ഞാൻ പെറ്റു വളർന്ന ഞങ്ങളുടെ തറവാടു വീട് ചെറിയ വീടാണെങ്കിലും ഞങ്ങളും ഏളാപ്പമാരും കുടുംബമായി വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ഇന്നത്തെ പോലെയല്ലല്ലോ... അന്ന് പ്രസവവും, സുന്നത്ത് കല്യാണവും, മറ്റു പരിപാടികൾ ഒക്കെ ആ ചെറിയ വീട്ടിൽ തന്നെയായിരുന്നു. എന്നെ പ്രസവിച്ചതും എന്റെ സുന്നത്ത് കല്ല്യാണം കഴിച്ചതും ഞങ്ങളുടെ തറവാട് വീട്ടിൽ വച്ചായിരുന്നു. ഒരാളുടെ ഉയരത്തിലുള്ള ചുമരുകളിൽ റൂമുകൾ തിരിച്ച് മുകളിൽ കഴുങ്ങും ഓലയും കൊണ്ടുള്ള അട്ടവുമുള്ള നന്മ നിറഞ്ഞ കൊച്ചു കൊട്ടരമായിരുന്നു. എന്തിന് ഏറെ പറയണം എനിക്ക് ഓർമ്മ വന്നതിന് ശേഷമാണ് ആ ചെറിയ വീട്ടിൽ പുറത്ത് ബാത്ത് റൂം വരെ എടുത്തത്.
പെരുന്നാൾ വന്നാൽ ഞങ്ങൾക്ക് ആവേശമാണ്. കാരണം അന്നാണ് ബിരിയാണിയോ, നെയ്ചോറോ വീട്ടിൽ ഉണ്ടാക്കുന്നത്. പെരുന്നാൽ രാവിൽ അന്ന് പാതിരാത്രിയാവും ഉറങ്ങുവാൻ.. വീടിന്റെ പുറകിലെ വേലിയുടെ അടുത്തുള്ള മൈലാഞ്ചി ചെടിയിൽ നിന്നും വൈകും നേരം ഒടിച്ച് വെച്ച മൈലാഞ്ചി അരച്ച് ഇടുന്ന തിരക്കാവും. പെരുന്നാളിന് വൈകും നേരം അമ്മായികളും കുട്ടികളും വിരുന്ന് വരുമ്പോൾ രാത്രിയിൽ എല്ലാവരും കൂടി പുറത്ത് സിറ്റൗട്ടിൽ പുൽപായിൽ കിടന്ന് ഉറങ്ങുന്നതും അമ്മായിക്കാക്ക കൊണ്ട് വന്ന പൂത്തിരി ഒരു കൂട്ടർ കത്തിക്കുമ്പോൾ ഞങ്ങൾ പാമ്പ്ഗുളിക മണ്ണും കരിയും കൊണ്ട് തേച്ച് മിനുക്കിയ മുറ്റത്തിന്റെ കുഞ്ഞുമതിലിൽ വെച്ച് ഓലകൊടി കൊണ്ട് തീ കൊടുക്കുമ്പോൾ പാമ്പ്ഗുളിക്ക വലുതായി വരുമ്പോൾ ഞങ്ങൾ ആർത്ത് ഉല്ലസ്സിക്കുന്നതും ഓർമ്മയിൽ മറയില്ല.
വീടിന്റെ ഉമ്മറത്ത് തൂക്കിയ പാനീസ് വിളക്ക് വൈക്കും നേരം മഹ് രിബിന്റെ നേരമാക്കുന്നതിന്ന് മുമ്പ് തന്നെ വല്ല്യുമ്മ കത്തിക്കുന്നതും, ഇമ്മരത്തുള്ള വല്ല്യുപ്പ വുളു എടുക്കാനും ഇടക്കിടക്ക് കൈയ്യും മുഖവും കഴുക്കുന്ന കിണ്ടിയിൽ വെള്ളം കുറയുമ്പോൾ നിറച്ച് വാഴ ഇല കൊണ്ട് മൂടിവെക്കുന്നതും ഇപ്പോയും കണ്ണിൽ മായാതെ കാണുന്നത് പോലെ തോന്നും... അന്നെക്കെ വല്ല്യുമ്മ ചോർവെക്കാൻ അരി എടുക്കുമ്പോൾ എടുത്ത അരിയിൽ നിന്നും ഒരു നുള്ള് അരി എടുത്ത് ഒരു കുടത്തിൽ ഇട്ടൂവെക്കും. അന്നൊക്കെ വീട്ടിലെക്ക് സഹായം ചോദിച്ച് വരുന്നവർക്ക് അരിയാണല്ലോ കൊടുക്കുന്നത്. അവർക്ക് ആ നുള്ളിയിട്ട കുടത്തിലെ അരിയിന്നിന്നാണ് എടുത്ത് കൊടുക്കുക..
ഇന്ന് അതെല്ലാം ഓർമ്മയായി മാറി...
▫▪▫▪▫▪▫▪▫▪▫▫▪▫▪▫▪▫▪▫▪▫മുജീബ് ടി.കെ, കുന്നുംപുറം.✒
No comments:
Post a Comment