സൂറതുൽ കഹ്ഫിന്റെ മഹത്വത്തെ കുറിച്ച് വയള് കേട്ട് ഓതൽ പതിവാക്കാൻ തുടങ്ങിയതാണ് മൊയ്തു. വെള്ളിയാഴ്ചയുടെ രാവിലോ പകലിലോ അൽ കഹ്ഫ് ഓതിയാൽ അടുത്ത വെള്ളിയാഴ്ച വരേ 'ദജ്ജാലിന്റെ ഫിത്നയിൽ നിന്നുൾപ്പെടേ അള്ളാഹു വിന്റെ സംരക്ഷണം ലഭിക്കുമെന്ന് ' മുത്ത് നബിയുടെ ഹദീസ് ഉണ്ടെന്നായിരുന്നു അതിലെ വിഷയം.
ഓട്ടോ ഡ്രൈവറായ മൊയ്തു ഒരു ദിവസം ഓട്ടോയുമായി കുറ്റൂർ മാടംചിന ഭാഗത്ത് നിന്ന് വരുമ്പോഴാണ് അവന് അത് ബോധ്യപ്പെട്ട ഒരു സംഭവം ഉണ്ടായത് !
പഴയ ഓട്ടോയാണ്. പെട്രോൾ എഞ്ചിൻ, മാടംചിന സ്കൂളിന് മുമ്പിലെ ഹമ്പിനായി ബ്രേക്ക് ചവിട്ടിയപ്പോൾ വണ്ടിക്ക് നിൽക്കാൻ മടി, ബ്രേക്ക് പെഡൽ താഴ്ന്നു. മൊയ്തു ഗിയർ ഫസ്റ്റിലിട്ടു, വണ്ടി ഓഫാക്കി നോക്കി, വണ്ടി നിൽക്കുന്നില്ല. ഇറക്കമാണ്, രണ്ട് യാത്രക്കാരും ഉണ്ട്. മൊയ്തു പറഞ്ഞു: ഒന്നിറങ്ങി കല്ലെന്തെങ്കിലും വെക്കുമോ? യാത്രക്കാരൻ: എന്തേ ബ്രേക്കില്ലേ? ബ്രേക്ക് ഇല്ലെന്ന് തോന്നുന്നു എന്ന് മൊയ്തു പറഞ്ഞതും ഒരാൾ ചാടിയിറങ്ങി കല്ല് നോക്കി, ഇല്ല കല്ലൊന്നും കാണുന്നില്ല. പിറകിലായി വന്ന ഒരു ഓട്ടോയിൽ കയറി അവൻ പോയി. അപ്പോഴേക്കും രണ്ടാമത്തെ ഹമ്പ് ചാടി, കൂടെ രണ്ടാമത്തെ യാത്രക്കാരനും. വണ്ടി പ്രത്യേക ശബ്ദത്തിൽ ചീറിക്കൊണ്ട് മുന്നോട്ട് പോവുകയാണ്.
മൊയ്തുവിന്റെ മനസ്സിലൂടെ ഒരായിരം കൊള്ളിയാൻ മിന്നി. ചിന്തകളും, എന്ത് ചെയ്യും?. വണ്ടി എങ്ങനെ നിറുത്തും? കുത്തനെയുള്ള ഇറക്കം കൂടിക്കൂടി വരികയാണ്. വണ്ടി എവിടെയെങ്കിലും ഇടിപ്പിക്കണോ? ചാമ്പറ ചാലിൽ ചാടിച്ചാൽ നിൽക്കുമോ? സ്വയം ചാടി സ്വന്തം തടി കാക്കണോ? ചിന്തകൾ പലതും മനസ്സിലൂടെ നൊടിയിടയിൽ പാഞ്ഞു. വണ്ടിക്കും തനിക്കും പരിക്ക് പറ്റാതെ രക്ഷപ്പെടണമല്ലോ? അന്നൊരു ദിവസം ബദൽ ഡ്രൈവറായി പോയതുമാണ്. എന്ത് ചെയ്യും പടച്ചോനേ...
അപ്പോഴാണ് സ്റാമ്പ്യയും കഴിഞ്ഞുള്ള ചെറിയ കടയോ വിടോ ഉള്ളിടത്ത് അതിന് ഇടക്കായി ഒരു ചെറിയ കട്ട റോഡ് കണ്ടതും അതിലേക്ക് വെട്ടിച്ച് കയറ്റിയതും !
വണ്ടി ങ്ങ്ഗ്യം ങ്ങ്ഗ്യം എന്ന് പറഞ്ഞ് നിന്ന് കിട്ടി. സാധാരണ കുട്ടികൾ കളിക്കാറുള്ള സ്ഥലമായിരുന്നത്രേ.. ആ സമയത്ത് ആരും ഇല്ലാത്തത് കൊണ്ട് ഒരാപത്തും കൂടാതെ രക്ഷപ്പെട്ടു. അൽഹംദുലില്ലാ. വണ്ടി നിർത്താതെ മുന്നോട്ട് പോയിരുന്നെങ്കിൽ എന്താകുമായിരുന്നു. സ്പീഡ് കൂടും തോറും അപകട സാധ്യതയും കൂടുതൽ !! മുന്നോട്ട് പോയാൽ ഇറക്കവും കൊടുംവളവും പാടവും. പടച്ചോൻ കാത്തു.
വണ്ടി നിർത്തി ബ്രേക്ക് ചെക്ക് ചെയ്തു. ബ്രേക്ക് പിസ്റ്റൺ ചാടിയതാണ് - പഴയ വണ്ടിയല്ലേ.
ഏതായാലും അതിന് ശേഷം എല്ലാ വെള്ളിയാഴ്ചയും അൽ കഹ്ഫ് ഓതാൻ അവൻ ശ്രദ്ധിക്കും. പറയാൻ പറ്റുന്നവരോട് ഓതാൻ പറയും.
എപ്പോഴും അത് ഫലം ചെയ്തു. പലപ്പോഴായി പല വണ്ടികളും കേട് വന്നപ്പോഴും കൂടുതൽ പ്രയാസപ്പെടാതെ കാത്തു.
നാം ഓരോരുത്തരും എല്ലാ വെള്ളിയാഴ്ചകളിലും സൂറത് അൽ കഹ്ഫ് ഓതാൻ ശ്രദ്ധിക്കുക. അള്ളാഹു നാം ഓരോരുത്തരെയും ആത്മീയവും ഭൗതീകവും സാമ്പത്തീകവും ആരോഗ്യപരവുമായ എല്ലാ ഫിത്നകളെ തൊട്ടും ആഫാത്കളെ തൊട്ടും കാത്ത് രക്ഷിക്കട്ടെ! ആമീൻ.
--------------------------------
മൊയ്‌ദീൻ കുട്ടി പള്ളിയാളി
No comments:
Post a Comment