതിയെ ചേര്‍ന്നിറങ്ങണം
ഭൂമിയിലെ നമ്മുടേത് മാത്രമായ പൂന്തോപ്പിലേക്ക്.!
അതിന്,മുന്നേ നിറയെ പൂക്കളുള്ള ഒരുദ്യാനം തീര്‍ക്കണം നിറയെ പൂത്ത് നില്‍ക്കുന്ന മുല്ല വള്ളികള്‍ ചേര്‍ത്ത് കെട്ടിയ ഒരു പാലത്തിലൂടെ
അതിരുകള്‍ തിരിച്ചെടുത്ത്,ചെമ്പകവും,തെച്ചിയും
നന്ത്യാര്‍ വട്ടവും,തുളസിയും,ചെമ്പരത്തിയും ,
വിടര്‍ന്ന് നില്‍ക്കുന്ന സൂര്യകാന്തിയും,പല വര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പുഷ്പങ്ങളും
നമുക്കായ് മാത്രം വിരിയുന്നൊരിടം..!
എനിക്കും നിനക്കുമിടയിലെ ദെെവികമായ സ്നേഹത്തിന്റെ അടയാളമായ് മാഞ്ഞ് പോവാത്ത ഓര്‍മ്മകളാല്‍ ഒരു കുടില്‍ തീര്‍ക്കണം അതിനൊത്ത നടുവില്‍..!
സ്വപ്നങ്ങളുടെ സപ്ത വര്‍ണ്ണങ്ങളാല്‍ മേലാപ്പ് പണിതെടുത്ത് മഴവില്ല് കൊണ്ട് ജാലകങ്ങള്‍ വെക്കണം,വാതിലുകളില്ലാതെ..!
കാറ്റിന്റെ മര്‍മ്മരങ്ങളാല്‍ സംഗീതത്തിന്റെ
ഏഴ് സ്വരങ്ങളിലൂടെ നാമൊരുമിച്ചിരിക്കണം
വിരലുകള്‍ക്കിടയില്‍ വിരല്‍ കോര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍ നിലാവില്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള നിഴല്‍ പൂവ് വിരിയിച്ചെടുക്കാന്‍ മാത്രമായ്,നമുക്കൊരു ഇരിപ്പടം തീര്‍ക്കണം,.
ആശകളുടെ നാല്‍പ്പാമരം കൊണ്ട്.!
മഷി എഴുതിയ നിന്‍ മിഴികളുടെ ഇമയനക്കങ്ങളിലൂടെ ഇതളുകള്‍ വിരിയുമ്പോള്‍ നിനക്കായ് മാത്രം ഒരു ഗസല്‍ മൂളാം ഞാന്‍.
മറ്റാര്‍ക്കും ഞ്ഞാനിതുവരെ നല്‍കാത്ത ഹൃദയവീണയുടെ തമ്പുരുവിലപ്പോള്‍ നിന്‍ വിരലിനറ്റത്താല്‍ തൊടണമപ്പോള്‍...!
നിന്റെ ഹൃദയമിടിപ്പിന്റെ നേര്‍ത്ത താളങ്ങളില്‍
ഒരു കുഞ്ഞോളമായ് മൗനം കൊണ്ടൊരു പുഴയായ് തീരം തേടണമപ്പോള്‍ നിന്നിലേക്ക് മാത്രമായ് ചെറു മണ്‍തരിയായ്..!
ഇനിയുമേറെ ജന്മകളിലെ ഏഴ് സ്വര്‍ഗ്ഗ കവാടങ്ങളിലേക്ക് ഒരേ കാല്‍വെപ്പുകളുടെ
പദസഞ്ചലങ്ങളിലേക്ക് നമ്മളായ് മാത്രം ..!
ഇനിയുമേറെ അക്ഷരങ്ങളിലെന്നിലുണ്ട്
നിനക്കായ് പിറവിയെടുക്കാനെങ്കിലും,
ഹൃദയമതിനെയെല്ലാം അടച്ച് വെച്ചിരിക്കുന്നു
നിന്നിലേക്ക് മാത്രമായ് ഒഴുകി ഇറങ്ങാനായ്..!
മരണത്തിന്റെ മനോഹരമായ നിമിഷങ്ങളിലും നീയെനിക്കരികിലായ് ചേര്‍ന്നിരിക്കണം,
വിരലുകള്‍ അമര്‍ത്തി പിടിച്ചെന്നിലേക്കായ്
നിശ്വാസങ്ങളുടെ ചൂട് കാറ്റിനാല്‍.
എന്നെ ഉണര്‍ത്താനായ്,..
എങ്കിലെന്‍ ജന്മം പൂര്‍ണ്ണമായ്...
മറുപടിയായ് നീയെനിക്കായ് ഒരു മാത്ര
ഹൃദയത്തിന്‍ കോവിലില്‍ മിഴിനീര്‍ മഴയായ്
പെയ്‌തിറങ്ങിയാല്‍ മാത്രം മതി..
അധരങ്ങളമര്‍ത്തി പുഞ്ചിരിയുടെ
വെയില്‍ കാത്ത് വെക്കുക..!
-------------------------------
✍ റിഹാൻ റാഷിദ്
കണ്ണമ്മ.
മഴക്കാലം തരുന്ന ചില ഓര്‍മ്മകളുണ്ട് മഴയുടെ നനവിനോടൊപ്പം മിഴിയെ ഈറനണിയിച്ച് കടന്ന് പോവുന്ന ചിലത്..നാട് വിട്ട് കുറച്ചകലെയാണെങ്കിലും ഇന്നിവിടെ മഴ പെയ്തിരുന്നു ഞാവല്‍പഴത്തിനത്രയും വലുപ്പമുള്ള തുള്ളികളായ് വരണ്ടുണങ്ങിയ ഭൂമിതന്‍ മാറിലേക്ക് ചേര്‍ന്നിറങ്ങുമ്പോള്‍
മണ്ണിന്റെ ഗന്ധം പടര്‍ന്നു..ഒപ്പം കെെ കൊട്ടിയാടിക്കൊണ്ട് കാറ്റുമുണ്ടായിരുന്നു..
ഇന്നീ മഴയില്‍ നനഞ്ഞപ്പോള്‍ ഓര്‍മ്മയുടെ ചെപ്പില്‍ അത്രയൊന്നും തെളിച്ചമില്ലാതെ ഒളിഞ്ഞിരുന്ന കണ്ണമ്മയാണ് കുപ്പിവള കിലുക്കവുമായി വന്നത്..
അജ്ഞാതമായിരുന്നു അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം,പലരും പലതവണയായ് മെനഞ്ഞ കഥകളില്‍ ദൂരെ എവിടെയോ
(കര്‍ണ്ണാടകയിലാണെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്)
ഉള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെന്നും മനസിന്റെ നിയന്ത്രണം നഷ്ടമായപ്പോള്‍ സ്വയം വീട് വിട്ട് ഇറങ്ങിയതാണെന്നും,അതല്ല സമ്പത്തിന്റെ പേരില്‍ വീട്ടുകാര്‍ അവരെ ഉപേക്ഷിച്ചതാണെന്നും കഥകള്‍ പരന്നിരുന്നു.
സ്കൂള്‍ കാലഘട്ടത്തിലാണ് അവരെ ഞാന്‍ കാണുന്നത്..മഴയിലും വെയിലിലും എന്നും അതിരാവിലെ ടൗണിന് തൊട്ടടുത്തുള്ള ക്ഷേത്രക്കുളത്തില്‍ പോയി കുളിച്ച് നെറ്റിയില്‍ നിറയെ ഭസ്മം ചാര്‍ത്തി,മുട്ടോളം കുപ്പിവളകളും,
കഴുത്തില്‍ കല്ല് മാലകളും അണിഞ്ഞ് ബോയ്സ് സ്കൂളിനോട് ചേര്‍ന്നുള്ള ഓവ് ചാലിനു മുകളില്‍
ഇരിക്കും,വഴി യാത്രക്കാര്‍ നല്‍കുന്ന ചില്ലറത്തുട്ടുകളെ പെറുക്കിയെടുത്ത്
സാരിയുടെ കൂടെ അരയില്‍ ചുറ്റിയ ചെറിയ ഒരു സഞ്ചിയില്‍ വെക്കും..
മാംസഹാരങ്ങള്‍ ഒരിക്കല്‍ പോലുമവര്‍ കഴിക്കുന്നത് കണ്ടിട്ടില്ല..പഴങ്ങളായിരുന്നവരുടെ ഭക്ഷണം ,അതിനിടയില്‍ അവരുടെ താമസം
ആശുപത്രിയോട് ചേര്‍ന്നുള്ള ഓവ് ചാലിന് മുകളിലേക്ക് സ്വയം പറിച്ച് നട്ടിരുന്നവര്‍.
മഴക്കാലത്താണ് അവരെ ഏറ്റവും ആളുകള്‍ ശ്രദ്ധിക്കപ്പെട്ടത്..കൊടും മഴയിലും ഒരു പ്ളാസ്റ്റിക്ക് ഷീറ്റിന്റെ സുരക്ഷിതത്തിനുള്ളില്‍ രാവും പകലും ചുരുണ്ട് കൂടും.
രാത്രിയില്‍ തെരുവ് വിളക്കിന്റെ വെട്ടത്തില്‍ ദൂരെ നിന്ന് കാണുമ്പോള്‍ ഒരു പ്ളാസ്റ്റിക്ക് കൂട് ചുരുട്ടി വെച്ചത് പോലായിരുന്നവര്‍..!
ആരോടും ഒരിക്കല്‍ പോലും വഴക്ക് കൂടുകയോ,ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലവര്‍..കണ്ണമ്മയെന്ന പേര് പോലും ആരോ നല്‍കിയതാണെന്ന് തോന്നുന്നു
ചിലപ്പോഴെല്ലാം ധ്യാനത്തിലെന്ന പോലെ ഇരിക്കുന്നവരില്‍ ഏതോ ദെെവികതയുണ്ടെന്ന് തോന്നിയിട്ടുണ്ട്.ഒരു പക്ഷേ മാനസിക വിഭ്രാന്തി അവരുടെ പ്രാര്‍ത്ഥനകളാവും,അതുമല്ലെങ്കില്‍
സ്വയം ഒരു കൂടിനുള്ളിലേക്ക് ഒതുങ്ങിയതാവും
സൂക്ഷമായ ഏതോ പ്രാര്‍ത്ഥനകളാലെ..
മറ്റൊന്ന് തോന്നിയത് ഉപേക്ഷിച്ചവര്‍ തന്നെ തിരഞ്ഞെത്തുമെന്ന് കരുതി പ്രതീക്ഷയോടെ പുറപ്പെട്ടിരുന്നതുമാവും..പക്ഷേ ഒരിക്കല്‍ പോലും ആരും അവരെ അന്വേഷിച്ച് വന്നില്ല
ഒരു മഴക്കാലത്ത് മരണം വന്ന് കൂടെ വിളിക്കും വരെ...അജ്ഞാതയായ അവരുടെ ആത്മാവ് തിരികെ പ്രിയപ്പെട്ടവരുടെ അടുത്ത് ചെന്ന് ചേര്‍ന്നുണ്ടാവുമല്ലേ....?
അന്ന് രാത്രിയില്‍ മാനത്ത് ഭയത്തിന്റെ വിത്ത് വിതച്ച മിന്നല്‍പ്പിണരുകള്‍ നാലുപാടും ചിതറിത്തെറിച്ചത് അവരുടെ കുപ്പിവളകള്‍ കൂട്ടിമുട്ടിയതിനാലാവുമല്ലേ..?അതോ അവരുടെ പ്രതീക്ഷകളുടെ അവസാനത്തെ പിടച്ചലിനാലോ.
അവര്‍ക്ക് ശേഷവും മഴ കോരിച്ചൊരിഞ്ഞുണ്ട്
ശൂന്യമായ പ്ളാസ്റ്റിക് കൂടുകളില്‍ കാറ്റ് നിറഞ്ഞ്
ഓവ് ചാലിന് മുകളില്‍ ഒരു മൂലയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്..ശേഷക്രിയകളില്ലാതെ
മോചനം ലഭിക്കാത്ത ആത്മാവിനെ പോലെ..!
-----------------------------
✍ റിഹാൻ റാഷിദ്
പകല്‍ നക്ഷത്രം.
മൂന്ന് ദിവസം അവളോട് പറയാതേ മാറി നിന്നതിന്റെ പിണക്കം മാറ്റാനായാണ് അവള്‍ക്കായ് മാത്രം പൂര്‍ണ്ണമായും ഒരുദിവസം നല്‍കിയത്..അവള്‍ക്കേറെ പ്രിയപ്പെട്ട കറുപ്പ് വസ്ത്രമണിഞ്ഞ് അവളും ഞാനും കടല്‍ക്കരയിലേക്ക് യാത്ര പോവുമ്പോള്‍ അവളിലെ പിണക്കം മാറ്റാനായാണ് അവള്‍ക്കായ് മാത്രമൊരു കഥ എഴുതി കൊടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നതിനെ ഓര്‍മ്മിപ്പിച്ചതവള്‍.
യാത്രകള്‍ പ്രിയപ്പെട്ടതാണ് ,മനസറിയുന്ന ഒരാള്‍ കൂടെയുണ്ടാവുമ്പോള്‍ ആ യാത്രയുടെ ഭംഗിയേറും,പതഞ്ഞ് പൊന്തി വരുന്ന തിരയിലൂടെ കാറോടിക്കുമ്പോള്‍ വിന്‍ഡോ ഗ്ളാസ് താഴ്ത്തി വെച്ച് മുകളിലേക്ക് തെറിക്കുന്ന ചെറുമണല്‍ തരികളെ ഉപ്പ് ജലത്തിനൊപ്പം പിടിച്ചെടുത്ത് വിരലിലൂടെ ഊര്‍ന്നിറങ്ങി വീഴുന്നത് നോക്കിയിരിക്കുമ്പോള്‍ അവളിലൊരു കുഞ്ഞായ് മാറുന്നത് കാണുന്നത് കൗതുകവും മനസിനെ കുളിര്‍പ്പിക്കുന്നതുമാണ്..എന്നും എല്ലാവരില്‍ നിന്നും വ്യത്യസ്ഥമായിരുന്നവളുടെ ലോകം
പലപലപ്പോഴും സ്വാര്‍ത്ഥമായ അവളുടെ സ്നേഹത്തിന്റെ മുറുക്കം ഞാനറിഞ്ഞിട്ടുണ്ട്.
മറ്റൊരാളെന്നില്‍ വാക്കുകളാല്‍ പോലും സ്വാതന്ത്യം എടുക്കുന്നത് അവളുടെ പിണക്കത്തിന്റെ കാരണമാവാറുണ്ട്..
കടലു പോലെയാണ് അവളുടെ മനം,
ഏത് നിമിഷവും വലിയൊരു തിരയായ് ആഞ്ഞടിച്ചേക്കും,നിശബ്ദമായ്,കുഞ്ഞോളമായ് കരയെ തലോടുകയാണെന്ന് കരുതുമ്പോഴാണ്
ആഴങ്ങളില്‍ നിന്നേങ്ങോ ഉയര്‍ന്ന് വന്ന് കരയെ ആകെ പുണര്‍ന്ന് ഭ്രാന്തമായ് നെഞ്ചോട് ചേര്‍ത്ത് ആയിരം കെെകളാല്‍ അന്തമായ ആഴങ്ങളിലേക്ക് കൊണ്ട് പോവുമവള്‍..!
തിയാരാ.
അതാണവളുടെ പേര്.
അഞ്ജനമെഴുതിയ നീണ്ട മിഴികളില്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴമേഘം പോലുള്ള ജലകണങ്ങളാണ്ട് ഇന്നുമവളില്‍.
പിണക്കം മാറിയില്ലേ...?
പതിയെ തിരയെ മുറിച്ചെടുത്ത് മുന്നോട്ട് നീങ്ങുന്ന കാറിനുള്ളില്‍ മടിയിലേക്ക് അമര്‍ത്തി വെച്ച അവളുടെ വലം കെെയ്യമര്‍ത്തിപ്പിടിക്കാനുള്ള എന്റെ ശ്രമത്തെ തട്ടിമാറ്റിയവള്‍..മുഖം പുറത്തേക്കിട്ട് അസ്തമയ സൂര്യന്റെ കിരണങ്ങള്‍ തന്നിലേക്ക് ചേര്‍ക്കാനെന്നോണം.
നീ പോടാ..
കാണുമ്പോള്‍ മാത്രമുള്ള കിന്നാരം മാത്രമേ നിനനക്കുള്ളൂ..ഞാനെത്ര സ്നേഹിക്കുന്നു എന്നത് തിരിച്ചറിയാന്‍ ഒരിക്കലും നീ ശ്രമിക്കാറില്ല..
''ഒറ്റയായ് നില്‍ക്കുന്ന മണല്‍ത്തരിയെ പോലെയാണ് ഞാന്‍,തിര എന്നെ മാത്രം പുല്‍കുമെന്ന് മോഹിച്ചിരിക്കും,
പക്ഷേ ആയിരം മണല്‍ത്തരികളിലൊന്നാണ് ഞാനെന്നറിയാതെ''
നീയെന്റെ മാത്രം കടലാണ് തിയാരാ..
''ആരും കണ്ടെടുക്കാത്ത ആഴങ്ങളില്‍ നിന്നെ ഞാന്‍ ഒളിപ്പിച്ചതാണ്,നിന്റെ കെെ വെള്ളയിലെ
തിരയും തീരവുമാണ് ഞാന്‍.''
കോപ്പാണ്...
വെറുതെ വാക്കുകളാലെന്നെ മോഹിപ്പിക്കാന്‍ നന്നായറിയാം നിനക്ക്.
ഇല്ലെടോ നിന്നെക്കുറിച്ചാവുമ്പോള്‍ വാക്കുകളെന്നില്‍ ഉപ്പ് വറ്റിയ കടല്‍ പോലെയാണ്!
അസ്തമനസൂര്യന്റെ തിളക്കത്തില്‍ സ്വര്‍ണ്ണ നിറമായിരുന്നു.സായന്തനത്തിന്റെ കടല്‍ക്കാറ്റേറ്റ് പാറുന്ന ചെമ്പന്‍ മുടിഇഴകളെ ഇടം കയ്യാല്‍ മാടിയൊതിക്കി കെട്ടിവെക്കുകയായിരന്നു അവളപ്പോള്‍..
തിയാരാ .
എന്താ..?
ഒരു കഥ പറഞ്ഞ് തരട്ടെ..?
വല്ല പെണ്ണുങ്ങളേയും കണ്ട കഥയാവുമല്ലേ..?
അതോ ജിന്നിന്റെ കള്ളക്കഥയോ..?
അല്ലെടോ..
പിന്നെ ..?
കഥ കേട്ടിട്ട് നീ തീരുമാനിക്ക് ..
ഓ...വല്യ കാര്യായി..
കെെ രണ്ടും മാറോട് ചേര്‍ത്ത് വെച്ചാണവളത് പറഞ്ഞത്.
നഷ്ടപ്പെടുമെന്നറിയാമെങ്കിലും ആത്മാവ്,കൊണ്ട് പ്രണയിച്ചിട്ടും ഒരുനിമിഷം കൊണ്ട് പൊട്ടിയടര്‍ന്ന് പോയ ഒരുവളുടെ സ്വപ്നത്തിന്റെ കഥയാണിത്.
ഒരുവളോ...അവള്‍ക്കെന്താ പേരില്ലേ..?
പേര് വേണോ...?
വേണം.
എന്നാല്‍ ഉണ്ണിമായാന്ന് വിളിക്കാം.
ഉണ്ണി മാങ്ങയാ.
ഏതേലും നല്ല ഒരു പേര് പറയ്.
നിന്റെ പേരിനേക്കാള്‍ നല്ലതൊന്ന് തിരായാന്‍ ലോകത്ത് മറ്റൊന്നില് എന്ന് പറഞ്ഞപ്പോള്‍
കടലിന്നഭിമുഖമായ് നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന് മുകളിലേക്ക് വന്ന ഒരു തിര ചില്ലില്‍ ചിത്രങ്ങള്‍ തീര്‍ത്തതിലേക്ക് വിരല്‍ചേര്‍ത്ത് കൊണ്ടാണ് സിതാരയെന്ന
പേരിടാന്‍ പറഞ്ഞതവള്‍.
സിതാരാ..!
നക്ഷത്രമെന്നാണര്‍ത്ഥം
മം..
ചുരിദാറിന്റെ കോളറ മുകളിലേക്ക് ഒരു പ്രത്യേക രീതിയില്‍ ഉയര്‍ത്തിയവളെന്നെ ഒന്ന് നോക്കി.
അല്ലാ അവളെ കരയിപ്പിച്ചവന് ഒരു പേരിടണ്ടേ..?
ഇടണമല്ലോ..
എങ്കില്‍ നിന്റെ പേര് തന്നെയിട്ടോ..
അതാവുമ്പോള്‍ അതിലൊരു സത്യവും ഉണ്ടാവുമല്ലോ..?
പോടി..
അവന് നമുക്ക് ജെറേം എന്ന് വിളിക്കാം.
ആ...എന്തേലുമാവട്ടെ നീ കഥ പറയ്.
വീണ്ടുമൊരു തിര വന്ന് ഞങ്ങളെ നനച്ചു
കാറ്റിന്റെ മൂളക്കത്തിനൊപ്പം.
എഴുത്തുകളിലൂടെയാണവള്‍ അവനിലേക്ക് അടുത്തത്.,പതിയെ തുടങ്ങിയ സൗഹൃദം
അവന്റെ മാത്രം ലോകത്തിലേക്കവളെ കൊണ്ടെത്തിച്ചു..എല്ലാത്തിലും സിതാര ഉത്തരങ്ങള്‍ തേടിയത് അവനിലൂടെയായിരുന്നു
ഓരോ നിമിഷങ്ങളിലും അനിലേക്ക് മാത്രമായ് അവള്‍ ചെറുതായി,സങ്കടങ്ങള്‍ക്കും ,സന്തോഷങ്ങള്‍ക്കും ഉത്തരങ്ങളായിരുന്നു അവന്റെ ഓരോ മൊഴികളും,തന്നെ ക്ഷമയോടെ കേട്ടിരിക്കുന്ന ജെറേമിലുടേയാണ് സിതാരയുടെ ഒരോ ദിനവും തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും..!
വസന്തവും ശിശിരവും ഹേമന്തവും അവരുടെ ഇടയിലെ ദിനങ്ങളില്‍ മനോഹാരിതകളേറ്റി
ഇടക്കെല്ലാം ഓര്‍മ്മകളുടെ വേനലവളെ ഉരുക്കാറുണ്ടായിരുന്നെങ്കിലും അവനൊരു മഴയായ് തണുപ്പേകുമവളില്‍..
പ്രണയമാണോ സൗഹൃദമാണോ എന്ന തിരിച്ചറിവിനേക്കാള്‍ സിതാരക്ക് അവനൊരു തണലായിരുന്നു പൊള്ളുന്ന ഓര്‍മ്മകളില്‍ നിന്നേല്ലാം ഓടിച്ചെന്നിരിക്കാനുള്ള നിറയെ പൂക്കളുള്ള ഒരു തണല്‍ മരം.
അതാണവളെ അവന് ചുറ്റിലും തിരിയുന്ന ഉപഗ്രഹമാക്കിത്തീര്‍ത്തത്..!
കാലമവനില്‍ മാറ്റങ്ങള്‍ തീര്‍ത്തു.
എന്ത് മാറ്റം..?
അഞ്ജാതമായ ഏതോ ഒരു മൗനത്തിന്റെ മതിലുകള്‍ അവര്‍ക്കിടയില്‍ അതിരുകളായി,
വാക്കുകള്‍ക്ക് പോലും പിശുക്കനായ് തീര്‍നവന്‍,
എന്നിട്ടും അവനറിയാതെ സിതാര അവനില്‍ അവളെ തിരഞ്ഞു,അക്ഷരങ്ങളിലൂടെ അവന്‍ പങ്ക് വെക്കുന്നത് അവളോട് പറയാനുള്ളത് എന്തോ ആണെന്ന് കരുതി..
പക്ഷേ ..
അവനെ തിരഞ്ഞവള്‍ നടക്കുമ്പോഴും ജെറേം
മറ്റൊരിടത്തെ വസന്തത്തിലാണ്..
ഒറ്റയായ നക്ഷത്രമായവള്‍ ഓര്‍മ്മകളുടെ കനലില്‍ കാലുകളമര്‍ത്തി നടക്കുകയാണ്
അവളുടെ കൊലുസിന്റെ കിലുക്കത്തെ തിരിച്ചറിയുമെന്ന് കരുതി..പൊള്ളിയടര്‍ന്ന് വീഴുന്ന തൊലിയിലൂടെ കിനിഞ്ഞിറങ്ങുന്ന രക്തത്തുള്ളികളെ പോലുമവന്‍ തിരിച്ചറിയുന്നില്ല.!
വെറുപ്പിന്റെ ആകാശത്തില്‍ അവനെ കെട്ടഴിച്ച് വിടാനാവാതെ പകല്‍നക്ഷത്രങ്ങളോട് സങ്കടങ്ങളെ ചൊല്ലിപ്പെറുക്കി മറവിയുടെ
മേഘങ്ങളായ് പെയ്ത് തീര്‍ക്കുകയാണവളുടെ മിഴികളില്‍ !
മതി...നിര്‍ത്തിയേ ..
സന്ധ്യ മാറി നക്ഷത്രങ്ങള്‍ വാനില്‍ ചിരാതുകളായ് നില്‍ക്കുന്നുണ്ടയിരുന്നപ്പോള്‍,പല ദിക്കുകളായ് അടയാളപ്പെടുത്തിയ ആയിരക്കണക്കിന് നീലപ്പൂക്കളായ്..തിരികെ പോവുമ്പോള്‍ നിറഞ്ഞ് തൂവിയ മിഴകളെ തുടക്കാതെ എന്നിലേക്ക് ചാഞ്ഞിരുന്നവള്‍പറയുന്നുണ്ടായിരുന്നു
ഒരിക്കല്‍ മറ്റാരോ എഴുതുന്ന കഥയിലെ പകല്‍ നക്ഷത്രമായ് ഞാനും മാറുമോ എന്ന്..
മൗനത്താല്‍ വിരലുകളാല്‍ അമര്‍ത്തിപ്പിടിച്ച്
അവളുടെ നാഡിമിടിപ്പുകള്‍ ഞാനറിഞ്ഞു
ദേഹമില്ലാതായാലും നശ്വരമായ ലോകം അവസാനിച്ചാലും ആത്മവിനാല്‍ തീവ്രമായ് നിന്നെ പ്രണയിക്കാമെന്ന്,അറിയാതെ പറയാതെ
കാമത്തിന്റെ അഗ്നിയിലെരിയാതെ...
ഇനിയുമേറെ ജന്മങ്ങള്‍..ഒരേ വരിയില്‍ ഒന്നിച്ചുദിച്ച് അസ്തമിക്കുന്ന നക്ഷത്രങ്ങളാവാം..
-------------------------------
✍ റിഹാൻ റാഷിദ്
എന്നിട്ടുമെന്തിനോ.
ഇന്ന് ഞാനൊരു ഖബറിനടുത്ത് ചെന്നിരുന്നു,
വെട്ടിയിട്ട മണ്ണിന്റെ നനവ് മാറാത്ത പുതിയ അഥിതിയെ സ്വീകരിച്ച അതിന് മുന്നില്‍ ചെന്ന്
സലാം ചൊല്ലി മൗനമായ് ഏറെ നേരം നിന്നു
മരണത്തിന്റെ ഉലുവാന്‍ മണം മാറാത്ത അന്തരീക്ഷമുള്ള അദ്ധേഹത്തിന്റെ വീട്ടിലേക്ക് ചെല്ലണമെന്നാണ് ആദ്യം കരുതിയതെങ്കിലും
അവര്‍ക്കെല്ലാം എന്റെ സന്ദര്‍ശനത്തിന്റെ
അപരിചിതത്വം സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുട്ടോര്‍ത്തും ,ആരുമറിയാതെ
ഏകനായ് ചെന്ന് ഖബറിന്നരികെ അല്‍പ്പനേരം പ്രാര്‍ത്ഥനയോടെ നില്‍ക്കാമെന്നുമാണ് മനസ് പറഞ്ഞത്,.
മാത്രമല്ല മരണം നടന്നിട്ട് നാല് ദിവസങ്ങള്‍
കഴിഞ്ഞിരിക്കുന്നു ,വെെകിയറിഞ എന്നില്‍
അദ്ദേഹം ഈ ഭൂമിയിലില്ലെന്ന വാര്‍ത്ത സൃഷ്ടിച്ച ആഘാതം എത്രത്തോളം വലുതാണോ
അതിനേക്കാളെല്ലാം ഏറെയാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ
മാനസികാവസ്ഥ.
അവസാനമായ് അദ്ദേഹത്തെ കണ്ടത് അസര്‍ നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ മകളുടെ നിക്കാഹിന് വരണമെന്ന് പറഞ്ഞപ്പോഴായിരുന്നു,.
''ഇന്‍ഷാ അള്ളാഹ് വരാം മാഷേ..''
എന്ന് പറഞ്ഞ് സലാ ചൊല്ലി പിരിഞ്ഞതിന് ശേഷം മറുപടിയില്ലാത്ത സലാം ചൊല്ലേണ്ടി വന്നു..!
ആഗ്രഹമുണ്ടായിരുന്നെങ്കിലും പോവാന്‍ സാധിച്ചിരുന്നില്ല..
മാഷെനിക്കാരുമല്ലായിരുന്നു,പക്ഷേ അന്നും ഇന്നും എനിക്കേറെ പ്രിയപ്പെട്ട ഒരാളുടെ പിതാവായിരുന്നു ,പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ അറിയാമായിരുന്ന ഒരാള്‍...
ബസ് യാത്രകളിലെ പരസ്പരമുള്ള ഒരു പുഞ്ചിരിയും ,പള്ളിയില്‍ വെച്ചുള്ള ചെറിയ സംസാരങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിനും എനിക്കുമിടയിലെ
ബന്ധം,പതിയെ സംസാരിക്കുന്ന ആ മനുഷ്യനെ
ഏറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും
പൂര്‍ത്തിയാവാതേയാവും ഇഹലോകത്തേക്ക് യാത്രയായത്,
അദ്ദേഹം അക്ഷരവും,അറിവുമേകിയ
അനേകരുടെ പ്രാര്‍ത്ഥനകളിലുണ്ടാവും
അദ്ദഹത്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍.
എന്നിട്ടും ഖബറിന്നരികില്‍ ചെന്ന് നിന്നപ്പോള്‍ മനസിനെ നിയന്ത്രണങ്ങളുടെ വേലിക്കുള്ളില്‍
അടക്കി വെക്കാനായില്ല,കണ്ണെന്തിനോ നനവാര്‍ന്നു,
''ഓരോ മനുഷ്യനും ഇത്രയേ ഉള്ളൂ ഒറ്റനിമിഷത്തിനപ്പുറം നാമം നഷ്ടമായി
മയ്യെത്തെന്ന് വിളിക്കപ്പെടുന്നു.''
ഖബറിന്നരികെ നിന്നും തിരികെ നടക്കാനാവുന്നുണ്ടായിരുന്നില്ല
മാഷെന്തോ പതിയെ പറയുന്നത് പോലെ,
മക്കളെക്കുറിച്ചാവാം,പാതിയില്‍ നിലച്ച് പോയ
മാഷിന്റെ പ്രതീക്ഷകളെക്കുറിച്ചാവാം..
ഹൃദയത്തിന്റെ കനം കൂടി ഓര്‍മ്മകളില്‍
മാത്രമായിനി ജീവിക്കുന്ന മാഷിന്റെ
മരണമെന്നില്‍ അത്രമേലാഴാത്തില്‍
ശൂന്യത തീര്‍ത്തുണ്ട്..
അസര്‍ നിസ്കരിച്ചാ പള്ളിയില്‍ നിന്നുമിറങ്ങുമ്പോള്‍ അദൃശ്യമായ് ആരോ
സലാം ചൊല്ലിയിരുന്നു..അവസാനമായ് മാഷെക്കണ്ടപ്പോള്‍അണിഞ്ഞിരുന്നു കള്ളികളുള്ള കുപ്പായത്തിന്റെ നേര്‍ത്തൊരു നിഴലായ്..
''മരണം സൃഷ്ടിക്കുന്നത് ശൂന്യതയുടെ വലിയതും ഇരുണ്ടതുമായ ഗര്‍ത്തങ്ങള്‍ മാത്രമാണ്,
ആഴമളക്കാനാവില്ല ആ ശൂന്യത തീര്‍ത്ത മനസുകളിലെത്രമാത്രമെന്ന്...''
എന്നിട്ടുമെന്തിനെന്നറിയാതെ കണ്ണുകള്‍
നനയുന്നു ,ഹൃദയമിടിപ്പിന്റെ ക്രമത്തിന്റെ
ആരോഹണ അവരോഹണങ്ങളില്‍
ഏറ്റക്കുറച്ചിലുണ്ടാവുന്നുണ്ട്..
''പലപ്പോഴും നമുക്കിടയില്‍ ചിലരില്ലാതാവുമ്പോഴാണ് അവര്‍ക്കും നമുക്കുമിടയില്‍ ദര്‍ശിക്കാനാവത്ത അത്രയും നേര്‍ത്തതും,ശക്തവുമായ നൂലറ്റം കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരുന്നെന്ന് തിരിച്ചറിവുകളുണ്ടാവുകയുള്ളൂ ...''
ഖബറുകള്‍ പലതും പറയാതെ പറയുന്നുണ്ട്
പരലോകത്തേക്കുള്ള ആദ്യത്തെ കവാടത്തിന്റെ
വലിപ്പം എല്ലാവര്‍ക്കും ഇടുങ്ങിയത് തന്നെയെന്ന്.
വലിപ്പച്ചെറുപ്പങ്ങള്‍ക്കവിടെ പ്രസക്തിയില്ല..
------------------------------
✍ റിഹാൻ റാഷിദ്
ആത്മകഥ
മെെലാഞ്ചിച്ചെടിയെ ആരാണ് മരണത്തിനോട് ചേര്‍ത്ത് വെച്ചതെന്ന അവളുടെ ചോദ്യത്തിന് ഉത്തരം തേടി നടന്ന എന്റെ കണ്ണുകള്‍ ചെന്നെത്തിയത് മനോഹരമായി കെെയ്യിലവള്‍ വരച്ചിട്ട ചുവന്ന ചിത്രങ്ങളിലേക്കാണ് ഞാനെന്റെ വിരല്‍ ചേര്‍ത്തപ്പോള്‍ തൊട്ടാവാടിയുടെ ഇലകള്‍ കൂമ്പിയടയുന്നത് പോലെ സുറുമയെഴുതിയ അവളുടെ മിഴികള്‍ നാണിച്ച് തലതാഴ്ത്തി നിന്നപ്പോഴാണ് പ്രണയത്തിനാണ് മെെലാഞ്ചിയുടെ ഭംഗിയേറുന്നതെന്ന് തിരിച്ചറിഞ്ഞത്.
എന്നോ ഒരിക്കല്‍ ആരോ ഖബറിന്റെ അടയാളമായ് കുത്തി നിര്‍ത്തിയ മെെലാഞ്ചിച്ചെടി
കരഞ്ഞതിനാലാവും ഉണങ്ങിയില്ലാതായത്.
കാരണം തളിര്‍ത്ത് പൂത്ത് നില്‍ക്കുന്ന മെെലാഞ്ചിച്ചെടിയെ ഒരു പള്ളിക്കാട്ടിലും ഞാന്‍ കണ്ടില്ലായിരുന്നു,മരണത്തിനൊപ്പം എഴുതിച്ചേര്‍ത്ത കാല്‍പ്പനികതകളില്‍ അല്ലാതെ..!
ഓര്‍മ്മകളുടെ കൂടെ കുറച്ചേറെ വര്‍ഷങ്ങള്‍ പിന്നിലേക്ക് നടക്കണം ഈ കഥ പൂര്‍ണ്ണമാവാന്‍
എനിക്കേറെ പ്രിയപ്പെട്ട സലീലയിലേക്ക്
മനസിന്റെ മാന്ത്രികച്ചെപ്പിലെ രഹസ്യ അറയില്‍ എനിക്ക് മാത്രം ദര്‍ശിക്കാവുന്ന ഓര്‍മ്മയുടെ മഞ്ഞ് കണങ്ങളെ ഇന്ന് ഞാനൊരു അപ്പൂപ്പന്‍ താടിപോലെ സ്വതന്ത്രമാക്കുകയാണ്.
മെല്ലിച്ച ഒരു പയ്യനെ കാണാമിവിടെ ഇനിയുള്ള അക്ഷരങ്ങളില്‍,ഒരു ഹെര്‍ക്കുലീസ് സെെക്കിളില്‍
മെറ്റലുപാകി ടാര്‍ചെയ്യാതിട്ട റോഡില്‍ അവളേയും കാത്ത് നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് ചെണ്ടയുടെ താളം പോലെ ഉയരുന്നുണ്ട്.
ആദ്യാനുരാഗത്തില്‍ സ്വര്‍ണ്ണക്കൊലുസിനേയും മറച്ച് നീണ്ട് കിടക്കുന്ന മഞ്ഞയുടുപ്പിട്ടവള്‍ നടന്ന് വരുമ്പോള്‍ ഹിജാബിനാല്‍ മറച്ച മുഖത്ത് വിരിയുന്ന ചിരിയില്‍ ഞാനൊരു പുഴയായ് മാറുന്നുണ്ടായിരുന്നു,സുറുമയെഴുതിയ മിഴികളിലന്നൊരു കവിത വിരിഞ്ഞിരുന്നെന്ന് തിരിച്ചറിയാന്‍ ജീവിതത്തിന്റെ രണ്ട് ദിശകളിലേക്ക് പാറിയകന്ന് അതിര് തീര്‍ത്ത കലത്തിന്റെ കാല്‍പ്പനിതകള്‍ വേണ്ടി വന്നു.
മറ്റ് ചിലരേയും കൂടെ ചേര്‍ക്കാനുണ്ട് ഈ ഓര്‍മ്മകളിലേക്ക് ,അവളുടെ കൂട്ടുകാരിയും,
എന്റെ അയല്‍ക്കാരിയുമായ ശിവനീത,
അര്‍ദ്ധ സഹോദരികളായ ആരിഫ,ഹാജറ,സെമിത ഇവരും കൂടെ ചേരണം ഈ കഥ പൂര്‍ണ്ണമാവാന്‍.കാരണം ഇവരിലൂടെയാണ് ഞാനെന്റെ മാലാഖയുടെ മൊഞ്ചുള്ള മനമറിഞ്ഞത്..പ്രണയത്തിന്റെ ഇശലുകളുടെ ഈരടികളിലേക്ക് ഇടക്കെല്ലാം താളമില്ലാതെ വന്ന് ചേര്‍ന്ന ശത്രുക്കളുമുണ്ടായിരുന്ന ഞങ്ങള്‍ക്കിടയില്‍..അവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ല ഭയമല്ല അതിന് കാരണം മറവിയിലേക്ക് ആണ്ട് പോയ അവരുടെ ഓര്‍മ്മകളെ ഉണര്‍ത്താതിരിക്കാനാണ്.
ശരിക്കും ജീവിത്തിന്റെ ഒരു പ്രാര്‍ത്ഥന പോലെയായിരുന്നാ പ്രണയം,അവളൊന്നിച്ചുള്ള ഓരോ നിമിഷങ്ങളിലും ദെെവത്തിന്റെ സ്പര്‍ശനമേറ്റ ദിനങ്ങളായിരുന്നെന്ന് തിരിച്ചറിയാന്‍ വിരഹത്തിന്റെ വേനലുകള്‍ വേണ്ടി വന്നെന്നതാണ് സത്യം.
പലപ്പോഴും എഴുതാതെ മാറ്റിവെച്ച സ്വാര്‍ത്ഥമായ ഒരോര്‍മ്മയാണവള്‍..!
വരകളില്ലാത്ത വെള്ളക്കടലാസില്‍ അവളെഴുതുന്ന അക്ഷരങ്ങള്‍ക്ക് ജീവന്‍ വെക്കൊറുണ്ടായിരുന്നു ആരുമറിയാതെ പുസ്തകത്തിനുള്ളില്‍ വെച്ച് വായിക്കുമ്പോള്‍.
ഓരേ സ്വപ്നങ്ങളായത് മറുപടിയായ് മാറും.
അക്ഷരങ്ങള്‍ക്ക് നിരയൊക്കാറില്ലെങ്കിലും.
ഒരുമിച്ചുള്ള ബസ് യാത്രകളില്‍ വിരലുകളറിയാതെ ചേര്‍ത്ത് പിടിക്കുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങിവന്ന് ഞങ്ങളുടേത് മാത്രമായ ലോകമാവാറുണ്ടായിരുന്നു.
കയ്യിലും കണങ്കാലിലും ചുവപ്പണിഞ്ഞ
മെെലാഞ്ചിയിലവളൊരു ഹൂറിയാണ്.
എന്റേത് മാത്രമായവള്‍.!
അവധിക്കാലത്തെ കമ്പ്യൂട്ടര്‍ ക്ളാസില്‍ ചേര്‍ന്നിരിക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തെ വയലറ്റ് നിറമാര്‍ന്ന അത്തിക്കായുടെ ഭംഗിയേക്കാളേറെയാണവളുടെ ചിരി.
ബസ്റ്റാന്റിലെ സിമന്റ് തൂണുകളറിയാത്ത രഹസ്യങ്ങളൊന്നുമില്ലായിരുന്നു ഞങ്ങള്‍ക്കിടയില്‍.
ഇന്നും ഞാന്‍ കാതോര്‍ക്കുന്നുണ്ട് അവളൊരുമിച്ച് സെെക്കിളില്‍ സഞ്ചരിച്ച വഴികളിലെ കമ്യൂണിസ്‌റ്റ് പച്ചയും,കാക്കപ്പൂവും ,അരളിയും,മഞ്ഞമന്താരവും ഞങ്ങള്‍ക്കിടയില്‍ തീര്‍ത്ത പ്രണയത്തിന്റെ ബെല്ലടിയൊച്ചകള്‍..!
ടെലഫോണ്‍ ബൂത്തിലെ ഇടുങ്ങിയ കൂട്ടിനുള്ളില്‍ പരസ്പരം വെച്ച് മാറിയ വാക്കിന്റെ നൊമ്പരങ്ങള്‍ ഇഷ്ടങ്ങള്‍,സ്വപ്നങ്ങള്‍..!
ഒരു പുലര്‍ക്കാലത്തെ തീവണ്ടി യാത്രയില്‍ അവളും ഞാനും അപരിചിതരായ് ഇരുന്ന് കണ്ണുകളാലെ സംസാരിച്ചത്..ആരുമറിയാതെ തള്ളവിരലുകള്‍ കോര്‍ത്ത് വെച്ചത്.
ഇന്നവള്‍ മറ്റൊരുവന്റെ സഖിയാണെന്നും,
ഉത്തരവാദിത്വമുള്ള ഒരുമ്മയാണെന്നും തിരിച്ചറിവുണ്ട് എങ്കിലും ക്ളാവ് പിടിക്കാത്ത ഓര്‍മ്മകളില്‍ അവളെന്റേത് മാത്രമാണ്.
ശവ്വാലിന്റെ മൊഞ്ചുള്ള ചന്ദ്രികപോലഴകുള്ള വദനത്തില്‍ വിരിയുന്ന പുഞ്ചിരിയായ് ഒരിക്കലവളെ വീണ്ടും കണ്ട് മുട്ടണം
മറ്റാരുമറിയാതെ പിന്തിരിഞ്ഞെന്ന നോക്കുമ്പോള്‍ കാലത്തിന്റെ കണ്ണില്‍ വിരിയുന്ന വിരഹത്തിന്റെ ആഴമറിയാന്‍..
അവളീ ഓര്‍മ്മകളുടെ കുറിമാനം വായിക്കുകയാണെങ്കില്‍ പതഞ്ഞ് പൊന്തുന്ന ഓര്‍മ്മകളില്‍ നിന്നും ഞാനെന്ന പാഴ്മരത്തെ വേരോടെ പിഴുതെടുത്ത് മറവിയുടെ ആഴങ്ങളിലേക്ക് ഖബറടക്കിയേക്കും..
ഒരു പക്ഷേ..
അവളൊരു പാവാടക്കാരിയായ് മാറി മനസിന്റെ തടവറയില്‍ പൂട്ടിവെച്ച ഓര്‍മ്മകളെ കണ്ണീരിന്റെ മഴയാല്‍ സ്വതന്ത്രമാക്കിയേക്കും.!
എങ്കിലും എനിക്കേറെ പ്രണയമാണവളില്‍ ആദ്യാനുരാഗത്തിന്റെ വിത്തുകളെന്നില്‍ മുളച്ചത് അവളുടെ മിഴികളിലൂടെ ആയിരുന്നല്ലോ..
നമുക്ക് മറക്കാനാവാത്ത ഒരു മഴക്കാലമുണ്ട് സലീ..നമ്മുടേത് മാത്രമായ ആ മഴക്കാലം ഞാന്‍ സൂക്ഷിച്ച് വെക്കാം മറ്റാര്‍ക്കും ദൃശ്യമല്ലാത്ത നമ്മുടെ ആകാശത്തില്‍.
നമ്മളൊരുമിച്ച് നടന്ന വഴിയരികിലെ വള്ളിമുല്ലയോട് ചേര്‍ന്നുള്ള മെെലാഞ്ചിച്ചെടിയേ നിനക്കോര്‍മ്മയുണ്ടോ..?
നമ്മളെ അകറ്റിയ കാലവും വിധിയും അവരേയും പറിച്ചെറിഞ്ഞിട്ടുണ്ട് ഒരിക്കല്‍ പോലും വേര് മുളക്കാത്ത അത്രയും അകലത്തില്‍.എങ്കിലും അന്ന് നമ്മളെ തഴുകിയകന്ന കാറ്റ് അറബിക്കടലിന്റെ ആഴങ്ങളില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടാവും നമ്മളന്ന് പങ്ക് വെച്ച സ്വപ്നങ്ങള്‍
പതിനഞ്ച് വര്‍ഷങ്ങളെന്നത് എനിക്കും നിനക്കുമിടയിലെ ദൂരം ഭൂമിയില്‍ നിന്നും ഏഴാനാകാശത്തിലേക്കുള്ള ദൂരത്തേക്കാള്‍ അകലെയാണ്.
# ആ കാലഘട്ടത്തില്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന പലരുടേയും ഓര്‍മ്മകളെ ഒരു പക്ഷേ ഉണര്‍ത്തിയേക്കാം,ക്ഷമിക്കുക എന്നോട് വാക്കുകള്‍ നിങ്ങളെ മുറിവേല്‍പ്പിച്ചെങ്കില്‍.
#ഈകഥയുംകഥാപാത്രങ്ങളുംതികച്ചുംസാങ്കല്‍പ്പികമല്ല.
-------------------------------
✍ റിഹാൻ റാഷിദ്
വേനല്‍ പറയുന്നത്.
മഴ വറ്റി ഉഷ്ണക്കാറ്റില്‍ ഭൂമിയുരുകും
വെയില്‍ പടര്‍ന്ന് പുഴ കരയും ,
മനുജന്‍ ഊറ്റിയെടുത്ത ഗര്‍ഭപാത്രത്തിന്റെ
തഴേത്തട്ടില്‍ പോലും ഒരു തുള്ളി ജലമില്ലാതെ
മാനും മയിലുംആനയും പുലിയും കാടിറങ്ങും
പക്കിയും പരുന്തും,കുഞ്ഞിക്കിളികളും
ചിറക് തളര്‍ന്ന് ചത്ത് വീഴും..!
ഭൂമിതന്‍ മാറിലമര്‍ന്നിരിക്കുന്ന
കോണ്‍ക്രീറ്റു കാടുകള്‍ക്കുള്ളിലിരുന്ന്
കുടി നീരു തിരയുന്ന ആര്‍ത്തി മൂത്ത മനുജനപ്പോഴും തിരയും വെട്ടി മുറിച്ചെടുക്കാനുള്ള മരവും പുഴയും ഭൂമിയും.!
കടലേറി വരും ഉപ്പ് ജലം
ഭൂമിയുടെ ഹൃദയത്തിലേക്ക്
കഠിനമായ് കറുത്തിരുളും മണ്ണും
അന്നു നാം നെട്ടോട്ടമോടും രക്തത്തേക്കള്‍
വിലയിടുന്ന ദാഹജലത്തിനായ്.,.!
മഴക്കായ് പ്രാര്‍ത്ഥനകളല്ല വേണ്ടത്
വെട്ടിമുറിച്ചെടുത്തതിനെല്ലാം പ്രായശ്ചിത്തമാണ്
കാടും മലയും നാടും നഗരവുമാക്കിയ മനസിന്റെ
മഞ്ഞളിച്ച കാഴ്ചകള്‍ മാറ്റണം..!
ഇനിയൊരു തലമുറ കൂടെ നമ്മുടെ ഭൂമിയില്‍
ദാഹിച്ച് മരിച്ച് വീഴാതിരിക്കന്‍,തൂമ്പയും
കെെക്കോട്ടുമെടുക്കണം,ചാലു കീറി കണ്ണീരിറ്റിച്ച്
ഭൂമിയെ നനക്കാന്‍..!
വേനലിനിയും വേവുമെന്ന ഓര്‍മ്മകളുണ്ടാവണം
ശീതീകരണ മുറിക്കുള്ളില്ലിരുന്ന് വിലപിക്കാതെ
വിയര്‍പ്പുറ്റിക്കണം ഇനിയും ഭൂമിതന്‍ മാറിലില്ല
ഒരിറ്റ്പോലും കനിവിന്നുറവകളെന്നോര്‍ക്കണം..!
കൊല്ലും കൊലയുമല്ല വേണ്ടതീ നാടിന്,
തിരിച്ചറിവുകളാണ് നാളേക്ക് വേണ്ടിയുള്ള
നീക്കിയിരിപ്പാണ് ഇന്ന് തുടങ്ങേണ്ട പ്രവര്‍ത്തികള്‍
വേനലിനിയും ഓര്‍മ്മപ്പെടുത്തില്ല എന്നോര്‍മ്മയാല്‍..!
-----------------------------
✍ റിഹാൻ റാഷിദ്
തനിച്ചാണ് ഞാൻ
അന്നും പതിവ് പോലെ ഞാനുണരും,എഴുന്നേറ്റ് അടുക്കള വാതിലിലെ പടിയിൽ ചെന്നിരിക്കും,ഉമ്മയുടേയും പെങ്ങളുടേയും വർത്തമാനങ്ങൾക്ക് കാതോർക്കും,
അടുക്കളയിൽ കൂട്ടിമുട്ടുന്ന സ്റ്റീൽ പാത്രങ്ങളുടെ ചിലമ്പിച്ച ഒച്ച കേൾക്കും,പടിയിലിരിക്കുമ്പോൾ
നനുത്ത കറുപ്പും,വെളുപ്പും രോമങ്ങളുള്ള കുറിഞ്ഞി പൂച്ച കാലുകളിൽ പുറം ഉരസും,
അടുത്ത വീട്ടിലെ കുട്ടികളുടെ
കരച്ചിലും,ചിരിയും കേൾക്കും.
മുറ്റത്തെ പ്ളാവിലും,തെങ്ങിലും
ഓടി നടക്കുന്ന അണ്ണാനെ കണ്ണുകളാൽ പിന്തുടരും..
പക്ഷേ..
ഞാനുണരാതെ കിടക്കുന്നത് കണ്ട് നില വിളികളുടെ നാദങ്ങളാണ് ഉയരുന്നത്
കട്ടിലിന് ചുറ്റിലും,ആരെല്ലാമോ
ഓടി നടക്കുന്നുണ്ട്,പിന്നെ കണ്ണുകൾ അമർത്തി അടക്കുന്നു,
വിരലുകൾ അമർത്തി,കൈ കാലുകളെ നീട്ടി വെക്കുന്നു,
ശേഷം,താടിയെല്ലും തലയും
ഒന്നിച്ച് കെട്ടി വെക്കുന്നു,
നാവ് അനക്കാനുള്ള എന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നു,
ഖുർ-ആൻ സൂക്തങ്ങൾ വേഗത്തിലും ,ഉച്ചത്തിലും
ഉയരുന്നുണ്ട്,സമീപത്ത് നിന്നും,
കണ്ണടച്ച് ആസ്വദിച്ച് കിടന്നു
ഞാനത്,
ആരെല്ലാമോ,അല്ല പരിചിത മുഖങ്ങൾ തന്നെയാണ്,
എടുത്തുയർത്തി മുറ്റത്ത് ഇന്ന് രാവിലെ കെട്ടിമറച്ച മേൽക്കൂരയില്ലാത്ത കുളിമുറിയിലേക്ക് നടക്കുന്നു,
ശേഷം,വിവസ്ത്രനാക്കുന്നുണ്ടെന്നെ
നാണം മറക്കാനായ് കൈ അനക്കാനാവുന്നില്ല എനിക്ക്,
കുഞ്ഞു പ്രായത്തിൽ ഉമ്മ
ചെറു ചൂട് വെള്ളത്തിൽ
കുളിപ്പിക്കുന്നതാണ് ഓർമ്മ വരുന്നത്,.!
ഇല്ല,ഒന്നും മിണ്ടാനാവുന്നില്ല.
വെള്ള വസ്ത്രം ധരിപ്പിക്കുകയാണ്
പുതുമയുടെ മണമുണ്ടതിന്,
തൊട്ട് മുന്നേ ദേഹം മുഴുവനായി
സുഗന്ധ തൈലം പൂശിയിട്ടുണ്ട്,
ഊദാണെന്ന് തോന്നുന്നുണ്ട്.
താഴെ വീണ് പരക്കുന്ന വെള്ളത്തിൽ എന്തോ തിരയുന്നുണ്ട് കുറിഞ്ഞിപ്പൂച്ച
അപ്പോഴും,എന്നെയാണോ,
കൈ നീട്ടി തൊടാനാവില്ലല്ലോ..
വീണ്ടും അകത്തേക്ക് കൊണ്ട് പോവുന്നുണ്ടവരെന്നെ ,പക്ഷേ
യാത്ര എനിക്കൊരുക്കിയ പുതിയ
കട്ടിലിലാണ്,എനിക്ക് മുന്നെ പലരും യാത്ര ചെയ്ത അതേ വാഹനം,
അതിന് മുൻപ്,അകത്തെ വലിപ്പമുള്ള മുറിയിൽ എന്നെ കിടത്തിയിരുന്നു,അടുത്ത കൂട്ടുകാരൻ മുഖ പടം മാറ്റിത്തരുന്നുണ്ട് എനിക്ക് വരുന്നവരെ കാണാനായി,.!
വരുന്നവരോടെല്ലാം,ഞാൻ ചിരിച്ചെങ്കിലും ,ആരുടേയും
മുഖത്ത് ചിരി വിരിഞ്ഞില്ല,
എടുക്കാമെന്ന് പറയുന്നുണ്ട്
ആരോ..,ആർത്ത നാദങ്ങൾ
ഉച്ചത്തിലായി,ചിലർ മുഖം ഒറ്റക്കയ്യാൽ അമർത്തിപ്പിടിച്ച്
വാതിലിനോട് ചേർന്ന് നിന്ന് കരയുന്നു,ചിലർ എന്നെ കാണാൻ തിരക്ക് കൂട്ടുന്നു,
എന്റെ നെഞ്ചിലേക്ക് വീണ് കരയുന്നുണ്ട്.,ഉമ്മയോ,
അതോ പെങ്ങളോ..
അറിയുന്നില്ല മുഖം പടം
മാറ്റാൻ നിന്ന കൂട്ടുകാരനെ കാണുന്നില്ല,പക്ഷേ അവന്റെ അടക്കിപ്പിടിച്ച തേങ്ങലുകൾ
കേൾക്കുന്നുണ്ട് ഞാൻ..
ഇപ്പോൾ അവൻ എനിക്ക് തൊട്ടടുത്ത് തന്നെയുണ്ട്
നാലു കാലുകളിൽ ഒന്ന് ചുമലിലേറ്റി,കണ്ണ് നിറയാതെ
കല്ല് പോലെ നിൽക്കുന്ന ബാപ്പയെ
പുറത്തേക്കിറങ്ങുമ്പോൾ
ഇറയത്തെ താഴ്ന്ന് കിടക്കുന്ന
ഓട് തട്ടാതെ സൂക്ഷിക്കണമെന്ന്
പറഞ്ഞ്,കോലായിലെ തൂണിനോട്
ചാരി നിൽക്കുന്നുണ്ട്..
പ്രിയപ്പെട്ടവരുടെ ചുമലിലേറിയാണ്,യാത്ര
കുറച്ചകലേക്കുള്ള പള്ളിക്കാട്ടിലേക്ക്,.
ഏറ്റവും. മുന്നിലായ് എന്നെ വെച്ച്
നിസ്കാരമുണ്ട് ഇനി,ആളുകൾ ഏറ്റവും അടുത്തടത്തായ് വരി നിന്ന്,അതിന് മുന്നേ ഇമാം
വിളിച്ച് ചോദിക്കും .
''കടങ്ങളോ ബാധ്യതകളോ
ഉണ്ടോ ഈ മയ്യത്തിനെന്ന്''
സ്നേഹത്തിന്റെ ചില കടങ്ങളുണ്ടെന്ന് പറയാൻ ഞാൻ
ശ്രമിക്കും...പക്ഷേ......
നിസ്കാരത്തിന് ശേഷം എനിക്കായ്
ഒരുക്കിയ അറയിലേക്ക് വെക്കും,
രണ്ട് തട്ടുകളാണ് ആ അറ,
താഴെ ഇടുങ്ങിയത്,മുകളിൽ
അൽപ്പം വീതി കൂടിയത്.
പിന്നെ ഓരോ പിടി മണ്ണ് എനിക്ക് മേലേക്കിടും,പ്രാർത്ഥനകൾ
ഉയരും അപ്പോഴും,പൂർണ്ണമായം
മനണ്ണിട്ട് മൂടി പിരിഞ്ഞ് പോവും
മുന്നേ ,മീസാൻ കല്ലുകൾ കുത്തി
വെക്കും എനിക്കടയാളമായി,
മണ്ണ് നനച്ച്,മൺ വെട്ടി കൊണ്ട്
അടിച്ചമർത്തി അർദ്ധ വൃത്തം
തീർക്കും,പിന്നേതോ ചെടിയുടെ
കൊമ്പ് ഒടിച്ച് വെക്കും,
ചിലപ്പോഴത് മൈലാഞ്ചി
ചെടിയാവും...
ഇനി ഞാൻ തനിച്ചാണ്,
മണ്ണറക്കുള്ളിൽ...
തേടരുത് എന്നെ
ഓർമ്മകളിൽ പോലും,........
------------------------------
✍ റിഹാൻ റാഷിദ്
തീരാത്ത കഥ.
പ്രിയപ്പെട്ട ഇക്കാക്ക് ഇങ്ങനെ ഒരു എഴുത്തെഴുതണമെന്ന് കരുതിയിരൂന്നില്ല..അല്ലേലും ഈ കാലഘട്ടത്തില്‍ കത്തുകള്‍ക്ക് വല്യ പ്രാധാന്യം ഇല്ലാതായുണ്ടല്ലോ...
ഒരു കാലത്ത് ആശകളും നിരാശകളും സ്വപ്നങ്ങളും,ആഗ്രഹങ്ങളും വീര്‍പ്പ് മുട്ടിക്കിടന്ന ചുവന്ന പെട്ടികള്‍ പോലുമിന്ന് അപ്രത്യക്ഷമായില്ലേ..ഇന്നും കത്തിടപാടുകള്‍,നടത്തുന്നത് ഗവര്‍ണമെന്റ് ജോലിയുടേയും മറ്റ് കാര്യങ്ങള്‍ക്കുമാണല്ലോ..ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമ്മല്ല ..ഇക്ക ചിന്തിക്കുന്നുണ്ടാവും എനിക്കിത് വാട്ട്സപ്പിലോ മറ്റോ അയച്ചാല്‍ മതിയായിരുന്നു എന്നല്ലേ..?എന്നിട്ട് വേണം ലോകം മുഴുവനത് വായിക്കാന്‍,പലരുടെ പേരിലുമായി..
അങ്ങനെ ഇപ്പോ ആരും നമ്മുടെ സ്വകാര്യങ്ങള്‍,അറിയണ്ട...സുഖാണോ ഇക്കാക്ക് അവിടെ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നറിയാം..
നാടും,വീടും ,കുടൂംബത്തിനേയും വിട്ട് നില്‍ക്കുന്ന പ്രവാസിയുടെ ആവര്‍ത്തനങ്ങളാല്‍ തേഞ്ഞ് പോയതാണ് ആ വാക്ക്...!
ഇവിടെയുള്ള കാര്യങ്ങള്‍ എല്ലാം അറിയുന്നില്ലേ ഇക്ക..? ഇവിടുത്തെ ഏറ്റവും പുതിയ പ്രശ്നങ്ങള്‍
ആദ്യം അറിയുനതും പ്രതികരിക്കുന്നതും ഇക്കയെ പോലുള്ള പ്രവാസികളാണല്ലോ ..
ഈത്തപ്പഴം പഴുക്കുന്നത് പോലെ ചൂടേറ്റ് പഴുത്ത്
നാട്ടിലുള്ളവരുടെ സന്തോഷങ്ങളുടെ സൗരഭ്യം പരത്തുന്നതല്ലേ...പലപ്പോഴും സ്വന്തം വേദനകളെ മറന്ന് ചിരിക്കുന്നതല്ലേ..?പ്രിയപ്പെട്ടവരോട് പോലും വേദനകളെ പങ്ക് വെക്കാതെ...ഇക്ക എന്നോട് പോലും മറച്ച് വെച്ചിട്ടില്ലേ എത്രയോ പരിഭവങ്ങള്‍,വിഷമങ്ങള്‍..എന്റെയടക്കം സന്തോഷത്തിന് വേണ്ടിയെന്ന് കരുതി ഒറ്റക്കിരുന്ന് കരഞ്ഞിട്ടില്ലേ..?
അതിലേറെയാണ് ഞാനും,എന്നെ പോലുള്ള അനേകം സഹോദരിമാരും അനുഭവിക്കുന്നത്.
കാലങ്ങളായി എനിക്കും എന്നെ പോലുള്ള അനേകര്‍ക്കും സമൂഹം ഒരു പേര് ചാപ്പ കുത്തിയിട്ടുണ്ടല്ലോ..''ഗള്‍ഫ്കാരന്റെ ഭാര്യ''എന്ന്..
ശരിക്കും ഞാനടക്കമുള്ളവര്‍ അനുഭവിക്കുന്ന പല നോട്ടങ്ങളുണ്ട്,മുന വെച്ച വാക്കുകളും..
എവിടെ ചെന്നാലും ..ചില വാര്‍ത്തകളുടെ പേരില്‍..നല്ലൊരു വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ പറയും ചിലര്‍..
'ദേ പോവുന്ന കണ്ടില്ലേ ആ ഗള്‍ഫ്കാരന്റെ ഭാര്യയാണ്,ആരെ അടുത്തേക്ക് ആണോ പോവുന്നത്..''ബാങ്കില്‍,ബസ്റ്റോപ്പില്‍ ,കച്ചവട സ്ഥാപനങ്ങളില്‍,സ്കൂളില്‍ ,ആശുപത്രി കളില്‍ എല്ലായിടത്തും ഞങ്ങളെ തിരയുന്ന മഞ്ഞളിച്ച കണ്ണുകളുണ്ട്..ചിലര്‍ നേരിട്ട് തന്നെ ചോദിച്ചിട്ടുമുണ്ട് ..
''ഇക്ക നാട്ടിലില്ലേ ...കാര്യങ്ങള്‍ ഒക്കെ എങ്ങനെ പോവുന്നു ...?ഇക്കാ തൊലിയിരിഞ്ഞ് പോവുന്നത് പോലെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും
പതിയെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍..
എന്താ ഇക്കാ ആണുങ്ങളിങ്ങനെ...?
ലെെംഗികത മാത്രമല്ല ജീവിതമെന്ന് എന്നാണിവര്‍തിരിച്ചറിയുക...?
പ്രതികരിക്കണമെന്നുണ്ടെങ്കിലും പിന്നെ അതാവും വാര്‍ത്ത അവിടേയും 'ഗള്‍ഫുകാരന്റെ ഭാര്യ''എന്ന അടയാളത്തിനാണ് മുന്‍ഗണന..
വീട്ടിനുള്ളിലും ചിലയിടത്ത് ഇതൊക്കെ തന്നെയാണ് അവസ്ഥ സ്വസ്ഥമായിരുന്ന് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലുമാവില്ല...
ആരോടാണ് ഇത്ര നേരം എന്ന ചോദ്യമുയരും..
ഇക്ക ഇടക്ക് ചോദിക്കാറില്ലേ എന്താ ഫോണ്‍ വേഗം വെച്ചതെന്ന്...ഇതാണ് കാരണം..
ഇക്കാ...ക്ഷമിക്കണേ.....അടക്കിപ്പിടിച്ച സങ്കടങ്ങളെ പറഞ്ഞതാണ്...
പിന്നെ ഇക്കാ ഓരോ തവണ വന്ന് പോവുമ്പോഴും പറയാറില്ലേ അടുത്ത തവണ തിരികെ പോവില്ലെന്ന്..ഈ പ്രാവശ്യമെങ്കിലും ആ വാക്ക് പാലിക്കണം..ജീവിക്കണം നമുക്കും കഴിഞ്ഞ് പോവുന്ന ദിനരാത്രങ്ങളെ എണ്ണാതെ..
മക്കളോടൊപ്പം,കണ്ണീര്‍ മറച്ച് വെക്കാതെ ചിരിക്കണം,കൂടുതല്‍ ആഗ്രഹങ്ങളൊന്നുമില്ല..
സമ്പാദ്യം മാത്രമല്ലല്ലോ ജീവിതം..
പത്ത് വര്‍ഷത്തിനിടയില്‍ നമ്മെളെത്ര ദിവസങ്ങള്‍ ഒന്നിച്ചിരുന്നു എന്ന് ഓര്‍ക്കാറില്ലേ ഇക്കാ...വിരലുകളാല്‍ എണ്ണിയെടുക്കാവുന്നത്ര ദിനങ്ങള്‍ മാത്രം...അതിനിടയില്‍ രണ്ട് കുട്ടികള്‍
അവര്‍ക്കും കുറേ സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാരന്‍ മാത്രമാണ് ഉപ്പയെന്നത്...
ഇക്ക അടുത്തുള്ള ഓരോ ദിനവും കഴിഞ്ഞ് പോവാതിരുനെങ്കിലെന്ന് ആഗ്രഹിക്കും....
പക്ഷേ ഓര്‍മ്മകളുടെ സുഖമുള്ള നോവിന്റെ
കിനാക്കളെ നല്‍കും അടുത്ത വരവിനുള്ള
കാത്തിരിപ്പായ്.....
പിന്നെ നമ്മുടെ മുറിയിലിരുന്നാണിത് എഴുതുന്നത്
ഇക്കായില്ലാത്ത ഇവിടം പോലും സുരക്ഷിതമായ് ഉറങ്ങാന്‍ പേടിയാണ്..പുറത്തൊരു ഇല കൂടുതലായ് അനങ്ങിയാല്‍ പോലും...
ഇക്ക പറയുന്നത് പോലെ ഞാനൊരു പൊട്ടിപ്പെണ്ണായത് കൊണ്ടാവുമല്ലേ ഇങ്ങനെ...?
ഇടക്ക് മനസും ശരീരവും വല്ലാതെ ഇക്കയെ കൊതിക്കും,മരുഭൂമി മഴയെ കൊതിക്കും പോലെ..
ഓര്‍മ്മകളെ തലയണയായ് അമര്‍ത്തിപ്പിടിച്ച് കിടക്കുമപ്പോള്‍......പിന്നെ അടുത്ത് കിടക്കുന്ന മക്കളെ ചേര്‍ത്ത് പിടിച്ച് കണ്ണടച്ച് കിടക്കും....
എഴുതി എഴുതി കുറേ ആയല്ലേ ഇത്...
എത്ര എഴുതിയാലും തീരില്ലല്ലോ..
ഇക്കാ മോള് എഴുന്നേറ്റു....
ഇനി എഴുതാനവള്‍ സമ്മതിക്കില്ല.....
ഇപ്പോ തന്നെ പേനയും പേപ്പറും പിടിച്ച് വലിക്കണുണ്ട്......
-------------------------------
✍ റിഹാൻ റാഷിദ്
പെങ്ങൾ
പെങ്ങളുണ്ടൊന്ന് എനിക്കും സ്വന്തം രക്തത്തിൽ പിറന്നതെല്ലെങ്കിലും
ഓരേ അമ്മതൻ ഗർഭ പാത്രത്തിൻ ഇരുട്ടിൽ നേർത്ത കണ്ണാടി പോലുള്ള ജലം കൊണ്ട് തീർത്ത സംരക്ഷണത്തിൽ കഴിഞ്ഞതെല്ലെങ്കിലും
പുറത്തെ കാഴ്ചകളും അമ്മയുടെ പ്രതീക്ഷകളും വയറിലമ്മ തഴുകി പറഞ്ഞ വാക്കുകളും
പൊക്കിൾ കൊടിയിലൂടെ അന്നമായും ശ്വാസമായുംഞങ്ങളിലേക്ക് എത്തിയിരുന്നില്ല
എങ്കിലും അവളെൻ പെങ്ങളാണ്
സങ്കടങ്ങളെ ഒരു ചെറു ചിരിയാൽ സനേഹത്തിൻ കാറ്റായ് കടൽ കൽദൂരത്തേക്ക് മാറ്റുമവൾ
അവളിലെ വേദനകളും മുറിവുകളും ചോര ചിന്തിപ്പടർന്ന് ഒലിച്ചിറങ്ങിയത് എൻമനസ്സിലേക്കും കൂടെയാണ്
അവൾക്ക് വേദനിച്ചപ്പോൾ ഒക്കേയും ചാലിട്ടൊഴുകിയത് എൻ കണ്ണുകളാണ്
അമ്മ തൻ താരാട്ടു പാട്ടിന്റ്റെ ഈണങ്ങൾക്കിടയിൽ നെറുകയിലച്ഛൻ തന്ന ചുംബനങ്ങളും വ്യത്യസ്തമായിരുന്നു
ബാല്യത്തിൽ തുമ്പിയെപ്പിടിച്ച് വാലിൽനൂൽ കെട്ടി പറത്തിയതും
കുഴിയാനയെ പിടിച്ച് ഉമ്മെറത്തെ മാവിൻ ചുവട്ടിൽ ആനയെന്ന് പറഞ്ഞ് തുള്ളിച്ചാടിയ നേരത്തും
പച്ചമാങ്ങതൻ ഞെട്ടിലെ പാലിത്തിരി കണ്ണിലായ്എരിഞ്ഞപ്പോഴും
അവളില്ലായിരുന്നു.
പെരു മഴത്ത് വീടിന്നടുക്കള മുറ്റത്തെ കടലിൽ കടലാസു തോണി ഇറക്കിയപ്പോയും
കാറ്റ് തള്ളിത്താഴെ ഇട്ട ഞാവൽപ്പഴം പെറുക്കാനും.
അമ്മ വാരിത്തരുന്ന ചോറുരുളകൾക്കായ്ആദ്യമെനിക്കെന്ന ചൊല്ലി പിണങ്ങാനും
കൗമാരത്തിലെൻ കള്ളക്കളികൾ കണ്ടു പിടിക്കാനും
അച്ഛനടിച്ച പാടുകൾ കണ്ടാദ്യം ചിരിക്കാനും പിന്നെ കുഞ്ഞിളം കെെയ്യാൽതഴുകി തലോടാനും അവളില്ലായിരുന്നു.
എങ്കിലും നോവിൻ വെയിലേറ്റു വാടുന്ന എന്നിലേക്ക് മേഘത്തിൻ തണലേകി സ്നേഹത്തിൻ കുളിർമഴയായ് പെയ്യാറുണ്ട് ഇന്നവൾ
കൂടെയുണ്ട് എന്റ്റെ പെങ്ങളായ്
കണ്ണുകളൾ പുറത്തേക്കുന്തി അവസാന ശ്വാസം പുറത്തേക്കെടുക്കുന്ന നേരത്ത്
ഒരിത്തിരി തെളിനീരെൻ വറ്റിയ തെണ്ടയിലേക്ക് പകരാനായ്
ചാരത്തവളുമുണ്ടെങ്കിലെൻ മരണത്തിലും ചിരിക്കും ഞാനെൻ പെങ്ങൾക്കായ്.!!!!
-----------------------------
✍ റിഹാൻ റാഷിദ്
No comments:
Post a Comment