പള്ളിക്കൂടങ്ങൾ പലർക്കും വെറുമൊരു നൊസ്റ്റാൾജിയ മാത്രമാണിന്ന്. വർഷങ്ങളെത്ര കഴിഞ്ഞാലും ഓർത്തെടുക്കാൻ സാധിക്കുന്ന കുറേ നല്ല നിമിഷങ്ങളുടെ കലവറയാണ് പ്രൈമറി സ്കൂൾ കാലഘട്ടം. പഠിച്ച ക്ലാസ്സ്, പഠിപ്പിച്ച അധ്യാപകർ, സഹപാഠികൾ, ചുറ്റുപാടുകൾ തുടങ്ങിയവയെല്ലാം ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച സുന്ദര മുഹൂർത്തങ്ങളാണ്.
ഇന്ന് യാദൃശ്ചികമായാണ് മൂന്നാം ക്ലാസ്സിൽ സയൻസ് പഠിപ്പിച്ച രാജു മാഷെ (Raju Varghese) കാണുന്നത്. മാഷ് ഒന്നുരണ്ടാളുകളോട് സംസാരിച്ചിരിക്കെ ഞാനും അങ്ങോട്ട് ചെന്ന് സുഖവിവരം ആരാഞ്ഞു. മാഷിന് ഒത്തിരി സന്തോഷമായി. 25 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞപ്പോൾ മാഷ് ചോദിച്ചു അതെല്ലാം ഇന്നും ഓർമ്മയുണ്ടോ എന്ന്.
സ്ഥിരമായി അങ്ങോട്ടും ഇങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്ന വഴിയാണെങ്കിലും പലപ്പോഴും തമ്മിൽ കാണാറുണ്ടെങ്കിലും സുഖവിവരം അന്വേഷിക്കാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ലായിരുന്നു. കാണുംബോൾ ഒന്ന് ചിരിക്കുന്നതിലപ്പുറം കാര്യമായിട്ട് ഒന്നും സംസാരിക്കാനും സാധിച്ചിരുന്നില്ല.
അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ രാജുമാഷടക്കം മറ്റു രണ്ടുപേർ കൂടി ഇപ്പോഴും അവിടെയുണ്ടെന്നറിഞ്ഞ് ഞാൻ ഓഫീസിലേക്ക് കയറിചെന്നു. അന്ന് നാലാം ക്ലാസ്സിൽ കണക്കും ഇംഗ്ലീഷും പഠിപ്പിച്ച ഉണ്ണി മാഷ് (വല്യുണ്ണിമാഷ്) ആണ് ഇപ്പോഴത്തെ എച് എം. അദ്ദേഹത്തെയും ഇടക്കിടെ കാണാറുണ്ടെങ്കിലും ഒരു ചിരിയിൽ ഒതുക്കിയുള്ള ബന്ധമേ ഉണ്ടാകാറുള്ളൂ. അന്ന് രണ്ടാം ക്ലാസ്സിലെ അധ്യാപകൻ ചെറിയുണ്ണി മാഷ് ഇന്നവിടെ ഇല്ല.
ഒന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ആലീസ് ടീച്ചറും അവിടുന്ന് പോയിട്ടുണ്ടത്രെ. പിന്നെയുള്ളത് മലയാളം പഠിപ്പിച്ച ബിന്ദു ടീച്ചറാണ്. സ്കൂളിൽ നിന്ന് പോന്നതിൽ പിന്നെ ടീച്ചറെ കണ്ടതായി ഓർക്കുന്നില്ല. എങ്കിലും എന്റെ പേർ പറഞ്ഞപ്പോൾ ടീച്ചർക്ക് മനസ്സിലായി. ഓർമ്മകൾ 25 വർഷം പിന്നിലേക്ക് പോയി. അന്നത്തെ സംഭവങ്ങൾ ടീച്ചർ ഓർത്തെടുത്ത് പങ്കുവെച്ചു.
ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിപഠിപ്പിച്ച അധ്യാപകരെ സന്ദർഷിച്ച് ബന്ധം പുതുക്കി സന്തോഷം പങ്കുവെച്ച് കൂടെ നിന്ന് ഒരു ഫോട്ടോയുമെടുത്താണ് പിരിഞ്ഞത്.
-------------------------------
-അബൂദിൽസാഫ്
No comments:
Post a Comment