എറമുട്ടി മൊല്ലാക്ക;
വെളിച്ചം കിനിയുന്ന ഓർമ്മകൾ
▫▫▫▫▫▫▫▫
തല മുറകൾക്ക് അറിവ് പകർന്ന് കൊടുത്ത പഴയ തലമുറയിലെ ഉന്നത വ്യക്തിത്വമാണ് എറമുട്ടി മൊല്ലാക്ക.
കഴുങ്ങും തോട്ടത്തിൽ ആലി എന്നവരുടെ മകനായാണ് ജനനം.
പ്രാഥമിക പഠനം കുറ്റൂർ കണ്ണാട്ടി ചെനക്കലെ ബീരാൻ മൊല്ലാക്കയുടെ ഓത്തുപള്ളിയിലായിരുന്നു.
അവിടെ തന്നെയാണ് അധ്യാപന ജീവിതത്തിന്റെയും തുടക്കം.
പതിനാറാം വയസ്സിൽ തന്നെ അധ്യാപകനായി സേവനം ചെയ്തു തുടങ്ങി.
പിന്നീട് അദേഹം തന്റെ സേവനമേഖല കൊടുവായൂരിലേക്ക് മാറ്റി.
അന്നവിടെ ഓത്തുപള്ളിയില്ലായിരുന്നു.
മാർക്കറ്റ് റോഡിൽ ഇപ്പോൾ നിസ്കാര പളളി നിൽക്കുന്ന സ്ഥലത്ത് ഓത്തുപള്ളി സ്ഥാപിച്ചു.
കേവലം ഒരു
ഓത്തുപള്ളി മൊല്ലാക്ക എന്നതിനപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ ഇദ്ദേഹത്തിനായി.
തലമുറകൾക്ക് അറിവിന്റെ വെളിച്ചം നൽകി.
അവരുടെ വേദനകളിലും, സന്തോഷങ്ങളിലും കൂടെ നിന്നു.
എറമുട്ടി മൊല്ലാക്കയില്ലാത്ത ഒരു ചടങ്ങ് പോലും അവിടെ നടന്നില്ല.
എല്ലാറ്റിനും അവർക്ക് അദ്ദേഹം തന്നെ വേണമായിരുന്നു. ഈ പ്രദേശത്തെ നൻമയുടെ നാട്ടു ശീലങ്ങളെ തലമുറകൾക്കിടയിൽ അണഞ്ഞുപോവാതെ കാത്തുസൂക്ഷിക്കുന്നതിൽ എറമുട്ടി മൊല്ലാക്ക വലിയ പങ്ക് വഹിച്ചു. നാട്ടുകാർക്കിടയിൽ സൗഹൃദം നിലനിറുത്തി പോന്നു.
മതപരമായ കാര്യങ്ങളിൽ ഇവർക്ക് ആദ്യത്തെയും അവസാനത്തെയും വാക്ക് ഇദേഹം തന്നെയായിരുന്നു.
ഓത്തുപള്ളികൾ പിന്നീട് മദ്രസകളായി പരിണമിച്ചപ്പോഴും കൊടുവായൂർകാരുടെ മുന്നിൽ എറമുട്ടി മൊല്ലാക്ക തന്നെയായിരുന്നു.
ഫസലിയ്യ ജുമാ മസ്ജിദിന്റെ പരിപാലനത്തിലും മറ്റ് പ്രവർത്തനങ്ങളിലും ഇദ്ദേഹം തന്നെയായിരുന്നു.
മദ്രസ സ്ഥാപിച്ചപ്പോൾ അതിന്റെയും എല്ലാമെല്ലാമായി എറമുട്ടി മൊല്ലാക്ക തുsർന്നു.
അരനൂറ്റാണ്ടിലേറെക്കാലം തുടർന്ന ആ സേവനങ്ങൾ തന്റെ ആരോഗ്യം അനുവദിക്കുവോളം അദ്ദേഹം തുടർന്നു.
ഒരു പുരുഷായുസ്സ് മുഴുവൻ കൊടുവായൂരിന്റെ ആത്മീയ വൈജ്ഞാനിക മണ്ഡലത്തിൽ ചെലവഴിച്ച എറമുട്ടി മൊല്ലാക്കയെ പഴയ തലമുറയിലുള്ളവർക്ക് ഒരിക്കലും മറക്കാനാവില്ല.
---------------------------
സത്താർ കുറ്റൂർ
സാത്വികനായ പണ്ഡിത ശ്രേഷ്ഠൻ
▪▪▪▪▪▪▪
കുറ്റൂർ നോർത്തിൽ നിന്ന് കാൽ നടയായി A.R.നഗർ ബസാറിലേക്ക് റോഡിന്റെ അരിക് പറ്റി വിനയാന്വിതനായി നടന്നു പോകുന്ന K.T എറമുട്ടി മൊല്ലാങ്ക എന്റെ ചെറുപ്പകാലത്തെ നിത്യ കാഴ്ചകളിൽ ഒന്നായിരുന്നു. ARനഗർ ഇസ്ലാഹുൽ ഉലൂം മദ്രസ്സയിലോ ഫസലിയ്യ മസ്ജിദിലോ ആയിരുന്നു ആ നടത്തം അവസാനിച്ചിരുന്നത്.
ഓത്തുപള്ളി കാലം മുതലേ കൊടുവായൂരിലെ ദീനി വിജ്ഞാന അധ്യാപന രംഗത്തെ നെടുംതൂണായിരുന്നു അദ്ദേഹമെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.ഇല്ലാത്ത മഹത്വങ്ങൾ പറഞ്ഞ് ഫലിപ്പിക്കുന്ന വർത്തമാനകാലത്ത് നിന്ന് വിഭിന്നമായി ആരും പറയാതെ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് സ്ഫുരിക്കുന്ന ഈമാനിക ചൈതന്യം നമുക്ക് ബോധ്യമായിരുന്നു. വളരെയേറെ ഭയഭക്തിയോടെയാണ് എല്ലാവരും അദ്ദേഹത്തെ സമീപിച്ചിരുന്നത്. ഏ ആർ നഗർ മഹല്ല് നിവാസികൾക്ക് ഒഴിച്ച് കൂടാൻ കഴിയാത്ത സാന്നിധ്യമായിരുന്ന എറമുട്ടി മൊല്ലാങ്ക കർമ്മം കൊണ്ടും അന്ത്യവിശ്രമം കൊണ്ടും എ ആർ നഗറുകാരനാവുകയായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ പൗരാണിക മഹല്ലും ഖബർസ്ഥാനും ഉണ്ടായിരുന്നിട്ടും അന്ത്യ വിശ്രമം കൊള്ളുന്നത് താൻ നട്ടുവളർത്തിയ മഹല്ലിലാണ് എന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ഇന്നത്തെ പോലെ ഗതാഗത സൗകര്യവും വാർത്താ വിനിമയവും ഇല്ലാതിരിന്നിട്ടും വൻ ജന ബാഹുല്യം അദ്ദേഹത്തിന്റെ ജനാസയെ അനുഗമിച്ചത് ഇന്നും ഓർമ്മയിലുണ്ട്.വിദേശത്തായിരുന്ന മകൻ ആലിക്കുട്ടി മാഷ് മരണവിവരം അറിഞ്ഞ് നാട്ടിലും ഉടനെ പള്ളിയിലും എത്തിയെങ്കിലും അപ്പോഴേക്ക് മയ്യിത്ത് മറമാടിയിരുന്നു എന്നും പിന്നീട് ഖബറിനരികിൽ നിന്നാണ് അദ്ദേഹം മയ്യിത്ത് നിസ്കരിച്ചത് എന്നും അന്ന് പറഞ്ഞ് കേട്ടിരുന്നു. (മൊബൈൽ ഫോൺ യുഗത്തിൽ ഇതൊക്കെ അവിശ്വസനീയമായി തോന്നിയേക്കാം) പതിറ്റാണ്ടുകളോളം തലമുറകൾക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് നമ്മിൽ നിന്ന് വിട പറഞ്ഞ് പോയ മഹാനവർകളുടെ ദറജ الله ഉയർത്തട്ടെ....
മഹാൻമാരുടെ സുകൃതം കൊണ്ട് നാട്ടിൽ സമാധാനവും ശാന്തിയും സദാ വർഷിക്കുമാറാവട്ടെ.. آمين
എന്ന് പ്രാർത്ഥിക്കുന്നു.
-------------------------------------
ഫൈസൽ മാലിക്ക്
എറമുട്ടി മൊല്ല എന്ന എൻറെ മൂത്താപ്പ (ഉമ്മാന്റെ സഹോദരീ ഭർത്താവ്)
എന്റെ കുട്ടിക്കാലത്തായിരുന്നു മൂത്താപ്പ കൊടുവായൂർ പള്ളിയിൽ മൊല്ലാങ്കയായിരുന്നത് എല്ലാവർക്കും സ്വീകാര്യനായിരുന്നു അദ്ധേഹം
ദീനീ രംഗത്ത് വളരേയതികം പ്രവർത്തിച്ച അദ്ധേഹം വളരേ എളിമയോടെ സാധാരണക്കാരനായാണ് ജീവിച്ചത്
ദാന ധർമ്മയളിൽ മൂത്താപ്പയും മൂത്തമ്മയും വളരേ ശ്രദ്ധകൊടുത്തിരുന്നു
മത്താപ്പാനെ പള്ളിപ്പറംബിൽ സ്മരിക്കാനും ദുആചെയ്യാനും കഴിഞതിൽ നന്നിരേഖപ്പെടുത്തുന്നു
------------------------------
അബ്ദുല്ല കാമ്പ്രൻ
തലമുറകൾക്ക് ദീനീ ഉലൂമ് പകർന്ന സ്വാത്ഥികൻ
------------------------------------------
പഴയ കാല മത പഠന േസ്രാതസ്സായ ഓത്ത് പള്ളിയിലൂടെയാണ് KTഎറമൂട്ടി മൊല്ലാക്ക എന്ന മൊല്ലാക്കയും കൊടുവായൂർ പ്രദേശത്ത് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയത് മദ്റസ്സ പ്രസ്ഥാനം നാമ്പിടുന്നതിന്റെ എത്രയോ മുമ്പ് തന്നെ കൊടുവായൂർ അങ്ങാടിയിൽ ഇന്നത്തെ മാർക്കറ്റ് റോഡിലുള്ള സ്രാമ്പിയയും അതിന്ന് തൊട്ടടുത്ത് ഒരു തറമ്മൽ ഓത്തുപള്ളിയും ഉണ്ടായിരുന്നു ആ ഓത്തുപള്ളിയിലൂെട തുടങ്ങിയ എറമൂട്ടി മൊല്ലാക്കാന്റെ ജീവിതം സൗകര്യർത്ഥവും വിപുലീകരണാർത്ഥവും ഓത്തുപള്ളി പല കുറി ഇടമാറ്റം കണ്ടെത്തിയപ്പോഴും മൊല്ലാക്ക അതിന്റെ എല്ല്ലാം കൂടെ നടന്നു
ദീനീ കാര്യത്തിൽ തൽപരരായിരുന്ന ചെറാട്ടിൽ തറവാട് കാരുടെതായിരുന്നു കൊടുവായൂർ അങ്ങാടി മുഴുവനും അവിടെ എവിടെ ഓത്തുപള്ളി സ്ഥാപിക്കാനും എറമൂട്ടി മൊല്ലാക്കാന്റെ ഒരു താൽപര്യം മാത്രം മതിയായിരുന്നു ഇന്നും നമ്മൾ അറിയപ്പെടുന്ന PPഫസൽ ഹാജി എന്ന വരുടെ വന്ദ്യ പിതാവ് മർഹും ചെറാട്ടിൽ മുഹമ്മദ് കാക്ക എന്നവർക്ക്
ഈ ഓത്ത് പള്ളിയുഗത്തിൽ കൊടുവായൂർ അങ്ങാടിയിൽ ഒരു ജുമുഅത്ത് പള്ളിയില്ലായിരുന്നു എന്നത് കൗതുകകരം കൊടുവായൂരിനെ പലതായി ഭാഗിച്ച് കൊളപ്പുറവും കുന്നാഞ്ചീരിയും ഊക്കത്തും മഹല്ലുകൾ പങ്കിട്ടെടുക്കുന്ന കാലം
എറമൂട്ടി മൊല്ലാക്ക ദീനീ വിജ്ഞാനം പകർന്ന് കാലത്തിനൊപ്പവും നാടിനൊപ്പവും നടന്നു
അങ്ങിനെയിരിക്കെയാണ് ഏ ആർ നഗർ ആസ്ഥാനമായി ഒരു ജുമുഅത്ത് പള്ളിവേണമെന്ന നാട്ടുക്കാരുടെ ആഗ്രത്തിന്ന് സ്വന്തം സ്ഥലം സൗജന്യമായി നൽകി ചെറാട്ടിൽ മുഹമ്മദ് കാക്ക മുമ്പിൽ നിന്നത്
ആകസ്മികമായ മുഹമ്മദ്കാക്കയുടെ മരണം
അന്ന് പിഞ്ചു ബാലനായിരുന്ന മകൻഫസൽ ഹാജിയുടെ കുട്ടിത്വം അതിനിടയിലേക്കാണ് മകളുടെ ഭർത്താവായ താനൂർ സ്വദേശി ഇമ്പിച്ചി ഹാജിയുടെ വരവ്
ഇമ്പിച്ചി ഹാജിയുടെ കൈകാര്യകർത്ഥവും സമസ്ഥയുടെ മദ്റസ്സ പ്രസ്ഥാന ആ ഹോനവും ഒന്നിച്ചപ്പോഴാണ് എ ആർ നഗർ അങ്ങാടിയിൽ വ്യവസ്ഥാപിതമായ ഒരു ഒാടിട്ട മദ്റസ സ കെട്ടിടം നിലവിൽ വന്നത് അതോട് കൂടി എറമൂട്ടി മൊല്ലാക്ക മദ് റസ്സയുടെ ഭാഗമായി
മദ്റസ്സയുടെ മുഖ്യ കാര്യദർശ്ശിയായി ദീനീ വിജ്ഞാനം തലമുറകൾക്ക് പകർന്ന് നൽകി നാടിനഭിമാനമായി
ജുമാ മസ്ജിദ് മുഅദ്ദിൻ ജോലി കൂടി ഏറ്റെടുത്ത തോട് കൂടി എറമൂട്ടി മൊല്ലാക്കാന്റെ ജീവിതം കൂടുതൽ അർത്ഥവത്തായി തിളക്കമുള്ളതായി
ഇന്നത്തെ പോലെ ഗൾഫ് പണത്തിന്റെ പളപളപ്പ് ഇല്ലാത്ത അന്ന് പള്ളിപറമ്പിൽ നിന്നും ലഭിച്ചിരുന്ന കർമൂസ്സ തേങ്ങ ഓല അങ്ങിനെ പൈസ കിട്ടുന്ന എന്തും അങ്ങാടിയിൽ കൊണ്ട് പോയി ലേലം ചെയ്ത് പള്ളിക്ക് വരുമാനം കണ്ടെത്താനും എറമൂട്ടി മൊല്ലാക്ക എന്ന നിസ്വാർത്ഥ സേവകൻ സമയം കണ്ടെത്തി
ഒരു ജോലി എന്നതിലപ്പുറം തന്റെ മേഘല ഈ ദീനീ സേവനമാണ് എന്ന തിരിച്ചറിവാകാം ജീവിതാവസാനം വരെ ആരോഗ്യം അനുവധിച്ച അത്രയും കാലം ഫസലിയ്യ ജുമഅ മസ്ജിദിനെയും ഇസ്ലാഹുൽ ഉലൂം മദ്റസ യേയും ചേർത്ത് പിടിച്ച് നടന്നത്
പള്ളി പുനർനിർമ്മാണാവ്യ ശ്യാർത്ഥം കുഴിച്ച ഫില്ലർ കുഴിയിൽ വെട്ടം കാണാത്ത സമയത്ത് വീണ് പരിക്കേൽക്കുന്നത് വരെ ആജൈത്രയാത്ര തുടർന്നു
ആ അപകടത്തെ തുടർന്ന് അസുഖബാധിതൻ ആകുകയും 1985 ആഗസ്റ്റ് മാസം മദ്ധ്യത്തിൽ ഒരു പാട് നൻമകൾ ബാക്കിവെച്ച് നമ്മോട് വിട പറയുകയുമായിരുന്നു
അല്ലാഹുവേ നിന്റെ ഭവനത്തിൽ നിന്നും നിന്നിലേക്ക് ക്ഷണിച്ച വർക്ക് നീ നാളെ നൽകുന്ന എല്ലാ സൗഭാഗ്യങ്ങളും ഞങ്ങളുടെ വന്ദ്യരായ ഉസ്ത്ഥാതിന്നും നൽകേണമേ തമ്പുരാനെ അവരുടെയൊക്കെ സുകൃതം കൊണ്ട് ഞങ്ങളെയും അവരെയും നിന്റെ ഹർഷിന്റെ തണലിൽ ഉൾപെടുത്തണേ ആമീൻ
സ്വന്തം മഹല്ല് കുന്നാഞ്ചിരി ആയിട്ടും എറമൂട്ടി മൊല്ലാക്കാനെ മറവ് ചെയ്തത് എ ആർ നഗർ ഫസലിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് എന്നത് ആ ജീവിതം എത്രമാത്രം ഏ ആർ നഗറിനോട് ഇഴകി ചേർന്നിരുന്നു എന്നതിന്റെ നേർസാക്ഷ്യം
----------------------------------------------
✍ഹബീബുല്ല നാലു പുരക്കൽ
വിനയത്തിന്റെ കുട ചൂടി നടന്നുവരുന്നു എറമുട്ടി മൊല്ലാക്ക
〰〰〰〰〰〰〰〰〰
നമ്മുടെ നാട്ടിലെ കുടുംബങ്ങളിലും മഹല്ലുകളിലും ദീനി പരിസരം കാത്തുസൂക്ഷിക്കുന്നതിൽ മൊല്ലമാരുടെ പങ്ക് വളരെ വലുതായിരുന്നു. നാട്ടിന്റെ അസിസ്റ്റന്റ് ഇമാമുമാരായിരുന്നു അവർ. പ്രദേശത്തെ ദീനീ ചലനങ്ങളുടെ ചാലകശക്തിയായി വർത്തിക്കുന്നതോടൊപ്പം കൃഷിയിലും കായികാധ്വാനത്തിലും അവർ പങ്കുവഹിച്ചു എന്നതാണ് മുസ്ലിയാക്കൻമാരിൽ നിന്നും അവരെ വേറിട്ടു നിർത്തുന്നത്.
ഇത്രയും എഴുതിയത് കുറ്റൂരിൽ സ്വന്തം ദേശത്ത് കൃഷിയും മറ്റു അധ്വാനങ്ങളും നടത്തി എ ആർ നഗറിൽ തലമുറകൾക്ക് ദീനീ വിജ്ഞാനം പകർന്നു കൊടുത്ത മർഹും കഴുങ്ങും തോട്ടത്തിൽ എറമുട്ടി മൊല്ലാക്കയുടെ സഫലമായ ജീവിതയാത്രയെ ഒന്നു പരിചയപ്പെടുത്താനാണ്. അദ്ദേഹത്തിന്റെ കൊടുവായൂരങ്ങാടിയിലെ പള്ളി മദ്രസാ ഓത്തുപള്ളി സേവനങ്ങൾ ഇവിടെ പലരും അനുസ്മരിച്ചു. രാത്രി ഇശാ നിസ്കാരം കഴിഞ്ഞ് കുടയും ചൂടി കുറ്റൂരിലേക്ക് നടന്നു വരും. സുബ്ഹി നിസ്കാരം കുറ്റൂർ പള്ളിയിലാണ്. ഒരു പാട് വട്ടം ആ മഹാന് പിന്നിൽ നിന്ന് നിസ്കരിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. പതുക്കെയേ സംസാരിക്കൂ.
നല്ലൊരു കൃഷിക്കാരനായിരുന്നു അവർ. പലരുടെയും സ്ഥലം പാട്ടത്തിനെടുത്ത് നെല്ലും വാഴയും ഇഞ്ചിയും പൂളയും കൃഷി ചെയ്തിരുന്നു. അത്യാവശ്യം ആശാരി പണിയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. വീട്ടിലെ അത്യാവശ്യ മരപ്പണികൾ സ്വന്തമായി ചെയ്തിരുന്നു. ഒരു ചെറുമട്ടത്തിലുള്ള ആശാരി പണിയായുധങ്ങളൊക്കെ വീട്ടിലുണ്ടായിരുന്നു.
മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ശ്രദ്ധിച്ചിരുന്നു. മുഹമ്മദ് മൗലവിയും ആലിക്കുട്ടി മാഷും സർക്കാർ സർവീസിലായിരുന്നു. കൂട്ടിലെ കാരണവർ ആലസ്സൻകുട്ടിയാണ് ഇളയ മകൻ. 3 പെൺമക്കളും ഉണ്ട്.
തന്റെയും ഭാര്യയുടെയും മരണം മുന്നിൽ കണ്ട പോലെയായിരുന്നു മുന്നൊരുക്കങ്ങൾ. കൊടുവായൂർ പള്ളിയിൽ രണ്ട് ഖബർ അടുത്തടുത്ത് വെട്ടിച്ചു. ആ മഹാൻ വിട പറഞ്ഞ അടുത്ത ആഴ്ച തന്നെ ഭാര്യയും അദ്ദേഹത്തോടൊപ്പം ചേർന്നു. അല്ലാഹു ആ രണ്ട് ഖബറുകളും സ്വർഗ പൂന്തോപ്പാക്കട്ടേ എന്ന് ദുആ ചെയ്യുന്നു.
ആ ത്യാഗിവര്യന്റെ കാലടികൾ പിൻപറ്റാൻ നാം പരിശ്രമിക്കണമെന്ന് ആദ്യമായി എന്നോട് ഉണർത്തുന്നു
----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment