〰〰
മേശപ്പുറത്ത് നിന്ന് എന്തോ ഗ്ലാസ് താഴെ വീഴുന്ന ശബ്ദം കേട്ട് അയാൾ അകത്തേക്ക് ഓടി. അകത്ത് കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ഇന്നലെ വാങ്ങിയ പുതിയ ക്ലോക്ക് നിലത്ത് വീണ് പൊട്ടിച്ചിതറി കിടക്കുന്നു. ഒരു ആണി കിട്ടീട്ട് ചുവരിൽ തൂക്കാൻ വേണ്ടി മേശപ്പുറത്ത് വെച്ചതാണ്. നോക്കുമ്പോഴുണ്ട് മൂന്നാം ക്ലാസ്കാരൻ മകൻ പേടിച്ച് വിറച്ച് മൂലയിൽ നിൽക്കുന്നു.
" ആ ഹാടാ ... നീയാണ് ഇത് പൊട്ടിച്ചതല്ലേ.. നിന്നെ ഞാൻ ശരിയാക്കിത്തരാം" ദേഷ്യത്തോടെ അയാൾ പുറത്ത് പോയി കയ്യിൽ കിട്ടിയ വലിയ വടിയുമായി വന്ന് ആ പൊന്നുമോനെ ദേഷ്യം തീരുവോളം തല്ലി. മോന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടി വന്ന അയാളുടെ പ്രായം ചെന്ന ഉപ്പ ആ വടി പിടിച്ചു വാങ്ങി രണ്ടെണ്ണം അയാളെ പൊട്ടിച്ചു. ദേഷ്യവും സങ്കടവും കൊണ്ട് ആ വൃദ്ധ ശരീരം കിതക്കുന്നുണ്ടായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ വേദനിച്ചെങ്കിലും അയാൾ അത്ഭുതത്തോടെ തന്റെ ഉപ്പയെ നോക്കി.
"എടാ.. ഈ പൈതലിനെ തച്ചാൽ നിന്റെ ക്ലോക്ക് പൊട്ടിയത് നന്നാവോ? നീ ചെറുപ്പത്തിൽ എത്ര മുതലാണ് നശിപ്പിച്ചിട്ടുള്ളത്. വാശി പിടിച്ചും കുറുമ്പ് കാണിച്ചും നീ വരുത്തിയ നഷ്ടത്തിന് ഞാൻ നിന്നെ ശിക്ഷിച്ചിരുന്നെങ്കിൽ നീ ഇന്ന് ഉണ്ടാകുമായിരുന്നില്ല". പിന്നെയും ഉപ്പ എന്തൊക്കെയോ പറഞ്ഞു. അയാളുടെ തല താനെ താണു. കണ്ണിൽ വെള്ളം നിറഞ്ഞു.
മോന്റെ മേനി തടവിക്കൊടുത്ത്കൊണ്ട് അയാളുടെ ഉപ്പ ഇത്രയും കൂടി പറഞ്ഞു - ആ വാക്കുകൾ പറയുമ്പോൾ ആ വയസ്സായ മുഖത്ത് ഒരു തരം ഭീതി നിറഞ്ഞ പോലെ തോന്നിച്ചു .
"എടാ.. നിന്റെ കുഞ്ഞിന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഒരു തെറ്റ് പറ്റിയതിന് നീ എന്തുമാത്രം കഠിനമായി അവനെ ശിക്ഷിച്ചു - ഒരു തവണ മാപ്പു കൊടുക്കാൻ നിനക്ക് മനസ്സ് വന്നില്ല - എന്നാൽ നീ ഒന്ന് ആലോചിക്കു... നീ ഇത്രയും വയസ്സിനിടക്ക് നിന്റെ റബ്ബിനോട് എത്ര തെറ്റുകൾ അറിഞ്ഞ് കൊണ്ട് ചെയ്തു. അതൊന്നും റബ്ബ് ക്ഷമിക്കാതെ എല്ലാം എണ്ണി പറഞ്ഞ് നിന്നെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ എന്താകും നിന്റെ അവസ്ഥ ?! അത് കൊണ്ട് കുട്ടികളോട് കരുണ കാണിക്കുക. വന്നു പോയ തെറ്റുകൾക്ക് ദിവസവും പാപമോചനത്തിനായി റബ്ബിനോട് ഇരക്കുക."
അവസാന വാചകം കേട്ടതും
"എന്റെ പൊന്നുമോനേ " എന്ന് തേങ്ങിക്കരഞ്ഞ് കൊണ്ട് അയാൾ ആ കുഞ്ഞുമോനെ വാരിപ്പുണർന്നു.
😪✍✍✍✍✍✍✍✍
മുഹമ്മദ് കുട്ടി അരീക്കൻ,
No comments:
Post a Comment