മൊല്ലാങ്ക; ആണ്ടറുതികളിലെ ഓർമ്മ മധുരങ്ങൾ
▪▪▪▪▪▪▪▪
കുഞ്ഞു പ്രായത്തിൽ മധുരം കിനിയുന്ന ആണ്ടറുതികളിലാണ് മൊല്ലാങ്കയെ കണ്ടു തുടങ്ങുന്നത്.
വീട്ടുകാർക്കൊപ്പം പ്രാർത്ഥനയുടെ പുണ്യം കാത്തിരിക്കുന്ന നേരത്താവും പടിഞ്ഞാറ് നിന്ന് കൈചൂട്ടിന്റെ വെളിച്ചം കാണുക.
കയ കടന്ന് നട വരമ്പിലൂടെ
വീശി വന്നിരുന്ന ആ ചൂട്ട് വെളിച്ചം ഉമ്മരത്തെ വരിക്കപ്ലാവിന് ചുവട്ടിൽ കുത്തിക്കെടുത്തും.
പരിസര വീടുകളിലെല്ലാം കയറിയിറങ്ങിയ ശേഷമാവും ആ വരവ്.
അതിന് ഒരു കാരണവുമുണ്ട്.
വല്ല്യുപ്പാന്റെ അടുത്ത സുഹൃത്തായിരുന്നു മൊല്ലാങ്ക.
എല്ലായിടത്തും കയറിയിറങ്ങുന്ന പോലെ പെട്ടൊന്ന് ഓതി ദോര്ന്ന് പോവാൻ ഈ ആത്മബന്ധം മൊല്ലാങ്കയെ അനുവദിച്ചില്ല.
ദിനേനെയെന്നോണം തമ്മിൽ കാണുന്ന ഇവർ തമ്മിലുള്ള സംസാരങ്ങളിൽ ആത്മീയതയും, രാഷ്ട്രീയവും, വീടും, നാടുമെല്ലാമുണ്ടായിരുന്നു.
റേഡിയോ വാർത്തകൾ ഇവർ ഒന്നിച്ചിരുന്ന് കേൾക്കും..
ശേഷം അവർ നടത്തിയിരുന്ന വാർത്താവലോകനങ്ങൾ കാര്യമാത്ര പ്രസക്തമായിരുന്നു.
അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട
ഇറാൻ ഇറാഖ് യുദ്ധം,
ജമാൽ അബ്ദുനാസർ മുന്നോട്ട് വെച്ച അറബ് ദേശീയത,
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ തുടങ്ങി പാകിസ്ഥാൻ പട്ടാള മേധാവി
സിയാഹുൽ ഹഖും, തമിഴ് പുലികളുടെ രാഷ്ട്രീയ പ്രശ്നങ്ങളും, സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ പ്രഭാഷണങ്ങളെ കുറിച്ച് വരെ അവർ നിരന്തരമായി സംസാരിച്ചു കൊണ്ടിരുന്നു.
ഇന്നത്തെ പോലെ വിവര സാങ്കേതിക വിദ്യകൾ വികസിക്കാത്ത അക്കാലത്ത് ദേശീയ അന്തർദേശീയ വിഷയങ്ങളിൽ വരെ ഇവർ നിലനിറുത്തി പോന്ന സാമാന്യ ബോധവും നിരീക്ഷണ പാടവവും എടുത്ത് പറയേണ്ടത് തന്നെയാണ്.
വിശേഷാവസരങ്ങളിലേക്ക് തന്നെ വരാം.
ചൂട്ട് കെടുത്തി സലാം ചെല്ലി വല്ല്യുപ്പയുടെ ചാരുകസേരക്കടുത്തിരുന്ന് മൊല്ലാങ്ക ആദ്യം ഫാത്വിഹ വിളിക്കും.
വീട്ടുകാരെല്ലാം ആമീൻ പറയാൻ കോലായയിലെ മത്താരണക്ക് പിറകിൽ ആദരവോടെ വന്ന് നിൽക്കും.
അന്ന് മൊല്ലാങ്ക പതിഞ്ഞ ശബ്ദത്തിൽ ഓതുമായിരുന്ന യാസീൻ ഇപ്പോഴും കാതിലുണ്ട്.....
ദുആ കഴിഞ്ഞ് ചക്കര ചോറും, അപ്പത്തരങ്ങളും ഉമ്മരത്ത് കൊണ്ട് വന്ന് വെക്കും.
ആ മധുരത്തിനൊപ്പം പിന്നെ സൗഹൃദങ്ങളുടെ മനം നിറഞ്ഞ പങ്ക് വെപ്പ്.
കൊച്ചു കൊച്ചു വിഷയങ്ങൾ.
ചിരി, തമാശകൾ.....
എല്ലാം കഴിഞ്ഞ് ചൂട്ട് വെളിച്ചം പടിഞ്ഞാറോട്ട് വീശി പോവുമ്പോൾ നേരം ഒരു പാടായിട്ടുണ്ടാവും.
വീട്ടിൽ അതിഥികളെത്തിയാൽ കോഴിയെ ആട്ടിപ്പിടിച്ച് കൊണ്ട് പോയിരുന്നത് മൊല്ലാക്കാന്റെ അടുത്തേക്കായിരുന്നു.
ഇത് കരുതിയിട്ടോ എന്തോ അറിയില്ല അദ്ദേഹത്തിന്റെ അരയിലെപ്പോഴും ഒരു പീച്ചാൻ കത്തി ഉണ്ടായിരുന്നു.
കറുവൻതൊടു പള്ളിയിൽ ബാങ്ക് വിളിച്ചിരുന്നത് മൊല്ലാങ്കയായിരുന്നു.
മലാരം ഇറങ്ങി കയറാൻ കഴിയുന്ന കാലം വരെ ഈ സേവനം തുടർന്നു.
എന്റെ വീടിന് മുന്നിലൂടെയുള്ള മൂക്കമ്മൽ ഇടവഴിയിലൂടെയാണ് മൊല്ലാങ്ക ഇതിനായി നടന്ന് പോയിരുന്നത്.
റബീഉൽ അവ്വൽ വന്നാൽ മാസം മുഴുവൻ മൊല്ലാങ്കയുടെ നേതൃത്വത്തിൽ മൗലീദുണ്ടാവും. ശേഷം നല്ല ഗോതമ്പ് കറിയും.
മുസ്ലിം ലീഗ് പാർട്ടിയുടെ അടിയുറച്ച പ്രവർത്തകനായിരുന്നു അദ്ദേഹം.
പാർട്ടി പൊതുയോഗങ്ങൾക്ക് ഒന്നൊഴിയാതെ അദേഹം നടന്നെത്തി.
സത്താർ സേട്ടുവും, സീതി സാഹിബും, സി എച്ചും, ബാഫഖി തങ്ങളുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നേതാക്കൾ.
പരന്ന പത്ര വായന മൊല്ലാങ്കയുടെ എടുത്ത് പറയേണ്ടൊരു നൻമയായിരുന്നു.
അതോടൊപ്പം നല്ലൊരു റേഡിയോ ശ്രോതാവുമായിരുന്നു.
മദ്രസയിലേക്ക് നടക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഒഴുകി വന്നിരുന്ന
റേഡിയോ വാർത്തകളിൽ നിന്നാണ് ഞങ്ങൾ സമയം അറിഞ്ഞിരുന്നത്.
കുറച്ച് മുമ്പ് ഈ കൂട്ടിലെ ഒരു സുഹൃത്തിനൊപ്പം മൊല്ലാങ്കയെ സന്ദർശിച്ചതോർമ്മ വരുന്നു.
ഒരു പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്
നാടിന്റെ പ്രാദേശികവും, പ്രാസ്ഥാനികവുമായ അന്വേഷണമായിരുന്നു ലക്ഷ്യം.
ഒരു നൂറ്റാണ്ടിന്റെ അനുഭവ സാക്ഷ്യമുള്ള ഈ കാരണവർ അന്ന് തന്ന വിവരങ്ങൾ ഏറെ വിലപ്പെട്ടതായിരുന്നു.
മലബാർ കലാപം....
നാട്ടിലെ ദാരിദ്ര്യം.....
കോളറ.......
ഓത്തുപള്ളിക്കാലം.....
പ്രാസ്ഥാനിക ചരിത്രം....
..................
.......................
ഇങ്ങനെ ഒരു പാട് ഒരു പാട് വിഷയങ്ങൾ തെളിച്ചമുള്ള ഓർമ്മയായി ഒഴുകി വന്നു.
നാടിന്റെ ഇന്നലെകളെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളായിരുന്നു എല്ലാം.
പറഞ്ഞതെല്ലാം അനുഭവിച്ച
പച്ച യാഥാർത്ഥ്യങ്ങൾ.
ചിലതെല്ലാം പങ്ക് വെച്ചപ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
കണ്ണിൽ വെള്ളം നിറയുന്നുണ്ടായിരുന്നു.
വാക്കുകൾ കിട്ടാൻ പരതുന്നുണ്ടായിരുന്നു.
അക്കാദമിക് ചരിത്രത്തിന്റെ മടുപ്പില്ലാത്തതാവും അനുഭവത്തിന്റെ ചൂടും ചൂരുമുള്ള ചരിത്ര വിശകലനങ്ങൾ.
ഇത്തരം ചരിത്രാന്വേഷണങ്ങൾ വല്ലാത്തൊരു അനുഭവതലമാവും നമുക്ക് പകർന്ന് തരിക.
മൊല്ലാങ്കയോടൊത്തുള്ള അന്നത്തെ നിമിഷങ്ങളിൽ ഞങ്ങൾക്കത് വല്ലാതെ അനുഭവിക്കാനായി.
പറഞ്ഞ് വെച്ചിടത്ത് നിന്ന് ഈ ഓർമ്മകളെ വിളിച്ചുണർത്താൻ ഒരിക്കൽ കൂടി വരണമെന്ന നിശ്ചയത്തിലാണ് പിരിഞ്ഞതെങ്കിലും അത്തരമൊരു കൂടി കാഴ്ചക്ക് പിന്നീട് സമയവും സന്ദർഭവും ഒത്തു വന്നില്ല.
പതിവ് യാത്രയുടെ വഴിവക്കിലാണ് മൊല്ലാങ്കയുടെ വീട് എന്നത് കൊണ്ട് തന്നെ ആ സ്നേഹ പരിസരത്ത് അനുഭവത്തിന്റെ ചൂടേൽക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിനടുത്തിരിക്കുമ്പോൾ ഓർമ്മകൾ ഓളം വെട്ടും.
അത് പത്ത് മുപ്പത് വർഷങ്ങൾക്കപ്പുറത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ട് പോവും.
വീട്, കുടുംബം, നാട്ടുവിശേഷങ്ങൾ തുടങ്ങി എല്ലാം അദേഹം ചോദിച്ചറിയും.
വല്ല്യുപ്പയെ വല്ലാതെ ഓർമിപ്പിച്ച് ചിലപ്പോഴെല്ലാം കണ്ണ് നിറച്ചു.
ആയുസ്സിന് നൂറ്റാണ്ടിന്റെ അനുഭവസാക്ഷ്യങ്ങളുണ്ടായിട്ടും കണ്ണsക്കും വരെ കാര്യമായ അസുഖങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു.
'കൂടെയുള്ളവരൊക്കെ പോയി ഇനി ഈമാനോടെ മരിക്കണം'
എന്ന വാക്ക് അദ്ദേഹം പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.
ആ മനസ്സിന്റെ തേട്ടം പോലെ തന്നെയാണ് മൊല്ലാങ്ക കണ്ണടച്ചതും.
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതവും റാഹത്താക്കട്ടെ,
********
സത്താർ കുറ്റൂർ
മൊയ്‌ദീൻകുട്ടി മൊല്ലാങ്ക
*☘☘☘*☘☘☘*
ഞങ്ങളുടെ കുടുംബം അയൽവാസി ഈ പ്രാവിശ്യം നാട്ടിൽ നിന്നും പോരുമ്പോൾ മൊല്ലാങ്കക്ക് സലാം പറഞ് കൈകൊടുത്ത് പോരുമ്പോൾ ഒരിക്കലും കരുതിയില്ല അതൊരു അവസാന സലാമാവുമെന്ന്
ചെറുപ്പത്തിൽ കോഴിയെ അറുക്കാൻ മൊല്ലാങ്കയുടെ അടുത്ത് കൊണ്ട് പോവുന്നത് ഓർമയിൽ ഒരു തവണ കോഴിയെ അറുക്കാൻ പിടിച്ച് കൊടുത്ത് അറുത്ത് കഴിഞ് കോഴിയെ നിലത്തിട്ടതും കോഴി ഒരറ്റ ഓട്ടം ഞങ്ങൾ കരുതി ഇതെന്ത് സംഭവിച്ചു അപ്പോൾ തന്നെ മൊല്ലാങ്ക ദേശ്യംത്തോടെ ചോദിച്ചു നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ പിടുത്തം മെല്ലെ പിടിച്ചാമതീന്ന് ഇപ്പോകണ്ടില്ലേ ഇനി കോഴിയുടെ പിന്നാലെ ഓടിക്കോ വല്ല പൊട്ടകിണറ്റിലും ചാടും എന്തോ ഭാഗ്യത്തിന്ന് അധികമൊന്നും ഓടാതെത്തന്നെ കോഴി വീണു അതിന്ന് ശേഷം കോഴിയെ അറുക്കുമ്പോൾ പിടിക്കുന്നത്തിൽ തെറ്റിയിട്ടില്ല
മൊല്ലാങ്കാന്റെ റബീഉൽഅവ്വൽ മൗലൂദും ബറാഅത്ത് രാവിൽ അയൽവക്ക വീടുകളിൽ നട നുള്ള യാസീൻ ഓതി ദുആ ചെയ്യൽ എല്ലാം ഓർമയിൽ
കാൽമുട്ട് വേദനയും നടക്കാൻ ബുദ്ധി മുട്ട് വന്നതോട് കൂടി മൊല്ലാങ്ക വീട്ടിൽ വരാന്തയിലേ കസാരയിൽ ഒതുങ്ങി കൂടി
എപ്പോഴും റേഡിയോ ന്യൂസ് കേൾക്കാറുള്ള മൊല്ലാങ്കക്ക് വാർധ്യക്ക്യത്തിലും ഓർമ ശക്തിക്ക് ഒരു കുറവും ഇല്ലായിരുന്നു
അല്ലാഹു മൊല്ലാങ്കായുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
--------------------------------------
ഷരീഫ് ആലുങ്ങൽ
ഒരു നൂറ്റാണ്ടു നീണ്ടുനിന്നു നൈർമല്യത്തിന്റെ ആ ഹരിതപുഞ്ചിരി
☘☘☘☘☘☘☘☘☘☘☘
വിശുദ്ധ റമദാനിന്റെ പടിവാതിൽക്കൽ നിന്ന് ഇന്ന് നാം പള്ളിപ്പറമ്പിൽ ഓർത്തെടുക്കുന്നത് മറ്റൊരു വിശുദ്ധ ജീവിതത്തിന്റെ ഉടമയെയാണ്. ഇനി നമ്മുടെ നാട്ടിൽ മൊല്ലാക്കമാർ ഇല്ലല്ലോ എന്നതാണ് ഒരു നൂറ്റാണ്ടോളം നമ്മുടെയിടയിൽ ജീവിച്ച് മൺമറഞ്ഞ നെടുമ്പള്ളി മൊല്ലാക്കയെ അനുസ്മരിക്കുമ്പോൾ എന്റെ വേദന. ഹരിത രാഷ്ട്രീയത്തിന് ആത്മാർത്ഥതയുള്ള ഒരു അനുയായി ആയിരുന്നു പരേതൻ. വയസ്സുകാലത്ത് പോലും യുവാക്കളുടെ പ്രസരിപ്പോടെ പാർട്ടി പരിപാടികൾക്ക് പങ്കെടുക്കുന്ന ആവേശം പലകുറി കണ്ടിട്ടുണ്ട്. കുറ്റൂരിന്റെ ആദ്യകാല ലീഗ് പ്രവർത്തകരിൽ മുന്നിൽ നടന്നു മൊല്ലാക്ക.
മരണത്തിന് കുറച്ചു മാസംമുമ്പ് വീട്ടിൽ പോയി കണ്ടിരുന്നു. കാഴ്ചക്ക് മങ്ങലുണ്ടെങ്കിലും നല്ല ഓർമ ശക്തിയായിരുന്നു. ഒരു പാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
നല്ലൊരു കുറി നടത്തിപ്പുകാരനായിരുന്നു അദ്ദേഹം. പഴയ കാലത്തെ ഇല്ലായ്മയിൽ വിശ്വസ്തതയോടെ നറുക്കെടുത്ത് ആവശ്യക്കാരുടെ കാര്യങ്ങൾ നടത്തി കൊടുക്കാൻ മെല്ലാങ്കയുടെ കുറി വലിയൊരു ആശ്രയമായിരുന്നു. പടച്ച റബ്ബ് ആയുസ്സ് ദീർഘമായി നൽകി. കാര്യമായ അസുഖമൊന്നുമില്ലാതെ. അവസാനം വരെ ആരെയും ബുദ്ധിമുട്ടിക്കാതെ ആർഭാടങ്ങളില്ലാതെ ജീവിക്കുകയും ആദരവോടെ വിടവാങ്ങൂകയും ചെയ്തു സദാ നിർമ്മലമായി പുഞ്ചിരി തൂകിയിരുന്ന ആ മുഖം.
അല്ലാഹു അവരുടെ ബർസഖീ ജീവിതം സ്വർഗീയാനുഗ്രഹങ്ങളാൽ സന്തോഷമാക്കട്ടേ. .. സ്വാലിഹീങ്ങളുടെ മരണവും അനന്തര ജീവിതവും നമുക്കും റബ്ബ് പ്രദാനം ചെയ്യട്ടേ എന്നും ദുആ ചെയ്യുന്നു
-----------------------------------
മുഹമ്മദ് കുട്ടി അരീക്കൻ,
മൊല്ലാങ്ക എന്നായിരുന്നു വിളി
പേര്കുട്ടിക്കാലം
മുതലേമകനോടുള്ള
സ്‌നേഹം തിരിച്ചു
ഉപ്പാന്റെസ്ഥാനവും
നൽകി അങ്ങീലെ
ബശീർ അതായിരുന്നു എന്നെവിളിക്കാറ്
എല്ലാവിശേഷ ദിവസവുംവീട്ടിൽ
വരും യാസീൻഓതി
ദുഹാ വലിയുമ്മാക്ക്
അത് നിർബന്ധം
രണ്ടാളും ഇരുന്ന്
മണിക്കൂറുകളോളം
സംസാരിക്കും
പഴയകാലചരിത്ര ങ്ങൾ പറഞ്ഞു
കേൾക്കാൻ ഞങ്ങൾ കുട്ടികൾ
കറുതോൾപള്ളിയിൽ അഞ്ചുനേരം
ബാങ്ക് വിളി സ്പീക്കർ ഇല്ലാത്ത
കാലംനല്ലശബ്ദം കേട്ടു മരിച്ചപ്പോൾ
നാട്ടിലായിരുന്നു
അതിനാൽ അതിൽ
കൂടാൻറബ്ബ്തുണച്ചു
എന്റെ ഉപ്പാന്റെ മുഖം മരിച്ചപ്പോൾ
കാണാൻപറ്റിയില്ല
നമ്മളിൽ നിന്നും
മരണപെട്ടു പോയ
എല്ലാവരെയും നമ്മളെയും നാളെ
അവന്റെ ജന്നാത്തു ൽ ഫിർതൗസിൽ
ഒരുമിച്ചു കൂട്ടട്ടെ
ആമീൻ
------------------
ബഷീർ
"പടപ്പറന്പൻ മെല്ലാങ്കാനെ ഒടിയൻമാർ ഏറ്റിയ മാതിരി "
നമ്മൾ ഏറ്റവും കൂടുതൽ ഉദാഹരണമായി പറയപ്പെടുന്ന ഒരു ഐതീഹ്യമാണ്...ചികിൽ സാരിയും, നാട്ടിൽ ആദരവുള്ളവരുമായ പടപ്പറന്പൻ മെല്ലാക്കയാണ് ഈ കഥാപുരുഷൻ ....അദ്ധേഹം മാപ്പ് നൽകിയതിന് ശേഷം ഒടിയൻ മാർ രക്ഷപ്പെട്ടു എന്നാണ് കഥ....ഈ മെല്ലാക്കയുടെ പേരമകനാണ് ഇന്ന് നാം അനുസ്മരിക്കുന്ന മായ്തീൻ കുട്ടി മൊല്ല.
എന്റെ തറവാട് വീടിന്റെ മുന്നിലെ നാൽക്കവലയിൽ ഓർമ്മ വെച്ച നാൾ മുതൽ ഉച്ചത്തിൽ കേൾക്കുന്ന ശബ്ദമായിരുന്നു നെടുമ്പള്ളി മൊല്ലാക്കയുടേത്.
മുഖ്യമായും രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ആയിരുന്നു...സർവേന്ത്യാ മുസ്ലിം ലീഗിന്റെ പ്രവർത്തകനായിരുന്നു മെല്ലാക്ക.
നിലപാടിൽ വിട്ട് വീഴ്ചയില്ലാത്ത മനസ്ഥിക്ക് ഉടമയായതിനാലാവാം 87 ലെ വർഗ്ഗീയ ചേരിതിരിവിൽ അദ്ധേഹത്തിന് "കുത്തേൽക്കാൻ" ഇടയായത്.
ഇത് ചെറിയ പ്രശനങ്ങൾക്ക് കാരണമയി.
ദീർഘകാലം നമ്മുട ഇടയിൽ തന്നിൽ അർപ്പിതമായ ക്രിത്യ നിർവ്വഹണം നടത്തി വിടവാങ്ങിയ മൊയ്തീൻ കുട്ടി മൊല്ലാക്കയെ അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. امين
--------------------------------------
അബ്ദുലത്തീഫ് അരീക്കൻ,
No comments:
Post a Comment