ജുമുഅ നിസ്കരിച്ച് പള്ളി കാട്ടിലേക്ക് നടക്കുമ്പോൾ മൈലാഞ്ചി ചെടികളിൽ നിന്ന് മഴ തുള്ളികൾ ഇറ്റി തീർന്നിട്ടില്ലായിരുന്നു. പറങ്കിമാവുകൾ പൂത്തു നിന്നൊരു കാലത്താണ് വല്ല്യുമ്മ മരിച്ചത്.
ഖബറിന്റെ അടയാളമായി കണ്ട് വെച്ച പറങ്കിമാവുകൾപിന്നീട് ഉണങ്ങി പോവുകയോ വെട്ടിമാറ്റുകയോ ചെയ്തിരിക്കുന്നു.
ഇടക്കിടെ അവിടെ പോവാറുള്ളതിനാൽ എന്റെ ഓർമ്മകൾക്ക് ഒരു അടയാളത്തിന്റെ ആവശ്യമില്ലായിരുന്നു.
എന്നിട്ടും ഞാൻ പുതുമഴയിൽ തളിർത്ത പാതി മൂടിയ പനമ്പുല്ല് വകഞ്ഞ് മാറ്റി മീസാൻ കല്ലിലെ അടയാളം ഒന്നുകൂടി നോക്കി.
മരണപിറ്റേന്ന് കണ്ണീരിൽ വരഞ്ഞിട്ട പേരടയാളത്തിന് തെളിച്ചം കുറഞ്ഞിരുന്നെങ്കിലും അത് മാഞ്ഞ് പോയിട്ടില്ല.
പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പോലും നമ്മെ വിട്ടു പോവുമെന്ന ഭീതിയാവാം ഇത്തരം അടയാളങ്ങൾ വെക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
പെയ്യാൻ മടിച്ച് നാണം കാട്ടി വരുന്ന മഴത്തുള്ളികൾ ദേഹത്ത് ചെറിയ നനവുകൾ പരത്തിക്കൊണ്ടിരുന്നു.
പ്രാർത്ഥനയിലലിഞ്ഞ് ഓർമ്മകളെ തലോടി കുറച്ച് നേരം അവിടെ തന്നെ നിന്നു.
തിരിച്ച് പോരുമ്പോൾ പറിച്ച് കളയാനാവാത്ത ഓർമ്മകളും കൂടെ പോന്നു.
നോമ്പുകാലത്ത് അത്താഴത്തിന് കുലുക്കി വിളിച്ചിരുന്നത് വല്യുമ്മയായിരുന്നു.
പാതിരാ വയളുകൾക്ക് വല്യുമ്മയോടൊപ്പം മിന്നി കത്തിച്ച ചൂട്ടു വെളിച്ചത്തിനൊപ്പം നടക്കാൻ വല്യ ഇഷ്ടമായിരുന്നു.
അത് കഴിഞ്ഞ് വീടണയുമ്പോൾ അത്താഴത്തിന് സമയമായിട്ടുണ്ടാവും.
ഇന്നത്തെ പോലെ സുബ്ഹ് ബാങ്കിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴല്ല,
അർധരാത്രിയിലെ കട്ടപിടിച്ച ഇരുട്ടായിരുന്നു അന്നത്തെ അത്താഴ നേരത്തിന്.
നേരത്തെ എണീറ്റ് ഭക്ഷണമുണ്ടാക്കി വെന്ത് പാകമായി എടുത്ത് വെക്കാൻ നേരമാവും വല്യുമ്മാന്റെ വിളി തുടങ്ങുക.
അത്താഴം കഴിച്ച് വീണ്ടും ഉറക്കിലേക്ക് വീഴുമ്പോഴും അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ കലപില ശബ്ദം കേൾക്കാം.
കടുത്ത വേനലിലായിരുന്നു അന്നത്തെ നോമ്പുകാലം.
ഉച്ചയോടെ തളർന്നുറങ്ങുന്നത് കാണുമ്പോൾ മുഴുവനാക്കാനാവില്ലെന്ന് കരുതിയാവും വല്യുമ്മ പറയും.
ഇന്ന് നീ ഉച്ചവരെ നോറ്റാൽ മതി.
ബാക്കി നാളെ നോൽക്കാം.
രണ്ടും കൂടി കൂട്ടിയാൽ ഒരു നോമ്പാവും.
വീടിനടുത്ത കുഞ്ഞു സ്രാമ്പിയയിൽ നിന്ന് വല്യുപ്പയോടൊപ്പം തറാവീഹ് കഴിഞ്ഞ് വരുമ്പോൾ വല്യുമ്മ വിളമ്പി വെച്ചിരുന്ന ചീരാ കഞ്ഞിയുടെ രുചി ഓർമ്മയിൽ ഇപ്പോഴുമുണ്ട്.
കൂട്ടുകുടുംബങ്ങളുടെ നൻമ നിറയുന്നൊരു കാലമാണ് നോമ്പെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.
അസറിന് മുൻപേ സജീവമാവുമായിരുന്ന അടുക്കളകൾ കൂട്ടു കുടുംബങ്ങളുടെ ഇഴയടുപ്പങ്ങളായിരുന്നു.
വല്യുമ്മയായിരുന്നു അവിടെയും ഇത്തരം കണ്ണികളെ ചേർത്ത് പിടിച്ചത്.
നമ്മിലെ ഹൃദയബന്ധങ്ങൾ നേർത്തില്ലാതാവുന്നൊരു കാലമാണിത്.
അണുകുടുംബങ്ങളുടെ വ്യാപനം ഇതിന് വലിയൊരു കാരണമായി.
വീടകങ്ങളിൽ മനം മടുപ്പിക്കുന്ന മൂകത തളം കെട്ടി നിൽക്കുന്നു.
അവിടെയാണ് റമദാൻ ആലസ്യത്തിന്റെ മാസമായി മാറുന്നത്.
വിപണിയിലെ ചായം തേച്ച പലഹാരങ്ങൾകൊണ്ട് നമ്മുടെ തീൻമേശ നിറയുമ്പോഴും പങ്ക് വെപ്പിന്റെ നൻമ രസങ്ങൾ ഇല്ലാതായിരിക്കുന്നു.
ഇപ്പോൾ
അത്താഴത്തിന് പോലും എണീക്കാത്ത നോമ്പുകാരുടെ എണ്ണം കൂടിയിരിക്കുന്നു.
നമ്മെ വിളിച്ചുണർത്താനും, നൻമയുടെ കഥ പറയാനും പറ്റി ചേർന്ന് കിടക്കാനുമൊക്കെ സ്നേഹത്തിന്റെ വറ്റാത്ത കടൽ ഉള്ളിലൊളിപ്പിച്ച വല്യുമ്മമാരില്ലാതായത് തീർക്കാനാവാത്തൊരു നഷ്ടമായി ഉളളിൽ നീറുകയാണിന്നും...............
മരിച്ചവർ നമുക്ക് നൽകുന്ന സമ്മാനമെത്രെ അവരുടെ ഓർമ്മകൾ.
ചിലയോർമ്മകൾ ആത്മാവിനെ വേദനിപ്പിക്കും.
കുതറി മാറാനാവാത്ത വിധം അവ നമ്മെ തവറയിലാക്കും,
ആയുഷ്കാലത്തോളം
(റൂമി)
*********
സത്താർ കുറ്റൂർ
No comments:
Post a Comment