Monday, 28 August 2017

പി. കെ. ബഷീർ


സ്നേഹനിധിയായ സഹോദരൻ....
‼‼‼‼‼
 അനിയൻ ബഷീറിനെ തത്തമ്മക്കൂടിന്റെ പള്ളിപ്പറമ്പ് പരിപാടിയിൽ ഓർത്തെടുക്കാൻ തീരുമാനമെടുത്ത അഡ്മിൻ ഡസ്കിന് ആദ്യമായി നന്ദി പറയുന്നു.
    ഭൂമിയിൽ ഇത്രകാലം ജീവിക്കുമെന്നത് സാധാരണക്കാർക്ക് അറിയാൻ കഴിയില്ലല്ലോ... എന്നാൽ ഇവിടെ നിന്നും പിരിഞ്ഞ് പോകുമെന്നുള്ളത് ഏവർക്കും അറിയാം, സമയം മാത്രം അറിയാതുള്ളൂ..... ആ ജീവിതം റബ്ബിന്റെ തൃപ്തിയിൽ ആവാൻ നമുക്ക് പ്രാർത്ഥിക്കാം.
     അനിയൻ ബഷീർ, നമ്മോടൊപ്പം കുറഞ്ഞ കാലം ജീവിച്ചു പിരിഞ്ഞവനാണല്ലോ... അവൻ ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഏറ്റവുംകൂടുതൽ സ്നേഹമൂള്ളവവനായിരുന്നു  പ്രവർത്തിച്ച മേഖലകളിലൊക്ക സ്നേഹജനങ്ങളെ സമ്പാദിച്ചിരുന്നു.
   തമിഴ്നാട്ടിലും കർണാടകത്തിലും സൗദിയിലും ജോലി ചെയ്തിരുന്ന കാലത്തൊക്കെ മറ്റുള്ളവർക്ക് വേണ്ടി എന്തും സഹിക്കാൻ തയാറായിരുന്നു.
     ജിദ്ദയിൽ ഞാനും അവനും ഒരുമിച്ച് ജോലിചെയ്തിരുന്ന കാലം, കടയുടെ ഉത്തരവാദിത്വം എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അവൻ വന്നതിൽ പിന്നെ ഉത്തരവാദിത്വം മുതലാളി ആവനെ ഏൽപ്പിച്ചു. മുതലാളിക്കും കൂടെ താമസിക്കുന്നവർക്കും കൂടെ ജോലി ചെയ്യുന്നവർക്കും എന്തിനേറെ.. കടയിൽ വരുന്ന കസ്റ്റമർക്കുപോലും അവനെ വലിയ ഇഷ്ടമായിരുന്നു. അന്ന് അടുത്ത കടക്കാരനായ പാലക്കാട്ടുകാരന്റെ ഗ്യാസ് സിലിണ്ടർ തീർന്നാൽ മുതലാളി പോകുന്പോൾ പറഞ്ഞ് നിറപ്പിച് അയാളുടെ റൂമിൽ കൊണ്ട് വച്ച് കൊടുക്കുമായിരുന്നു. 
  അവന് കുറ്റൂരിൽ കച്ചവടമുള്ള കാലത്ത് മുഴുസമയവും ബഞ്ചിൽ നിറയെ, -എന്റെ ഉപ്പാന്റെ ഭാഷയിൽ പറഞ്ഞാൽ- "ബാലാക്കൻമാർ"(ചെറുപ്പക്കാർ) ഉണ്ടാകും. കോതേരിന്റെ ഇറക്കത്തിൽ ഉപ്പാന്റെ നിഴൽ കണ്ടാൽ ഓരോരുത്തരായി ഒഴിഞ്ഞ് പോകും. അപ്പോഴേക്കും മേശപ്പുറത്ത് വെച്ച ചൂടിക്കെട്ടുകൾ കൂട്ടുകാർ പിരിയുടച്ച് കഴീഞ്ഞിരിക്കും എന്ന് ഉപ്പ പറയുമായിരുന്നു. ആരോടും ദേശ്യപ്പെടാതെ മുഖത്ത് പ്രത്യേക തരം ചിരിയോടെ എല്ലാവരുമായും ഇടപഴകിയിരുന്നു. 
     അവന്റെ മരണത്തിൽ കൂടുതൽ വിഷമം പ്രകടമായത് അനിയൻ അയമുദു വിലായിരുന്നു. സൗദി-ജർമൻ ആശുപത്രിയിലായിരുന്നു മരണം. അതുവരെ അവന്റെ ശാരീരിക അവസ്ഥ ഇത്ര മോശമായത് അയമുദുവിനോട് മറച്ചുവെച്ചിരിക്കയായിരുന്നു. മരണവിവരമറിഞ്ഞ് അവനെ കൊണ്ടുവന്നപ്പോൾ ആശുപത്രിയിൽ അവൻ കാണിച്ച രംഗം അവർത്തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ആ ആഘാതത്തിൽ നിന്നും തിരിച്ചു വരാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവന്നു. അവനെ ആശുപത്രിയിൽ കൊണ്ടുപോയി ഗ്ലൂക്കോസ് കയറ്റേണ്ടി വന്നു.
    എന്റെ കാഴ്ചപ്പാടിൽ വലിയ ഭാഗ്യം ചെയ്തവനാണവൻ. ആരെയും ബുദ്ധിമുട്ടിക്കാതെ ഒരാഴ്ച്ച കൊണ്ട് രോഗമറിയലും ചികിത്സയും മരണവും എല്ലാം കഴിഞ്ഞു. മരിച്ച്  24 മണിക്കൂറിനകം എല്ലാ കാര്യങ്ങളും കഴിച്ച് മയ്യിത്ത് മക്കത്ത് ജന്നത്തുൽമുഅല്ലയിൽ മറവുചെയ്തു. അന്ന് മഗ്റിബിന് അവന്റെ ജനാസ മാത്രമായിരുന്നു ഹറമിൽ.
   പടച്ചവൻ അവന്റെയും നമ്മുടെയും നിന്നിൽ നിന്നും മരണപ്പെട്ടവരുയും പാപങ്ങൾ പൊറുത്ത് ഖബർ ജീവിതം സന്തോഷകരമാക്കിത്തീർക്കട്ടേ... ആമീൻ.
--------------------------
ഹനീഫ പി. കെ. 



ബഷീർ... സൗഹൃദത്തിന്റെ പ്രതീകം.
############## 
ബഷീർ.... 
അവനെയോർക്കുമ്പോഴൊക്കയും ആ പുഞ്ചിരി തൂകുന്ന മുഖമാണ് മനസ്സിൽ തെളിഞ്ഞു കാണുന്നത്. എന്റെ സമപ്രായക്കാരനല്ലങ്കിലും ഞങ്ങൾ തമ്മിൽ സുഹൃത്തുക്കളെ പ്പോലെ യായിരുന്നു. ചിലപ്പോഴൊക്കെ അവനേയും അയമുദുവിനേയും തമ്മിൽ മാറിപ്പോകാറുണ്ട്. നല്ലൊരു സുഹൃദ്.വലയം എപ്പോഴും അവനു ചുറ്റും ഉണ്ടായിരുന്നു. മുതിർന്നവരോട് പോലും നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 
  അവനും മറ്റു കൂട്ടുകാർക്കുമൊപ്പം  രാത്രിയിൽ പുഴവെള്ളം കയറിയ സമയം കുറ്റൂപ്പാടത്തിക്ക് മീൻപിടിക്കാൻ പോയതും കിട്ടിയ മീൻ കോതേരിയുടെ ആ കയറ്റത്തിൽ റോഡിൽ ചെരിഞ്ഞ് വീതം വെച്ചതും ഇന്നും ഓർക്കുന്നു.
  നല്ലൊരു മനസ്സിനുടമയായ ബഷീർ നേരത്തേ നമ്മെവിട്ട് പിരിഞ്ഞത് ഒരു തീരാനഷ്ടം തന്നെ...
അല്ലാഹു അവന്റെ ബർസഖി ജീവിതം സുഖത്തിലാക്കട്ടെ ആമീൻ...
------------------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ



എന്റെ എളാപ്പ...
~~~~~~~~~~
എനിക്ക്‌ 8 or 9 വയസ്സുള്ളപ്പോഴാണു അദ്ദേഹം ഈ ലോകത്തു നിന്നും വിട പറഞ്ഞത്‌. റബ്ബിന്റെ അനുഗ്രഹത്താൽ അദ്ദേഹത്തിന്റെ മുഖം എനിക്ക്‌ മനസ്സിൽ തെളിയാറുണ്ട്‌. എന്റെ ഈ എളാപ്പ പറഞ്ഞതു പോലെത്തന്നെയാണു എനിക്കും തോന്നിയിട്ടുള്ളത്‌. . എളാപ്പമാരുടെ കൂട്ടത്തിൽ വച്ചേറ്റവും സ്നേഹനിധിയായ രൂപം.
വെള്ളിയാഴ്ച ദിവസത്തിനു മറ്റു ദിവസങ്ങളെ അപേക്ഷിച്ച്‌ പ്രാർത്ഥനക്ക്‌ ഉത്തരം ലഭിക്കുന്ന ചില സമയങ്ങൾ റബ്ബ്‌ അനുഗ്രഹിച്ചു തന്നിട്ടുണ്ട്‌ എന്നാണു ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്‌. 

അദ്ദേഹത്തിനു വേണ്ടിയുള്ള നമ്മുടെ ഈ വെള്ളിയാഴ്ചയിലെ പ്രാർത്ഥന റബ്ബ്‌ സ്വീകരിക്കട്ടെ. .. امين
---------------------------------
ജഹ്ഫർ അലി പി. കെ. 



മരണം
ആരെയും വിടാത്ത മരണം
എപ്പോഴും സാധിച്ചില്ലെങ്കിലും ഇടക്കൊക്കെ നമ്മൾ ഓർക്കേണ്ടതായ മരണം
എല്ലാ ആത്മാക്കളും മരണത്തിന്റെ രുചി അറിയുക
തന്നെ ചെയ്യും.
അവധിയെത്തിക്കഴിഞ്ഞാൽ
അണു നിമിഷം പോലും പിന്തി
പിക്കപ്പെടുകയില്ല എന്ന് നമ്മെ ഉണർത്തിയിട്ടുണ്ട് പടച്ച
തമ്പുരാൻ,
അത് കൊണ്ട് തന്നെ ഏത് സെക്കന്റിലും നമ്മ ൾഇത് കാത്ത് നിൽക്കുന്നവരാണ് -
കാത്ത് നിൽക്കേണ്ടവരുമാണ്.
പക്ഷെ ചില മരണങ്ങളുടെ വേദന നമ്മെ ജീവിതകാലം
മുഴുവനും പിന്തുടർന്ന് കൊണ്ടേയിരിക്കും,
.ബാപ്പു എന്ന് ഞങ്ങൾ വിളി
ചിരുന്ന ഞങ്ങ ളു ടെ പ്രിയ സഹോദരൻബഷീറിനെ ഇന്നും കണ്ണീരോടെയല്ലാതെ
ഓർക്കാനും എഴുതാനും കഴി
യു ന്നില്ലലോകമെ .
ഈ പേരിലും വിളിപ്പേരിലും
ഞങ്ങളുടെ വീട്ടിൽ രണ്ട് പേരുണ്ട് " രണ്ടും അവന്റെ
ഓർമക്കായിട്ട് ഇട്ടതാണ്.
വർഷം 17 കഴിഞ്ഞിട്ടും ഇന്നും
വിട്ട് മാറാത്ത ഒരു വേദനയാ
യ ഒരു വേർപാടാണ് പ്രിയ
സഹോദരന്റെത് '
ഇത്ര ദൈർഘ്യ മെയുള്ളൊ
കാലചക്രത്തിനെന്ന് തോന്നുന്ന പോലെ എല്ലാം
ഇന്നലെ കഴിഞ്ഞ മാതിരി -
ഒരു വല്ലാത്ത പ്രകൃതമായിരു
ന്നു അവന്റെത്;
കൂടപ്പിറപ്പുകളിൽ ഏറ്റവും
സ്നേഹവും ബഹുമാനവും
പ്രകടിപ്പിച്ചവനായിരുന്നു.
കുറഞ്ഞ കാലമെങ്കിലും ഓർ
മിക്കാൻ ഒരു പാട് കാര്യങ്ങൾ
മനസ്സിൽ മായാതെ കിടക്കു
ന്നുണ്ട്. ശരിക്കും ഒളിമങ്ങാത്ത ഓർമകൾ,
ശരിക്കും ഇന്നും ജീവിച്ചി
രുന്നെങ്കിലെന്ന് ആശിച്ച്
പോവുന്ന ഓർമകൾ,
ഒരിക്കൽ ഒരു ബൈക്ക്
വാങ്ങാൻ എന്റെ സമ്മതത്തി
ന് വേണ്ടി അവൻ കാര്യം
അവതരിപ്പിച്ച രീതി,
എന്ത് എതിർപ്പുണ്ടെങ്കിലും
നമ്മൾ സമ്മതം മൂളി പോവും.

ആതൻമയത്വം അവന്റെ എ
ല്ലാ കാര്യത്തിലും ഉണ്ടായിരുന്നു,
മക്കളോടും നല്ല പാതിയോടും
ഒരു വല്ലാത്ത സ്നേഹവും
ബഹുമാനവും ഗുണകാo ക്ഷ
യുമായിരുന്നു'
അയമു തുംബഷീറും ഒരു
ചൊല്ല് പോലെ ആയിതീർ
ന്നിരുന്നു നാട്ടിൽ ഈ കൂട്ടി
പറച്ചിൽ ഇരട്ടകളായത് കൊണ്ട്.
പക്ഷെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടാളുടെ
യും കല്യാണം കഴിഞ്ഞ് തിരിച്ച് വന്ന് ഏതാനും മാസങ്ങൾക്കകം തന്നെ എല്ലാം തീർന്നു;
അവന്റെ ഭാര്യ വീട് വെളിമുക്കിലായിരുന്നു.
ആദ്യമായി അവന് പെണ്ണന്വേഷിച്ച് കയറി ചെന്ന
ആ വീടിന്റെ അകത്തളം ഇന്നും ഓർമയിൽ മങ്ങാതെ
കിടക്കുന്നുണ്ട്.
ഹൈവെയിലായത് കൊണ്ട്
ഇന്നും ആ വഴി വാഹനമോടി
ച്ച് പോവുമ്പോഴും വെറുതെ
കണ്ണുകൾ അങ്ങോട്ട് പായും
മാസങ്ങൾക്ക് മുമ്പ് അതിന്റെ
അയൽപക്കത്ത് ഒരു കല്യാണ ചടങ്ങിന് പോയപ്പോഴും ഓർമകൾ
വല്ലാതെ വേദനിപ്പിച്ചു.
ആ സഹോദരി വേറെ കല്യാ
ണ മൊക്കെ കഴിഞ്ഞ് കുട്ടി
ക ളൊക്കെയായി കഴിഞ്ഞെ
ങ്കിലും അടുത്ത കാലം വരെ
ഞങ്ങളുമായി ബന്ധം പുലർ
ത്തി യി രു ന്നു - അടുത്ത സമയത്തും നല്ല പാതിയുമായി കണ്ട് മുട്ടിയിരുന്നെന്ന് പറഞ്ഞു.
പാവം ഇപ്പോഴും എല്ലാവരെയും അന്വേഷിക്കും
ഇന്നും ആ പ്രിയ സഹോദര ന്റ് വേർപാട്‌ ഉമ്മയെ വല്ലാതെ വേട്ടയാടുന്നുണ്ട്, ഉമ്മ മറ്റ് പലതിലും മുഴുകിക്കൊണ്ട് മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉമ്മ ജീവിച്ചിരിക്കുമ്പോൾ മരിച്ച് പോയെങ്കിലെന്ന് കൊതിച്ച് പോവുന്നത്രഖൽബുരു കുന്ന പ്രാർത്ഥനകളാണ് അവനെ ഓർത്തെപ്പോഴും :

ആ മാതാവിന്റെ കാൽപാദ
ത്തിൻ ചുവട്ടിലവന്റെ സ്വർഗമുണ്ടായിരിക്കട്ടെ:
പരിശുദ്ധ മാക്കപ്പെട്ട മക്കാ
മണ്ണിൽ സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടവർ
അന്ത്യവിശ്രമം കൊള്ളുന്ന'
ആ പരിശുദ്ധർക്കിടയിൽ
നിന്ന് അവരോട് കൂടെ ഉയർത്തെഴുന്നേൽക്കാനും
സ്വർഗം പൂവാനും പ്രിയ സഹോദരനും നമുക്കും റബ്
തൗഫീഖ് നൽകട്ടെ എന്ന്
വായിക്കുന്ന ഓരോരുത്തരും
വാട്സ് അപ്പിന്റെ പേജിൽ കുറിക്കുമ്പോൾ ഖൽബിന്റെ
അന്തരാളങ്ങളിൽ നിന്നും കൂടി
ആത്മാർത്ഥമായി ദുആ ചെയ്യണമെന്ന അഭ്യർത്ഥനയോടെ പ്രിയ സഹോദരൻ

----------------------------------
പി.കെ.അലി ഹസൻ.



السلام عليكم
എന്റെ സഹപാടികളിൽ ഇരട്ടകളായ അഹമ്മദും ബശീറും .
ഇവരിൽ ബശീറ് നേ പടച്ചവൻ നേരത്തേ തന്നേ വിളിച്ചു . മരണം എല്ലാവർകുമുള്ളതാണ് എങ്കിലും ചിലരുടേ വേർപാട് നമ്മേ വളരേ സങ്കടപ്പെടുത്തുന്നതാണ് ബശീറിനേ ഞാൻ അവസാനമായികാണുന്നത് അവന്റെ കല്യാണ ദിവസം പുതിയാപ്പളന്റെ കൂടെപ്പോയപ്പോയാണ് .

സ്കൂളിൽ ഞങൾ ഒരേ ബെഞ്ചിലായിരുന്നു. ഇടക്കൊക്കെ ഞങൾ അവന്റെ വീട്ടിലും എന്റവീട്ടിലും പോയി ഭക്ശണം കഴിക്കുമായിരുന്നു الله സുബ്ഹാനഹുവതആല അവന് സ്വർഗം നൽകട്ടെ നമുക്കും അവന്റെ മാതാപിതാക്കൾകും സഹോധരങൾകും ആരോഗ്യവും ദീർഗായുസും പ്രധാനം ചെയ്യട്ടെ امين
-----------------------------
അബ്ദുള്ള കാമ്പ്രൻ



കക്കാടംപുറം UP സ്കൂളിൽ നിന്ന് കുറ്റൂർ KMHS ൽ എത്തിയതോടെയാണ് കുറ്റൂരുമായി അധികം സമ്പർക്കം സ്ഥാപിക്കാൻ സാധിച്ചത്.അന്ന് മുതൽ പരിചിതമായ മുഖമായിരുന്നു മർഹൂം ബഷീറിന്റെത്.
അതിനേറ്റവും കാരണം അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ അഹമ്മദ്(ഐ മുദു) ഞങ്ങളുടെ സഹപാഠിയായിരുന്നു. സ്കൂൾ പഠനശേഷവും ആ പരിചയം നില നിർത്തിയിരുന്നു. ഗൾഫിൽ വെച്ചാണ് മരണവിവരം അറിയുന്നത്.ആലസൻകുട്ടി കാക്കയും ഇവരും സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കിയത് അടുത്ത കാലത്താണ്.
കൂടെപ്പിറപ്പിന്റെ വേർപാടിന്റെ ആഴം എത്രമാത്രമാണെന്ന് സഹോദരങ്ങളുടെ ഓരോ വരികളിലും നിഴലിച്ച് നിൽക്കുന്നു.
മാതാപിതാക്കൾക്കും കുടുംബത്തിനും അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ

പരേതന്റെയും നമ്മുടെയും പാരത്രിക ജീവിതം അല്ലാഹു വെളിച്ചമാക്കട്ടെ
ആമീൻ
----------------------------
ഫൈസൽ മാലിക്  V. N.



" Life iട a Journey from Allah to Allah "
അല്ലാഹുവിൽ നിന്ന് തുടങ്ങി അല്ലാഹുവിലേക്ക് തന്നെ തിരിച്ചെത്തുന്ന ഒരു യാത്രയാണ് ജീവിതം.
ഇരട്ട സഹോദരങ്ങളായ ബഷീറും അഹമദും വളരെ ചെറുപ്പത്തിലേ എന്റെ വീടിനടുത്തു കൂടെ മദ്രസയിൽ പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മൂത്ത ജ്യേഷ്ടൻ അലി ഹസൻ എന്റെ സഹപാഠിയാണ്. അവർ എല്ലാവരും പഠനത്തിൽ വളരെ മിടുക്കരായിരുന്നു. മതനിഷ്ഠയുള്ള മാതൃക ജീവിതമായിരുന്നു അവരുടേത്.

ബഷീറിന്റെ ആകസ്മിക നിര്യാണം വളരെ ദുഃഖത്തോടെയാണ് ഞാൻ അറിഞ്ഞത്. ഇപ്പോഴും എന്റെ അയൽപക്കത്തുള്ള ആ വീടിന് മുന്നിലൂടെ നടക്കുമ്പോൾ അവന്റെ പേര് എഴുതി വെച്ച ആ ഗേറ്റ് കാണുമ്പോൾ ഒരു നിമിഷം ആ ഓർമ്മ മനസ്സിലെത്തും. റബ്ബിന്റെ ആയുസ്സ് പുസ്തകത്തിൽ ഓരോരുത്തരുടെ സമയം കുറിച്ച പേജ് മറിക്കുമ്പോൾ നാം യാത്രയാകുന്നു. റബ്ബ് അവന്റെ ഖബർ സ്വർഗ പൂന്തോപ്പാക്കട്ടേ.. അവന്റെ കുടുംബത്തിന് ക്ഷമയും അതിന്റെ പ്രതിഫലവും നൽകട്ടെ. നമ്മെയും നമ്മിൽ നിന്ന് മരിച്ച് പോയവരെയും അവനെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ എന്ന് ദുആ ചെയ്യുന്നു.
-------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



മൈലാഞ്ചി കൊമ്പിന്റെ അടയാളമില്ലെങ്കിലും പൂത്ത് നിൽക്കുന്നൊരോർമ്മയിൽ അവൻ ചിരിക്കുന്നുണ്ട്.............
▫▫▫▫▫▫▫▫
മരണത്തിന് നേരമില്ലെന്നതാണ് നേര്.
എന്നാലും ചില മരണങ്ങൾ വല്ലാതെ നേരത്തെയായി എന്ന് തോന്നാറുണ്ട്.
അതിലൊന്നാണ് നമ്മുടെ നാട്ടുകാരൻ
 പി കെ. ബഷീറിന്റെ മരണം.
കുറഞ്ഞ കാലമായിരുന്നെങ്കിലും ഹൃദ്യമായൊരു സൗഹൃദം അവനുമായുണ്ടായിരുന്നു.
ചെറിയ ചെറിയ തമാശകളും മാഞ്ഞു പോവാത്ത ചിരിയുമായി ആ സൗഹൃദത്തിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്.
അവന്റെ കല്യാണത്തിൽ പങ്കെടുത്തതും പുത്യാപ്ല ഇറങ്ങിയപ്പോൾ കൂടെ പോയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.
മധുവിധുവിന്റെ മണവും മധുരവും വിട്ടു പോവും മുൻപെ പ്രവാസത്തിലേക്ക് യാത്ര ചോദിച്ചതും മറന്നിട്ടില്ല.
ആ പോക്ക് പോയ ശേഷം പിന്നീട് അവൻ നാട്ടിലേക്ക് വന്നോ എന്നറിയില്ല.
ഏതായാലും ബഷീറിന്റെ പുതു ജീവിതത്തിന് അധികമൊന്നും ആയുസ്സ് ഉണ്ടായിരുന്നില്ല എന്നറിയാം.
ആരോ അടക്കി പിടിച്ച് പറഞ്ഞ ഒരു വാക്കിൽ നിന്നാണ് ബശീറിന്റെ മരണം അറിയുന്നത്.
പ്രവാസ കാലത്തെ
മരണങ്ങളെല്ലാം അങ്ങിനെയാണ്.
സ്ഥിരീകരിക്കാൻ തോന്നാത്തൊരു കേൾവിയുടെ രൂപത്തിലാവും അത് ആദ്യമെത്തുക.
അതും യുവത്വത്തിന്റെ നട്ടുച്ച നേരത്തുള്ളവരുടെ ചില മരണങ്ങൾക്ക് വല്ലാത്ത അവിശ്വനീയത തോന്നും. 
അതിന്റെ വിങ്ങലിൽനാടും വീടും മൂകതയിലലിയും.
മറു നാട്ടിൽ വെളളപുതച്ച് കിടത്തിയ മയ്യിത്തിന് സ്വന്തം നാട്ടിൽ നിറയുന്ന ഓർമ്മയുടെ തിരിനാളങ്ങൾ മാത്രമാവും അന്നേരം കൂട്ട്.
മരണാനന്തര കർമ്മങ്ങളുടെ നിർവൃതി കിട്ടാത്ത ഉsപ്പിറപ്പുകളിലും നാട്ടുകാരിലും  ഈ ഓർമ്മകൾ കുന്തിരിക്കം പോലെ പുകഞ്ഞ് കൊണ്ടിരിക്കും.
പള്ളികാട്ടിലെ മീസാൻ കല്ലോ ഒടിച്ച് കുത്തിയ ഒരു മൈലാഞ്ചി കൊമ്പോ അടയാളമായി ബാക്കിയില്ലാത്തവരായിരിക്കും ഇവർ.
ഇതൊക്കെ കൊണ്ട് തന്നെ  നീണ്ട ഒന്നര പതിറ്റാണ്ടിന് ഇപ്പുറവും ബഷീറിന്റെ ഓർമ്മകൾ പൂക്കുന്നത് ഒടിച്ച് കുത്തിയ മൈലാഞ്ചി മരത്തിലല്ല അവൻ കൈയിട്ട് നടന്ന സൗഹൃദങ്ങളിലാണ്.
 ഇനിയും ഒരു പാട് കാലം ഇവർ ബഷീറിനെ പറ്റി ഓർത്തു പറഞ്ഞു കൊണ്ടേയിരിക്കും.
അവൻ നട്ടുനനച്ച് വളർത്തിയ സൗഹൃദങ്ങൾ അതിനു മാത്രം പച്ചപ്പോടെ ഇപ്പോഴും തളിർത്ത് നിൽക്കുന്നുണ്ട്.
അള്ളാഹു ഖബറിടം വിശാലമാക്കട്ടെ.
➖➖➖➖➖➖➖➖

സത്താർ കുറ്റൂർ



ബഷീർ നമ്മെ പിരിഞ്ഞിട്ട് 17 വർഷമായി എന്ന് വായിച്ചപ്പോൾ വിശ്വസിക്കാൻ പ്രയാസം .....എല്ലാം അടുത്ത് കഴിഞ്ഞ പോലെ.  

ബഷീർ അസുഖ ബാധിതാനെണെന്നറിഞ്ഞ് ജിദ്ദയിലെ സൗദി ജർമ്മൻഹോസ്റിറ്റലിൽ ചെന്നതും മക്കയിൽ ജന്നത്തുൽ മഹല്ലിൽ കബറടക്ക ചടങ്ങിൽ പങ്കെടുത്തതും ഇന്നെലെ കഴിഞ്ഞ പോലെ തോന്നുന്നു. 

ബഷീറിന്റ ചിരിയും തമാശകളും മനസ്സിൽ കയറി വരുന്നു....പലരേയും പോലെ എനിക്കും അയമു   ദുവിനേയും,ബഷീറിനേയും മാറാറുണ്ട്. 


ബഷീറിന് വേണ്ടിയുള്ള പ്രാത്ഥനകൾ എല്ലാം അള്ളാഹു സ്വീകരിക്കട്ടെ.
-------------------------------------
അബ്ദുലത്തീഫ് അരീക്കൻ



പാതി വഴിക്ക്‌ തിരിഞ്ഞ്‌ നടന്ന        സുഹൃത്ത്‌
    -----------------------
പറച്ചിലാരംഭിക്കും മുമ്പേ ചിരിച്ച് തുടങ്ങുകയും പറഞ്ഞവസാനിച്ചാലും ചിരി നിലക്കാതിരിക്കുകയും ചെയ്യുന്ന രണ്ട് പേർ അവരാണ് അയമുദുവും ബഷീറും. മണി മണിയായുതിർന്ന് വീഴുന്ന ട്രേഡ്‌മാർക്ക് ചിരിക്കുടമകളായിരുന്നു എന്റെ ബാല്യകൗമാർകരക്കാഴചകളിൽ എന്നും ഗൃഹാതുരത്വം ഉണർത്തിയ ആ ഇരട്ടകൾ. 

പ്രായത്തിൽ ബഷീർ ജൂനിയറായിരുന്നെങ്കിലും ആ അന്തരം സൗഹൃദത്തിന്റെ ആഴം കുറച്ചില്ല.

ഈ കൂട്ടിൽ വന്ന രണ്ട് ഫോട്ടോകളിലേയും രൂപമല്ല മനസ്സിൽ തെളിഞ്ഞ്‌ വരുന്നത്‌!

ഉപ്പയുടെ തറവാട് വീടിന്റെ തൊടിയിലെ കത്തിച്ചുണ്ടൻ മാവിന്റെ ചുവട്ടിൽ, വെള്ളിയാഴ്ച ഊക്കത്ത്‌ പള്ളിയിലേക്കുള്ള ഇടവഴിയിൽ, ഒഴിവ്‌ ദിനങ്ങളിൽ കൊടുവാപാടത്തെ തോട്ടിലും ചേറ്‌ കലർന്ന കുളത്തിലും കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഏത്തം കെട്ടിയ കുഴികളിൽ, ഹൈസ്‌കൂളിന്റെ ബേക്കിൽ ,വഅള് നടക്കുന്ന മദ്രസ്സയിൽ മാത്രമല്ല, തിരക്കുട്ട് വിൽക്കുന്ന പെട്ടിക്കടക്ക് മുമ്പിലും കുപ്പായമിട്ടും ഇടാതെയും ഒരു സംഘം സമപ്രായക്കാരോടാപ്പം ചിരിച്ചും കളിച്ചും 'തെണ്ണിപ്പ് 'കാണിച്ചും അവനുണ്ടായിരുന്നു. ആ ചിത്രമാണ് എന്റെ ഉള്ള്‌ നിറയെ. 

അയമുദു ബഷീറുമാരിലെ രൂപത്തിലും ഭാവത്തിലുമുള്ള സാദൃശ്യം പരിചയമില്ലാത്തവരെ കുഴക്കിയിരുന്നു.അത് മുതലാക്കി കളിയാക്കാനായി ഞാനടക്കമുള്ള പലരും ഒരാളെത്തന്നെ അയമുദു ബഷീ റേ എന്ന് ഒരുമിച്ച് വിളിക്കുക പതിവായിരുന്നു. ജ്യേഷ്ഠൻ ആലസ്സൻ കട്ടി കാക്ക പറഞ്ഞ പോലെ നാട്ടുകാർക്കിടയിൽ അയമുദു ബഷീർ എന്ന ഒരു പ്രയാഗം തന്നെ നിലവിൽ വരാൻ തുടങ്ങിയിരുന്നു.

93 -ൽ പ്രവാസം തുടങ്ങിയതിൽ പിന്നെ ബഷീറിനെ കണ്ടിട്ടുണ്ടോ എന്നോർമ്മയില്ല. പിന്നീട് കേൾക്കുന്നതോ അത്യധികം വേദനിപ്പിച്ച മരണ വൃത്താന്തവും.പടച്ചവനേ എന്തൊരു വിധിയാണിതെന്ന് തോന്നിപ്പോയി.ഇരട്ടകളിൽ നിന്ന് ഒരാളെ പറിച്ചു കളയാൻ മനസ്സ് ഒരു നിലക്കും കൂട്ടാക്കാത്ത പോലെ. പക്ഷെ മനുഷ്യ ജീവിതത്തിലെ ഏറ്റവും പരമമായ സത്യം അധികം നാൾ മൂടി വെക്കാൻ ആർക്ക് സാധിക്കും. അവസാനം ഏത് പ്രതികൂലാവസ്ഥയോടും പ്രകൃതിതന്നെ മനസ്സിനെ സമരസപ്പെടുത്തുന്നു!ബഷീറില്ലാതെ അയമുദു എങ്ങിനെ എന്ന മനസ്സിനെ അലട്ടിയ മുഴുമിപ്പിക്കാത്ത ചോദ്യത്തിനുത്തരം നൽകിയതും ആ പ്രകൃതി നിയമം തന്നെ. 

നമ്മുക്കാശ്വസിക്കാം,അവന്നന്തി യുറങാൻ അല്ലാഹു തെരെഞ്ഞെടുത്ത മണ്ണ് അത് സഹാബികളുടേയും സ്വാലിഹീങ്ങളുടേയും ചാരത്താണല്ലോഎന്നതിൽ.


അവനേയും നമ്മേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ.
----------------------------
ജലീൽ അരീക്കൻ 



ബഷീർ
ഒരു നാടിനെ മുഴുവൻ ഈറനണിയിച്ച ഒരു വേർപാടായിരുന്നു ബഷീറിന്റേത്.
ഇരട്ടക്കുട്ടികളായ ഇവരെ കൊച്ചു കുഞ്ഞുങ്ങളായിരുന്നതു മുതൽ എനിക്ക് നന്നായി അറിയാം.
കുറ്റൂർ നോർത്തിൽ മസാലക്കട നടത്തിയപ്പോഴും പുഞ്ചിരിയോടെയല്ലാതെ ബഷീറിനെ ഞാൻ കണ്ടിട്ടില്ല. സഹോദരൻ ഹനീഫ് സാഹിബ് പറഞ്ഞത് പോലെ ആ ബെഞ്ചിൽ ഞാനും ഇരിക്കാറുണ്ടായിരുന്നു. ചെറിയവരെന്നോ വലിയ വരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ടുള്ള ആ സംസാരം ഇന്നും ഓർമ്മയിലുണ്ട്.
ജിദ്ധയിൽ ജോലിയായിരുന്ന ബഷീറും ഇരട്ട സഹോദരൻ അഹമ്മദും ഒരുമിച്ച് നാട്ടിൽ വരുകയും ഒന്നിച്ച് രണ്ട് പേരുടെയും കല്യാണം നടത്തുകയും ചെയ്തു. 
റബ്ബിന്റെ വിധി എങ്ങനെയെന്ന് നമുക്കറിയില്ലല്ലോ ......
പിന്നീട് ജിദ്ധയിൽ നിന്ന് അവന് അസുഖം വരുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം സഉദിജർമ്മൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരാഴ്ചകൊണ്ടതന്നെ എല്ലാം സംഭവിച്ചു.2000 ഒക്ടോബർ മാസം 22-ാം തീയതി ( 1421 റജബ് മാസം 24) ബഷീർ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഈ മരണ വാർത്ത നാട്ടിലറിഞ്ഞതോടെ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്ന, നിഷ്കളങ്കതയുടെ പര്യായമായിരുന്ന ബഷീറിനേയേർത്ത് കുറ്റൂർ ഗ്രാമം മുഴുവൻ തേങ്ങി. 

ബഷീറിന്റെ പരലോകജീവിതം അള്ളാഹു ഖൈറിലാക്കട്ടെ, നമ്മെയും ബഷീറിനെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ , ജീവിച്ച് കൊതിതീരുന്നതിന് മുമ്പുതന്നെ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സഹോദരൻ ബഷീറിന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കിക്കൊടുക്ക് റബ്ബേ - ആമീൻ യാ റബ്ബൽ ആലമീൻ.
---------------------------------------
എം ആർ സി അബ്ദുറഹ്മാൻ



പ്രിയപ്പെട്ട ബഷീർ,
അഞ്ചാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരേ ഒരേ ക്ലാസിൽ ഒന്നിച്ചിരുന്ന് പഠിച്ച എന്റെ പ്രിറ്റപ്പെട്ട സഹപാഠി അല്ല സ്നേഹനിധിയായ സഹോദരൻ .
ഈ ആറു വർഷത്തേ സ്കൂൾ ജീവിതത്തിൽ എല്ലാ സമയത്തും ഒന്നിച്ച്‌ തന്നെയായിരുന്നു ഞങ്ങൾ ചിലവഴിച്ചിരുന്നത്‌ ..
ഞങ്ങളുടെ കൂട്ടത്തിൽ ബഷീറും അഹമ്മദും പിന്നെ പ്രിയപ്പെട്ട രണ്ട്‌ മൂന്ന് കൂട്ടുകാരും ... ക്ലസിൽ മാത്രമല്ല ക്ലാസിനു വെളിയിലും ഗ്രൗണ്ടിൽ ചുറ്റി കറങ്ങുംബോഴും സ്‌പോർട്‌സ്‌ , കലോത്സവ ദിവസങളിലും ഒന്നിച്ചായിരുന്നു ഞങ്ങളുടെ സഹവാസം ...
എല്ലാം ഇന്നലേ കഴിഞ പോലേ തോന്നുന്നു 1984 മുതൽ 1989 വരേയുള്ള കാലഘട്ടമാണെന്ന് ഓർക്കണം .  
പത്ത്‌ കഴിഞ്ഞു ഞങ്ങൾ രണ്ട്‌ വഴിക്കായി ...
പിന്നീടെപ്പോഴൊ ഞാൻ യു എ ഇ ലേക്കും അവൻ സൗദിയിലേക്കും പറന്നു ...
അതിനു ശേഷം നേരിൽ കണ്ടതായി ഓർമയില്ല ...
ബഷീറിന്റെ മരണ വാർത്ത അറിയുംബോൾ ഞാൻ നാട്ടിലുണ്ട്‌ ...
വല്ലാത്ത ഒരു മനഃപ്രയാസം ആ വാർത്ത അന്ന് എന്നിലുണ്ടാക്കി .....
തൊട്ടടുത്ത വെള്ളിയാഴ്ച്ച ഊകത്ത്‌ പള്ളിയിൽ ജുമു'അക്ക്‌ ശേഷം ബഷീറിനു വേണ്ടിയുള്ള മയ്യിത്ത്‌ നിസ്കാരവും പ്രത്യേക പ്രാർഥനയും ഉണ്ടായിരുന്നു ...ബഷീറിനേ കുറിച്ച്‌ മഹല്ല് പ്രസിഡന്റ്‌ അബ്ദു മുസ്ലിയാർ ( എന്റെ അബ്ദു എളാപ) പറഞപ്പോൾ എന്നെ പോലെ തന്നെ അടുത്തിരിക്കുന്ന പലരുടേയും കണ്ണുകൾ നിറഞ്ഞത്‌ ഇന്നും ഞാനോർകുന്നു ...
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അഹമ്മദിനേ കണ്ടപ്പോൾ ബഷീറിന്റെ മുഖവും അന്നെന്റെ മനസ്സിൽ ഓടിയെത്തി ...
നമ്മൾ പ്രവാസികൾക്‌ നേരിടേണ്ടി വരുന്ന വല്ലാത്ത ഒരു മാനസിക അവസ്ഥയാണിത്‌..
പ്രിയപ്പെട്ട സുഹൃത്തുക്കൾ സഹപാഠികൾ തുടങ്ങി നമുക്ക്‌ എന്നും ഓർകാൻ ഇഷ്ടപ്പെടുന്ന നമ്മുടെ കൂട്ടുകെട്ടുകളേ വീണ്ടും ഒന്നും കൂടി കൂട്ടി ചേർക്കാൻ നമുക്ക്‌ കഴിയാതെ പോകുന്നു ..
അതിനിടയിൽ ഇത്‌ പോലെയുള്ള സ്നേഹനിധികളുടെ വേർപാട്‌ ഉണ്ടാകുന്ന ആഘാതം പ്രവാസത്തെ വെറുക്കാൻ വരേ കാരണവുമാകുന്നു......
പടച്ച തമ്പുരാൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മേയെല്ലാം ഒരുമിച്ച്‌ കൂട്ടുമാറാകട്ടെ.  ....  ..امين
----------------------------
P.K ശരീഫ് കുറ്റൂർ 


No comments:

Post a Comment