ആയിശുമ്മ വീടിന്റെ സിറ്റൗട്ടിലിരുന്ന് വേലായുധന്റെ വീട്ടിലേക്ക് നോക്കി - ഏറ്റവും അടുത്ത അയൽവാസിയാണ്. എന്ത് സഹായത്തിനും വേലായുധനും കുടുംബവും ഓടിയെത്തുമായിരുന്നു.
ഇന്നലെ വരെ വേലായുധന്റെ വീട്ടിൽ കുടുംബങ്ങളൊക്കെ വന്നു പോയിരുന്നു. ഒരു ആള നക്കവും കാണുന്നില്ലല്ലോ ....
ലക്ഷ്മിയെ ഇന്നും പുറത്തൊന്നും കാണുന്നില്ല. ഇന്നലത്തോടെ വേലായുധന്റെ പുല കഴിഞ്ഞു. വേലായുധൻ പാവമായിരുന്നു. 50 വയസ്സാകുന്നേയുണ്ടായിരുന്നുള്ളൂ. അള്ളാഹു അവനെ തിരികെ വിളിച്ചു.
ആയിശുമ്മ എഴുന്നേറ്റ് മരു മകളോട് പറഞ്ഞു, ഞാൻ ലക്ഷ്മിയെ ഒന്നു കണ്ടിട്ട് വരാം.
വേലായുധന്റെ വീട്ടിൽ പുറത്താരെയും കാണുന്നില്ല. ലക്ഷ്മിയേ ... ആയിശുമ്മ നീട്ടി വിളിച്ചു.
വേലായുധന്റെ മൂത്ത മകൾ പുറത്തു വന്നു നോക്കി, ആയിശുമ്മാത്ത ഇരുന്നോളൂ : കരിതേച്ചുമിനുക്കിയ കോലായിലെ കസേര നീക്കിയിട്ട് അയിശുമ്മയെ അതിലിരുത്തി. അമ്മയെവിടെ ടീ ?
അമ്മ അകത്തുണ്ട്.
അമ്മേ....
കരഞ്ഞു കലങ്ങിയ കണ്ണുകളും പാറിപ്പറന്ന തലമുടിയുമായി ലക്ഷ്മി കോലായിൽ വന്നിരുന്നു.
ആയിശുമ്മയെ കണ്ടപ്പോൾ ലക്ഷ്മി തേങ്ങിക്കരഞ്ഞു.
വേലായുധന്റെ വേർപാട് അത് ആ കുടുംബത്തിന് താങ്ങാനാവുന്നതല്ല.
കൂലിപ്പണിക്കാരനായിരുന്നു വേലായുധൻ. എന്ന് ജോലിയും ചെയ്യാൻ തയ്യാറും അതിനുള്ള ആരോഗ്യവുമുള്ള വേലായുധന് എന്നും ജോലിയുണ്ടായിരുന്നു. സന്തോഷത്തോടെയായിരുന്നു ആ കുടുംബ ജീവിതം മുന്നോട്ട് പോയിരുന്നത്. മൂത്ത മകൾ 80 % മാർക്കോടെ പ്ലസ് ടു പാസ്സായിരുന്നു. നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് ആ അച്ചൻ തീരുമാനിച്ചിരുന്നു. പക്ഷേ വിധി മറിച്ചായി. ഇനി അവളെ ആരു പഠിപ്പിക്കാൻ?
മൂന്ന് മക്കളാണ് അവർക്കുള്ളത്, രണ്ട് പെണ്ണും ഒരാണും.
ആദ്യമൊന്നും ഭർത്താവിന്റെ അസുഖമെന്താണെന്ന് ലക്ഷ്മിക്കറിയില്ലായിരുന്നു. നെഞ്ചിന് മുകളിലായി കഴുത്തിനോട് ചേർന്ന് വേലായുധേട്ടൻ വിക്സ് തേക്കുന്നത് പതിവാക്കിയിരുന്നു. വിൽസായിരുന്നു സ്ഥിരമായി വലിച്ചിരുന്നത്. കീമോതെറാപ്പി തുടങ്ങിയതോടെയാണ് ഏട്ടൻ പുകവലി നിർത്തിയതെന്ന് ലക്ഷ്മിയോർത്തു. ഏട്ടന്റെ ഓർമ്മ വീണ്ടും അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
ഇജ് ങ്ങനെ കരഞ്ഞു തീർത്താ മത്യാ .... ഈ കുട്യാൾക്ക് ഇഞ്ഞ് ജ് അല്ലേയുള്ളു, പോയവരെ യോർത്ത് കരഞ്ഞിട്ട് പോയവർ ഇനി തിരിച്ചു വര്വോ?
അയിശുമ്മത്ത മടിയിൽ കരുതിയിരുന്ന 5000 ₹ ലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, ഇത് നാസർ അനക്ക് തരാൻ പറഞ്ഞതാണ്.
നാസർ ആയിശുമ്മ താത്താന്റെ മകനാണ്. ഗൾഫിലാ. പണമയക്കുമ്പാഴൊക്കെ 500 ₹ എങ്കിലും അയിശുമ്മത്ത ലക്ഷ്മിക്ക് കൊടുക്കാറുണ്ടായിരുന്നു.
ചെറുപ്പം മുതലേ നാസർ വേലായുധന്റെ വീട്ടുകാരെ സഹായിച്ചിരുന്നത് ലക്ഷ്മിയോർത്തു -
വേലായുധേട്ടന്റെ സിഗരറ്റ് വലിയെ പറ്റി എപ്പോഴും പറയുമായിരുന്നു.
പുകവലിച്ചാൽ ഒരുപാട് രോഗങ്ങൾ വരാൻ അത് കാരണമാകുമെന്നും കാൻസറും, ഹൃദ്രോഗവുമൊക്കെ വരാനെളുപ്പമാണെന്ന് പറഞ്ഞതൊക്കെ ലക്ഷ്മി കണ്ണീർ തുടച്ചു കൊണ്ട് ഓർത്തു.
പുകവലികൊണ്ടാണ് ഏട്ടന് തൊണ്ടയിൽ കാൻസർ വന്നതെന്നു് ഡോക്ടർ പറഞ്ഞതു് ഒരു തേങ്ങലോടെ ലക്ഷ്മി മറക്കാൻ ശ്രമിച്ചു.
Smoking causes early death.
----------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment