പെരുന്നാൾ
-------------------------
ഹജ്ജ് മാസം പിറന്നു. നബീസയുടെ മനസ്സിലെ ആധികൂടി.
ഹജ്ജ് മാസത്തിന്റെ പുണ്യ മറിയാഞ്ഞിട്ടല്ല.
തന്റെ കുഞ്ഞു മക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാത്തോണ്ടാണ് ഓരോ ആഘോഷങ്ങൾ വരുമ്പോളും ഓരോ കള്ളങ്ങൾ കണ്ട് പിടിക്കണം.
തന്റെ ഉദരത്തിൽ നിന്നും ഈ സുന്ദര ലോകത്തിലേക്കു വന്ന മക്കളോട് പരിശുദ്ധമാക്കപ്പെട്ട ദിനങ്ങളിൽ ഉമ്മയായ ഞാനെത്ര തെറ്റാണവരോട് ചെയ്യുന്നത്. നബീസ അവളുടെ കുട്ടിക്കാലം ഓർത്തു പോയി .
എത്ര സുന്ദരമായിരുന്നു. വാപ്പച്ചിന്റെ കയ്യിലില്ലാത്തത് മക്കളായ ഞങ്ങളെ അറിയിച്ചിട്ടില്ല.
എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ വാങ്ങിച്ച് തരുമായിരുന്നു.
മാമാന്റെ മോൾ പളപളാ മിന്നുന്നകസവിന്റെ ഉടുപ്പൊന്നു ഇട്ടതു കണ്ടപ്പോൾ സൈനത്ത അടുത്ത് ചെന്നു...
ഓ......ആയിഷാന്റെ ഗമ ഒന്നു കാണേണ്ടതാർന്നു.
ന്റെ സൈനത്ത ഉടുപ്പൊന്നു തൊട്ടതാ...
ന്റെ ള്ളോ....ന്റെ കുപ്പായo ചീത്താക്കോന്നും ചോയ്ച്ച് ഒറ്റ ഉന്തായിരുന്നു. ആ ഉന്തിൽവീണത് വാപ്പച്ചീടെ കാലിനടുത്താ.. വാപ്പച്ചി അങ്ങാടീ പോയി വരേർന്നു.ന്റെ ള്ളാ പിന്നെത്തെ പുകില് പറേണ്ടല്ലോ .
ഉമ്മ എത്ര വിലക്കീട്ടും വാപ്പച്ചിനിന്നീല അന്നു തന്നെ അതിനേക്കാളും ഭംഗിയുള്ള ലെങ്കുന്ന ഉടുപ്പ് രണ്ട് പേർക്കും കിട്ടി.
അതും കോയിക്കോടു പോയിട്ടായിരുന്നു വാങ്ങി തന്നത്.
ഉമ്മച്ചി എപ്പോളും കെറുവിക്കും വാപ്പച്ചിയോട് ...
ന്തിനാ കുഞ്ഞാപ്പാക്കാ ങ്ങള് മക്കളെങ്ങനെ കേടർത്തണത്. ഓര് പെങ്കുട്ട്യോളാണ്.
ബേറെ പൊരേല് ചെന്ന് കേറേണ്ട കുട്ട്യോളാ.. അത് മറക്കണ്ടങ്ങള്... അവരെ ങ്ങടെ ബുദ്ധിമുട്ടോള് അറീച്ച് വേണം വളർത്താൻ .
ജ്ജൊന്ന് മുണ്ടാതിർന്നാ ...
ഞമ്മടെ മക്കൾക്കല്ലെ ഞമ്മൾ കഷ്ടപ്പെടുന്നത്
ഉമ്മാ ങ്ങളെന്തിനാ കരേണത്... ഫാത്തിമയുടെ ചോദ്യം കേട്ടപ്പോളാണ് നബീസ ചിന്തയിൽ നിന്നുണർന്നത്.
ഒന്നൂല്യ പാത്തൂ ന്റെ കണ്ണിൽക്ക് പൊടി വീണതാ...
ഉമ്മച്ചീ ങ്ങളെ കണ്ണിനെന്തേലും സൂക്കേടുണ്ടോ?
ന്തേ പാത്തൂ ജ്ജങ്ങനെ ചോയ്ച്ചേ.....
അല്ലാ..... ഉമ്മച്ചീടെ കണ്ണ്ക്കെപ്പോളും കരട് പോണുണ്ടല്ലോ...
ഒന്നുല്ലെന്റെ പാത്തൂ ജ്ജവിടെ പോയ് കളിച്ചോ.....
ഉമ്മച്ചീ ..... വാപ്പച്ചി എപ്പളാ വരേ.... അക്ബർ ഓടി വന്നു ഉമ്മയുടെ മടീലിര്ന്നു.... ന്തിനാ ഉമ്മച്ചീടെ ഔക്കറിന് വാപ്പച്ചിയെ......
അങ്ങേലെ ഹാജറയും കാദറുമൊക്കെ പറയാ ബലി പെരുന്നാളാ പത്തീസം കയിഞ്ഞാലെന്ന്......
അവർ പുതിയ കുപ്പായം വാങ്ങാൻ പോവും നാളെന്ന്....
ഞമ്മളെന്നാ പോണത് മ്മച്ചീ.....
ആ പോണം... ങ്ങളിപ്പം പോയ് കളിക്കിം.....
രണ്ട് പേരുടെ മുഖം വാടിയത് വേദനയോടെയാണ് കണ്ടത്.. പാവം ന്റെ മക്കൾ ....
രാത്രി ഏറെ വൈകിയാണ് ഹസൈനാർ വീട്ടിലെത്തിയത്. ങ്ങളെ വിടേർന്നു...
ത്ര നേരായ്ങ്ങളെ നോക്കിര്ക്ക്ണ്........
മക്കളൊർങ്ങ്യാ.....
ആ അവർ കുറേ കാത്തിരുന്നു... പാവങ്ങൾ പിന്നെ ഉറങ്ങി..
ന്താ മക്കള് തിന്നത്....
കാർത്യാനി കൊർച്ച് കപ്പ കൊണ്ടന്ന് തന്നീനിം.
ഞാനത് പുഴുങ്ങി കൊടുത്ത്.
മ്മ്.... എടീ ഞാൻ നമ്മടെ കുഞ്ഞാല്യാക്കാനൊന്ന് പോയ് കണ്ടു. ന്തേലും ജോലി കിട്ടോന്നു ചോയ്ച്ച് ചെന്നതാ......
ന്റെള്ളാ....ങ്ങക്ക് പ്രാന്തുണ്ടോ മൻഷ്യാ...... ങ്ങളോട് ഡാക്കിട്ടർ പറഞ്ഞതല്ലെ ജോലിയൊന്നും ചെയ്യരുതെന്ന്.
ന്താ ന്റെ നെബീസാ ജ്ജ് പറീണത്.
ഡാക്ടർമാർക്ക് ങ്ങനൊക്കെ പറയാ... ഓര് കൊണ്ടന്നേരോ നമ്മടെ പൊരേക്കുള്ള ചോറ് ....നാല് പളള നറയെണ്ടേ.. പടച്ചോന് ങ്ങനോരു രോഗം തന്നതോണ്ട് ജ്ജും നമ്മടെ മക്കളും കഷ്ട്ടപെട്ടല്ലൊ..
എന്റെ കിഡ്നി പോയതിലെനിക്ക് സങ്കടമില്ലെന്റെ നബീസാ.
ന്നാല് പടച്ചോന് പിന്നേം പരീക്ഷിക്കെന്നെല്ലേ ന്നെ...... ഷുഗറു വന്നെന്റെ കാല് പോയപ്പോ ഒറ്റക്കാലുണ്ടല്ലോ യെന്നൊരു സമാധാനമായിരുന്നു...... ന്നാലെന്റെ കണ്ണിന്റെ കാഴ്ച്ചക്കും കൂടി മങ്ങൽ വരുന്നല്ലൊ. എന്നെയോർത്തെനിക്ക് ബേജാറില്ല.
അന്നേം ന്റെ മക്കളേം കുറിച്ചോർക്കുമ്പോളാണ്....
അവർക്കെന്നാ നല്ലൊരു പെരുന്നാളുണ്ടാവുക.....
ന്റെ മക്കക്ക് വയറ് നെറയ്ണന്നാണവര്ടെ പെരുന്നാള് ല്ലെന്റെ നബീസാ...
പൊട്ടിക്കരച്ചിലായിരുന്നു ആ ചോദ്യത്തിന്റെ മറുപടി.....
-------------------------------------------
രേഷ്മ ബാവ മൂപ്പൻ..-
മൗനം
മർമരമായ് കർണ്ണപുടങ്ങളിൽ
സദാ പുലമ്പിയനാളിൽ
മാറോടണച്ചു നൽകിയ സ്വാന്ത്വനം
മനസ്സിൻറെ മൂകതയ്ക്കൊരറുതിയായ്......
പകിടകളിയായിന്നു പൊയ്കയിൽ
പലകുറി സ്വപ്നമടർന്നു വീണു
എരിഞ്ഞ ചിന്തകൾ മൗനമായ്
നീയെറിയുന്ന നിമിഷങ്ങൾ
ചുടുരക്തമായ് മാറിലമർന്നു....
നിഷ്കപടം നിൻ മൗനം
ഭയാകാംക്ഷാജന്യം
സ്ഫടികകൂടാരമടർന്നുവീഴുന്നു
പൊള്ളയാം പ്രകടനങ്ങളുലാവുന്നു
നിശ്ശബ്ദമാം കടലിരമ്പം
കേൾക്കുന്നു ഞാൻ.....
നിൻറെയീ മൗനമെന്നെ
ഭ്രാന്തിൻ മുനയിലെത്തിക്കുന്നു
അടങ്ങാത്ത കനൽമഴയായി
പെയ്തിറങ്ങുന്നു....
ചുടുരക്തത്തുള്ളികളിറ്റുന്നു.....
--------------------------------------------
രേഷ്‌മ ബാവ മൂപ്പൻ
ആത്മമർമ്മരങ്ങൾ
പ്രവാസജീവിതം മതിയാക്കി നാളെ നാട്ടിലേക്ക് യാത്രയാവുന്നു.
സുബ്ഹി കഴിഞ്ഞ് വെറുതെ ഇത്തിരി നടന്നു..
ഈ സ്ഥലങ്ങളൊക്കെയും ജലീലിനു അന്യമാവുകയാണ്...
വർഷങ്ങളായി ഈ പാതയോരങ്ങൾ തനിക്ക് ചിരപരിചിതം
വ്യഥകളായിരുന്നു മനസ്സാക്ഷി സൂക്ഷിപ്പുകാർ.
എല്ലാം പങ്കുവച്ചത് ഇവരോടുമാത്രം.
അംബരചുംബികളായ കെട്ടിടങ്ങൾ. സമയം കയ്യിൽപ്പിടിച്ചോടുന്ന വാഹനങ്ങൾ.
നാട്ടിലെപ്പോലെ ഇവിടെ മത്സരമില്ല.. എല്ലാവരും സ്വന്തം കാര്യം സിന്ദാബാദല്ല...പരസ്പരം സഹായിക്കാനുള്ള സന്മനസ്സുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കും.അതിനു സ്വാർഥത കളയണം.അപ്പോൾ ഐക്യം താനേ വരും. ഞാനും അവരുടെ കൂട്ടത്തിൽ ഒരാളാവുമോ?ഇവിടെ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യാനിയും ഒരുപോലെയാണ്.. ആർക്കും ആരുടെ സഹായവും കിട്ടും.
ഉച്ചയ്ക്ക് ജലീലിന്റെ പാർട്ടിയാണ്. കൂട്ടുകാർക്കെല്ലാം ബിരിയാണി.
ഭക്ഷണം കഴിച്ച് എല്ലാവരും പാട്ടും കൂത്തും തുടങ്ങി... ജലീൽ മൗനിയായായി എല്ലാം വീക്ഷിച്ചു.. ഇനിയിതുപോലൊരു ജീവിതം ഉണ്ടാവില്ലല്ലോ .പാട്ടും കവിതയും പരദൂഷണവും
"മോനേ, എന്താവശ്യണ്ടെങ്കിലും ചോദിക്കാൻ മറക്കരുത്.. നീ പോയാലും എന്നും ഞങ്ങളുടെ കൂടെയുണ്ടാവും.അത് നീ മറക്കരുത്.",അബുക്കയുടെ വാക്കുൾ മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി..
കുടുംബത്തോടൊത്താണല്ലോ ഇനിയുള്ള കാലം എന്നോർക്കുമ്പോൾ മനസ്സിൽ സന്തോഷം.
ഉറക്കം വരുന്നേ ഇല്ല..കൂടെയുള്ള കൂട്ടുകാരെ പിരിയുന്നതിൽ വിഷമമുണ്ട് എല്ലാവരും ഒരുകുടുംബമായി. കഴിഞ്ഞവരാണ്..ഭാരിച്ചജോലി കഴിഞ്ഞു ക്ഷീണിച്ചായിരിക്കും റൂമിലേയ്ക്കു കയറിവരുന്നത്.നാട്ടിലെ നൂറു കൂട്ടം പ്രശ്നങ്ങൾ താനേ മറന്നു പോവും ഉറക്കം കണ്ണുകളിൽ തഴുകിയെത്തുന്നതുവരെ സംസാരവും പാട്ടും കവിതയുമൊക്കെയാവും.എല്ലാ വിഷമങ്ങളും അലിഞ്ഞില്ലാതെയാവും...ഇന്ന് അതിനെല്ലാം വിരാമമാവുന്നു...
25വർഷമായി ഇവിടെ എത്തിയിട്ട്..അതിനിടയിൽ എന്തെല്ലാം യാതനകൾ സഹിച്ചു.ഉപ്പായ്ക്കിടക്കിടെ തലകറങ്ങുന്നതായി വിളിച്ചുപറഞ്ഞപ്പോൾ നാട്ടിൽ വന്നു നല്ലൊരു ഡോക്ടറെ കാണിക്കാൻ ഉമ്മയാണ് പറഞ്ഞത്..ഞങ്ങളും ഉപ്പാനോട് കൂടെക്കൂടെ പറഞ്ഞു..ഉപ്പ വന്നപ്പോൾത്തന്നെ വളരെ ക്ഷീണിച്ചിരുന്നു..എല്ലാ ടെസ്റ്റുകൾക്കുമൊടുവിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത അറിഞ്ഞത്.ഉപ്പാക്ക് ക്യാൻസർ ആണ്,ജീവിതത്തിൽ തനിക്കു ലഭിച്ച വലിയ ഒരടിയായിരുന്നു അത്..ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് ഉപ്പ ഞങ്ങളെ വളർത്തിയത്..
ഏക ആണ്‍തരിക്കു കിട്ടുന്ന സ്നേഹവും വാത്സല്യവും എല്ലാവരുടടുത്തുനിന്നും കിട്ടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ നന്നായി അടിച്ചുപൊളിച്ചാണ് നടന്നിരുന്നത്..ഇത്തമാർക്കതിലെന്നോട് വല്ലാത്ത കലിയായിരുന്നു..ഇജ്ജൊരു രാജാവുന്നും പറഞ്ഞാണ് അടികൂടുക...
അതിനിടയിലാണ് റസിയയോടുള്ള പരിചയം പ്രേമമായി മാറിയത് .രണ്ടു പേർക്കും ഒരുനിമിഷം പോലും കാണാതിരിക്കാൻ പറ്റാതായി.ഒരിക്കലും പിരിയില്ലെന്ന മനസ്സ് രണ്ടുപേരും കൈവരിച്ചിരുന്നു...
ഉപ്പാന്റെ അസുഖത്തോടെ ജീവിതത്തിൻറെ ഗതിതന്നെ മാറിമറിഞ്ഞുപോയി.
റസിയ അവളുടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറൊരുത്തനെ കല്യാണം കഴിച്ചു
"ജമീൽക്ക നിങ്ങളല്ലാതെ വേറൊരുത്തനെൻറെ ജീവിതത്തിലുണ്ടാവൂല"
തൻറെ കൈപിടിച്ച് അവളെത്ര പ്രാവശ്യം മൊഴിഞ്ഞിരിക്കുന്നു. ഒന്നിച്ചെന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടിരുന്നു
സ്വപ്നഹൂറിയായിരുന്നു റസിയ..
അവളുടെ വേർപാട് കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്.. അവളുടെ ഓരോ ഓർമയും തന്നെ വേട്ടയാടിക്കൊണ്ടിരുന്നു...ഉപ്പാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അങ്ങനെ മരുഭൂമിയിലേയ്ക്ക് കാലെടുത്തുവച്ചത്...അന്ന് വല്ലാത്ത ആവേശമായിരുന്നു.. ഇത്താത്തമാരെ അവർക്കനുയോജ്യരായ മൊഞ്ചുള്ള പുത്യാപ്ലാരെക്കൊണ്ട് കെട്ടിച്ചയച്ചയക്കാൻ കഴിഞ്ഞു.ഉപ്പാക്ക് നല്ല ചികിത്സ കൊടുത്തതുകൊണ്ട് രോഗത്തിൽ നിന്നും മുക്തനായി.5വർഷത്തിൽ തനിക്കു കിട്ടിയ സന്തോഷം ഇതു രണ്ടുമായിരുന്നു.റസിയോട് മനസ്സിലുള്ള ദേഷ്യവും വെറുപ്പും ഉള്ളിൽ പുകഞ്ഞുകൊണ്ടേ ഇരുന്നു.
അവൾ വിട്ടുപോയത് തന്റെ കയ്യിൽ സമ്പാദ്യമൊന്നുമില്ലാഞ്ഞിട്ടല്ലേ? ഈ തോന്നലാവാം സമ്പാദിക്കാൻ പ്രേരിപ്പിച്ചത്..എല്ലാത്തിനെക്കാളുമുപരി തന്റെ കൂട്ടുകാർ തന്ന സ്നേഹം. അവരുടെ സഹായം.
സഹോദരിമാരുടെ കല്യാണത്തിനുശേഷം ഉപ്പയും ഉമ്മയും നിർബന്ധിച്ചു കൊണ്ടേ ഇരുന്നു.വിവാഹം കഴിക്കാൻ . ഉമ്മ കരച്ചിൽ നിർത്തിയില്ല. ഒടുവിൽ അവരുടെ ഇഷ്ടങ്ങൾക്കൊത്ത് നിൽക്കേണ്ടിവന്നു...റസിയ നൽകിയ മുറിവുകളുണങ്ങിയിട്ടില്ലായിരുന്നു,അപ്പോഴും.
അതുകൊണ്ടുതന്നെ പെണ്ണുകാണാൻ പോയത് വല്യ താല്പര്യത്തോടെയായിരുന്നില്ല...
എന്നാൽ നസീബക്ക് തന്നെ ഇഷ്ടമായെന്നു പറഞ്ഞപ്പോൾ പിന്നെ ഒന്നുംപറഞ്ഞില്ല...ഒരു പെണ്‍കുട്ടിയെ താനായിട്ട് വിഷമിപ്പിക്കേണ്ടെന്നു കരുതി. കല്യാണത്തിനു സമ്മതിച്ചു.കല്യാണത്തലേന്നുവരെ റസിയയായിരുന്നു സ്വപ്നത്തിൽ.. അവളുടെ ചിരിയായിരുന്നു മനസ്സു നിറയെ.
പുറത്തെല്ലാവരുടെയും ബഹളമാണ്...ഉപ്പയുടെ ശബ്ദമാണ് അവിടെ കേൾക്കുന്നത്. ഭക്ഷണകാര്യങ്ങൾ മൂത്തുപ്പാനേയും അമ്മാവന്മാരേയും പറഞ്ഞേൽപ്പിക്കുകയാണ്...ഓടിനടക്കുന്നുണ്ടുപ്പ. പാവമെൻറെ ഉപ്പ ഒത്തിരി വേദന സഹിച്ചു.മനസ്സറിയാതെ ഒന്ന് തേങ്ങിയോ...ജലീൽ മെല്ലെ മുറിയുടെ പുറത്തിറങ്ങി പെണ്ണുങ്ങളുടെ ഭാഗത്തുപോയോന്നു നോക്കി..ഉമ്മാൻറെ മുഖത്ത് പതിനാലാം രാവുദിച്ചതുപോലുണ്ട്.
ആ പാവത്തിനെ ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട്..ഇല്ല. ഇനി വേദനിപ്പിക്കില്ല,എന്നെ മറന്നവൾക്കു വേണ്ടി കളയാനുള്ളതല്ല എന്റെ ജീവിതം..എന്നെ സ്നേഹിക്കുന്നവർക്കായിട്ടുള്ളതാണ്.നസീബ മനസ്സിൽ നിറഞ്ഞുവന്നു..
കല്യാണം കഴിഞ്ഞു അധികനാൾ നസീബയുടെകൂടെ താമസിക്കാൻ കഴിഞ്ഞില്ല.വിരഹാർദ്രമായ ദിനങ്ങൾ.ഫോണിലൂടെയും കത്തുകളിലൂടെയും ഉള്ള പ്രണയം.. ഓരോ വരിയിലും സ്നേഹത്തിൻറെ തീവ്രത പരസ്പരം അറിയിക്കാൻവേണ്ടി മത്സരിച്ചു.
അവളെനിക്കായ് കവിതകൾ എഴുതി:
"രാത്രിതൻ യാമത്തിൽ
നീയെന്നിലണഞ്ഞപ്പോൾ
നിദ്രയകന്നു പോയി....
രാവിൻ കിനാവിൽ
നീമാത്രമായി
എൻ നെഞ്ചകത്തിൽ
രാക്കിളിയായ് കൂടുകൂട്ടി"
തിരിച്ചെഴുതാനറിയാത്തത് ഒരിക്കലും തോൽവിയായ് സമ്മതിച്ചില്ല. പകരം ഉമ്പായിയുടെ ഗസൽ പാടികൊടുക്കും...
"നിൻ മിഴി ആമ്പൽപ്പൂ പാതിവിടർന്ന പോൽ...
വെണ്മുകിൽ തേരിലിറങ്ങി വന്നു.
അവൻ നിൻ മണിയറ പൂകാൻ ഒരുങ്ങി"..
അത് കേൾക്കുമ്പോഴേ നസീബയുടെ ശബ്ദത്തിൽ അനുരാഗത്തിൻറെ കുളിർമഴ പെയ്യുന്നത് തിരിച്ചറിഞ്ഞു. സ്നേഹവർഷത്താൽ പരസ്പരം കുളിർ കോരിച്ചൊരിഞ്ഞു.
പ്രവാസത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളിൽ ഒരു കുളിർ തെന്നലായ് വന്നിരുന്ന മുഹൂർത്തങ്ങൾ പതിയെ പതിയെ നിലച്ചു.പകരം പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഒന്നു പതറി.ഉപ്പയും ഉമ്മയും കല്യാണം കഴിപ്പിച്ചെങ്കിലും പെങ്ങമ്മാരും ഇപ്പോൾ ഭാര്യയും കുട്ടികളും കൂടിയായപ്പോൾ കയ്യിലൊരു സമ്പാദ്യവും ഇല്ലാതെയായി.
ഒരവധിക്ക് നാട്ടിൽ പോവുമ്പോൾ കയ്യിൽ താൻ കഴിക്കുന്ന കുബ്ബൂസും ധരിക്കാറുള്ള വസ്ത്രങ്ങളും പാതി തേഞ്ഞ ചെരുപ്പുമൊക്കെ പാക്ക് ചെയ്തു.കൂടെയുള്ളവർ കളിയാക്കിയെങ്കിലും മൗനമായ് ചിരിക്കുക മാത്രമാണ് ചെയ്തത്. നാട്ടിലെത്തിയപ്പോൾ സുഖവിവരങ്ങൾ അറിയുന്നതിനേക്കാൾ എല്ലാവർക്കും താൽപ്പര്യം ഗൾഫുകാരൻ കൊണ്ടുവന്ന സാധനങ്ങളിലായിരുന്നു.എല്ലാവരും തന്ന ലിസ്റ്റിലുള്ള സാധനങ്ങളൊക്കെ ഉണ്ടോ എന്ന സംശയമായിരുന്നു അവരുടെ മനസ്സിലെന്നു മനസ്സിലായതോടെ യാത്രാക്ഷീണമൊക്കെ മാറ്റിവെച്ചു പെട്ടി പൊട്ടിക്കൽ ചടങ്ങിലെത്തി.എല്ലാവർക്കും ലിസ്റ്റനുസരിച്ചുള്ള സാധനങ്ങൾ കൊടുത്തു അപ്പോളവരുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.എല്ലാത്തിനുമൊടുവിൽ കൊണ്ടുവന്ന കുബ്ബൂസും അവിടെ ചവിട്ടിനടന്നു തേഞ്ഞ ചെരുപ്പും കുപ്പായവും ഉമ്മാനേം ഭാര്യയെയുമേൽപ്പിച്ചു.
"ഇതാണെന്റെ ഒരു ദിവസത്തെ ഭക്ഷണം.ഇത് കഴിച്ചാണ് ഞാൻ നിങ്ങളുടെ പട്ടിണിയകറ്റിയത്. നിങ്ങൾക്ക് ആഡംബരമായ ജീവിതം നയിക്കാൻ വേണ്ടി.ഞാൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരുപ്പുമാണിത്. നിങ്ങൾ രണ്ടുപേരും ഇതെടുത്ത് സൂക്ഷിച്ചുവയ്ക്കുക. തിരിച്ചുപോവുമ്പോൾ എനിക്കിതാവശ്യം വരും.ഇതും പറഞ്ഞ് റൂമിലേക്കു പോയി. മനസ്സിലെ കാർമേഘങ്ങൾ പതിയെ അകന്നു.
ഉമ്മാൻറെ സ്പർശനസുഖമനുഭവപ്പെട്ടപ്പോളാണ് പതിയെ കണ്ണു തുറന്നത്. നെറ്റിയിൽ ഉമ്മ വച്ചു കണ്ണീരോടെ ഇരിക്കുന്ന ഉമ്മയെ കണ്ടപ്പോൾ വല്ലാത്ത വേദനതോന്നി. വേണ്ടായിരുന്നു. അങ്ങനൊന്നും ചെയ്യേണ്ടായിരുന്നു.ഉമ്മയും ഭാര്യയും തന്റെയവസ്ഥ അറിയണമെന്നുമാത്രമേ കരുതിയുള്ളൂ..അവരെ വേദനിപ്പിക്കണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല..
ന്റെ പൊന്നുമോനേ ജ്ജീ ഉമ്മാനോട് പൊറുക്കെടാ.നിന്നെ മനസ്സിലാക്കാൻ ഈ ഉമ്മായ്ക്ക് കഴിഞ്ഞില്ല.
ഉമ്മയുടെ പൊട്ടിക്കരച്ചിൽ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു..
ഉമ്മാ ങ്ങളെന്നെ ബേജാറാക്കല്ലിം..ന്റെ സങ്കടങ്ങൾ നിങ്ങൾ രണ്ട് പേരോടല്ലാതെ വേറാരോടാ പറയാ. ഉമ്മാന്റെ കരച്ചിലിന്റെ ശക്തി കൂടുന്നതു കണ്ടപ്പോൾ ഉമ്മാനെ കെട്ടിപ്പിടിച്ചു...രണ്ടു പേരുടെയും തേങ്ങലുകൾ നേർത്തു...ഉമ്മയുടെ കരച്ചിലിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു.. ഇനി ന്റെ മോൻ ഗൾഫിൽ പോണ്ട...ഉമ്മാന്റെ കൂടെ എപ്പോളൂണ്ടാവണം...
ഉമ്മയുടെ വാക്കുകൾ കേട്ട് ഉമ്മാന്റെ മടിയിൽ തലവച്ചു കിടന്നു...അതിൽ എല്ലാവേദനകളും അലിഞ്ഞില്ലാതെയായ്....
ഉമ്മാ നസിയെവിടെ??
മോനേ നീ ഏൽപിച്ച സാധനങ്ങൾ പിടിച്ചോണ്ട് അന്റെ പഴേ മുറിയിൽ ഇരിക്കുന്നുണ്ട്..നിക്കത് കണ്ടിട്ട് സഹിക്കുന്നില്ല പാവാണെടാ ഓള്.
അന്റെ പെങ്ങമ്മാർടെ ഇടയിൽ കുറേ ബുദ്ധിമുട്ടീക്കണാ പാവം.ഇപ്പോ ഇതൂടെ കേട്ടപ്പോ ഓൾടെ ഖല്ബ് തകർന്നിട്ടുണ്ടാവും..ഇജ്ജൊന്നു ചെന്നവളെ സമാധാനിപ്പിക്ക്..ഓക്ക് ഇജ്ജ് മാത്രേ ഒള്ളൂ...
ഓരോ പെങ്ങമ്മാരുടേം കല്യാണത്തിന് വീട് മോടി പിടിപ്പിച്ചപ്പോപ്പോലും തന്റെ എല്ലാ ഓർമകളും ഉള്ള മുറി ഒന്നും ചെയ്യാൻ സമ്മതിച്ചിട്ടില്ല...ബാല്യം മുതൽ കൗമാരം വരെ ആ മുറിയിൽ തന്നെയായിരുന്നു.എല്ലാ സ്വപ്നങ്ങളും ആത്മനൊമ്പരങ്ങളും ആ മുറിയുടെ ഒരോ ചുമരിനും അറിയാം. അതുകൊണ്ടുതന്നെ പെങ്ങമ്മാരൊക്കെ വീടിനൊരു അഭംഗിയാണാ മുറിയെന്നു പറഞ്ഞ് പൊളിപ്പിക്കാൻ നോക്കിയപ്പോളും അതിനെ എതിർത്തു.
റൂമിലേക്കു കയറിയപ്പോൾ വല്ലാത്തൊരു ഇരുട്ടായിരുന്നു അവിടെമാകെ...തപ്പിത്തടഞ്ഞുചെന്ന് സ്വിച്ചിട്ടപ്പോൾ പ്രകാശപൂരിതമായി.
വെളിച്ചം കണ്ടപ്പോൾ ഞെട്ടി എഴുന്നേറ്റുനോക്കി നെസി..കരഞ്ഞു കലങ്ങിയ നസിയുടെ നയനങ്ങൾ.. താമര വിടർന്നപോലുള്ള വദനം വെയിലേറ്റു വാടിയിരിക്കുന്നു..
പാവം വല്ലാതെ വിഷമിച്ചുപോയ്...
നസിയുടെ അരികിലേക്കു ചെന്ന ജലീൽ അവളുടെ മുഖമുയർത്തിപ്പിടിച്ചു...
ഇക്കാന്നും വിളിച്ചു ജലീലിന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.
സങ്കടങ്ങളെല്ലാം പരസ്പരം പറഞ്ഞുതീർത്തു... പിന്നീടുള്ള ദിനങ്ങളിലെല്ലാം ഉമ്മയും നസിയും നന്നായി ശ്രദ്ധിച്ചു പണം ചിലവാക്കി.അതു കണ്ടപ്പോൾ ചെയ്തത് ഒരിക്കലും തെറ്റായില്ല എന്ന് ജലീലിനു മനസ്സിലായി.തിരിച്ച് ഗൾഫിലേക്കു പോരുമ്പോൾ രണ്ടു പേരുടെയും എതിർപ്പുണ്ടായിരുന്നു..
ഇനി വരുന്നത് എല്ലാം അവസാനിപ്പിച്ചാവും എന്ന വാക്കു കൊടുത്തിട്ടാണ് പോന്നത്. കൊടുത്ത വാക്കു
പോലെത്തന്നെ തിരിച്ച് എല്ലാം ഒഴിവാക്കിയാണ് പോവുന്നത്.കടങ്ങളൊന്നുമില്ലാതെ നാട്ടിൽ വരുമാനമാർഗ്ഗത്തിനു ചെറിയൊരു ബിസിനസ്സും തുടങ്ങി.ഇനി മതി. ജീവിക്കാനുള്ളതായിട്ടുണ്ട്. ഇനിയുള്ള കാലം മക്കൾക്കും ഉമ്മായ്ക്കും ഉപ്പായ്ക്കും ഭാര്യയ്ക്കുമൊപ്പം.
മനസ്സെന്ന ചില്ലുജാലകം വർണ്ണാഭമായൊരുക്കി...ഹൃദയത്തിൽ ഒത്തിരി സ്നേഹം കൂട്ടിവെച്ചു.. പകുതിയാക്കിവച്ച ജീവിതം ജീവിച്ചുതീർക്കണം......
---------------------------------
രേഷ്മ ബാവ മൂപ്പൻ....
പീഡനങ്ങളുടെ തുടർക്കഥയിൽ സ്വന്തം ജീവിതം പോലും നഷ്ടപ്പെട്ട ഒരു സമൂഹമാണ് ആദിവാസി ജനത.പ്രത്യേകിച്ചു അവരുടെ സ്ത്രീകളുടെ കഥ എന്നെന്നും മുറിവേൽക്കപ്പെടുന്ന യുവത്വത്തി ന്റെ കാരുണ്യത്തിന്റെ കഥയാണ്.നാട്ടിൽ നിന്നെത്തുന്നവർ കാട്ടുതേൻ തേടിയെത്തുന്നവർ യേന്നും യേന്നും ഏറ്റവും വലിയ തേനായി കണ്ടെത്തി ഉപയോഗിച്ചു വലിച്ചെറിയുന്നത് ആദിവാസി പെണ്കുട്ടികളുടെ ജീവിതമാണ്.സ്ത്രീ
ഈ കാലഘട്ടത്തിൽ അവരോടൊപ്പം ചേർന്നു അവർക്കുവേണ്ടി ഹൃദയം വേദനിച്ച നേർപ്പകർപ്പാണ് ഈ കവിത..
കവിത: ഗീത ഭവനത്തിലാണ്
******
ഗീത
ഗ്രാമത്തിൻറെ പൗർണ്ണമി
മേഘങ്ങൾക്കൊപ്പം
പാറിപ്പറന്നു നടന്നവൾ
പഞ്ചവർണ്ണക്കിളി...
കാട്ടുതേൻ നുകരാൻ
കാട്ടാറു കടന്നെത്തിയോർ
കാട്ടാളരായവരുടെ
നായാട്ടിൽ പിടഞ്ഞമർന്ന
പൈങ്കിളി...........
അന്ധകാരത്തിൻ നിറവിൽ
അട്ടഹാസങ്ങൾ
നേർത്ത തേങ്ങലുകൾ
വിറയ്ക്കുന്ന വാക്കുകൾ......
ശോകാന്ത രാഗത്തിൽ
പാടിത്തിമിർത്ത
പാട്ടുകളുടെ ഈരടികൾ
മരണഗന്ധം ചേർന്നു
നിത്യതാളമായി
ഗീതാ ഭവനത്തിൽ......
ഗീത
ഇന്നവളൊരു കുഞ്ഞിനമ്മ
ഇക്കുഞ്ഞവൾക്കൊരു
തീരാശാപം
സമീപവാസികളില്ല
നാട്ടുകൂട്ടമന്യർ
വംശമന്യം
ആകാശച്ചെരുവിലേക
നീറിപ്പടരുമസ്ഥികളിൽ
നോവു മാത്രം കൂട്ട്
അവളുടെപുത്രി
നാളെയുടെ കാവൽ
കാപാലികർക്കാവേശം
ഗീത ഭവനത്തിലാണ്
ചങ്ങലയുടെ താളക്കിലുക്കം
വ്രണങ്ങളുടെ ചുടുചുംബനം
വിളർച്ചയുടെ ദീനാലിംഗനം
അട്ടഹാസങ്ങളുടെ പെരുംഗീതങ്ങൾ
പുലമ്പമ്പിയടരുന്ന ശ്രുതിഭംഗം
നേർത്തമർന്ന്
ദിക്കുപൊട്ടുമാറുച്ചത്തിൽ
ആക്രോശിച്ചുണരുന്ന
ചങ്ങല പിളർന്നൊഴുകും
തപ്തസ്വാതന്ത്ര്യരോദനാലാപം
ഗീത ഭവനത്തിലാണ്
ഓർക്കുക
ഭവനം പാവനം
ആദികാനനം........
---------------------------------
രേഷ്മ ബാവ മൂപ്പൻ
ചെറുകഥ: ബലി
-------------------------------
ദേഹമാസകലം നോവുന്നുണ്ടായിരുന്നു.
പുഴവക്കത്ത് മുള നിറഞ്ഞ പൊന്തക്കാട്ടിൽ ഇരുട്ട് പരക്കുംവരെ ഭയ്യയെയും കെട്ടിപ്പിടിച്ച് ആരുടേയും ശ്രദ്ധയിൽപ്പെടാതെ...മടിയിൽ കിടക്കുന്ന 'മൻരാലിനെ' തലോടിക്കൊണ്ടിരുന്നു.
വെട്ടേറ്റ ഭാഗത്ത് ചോര പൊടിയുന്നുണ്ട്.. ദുപ്പട്ടയുടെ അറ്റം കീറിയെടുത്തു പതുക്കെ മുറിവ് കെട്ടി.മുറിവിൽ സൽമയുടെ വിരൽ സ്പർശിച്ചപ്പോൾ മനു പിടഞ്ഞു.
ചുറ്റുമുള്ള കഴുകന്മാർക്ക് എറിഞ്ഞു കൊടുക്കാൻ മനസ്സ് വന്നില്ല, അബ്ബക്ക്.
സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്നു തന്റെ അബ്ബയും ഉമ്മിയും സാമിയയും.
സാമിയായെ കുറിച്ചോർത്തപ്പോൾ ഉള്ളൊന്നു പിടഞ്ഞു..സാമിയയുടെ കൊഞ്ചൽ , ഇമ്പമാർന്ന ബാബീന്നുള്ള വിളി...കൊലുസു കിലുക്കി വീടിനുള്ളിൽ നിറയുന്ന ശബ്ദം..പാൽപ്പുഞ്ചിരി.... ഇതൊന്നുമില്ലിനി..തേങ്ങിപ്പോയി സൽമ.
കൺതടത്തിലൂടെ ചുടുരക്തമൊലിച്ചിറങ്ങി...
എവിടുന്നാ തനിക്ക് ശക്തി കിട്ടീന്നറിയില്ല...അബ്ബയും ഇമ്മിയും അരുതേ എന്നലറുന്നത് കേൾക്കാതെ ചെകുത്താൻമാർ വാളിനിരയാക്കുന്നത് കണ്ടപ്പോൾ മരവിച്ചുപോയി...ഒന്നലറാൻ പോലുമാവാതെ തരിച്ചുനിന്നു...സാമിയ ഉമ്മീന്നലറുമുമ്പേ കത്തിക്ക് ഇരയായി...
ബേട്ടീന്നു വിളിച്ച് ഓടിയെത്തിയ ഉമ്മിയുടെ നാഭിയിലേയ്ക്ക് കയറ്റിയ വാളിൻറെ മൂർച്ചയിൽ ചുടുരക്തം പടർന്നൊഴുകി..."സൽമാ മനു കൊലേക്കെ ജൽദി ബാഗ് ജാഓ" അപകടം മണത്ത അബ്ബ തന്നെയും മനുവിനെയും അടുക്കളവാതിലിലൂടെ പുറത്തേക്ക് തള്ളി... വാതിലടച്ചു...
അബ്ബന്റെ നെഞ്ചിലേക്ക് കുത്തിയ കത്തി ഊരിയെടുത്ത് ആഞ്ഞൊരു കുത്തൂടെ കുത്തിയവർ...
ലാ ഇലാഹാ ഇല്ലള്ളാ... മുഹമ്മദ് റസൂലുള്ള എന്ന വചനം പൂർത്തിയാക്കും മുമ്പ് പിടഞ്ഞമരുന്നത് ജനൽ വിടവിലൂടെ കണ്ടപ്പോൾ കിട്ടിയ ധൈര്യത്തോടെ ഓടാൻ തുടങ്ങിയതാണ്... അബ്ബയുടെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു... മനുവിനെയും കൊണ്ട് നീ രക്ഷപ്പെടൂ സല്മാബേട്ടീ....
അച്ഛനാരെന്നറിയാതെ വളർന്ന മൻരാലിൻറെ ബാല്യം തെരുവിലായിരുന്നു. പട്ടിണിയും പരിവട്ടവുമായ് നടക്കുമ്പോൾ മകനൊരു ചാൺ വയറിനുവേണ്ടി ഒരുപാടു പേരോട് ജോലിക്കു കേണു...ഒടുവിൽ പല പ്രമാണിമാരുടെയും അന്തിക്കൂട്ടിനു വഴങ്ങിയ അമ്മക്ക് കാവലാവേണ്ടിവന്നു മനുവിന്...
നട്ടുച്ചനേരം... വീട്ടുസാധനങ്ങൾ വാങ്ങി ടാക്സി പിടിക്കാതെ നടക്കാൻ തീരുമാനിച്ച ഭർത്താവിനെനോക്കി ഓരോന്ന് പുലമ്പികൊണ്ടു ബൽകീസ് നടക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് പിന്നാലെ അഹമ്മദും...ബൽകീസിന്റെ കെറുവ് കണ്ടു ചിരിച്ചു...രണ്ടുപേരും കുറുക്കുവഴിയിലൂടെ നടന്നു. അപ്രതീക്ഷിതമായി ഒരു ജനക്കൂട്ടം കണ്ട് പരസ്പരം നോക്കി. കണ്ടകാഴ്ച്ച അവരെ തളർത്തി..രക്തം ഛർദിച്ചു കിടക്കുന്ന ഒരു സ്ത്രീ.....അവളെപ്പിടിച്ച് ഏങ്ങലടിച്ചു കരയുന്ന 7വയസ്സുകാരൻ. ഇതെല്ലാം കണ്ടു രസിച്ചു നിൽക്കുന്ന കുറേ ആളുകൾ. ബൽകീസിന് അവരെ കണ്ടപ്പോൾത്തന്നെ മനസ്സിലായി.. അവൾ പറഞ്ഞു. ചാലോ ഹം ജലദി നികലെ കാ യഹാ സെ... നമ്മുക്കിവിടുന്നു വേഗം പോവാം.. വരൂ... കൈപിടിച്ച് ബൽക്കീസ് വലിച്ചു. രണ്ടു പേരും തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ഓരോ ആളെയും പിടിച്ചു കുലുക്കി കേഴുകയാണ് ആ ബാലൻ. നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ ബാൽകീസിനത് സഹിക്കാൻ കഴിഞ്ഞില്ല....
ബാബാ ....ബച്ചാ ഓ മേരെ അമ്മീസെ എന്റെ അമ്മയെ രക്ഷിക്കൂ എനിക്ക് ആരുമില്ല എന്നും പറഞ്ഞു കരയുന്ന ബാലനരികിലേക്ക് ബൽകീസ് നടന്നു. ബേട്ടാ തുമാരാ നാം ക്യാഹേ??ചോദ്യത്തിന് മറുപടി മേരെ മാം സെ ബച്ചാവോ...മാ ന്നായിരുന്നു.അഹമ്മദിനെ നോക്കിയപ്പോൾ വേഗം ഒരു ടാക്സി പിടിച്ചു.ഹോസ്പിറ്റലിലെത്തിച്ചു.കണ്ടു നിൽക്കുന്നവർക്ക് മുഷിപ്പുണ്ടായതൊന്നുമവർ നോക്കിയില്ല. വളരെ ക്രിട്ടിക്കൽ ആയിരുന്നു അവരുടെ അവസ്ഥ സമയം വൈകി.എത്തിച്ചതിനും ഇതുവരെ കാണിക്കാതിരുന്നതിനും ഡോക്ടറുടെ പഴി ഒരുപാട് കേട്ടു. അവസാനം ഡോക്ടറോട് ഉണ്ടായ സംഭവം വിവരിച്ചു അഹമ്മദ്... എല്ലാവരിൽ നിന്നുമകന്ന് ഒരു മൂലയിൽ നിൽക്കുന്ന പയ്യൻറെ അടുത്തേക്ക് ചെന്ന് പേരുചോദിച്ചു...ബെട്ടാ നാം ക്യാഹേ??
മേരെ അമ്മീ....
നിറകണ്ണുകളോടെ ആ ബാലൻ അതുമാത്രം ഉച്ചരിച്ചു...
അമ്മിക്ക് ഒരുകുഴപ്പവുമില്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചു....അപ്പോൾ അവന്റെ മുഖത്തു പാൽപുഞ്ചിരി വിടർന്നു...മേരെ നാം മൻരാൽ.പേര് പറയുമ്പോൾ ഇത്തിരി ഗൗരവം വിരിഞ്ഞു...
ഇരുനിറമുള്ള മൻരാലിന്റെ കണ്ണിൽ ക്ഷീണത്തിന്റെ അടയാളങ്ങൾ കാണാം. മുഷിഞ്ഞു പഴകിയ ഷർട്ടും തുളവീണ ട്രൗസറും പാറിപ്പറന്ന മുടിയും കണ്ടാലറിയാം വെള്ളം കണ്ടിട്ട് നാളേറെ ആയെന്ന്..കുസുമം അതാണവന്റെ അമ്മയുടെ പേര്.കാണാൻ സുന്ദരി. ബാല്യം വിട്ടു കൗമാരത്തിലേക്ക് കടന്ന കുസുമത്തിന്റെ വീട്ടിൽ പട്ടിണികൊണ്ട് പൊറുതിമുട്ടിയിരുന്നു...5സഹോദരിമാർ. ഒരു സഹോദരൻ..മക്കളുടെ പട്ടിണി മാറ്റാൻ കഴിയാതെ നിസ്സഹായരായ മാതാപിതാക്കൾ.അച്ഛൻ ഒരുവശം തളർന്നു കിടപ്പായിട്ട് വർഷം രണ്ട് കഴിഞ്ഞു.മക്കളിൽ രണ്ടു പേരെ കല്യാണം കഴിച്ചയച്ചെങ്കിലും സന്തോഷപൂർണ്ണമായ ഒരു വാക്കുപോലും കേൾക്കാറില്ല അവരിൽ നിന്ന്..അതിനിടയിലാണ് കുസുമത്തിന്റെ സൗന്ദര്യം കണ്ടു മോഹിച്ചു കല്യാണാലോചനയുമായി ശങ്കർ വന്നത്. തെറ്റിദ്ധരിക്കാൻ കഴിഞ്ഞില്ല. രണ്ടാതോന്നാലോചിക്കാതെ അവനു മകളെ കൊടുക്കുമ്പോൾ രക്ഷിതാക്കളുടെ മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. പണക്കാരനായ ശങ്കർ തങ്ങൾക്കൊരു താങ്ങായിരിക്കുമെന്നു അവർ കരുതി.അവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാതെ എല്ലാ മാസവും നല്ലൊരു തുക അവരെത്തേടിയെത്തി. അനിയനൊരു ജോലിയും വാങ്ങിച്ചുകൊടുത്തു..എന്നാൽ കുസുമത്തിൻറെ കണക്കുകൂട്ടലുകൾ ആദ്യദിനത്തിൽ തന്നെ തെറ്റി. കൊട്ടാരത്തിൽ മദ്യസേവയിൽ കൂത്താടുന്ന കൂട്ടുകാർ. ഉയർന്ന നിലയിലുള്ള ഉദ്യോഗസ്ഥർ. അവർക്കു രസിക്കാനുള്ള ഒരു വസ്തുവാണ് താനെന്നു മനസ്സിലായി. എതിർത്തു നോക്കിയെങ്കിലും നിസ്സഹായത അവളെ തളർത്തി.അച്ഛനാരെന്നറിയാത്ത ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ തുടങ്ങിയതോടെ അയാൾ മടുപ്പു കാണിച്ചു.അവളെ മാത്രം കണ്ടു വരുന്ന ആളുകളെക്കുറിച്ച് ഓർത്താവാം ഉപേക്ഷിച്ചില്ല...അവൾ ഒരാൺകുഞ്ഞിനു ജന്മംനൽകി.മകൻ ബിനസിനു ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ശങ്കർ അവനെ ഒഴിവാക്കാൻ ശ്രമിച്ചു.തന്റേതെന്നു പറയാൻ ഈ മോൻ മാത്രമേ തനിക്കൊള്ളുവെന്ന സത്യം അറിയാവുന്നത് കൊണ്ട് ശ്രദ്ധയോടെയാണവൾ മകനെ പരിപാലിച്ചിരുന്നത്.മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ശങ്കറിനെ മൂർച്ചയേറിയ ഒരു കത്തികൊണ്ട് അയാളുടെ വയറ്റിനു കുത്തി. രക്തത്തിൽ കിടന്നു പിടയുന്ന അയാലെനോക്കി ആർതതട്ടഹസിച്ചവൾ അയാളെ മറികടന്ന് മകനെയും തോളിലേറ്റി പടിയിറങ്ങി....ഏറെ അലഞ്ഞു. സൗന്ദര്യം ഒരു ശാപമായി അവൾക്കു മുന്നിലാടി...തന്റെ മകനെ പോറ്റണമെങ്കിൽ എന്തുജോലിയും മടികൂടാതെ ചെയ്യണമെന്നവൾക്കു ബോധ്യമായി.. ആയിടയ്ക്കാണ് റാസ്‌പൂരിലെ കല്യാണപ്പൂരിൽ എത്തുന്നത്.. ഗുജറാത്തിയാണ് കല്യാൺ പൂരിലെ ഭാഷ.ബുദ്ധിമുട്ടിയെങ്കിലും നിത്യത്തൊഴിലിന് ഭാഷ പ്രശ്നമല്ലായിരുന്നു.അങ്ങിനെ
കുസുമം കല്യാണപൂർകാരിയായി.നാട്ടുകാരുടെ അവഗണനയൊന്നുംഅവൾക്ക് പ്രശ്നമായില്ല...കാരണം സമൂഹത്തിൽ അവഗണിക്കുന്നവർ തന്നെയാണ് തന്റെ ചൂടുപറ്റാൻ അന്തിയാവുന്നത് വരെ കാത്തിരിക്കുന്നത്.
നിനക്ക് വിശക്കുന്നില്ലേ ബെട്ടാ. നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് കാന്റീനിൽ നിന്ന് മൻരാൽ ആലുപൊറോട്ട കഴിച്ചത്..കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി വയറുനിറയെ ആഹാരം കഴിച്ചിട്ട് നാളേറെയായെന്ന്. അവനിൽ നിന്നാണ് കാര്യങ്ങൾ മനസ്സിലാക്കിയത്.അമ്മക്ക് ഇടയ്ക്കിടെ ഛർദ്ദി വരും. അതിൽ നിറയെ ചോരയായിരിക്കും.കുസുമം തളർന്നെന്നു മനസ്സിലാക്കിയ പ്രമുഖർ പിന്നെ അവളെത്തേടി വരാതായി. അവർ പട്ടിണിയിലേയ്ക്ക് കൂപ്പുകുത്തി...
മൂന്നു ദിവസം ഹോസ്പിറ്റലിൽ കിടന്നു. കിടന്നിട്ടു കാര്യമില്ലെന്നറിഞ്ഞപ്പോൾ തൽക്കാലം വീട്ടിലേയ്ക്ക് കൊണ്ടുപോവാമെന്നു തീരുമാനിച്ചു. എല്ലാം പായ്ക്ക് ചെയ്തു ഡിസ്ചാർജ് വാങ്ങുന്നതിനു മുൻപേ കുസുമം ഈ ലോകത്തോട് വിടപറഞ്ഞു. എല്ലാം കഴിഞ്ഞു..നിർവ്വികാരനായി നിൽക്കുന്ന മൻരാലിന്റെ കൈപിടിച്ച് വീട്ടിലേക്ക് നടന്നു..അസുഖക്കാരിയായി ചത്ത അമ്മയുടെ മകൻറെ പാർപ്പ് ബന്ധുക്കളിൽ നിന്നും അയൽക്കാരിൽനിന്നും സതീർപ്പുണ്ടാക്കി...നാട്ടുകൂട്ടം അതൊരു കുറ്റമായിത്തന്നെ എണ്ണി.വേശ്യയായൊരുവളുടെ മകനെ വീട്ടിൽ താമസിപോയിച്ചത് മുസ്ലിമിന്റെ വീട്ടിൽ ഹിന്ദു ജീവിക്കുന്നു എന്നതും കുറ്റമായി.നിഷ്കളക്കാനായബാലനെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു..ഉമ്മീ എന്നെ ആർക്കും വേണ്ടല്ലേ...ഞാനെങ്ങോട്ടുപോകും എനിക്ക് പേടിയാ അബ്ബീ...മനുവിന്റെ കരച്ചിൽ ആ വീടൊന്നടങ്കമേറ്റുവാങ്ങി.
ആ ബാലനെ നാടുകടത്താൻ ബൽകീസിനും അബ്ദുല്ലക്കും മനസ്സുവന്നില്ല.അന്നു രാത്രി അവരെല്ലാവരും കൂടി ജനിച്ചുവളർന്ന നാടുപേക്ഷിക്കാൻ തീരുമാനിച്ചു...അത് മണത്തറിഞ്ഞ സദാചാരികൾ അവരുടെ വീടാക്രമിച്ചു..അപ്രതീക്ഷിതമായ ആക്രമണം അവർക്കു ചെറുക്കാൻ കഴിഞ്ഞില്ല.
വിശപ്പ് സഹിക്കാൻ കഴിയാതെ കരയുന്ന മനുവിനെ അടക്കിപ്പിടിച്ചു. കുറ്റിക്കാടിന്റെ ഇടതുഭാഗത്തൊഴുകുന്ന അരുവി അവൾക്കോർമ്മവന്നു...പതിയെ രണ്ടുപേരും അവിടേക്കു നടന്നു. ആരുടേയും കണ്ണിൽപ്പെടാതെ കൈക്കുമ്പിളിൽ വെള്ളമെടുത്ത് വയറുനിറയുവോളം രണ്ടുപേരും കുടിച്ചു.ഇരുട്ടാവാൻ രണ്ടാത്മാക്കൾ കാത്തുനിന്നു.കാപാലികരുടെ ആക്രോശം അവരുടെ കാതുകളിൽ തുളച്ചുകയറി.പേടിച്ചരണ്ട രണ്ടുപേരും മുളച്ചെടിക്കിടയിൽ പതുങ്ങിയിരുന്നു. ദേഹം നോവുന്നുണ്ടെങ്കിലും രണ്ടുപേരും ഇരുട്ടാവാൻ കാത്തിരുന്നു..ഇരുട്ടിനെ പേടിയായിരുന്ന സൽമയിപ്പോൾ ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങി..വേദനയും വിശപ്പുമവരെ തളർത്തിയിരുന്നു. അറിയാതെ നിദ്രയവരെ പുൽകി. മുഖത്ത് കുളിർമ്മയുടെ മഴത്തുള്ളികൾ ഇറ്റിവീണപ്പോൾ പിടഞ്ഞെഴുന്നേറ്റു..ഉമ്മീ അറിയാതെ വിളിച്ചുപോയി...ഉമ്മിയും അബ്ബയുമിനില്ലെന്ന സത്യം അവളെ തളർത്തി...സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു.താരകങ്ങൾ അവരെ നോക്കി പുഞ്ചിരിക്കുന്നു. പൂർണ്ണചന്ദ്രൻ അവർക്ക് വഴികാട്ടിയായി തയ്യാറായി നിൽക്കുന്നു...മനുവിനെ എഴുന്നേൽപ്പിച്ചു റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഊടുവഴിയിലൂടെ നടന്നു..നടക്കുകയായിരുന്നില്ല... ഓടുകയായിരുന്നു...
വണ്ടി വരുന്നതും കാത്ത് രണ്ടുഹൃദങ്ങൾ ഇരുട്ടിൻ മറവിൽ നിന്നു....ഉമ്മിയുടെ വാക്കുകൾ അവളുടെ കർണ്ണപുടങ്ങളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു...
"നമുക്കുചുറ്റും വളർന്നു പന്തലിച്ച കാപട്യങ്ങളെ പിഴുതെറിയാൻ കഴിയണം...കാപട്യത്തിന്റെ മറകൾ അടർന്നുവീഴുമ്പോൾ വിശുദ്ധിയുടെ പ്രകാശം ഉദയം കൊള്ളും... ."
അതെ. വിശുദ്ധിയുടെ പ്രകാശം ഉദയം കൊള്ളുന്നതിനുവേണ്ടിയാണീ യാത്ര. അവർക്കായി മാത്രം നിന്ന ട്രെയിനിൽ മനുവിന്റെ കൈപിടിച്ച് കയറുമ്പോൾ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു...
ഉദയം കൊള്ളൂന്നതിനു വേണ്ടിയാണ് ഇനിയുള്ള ജന്മം.....
-------------------------------------------------
രേഷ്മ ബാവ മൂപ്പൻ
കവിത: നെട്ടോട്ടം
എല്ലാവർക്കുമറിയാം
നോട്ടിനുള്ള നെട്ടോട്ടത്തിൽ
ആരു വാഴും ആരു വീഴും എന്ന്
വീഴ്ചയിൽ താങ്ങായോർക്ക്
നേരമില്ല നിവരാൻ
നിന്നാലല്ലേ താങ്ങാകൂ
ബാങ്കുവിളി കേട്ടത്
ബാങ്കിൻറെ ക്യൂവിൽ വച്ച്
പുലർച്ചെ പുരപൂട്ടി
ലീവിരന്നുവാങ്ങി
ബാങ്കറുടെ തീക്കണ്ണിൽ വെന്ത്
വിയർത്തു നിൽപ്പാണ്
മക്കൾക്കിന്നു ഹർത്താൽ ദിനം
ഒത്തുകിട്ടിയ രണ്ടായിരം
റേഷൻകടക്യൂവിൽ
ആക്ഷേപച്ചില്ലറയേറ്റുവാങ്ങി
തളർന്നുറങ്ങുന്ന മകനരികിൽ
കുഴഞ്ഞുവീണു
പിടഞ്ഞെഴുന്നേറ്റ്
വാതിൽപ്പടിയിൽ
അന്നം കാത്തു വരണ്ട
മകളുടെ വായിൽത്തിരുകി
നോട്ടുണ്ടു വിശപ്പാറ്റാൻ
മുട്ടാപ്പോക്കോതി മുങ്ങി
ലീവു കാൻസൽ ചെയ്ത്
പിള്ളരെ ഉച്ചക്കഞ്ഞിപ്പുരയിലാക്കി.
കഞ്ഞിക്കു പുസ്തകമനാവശ്യം!
ബാഗില്ലാതെ സ്ക്കൂളിൻറെ
തിരുമുറ്റത്തെത്തിച്ചതിൽ
വൈകുന്നേരം
ഒരു മാല വാങ്ങി
ഉച്ചഭാഷിണിക്കു മുന്നിൽ
ഉച്ചൈസ്തരം
നോട്ടുവിജയം
ആട്ടക്കഥയാടുന്ന
അഭിനയമഹാവിസ്മയത്തിൻ
ആദരണീയകണ്ഠത്തിൽ
ആദരപൂർവ്വം ചാർത്തി....
---------------------------------------------
രേഷ്മ ബാവ മൂപ്പൻ
കഥ: ഉമ്മനിറവ് ( ഇതെന്റെ മകൻ എഴുതിയതാണ് )
------------------------------------------------------------------------
ഞാൻ ജനിക്കുന്നതിനു പത്തു മാസം മുൻപ്.........
ഉമ്മ എന്നെ വയറ്റിൽ ചുമക്കാൻ തുടങ്ങി..
ഞാൻ ആദ്യത്തെ കുഞ്ഞായത് കൊണ്ട് നല്ല സന്തോഷമുണ്ടായിരുന്നു ഉമ്മാക്ക്...
ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന ഊഹം വെച്ച് പത്തു മാസം നടന്നു.
കഠിന വേദന സഹിച്ചു, ഉമ്മ.
എല്ലാ വേദനകൾക്കുമൊടുവിൽ എന്റെ കുഞ്ഞുകാലുകൾ കണ്ടപ്പോൾ ഉമ്മായ്ക്കുണ്ടായ സന്തോഷം ഇപ്പോഴും പറയുന്നതു കേൾക്കുമ്പോൾ ആ വാക്കുകളിൽ ഉമ്മാൻറെ മനസ്സ് കാണാറുണ്ട് ഞാൻ.
എന്നെ ലാളിച്ചു, വളർച്ചയുടെ ഓരോ നല്ല മുഹൂർത്തത്തിലും...
കമിഴ്ന്നത്, ഇരുന്നത്, മുട്ടുകുത്തിയത്, പിച്ചവെക്കാൻ തുടങ്ങിയത്,ആദ്യമായ് സംസാരിച്ചത് എല്ലാ ദിനങ്ങളും ഉമ്മായ്ക്ക് ഇപ്പോളും എന്തൊരോർമ്മയാണ്........
അത് കേൾക്കുമ്പോൾ വല്ലാത്തൊരത്ഭുതമാണ്...
പൊന്നോമനയെന്ന വിളിയിൽ
സ്നേഹത്തിന്റെ തേനുറവ കിനിഞ്ഞുനിറയുന്നു.
എന്നിലെ കുസൃതിത്തരങ്ങൾ കണ്ടുമ്മാ ചിരിക്കുമ്പോൾ...
എന്നെ വാരിപ്പുണരുമ്പോൾ......
വിദ്യാലയത്തിലെ ആദ്യദിനത്തിൽ ഉമ്മയെ പിരിഞ്ഞു തനിയെ ആയപ്പോൾ എല്ലാം നഷ്ടപ്പെട്ടവൻറെ അവസ്ഥയായിരുന്നെനിക്ക്...
കൂട്ടുകാരും അറിവിൻറെ കൂട്ടുമായെത്തിയെ അധ്യാപികമാരുമൊക്കെയായ് ഞാൻ അല്പസമയത്തേക്കെങ്കിലും ഉമ്മാനെ മറന്നിട്ടുണ്ടാവും...
എന്നാൽ ഞാൻ പോയ നിമിഷം തൊട്ട്...
എന്നെക്കുറിച്ചു മാത്രം ചിന്തിച്ച്....
എന്നെ മിസ്സ് ചെയ്യുന്നെന്ന് അബ്ബാനോടു പറഞ്ഞ്
വരുന്നതുവരെ ഒന്നും കഴിക്കാതെ കാത്തിരിക്കുന്ന എന്റെ ഉമ്മ......
ചെറുതായാലും വലുതായാലും എന്ത് കാര്യങ്ങൾക്കാണേലും എന്റൊപ്പം നിന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ ഉമ്മയെ കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ചാണ് ഞാനെഴുതേണ്ടത്...
എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ ഉമ്മയിൽ നിന്നും അബ്ബയിൽ നിന്നും കിട്ടിയതാണ്.
ഇവരാണെന്റെ ലോകം ...ഇവരാണെന്റെ സ്നേഹം...എന്റെ നന്മ....എന്റെ അറിവ്..എല്ലാം എല്ലാം ഇവർ മാത്രം..
----------------------------------------
അഷ്‌മൽ ഷാ നഹ
7B 12
No comments:
Post a Comment